വിവരങ്ങള്‍ കാണിക്കുക

വസ്‌ത്ര​ധാ​ര​ണ​വും ഒരുക്ക​വും ആയിരു​ന്നു എന്നെ പിന്നോട്ടുവലിച്ചത്‌

വസ്‌ത്ര​ധാ​ര​ണ​വും ഒരുക്ക​വും ആയിരു​ന്നു എന്നെ പിന്നോട്ടുവലിച്ചത്‌

വസ്‌ത്ര​ധാ​ര​ണ​വും ഒരുക്ക​വും ആയിരു​ന്നു എന്നെ പിന്നോട്ടുവലിച്ചത്‌

ഐലീൻ ബ്രൂം​ബോഗ്‌ പറഞ്ഞ​പ്ര​കാ​രം

പരമ്പരാ​ഗത ജർമൻ ബാപ്‌റ്റിസ്റ്റ്‌ ബ്രദറൻ മതവി​ഭാ​ഗ​ത്തി​ലാ​ണു ഞാൻ ജനിച്ചു​വ​ളർന്നത്‌. ആമിഷ്‌, മെനൊ​നൈറ്റ്‌ മതവി​ഭാ​ഗ​ങ്ങ​ളു​മാ​യി ഇതിനു വളരെ സാമ്യ​മുണ്ട്‌. 1708-ൽ ഒരു ആത്മീയ​ന​വോ​ത്ഥാ​ന​ത്തി​ന്റെ ഭാഗമാ​യി​ട്ടാണ്‌ ജർമന​യിൽ ഈ മതവി​ഭാ​ഗ​ത്തി​നു തുടക്കം​കു​റി​ച്ചത്‌. മതത്തെ​ക്കു​റി​ച്ചുള്ള ഒരു വിജ്ഞാ​ന​കോ​ശം പറയു​ന്ന​ത​നു​സ​രിച്ച്‌ ഭക്തി​പ്ര​സ്ഥാ​നം എന്ന ഈ ആശയം തുടങ്ങി​യത്‌ “മനുഷ്യർക്ക്‌ ക്രിസ്‌തു​വി​ന്റെ സുവി​ശേഷം ആവശ്യ​മുണ്ട്‌ എന്ന ചിന്തയിൽ” നിന്നാണ്‌. ആ ലക്ഷ്യം കൈവ​രി​ക്കാ​നാ​യി ലോക​ത്തി​ന്റെ പല ദേശങ്ങ​ളി​ലേ​ക്കും മിഷന​റി​മാർ എത്താൻ തുടങ്ങി.

1719-ൽ അലക്‌സാ​ണ്ടർ മാക്കിന്റെ നേതൃ​ത്വ​ത്തിൽ ഒരു ചെറി​യ​കൂ​ട്ടം മിഷന​റി​മാർ ഐക്യ​നാ​ടു​ക​ളി​ലേക്കു വന്നു, പെൻസിൽവേ​നിയ എന്ന്‌ ഇന്ന്‌ അറിയ​പ്പെ​ടുന്ന സംസ്ഥാ​ന​ത്തേക്ക്‌. അതിനു​ശേഷം കൂടുതൽ ഗ്രൂപ്പു​കൾ രൂപ​പ്പെട്ടു. പിന്നീട്‌ അവ പരസ്‌പരം വേർപി​രി​ഞ്ഞു. ഓരോ ഗ്രൂപ്പു​ക​ളും അലക്‌സാ​ണ്ടർ മാക്കിന്റെ പഠിപ്പി​ക്ക​ലു​കളെ സ്വന്തമാ​യി വ്യാഖ്യാ​നി​ക്കു​ക​യും അതുമാ​യി മുന്നോ​ട്ടു​പോ​കു​ക​യും ചെയ്‌തു. ഞങ്ങളുടെ ചെറിയ പള്ളിയിൽ അമ്പതോ​ളം പേർ ഉണ്ടായി​രു​ന്നു. ബൈബിൾ വായി​ക്കു​ന്ന​തും പള്ളിയ​ധി​കാ​രി​ക​ളു​ടെ തീരു​മാ​ന​ങ്ങ​ളോ​ടു പറ്റിനിൽക്കു​ന്ന​തും ഇവിടെ പ്രധാ​ന​മാ​യി​രു​ന്നു.

കുറഞ്ഞതു മൂന്നു തലമു​റ​ക​ളെ​ങ്കി​ലും ഞങ്ങളുടെ കുടും​ബം ഈ വിശ്വാ​സ​വും ജീവി​ത​രീ​തി​ക​ളു​മാ​ണു പിൻപ​റ്റി​യത്‌. ഞാൻ 13-ാം വയസ്സിൽ സ്‌നാ​ന​മേറ്റ്‌ ഈ സഭയുടെ ഭാഗമാ​യി. ഒരു വണ്ടിയോ ട്രാക്ട​റോ ടെലി​ഫോ​ണോ റേഡി​യോ​യോ മറ്റ്‌ ഏതെങ്കി​ലും ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളോ ഒക്കെ, ഉപയോ​ഗി​ക്കു​ന്ന​തോ സ്വന്തമാ​ക്കു​ന്ന​തോ തെറ്റാ​ണെ​ന്നാണ്‌ ഞങ്ങൾ വിശ്വ​സി​ച്ചി​രു​ന്നത്‌. ഞങ്ങളുടെ ഇടയിലെ സ്‌ത്രീ​കൾ മുടി മുറി​ക്കു​മാ​യി​രു​ന്നില്ല. വളരെ ലളിത​മായ വസ്‌ത്ര​മാ​ണു ധരിച്ചി​രു​ന്നത്‌. എപ്പോ​ഴും ശിരോ​വ​സ്‌ത്ര​വും ധരിക്കു​മാ​യി​രു​ന്നു. പുരു​ഷ​ന്മാ​രാ​ണെ​ങ്കിൽ താടി വളർത്തും. ഞങ്ങളുടെ കാഴ്‌ച്ച​പ്പാ​ടിൽ ലോക​ത്തി​ന്റെ ഭാഗമാ​ക​രുത്‌ എന്നു പറയു​മ്പോൾ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ ആധുനി​ക​വ​സ്‌ത്രങ്ങൾ ധരിക്കാ​തി​രി​ക്കുക, മേക്കപ്പ്‌ ഇടാതി​രി​ക്കുക, ആഭരണങ്ങൾ അണിയാ​തി​രി​ക്കുക ഇതൊ​ക്ക​യാണ്‌. ഇങ്ങനെ​യൊ​ക്കെ ചെയ്യു​ന്നത്‌ അഹങ്കാ​ര​വും പാപവും ആയിട്ടാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌.

