അനീതിക്കൊക്കെ ഒരു അവസാനം വരുമെന്ന് എനിക്കു മനസ്സിലായി
അനീതിക്കൊക്കെ ഒരു അവസാനം വരുമെന്ന് എനിക്കു മനസ്സിലായി
ഉർസുല മെന്നെ പറഞ്ഞപ്രകാരം
മനുഷ്യരുടെയിടയിൽ തരംതിരിവുകളൊന്നും പാടില്ല, എല്ലാവരോടും ഒരുപോലെ ഇടപെടണം എന്നൊക്കെയുള്ള ചിന്ത കുട്ടിക്കാലംതൊട്ടേ എനിക്കുണ്ടായിരുന്നു. എല്ലാവർക്കും നീതിയും ന്യായവും കിട്ടണം എന്ന ശക്തമായ ഒരു ആഗ്രഹം. ഈ ഒരു ചിന്ത എന്നെ ജയിലിൽവരെ കൊണ്ടെത്തിച്ചു. കിഴക്കൻ ജർമനിയിലെ ആ ജയിലിൽവെച്ചാണ് അനീതിക്കൊക്കെ ഒരു അവസാനം വരുമെന്ന് എനിക്കു മനസ്സിലായത്! ആ കഥ ഞാൻ പറയാം.
ജർമനിയിലെ ഹാല്ലേയിലാണ് ഞാൻ ജനിച്ചത്, 1922-ൽ. 1200-ലധികം വർഷത്തെ ചരിത്രമുറങ്ങുന്ന ഒരു സ്ഥലം. ബെർലിനിൽനിന്ന് ഏതാണ്ട് 200 കിലോമീറ്റർ തെക്കുപടിഞ്ഞാറു മാറിയാണ് ഹാല്ലേയുടെ സ്ഥാനം. പ്രൊട്ടസ്റ്റന്റ് മതവിശ്വാസികളുടെ ഒരു പ്രധാനകേന്ദ്രമായിരുന്നു ഹാല്ലേ. എന്റെ അച്ഛൻ പട്ടാളത്തിലായിരുന്നു. അമ്മ ഒരു പാട്ടുകാരിയും. 1923-ൽ എന്റെ അനിയത്തി ജനിച്ചു. കാറ്റ എന്നാണ് അവളുടെ പേര്.
അനീതിക്കെതിരെ പ്രതികരിക്കണം എന്ന ഒരു ചിന്ത എനിക്കു വരാൻ കാരണംതന്നെ എന്റെ അച്ഛനാണ്. പട്ടാളത്തിൽനിന്ന് പോന്നശേഷം അച്ഛൻ ഒരു കട നടത്തി. അവിടെ സാധനങ്ങൾ വാങ്ങാൻ വരുന്ന എല്ലാവരുംതന്നെ പാവപ്പെട്ടവരായിരുന്നു. അച്ഛൻ അവർക്ക് സാധനങ്ങളൊക്കെ കൊടുക്കും, പൈസ പിന്നെ തന്നാൽ മതിയെന്നു പറയും. ഇങ്ങനെ അലിവു കാണിച്ചുകാണിച്ച് അവസാനം അച്ഛൻ പാപ്പരായി എന്നു പറഞ്ഞാൽ മതിയല്ലോ. അച്ഛന്റെ ആ അനുഭവത്തിൽനിന്ന് ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു അനീതിക്കും അസമത്വത്തിനും എതിരെ പോരാടുന്നത് വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ലെന്ന്. പക്ഷേ ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ അതൊന്നും തലയിൽ കേറില്ലല്ലോ.
