വിവരങ്ങള്‍ കാണിക്കുക

ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക്‌ അതു കണ്ടെത്താൻ കഴിയുന്ന വിധം

ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക്‌ അതു കണ്ടെത്താൻ കഴിയുന്ന വിധം

ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക്‌ അതു കണ്ടെത്താൻ കഴിയുന്ന വിധം

1. നിങ്ങൾ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വേണ്ടി ഏതുതരം സുരക്ഷിതത്വം ആഗ്രഹിക്കുന്നു?

 എല്ലാ ജീവിതതുറകളിലുമുളള ആളുകൾക്ക്‌ സുരക്ഷിതത്വത്തിനു വേണ്ടിയുളള യഥാർത്ഥമായ ആഗ്രഹമുണ്ട്‌. തീർച്ചയായും നിങ്ങൾ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വേണ്ടി ആഗ്രഹിക്കുന്നത്‌ അതാണ്‌. മിക്കയാളുകളും ഏതോ അനിശ്ചിത ഭാവികാലത്ത്‌ വരാനിരിക്കുന്ന മെച്ചപ്പെട്ട അവസ്ഥകളുടെ വെറും വാഗ്‌ദാനത്തെക്കാളധികം ആഗ്രഹിക്കുന്നു. ഇപ്പോൾത്തന്നെ നമ്മെ അഭിമുഖീകരിക്കുന്ന അടിയന്തിരമായ ജീവിതപ്രശ്‌നങ്ങളുണ്ട്‌. ആവശ്യമായിരിക്കുന്നത്‌ ഇപ്പോൾ യഥാർത്ഥസുരക്ഷിതത്വം നൽകുന്നതും വരും വർഷങ്ങളിൽ അങ്ങനെ ചെയ്‌തുകൊണ്ടിരിക്കുന്നതുമായ എന്തെങ്കിലുമാണ്‌. അങ്ങനെയുളള സുരക്ഷിതത്വം സാദ്ധ്യമാണോ?

2. (എ) ബൈബിൾ യെശയ്യാ 32:17, 18–ൽ സുരക്ഷിതത്വത്തെക്കുറിച്ച്‌ എന്തു പറയുന്നു? (ബി) അങ്ങനെയുളള അവസ്ഥകൾ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ?

2 ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും വസിക്കുന്നവരും അതു സാദ്ധ്യമാണെന്നു വിശ്വസിക്കുന്നവരുമായി എല്ലാ വർഗ്ഗങ്ങളിലും പെട്ട ആളുകളുണ്ട്‌. അവർക്കു താൽപ്പര്യമുളള സുരക്ഷിതത്വം ദൈവത്തിന്റെ ഒരു നിശ്വസ്‌തപ്രവാചകനാൽ ദീർഘനാൾ മുമ്പു വർണ്ണിക്കപ്പെട്ടു. അവൻ ഇങ്ങനെ എഴുതി: “യഥാർത്ഥനീതിയുടെ പ്രവൃത്തി സമാധാനമായിത്തീരേണ്ടതാണ്‌; യഥാർത്ഥനീതിയുടെ സേവനം അനിശ്ചിതകാലത്തോളമുളള ശാന്തതയും സുരക്ഷിതത്വവും. എന്റെ ജനം സമാധാനപൂർണ്ണമായ വാസസ്ഥലത്തും പൂർണ്ണമായ ആത്‌മവിശ്വാസമുളള വസതികളിലും സ്വസ്ഥതയുളള വിശ്രമസ്ഥലങ്ങളിലും വസിക്കേണ്ടതാണ്‌.” (യെശയ്യാ 32:17, 18) a ഏതൽക്കാല ലോകപ്രക്ഷുബ്‌ധത ഗണ്യമാക്കാതെ ഭൂമിയുടെ എല്ലാഭാഗങ്ങളിലുമുളള ശതസഹസ്രക്കണക്കിനാളുകൾ സമാധാനപൂർവ്വകമായ സുരക്ഷിതത്വം ഇപ്പോൾത്തന്നെ ആസ്വദിച്ചുതുടങ്ങുകയാണ്‌. അവർക്ക്‌ ഇതിലും ശോഭനമായ ഭാവിക്കുവേണ്ടി നോക്കിപ്പാർത്തിരിക്കാൻ കാരണമുണ്ട്‌. നിങ്ങൾക്കും അങ്ങനെയുളള പ്രയോജനങ്ങൾ അവരോടൊത്ത്‌ പങ്കിട്ടനുഭവിക്കാവുന്നതാണ്‌.

3. മനുഷ്യവർഗ്ഗത്തിന്‌ സുരക്ഷിതത്വത്തിൽ കലാശിക്കുന്നതായി ബൈബിൾ വാഗ്‌ദാനം ചെയ്യുന്ന മറെറന്തെങ്കിലുമുണ്ടോ? (വെളിപ്പാട്‌ 21:4, 5)

3 ഈ ആളുകൾ ‘ആരും ജനത്തെ വിറപ്പിക്കാത്ത’ സമയത്തിനുവേണ്ടി—കുററകൃത്യത്തിന്‌ അറുതിവരുന്ന, ഒരുവന്റെ വസ്‌തുവിനും ജീവനും ഉളള അപകടത്തിന്‌ അറുതി വരുന്ന, സമയത്തിനുവേണ്ടി—പ്രതീക്തിച്ചിരിക്കുകയാണ്‌. ആ സമയം ഇപ്പോൾ വളരെ അടുത്തിരിക്കുകയാണ്‌. (മീഖാ 4:4) ഇപ്പോൾ ജീവിക്കുന്ന അനേകർ, “ഭൂമിയിൽ ധാരാളം ധാന്യം ഉണ്ടാകുന്നതു” നിമിത്തം മേലാൽ പട്ടിണിയനുഭവിക്കാത്ത നാൾ കാണുമെന്ന്‌ വിശ്വസിക്കുന്നതിന്‌ അവർക്ക്‌ ഈടുററ കാരണമുണ്ട്‌. (സങ്കീർത്തനം 72:16) ‘ദൈവം അവരുടെ കണ്ണുകളിൽ നിന്ന്‌ കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണമുണ്ടായിരിക്കയില്ല, വിലാപമോ നിലവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല, പൂർവ്വകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു’ എന്ന വാഗ്‌ദത്തത്തിന്റെ നിവൃത്തി കാണാൻ അവർ നോക്കിപ്പാർത്തിരിക്കുകയാണ്‌. (വെളിപ്പാട്‌ 21:3, 4) ഇങ്ങനെയുളള കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിക്കുമെന്ന്‌ അവർക്ക്‌ ഇത്ര ഉറപ്പുണ്ടായിരിക്കാൻ എങ്ങനെ കഴിയും? ഈ വാഗ്‌ദത്തങ്ങൾ ദൈവത്തിന്റെ സ്വന്തവചനമായ ബൈബിളിൽ കാണപ്പെടുന്നതിനാൽത്തന്നെ.

4. എഴുത്തു നിർവ്വഹിക്കാൻ മനുഷ്യർ ഉപയോഗിക്കപ്പെട്ടെങ്കിലും ബൈബിളിലെഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ ദൈവത്തിൽ നിന്നായിരിക്കുന്നതെന്തുകൊണ്ട്‌? (2 തിമൊഥെയോസ്‌ 3:16, 17)

4 നമ്മുടെ ഭാവിയെക്കുറിച്ചു ബൈബിൾ പറയുന്നത്‌ കേവലം ചരിത്രത്തിന്റെ പ്രവണതകളെ വ്യാഖ്യാനിക്കാനുളള മാനുഷശ്രമങ്ങളുടെ ഫലമല്ല. ബൈബിളെഴുതാൻ മനുഷ്യർ ഉപയോഗിക്കപ്പെട്ടു, എന്നാൽ അവരുടെ മനസ്സുകൾ ദൈവാത്‌മാവിനാൽ നയിക്കപ്പെട്ടിരുന്നു, അങ്ങനെ ദൂത്‌ ദൈവത്തിൽനിന്നുളളതാണ്‌. ബൈബിളിന്റെ ഉളളടക്കത്തിന്റെ ഉറവിനെക്കുറിച്ച്‌ അതുതന്നെ പറയുന്നു: “തിരുവെഴുത്തിലെ പ്രവചനം ഏതെങ്കിലും സ്വകാര്യവ്യാഖ്യാനത്തിൽ നിന്ന്‌ ഉളവാകുന്നില്ല. എന്തുകൊണ്ടെന്നാൽ പ്രവചനം ഒരു സമയത്തും മമനുഷ്യന്റെ ഇഷ്ടത്താൽ വരുത്തപ്പെട്ടില്ല, പിന്നെയൊ മനുഷ്യർ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടപ്പോൾ അവർ ദൈവത്തിൽ നിന്നും സംസാരിച്ചു.” (2 പത്രോസ്‌ 1:20, 21) ദൈവത്തിന്‌ ഇത്‌ എങ്ങനെ ചെയ്യാൻ കഴിയുമെന്ന്‌ ഇന്ന്‌ നമുക്ക്‌ മനസ്സിലാക്കാൻ പ്രയാസമുണ്ടായിരിക്കരുത്‌. ബഹിരാകാശത്തിൽ സഞ്ചരിക്കുന്ന മനുഷ്യർ പോലും ഭൂമിയിലേക്ക്‌ സന്ദേശങ്ങൾ തിരികെ അയച്ചിട്ടുണ്ട്‌, അവ ഗണ്യമായ വ്യക്തതയോടെ സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്‌. സ്വർഗ്ഗത്തിലെ ദൈവത്തിന്‌ തന്നോട്‌ ഐക്യത്തിലിരുന്ന വിശ്വസ്‌ത മനുഷ്യരിലേക്ക്‌ ശ്രേഷ്‌ഠതരമായ ഒരു വിധത്തിൽ സന്ദേശങ്ങളയയ്‌ക്കാൻ കഴിയുമായിരുന്നില്ലേ? തീർച്ചയായും! ആ സ്ഥിതിക്ക്‌, നിങ്ങൾക്ക്‌ ഒരു സുരക്ഷിതഭാവി കണ്ടെത്താൻ കഴിയുന്നതെങ്ങനെയെന്നു ബൈബിൾ പറയുന്നത്‌ പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

യഥാർത്ഥസഹായം കണ്ടെത്താൻ കഴിയുന്നടം

5. പണത്തോടും മററു ഭൗതികസ്വത്തുക്കളോടും ഏതു പ്രായോഗികവീക്ഷണം സ്വീകരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു? (സഭാപ്രസംഗി 7:12)

5 ജീവിതത്തെ പ്രായോഗികമായി വീക്ഷിക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. നമ്മുടെ നിലനിൽക്കുന്ന ക്ഷേമത്തിന്റെ ലക്ഷ്യത്തിൽ, നിലനിൽക്കുന്നതിൽ നമ്മുടെ വിശ്വാസമർപ്പിക്കാൻ അത്‌ നമ്മെ ശക്തമായി ഉപദേശിക്കുന്നു. ഇന്ന്‌ ദശലക്ഷക്കണക്കിനാളുകൾ ഭൗതികസ്വത്തുക്കളിൽ ആശ്രയിക്കുന്നു. ബൈബിൾ പണത്തിന്റെയും മററു ഭൗതികസ്വത്തുക്കളുടെയും മൂല്യത്തെ സമ്മതിക്കുന്നുവെങ്കിലും ഇവയല്ല ജീവിതത്തിലെ വലിയ സംഗതിയെന്ന്‌ അതു പ്രകടമാക്കുന്നു. “ഒരു വ്യക്തിക്ക്‌ സമൃദ്ധിയുളളപ്പോൾപോലും അയാളുടെ ജീവൻ അയാളുടെ സ്വത്തുക്കളിൽ നിന്ന്‌ സംജാതമാകുന്നില്ല” എന്ന അനിഷേധ്യമായ സത്യം അതു പ്രസ്‌താവിക്കുന്നു. (ലൂക്കോസ്‌ 12:15) സ്വത്തുക്കൾക്ക്‌ അവയുടെ മൂല്യം നഷ്ടപ്പെട്ടേക്കാം. അവ മോഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്‌തേക്കാം. പണം മോഷ്ടിക്കാൻ ശ്രമിക്കുന്ന ഒരാളാൽ ഉടമസ്ഥന്റെ ജീവൻപോലും അപകടത്തിലായേക്കാം. യഥാർത്ഥ സുരക്ഷിതത്വം മറെറവിടെയെങ്കിലും സ്ഥിതിചെയ്യേണ്ടതാണ്‌. എന്നാൽ എവിടെ?