ബൈബിളിനെ വളരെ​യ​ധി​കം ആദരി​ക്ക​ണ​മെന്ന്‌ ഞങ്ങളെ പഠിപ്പി​ച്ചി​രു​ന്നു. അതായി​രു​ന്നു ഞങ്ങളുടെ ആത്മീയാ​ഹാ​രം. എല്ലാ ദിവസ​വും രാവിലെ ഭക്ഷണത്തി​നു മുമ്പ്‌ ഞങ്ങൾ ഒരുമി​ച്ചു​കൂ​ടു​മാ​യി​രു​ന്നു. പപ്പ ബൈബി​ളി​ലെ ഒരു അധ്യായം വായി​ക്കു​ക​യും അതെക്കു​റി​ച്ചുള്ള അഭി​പ്രാ​യങ്ങൾ പറയു​ക​യും ചെയ്യു​മ്പോൾ ഞങ്ങൾ അതു ശ്രദ്ധി​ച്ചു​കേൾക്കും. എന്നിട്ട്‌ പപ്പ പ്രാർഥി​ക്കും. അപ്പോൾ ഞങ്ങളും മുട്ടു​കു​ത്തി നിൽക്കും. അതുക​ഴിഞ്ഞ്‌ മമ്മി കർത്താ​വി​ന്റെ പ്രാർഥന ഉരുവി​ടും. ഞങ്ങളുടെ ഈ പ്രഭാ​താ​രാ​ധന എനിക്ക്‌ വളരെ ഇഷ്ടമാ​യി​രു​ന്നു. കാരണം ആത്മീയ​കാ​ര്യ​ങ്ങൾക്കു​വേണ്ടി കുടും​ബ​ത്തി​ലുള്ള എല്ലാവ​രും ഒരുമി​ച്ചു​കൂ​ടുന്ന ഒരു സമയമാ​യി​രു​ന്നു അത്‌.

ഇൻഡ്യാനയിലെ ഡെൽഫിക്ക്‌ അടുത്തുള്ള ഒരു ഫാമി​ലാണ്‌ ഞങ്ങൾ താമസി​ച്ചത്‌. അവിടെ പല സാധനങ്ങൾ ഞങ്ങൾ കൃഷി ചെയ്‌തി​രു​ന്നു. ഞങ്ങൾ ഈ സാധനങ്ങൾ കുതി​രകൾ വലിക്കുന്ന ഉന്തുവ​ണ്ടി​യിൽ കയറ്റി വീടുകൾ തോറു​മോ തെരു​വി​ലോ കൊണ്ടു​പോ​യി വിൽക്കും. കഠിനാ​ധ്വാ​നം ചെയ്യു​ന്നത്‌ ദൈവി​ക​സേ​വ​ന​ത്തി​ന്റെ ഭാഗമാണ്‌ എന്ന്‌ ഞങ്ങൾക്കു തോന്നി. അതു​കൊണ്ട്‌ അക്കാര്യ​ങ്ങ​ളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. എന്നാൽ ഞായറാ​ഴ്‌ച​ക​ളിൽ “കഠിനാ​ധ്വാ​നം” ചെയ്യാൻ പാടി​ല്ലാ​യി​രു​ന്നു. പലപ്പോ​ഴും കൃഷി​പ്പ​ണി​യിൽ ഒരുപാ​ടു സമയം മുഴു​കു​ന്ന​തു​കൊണ്ട്‌ ആത്മീയ​കാ​ര്യ​ങ്ങൾക്ക്‌ ശ്രദ്ധ​കൊ​ടു​ക്കു​ന്നത്‌ ഒരു ബുദ്ധി​മു​ട്ടാ​യി മാറി.

വിവാഹവും കുടും​ബ​വും

1963-ൽ എന്റെ 17-ാമത്തെ വയസ്സിൽ ഞാൻ ജയിംസ്‌ എന്ന ആളെ വിവാഹം കഴിച്ചു. ഞങ്ങൾ ഒരേ മതത്തിൽപ്പെ​ട്ട​വ​രാണ്‌. അദ്ദേഹ​ത്തി​ന്റെ അച്ഛന്റെ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ മുതൽ ഇങ്ങോട്ട്‌ ഈ വിശ്വാ​സ​ത്തിൽ ഉള്ളവരാ​യി​രു​ന്നു. ദൈവത്തെ സേവി​ക്ക​ണ​മെന്ന അതിയായ ആഗ്രഹം ഞങ്ങൾക്ക്‌ രണ്ടു​പേർക്കും ഉണ്ടായി​രു​ന്നു. ഞങ്ങളു​ടേ​താണ്‌ സത്യമതം എന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പാ​യി​രു​ന്നു.

ഞങ്ങൾക്ക്‌ ഏഴു മക്കളാണ്‌. 1975 ആയപ്പോ​ഴേ​ക്കും ആറു മക്കൾ ഉണ്ടായി. 1983-ൽ ഇളയ ആളും. രണ്ടാമ​ത്തെ​യാൾ റിബേ​ക്ക​യാ​യി​രു​ന്നു ഞങ്ങളുടെ ഒരേ ഒരു പെൺകു​ട്ടി. ഞങ്ങൾ നന്നായി അധ്വാ​നി​ച്ചി​രു​ന്നു. ചെലവ്‌ ചുരു​ക്കി​യുള്ള ലളിത​മായ ഒരു ജീവി​ത​മാ​യി​രു​ന്നു ഞങ്ങളു​ടേത്‌. മാതാ​പി​താ​ക്ക​ളിൽനി​ന്നും സഭയിലെ മറ്റുള്ള​വ​രിൽനി​ന്നും പഠിച്ച ബൈബിൾത​ത്ത്വ​ങ്ങൾ മക്കളി​ലും ഉൾനടാൻ ഞങ്ങൾ ശ്രമിച്ചു.

ഒരാൾ പുറമേ എങ്ങനെ കാണ​പ്പെ​ടു​ന്നു എന്നതിന്‌ ഞങ്ങളുടെ സഭ വളരെ പ്രാധാ​ന്യം കൊടു​ത്തി​രു​ന്നു. ആളുക​ളു​ടെ ഹൃദയം വായി​ക്കാൻ കഴിയാ​ത്ത​തി​നാൽ വസ്‌ത്ര​ധാ​ര​ണ​ത്തി​ലൂ​ടെയേ അയാളു​ടെ ഉള്ളിലു​ള്ളത്‌ അറിയാൻ കഴിയൂ എന്നാണ്‌ ഞങ്ങൾ വിചാ​രി​ച്ചത്‌. അതു​കൊണ്ട്‌ മുടി​യൊ​ക്കെ വലിയ ഫാഷനിൽ കെട്ടി​വെ​ച്ചാൽ അത്‌ അഹങ്കാ​ര​ത്തി​ന്റെ ലക്ഷണമാ​യി​ട്ടാ​യി​രു​ന്നു കണ്ടിരു​ന്നത്‌. ഇനി ആളുക​ളു​ടെ ശ്രദ്ധയാ​കർഷി​ക്കുന്ന വലിയ ഡി​സൈ​നൊ​ക്കെ​യുള്ള ഡ്രസ്സാണ്‌ ധരിക്കു​ന്ന​തെ​ങ്കിൽ അതും അഹങ്കാ​ര​മാ​യി കണ്ടിരു​ന്നു. ചില സമയങ്ങ​ളിൽ തിരു​വെ​ഴു​ത്തു​ക​ളെ​ക്കാൾ പ്രാധാ​ന്യം ഇങ്ങനെ​യുള്ള കാര്യ​ങ്ങൾക്കാ​ണു ഞങ്ങൾ കൊടു​ത്തി​രു​ന്നത്‌.