അമ്മയിൽനിന്നാണ് എനിക്കു കലാവാസന കിട്ടിയത്. എനിക്കും കാറ്റയ്ക്കും നൃത്തത്തിന്റെയും സംഗീതത്തിന്റെയും ലോകം പരിചയപ്പെടുത്തിത്തന്നത് അമ്മയാണ്. ഞാൻ നല്ല ചുറുചുറുക്കുള്ള ഒരു കുട്ടിയായിരുന്നു. ഞാനും കാറ്റയും ഒന്നിച്ച് വളർന്ന ആ കാലം എന്തു രസമായിരുന്നെന്നോ. പക്ഷേ അതൊക്കെ 1939 വരെയേ ഉണ്ടായിരുന്നുള്ളൂ.
ജീവിതത്തിലെ ഇരുണ്ട അധ്യായം തുടങ്ങുന്നു
സ്കൂൾ പഠനം കഴിഞ്ഞ് ഞാൻ ബാലേ നൃത്തം പഠിക്കാൻ ചേർന്നു. അവിടെത്തന്നെ ഞാൻ ഔസ്ട്രുക്സ്റ്റാൻസ് എന്ന നൃത്തരൂപവും പഠിച്ചു, മേരി വിഗ്മാൻ എന്ന പ്രശസ്തയായ നർത്തകിയുടെ കീഴിൽ. വളരെയധികം ഭാവാഭിനയം ഉൾപ്പെടുന്ന ഒരു നൃത്തരൂപമായിരുന്നു അത്. പിന്നെ ചിത്രങ്ങളും വരയ്ക്കുമായിരുന്നു. അങ്ങനെ എന്റെ കൗമാരത്തിന്റെ ആദ്യനാളുകൾ പാട്ടും ഡാൻസും പടംവരയും ഒക്കെയായി നല്ല രസമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് 1939-ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ വരവ്. പിന്നെ 1941-ൽ ഇടിത്തീപോലെ അച്ഛന്റെ മരണവും. ക്ഷയരോഗമായിരുന്നു അച്ഛന്.
ആ യുദ്ധകാലത്തിന്റെ ഓർമകൾ ഇന്നും എനിക്ക് ഒരു ദുഃസ്വപ്നമാണ്. യുദ്ധം തുടങ്ങുമ്പോൾ എനിക്ക് 17 വയസ്സേ ഉള്ളൂ. ആ എനിക്കുപോലും തോന്നി ‘ലോകത്തിനെന്താ ഭ്രാന്തുപിടിച്ചോ’ എന്ന്. അതുവരെ ഒരു കുഴപ്പവുമില്ലാതിരുന്ന ആളുകൾ നാസിസം തലയ്ക്കുപിടിച്ച് ഓരോന്നൊക്കെ കാട്ടിക്കൂട്ടുന്നു. എവിടെ നോക്കിയാലും യുദ്ധത്തിന്റെ കെടുതികൾ. പട്ടിണി, മരണം, നാശനഷ്ടങ്ങൾ. അങ്ങനെ ഒരു വല്ലാത്ത കാലമായിരുന്നു അത്. ഒരു ബോംബാക്രമണത്തിൽ ഞങ്ങളുടെ വീടിനും സാരമായ കേടുപാടുകൾ പറ്റി. പിന്നെ, യുദ്ധത്തിൽ ഞങ്ങളുടെ പല ബന്ധുക്കളും കൊല്ലപ്പെട്ടു.
1945-ൽ യുദ്ധം അവസാനിച്ചു. ഞാനും അമ്മയും കാറ്റയും അപ്പോഴും ഹാല്ലേയിൽത്തന്നെയായിരുന്നു. ആ സമയമായപ്പോഴേക്കും എന്റെ കല്യാണം കഴിഞ്ഞിരുന്നു. ഒരു കുഞ്ഞും ഉണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ വിവാഹജീവിതത്തിൽ ആകെ പ്രശ്നങ്ങളായിരുന്നു. അങ്ങനെ ഞങ്ങൾ വേർപിരിഞ്ഞ് താമസിച്ചു. അതിൽപ്പിന്നെ എന്റെയും മോളുടെയും കാര്യങ്ങൾ നോക്കാൻവേണ്ടി ഞാൻ ജോലി ചെയ്യാൻ തുടങ്ങി. നൃത്തം ചെയ്തും ചിത്രങ്ങൾ വരച്ചും ആണ് ജീവിക്കാനുള്ള വക കണ്ടെത്തിയത്.