6. നമ്മുടെ ഭാവിപ്രത്യാശകളെല്ലാം മാനുഷ നേതാക്കൻമാർ വാഗ്‌ദത്തം ചെയ്യുന്നതിനെ കേന്ദ്രീകരിച്ച്‌ കെട്ടുപണി ചെയ്യുന്നത്‌ ന്യായമല്ലാത്തതെന്തുകൊണ്ട്‌?

6 തങ്ങളുടെ ഭാവിപ്രത്യാശകളെല്ലാം മാനുഷനേതാക്കൻമാർ വാഗ്‌ദാനം ചെയ്യുന്നതിനെ കേന്ദ്രീകരിച്ച്‌ കെട്ടുപണി ചെയ്യുന്ന ആളുകളുണ്ട്‌. എന്നാൽ നിങ്ങൾ അതു ചെയ്യണമോ? നേതാക്കൻമാരിൽ ഓരോരുത്തരും സത്യസന്ധരോ പ്രാപ്‌തരോ ആണോയെന്ന ചോദ്യം ഉന്നയിക്കാതെ തന്നെ അവരെല്ലാം മരിക്കുന്നുവെന്ന്‌ നമ്മെ അനുസ്‌മരിപ്പിച്ചുകൊണ്ട്‌ ബൈബിൾ സംഗതിയുടെ ഉളളിന്റെ ഉളളിലേക്കുതന്നെ കടക്കുന്നു. ബുദ്ധിപൂർവ്വം അത്‌ മുന്നറിയിപ്പു നൽകുന്നു: “പ്രഭുക്കൻമാരിലോ രക്ഷ ഇല്ലാത്ത ഭൗമികമമനുഷ്യന്റെ പുത്രനിലോ ആശ്രയിക്കരുത്‌. അവന്റെ ആത്മാവ്‌ പുറത്തുപോകുന്നു. അവൻ തന്റെ നിലത്തേക്ക്‌ തിരികെ പോകുന്നു; ആ ദിവസം അവന്റെ ചിന്തകൾ നശിക്കുകതന്നെ ചെയ്യുന്നു.” (സങ്കീർത്തനം 146:3, 4) അതുകൊണ്ട്‌, കൂടിയാൽ മാനുഷനേതാക്കൻമാർ ചുരുക്കം ചില വർഷങ്ങളിലേക്കു മാത്രമേ മനുഷ്യവർഗ്ഗത്തിന്റെ ഒരു ഭാഗത്തിന്റെ കാര്യങ്ങളെ സ്വാധീനിക്കുന്നുളളു. ദീർഘകാല സുരക്ഷിതത്വത്തെ സംബന്ധിച്ചിടത്തോളം, അവർക്കുതന്നെ അതു നൽകാൻ അവർക്കു കഴിയാത്തതുപോലെ നിങ്ങൾക്കും അതു നൽകാൻ അവർക്കു കഴികയില്ല.

7. (എ) ദീർഘകാല സുരക്ഷിതത്വം നമുക്കു നൽകാൻ യഥാർത്ഥത്തിൽ പ്രാപ്‌തനാര്‌, എന്തുകൊണ്ട്‌? (പ്രവൃത്തികൾ 17:28) (ബി) ആ സുരക്ഷിതത്വം ആസ്വദിക്കണമെങ്കിൽ നമുക്ക്‌ എന്താവശ്യമാണ്‌?

7 എന്നാൽ അതു നൽകാൻ കഴിയുന്ന ഒരുവനുണ്ട്‌. അവൻ ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാണ്‌. ഈ ഭൂമി നിർമ്മിക്കപ്പെടുന്നതിനു മുൻപ്‌ അവൻ സ്ഥിതിചെയ്‌തിരുന്നു; ഈ ഇരുപതാം നൂററാണ്ടു നീങ്ങിപ്പോയശേഷവും അവൻ സുദീർഘമായി അസ്‌തിത്വത്തിൽ തുടരും. സങ്കീർത്തനം 90:2 അവനോടു പറയുന്ന പ്രകാരം: “അനിശ്ചിതകാലം മുതൽ അനിശ്ചിതകാലത്തോളം പോലും നീ ദൈവമാകുന്നു.” അവൻ ജീവന്റെ ഉറവും ജീവനുളളവയെ നിലനിർത്താനുളള പ്രാപ്‌തി ഭൂമിക്കു നൽകിയവനുമാകുന്നു. ഇപ്രകാരം, നമ്മുടെ ഏതൽക്കാലക്ഷേമവും നമ്മുടെ ഭാവി അഭ്യുദയങ്ങളും അവനെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണ്‌ നാം എന്തെങ്കിലും യഥാർത്ഥ സുരക്ഷിതത്വം ആസ്വദിക്കണമെങ്കിൽ നമുക്ക്‌ അവനുമായുളള ഒരു നല്ല ബന്ധം ആവശ്യമായിരിക്കുന്നത്‌.

8. (എ) ഏതുതരം ആളുകളെയാണ്‌ ദൈവം അന്വേഷിക്കുന്നത്‌? (ബി) അതുകൊണ്ട്‌, ആ വ്യവസ്ഥയിലെത്തിച്ചേരാൻ നാം വ്യക്തികളെന്ന നിലയിൽ എന്തു ചെയ്യാൻ മനസ്സുളളവരായിരിക്കണം? (മത്തായി 7:21–23)

8 ഒരുവന്റെ ജീവിതത്തിൽ കുറെ മതമുണ്ടായിരുന്നാൽ മാത്രം മതിയെന്നാണോ ഇതിന്റെ അർത്ഥം? അങ്ങനെ നിഗമനം ചെയ്യുന്നതു തെററായിരിക്കും. ദൈവം തന്നോടുതന്നെയുളള ഒരു അനുകൂലബന്ധം അനുവദിച്ചുകൊടുക്കുന്നത്‌ ഒരു പ്രത്യേകതരം ജനത്തിനാണ്‌. ഏതുതരം? ബൈബിൾ അവരെ ഈ വിധത്തിൽ വർണ്ണിക്കുന്നു: “സത്യാരാധകർ പിതാവിനെ സത്യത്തോടും ആത്മാവോടുംകൂടെ ആരാധിക്കും, എന്തുകൊണ്ടെന്നാൽ, തീർച്ചയായും, പിതാവ്‌ തന്നെ ആരാധിക്കാൻ അങ്ങനെയുളളവരെ അന്വേഷിക്കുകയാകുന്നു. ദൈവം ഒരു ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കേണ്ടതാണ്‌.” (യോഹന്നാൻ 4:23, 24) നിങ്ങൾ ദൈവത്തെ ‘സത്യത്തോടുകൂടെ’ ആരാധിക്കുന്ന ഒരാളാണോ? നിങ്ങൾ നിങ്ങളുടെ വിശ്വാസങ്ങൾ “സത്യത്തിന്റെ ദൈവ”ത്താൽ ദൈവവചനത്തിൽ വിവരിക്കപ്പെട്ടിരിക്കുന്നതിനോട്‌ പൂർണ്ണമായി യോജിക്കുന്നുവോയെന്നറിയാൻ അവയെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ചിട്ടുണ്ടോ? (സങ്കീർത്തനം 31:5) നിങ്ങൾ അങ്ങനെ ചെയ്യാൻ സന്നദ്ധനാണോ? സത്യത്തോട്‌ അനുരൂപപ്പെടാത്ത ഉപദേശങ്ങളും ആചാരങ്ങളും ആർക്കും നിലനിൽക്കുന്ന പ്രയോജനം ചെയ്യുന്നതല്ല. അവ ആളുകൾ കാര്യങ്ങൾ യഥാർത്ഥത്തിൽ ആയിരിക്കുന്ന വിധത്തെ അവഗണിക്കാനിടയാക്കുന്നു. അവ ജനങ്ങളെ തെററായ ദിശയിൽ നയിക്കുന്നു. ഒരു വ്യക്തി സത്യമറിയാൻ യഥാർത്ഥമായി ആഗ്രഹിക്കുകയും തന്റെ ജീവിതത്തെ സത്യത്തിന്‌ അനുയോജ്യമാക്കാൻ ആവശ്യമായിരിക്കുമ്പോൾ മാററം വരുത്തുന്നതിന്‌ സന്നദ്ധനായിരിക്കുകയും ചെയ്യുന്നുവെങ്കിൽ മാത്രമേ യഥാർത്ഥ സുരക്ഷിതത്വത്തിൽ നിന്ന്‌ സംജാതമാകുന്ന സംതൃപ്‌തി ലഭിക്കുകയുളളു. അതിപ്രധാനമായ സത്യങ്ങളിലൊന്നിൽ ദൈവത്തിന്റെതന്നെ താദാത്മ്യം ഉൾപ്പെടുന്നു.

9, 10. (എ) ദൈവത്തിന്റെ വ്യക്തിപരമായ നാമം എന്താണ്‌? (ബി) ദൈവത്തിന്റെ നാമം എന്താണെന്ന്‌ ഒരു സ്‌നേഹിതനു തെളിയിച്ചുകൊടുക്കാൻ നിങ്ങൾ ഏതു തിരുവെഴുത്ത്‌ ഉപയോഗിക്കും? (സി) ചില വിവർത്തകൻമാർ ആ നാമത്തെ മറയ്‌ക്കാൻ ശ്രമിച്ചിരിക്കുന്നതെങ്ങനെ? (സങ്കീർത്തനം 110:1AV)