ജയിലിലെ ഒരു അനുഭവം

എന്റെ ഭർത്താ​വി​ന്റെ അനിയൻ ജെസ്സി​യും ഇതേ വിശ്വാ​സ​ത്തിൽത​ന്നെ​യാണ്‌ വളർന്നു​വ​ന്നത്‌. സൈനി​ക​സേ​വ​ന​ത്തിൽ പങ്കെടു​ക്കാ​ത്തതു കാരണം 1960-കളുടെ അവസാനം ജെസ്സിക്ക്‌ ജയിലിൽ പോ​കേ​ണ്ടി​വന്നു. അവി​ടെ​വെച്ച്‌ ജെസ്സി യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടി. ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ യുദ്ധത്തിൽ പങ്കെടു​ക്കാ​ത്ത​വ​രാ​യി​രു​ന്നു അവരും. (യശയ്യ 2:4; മത്തായി 26:52) യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി നടത്തിയ ഒരുപാ​ടു ബൈബിൾചർച്ചകൾ ജെസ്സി വളരെ ആസ്വദി​ച്ചു. അവരുടെ നല്ല ഗുണങ്ങൾ ശ്രദ്ധി​ക്കു​ക​യും ചെയ്‌തു. കുറെ​ക്കാ​ലം ബൈബിൾ പഠിച്ച​തി​നു​ശേഷം ജെസ്സി ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാ​ന​മേറ്റു. അതു ഞങ്ങൾക്ക്‌ ഒട്ടും ഇഷ്ടമാ​യില്ല.

എന്റെ ഭർത്താ​വി​നോട്‌ പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ ജെസ്സി സംസാ​രി​ക്കു​മാ​യി​രു​ന്നു. ഇനി, വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ അദ്ദേഹ​ത്തിന്‌ സ്ഥിരമാ​യി കിട്ടു​ന്നുണ്ട്‌ എന്നും ജെസ്സി ഉറപ്പു​വ​രു​ത്തും. ഇതൊക്കെ വായി​ച്ച​പ്പോൾ ബൈബി​ളി​ലുള്ള അദ്ദേഹ​ത്തി​ന്റെ താത്‌പ​ര്യം ശരിക്കും കൂടി. എന്റെ ഭർത്താ​വിന്‌ ദൈവത്തെ സേവി​ക്കാൻ എപ്പോ​ഴും ഒരു ആഗ്രഹം ഉണ്ടായി​രു​ന്നെ​ങ്കി​ലും മുമ്പൊ​ക്കെ അദ്ദേഹ​ത്തിന്‌ ദൈവ​ത്തോട്‌ ഒരു അകൽച്ച തോന്നി​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ദൈവ​ത്തോട്‌ അടുക്കാൻ സഹായി​ക്കുന്ന എന്തും ചെയ്യാൻ അദ്ദേഹം ഒരുക്ക​മാ​യി​രു​ന്നു.

ആമിഷ്‌, മെനൊ​നൈറ്റ്‌ മതങ്ങ​ളെ​യും മറ്റു പരമ്പരാ​ഗത ബ്രദറൻ മതങ്ങ​ളെ​യും ലോക​ത്തി​ന്റെ ഭാഗമാ​യി​ട്ടാ​ണു ഞങ്ങൾ കണ്ടിരു​ന്ന​തെ​ങ്കി​ലും അവരുടെ പുസ്‌ത​കങ്ങൾ വായി​ക്കാൻ ഞങ്ങളുടെ പള്ളിയി​ലെ മൂപ്പന്മാർ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. എന്റെ പപ്പയ്‌ക്ക്‌ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ണെടു​ത്താൽ കണ്ടുകൂ​ടാ​യി​രു​ന്നു. വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും ഒന്നും ഒരിക്ക​ലും വായി​ക്ക​രുത്‌ എന്നാണു പപ്പ ചിന്തി​ച്ചത്‌. അതു​കൊണ്ട്‌ എന്റെ ഭർത്താവ്‌ അതു വായി​ക്കു​ന്നതു കണ്ടപ്പോൾ എനിക്കു വല്ലാത്ത ഒരു അസ്വസ്ഥത തോന്നി. അദ്ദേഹം അവരുടെ കൂടെ ചേരു​മോ എന്നുള്ള പേടി​യാ​യി​രു​ന്നു എനിക്ക്‌.

എന്നാൽ ഇതി​നോ​ട​കം​തന്നെ ഞങ്ങളുടെ സഭയിലെ പല വിശ്വാ​സ​ങ്ങ​ളെ​യും അദ്ദേഹം ചോദ്യം​ചെ​യ്‌ത്‌ തുടങ്ങി​യി​രു​ന്നു, ബൈബി​ളി​നു വിരു​ദ്ധ​മാ​ണെന്ന്‌ അദ്ദേഹ​ത്തി​നു തോന്നിയ പല കാര്യ​ങ്ങ​ളും. പ്രത്യേ​കിച്ച്‌ ഞായറാ​ഴ്‌ച​ക​ളിൽ “കഠിന​വേല” ചെയ്യു​ന്നത്‌ പാപമാണ്‌ എന്ന പഠിപ്പി​ക്കൽ. ഉദാഹ​ര​ണ​ത്തിന്‌, ഞായറാ​ഴ്‌ച​ക​ളിൽ മൃഗങ്ങൾക്കു വെള്ളം കൊടു​ക്കാം, പക്ഷേ കള പറിക്കാൻ പാടില്ല എന്നാണ്‌ ഞങ്ങളുടെ സഭ പഠിപ്പി​ച്ചി​രു​ന്നത്‌. ഇതൊ​ന്നും തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ വിശദീ​ക​രി​ക്കാൻ അവിടത്തെ മൂപ്പന്മാർക്കു പറ്റിയില്ല. പതു​ക്കെ​പ്പ​തു​ക്കെ ഞാനും ഇങ്ങനെ​യുള്ള പഠിപ്പ​ക്ക​ലു​കളെ സംശയി​ച്ചു​തു​ടങ്ങി.

ഞങ്ങളുടേതാണു ശരിക്കും ദൈവ​ത്തി​ന്റെ സഭ എന്ന്‌ വർഷങ്ങ​ളാ​യി ഉറച്ചു​വി​ശ്വ​സി​ച്ചി​രു​ന്ന​തു​കൊ​ണ്ടും ഇതിൽനിന്ന്‌ പോയാൽ എന്താണു സംഭവി​ക്കു​ന്നത്‌ എന്ന്‌ അറിയാ​വു​ന്ന​തു​കൊ​ണ്ടും സഭ വിടാൻ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു. എങ്കിലും ബൈബി​ളി​നെ പൂർണ​മാ​യി പിൻപ​റ്റാത്ത ഒരു മതത്തിന്റെ ഭാഗമാ​യി​രി​ക്കാൻ ഞങ്ങളുടെ മനസ്സ്‌ അനുവ​ദി​ച്ചില്ല. അങ്ങനെ 1983-ൽ സഭ വിടാ​നുള്ള കാരണങ്ങൾ വിശദീ​ക​രി​ച്ചു​കൊണ്ട്‌ ഞങ്ങൾ ഒരു കത്ത്‌ എഴുതി. അത്‌ സഭയിൽ ഉറക്കെ വായി​ക്കാ​നും ഞങ്ങൾ ആവശ്യ​പ്പെട്ടു. തുടർന്ന്‌ ഞങ്ങളെ സഭയിൽനിന്ന്‌ പുറത്താ​ക്കി.