യുദ്ധത്തിനു ശേഷം ജർമനി നാലായി വിഭജിക്കപ്പെട്ടു. സോവിയറ്റ് യൂണിയനു കീഴിലുള്ള കിഴക്കൻ ജർമനിയിലായിരുന്നു ഞങ്ങൾ. കമ്മ്യൂണിസ്റ്റ് ഭരണവുമായി പരിചയത്തിലാകാൻ ഞങ്ങൾക്ക് കുറച്ചു സമയം എടുത്തു. 1949-ൽ കിഴക്കൻ ജർമനി, ജർമൻ ജനാധിപത്യ റിപ്പബ്ലിക്ക് (ജിഡിആർ) ആയിത്തീർന്നു.
കമ്മ്യൂണിസ്റ്റ് ഭരണത്തിൻകീഴിലെ ജീവിതം
ആ കാലത്ത് എന്റെ അമ്മയ്ക്ക് സുഖമില്ലാതെയായി. ഞാനാണ് അമ്മയെ നോക്കിയിരുന്നത്. എനിക്ക് ഒരു സർക്കാർ ജോലി കിട്ടി. ആ ജോലിയിൽ ആയിരുന്നപ്പോൾ ഗവൺമെന്റിനെതിരെ പ്രതിഷേധിക്കുന്ന ഒരുകൂട്ടം വിദ്യാർഥികളെ ഞാൻ കണ്ടുമുട്ടി. അവിടെ നടക്കുന്ന പല അനീതികളും പൊതുജനത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരു ചെറുപ്പക്കാരന് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിഷേധിച്ചു. അവന്റെ അച്ഛൻ നാസി പാർട്ടിയിലായിരുന്നു എന്നതായിരുന്നു കാരണം. എനിക്ക് നന്നായി അറിയാവുന്ന ഒരു പയ്യനായിരുന്നു അത്. അവനും എന്നെപ്പോലെ സംഗീതത്തിൽ നല്ല താത്പര്യം ഉണ്ടായിരുന്നു. ‘അച്ഛന്റെ പ്രവൃത്തികളുടെ പേരിൽ മകനോട് ഇങ്ങനെ ചെയ്യുന്നത് ശരിയാണോ’ എന്ന് ഞാൻ ചിന്തിച്ചു. ആ വിദ്യാർഥികളുടെ പ്രവർത്തനങ്ങളിൽ ഞാൻ കൂടുതൽക്കൂടുതൽ ഉൾപ്പെടാൻ തുടങ്ങി. പ്രതിഷേധപ്രകടനങ്ങളിലും പങ്കെടുത്തു. ഒരു പ്രാവശ്യം ഞാൻ കോടതിക്കെട്ടിടത്തിനു പുറത്ത് പോസ്റ്റർ ഒട്ടിക്കുകപോലും ചെയ്തു.