9 നിങ്ങൾക്ക്‌ ദൈവത്തിന്റെ വ്യക്തിപരമായ പേർ അറിയാമോ? അത്‌ “ദൈവം” എന്നോ “കർത്താവ്‌” എന്നോ അല്ല. അവ സ്ഥാനപ്പേരുകളാണ്‌, “മിസ്‌ററർ” “രാജാവ്‌” എന്നിവ സ്ഥാനപ്പേരുകളായിരിക്കുന്നതുപോലെതന്നെ. എന്നിരുന്നാലും, ബൈബിളിന്റെ അധികൃതഭാഷാന്തരമനുസരിച്ച്‌ (പൊ. യു. 1611 ൽ വിവർത്തനം ചെയ്യപ്പെട്ടത്‌) സങ്കീർത്തനം 83:18 ഇങ്ങനെ പറയുന്നു: “യഹോവയെന്നു നാമമുളള നീ മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതനാകുന്നു.” ഇതു മനുഷ്യർ ദൈവത്തിനു കൊടുത്തിട്ടുളള ഒരു നാമമല്ല. ബൈബിളിന്റെ പരിഷ്‌കൃത ഭാഷാന്തരത്തിൽ (പൊ. യു. 1901–ൽ പ്രസിദ്ധീകരിക്കപ്പെട്ട അമേരിക്കൻ സ്‌ററാൻഡേർഡ്‌ എഡീഷൻ) പ്രകടമാക്കപ്പെട്ടിരിക്കുന്ന പ്രകാരം “ഞാൻ യഹോവയാകുന്നു, അതാകുന്നു എന്റെ നാമം” എന്നു ദൈവം പറയുമ്പോൾ ദൈവം തനിക്കുവേണ്ടിത്തന്നെ സംസാരിക്കുകയാണ്‌. (യെശയ്യാ 42:8) മൂല എബ്രായ തിരുവെഴുത്തുകളുടെ ചില ഭാഷാന്തരങ്ങൾ “യാഹ്‌വെ” എന്നാണ്‌ ആ നാമത്തെ വിവർത്തനം ചെയ്‌തിരിക്കുന്നത്‌. മററു ചിലത്‌ കേവലം കർത്താവ്‌ (“LORD”) എന്ന പദം ഉപയോഗിക്കുന്നു, എന്നാൽ ഈ പ്രത്യേക സന്ദർഭങ്ങളിൽ അവ സാധാരണയായി ഇവിടെ കാണിച്ചിരിക്കുന്നതുപോലെ വല്യക്ഷരത്തിലുളള L-ഉം തുടർന്നു വലിപ്പം കുറഞ്ഞ വല്യക്ഷരങ്ങളും ഉപയോഗിച്ച്‌ അത്‌ അച്ചടിക്കുന്നു, അങ്ങനെ അവർ തങ്ങളുടെ ഭാഷാന്തരത്തിൽ പ്രസ്‌താവിക്കുന്നതിനെക്കാളധികം മൂലഭാഷാപാഠത്തിലുണ്ടെന്ന്‌ സൂചിപ്പിക്കുന്നു.

10 ഒരു ഉദാഹരണത്തിന്‌, നിങ്ങളുടെ സ്വന്തം ഇംഗ്ലീഷ്‌ ബൈബിളിൽ സങ്കീർത്തനം 8:9 നോക്കുക. ‘കോമൺ ബൈബിൾ’ അനുസരിച്ച്‌ (കത്തോലിക്ക്‌ ദൈവശാസ്‌ത്രജ്ഞൻമാരുടെയും പ്രോട്ടസ്‌ററൻറ്‌ ദൈവശാസ്‌ത്രജ്ഞൻമാരുടെയും അംഗീകാരത്തോടെ 1973–ൽ പ്രസിദ്ധീകരിക്കപ്പെട്ടത്‌) അത്‌ ഇങ്ങനെ വായിക്കപ്പെടുന്നു: “ഞങ്ങളുടെ കർത്താവാം കർത്താവേ, [“O LORD, our Lord] നിന്റെ നാമം സർവ്വഭൂമിയിലും എത്ര മഹനീയമായിരിക്കുന്നു!” ഈ ഒരു വാക്യത്തിൽ Lord എന്ന പദം വരുന്ന രണ്ടു സന്ദർഭങ്ങളിലെയും വ്യത്യസ്‌ത റൈറപ്പ്‌ മാതൃകകൾ കാണുക. ആദ്യത്തേതിൽ വല്യക്ഷരത്തിലുളള L–നു പിറകേ വലിപ്പംകുറഞ്ഞ വല്യക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നു. എന്നാൽ അതേ പദം വരുന്ന രണ്ടാം പ്രാവശ്യം ആദ്യക്ഷരം വല്യക്ഷരത്തിലും ശേഷിച്ചവ ചെറിയക്ഷരത്തിലും അച്ചടിച്ചിരിക്കുന്നു. (കാത്തലിക്ക്‌ ‘ന്യൂ അമേരിക്കൻ ബൈബിളിൽ’ ഇത്‌ സങ്കീർത്തനം 8:10ൽ കാണപ്പെടുന്നു. b) എന്നിരുന്നാലും മററു ചില ഭാഷാന്തരങ്ങൾ യാതൊന്നും മറച്ചുവെക്കാൻ ശ്രമിക്കാതെ ഈ വാക്യം ഇങ്ങനെ വിവർത്തനം ചെയ്യുന്നു: “ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം സർവ്വഭൂമിയിലും എത്ര മഹനീയമാണ്‌!”

11. (എ) ദൈവനാമം അറിയുന്നതും ഉപയോഗിക്കുന്നതും യഥാർത്ഥത്തിൽ പ്രധാനമാണോ? (പ്രവൃത്തികൾ 15:14) (ബി) നാം യഹോവയെ സ്‌നേഹിക്കുന്നുവെങ്കിൽ നാം വ്യക്തിപരമായി ആ നാമം എങ്ങനെ ഉപയോഗിക്കണം? (യെശയ്യാ 43:10)

11 ദൈവത്തിന്‌ വ്യക്തിപരമായ ഒരു പേർ ഉപയോഗിക്കാതിരിക്കുന്നതിനാൽ തങ്ങൾ ബൈബിളിനെ കൂടുതലാളുകൾക്ക്‌ സ്വീകാര്യമാക്കുകയാണെന്ന്‌ ചില വിവർത്തകൻമാർ വിചാരിച്ചേക്കാം. എന്നാൽ മൂലഭാഷാപാഠത്തിൽ മറേറതൊരു നാമത്തേക്കാളും കൂടുതൽ പ്രാവശ്യം കാണപ്പെടുന്ന നാമത്തെ മറയ്‌ക്കാൻ ശ്രമിക്കുമ്പോൾ വിവർത്തകൻമാരെന്ന നിലയിൽ അവർ സത്യസന്ധരാകുകയാണോ? ആളുകൾ തന്റെ നാമമറിയണമെന്ന്‌ സത്യദൈവം ആഗ്രഹിക്കുന്നു. പുരാതന ഈജിപ്‌ററിലെ ഒരു ഭരണാധികാരിയെ ആ സമയംവരെയും ദൈവം നശിപ്പിക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അയാളെ അറിയിക്കാൻ തന്റെ ദാസനായ മോശയോടു പറഞ്ഞപ്പോൾ ദൈവം ഇതു വ്യക്തമാക്കി. അതെന്തുകൊണ്ടായിരുന്നു? “നിന്നെ എന്റെ ശക്തി കാണിക്കേണ്ടതിനും സർവ്വഭൂമിയിലും എന്റെ നാമം പ്രഖ്യാപിക്കപ്പെടാനിടയാക്കുന്നതിനും തന്നെ”യെന്നു ദൈവം പറഞ്ഞു. (പുറപ്പാട്‌ 9:16) ആദരവോടെ നാം ദൈവനാമം ഉപയോഗിക്കുന്നത്‌ നമ്മേസംബന്ധിച്ചു പ്രധാനമാണ്‌. നാം സത്യത്തെ സ്‌നേഹിക്കുന്നുവെങ്കിൽ ഏകസത്യദൈവമായ യഹോവയുടെ ആരാധകരെന്ന നിലയിൽ നമ്മേത്തന്നെ തിരിച്ചറിയിക്കാൻ നാം മടിക്കുകയില്ല.

12. ആരാധനയിൽ പ്രതിമകളുപയോഗിക്കുന്നതിനെ ദൈവം എങ്ങനെ വീക്ഷിക്കുന്നു? (സങ്കീർത്തനം 115:3–8; ആവർത്തനം 7:25)

12 എന്നിരുന്നാലും ദൈവം അംഗീകരിക്കാത്ത എന്തിനോടെങ്കിലും ദൈവനാമത്തെ ബന്ധിപ്പിക്കാതിരിക്കാൻ നാം ശ്രദ്ധയുളളവരായിരിക്കണം. ഓർമ്മിക്കുക, “ദൈവം ഒരു ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവോടും സത്യത്തോടും കൂടെ ആരാധിക്കേണ്ടതാണ്‌.” (യോഹന്നാൻ 4:24) “ദൈവം ഒരു ആത്മാവാകുന്നു” എന്ന വസ്‌തുതയെ നാം വിലമതിക്കുന്നുവെങ്കിൽ, നാം അവനെ “ആത്മാവോടെ,” അതായത്‌ ആത്മീയവിധങ്ങളിൽ ആരാധിക്കുന്നുവെങ്കിൽ, അവനെ പ്രതിനിധാനം ചെയ്യാൻ നാം ഭൗതികവസ്‌തുക്കൾ ഉപയോഗിക്കുകയില്ല. യോഹന്നാൻ 1:18 അനുസരിച്ച്‌ ‘യാതൊരു മനുഷ്യനും ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ല.’ അതുകൊണ്ട്‌ അവന്റെ ഏതെങ്കിലും ചിത്രമോ കൊത്തപ്പെട്ട ചിത്രീകരണമോ ഉണ്ടാക്കുക അസാധ്യമാണ്‌. കാണാനോ കേൾക്കാനോ സംസാരിക്കാനോ കഴിയാത്ത ഒരു പ്രതിമയ്‌ക്കു, അതിന്റെ മുമ്പിൽ ആരാധിക്കുന്നവരെ സഹായിക്കാൻ ഒരു വിരൽ പോലും ഉയർത്താൻ കഴിയാത്ത ഒരു പ്രതിമയ്‌ക്കു, ജീവനുളള ദൈവത്തെ ഒരിക്കലും ഉചിതമായി പ്രതിനിധാനം ചെയ്യാൻ കഴികയില്ല. തീർച്ചയായും ദൈവത്തെ പ്രതിനിധാനം ചെയ്യാനല്ല ചില പ്രതിമകൾ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌. എന്നാൽ ചോദ്യം ഇതാണ്‌, അവ മതാരാധനയ്‌ക്കുളള വസ്‌തുക്കളാണോ? ദൈവം പത്തുകല്‌പനകൾ കൊടുത്തപ്പോൾ അങ്ങനെയുളള ഉദ്ദേശ്യത്തിൽ പ്രതിമകൾ ഉണ്ടാക്കരുതെന്ന്‌ അവൻ പ്രത്യേകം പ്രസ്‌താവിച്ചു. അവൻ ഇങ്ങനെ കൽപ്പിച്ചു: “നീ നിനക്കുവേണ്ടി കൊത്തപ്പെട്ട ഒരു പ്രതിമയോ എന്തിന്റെയെങ്കിലും ഏതെങ്കിലും സാദൃശ്യമോ ഉണ്ടാക്കരുത്‌ . . . നീ അവയുടെ മുമ്പാകെ കുമ്പിടുകയോ അവയെ സേവിക്കുകയോ ചെയ്യരുത്‌.” (പുറപ്പാട്‌ 20:4, 5 കാത്തലിക്ക്‌ യരൂശലേം ബൈബിൾ) യഹോവ അംഗീകരിക്കാത്ത വസ്‌തുക്കൾ ഉപയോഗിക്കുന്നതിനു പകരം, സത്യത്തോടുളള സ്‌നേഹം ദൈവത്തെ അവൻ യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്ന പ്രകാരം അറിയാൻ നമ്മെ സഹായിക്കും.

13. (എ) യഹോവ ഏതുതരം ദൈവമാണ്‌? (ബി) അവന്റെ ഗുണങ്ങളിൽ ഏത്‌ നിങ്ങൾ വിശേഷാൽ ഇഷ്ടപ്പെടുന്നു?