സത്യമതം തേടി

പിന്നീട്‌ അങ്ങോട്ട്‌ സത്യമതം തേടി​യുള്ള യാത്ര​യാ​യി​രു​ന്നു. പഠിപ്പി​ക്കുന്ന കാര്യങ്ങൾ സ്വന്തം ജീവി​ത​ത്തിൽതന്നെ ബാധക​മാ​ക്കുന്ന ഒരു മതമാണു ഞങ്ങൾ അന്വേ​ഷി​ച്ചു​ന​ട​ന്നത്‌. ആദ്യം​തന്നെ യുദ്ധത്തിൽ പങ്കെടു​ക്കുന്ന എല്ലാ മതങ്ങ​ളെ​യും ഞങ്ങൾ ലിസ്റ്റിൽനിന്ന്‌ ഒഴിവാ​ക്കി. അപ്പോ​ഴും ‘ലളിത​മായ’ ജീവി​ത​രീ​തി​യും വസ്‌ത്ര​ധാ​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന മതങ്ങളാണ്‌ ഞങ്ങളുടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. കാരണം ഈ ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്തത്‌ അവരാണ്‌ എന്നു ഞങ്ങൾക്കു തോന്നി. അങ്ങനെ 1983 മുതൽ 1985 വരെ ഐക്യ​നാ​ടു​ക​ളിൽ ഉടനീളം സഞ്ചരിച്ച്‌ ഒന്നിനു​പു​റകേ ഒന്നായി ഓരോ​രോ മതങ്ങ​ളെ​ക്കു​റി​ച്ചും പഠിക്കു​ക​യാ​യി​രു​ന്നു. പ്രത്യേ​കിച്ച്‌ ആഢംഭ​ര​ങ്ങ​ളി​ല്ലാത്ത, ‘ലളിത​മാ​യി’ ജീവി​ച്ചി​രുന്ന മെന​നൈ​റ്റു​കൾ, ക്വായ്‌ക്കേ​ഴ്‌സു​കൾ തുടങ്ങിയ മതവി​ഭാ​ഗ​ങ്ങ​ളെ​ക്കു​റിച്ച്‌.

അങ്ങനെയിരിക്കെയാണ്‌ ഇൻഡ്യാ​ന​യി​ലെ ക്യാം​ഡെ​ണിൽവെച്ച്‌ യഹോ​വ​യു​ടെ സാക്ഷികൾ ഞങ്ങളെ സന്ദർശി​ക്കു​ന്നത്‌. ജയിംസ്‌ രാജാ​വി​ന്റെ ബൈബിൾ ഭാഷാ​ന്തരം ഉപയോ​ഗി​ച്ചാണ്‌ സംസാ​രി​ക്കു​ന്ന​തെ​ങ്കിൽ ശ്രദ്ധി​ക്കാ​മെന്ന്‌ ഞങ്ങൾ അവരോ​ടു പറഞ്ഞു. യുദ്ധ​ത്തോ​ടുള്ള സാക്ഷി​ക​ളു​ടെ നിലപാ​ടി​നെ ഞാൻ മാനിച്ചു. പക്ഷേ അവർ പറയു​ന്നത്‌ എല്ലാം അംഗീ​ക​രി​ക്കാൻ എനിക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. കാരണം, ഡിസൈൻ ഒന്നും ഇല്ലാത്ത പ്ലെയിൻ വസ്‌ത്ര​ങ്ങളല്ല അവർ ധരിച്ചി​രു​ന്നത്‌. അപ്പോൾപ്പി​ന്നെ അവർക്ക്‌ എങ്ങനെ ലോക​ത്തിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി​രി​ക്കാൻ പറ്റും എന്ന്‌ ഞാൻ ഓർത്തു. അതു​കൊണ്ട്‌ ഞാൻ ഉറപ്പിച്ചു: ‘ഇത്‌ സത്യമ​തമല്ല.’ ഞങ്ങളെ​പ്പോ​ലെ ലളിത​വ​സ്‌ത്രം ധരിക്കാ​ത്ത​വർക്കൊ​ക്കെ അഹങ്കാ​ര​മാണ്‌ എന്നാണ്‌ ഞാൻ ചിന്തി​ച്ചത്‌. ഒരാളു​ടെ വസ്‌തു​വ​കകൾ അയാളെ അഹങ്കാ​രി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു എന്റെ വിശ്വാ​സം.

എന്റെ ഭർത്താവ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളിൽ പോകാൻ തുടങ്ങി. ഞങ്ങളുടെ ആൺമക്ക​ളിൽ ചില​രെ​യും കൂടെ കൊണ്ടു​പോ​കു​മാ​യി​രു​ന്നു. എനിക്ക്‌ അത്‌ ഒട്ടും ഇഷ്ടപ്പെ​ട്ടില്ല. കൂടെ​ച്ചെ​ല്ലാൻ അദ്ദേഹം എന്നെയും നിർബ​ന്ധി​ച്ചെ​ങ്കി​ലും ഞാൻ പോയില്ല. ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു: “അവരുടെ എല്ലാ പഠിപ്പി​ക്ക​ലു​ക​ളും നീ അംഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും അവിടെ ഒന്ന്‌ വന്നു​നോക്ക്‌. അവർ തമ്മിൽത​മ്മിൽ എങ്ങനെ​യാണ്‌ ഇടപെ​ടു​ന്നത്‌ എന്നെങ്കി​ലും കാണാ​മ​ല്ലോ.” അവരുടെ പെരു​മാ​റ്റ​ത്തിൽ അദ്ദേഹ​ത്തി​നു ശരിക്കും മതിപ്പു​ണ്ടാ​യി​രു​ന്നു.

അവസാനം ഞാൻ പോകാൻ തീരു​മാ​നി​ച്ചു. പക്ഷേ നോക്കി​യും​ക​ണ്ടും ഒക്കെയാണ്‌ ഞാൻ നിന്നത്‌. പ്ലെയിൻ ഡ്രസ്സു​മിട്ട്‌ തൊപ്പി​യും​വെച്ച്‌ ഞാൻ രാജ്യ​ഹാ​ളി​ലേക്കു ചെന്നു. ഞങ്ങളുടെ ചില ആൺമക്ക​ളും അതു​പോ​ലത്തെ ഡ്രസ്സിൽത​ന്നെ​യാ​ണു പോയത്‌. അവർ ചെരി​പ്പും ഇട്ടിട്ടി​ല്ലാ​യി​രു​ന്നു. എങ്കിലും സാക്ഷികൾ ഞങ്ങളുടെ അടുത്തു​വന്ന്‌ സ്‌നേ​ഹ​ത്തോ​ടെ ഇടപെട്ടു. അപ്പോൾ ഞാൻ ഓർത്തു: ‘ഞങ്ങൾ ഇങ്ങനെ​യൊ​ക്കെ ചെന്നി​ട്ടും അവർ ഞങ്ങളെ മാറ്റി​നി​റു​ത്തി​യി​ല്ല​ല്ലോ.’