സമൂഹത്തിലെ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുള്ള ഒരു കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്നു ഞാൻ. എന്റെ ജോലിയുടെ ഭാഗമായി എനിക്കു ചില കത്തുകൾ ടൈപ്പു ചെയ്യേണ്ടിവരുമായിരുന്നു. അങ്ങനെയുള്ള ചില കത്തുകളിൽ എഴുതിയിരുന്ന കാര്യങ്ങളും എന്റെ നീതിബോധത്തിനു നിരക്കുന്നതായിരുന്നില്ല. ഒരിക്കൽ പടിഞ്ഞാറൻ ജർമനിയിൽ താമസിക്കുന്ന പ്രായമുള്ള ഒരാൾക്ക് കമ്മ്യൂണിസത്തെ അനുകൂലിച്ചുകൊണ്ടുള്ള ചില വിവരങ്ങൾ അയച്ചുകൊടുക്കാൻ കമ്മിറ്റി തീരുമാനിച്ചു. അയാൾക്ക് എതിരെ സംശയം ജനിപ്പിക്കുന്നതിനുവേണ്ടിയാണ് അങ്ങനെ ചെയ്തത്. രാഷ്ട്രീയതാത്പര്യങ്ങളായിരുന്നു ഇതിന്റെ പിന്നിൽ. ആ മനുഷ്യനോടു കാണിക്കുന്ന വഞ്ചന എനിക്കു സഹിക്കാൻപറ്റിയില്ല. ഞാൻ ആ പാഴ്സലുകൾ അയച്ചുകൊടുക്കാതെ ഓഫീസിൽത്തന്നെ ഒളിപ്പിച്ചുവെച്ചു. അത് ഒരിക്കലും ആ വ്യക്തിയുടെ കൈയിൽ എത്തിയില്ല.
ഒട്ടും പ്രതീക്ഷിക്കാത്തിടത്തുനിന്ന് എനിക്ക് ആശ്വാസം കിട്ടുന്നു
1951 ജൂൺ മാസത്തിലെ ഒരു ദിവസം. പെട്ടെന്നു രണ്ടുപേർ എന്റെ ഓഫീസിലേക്കു കയറിവന്നു. അവർ പറഞ്ഞു: “നിങ്ങളെ അറസ്റ്റു ചെയ്യുകയാണ്.” റോട്ട ഓക്സെ എന്ന് അറിയപ്പെടുന്ന ജയിലിലേക്കാണ് എന്നെ കൊണ്ടുപോയത്. ഒരു വർഷത്തിനു ശേഷം, ഗവൺമെന്റിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ഒരു കുറ്റം എന്റെമേൽ ചുമത്തി. മുമ്പ് പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായി പോസ്റ്റർ ഒട്ടിച്ച സംഭവത്തിന്റെ പേരിലായിരുന്നു ഇത്. ഒരു വിദ്യാർഥിയാണ് രഹസ്യപൊലീസിന് എന്നെ ഒറ്റിക്കൊടുത്തത്. വിചാരണയൊക്കെ നടന്നെങ്കിലും അതൊക്കെ വെറുമൊരു പേരിനുമാത്രമായിരുന്നു. ഞാൻ പറഞ്ഞതൊന്നും ആരും ശ്രദ്ധിച്ചതുപോലുമില്ല. എനിക്ക് ആറുവർഷത്തെ ജയിൽശിക്ഷ വിധിച്ചു. ജയിലിൽവെച്ച് എനിക്കു സുഖമില്ലാതായി. ജയിൽ ആശുപത്രിയിലെ ഒരു വാർഡിൽ എന്നെ ആക്കി. എന്നെക്കൂടാതെ ആ വാർഡിൽ 40-ഓളം സ്ത്രീകളുണ്ടായിരുന്നു. അവരുടെയെല്ലാം മുഖത്ത് നിരാശ മാത്രമായിരുന്നു. വിഷാദം തളംകെട്ടി നിൽക്കുന്ന ആ അന്തരീക്ഷത്തിൽനിന്ന് എങ്ങനെയെങ്കിലും ഒന്ന് പുറത്തുകടന്നാൽ മതി എന്നു തോന്നിപ്പോയി എനിക്ക്. വെപ്രാളം പിടിച്ച് ഞാൻ ഓടിച്ചെന്ന് വാതിലിൽ ആഞ്ഞുകൊട്ടിക്കൊണ്ടിരുന്നു.
“എന്താ പ്രശ്നം?” ഗാർഡ് ചോദിച്ചു.