13 നീതിയെ സ്‌നേഹിക്കുന്ന ഏവരുടെയും വിശ്വാസം നേടത്തക്ക തരത്തിലുളളതാണ്‌ അവന്റെ ഗുണങ്ങൾ. ഏതു മനുഷ്യന്റേതിലും മികച്ചുനിൽക്കുന്ന സർവ്വശക്തമായ ബലവും ജ്ഞാനവുംപോലെയുളള ഈ ഗുണങ്ങളിൽ ചിലത്‌ അവന്റെ ഭൗതിക സൃഷ്ടിക്രിയകളിൽ നിന്ന്‌ പ്രത്യക്ഷമാകുന്നു. സൂര്യാസ്‌തമയത്തിന്റെ മനോഹാരിതയും പക്ഷികളുടെ മധുരഗാനങ്ങളും പുഷ്‌പങ്ങളുടെ സൗരഭ്യവും നിങ്ങളാസ്വദിക്കുന്ന അനേകം സ്വാദുകളുമെല്ലാം മനുഷ്യവർഗ്ഗത്തോടുളള ദൈവത്തിന്റെ സ്‌നേഹത്തെ പ്രതിഫലിപ്പിക്കുന്നുവെന്നുളളതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? എന്നാൽ ബൈബിൾ ഇതിനതീതമായി പോകുകയും ദൈവത്തെക്കുറിച്ചു നമ്മോടു കൂടുതൽ പറയുകയും ചെയ്യുന്നു. ശരിയായതിനെ യഹോവ ഉയർത്തിപ്പിടിക്കുന്നുവെന്നും എന്നാൽ അവൻ സഹാനുഭൂതിയും പരിഗണനയുമുളളവൻ കൂടെയാണെന്നും അതു വെളിപ്പെടുത്തുന്നു. അത്‌ അവനെ ഈ വിധത്തിൽ വർണ്ണിക്കുന്നു: “യഹോവ, യഹോവ, കരുണയും കൃപയുമുളള ഒരു ദൈവം, കോപത്തിനു താമസവും സ്‌നേഹദയയിലും സത്യത്തിലും സമൃദ്ധിയുമുളളവൻ, ആയിരങ്ങൾക്കു സ്‌നേഹദയ കാണിക്കുന്നവനും തെററും ലംഘനവും പാപവും ക്ഷമിക്കുന്നവനും തന്നെ, എന്നാൽ യാതൊരു പ്രകാരത്തിലും അവൻ ശിക്ഷയിൽ നിന്ന്‌ ഒഴിവുനൽകുകയില്ല.” (പുറപ്പാട്‌ 34:6, 7) പുരാതന യിസ്രായേൽജനതയുമായുളള അനേകനൂററാണ്ടുകളിലെ ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ച്‌ ബൈബിൾ നമ്മോടു പറയുന്നു. ആ ഇടപെടലുകൾ ആ ഗുണങ്ങളെ ഭംഗ്യന്തരേണ പ്രകടമാക്കുന്നു. ആ എഴുതപ്പെട്ട രേഖ “ദൈവം പക്ഷപാതിത്വമുളളവനല്ല, പിന്നെയൊ, ഏതു ജനതയിലും അവനെ ഭയപ്പെടുകയും നീതിപ്രവർത്തിക്കുകയും ചെയ്യുന്നവൻ അവനു സ്വീകാര്യനാണ്‌” എന്നും തെളിയിക്കുന്നു. (പ്രവൃത്തികൾ 10:34, 35) എല്ലാത്തരമാളുകളും അവനോട്‌ ഒരു നല്ല ബന്ധം ആസ്വദിക്കാൻ അവൻ ആഗ്രഹിക്കുന്നു, അവൻ ദയാപുരസ്സരം ഇതു സാധ്യമാക്കുന്നതിനുളള കരുതൽ ചെയ്‌തിട്ടുണ്ട്‌.

14. ഒരു വ്യക്തി യഥാർത്ഥമായി യഹോവയെ ആശ്രയിക്കുമ്പോൾ അയാളുടെ ജീവിതം എങ്ങനെ ബാധിക്കപ്പെടുന്നു? (സദൃശവാക്യങ്ങൾ 3:5, 6)

14 ഒരു വ്യക്തി സത്യദൈവത്തിന്റെ ആദരണീയമായ അനേകം ഗുണങ്ങളോടുളള വിലമതിപ്പ്‌ വളർത്തുമ്പോൾ എന്തു സംഭവിക്കുന്നു? ദൈവത്തിന്റെ “നാമം” അയാൾക്ക്‌ അർത്ഥവത്തായി വളരുന്നു. അയാൾ യഹോവയിൽ ആശ്രയിക്കുകയും യഹോവയുടെ വിധത്തിൽ കാര്യങ്ങൾ ചെയ്യുകയും, തൽഫലമായി സംരക്ഷണം അനുഭവിക്കുകയും ചെയ്യുന്നു. സദൃശവാക്യങ്ങൾ 18:10 പറയുന്നതുപോലെയാണത്‌: “യഹോവയുടെ നാമം ഒരു ബലമുളള ഗോപുരമാകുന്നു. നീതിമാൻ അതിലേക്ക്‌ ഓടുകയും സംരക്ഷണം കൊടുക്കപ്പെടുകയും ചെയ്യുന്നു.”

15. (എ) നമ്മുടെ ഭാവി യഹോവയെ ആശ്രയിച്ചിരിക്കുന്നതെന്തുകൊണ്ട്‌? (ബി) ഏതു ഗൗരവമായ തീരുമാനം ഓരോ വ്യക്തിയെയും അഭിമുഖീകരിക്കുന്നു? (ആവർത്തനം 30:19, 20)

15 ആ സംരക്ഷണത്തിൽ ഒരുവന്റെ ഭാവിഅഭ്യുദയങ്ങളും ഉൾപ്പെടുന്നു. യഥാർത്ഥത്തിൽ, സകല മനുഷ്യവർഗ്ഗത്തിന്റെയും ഭാവി യഹോവയെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ഈ ഭൂമി അവന്റെ സൃഷ്ടിയാണ്‌, അതിൽ വസിക്കുന്നവരെല്ലാം ജീവൻ നിലനിർത്താനുളള അവന്റെ കരുതലുകളെ ആശ്രയിച്ചുനിൽക്കുന്നു. തന്റെ ജനത്തിന്‌ സുരക്ഷിതവും സന്തുഷ്ടവുമായ ജീവിതാവസ്ഥകൾ പ്രദാനം ചെയ്യാനുളള തന്റെ ഉദ്ദേശ്യത്തെക്കുറിച്ച്‌ അവൻ ബൈബിളിൽ പ്രസ്‌താവിച്ചിട്ടുണ്ട്‌. സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉളള യാതൊന്നിനും തന്റെ ഉദ്ദേശ്യങ്ങൾ നിറവേററുന്നതിൽനിന്ന്‌ സർവ്വശക്തനായ ദൈവത്തെ തടയാൻ സാധ്യമല്ല. എന്നിരുന്നാലും, ആ ഉദ്ദേശ്യം നമ്മിൽനിന്ന്‌ ഇച്ഛാസ്വാതന്ത്ര്യത്തെ കവർന്നുകളയുന്നില്ല. അത്‌ ഈ സംഗതി സംബന്ധിച്ച്‌ നമുക്ക്‌ യാതൊരു അഭിപ്രായപ്രകടനസ്വാതന്ത്ര്യവുമില്ലാതെ, നമ്മിലോരോരുത്തരുടെയും ഭാവി നിശ്ചയിക്കുന്നില്ല. എന്നാൽ അത്‌ നമ്മുടെ മുമ്പാകെ ഗൗരവമുളള ഒരു തീരുമാനം അവതരിപ്പിക്കുന്നു: യഹോവ നമുക്കുവേണ്ടി ചെയ്‌തിരിക്കുന്നതിനെക്കുറിച്ചും ഇനിയും ചെയ്യാനിരിക്കുന്നതിനെക്കുറിച്ചുമെല്ലാമുളള വിലമതിപ്പ്‌ നമ്മുടെ ജീവിതത്തെ അവന്റെ ഇഷ്ടത്തിനനുയോജ്യമാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുവോ? വിശ്വസിക്കുന്നതിലുളള ഒരുവന്റെ പരാജയം യഹോവ സത്യദൈവമാണെന്നുളള വസ്‌തുതയ്‌ക്കു മാററംവരുത്താൻ പോകുന്നില്ല, അത്‌ അവന്റെ ഉദ്ദേശ്യത്തിനും മാററംവരുത്തുകയില്ല. എന്നാൽ അതിന്‌ ഒരുവന്‌ ആ സ്‌നേഹപൂർവ്വകമായ ഉദ്ദേശ്യത്തിൽ നിന്ന്‌ പ്രയോജനം കിട്ടുമോയെന്നു നിർണ്ണയിക്കാൻ കഴിയും. യഥാർത്ഥത്തിൽ അത്‌ ജീവന്റെയോ മരണത്തിന്റെയോ തെരഞ്ഞെടുപ്പാണ്‌.

അരക്ഷിതത്വം മാനുഷജീവിതത്തെ വികലമാക്കുന്നതെന്തുകൊണ്ട്‌

16. ഇന്നു ജീവിതത്തെ അരക്ഷിതമാക്കുന്ന ചില കാര്യങ്ങളേവ?

16 യഹോവയുടെ ഉദ്ദേശ്യം യഥാർത്ഥസുരക്ഷിതത്വത്തിൽ കലാശിക്കുന്നതെങ്ങനെയെന്നു വിലമതിക്കാൻ, ഇന്നു ജീവതത്തെ അരക്ഷിതമാക്കുന്ന സംഗതികളിൽ ചിലത്‌ നാം ആദ്യം അനുസ്‌മരിക്കുന്നത്‌ നമുക്കു പ്രയോജനകരമാണ്‌. ഇവയിൽ സ്‌നേഹത്തിന്റെ അഭാവം, നിയമത്തോടുളള അനാദരവ്‌, മററുളളവരുടെ വസ്‌തുക്കളെ ആദരിക്കുന്നതിലുളള പരാജയം, ഒരുവന്റെ ലക്ഷ്യങ്ങൾ നേടാൻ വ്യാജങ്ങളെയും അക്രമത്തേയും ആശ്രയിക്കൽ എന്നിവ ഉൾപ്പെടുന്നു. അതിനുപുറമേ, നമുക്ക്‌ രോഗത്തെയും പെട്ടെന്നോ താമസിച്ചോ ആളുകൾ മരിക്കുന്നുവെന്ന തിരിച്ചറിവിനെയും അവഗണിക്കാൻ സാദ്ധ്യമല്ല. വ്യക്തിപരമായ അനുഭവത്തിൽ നിന്നും നിരീക്ഷണത്തിൽ നിന്നും ഈ കാര്യങ്ങൾ മനുഷ്യജീവിതത്തെ ബാധിക്കുന്നതെങ്ങനെയെന്ന്‌ നമുക്കറിയാം. എന്നാൽ അതെല്ലാം എങ്ങനെ സംഭവിച്ചു? ഉത്തരം ബൈബിളിൽ കാണപ്പെടുന്നു.