അവരുടെ സ്‌നേ​ഹ​ത്തോ​ടെ​യുള്ള പെരു​മാ​റ്റം എന്നെ ശരിക്കും ആകർഷി​ച്ചു. എന്നാൽ അവരെ ഒന്ന്‌ നിരീ​ക്ഷി​ക്കുക എന്നതു മാത്ര​മാ​യി​രു​ന്നു എന്റെ ഉദ്ദേശ്യം. അവർ പാട്ടു​പാ​ടു​മ്പോൾ ഞാൻ എഴു​ന്നേ​റ്റൊ​ന്നും നിൽക്കാ​റില്ല. അവരുടെ പാട്ടു​ക​ളും ഞാൻ പാടി​യില്ല. മീറ്റിങ്ങ്‌ കഴിഞ്ഞ​പ്പോ​ഴേ​ക്കും എന്റെ മനസ്സിൽ ചോദ്യ​ങ്ങ​ളോ​ടു ചോദ്യ​ങ്ങ​ളാ​യി​രു​ന്നു. അവർ ചെയ്യു​ന്ന​തിൽ എനിക്ക്‌ ശരിയല്ല എന്നു തോന്നിയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചില തിരു​വെ​ഴു​ത്തു​ക​ളു​ടെ അർഥ​ത്തെ​ക്കു​റി​ച്ചും ഞാൻ അവരോ​ടു ചോദി​ച്ചു. പരിഗ​ണ​ന​യൊ​ന്നു​മി​ല്ലാ​തെ​യാണ്‌ ഞാൻ സംസാ​രി​ച്ച​തെ​ങ്കി​ലും അവർ എന്നോട്‌ വളരെ ആത്മാർഥ​ത​യോ​ടെ​യാണ്‌ ഇടപെ​ട്ടത്‌. ഒരേ ചോദ്യം​തന്നെ പലരോ​ടു ചോദി​ച്ചി​ട്ടും അവരു​ടെ​യെ​ല്ലാം ഉത്തരം ഒന്നായി​രു​ന്നു. അത്‌ എന്നെ ശരിക്കും അത്ഭുത​പ്പെ​ടു​ത്തി. ചില​പ്പോൾ അവർ എനിക്ക്‌ ഉത്തരം എഴുതി​ത്ത​രും. അത്‌ എനിക്ക്‌ വലിയ സഹായ​മാ​യി​രു​ന്നു. കാരണം, പിന്നീട്‌ സമയം കിട്ടു​മ്പോൾ എനിക്ക്‌ അത്‌ നോക്കാ​നും പഠിക്കാ​നും ഒക്കെ പറ്റുമ​ല്ലോ.

1985-ലെ ഒരു വേനൽക്കാ​ലം. അന്ന്‌ ടെനീ​സീ​യി​ലെ മെംഫി​സിൽവെച്ച്‌ നടത്തിയ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു കൺ​വെൻ​ഷനു ഞങ്ങൾ എല്ലാവ​രും പോയി. എല്ലാം വെറു​തെ​യൊന്ന്‌ കണ്ടിരി​ക്കാ​നാണ്‌ പോയത്‌. എന്റെ ഭർത്താ​വിന്‌ അപ്പോ​ഴും താടി​യു​ണ്ടാ​യി​രു​ന്നു. അതു​പോ​ലെ പ്ലെയിൻ ഡ്രസ്സ്‌ ഇട്ടിട്ടാണ്‌ ഞങ്ങൾ പോയ​തും. ഇടവേ​ള​ക​ളു​ടെ സമയത്ത്‌ ഒരു മിനി​ട്ടു​പോ​ലും ഞങ്ങൾക്കു വെറുതെ ഇരി​ക്കേണ്ടി വന്നില്ല. ഓരോ​രു​ത്ത​രും മാറി​മാ​റി വന്ന്‌ ഞങ്ങളോ​ടു വർത്തമാ​നം പറയു​ക​യാ​യി​രു​ന്നു. അവരുടെ സ്‌നേ​ഹ​വും ശ്രദ്ധയും പരിഗ​ണ​ന​യും ഞങ്ങളെ ശരിക്കും സ്‌പർശി​ച്ചു. അവരുടെ ഇടയി​ലുള്ള ഐക്യം എടുത്തു​പ​റ​യേ​ണ്ടതു തന്നെയാണ്‌. കാരണം എവി​ടെ​യുള്ള മീറ്റി​ങ്ങി​നു പോയാ​ലും അവരുടെ പഠിപ്പി​ക്ക​ലു​കൾ എല്ലാം ഒന്നുത​ന്നെ​യാണ്‌.

സാക്ഷികളുടെ ആത്മാർഥ​ത​യിൽ എന്റെ ഭർത്താ​വി​നു ശരിക്കും മതിപ്പു​തോ​ന്നി. അങ്ങനെ അദ്ദേഹം ഒരു ബൈബിൾപ​ഠ​ന​ത്തി​നു സമ്മതിച്ചു. പഠിക്കു​ന്ന​തെ​ല്ലാം വളരെ ശ്രദ്ധ​യോ​ടെ അദ്ദേഹം പരി​ശോ​ധി​ക്കു​ക​യും ചെയ്‌തു. കാരണം പഠിക്കു​ന്നതു സത്യമാ​ണെന്ന്‌ ഉറപ്പു​വ​രു​ത്താൻ അദ്ദേഹ​ത്തിന്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 17:11; 1 തെസ്സ​ലോ​നി​ക്യർ 5:21) അങ്ങനെ സത്യം കണ്ടെത്തി​യെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി. എങ്കിലും എന്റെ മനസ്സ്‌ ആകെ കുഴഞ്ഞു​മ​റിഞ്ഞ ഒരു അവസ്ഥയി​ലാ​യി​രു​ന്നു. ശരിയാ​യതു ചെയ്യണ​മെ​ന്നാ​യി​രു​ന്നു എന്റെ ആഗ്രഹം. എന്നാൽ ചെറു​പ്പം​മു​തൽ മനസ്സി​ലാ​ക്കി​യ​തു​പോ​ലെ ‘ആധുനി​ക​വ​സ്‌തു​ക്ക​ളൊ​ക്കെ’ ഉപയോ​ഗിച്ച്‌ ‘ലോക​ത്തി​ന്റെ’ ഒരു ഭാഗമാ​ണെന്നു തോന്നി​പ്പി​ക്കാ​നും ഞാൻ ഒരുക്ക​മ​ല്ലാ​യി​രു​ന്നു. അവസാനം ഞാൻ ബൈബിൾ പഠിക്കാൻ തീരു​മാ​നി​ച്ചു. പഠിക്കുന്ന സമയത്ത്‌ ആദ്യ​മൊ​ക്കെ ഞാൻ രണ്ടു ബൈബിൾ മടിയിൽ വെക്കും. ഒന്ന്‌ ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​വും പിന്നെ അതി​നെ​ക്കാൾ ലളിത​മായ പുതി​യ​ലോക ഭാഷാ​ന്ത​ര​വും. പറയുന്ന ഓരോ വാക്യ​വും രണ്ടു ബൈബി​ളി​ലും നോക്കി, ഞാൻ പറ്റിക്ക​പ്പെ​ടു​കയല്ല എന്ന്‌ ഉറപ്പു​വ​രു​ത്താൻവേണ്ടി.