ഞാൻ ഇങ്ങനെ കേണപേക്ഷിച്ചു: “എനിക്ക് ഇവിടെനിന്ന് പോയേ പറ്റൂ. നിങ്ങൾ എന്നെ വേണമെങ്കിൽ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇട്ടോ. പക്ഷേ എന്നാലും എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല.” പക്ഷേ അദ്ദേഹം ഞാൻ പറഞ്ഞതൊന്നും കേട്ടതായിപ്പോലും ഭാവിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് അവിടെയുള്ള സ്ത്രീകളുടെ കൂട്ടത്തിൽ ഒരു മുഖം എന്റെ ശ്രദ്ധയിൽപ്പെട്ടത്. അവിടെയുള്ള മറ്റാരുടെയും മുഖത്തില്ലാത്ത ഒരു പ്രത്യേകത അവരിൽ ഞാൻ കണ്ടു. അവരുടെ ഉള്ളിന്റെയുള്ളിലെ പ്രശാന്തത ആ കണ്ണുകളിൽ കാണാമായിരുന്നു. ഞാൻ അവരുടെ അടുത്ത് ചെന്നിരുന്നു.
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സ്ത്രീ ഇങ്ങനെ പറഞ്ഞു: “എന്റെ അടുത്ത് ഇരിക്കുന്നത് സൂക്ഷിച്ചുവേണം കേട്ടോ. ഈ വാർഡിലുള്ള എല്ലാവരും എന്നെ ഏറ്റവും മോശക്കാരിയായിട്ടാണു കാണുന്നത്. കാരണം ഞാൻ യഹോവയുടെ സാക്ഷിയാണ്.”
യഹോവയുടെ സാക്ഷികളെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ശത്രുക്കളായിട്ടാണു കണ്ടിരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ അവരെക്കുറിച്ച് എനിക്ക് ഒരു കാര്യം നല്ല ഓർമയുണ്ടായിരുന്നു. ഞാൻ കുഞ്ഞായിരുന്നപ്പോൾ രണ്ടു ബൈബിൾവിദ്യാർഥികൾ (സാക്ഷികളെ അന്ന് അങ്ങനെയാണു വിളിച്ചിരുന്നത്) എന്റെ അച്ഛനെ കാണാൻ സ്ഥിരമായി വരുമായിരുന്നു. അച്ഛൻ അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് എനിക്കു പെട്ടെന്ന് ഓർമ വന്നു: “ബൈബിൾവിദ്യാർഥികൾ പറയുന്നതാണ് ശരി.”
ബെർട്ട ബ്രഗമയ എന്നായിരുന്നു ആ സ്ത്രീയുടെ പേര്. അവരെ പരിചയപ്പെട്ടപ്പോൾ എനിക്ക് എന്ത് ആശ്വാസം തോന്നിയെന്നോ! സത്യംപറഞ്ഞാൽ ഞാൻ കരഞ്ഞുപോയി. യഹോവയെക്കുറിച്ച് പറഞ്ഞു തരാമോ എന്നു ഞാൻ അവരോടു ചോദിച്ചു. അന്നുതൊട്ട് ഞങ്ങൾ രണ്ടുപേരും എപ്പോഴും ഒന്നിച്ചായിരിക്കും. ബൈബിളിലെ ഒരുപാടു കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. അങ്ങനെ സത്യദൈവമായ യഹോവ സ്നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ദൈവമാണെന്ന് എനിക്കു മനസ്സിലായി. അതുപോലെ മനുഷ്യർ ചെയ്തുകൂട്ടിയിരിക്കുന്ന എല്ലാ കൊടുംക്രൂരതകൾക്കും ദുഷ്ടതയ്ക്കും ദൈവം പരിഹാരം കാണുമെന്നും ഞാൻ മനസ്സിലാക്കി. “കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല. . . . എന്നാൽ സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും” എന്ന് സങ്കീർത്തനം 37:10, 11 വാക്യങ്ങളിൽ പറയുന്നത് ശരിക്കും എന്റെ ഉള്ളിൽ തട്ടി.