17. ആദിയിൽ, ആദാമും ഹവ്വായും ആസ്വദിച്ചിരുന്ന സുരക്ഷിതത്വത്തിന്‌ സംഭാവന ചെയ്‌തിരുന്നതെന്ത്‌? (ഉല്‌പത്തി 1:31; 2:8, 15)

17 നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിനെയും ഹവ്വായേയും യഹോവ സൃഷ്‌ടിച്ചപ്പോൾ അവന്റെ പ്രവൃത്തി വളരെ നല്ലതായിരുന്നുവെന്ന്‌ ബൈബിളിന്റെ ആദ്യപുസ്‌തകം നമ്മെ അറിയിക്കുന്നു. അവരുടെ ഘടനയിൽ രോഗത്തിൽ കലാശിക്കുന്ന വൈകല്യമില്ലായിരുന്നു; അവരുടെ മുമ്പാകെ എന്നേക്കും ജീവിക്കുന്നതിനുളള പ്രത്യാശ ഉണ്ടായിരുന്നു. സ്‌നേഹപുരസ്സരം, ദൈവം അവരുടെ ഭവനമെന്ന നിലയിൽ ഏദെനിൽ ഒരു പൂങ്കാവനം, ഒരു പരദീസാ, അവർക്കുവേണ്ടി നൽകി. അവരുടെ ഉദ്യാനഭവനത്തിൽ അവരെ പോററുന്നതിന്‌ ധാരാളം വിത്തുളള സസ്യങ്ങളും ഫലവൃക്ഷങ്ങളും അവൻ ഔദാര്യപൂർവ്വം ഉൾപ്പെടുത്തി. മൽസ്യത്തിൻമേലും പക്ഷികളുടെമേലും സകല മൃഗങ്ങളുടെമേലും ആധിപത്യം നടത്താനും മുഴു ഗോളവും അവൻ അവരെ ആക്കിവെച്ചിരുന്ന പരദീസാപോലെയായിത്തീരുന്നതുവരെ ഭൂമിയിൽ കൃഷിചെയ്യാനും തങ്ങളുടെ സന്താനങ്ങളെ അതിൽ അധിവസിപ്പിക്കാനും അവരോടു നിർദ്ദേശിച്ചതിനാൽ അവൻ അവരുടെ ജീവിതത്തെ ഉദ്ദേശപൂർണ്ണമാക്കി. അങ്ങനെയുളള സാഹചര്യങ്ങളിൽ സുരക്ഷിതത്വബോധം സ്വാഭാവികം മാത്രമായിരുന്നു. എന്നാൽ അവർ ആ സുരക്ഷിതത്വം തുടർന്നനുഭവിക്കുന്നതിന്‌ അവരിൽനിന്ന്‌ ചിലത്‌ ആവശ്യപ്പെട്ടിരുന്നു.

18. (എ) ആദാമും ഹവ്വായും തുടർന്നു സുരക്ഷിതരായിരിക്കുന്നതിന്‌ അവരിൽനിന്ന്‌ എന്താവശ്യപ്പെട്ടിരുന്നു? (ബി) യഹോവ അവരുടെ അനുസരണത്തെ പരീക്ഷിച്ചതെങ്ങനെ, ഇത്‌ ഒരു പ്രധാന സംഗതിയായിരുന്നതെന്തുകൊണ്ട്‌? (ലൂക്കോസ്‌ 16:10)

18 അവർ ദൈവത്തോടുളള ബന്ധത്തിൽ തങ്ങളുടെ സ്ഥാനത്തെ തിരിച്ചറിയേണ്ട ആവശ്യമുണ്ടായിരുന്നു. ഭൂമിയും അതിലുളള സകലവും അവരുടെ സ്രഷ്ടാവിനുളളവയായിരുന്നു. തന്നിമിത്തം, അവ എങ്ങനെ ഉപയോഗിക്കണമെന്ന്‌ നിശ്ചയിക്കാനുളള അവകാശം അവനുണ്ടായിരുന്നു. ജീവിതംതന്നെ ‘സോപാധികമായ’ ഒരു ദാനമായിരുന്നു; അതായത്‌ ആദാമും ഹവ്വായും തങ്ങളുടെ സ്വർഗ്ഗീയപിതാവിനോടുളള സ്‌നേഹപൂർവ്വകമായ അനുസരണത്തിന്റെ വ്യവസ്ഥ പാലിക്കുന്നതിൽ തുടരണമെന്നുളള വ്യവസ്ഥയിൽ അവർക്ക്‌ അത്‌ തുടർന്നു ആസ്വദിക്കാൻ കഴിയുമായിരുന്നു. ഈ വ്യവസ്ഥയുടെ ഗൗരവത്തെ ദൃഢീകരിക്കുന്നതിന്‌ യഹോവ മനുഷ്യന്റെമേൽ ഈ കല്‌പനവെച്ചു: “തോട്ടത്തിലെ ഓരോ വൃക്ഷത്തിൽനിന്നും നിനക്ക്‌ തൃപ്‌തിയാകുവോളം തിന്നാം. എന്നാൽ നൻമയുടെയും തിൻമയുടെയും അറിവിന്റെ വൃക്ഷത്തെ സംബന്ധിച്ചടത്തോളം നീ അതിൽ നിന്ന്‌ തിന്നരുത്‌, എന്തുകൊണ്ടെന്നാൽ നീ അതിൽ നിന്ന്‌ തിന്നുന്ന ദിവസത്തിൽ നീ തീർച്ചയായും മരിക്കും.” (ഉല്‌പത്തി 2:16, 17) അനുസരണം ഭരണാധികാരിയെന്ന നിലയിൽ ദൈവത്തെ മനുഷ്യൻ സ്വീകരിക്കുന്നുവെന്നു പ്രകടമാക്കുമായിരുന്നു; അനുസരണക്കേട്‌ ദൈവത്തിന്റെ പൂർണ്ണതയുളള ഇഷ്ടത്തിന്റെ നിരസനത്തെ അർത്ഥമാക്കുമായിരുന്നു. ഈ നിയമത്തിൽ യാതൊരു പ്രയാസവും ഉൾപ്പെട്ടിരുന്നില്ല, അത്‌ മനുഷ്യന്‌ ആവശ്യമായിരുന്ന യാതൊന്നും അവനിൽ നിന്ന്‌ കവർന്നു കളയുകയില്ലായിരുന്നു, എന്നാൽ അത്‌ അവൻ ജീവിച്ച സാഹചര്യങ്ങൾക്കനുയോജ്യമായി ലളിതമെങ്കിലും ഫലകരമായ ഒരു പരീക്ഷ അവതരിപ്പിച്ചു. അത്‌ ആദാമിനും അവന്റെ ഭാര്യയായ ഹവ്വായ്‌ക്കും തങ്ങളുടെ സ്വർഗ്ഗീയപിതാവിനോടുളള സ്‌നേഹം പ്രകടമാക്കാനുളള അവസരം പ്രദാനം ചെയ്‌തു.

19. (എ) ആദാമിന്റെയും ഹവ്വായുടെയും പാപത്തോടുളള ബന്ധത്തിലും അതിനുശേഷവും അരക്ഷിതത്വത്തിനിടയാക്കുന്ന ഏതു കാര്യങ്ങൾ ആദ്യം പ്രകടമായിരുന്നു? (ബി) റോമർ 5:12–ൽ വിശദീകരിച്ചിരിക്കുന്നപ്രകാരം ആദാമിന്റെ സന്താനങ്ങളെല്ലാം ബാധിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?

19 ഉല്‌പത്തി മൂന്നാമദ്ധ്യായത്തിലെ ബൈബിൾരേഖ അവർ പരാജയപ്പെട്ടെന്നു പ്രകടമാക്കുന്നു. അവർ ദൈവം വിലക്കിയിരുന്ന വൃക്ഷത്തിൽനിന്ന്‌ മന:പൂർവ്വം ഭക്ഷിച്ചു. മാനുഷജോടി നേരത്തെ അനുഭവിച്ചിരുന്ന സുരക്ഷിതത്വം തകർക്കപ്പെട്ടു. ഇന്ന്‌ അരക്ഷിതത്വത്തിനിടയാക്കുന്ന കാര്യങ്ങൾ ആദ്യമായി അന്നാണ്‌ ഉളവായത്‌. ദൈവത്തോടുളള സ്‌നേഹത്തിന്റെ അഭാവവും അവന്റെ നിയമത്തോടുളള അനാദരവും, അവന്റെ വസ്‌തുവിനെ ആദരിക്കുന്നതിലുളള പരാജയവും ഉണ്ടായിരുന്നു. ദൈവാംഗീകാരം നഷ്ടപ്പെട്ട്‌ ആദാമും ഹവ്വായും ഏദനിൽ നിന്ന്‌ പുറന്തളളപ്പെട്ടു. പരദീസക്കു പുറത്ത്‌ അവരുടെ സ്വന്തം പുത്രനായ കയീൻ ഉൾപ്പെടെ അനേകർ അക്രമത്തെ ആശ്രയിച്ചപ്പോൾ അവർ കൂടുതലായി അധ:പതിച്ചു. ദൈവനിയമത്തെ മന:പൂർവ്വം അവഗണിക്കാഞ്ഞവർക്കുപോലും പാപാവകാശത്തിന്റെ ഫലങ്ങൾ അവരുടെ സ്വന്തം ശരീരങ്ങളിൽ അനുഭവപ്പെട്ടു. റോമർ 5:12 വിശദീകരിക്കുന്നതുപോലെ: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ പ്രവേശിച്ചു, ഇങ്ങനെ സകല മനുഷ്യരും പാപം ചെയ്‌തിരുന്നതുകൊണ്ട്‌ മരണം സകല മനുഷ്യരിലേക്കും പരന്നു.”

20. (എ) ഏദനിലെ മൽസരം ആരിൽ തുടങ്ങി? (വെളിപ്പാട്‌ 12:9) (ബി) അവൻ പിശാചായ സാത്താനായിത്തീർന്നതെങ്ങനെ? (യാക്കോബ്‌ 1:14, 15)

20 എന്നിരുന്നാലും, മൽസരത്തിലേക്കുളള ആദ്യനീക്കം ആദാമോ അവന്റെ ഭാര്യയോ അല്ല തുടങ്ങിയതെന്ന്‌ കുറിക്കൊളേളണ്ടതാണ്‌. ഒരു “സർപ്പം” ഹവ്വായോടു സംസാരിക്കുന്നതായും ദൈവനിയമം ലംഘിക്കാൻ വഞ്ചന പ്രയോഗിച്ച്‌ അവളെ വശീകരിക്കുന്നതായും ബൈബിൾ പറയുന്നു. തീർച്ചയായും, ഒരു അക്ഷരീയസർപ്പത്തിന്‌ സംസാരിക്കാൻ കഴിയുകയില്ല; ആ സർപ്പത്തിന്റെ പിമ്പിലെ ശക്തി ഒരു അദൃശ്യ ആത്‌മമൂർത്തിയായിരുന്നുവെന്ന്‌ ബൈബിൾ പിന്നീട്‌ തിരിച്ചറിയിക്കുന്നു. ഈ ആത്മവ്യക്തി ദുഷ്ടനായിത്തീരാൻ സൃഷ്‌ടിക്കപ്പെട്ടതായിരുന്നില്ല. എന്നാൽ മനുഷ്യരെ സംബന്ധിച്ച്‌ സത്യമായിരുന്നതുപോലെ, ഈ ആത്മദൈവപുത്രന്‌ ഇച്‌ഛാസ്വാതന്ത്ര്യം ഉണ്ടായിരുന്നു, അതായത്‌ തന്റെ കഴിവുകൾ എങ്ങനെ ഉപയോഗിക്കണമെന്ന്‌ തീരുമാനിക്കുന്നതിനുളള പ്രാപ്‌തി ഉണ്ടായിരുന്നു. തെററായ ആഗ്രഹങ്ങൾ പുലർത്തിയതിനാൽ അവൻ അഹങ്കാരം വളർത്തി; മററു സൃഷ്ടികൾ തന്നെ ഒരു ദൈവമായി ആരാധിക്കണമെന്ന്‌ അവൻ ആഗ്രഹിച്ചു. തന്റെ ലക്ഷ്യം നേടാൻ അവൻ പിന്തുടർന്ന ഗതിയാൽ അവൻ അവനെത്തന്നെ ദൈവത്തിന്റെ ഒരു എതിരാളിയും അഥവാ ഒരു “സാത്താനും” ഒരു ദൂഷകനും അഥവാ ഒരു “പിശാചും” ആക്കിത്തീർത്തു.