ഞാൻ സത്യം കണ്ടെത്തി

സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ച​പ്പോൾ ഞങ്ങൾ ഒരുപാ​ടു സത്യങ്ങൾ മനസ്സി​ലാ​ക്കി. ഏറ്റവും പ്രധാ​ന​മാ​യി നമ്മുടെ സ്വർഗീ​യ​പി​താവ്‌ ഏകനാണ്‌, ത്രി​യേ​കനല്ല എന്നു പഠിച്ചു. അടുത്ത​താ​യി നമ്മൾത​ന്നെ​യാ​ണു ദേഹി​ക​ളെ​ന്നും മരണ​ശേഷം തുടർന്ന്‌ ജീവി​ക്കുന്ന ഒരു ദേഹി നമുക്കില്ല എന്നും പഠിച്ചു. (ഉൽപത്തി 2:7; ആവർത്തനം 6:4; യഹസ്‌കേൽ 18:4; 1 കൊരി​ന്ത്യർ 8:5, 6) ഇനി, നരകം എന്നു പറയു​ന്നത്‌ നിത്യ​മാ​യി ദണ്ഡിപ്പി​ക്കുന്ന ഒരു സ്ഥലമല്ല, മറിച്ച്‌ അത്‌ എല്ലാ മനുഷ്യ​രും ചെന്നെ​ത്തുന്ന ശവക്കു​ഴി​യാ​ണെ​ന്നും പഠിച്ചു. (ഇയ്യോബ്‌ 14:13; സങ്കീർത്തനം 16:10; സഭാ​പ്ര​സം​ഗകൻ 9:5, 10; പ്രവൃ​ത്തി​കൾ 2:31) പരമ്പരാ​ഗത ബ്രദറൻ സഭയിൽ നരക​ത്തെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്ക​ലിൽ ചില തർക്കങ്ങൾ ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ ഈ സത്യം മനസ്സി​ലാ​ക്കി​യത്‌ ഞങ്ങളുടെ ജീവി​ത​ത്തിൽതന്നെ വലി​യൊ​രു വഴിത്തി​രി​വാ​യി​രു​ന്നു.

അപ്പോഴും എന്റെ മനസ്സിൽ ഒരു ചോദ്യം ഉണ്ടായി​രു​ന്നു: ‘ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്കുന്ന ഈ മതത്തിന്‌ എങ്ങനെ​യാണ്‌ സത്യമ​ത​മാ​കാൻ കഴിയുക?’ കാരണം എന്റെ കണ്ണിൽ അവരു​ടേത്‌ ഒരു ‘ലളിത’ജീവിതം അല്ലായി​രു​ന്നു. എനിക്ക്‌ അത്‌ വളരെ നിർബ​ന്ധ​വു​മാ​യി​രു​ന്നു. എന്നാൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത എല്ലാവ​രോ​ടും അറിയി​ക്കണം എന്നുള്ള യേശു​വി​ന്റെ കല്‌പന അവർ അങ്ങനെ​തന്നെ അനുസ​രി​ക്കു​ന്നു എന്ന്‌ എനിക്കു ബോധ്യ​മാ​യി. ഞാൻ ആകെ ആശയക്കു​ഴ​പ്പ​ത്തി​ലാ​യി.—മത്തായി 24:14; 28:19, 20

എന്നാൽ ഈ സമയങ്ങ​ളി​ലെ​ല്ലാം സാക്ഷി​ക​ളു​ടെ സ്‌നേ​ഹ​ത്തോ​ടെ​യുള്ള പെരു​മാ​റ്റം അവരെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ എന്നെ പ്രചോ​ദി​പ്പി​ച്ചു. സഭയി​ലു​ള്ളവർ എല്ലാവ​രും ഞങ്ങളുടെ കുടും​ബ​ത്തി​ന്റെ കാര്യ​ത്തിൽ ഒരു പ്രത്യേ​ക​താ​ത്‌പ​ര്യം എടുത്തു. പലപ്പോ​ഴാ​യി അവർ ഞങ്ങളെ കാണാൻ വരും. ഞങ്ങളുടെ ഫാമിലെ പാലും മുട്ടയും വാങ്ങി​ക്കാൻ എന്നു പറഞ്ഞാണ്‌ വരാറു​ള്ളത്‌. അങ്ങനെ വന്നുവന്ന്‌ അവർ എത്ര നല്ല ആളുക​ളാ​ണെന്ന്‌ ഞങ്ങൾക്കു മനസ്സി​ലാ​യി​ത്തു​ടങ്ങി. സഭയിലെ ഒരാളാണ്‌ ഞങ്ങളെ പഠിപ്പി​ച്ചി​രു​ന്ന​തെ​ങ്കി​ലും മറ്റുള്ള​വ​രും ഞങ്ങളെ കാണാൻവ​രു​മാ​യി​രു​ന്നു. സഭയിലെ ആരെങ്കി​ലും ഞങ്ങളുടെ വീടിന്റെ അടു​ത്തെ​ങ്ങാ​നും വന്നാൽ അവർ വീട്ടിൽ കയറാതെ പോകില്ല. അങ്ങനെ ഞങ്ങൾക്ക്‌ സാക്ഷി​കളെ ശരിക്കും അറിയാൻ പറ്റി. അവർ കാണിച്ച ആത്മാർഥ​ത​യും സ്‌നേ​ഹ​വും ഒന്നും ഒരിക്ക​ലും ഞങ്ങൾക്ക്‌ മറക്കാൻ പറ്റില്ല.

ഞങ്ങൾ പോയി​രുന്ന സഭയി​ലു​ള്ളവർ മാത്രമല്ല ഞങ്ങളുടെ കാര്യ​ത്തിൽ താത്‌പ​ര്യം കാണി​ച്ചത്‌. ഒരു ദിവസം അടുത്തുള്ള സഭയിലെ കേബ്രിഡ്‌ സഹോ​ദരി എന്നെ കാണാൻ വന്നു. സഹോ​ദരി പൊതു​വേ പ്ലെയിൻ വസ്‌ത്ര​ങ്ങ​ളാ​ണു ധരിച്ചി​രു​ന്നത്‌. അതായി​രു​ന്നു അവർക്ക്‌ ഇഷ്ടവും. മേക്കപ്പും ഇടില്ലാ​യി​രു​ന്നു. വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ചമയത്തി​ന്റെ​യും കാര്യ​ത്തിൽ സാക്ഷി​ക​ളു​ടെ നിലപാട്‌ ഉൾക്കൊ​ള്ളാൻ കഴിയാ​തി​രുന്ന എനിക്ക്‌ കേബ്രിഡ്‌ സഹോ​ദ​രി​യു​ടെ വസ്‌ത്ര​ധാ​ര​ണ​രീ​തി വളരെ ആശ്വാ​സ​മാ​യി തോന്നി. അതു​കൊണ്ട്‌ എനിക്ക്‌ അവരോട്‌ തുറന്ന്‌ സംസാ​രി​ക്കാൻ പറ്റി. പിന്നീട്‌ ഒരു ദിവസം ലൂയിസ്‌ ഫ്‌ളോറ സഹോ​ദരൻ എന്നെ കാണാൻവന്നു. സാക്ഷി​യാ​കു​ന്ന​തി​നു മുമ്പ്‌ ആഢംബ​ര​ങ്ങ​ളി​ല്ലാത്ത ഒരു ‘ലളിത’മത വിഭാ​ഗ​ത്തിൽപ്പെട്ട ആളായി​രു​ന്നു അദ്ദേഹം. എന്റെ ഉള്ളിലെ സങ്കടം എന്റെ മുഖത്തു​നിന്ന്‌ അദ്ദേഹം വായി​ച്ചെ​ടു​ത്തു. എന്റെ മനസ്സിനെ ഒന്നു ശാന്തമാ​ക്കാൻ പിന്നീടു പത്തു പേജുള്ള ഒരു എഴുത്ത്‌ അദ്ദേഹം എനിക്ക്‌ എഴുതി. അദ്ദേഹ​ത്തി​ന്റെ ആ സ്‌നേ​ഹ​ത്തോ​ടെ​യുള്ള കരുതൽ ശരിക്കും എന്റെ കണ്ണു നനയിച്ചു. ഞാൻ ആ എഴുത്ത്‌ വീണ്ടും​വീ​ണ്ടും വായിച്ചു.