ജയിൽമോചിതയായി പടിഞ്ഞാറൻ ജർമനിയിലേക്ക്
അഞ്ചു വർഷം നീണ്ട ജയിൽവാസത്തിനു ശേഷം 1956-ൽ ഞാൻ ജയിൽമോചിതയായി. പുറത്തിറങ്ങി അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ പടിഞ്ഞാറൻ ജർമനിയിലേക്കു പലായനം ചെയ്തു. ആ സമയമായപ്പോഴേക്കും മൂത്ത മകൾ ഹനലോറയെ കൂടാതെ ഒരു പെൺകുട്ടികൂടെ ഉണ്ടായിരുന്നു, സബീന. അവരെയും ഞാൻ കൂടെ കൊണ്ടുപോയി. പിന്നീട് എന്റെയും ഭർത്താവിന്റെയും വിവാഹമോചനം നടന്നു. ആ സമയത്താണ് ഞാൻ വീണ്ടും സാക്ഷികളെ കണ്ടുമുട്ടുന്നത്. ബൈബിൾ പഠിച്ചപ്പോൾ എനിക്കു മനസ്സിലായി ഞാൻ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന്. യഹോവയുടെ നിലവാരങ്ങളിലെത്താൻ ഞാൻ ആ മാറ്റങ്ങൾ എല്ലാം വരുത്തി. 1958-ൽ ഞാൻ സ്നാനമേറ്റു.
പിന്നീട് ഞാൻ വീണ്ടും കല്യാണം കഴിച്ചു, ഒരു യഹോവയുടെ സാക്ഷിയെ. ക്ലൗസ് മെന്നെ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഞങ്ങളുടെ കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. ഈ വിവാഹത്തിൽ എനിക്ക് രണ്ടു മക്കളുംകൂടെ ഉണ്ടായി. ബെന്യാമീനും തബിയയും. 20 വർഷംമുമ്പ് എന്നെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ക്ലൗസ് ഒരു റോഡപകടത്തിൽ മരിച്ചു. അന്നുമുതൽ ഞാൻ ഒരു വിധവയായി ജീവിക്കുകയാണ്. പുനരുത്ഥാനപ്രത്യാശയാണ് എന്നെ ആശ്വസിപ്പിക്കുന്നത്. മരിച്ചുപോയവർ പറുദീസാഭൂമിയിൽ പുനരുത്ഥാനപ്പെട്ടുവരും എന്ന് എനിക്ക് ഉറപ്പുണ്ട്. (ലൂക്കോസ് 23:43; പ്രവൃത്തികൾ 24:15) എന്റെ നാലു മക്കളും യഹോവയെ സേവിക്കുന്നതു കാണുന്നതും എനിക്കു വലിയൊരു ആശ്വാസംതന്നെയാണ്.
ബൈബിൾ പഠിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. യഹോവയ്ക്കു മാത്രമേ ശരിക്കുമുള്ള നീതി നടത്തിത്തരാൻ പറ്റൂ. മനുഷ്യരെപ്പോലെയല്ല യഹോവ. യഹോവ നീതി നടത്തിത്തരുമ്പോൾ നമ്മുടെ സാഹചര്യവും പശ്ചാത്തലവും ഒക്കെ കണക്കിലെടുക്കും. പക്ഷേ മനുഷ്യർക്ക് അതൊന്നും അറിയാൻ പറ്റില്ല. ഈ ഒരു അറിവ് ഉള്ളതുകൊണ്ടാണ് അനീതി നേരിടുമ്പോഴോ അനീതി നടക്കുന്നതു കാണുമ്പോഴോ ഒക്കെ എനിക്ക് ഇപ്പോൾ മനസ്സമാധാനത്തോടെ ഇരിക്കാൻ പറ്റുന്നത്. സഭാപ്രസംഗകൻ 5:8-ാം വാക്യം ഇങ്ങനെയാണല്ലോ പറയുന്നത്: “ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.” (സത്യവേദപുസ്തകം) ആ ‘അത്യുന്നതൻ’ നമ്മുടെ സ്രഷ്ടാവാണ്. “എല്ലാം ദൈവത്തിന്റെ കൺമുന്നിൽ നഗ്നമായിക്കിടക്കുന്നു; ദൈവത്തിന് എല്ലാം വ്യക്തമായി കാണാം. ആ ദൈവത്തോടാണു നമ്മൾ കണക്കു ബോധിപ്പിക്കേണ്ടത്” എന്നാണല്ലോ എബ്രായർ 4:13-ാം വാക്യം പറയുന്നത്.