21. (എ) ഹവ്വായോടു സംസാരിച്ചപ്പോൾ, സാത്താൻ എന്ത്‌ അവകാശവാദങ്ങൾ നടത്തി? (ബി) സാത്താൻ പറഞ്ഞതനുസരിച്ചു പ്രവർത്തിച്ചതിനാൽ അവൾ അവളുടെ സാഹചര്യത്തെ മെച്ചപ്പെടുത്താഞ്ഞതെന്തുകൊണ്‌?

21 അവൻ ഹവ്വായെ സമീപിച്ച്‌ ആദ്യം ചോദ്യങ്ങൾ ചോദിക്കുകയും അനന്തരം ദൈവം പറഞ്ഞിരുന്നതിനു കടകവിരുദ്ധമായി ഹവ്വായോട്‌ ഇങ്ങനെ പറയുകയും ചെയ്‌തു: “നിങ്ങൾ തീർച്ചയായും മരിക്കയില്ല [വിലക്കപ്പെട്ട വൃക്ഷത്തിൽ നിന്നു തിന്നാൽ]. എന്തുകൊണ്ടെന്നാൽ നിങ്ങൾ അതിൽ നിന്നു തിന്നുന്ന ദിവസം തന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടേണ്ടതാണെന്നും നിങ്ങൾ നൻമയും തിൻമയും അറിയുന്നവരായി ദൈവത്തെപ്പോലെ ആയിത്തീരേണ്ടതാണെന്നും ദൈവം അറിയുന്നു.” (ഉല്‌പത്തി 3:1–5) ഇത്‌ തനിക്ക്‌ ഉണ്ടായിരുന്നതിനെക്കാൾ മെച്ചമായ എന്തോ ആണെന്നു സ്‌ത്രീക്കു തോന്നി. എന്നാൽ അതു വിശ്വസിച്ചതിനാൽ അവൾ യഥാർത്ഥത്തിൽ കൂടിയ സുരക്ഷിതത്വം നേടിയോ? അവളുടെ ഭർത്താവ്‌ ലംഘനത്തിൽ അവളോടു കൂടെ ചേർന്നതിനാൽ അവന്റെ ഭാഗധേയത്തെ മെച്ചപ്പെടുത്തിയോ? ഇല്ല; അതെല്ലാം ഭോഷ്‌ക്കായിരുന്നു. അവർ മരിച്ചപ്പോൾ അതു പൂർണ്ണമായി തെളിഞ്ഞു; ഇന്നോളം മനുഷ്യർ തുടർന്നു മരിക്കുന്നു.

22. (എ) ഏദെനിൽ ഏതു മർമ്മപ്രധാനമായ വിവാദപ്രശ്‌നങ്ങൾ ഉന്നയിക്കപ്പെട്ടു, ഇവ സകല സൃഷ്ടിയുടെയും സുരക്ഷിതത്വത്തെ ബാധിക്കുന്നതെങ്ങനെ? (ബി) ഇയ്യോബിന്റെ നാളിൽ കൂടുതലായ ഏത്‌ ആരോപണം ഉന്നയിക്കപ്പെട്ടു, അത്‌ എന്തു സൂചിപ്പിച്ചു? (ഇയ്യോബ്‌ 1:7–12; 2:1–5)

22 ഏദനിൽ മർമ്മപ്രധാനമായ വിവാദപ്രശ്‌നങ്ങൾ ഉന്നയിക്കപ്പെട്ടു, അവ സർവ്വസൃഷ്ടിയുടെയും സുരക്ഷിതത്വത്തെ ബാധിക്കുന്നു. ദൈവത്തിന്റെ സത്യത വെല്ലുവിളിക്കപ്പെട്ടു. ഇത്‌ അവന്റെ ആധിപത്യത്തിന്റെ ഔചിത്യത്തേയും നീതിയെയും സംബന്ധിച്ച്‌ സംശയമുന്നയിച്ചു. നൻമയും തിൻമയും സംബന്ധിച്ച്‌ മനുഷ്യൻ സ്വന്തം തീരുമാനങ്ങൾ ചെയ്യുന്നത്‌, സ്വന്തം പ്രമാണങ്ങൾ ഏർപ്പെടുത്തുന്നത്‌, തന്റെ സ്വന്തം ഭരണാധികാരിയായി പ്രവർത്തിക്കുന്നത്‌, മെച്ചമായിരിക്കുമെന്ന്‌ നിർദ്ദേശിക്കപ്പെട്ടു. സാത്താന്റെ മൽസരവും ദൈവത്തോടു വിശ്വസ്‌തരെന്നു തെളിയിക്കുന്നതിൽ ആദ്യമാനുഷജോടിയുടെ പരാജയവും ബുദ്ധിശക്തിയുളള ദൈവത്തിന്റെ മററു സൃഷ്ടികൾ എന്തു ചെയ്യുമെന്നുളള ചോദ്യം ഉന്നയിച്ചു. ആരെങ്കിലും ദൈവത്തോടു വിശ്വസ്‌തരായി നിലകൊളളുമോ? പിൽക്കാലത്ത്‌, ഇയ്യോബ്‌ എന്ന മമനുഷ്യന്റെ നാളിൽ, സ്‌നേഹത്തിൽ നിന്നല്ല, സ്വാർത്ഥതാൽപ്പര്യങ്ങൾ നിമിത്തം മാത്രമാണ്‌ ദൈവത്തെ സേവിക്കുന്നവർ അങ്ങനെ ചെയ്യുന്നതെന്ന്‌ സാത്താൻ കുററമാരോപിച്ചു. “ഇയ്യോബ്‌ ദൈവത്തെ ഭയപ്പെട്ടിരിക്കുന്നത്‌ വെറുതെയാണോ?”യെന്നു സാത്താൻ വാദിച്ചു. (ഇയ്യോബ്‌ 1:9) പരീക്ഷിക്കാൻ ദൈവത്തിന്റെ എതിരാളിയെ അനുവദിച്ചാൽ യാതൊരുത്തരും യഹോവയുടെ ആധിപത്യത്തോടു നിർമ്മലത പാലിക്കുകയില്ലെന്ന്‌ അവൻ വ്യഞ്‌ജിപ്പിച്ചു. ഈ വിവാദപ്രശ്‌നങ്ങൾക്ക്‌ തീരുമാനമുണ്ടാക്കുന്നതു വരെ മനുഷ്യവർഗ്ഗം വീണ്ടും സമ്പൂർണ്ണ സുരക്ഷിതത്വം ആസ്വദിക്കുകയില്ല. എന്നിരുന്നാലും, നീതിസ്‌നേഹികൾക്കെല്ലാം പൂർണ്ണതൃപ്‌തി ലഭിക്കുമാറ്‌ ആ വിവാദപ്രശ്‌നങ്ങൾക്ക്‌ തീരുമാനമുണ്ടാക്കാൻ കഴിയുമെന്ന്‌ യഹോവ അറിഞ്ഞു. ആ കാഴ്‌ചപ്പാടോടെ അവൻ കരുതലുകൾ ചെയ്‌തു.

ഒരു സുരക്ഷിതഭാവി സാധ്യമാക്കുന്ന കരുതലുകൾ

23. (എ) നമ്മുടെ ആദ്യമാതാപിതാക്കൻമാരുടെമേൽ ന്യായവിധി ഉച്ചരിച്ചപ്പോൾ യഹോവ നമുക്ക്‌ എന്തു സാധ്യമാക്കി? (2 പത്രോസ്‌ 3:9) (ബി) മനുഷവർഗ്ഗത്തിന്റെ ഭാവിക്കുവേണ്ടിയുളള യഹോവയുടെ കരുതൽ ആരെ ചുഴലം ചെയ്യുന്നു?

23 ദൈവത്തിനെതിരായ മൽസരം നിമിത്തം നമ്മുടെ ആദ്യമാതാപിതാക്കൻമാരുടെമേൽ ന്യായവിധി ഉച്ചരിച്ചപ്പോൾ അവരുടെ ജനിച്ചിട്ടില്ലാഞ്ഞ സന്താനങ്ങളെ യഹോവ മറന്നുകളഞ്ഞില്ല. നാം ദിവ്യഭരണാധിപത്യത്തിൻ കീഴിൽ ജീവിക്കാനാഗ്രഹിക്കുന്നുവോയെന്നു തീരുമാനിക്കാൻ നമ്മിലോരോരുത്തർക്കും സാധ്യമാക്കുന്ന ആ ഉദ്ദേശ്യം അവൻ സ്‌നേഹപൂർവ്വം രൂപവൽക്കരിച്ചു. ആ ഉദ്ദേശ്യം ദൈവപുത്രനായ യേശുക്രിസ്‌തുവിനെ ചുഴലം ചെയ്യുന്നു.

24. (എ) യേശു ഒരു മനുഷ്യനായിത്തീർന്നതിന്‌ മുൻപ്‌ അവന്‌ ഏതുതരം ജീവനാണ്‌ ഉണ്ടായിരുന്നത്‌? (ബി) നാം അവനെക്കുറിച്ച്‌ ദൈവമെന്നോ ദൈവത്തോടു സമനായ ഒരുവനെന്നോ പറയരുതാത്തതെന്തുകൊണ്ട്‌? (യോഹന്നാൻ 17:3)

24 ഈ പുത്രനായിരുന്നു സ്വർഗ്ഗീയമണ്ഡലത്തിലെ യഹോവയുടെ ആദ്യസൃഷ്ടി. “സ്വർഗ്ഗത്തിലും ഭൂമിയിലുമുളള മറെറല്ലാം അവൻ മുഖേന സൃഷ്ടിക്കപ്പെട്ടു”വെന്ന്‌ ബൈബിൾ നമ്മെ അറിയിക്കുന്നു. (കൊലോസ്യർ 1:15–17) എന്നാൽ ദൈവത്തിന്റെ നിയമിത സമയത്ത്‌ അവന്റെ പുത്രൻ അവന്റെ സ്വർഗ്ഗീയമഹത്വം പിൻപിൽ വിട്ടുകളയുകയും ഒരു മനുഷ്യനെന്ന നിലയിൽ ഭൂമിയിൽ അത്ഭുതകരമായി ജനിക്കുകയും ചെയ്‌തു. ആ ജനനത്തെക്കുറിച്ച്‌ പറയാൻ മുന്നമേ അയയ്‌ക്കപ്പെട്ട ഗബ്രിയേൽ ദൂതൻ ജനിക്കാനിരിക്കുന്ന ശിശു ദൈവമായിരിക്കുമെന്നു പറഞ്ഞില്ല. പകരം, “ദൈവപുത്ര”ന്റെ ജനനമായി അവൻ അതു പ്രഖ്യാപിച്ചു. (ലൂക്കോസ്‌ 1:35) താൻ ദൈവമാണെന്ന്‌ യേശുതന്നെ അവകാശപ്പെട്ടില്ല. തനിക്കുതന്നെ ആരാധന കിട്ടാൻ ശ്രമിച്ച സാത്താനെപ്പോലെ അവൻ പ്രവർത്തിച്ചില്ല. “പിതാവ്‌ എന്നെക്കാൾ വലിയവനാകുന്നു” എന്ന്‌ അവൻ സത്യസന്ധമായി പറയുകയുണ്ടായി. (യോഹന്നാൻ 14:28) തന്നിമിത്തം സത്യത്തിന്റെ ദൈവവുമായി ഒരു ശരിയായ ബന്ധം ആസ്വദിക്കുന്നതിന്‌ അവന്റെ പുത്രനെ സംബന്ധിച്ച്‌ ദൈവമെന്നോ ദൈവത്തോടു സമൻ എന്നോ പറഞ്ഞുകൊണ്ട്‌ നാം ഒരു വ്യത്യസ്‌തപദവി അവന്‌ ആരോപിക്കരുത്‌.