വേറൊരു അവസര​ത്തിൽ സഞ്ചാര​മേൽവി​ചാ​ര​ക​നായ ഒഡേൽ സഹോ​ദ​ര​നോട്‌ യശയ്യ 3:18-23 വരെയുള്ള വാക്യ​ങ്ങ​ളും 1 പത്രോസ്‌ 3:3, 4 വാക്യ​ങ്ങ​ളും ഒന്ന്‌ വിശദീ​ക​രി​ച്ചു​ത​രാ​മോ എന്നു ഞാൻ ചോദി​ച്ചു. “പ്ലെയിൻ വസ്‌ത്രങ്ങൾ ധരിക്കു​ന്ന​താ​ണു ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌, അതല്ലേ ഈ വാക്യ​ങ്ങ​ളിൽ പറയു​ന്നത്‌” എന്നായി​രു​ന്നു എന്റെ സംശയം. അദ്ദേഹം ചോദി​ച്ചു: “അപ്പോൾ തൊപ്പി ധരിക്കു​ന്ന​തിൽ തെറ്റി​ല്ലെ​ന്നാ​ണോ? മുടി പിന്നു​ന്ന​തിൽ തെറ്റില്ലേ?” പരമ്പരാ​ഗത ബ്രദറൻ സഭയിൽ കൊച്ചു​പെൺകു​ട്ടി​ക​ളു​ടെ മുടി പിന്നു​ക​യും സ്‌ത്രീ​കൾ തൊപ്പി വെക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. അപ്പോ​ഴാണ്‌ അവരുടെ പഠിപ്പി​ക്ക​ലു​ക​ളി​ലെ പൊരു​ത്ത​ക്കേട്‌ ഞാൻ തിരി​ച്ച​റി​ഞ്ഞത്‌. ഒഡേൽ സഹോ​ദ​രന്റെ ക്ഷമയോ​ടെ​യും ദയയോ​ടെ​യും ഉള്ള പെരു​മാ​റ്റം എന്നെ ശരിക്കും സ്വാധീ​നി​ച്ചു.

പയ്യെപ്പയ്യെ എനിക്ക്‌ കാര്യങ്ങൾ കൂടുതൽ വ്യക്തമാ​കാൻതു​ടങ്ങി. അപ്പോ​ഴും മറ്റൊരു കാര്യം എന്നെ അലട്ടി​ക്കൊ​ണ്ടി​രു​ന്നു—സാക്ഷി​ക​ളായ സ്‌ത്രീ​കൾ മുടി വെട്ടുന്നു. അതായി​രു​ന്നു എന്റെ പ്രശ്‌നം. സഭയിലെ മൂപ്പന്മാർ ഇതെക്കു​റിച്ച്‌ ചിന്തി​ക്കാൻ എന്നെ സഹായി​ച്ചു. ചില സ്‌ത്രീ​ക​ളു​ടെ മുടി നല്ല നീളത്തിൽ വളരും. എന്നാൽ ചിലരു​ടെ അത്രയും വളരില്ല. ഒരാളു​ടെ മുടിക്ക്‌ നീളമുണ്ട്‌ എന്നു​വെച്ച്‌ ആ വ്യക്തി മറ്റെയാ​ളെ​ക്കാൾ മെച്ചമാ​ണെന്നു വരുമോ? വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ഒരുക്ക​ത്തി​ന്റെ​യും കാര്യ​ത്തിൽ ഓരോ​രു​ത്ത​രു​ടെ​യും മനസ്സാ​ക്ഷിക്ക്‌ അനുസ​രി​ച്ചാണ്‌ കാര്യങ്ങൾ തീരു​മാ​നി​ക്കേ​ണ്ടത്‌ എന്നു മനസ്സി​ലാ​ക്കാൻ സഹോ​ദ​രങ്ങൾ എന്നെ സഹായി​ച്ചു. ഇതി​നെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി പറയുന്ന ചില വിവരങ്ങൾ അവർ എനിക്കു വായി​ക്കാൻ തന്നുവി​ടു​ക​യും ചെയ്‌തു.

പഠിച്ചത്‌ പ്രാവർത്തി​ക​മാ​ക്കു​ന്നു

നല്ല ഫലം പുറ​പ്പെ​ടു​വി​ക്കു​ന്ന​വ​രെ​യാണ്‌ ഞങ്ങൾ അന്വേ​ഷി​ച്ചു​ന​ട​ന്നത്‌. അവരെ ഞങ്ങൾ കണ്ടെത്തു​ക​യും ചെയ്‌തു. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.” (യോഹ​ന്നാൻ 13:35) യഥാർഥ​സ്‌നേഹം കാണി​ക്കു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പായി. എന്നാൽ ഞങ്ങളുടെ മൂത്തമ​ക്ക​ളായ നേഥനും റിബെ​ക്ക​യ്‌ക്കും ആദ്യ​മൊ​ക്കെ ഈ കാര്യങ്ങൾ അംഗീ​ക​രി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. കാരണം അവർ പരമ്പരാ​ഗത ബ്രദറൻ സഭയിലെ പഠിപ്പി​ക്ക​ലു​കൾ വിശ്വ​സി​ക്കു​ക​യും അതിൽതന്നെ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തി​രു​ന്നു. അതു​കൊണ്ട്‌ ഈ ഒരു മാറ്റം അവർക്കു ബുദ്ധി​മു​ട്ടാ​യി തോന്നി. പതു​ക്കെ​പ്പ​തു​ക്കെ ഞങ്ങൾ പഠിച്ച ബൈബിൾസ​ത്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവരോ​ടു പറയു​മാ​യി​രു​ന്നു. ഞങ്ങൾ പറഞ്ഞകാ​ര്യ​ങ്ങ​ളും സാക്ഷി​ക​ളു​ടെ യഥാർഥ​സ്‌നേ​ഹ​വും ഒക്കെ അവരെ ശരിക്കും സ്വാധീ​നി​ച്ചു.

റിബെക്കയാണെങ്കിൽ ദൈവ​വു​മാ​യി ഒരു അടുത്ത​ബന്ധം ആഗ്രഹി​ച്ചി​രുന്ന ഒരാളാണ്‌. ഒരാളു​ടെ ഭാവി ദൈവം മുന്നമേ എഴുതി​വെ​ച്ചി​ട്ടില്ല എന്ന്‌ പഠിച്ച​പ്പോൾ ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ അവൾക്കു കൂടുതൽ എളുപ്പ​മാ​യി. ദൈവം നിഗൂ​ഢ​മായ ഒരു ത്രിത്വ​ത്തി​ന്റെ ഭാഗമ​ല്ലെന്നു മനസ്സി​ലാ​ക്കി​യ​തും ദൈവ​ത്തോട്‌ അവളെ കൂടുതൽ അടുപ്പി​ച്ചു. ദൈവം ഒരു യഥാർഥ​വ്യ​ക്തി​യാ​ണെ​ന്നും തനിക്ക്‌ അനുക​രി​ക്കാൻ പറ്റുന്ന ഒരാളാ​ണെ​ന്നും അവൾക്കു ബോധ്യ​മാ​യി. (എഫെസ്യർ 5:1) ഇനി, അവളെ സന്തോ​ഷി​പ്പിച്ച ഒരു കാര്യ​മാ​യി​രു​ന്നു പ്രാർഥ​ന​യിൽ ദൈവത്തെ അഭിസം​ബോ​ധന ചെയ്യു​മ്പോ​ഴെ​ല്ലാം കട്ടിയായ വാക്കുകൾ ഉപയോ​ഗി​ക്കേണ്ട എന്നു മനസ്സി​ലാ​ക്കി​യത്‌. അതായത്‌, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തു​പോ​ലുള്ള കട്ടിയായ വാക്കുകൾ. കൂടാതെ ദൈവ​ത്തോട്‌ എങ്ങനെ പ്രാർഥി​ക്ക​ണ​മെന്നു മനസ്സി​ലാ​ക്കി​യ​തും ഒരു പറുദീ​സാ​ഭൂ​മി​യിൽ മനുഷ്യർ എന്നേക്കും ജീവി​ക്ക​ണ​മെന്ന ദൈവ​ത്തി​ന്റെ മഹത്തായ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ പഠിച്ച​തും അവളെ സ്രഷ്ടാ​വി​ലേക്ക്‌ കൂടുതൽ അടുപ്പി​ച്ചു.—സങ്കീർത്തനം 37:29; വെളി​പാട്‌ 21:3, 4.