കഴിഞ്ഞ 90 വർഷത്തെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ
നാസികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും ഭരണകാലത്തെ ജീവിതം എങ്ങനെയുണ്ടായിരുന്നെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. രണ്ടും ഒട്ടും എളുപ്പമല്ലായിരുന്നു. മറ്റേതു മനുഷ്യഗവൺമെന്റുകളെയുംപോലെ ഈ രണ്ടു ഗവൺമെന്റുകളും എനിക്ക് ഒരു കാര്യം മനസ്സിലാക്കിത്തന്നു. മനുഷ്യർ മനുഷ്യരെ ഭരിച്ചാൽ അത് ഒരിക്കലും ശരിയാവില്ല. ബൈബിൾ പറയുന്നത് എത്ര സത്യമാണ്: “മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തിയത് ഇക്കാലമത്രയും അവർക്കു ദോഷം ചെയ്തിരിക്കുന്നു.”—സഭാപ്രസംഗകൻ 8:9.
ഇതൊക്കെ അറിയുന്നതിനുമുമ്പുള്ള കാലത്ത് ഞാൻ ഓർത്തിരുന്നത് ന്യായവും നീതിയും ഒക്കെ നടപ്പിലാക്കുന്ന ഒരു ഗവൺമെന്റ് മനുഷ്യർ കൊണ്ടുവരും എന്നായിരുന്നു. പക്ഷേ ഇന്ന് എനിക്ക് അറിയാം നമ്മുടെ സ്രഷ്ടാവിനുമാത്രമേ ശരിക്കും നീതി നടപ്പാകുന്ന ഒരു ലോകം കൊണ്ടുവരാൻ കഴിയൂ. ദുഷ്ടമനുഷ്യരെയൊക്കെ നീക്കിക്കളഞ്ഞിട്ട് ഈ ഭൂമിയുടെ ഭരണം ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഏൽപ്പിക്കും. അങ്ങനെയായിരിക്കും ദൈവം അതു ചെയ്യുന്നത്. യേശുവാണെങ്കിൽ മറ്റുള്ളവരുടെ ക്ഷേമത്തിന് എപ്പോഴും തന്റേതിനെക്കാൾ പ്രാധാന്യം കൊടുക്കുന്ന ഭരണാധികാരിയാണ്. യേശുവിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “അങ്ങ് നീതിയെ സ്നേഹിച്ചു, ധിക്കാരത്തെ വെറുത്തു.” (എബ്രായർ 1:9) നീതിമാനായ ആ ഭരണാധികാരിയെ അറിയാൻ ദൈവം എനിക്ക് അവസരം തന്നല്ലോ എന്ന് ഓർക്കുമ്പോൾ എന്റെ ഹൃദയം നന്ദികൊണ്ട് നിറയുകയാണ്. ആ ഭരണത്തിൻകീഴിൽ എന്നെന്നും ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം!
[ചിത്രം]
പടിഞ്ഞാറൻ ജർമനിയിൽ ചെന്നുകഴിഞ്ഞ് എന്റെ മക്കളായ ഹനലോറയുടെയും സബീനയുടെയും ഒപ്പം എടുത്ത ചിത്രം
[ചിത്രം]
മകനായ ബെന്യാമീന്റെയും അവന്റെ ഭാര്യ സാന്ദ്രയുടെയും കൂടെ ഇന്ന്