25. ഭൂമിയിൽ ഒരു മനുഷ്യനെന്ന നിലയിൽ വലിയ സമ്മർദ്ദത്തിൻകീഴിൽ യേശു നിർമ്മലത പാലിച്ചതിനാൽ എന്തു സാധിച്ചു?

25 യേശു ഇവിടെ ഭൂമിയിൽ അവന്‌ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാഞ്ഞ അനുഭവങ്ങൾക്കു വിധേയനായി. സ്വർഗ്ഗത്തിൽ വച്ച്‌ അവന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ അവൻ കുററമററവനായിരുന്നു. എന്നാൽ, ഒരു മനുഷ്യനെന്ന നിലയിൽ ഭൂമിയിൽ, വിശേഷിച്ച്‌ വേദനയ്‌ക്കും അനർഹമായ അവമാനത്തിനും വിധേയമാക്കപ്പെട്ടാൽ, അവൻ വിശ്വസ്‌തനെന്നു തുടർന്നു തെളിയിക്കുമോ? പരിശോധനയ്‌ക്കു വിധേയമാക്കപ്പെടുമ്പോൾ ആരുംതന്നെ, ഈ പ്രമുഖ ദൈവപുത്രൻപോലും, വിശ്വസ്‌തനായിരിക്കുകയില്ലെന്നു തെളിയിക്കാൻ സാത്താൻ ദൃഢനിശ്ചയം ചെയ്‌തിരിക്കുകയായിരുന്നു. എന്നാൽ യേശു തന്റെ വഴികാട്ടിയെന്ന നിലയിൽ ദൈവവചനത്തെ ആശ്രയിച്ചുകൊണ്ടും പരീക്ഷയെ പിന്തിരിപ്പിക്കുന്നതിന്‌ അതിൽനിന്ന്‌ ഉദ്ധരിച്ചുകൊണ്ടും അതിനോടു വിശ്വസ്‌തതയോടെ പററിനിന്നു. “സാത്താനെ, ദൂരെ പോ! എന്തുകൊണ്ടെന്നാൽ ‘നിന്റെ ദൈവമായ യഹോവയെയാണ്‌ നീ ആരാധിക്കേണ്ടത്‌, അവനു മാത്രമാണ്‌ നീ വിശുദ്ധസേവനം അർപ്പിക്കേണ്ടത്‌‘”എന്ന്‌ പറഞ്ഞുകൊണ്ട്‌, അവൻ ദൃഢതയോടെ തെററുചെയ്യുന്നതിനുളള സമ്മർദ്ദത്തെ തളളിക്കളഞ്ഞു. (മത്തായി 4:10) യേശു മരണം വരെ ഭരണാധികാരിയെന്ന നിലയിൽ യഹോവയോടുളള തന്റെ വിശ്വസ്‌തത പാലിച്ചു, ഇത്‌ ആദാം അഭിമുഖീകരിച്ചിരുന്ന ഏതിനെക്കാളും വളരെയേറെ കഠിനമായ പരിശോധനകളിൻകീഴിലുമായിരുന്നു. ഈ വിധത്തിൽ യേശു സാത്താൻ ഉന്നയിച്ചിരുന്ന വ്യാജാരോപണങ്ങളിൽ നിന്ന്‌ തന്റെ പിതാവിന്റെ നാമത്തെ വിമുക്തമാക്കി. പരീക്ഷകളെ തരണം ചെയ്യേണ്ടതെങ്ങനെയെന്നും നാമും യഹോവയുടെ ഭരണാധിപത്യത്തിന്റെ വിശ്വസ്‌ത പിന്തുണക്കാരാണെന്നു പ്രകടമാക്കേണ്ടതെങ്ങനെയെന്നും യേശു തന്റെ ദൃഷ്ടാന്തത്താൽ നമുക്കു കാണിച്ചുതന്നു.

26. ഒരു പൂർണ്ണമനുഷ്യനെന്ന നിലയിലുളള യേശുവിന്റെ മരണത്തിൽനിന്ന്‌ മറെറന്തുഫലം കൂടെയുണ്ടായി, അത്‌ നമുക്ക്‌ എന്തു സാധ്യമാക്കുന്നു? (1 തിമൊഥെയോസ്‌ 2:3–6)

26 എന്നിരുന്നാലും ദൈവപുത്രൻ നമുക്കുവേണ്ടി ഒരു നല്ല ദൃഷ്ടാന്തത്തിലുമധികം പ്രദാനം ചെയ്‌തു. “അനേകർക്കുവേണ്ടി തന്റെ ദേഹിയെ ഒരു മറുവിലയായി കൊടുപ്പാ”നാണ്‌ താൻ വന്നതെന്നു യേശു തന്നെ വിശദീകരിച്ചു. (മർക്കോസ്‌ 10:45) മനുഷ്യവർഗ്ഗം പാപത്തിൽ നിന്നും പാപത്തിന്റെ ഫലമായുളള രോഗത്തിൽ നിന്നും മരണത്തിൽ നിന്നും എന്നെങ്കിലും വിമോചിതമാകണമെങ്കിൽ ഇത്‌ ആവശ്യമായിരുന്നു. ദൈവത്തിന്റെ നിയമമനുസരിച്ച്‌ ആദാം നഷ്ടപ്പെടുത്തിയ പൂർണ്ണമാനുഷജീവനോട്‌ ചേർച്ചയായിരിക്കുന്നതിന്‌ മറുവില ഒരു പൂർണ്ണമാനുഷജീവനായിരിക്കണം. ആദാമിന്റെ യാതൊരു അപൂർണ്ണസന്തതിക്കും അത്‌ പ്രദാനം ചെയ്യാൻ കഴിയുമായിരുന്നില്ല. യഹോവതന്നെ സ്‌നേഹപൂർവ്വം കരുതൽചെയ്‌തു. അവൻ തന്റെ സ്വന്തം പുത്രനെ ഭൂമിയിലേക്കയച്ചു. പിന്നീട്‌, യേശുവിന്റെ മരണത്തിനുശേഷം ദൈവം അവനെ വീണ്ടും ജീവനിലേക്ക്‌ ഉയിർപ്പിച്ചു, ഇപ്പോൾ ഒരു ആത്മ മൂർത്തിയായിത്തന്നെ. അവന്റെ മാനുഷജീവന്റെ മൂല്യത്തെ മനുഷ്യവർഗ്ഗത്തിനുവേണ്ടിയുളള ഒരു യാഗമായി ദൈവം സ്വീകരിച്ചു. ഇത്‌ ആദാം നഷ്ടപ്പെടുത്തിയത്‌ വീണ്ടെടുക്കാൻ നമുക്ക്‌ ഒരു അവസരം തുറന്നു തന്നു. ബൈബിൾ വിശദീകരിക്കുന്ന പ്രകാരം: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വാസം പ്രകടിപ്പിക്കുന്ന ഏവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രയധികം സ്‌നേഹിച്ചു.” (യോഹന്നാൻ 3:16) ദൈവപുത്രൻ പഠിപ്പിച്ചതു പഠിച്ചുകൊണ്ടും അതിനോട്‌ പൂർണ്ണമായ യോജിപ്പിൽ ജീവിച്ചുകൊണ്ടും നാം അവനിൽ വിശ്വാസമർപ്പിക്കുന്നുവെങ്കിൽ അത്‌ എന്തോരത്ഭുതകരമായ അഭ്യുദയപ്രതീക്ഷകളാണ്‌ നമുക്ക്‌ സാധ്യമാക്കുന്നത്‌!

27. (എ) യേശു രാഷ്‌ട്രീയകാര്യങ്ങളിൽ ഉൾപ്പെടാഞ്ഞതെന്തുകൊണ്ട്‌? (യോഹന്നാൻ 18:36) (ബി) ഗവൺമെൻറുകളെ സംബന്ധിച്ചു എന്തു മനോഭാവമുണ്ടായിരിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു? (മത്തായി 22:17–21)

27 അങ്ങനെയുളള വിശ്വാസത്തിൽ യഹോവ ഭരണത്തിൽ തന്റെ പുത്രനു കൊടുത്തിരിക്കുന്ന പങ്കിനെക്കുറിച്ചുളള വിലമതിപ്പ്‌ ഉൾപ്പെടുന്നു. യേശു തന്റെ നാളിലെ രാഷ്‌ട്രീയകാര്യങ്ങളിൽ ഉൾപ്പെട്ടില്ല; യാതൊരു മാനുഷ ഗവൺമെൻറും യഹോവയുടെ ഭരണാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നില്ലെന്ന്‌ അവനറിയാമായിരുന്നു. അത്തരം ഭരണാധികാരികൾ ദൈവത്തിലുളള വിശ്വാസത്തെക്കുറിച്ച്‌ എന്തു പറഞ്ഞാലും അവരെല്ലാം നൻമയും തിൻമയും സംബന്ധിച്ച്‌ തങ്ങളുടെ സ്വന്തം പ്രമാണങ്ങൾ വെക്കുകയായിരുന്നു. ഇപ്രകാരം, അവർ സമ്മതിച്ചാലും ഇല്ലെങ്കിലും അവരെല്ലാം ദൈവത്തിന്റെ എതിരാളിയായ പിശാചായ സാത്താന്റെ നേതൃത്വത്തെ പിൻപററുകയായിരുന്നു, അവനെ “ലോകത്തിന്റെ ഭരണാധിപൻ” എന്നാണ്‌ ബൈബിൾ തിരിച്ചറിയിക്കുന്നത്‌. (യോഹന്നാൻ 14:30) മാനുഷ ഗവൺമെൻറുകൾ സ്ഥിതിചെയ്യാൻ ദൈവം അനുവദിക്കുന്നിടത്തോളം കാലം അവയ്‌ക്കു നികുതികൾ കൊടുക്കുന്നതിനും നിയമം അനുസരിക്കുന്നതിനും യേശു തന്റെ ശിഷ്യൻമാരെ ഉപദേശിച്ചു. എന്നാൽ ഒരു സുരക്ഷിതഭാവിക്കുവേണ്ടിയുളള ഏകപ്രത്യാശ ദൈവരാജ്യം മുഖേനയുളളതാണെന്ന്‌ അവൻ വ്യക്തമാക്കി. ദൈവരാജ്യം സ്വർഗ്ഗത്തിൽനിന്നുതന്നെ പ്രവർത്തനംനടത്തുന്നതും സർവ്വമനുഷ്യവർഗ്ഗത്തിൻമേലും അധികാരം പ്രയോഗിക്കുന്നതുമായ യഥാർത്ഥത്തിൽ നീതിനിഷ്‌ഠമായ ഒരു ഗവൺമെൻറാണ്‌. തന്നിമിത്തം “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ” എന്ന്‌ ദൈവത്തോടു പ്രാർത്ഥിക്കാൻ അവൻ അവരെ പഠിപ്പിച്ചു. ബൈബിളിൽ വിവരിക്കപ്പെട്ടിരിക്കുന്ന ആ രാജ്യത്തിന്റെ നിയമങ്ങൾക്കനുയോജ്യമായി ജീവിക്കാൻ യേശു അവരെ പ്രോത്സാഹിപ്പിച്ചു. എല്ലായിടത്തുമുളള ജനങ്ങളോട്‌ “രാജ്യത്തിന്റെ ഈ സുവാർത്ത” പ്രസംഗിക്കാൻ അവൻ അവരെ നിയോഗിക്കുകയും ചെയ്‌തു.—മത്തായി 6:10; 24:14.