ഞങ്ങൾക്കു കിട്ടിയ അനു​ഗ്ര​ഹ​ങ്ങൾ

1987-ൽ ഞാനും ഭർത്താ​വും മൂത്ത മക്കളായ നേഥനും റിബെ​ക്ക​യും ജോർജും ഡാനി​യ​ലും ജോണും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി സ്‌നാ​ന​മേറ്റു. 1989-ൽ ഹാർലി​യും 1994-ൽ സൈമ​ണും സ്‌നാ​ന​മേറ്റു. യേശു​ക്രി​സ്‌തു ശിഷ്യ​ന്മാ​രോട്‌ ചെയ്യാൻ പറഞ്ഞ വേല, അതായത്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കുക എന്ന നിയമനം ഞങ്ങളുടെ മുഴു​കു​ടും​ബ​വും ഇപ്പോ​ഴും ഉത്സാഹ​ത്തോ​ടെ ചെയ്യുന്നു.

നേഥനും ജോർജും ഡാനി​യ​ലും ജോണും ഹാർലി​യും റിബെ​ക്ക​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഐക്യ​നാ​ടു​ക​ളി​ലെ ബ്രാ​ഞ്ചോ​ഫീ​സിൽ സേവി​ച്ചി​ട്ടുണ്ട്‌. ജോർജ്‌ ഇപ്പോ​ഴും അവി​ടെ​ത്ത​ന്നെ​യാണ്‌, 14 വർഷത്തി​ല​ധി​ക​മാ​യി. 2001-ൽ സ്‌കൂൾപ​ഠനം പൂർത്തി​യാ​ക്കി​യ​ശേഷം സൈമ​ണും ബ്രാഞ്ചിൽ സേവി​ക്കാൻ തുടങ്ങി. ഞങ്ങളുടെ ആൺമക്ക​ളെ​ല്ലാം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളിൽ മൂപ്പന്മാ​രാ​യോ ശുശ്രൂ​ഷാ​ദാ​സ​ന്മാ​രാ​യോ സേവി​ക്കു​ന്നു. എന്റെ ഭർത്താവ്‌ മിസൂ​റി​യി​ലെ തായർ സഭയിലെ ഒരു മൂപ്പനാണ്‌. ഞാനും ശുശ്രൂ​ഷ​യിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ന്നു.

ഞങ്ങൾക്ക്‌ മൂന്നു കൊച്ചു​മ​ക്ക​ളുണ്ട്‌—ജെസിക്ക, ലെറ്റീഷ, കാലേബ്‌. അവരുടെ അപ്പനമ്മ​മാർ ആ കുഞ്ഞു​മ​ന​സ്സു​ക​ളിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം ഉൾനടാൻ ശ്രമി​ക്കു​ന്നതു കാണു​മ്പോൾ എന്തു സന്തോ​ഷ​മാ​ണെ​ന്നോ! ഞങ്ങളുടെ കുടും​ബത്തെ യഹോവ തന്നി​ലേക്ക്‌ അടുപ്പി​ച്ചത്‌ എത്ര വലിയ ഒരു അനു​ഗ്ര​ഹ​മാണ്‌! തന്റെ പേര്‌ വഹിക്കുന്ന ഒരു ജനം ഉണ്ടെന്ന്‌ തിരി​ച്ച​റി​യാൻ യഹോവ ഞങ്ങളെ സഹായി​ച്ചു. ദൈവ​ജ​ന​ത്തി​ന്റെ സ്‌നേ​ഹ​മാണ്‌ ഞങ്ങളെ​യും അവരോ​ടൊ​പ്പം കൂട്ടി​ച്ചേർത്തത്‌.

ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന ഒരുപാട്‌ ആളുകൾ ഇന്നുണ്ട്‌. പക്ഷേ ബൈബി​ളി​നെ​ക്കാൾ കൂടുതൽ മതത്തിലെ നിയമ​ങ്ങ​ളാണ്‌ അതിന്‌ അവരെ പ്രേരി​പ്പി​ക്കു​ന്നത്‌. അങ്ങനെ​യു​ള്ള​വരെ കാണു​മ്പോൾ ഞങ്ങൾക്ക്‌ ഒരു പ്രത്യേ​ക​താ​ത്‌പ​ര്യം തോന്നും. കാരണം ഈ സന്തോഷം അവർക്കും കിട്ടണ​മെ​ന്നാണ്‌ ഞങ്ങളുടെ ആഗ്രഹം. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും അതിന്റെ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും മറ്റുള്ള​വരെ അറിയി​ക്കു​മ്പോ​ഴു​ണ്ടാ​കുന്ന സന്തോഷം മുമ്പ്‌ കൃഷി​സാ​ധ​ന​ങ്ങ​ളു​മാ​യി വീടു​തോ​റും പോയി​രു​ന്ന​തി​നെ​ക്കാൾ എത്രയോ വലുതാണ്‌! യഹോ​വ​യു​ടെ പേരി​നാൽ അറിയ​പ്പെ​ടുന്ന ജനം ഞങ്ങളോ​ടു കാണിച്ച സ്‌നേ​ഹ​വും ക്ഷമയും എല്ലാം ഓർക്കു​മ്പോൾത്തന്നെ എന്റെ കണ്ണ്‌ നിറയു​ക​യാണ്‌.

[ചിത്രങ്ങൾ]

ഏഴു വയസ്സു​ള്ള​പ്പോ​ഴും മുതിർന്ന​ശേ​ഷ​വും

[ചിത്രം]

പ്ലെയിൻ വസ്‌ത്രങ്ങൾ ധരിച്ചു​നിൽക്കുന്ന ജയിം​സും ജോർജും ഹാർലി​യും സൈമ​ണും

[ചിത്രം]

ഞാൻ കൃഷി​സാ​ധ​ന​ങ്ങ​ളു​മാ​യി മാർക്ക​റ്റി​ലേക്കു പോകു​ന്നു. ഒരു പ്രാ​ദേ​ശി​ക​പ​ത്ര​ത്തിൽ വന്ന ചിത്രം

[ചിത്രം]

ഇപ്പോൾ ഞങ്ങളുടെ കുടും​ബം