28. ദൈവരാജ്യം എന്താണ്‌, നമുക്ക്‌ അതിനോട്‌ എങ്ങനെ വിലമതിപ്പു പ്രകടമാക്കാൻ കഴിയും? (മത്തായി 6:33)

28 ആ രാജ്യമാണ്‌ തന്റെ ഇഷ്ടം നിറവേററാനുളള യഹോവയുടെ ഉപാധി. അത്‌ ബുദ്ധിശക്തിയുളള സകല സൃഷ്ടിയെയും വീണ്ടും യഹോവയുടെ രാജത്വത്തിൻകീഴിൽ ഏകീഭവിപ്പിക്കും. ആ സ്വർഗ്ഗീയ ഗവൺമെൻറിന്റെ അംഗത്വത്തിൽ യഹോവയുടെ പരമാധികാരത്തോട്‌, അവന്റെ ഭരണാധിപത്യത്തോട്‌, തങ്ങളുടെ വിശ്വസ്‌തമായ പിന്തുണ തെളിയിച്ചിട്ടുളളവരായി ഈ ഭൂമിയിൽനിന്ന്‌ എടുക്കപ്പെടുന്ന ആളുകൾ ഉണ്ടായിരിക്കും. ഇവർ “ചെറിയ ആട്ടിൻകൂട്ടം” എന്നു പറയപ്പെട്ടിരിക്കുന്നു. (ലൂക്കോസ്‌ 12:32) അവർ “ഭൂമിയിൽനിന്നു വിലയ്‌ക്കു വാങ്ങപ്പെട്ടിരിക്കുന്ന നൂററിനാല്‌പത്തിനാലായിര”മായി പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നതായി ബൈബിളിലെ അവസാന പുസ്‌തകം പ്രകടമാക്കുന്നു. (വെളിപ്പാട്‌ 14:1, 3) എന്നിരുന്നാലും, രാജകീയാധികാരം ഭരമേൽപ്പിക്കപ്പെടുന്ന മുഖ്യൻ ദൈവത്തിന്റെ സ്വന്തപുത്രനായ യേശുക്രിസ്‌തു ആണ്‌. ദിവ്യപ്രവചനത്തിന്റെ നിവൃത്തിയായി, “ജനങ്ങളും ദേശീയസംഘങ്ങളും ഭാഷകളും അവനെത്തന്നെ സേവിക്കേണ്ടതിന്‌ ഭരണാധിപത്യവും മാഹാത്‌മ്യവും രാജ്യവും” അവനാണ്‌ യഹോവ കൊടുക്കുന്നത്‌. (ദാനിയേൽ 7:13, 14) ആ ദിവ്യക്രമീകരണത്തോടുളള പൂർണ്ണയോജിപ്പിൽ നമ്മിലോരോരുത്തരും ജീവിക്കുന്നത്‌ ജീവൽപ്രധാനമാണ്‌. അങ്ങനെ ചെയ്യാൻ വിസമ്മതിക്കുന്നവർ മററുളളവരുടെ സുരക്ഷിതത്വത്തിനു പ്രതിബന്ധമുണ്ടാക്കാൻ എന്നേക്കും അനുവദിക്കപ്പെടുകയില്ല.

29. (എ) മാനുഷ ഭരണാധിപത്യം എത്ര ദീർഘമായി സ്ഥിതിചെയ്യുന്നു, ഇനി വളരെയധികം ദീർഘമായി അതു തുടരുകയില്ലാത്തതെന്തുകൊണ്ട്‌? (യിരെമ്യാവ്‌ 17:5) (ബി) ഇത്‌ സാത്താന്‌ എന്തു കൈവരുത്തും? (സി) മാനുഷ ഗവൺമെൻറുകൾക്ക്‌ എന്തു സംഭവിക്കും.? (ഡി) ദുഷ്ടൻമാർക്ക്‌ എന്തു സംഭവിക്കാൻ പോകുകയാണ്‌? (ഈ) യഹോവയുടെ ഭരണാധിപത്യത്തോട്‌ ഉദാസീനരായിരിക്കുന്നവർക്ക്‌ എന്തു സംഭവിക്കും? (2 തെസ്സലോനീക്യർ 1:6–9)

29 ഏദനിലെ മൽസരംമുതൽ മാനുഷഭരണത്തിന്റെ ഫലം ആസ്വദിക്കുന്നതിന്‌ മനുഷ്യർക്ക്‌ ഏതാണ്ട്‌ ആറായിരം വർഷത്തോളം ലഭിച്ചിരിക്കുന്നു. മാനുഷഭരണം ഒരു വിപത്തായിട്ടാണിരിക്കുന്നത്‌. ഉചിതമായി, ദൈവം തന്റെ ന്യായവിധികൾ നടപ്പിലാക്കുന്നതിനുളള തലമുറയായി ഈ തലമുറയിലേക്കു വിരൽചൂണ്ടുന്നു. ഇതു മനുഷ്യവർഗ്ഗത്തിന്റെ മുഖ്യശത്രുവായ പിശാചായ സാത്താന്‌ എന്തു കൈവരുത്തും? അവനും അവന്റെ ഭൂതങ്ങളും പൂർണ്ണമായി പ്രവർത്തനരഹിതരാക്കപ്പെടുകയും മനുഷ്യവർഗ്ഗത്തെ വഴിതെററിക്കാൻ കഴിയാത്തവിധം ‘അഗാധത്തിലേക്ക്‌ വലിച്ചെറിയപ്പെടുകയും’ ചെയ്യും. (വെളിപ്പാട്‌ 20:1–3) ദൈവത്തിന്റെ ന്യായവിധികളുടെ നടപ്പിലാക്കൽ മനുഷ്യരുടെ ഗവൺമെൻറുകൾക്ക്‌ എന്തു കൈവരുത്തും? ബൈബിൾ മുൻകൂട്ടിപ്പറയുന്നു, “രാജ്യം ഈ രാജ്യങ്ങളെയെല്ലാം [മനുഷ്യരുടെ] തകർക്കുകയും അവസാനിപ്പിക്കുകയും ചെയ്യും, അതുതന്നെ അനിശ്ചിതകാലങ്ങളോളം നിലനിൽക്കും.” (ദാനിയേൽ 2:44) വ്യാജം പറയുന്നവർക്കും മോഷ്ടാക്കൾക്കും അക്രമം പ്രവർത്തിക്കുന്നവർക്കും അത്‌ എന്തു കൈവരുത്തും? “ദുഷ്ടൻ മേലാൽ ഉണ്ടായിരിക്കയില്ല; നീ തീർച്ചയായും അവന്റെ ഇടം സൂക്ഷിച്ചുനോക്കും, അവൻ ഉണ്ടായിരിക്കയില്ല.” (സങ്കീർത്തനം 37:10) യഹോവയുടെ ഭരണാധിപത്യത്തെ ഉദാസീനമായി അവഗണിക്കുന്നവർക്കു അത്‌ എന്തു കൈവരുത്തും? നോഹയുടെ നാളുകളിൽ “പ്രളയം വന്ന്‌ അവരെയെല്ലാം അടിച്ചൊഴുക്കിക്കൊണ്ടു പോകുന്നതുവരെ അവർ ഗൗനിച്ചില്ല,” ദൈവം നീതിനടത്താൻ തന്റെ പുത്രനെ ഉപയോഗിക്കുന്ന ഇക്കാലത്ത്‌ അതുപോലെതന്നെയായിരിക്കും.—മത്തായി 24:39.

30. യഹോവയുടെ ഭരണാധിപത്യത്തിന്റെ വിശ്വസ്‌ത പിന്തുണക്കാർക്ക്‌ ഇതെല്ലാം എന്തു കൈവരുത്തും? (വെളിപ്പാട്‌ 7:9, 10, 13, 14)

30 എന്നാൽ യഹോവയുടെ ഭരണാധിപത്യത്തിന്റെ വിശ്വസ്‌ത പിന്തുണക്കാരാണു തങ്ങളെന്നു തെളിയിച്ചിട്ടുളളവർക്ക്‌ ഇതെല്ലാം എന്തു കൈവരുത്തും? അത്‌ ദൈവത്തിന്റെ നീതിയുളള നൂതനക്രമത്തിലേക്കുളള വിടുതൽ കൈവരുത്തും. പുരാതന യിസ്രായേൽ ജനതയോടുളള ദൈവത്തിന്റെ ഇടപെടലുകളിൽ ഇതിനു ജീവിതത്തിൻമേലുണ്ടാകാൻ പോകുന്ന ഫലത്തിന്റെ ഒരു ദൃഷ്ടാന്തം നൽകപ്പെട്ടു. പറയാൻ ദൈവം മോശയോടു നിർദ്ദേശിച്ചതുപോലെതന്നെ സംഭവിച്ചു: “നിന്റെ ദൈവമായ യഹോവ നിനക്ക്‌ കൈവശമായിതരുന്ന ദേശത്ത്‌ നീ വസിക്കണം, അവൻ തീർച്ചയായും ചുററുപാടുമുളള നിന്റെ സകല ശത്രുക്കളിൽ നിന്നും നിനക്ക്‌ സ്വസ്ഥത നൽകും, നീ തീർച്ചയായും സുരക്ഷിതമായി വസിക്കും.” (ആവർത്തനം 12:10) ശലോമോൻ രാജാവിന്റെ വാഴ്‌ചക്കാലത്തെ അവസ്ഥകളെ സംബന്ധിച്ച്‌ ഇങ്ങനെ എഴുതപ്പെട്ടിരുന്നു: “യഹൂദയും യിസ്രായേലും ദാൻ മുതൽ [വടക്കെ അററം] ബേർശേബവരെ [തെക്ക്‌] ഓരോരുത്തനും അവനവന്റെ മുന്തിരിവളളിയുടെ കീഴിലും അവനവന്റെ അത്തിവൃക്ഷത്തിന്റെ കീഴിലും സുരക്ഷിതമായി തുടർന്നു വസിച്ചു.” (1 രാജാക്കൻമാർ 4:25) ദൈവനിയമത്തിനനുയോജ്യമായി ഓരോ കുടുംബത്തിനും കൃഷി ചെയ്യുന്നതിനും വസിക്കുന്നതിനുമായി സ്വന്തം നിലമുണ്ടായിരുന്നു. ദൈവത്തോടുളള അനുസരണം അവന്റെ അനുഗ്രഹത്തിൽ കലാശിച്ചു. അവൻ വാഗ്‌ദത്തംചെയ്‌തിരുന്നതുപോലെ, ഇതിൽ ‘ദേശത്തിനു വേണ്ടിയുളള തക്കസമയത്തെ മഴ ഉൾപ്പെട്ടിരുന്നു.’ (ആവർത്തനം 11:13–15) സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായിരുന്നു.

31. സങ്കീർത്തനം 72–ൽ വർണ്ണിക്കപ്പെട്ടിരിക്കുന്നപ്രകാരം ദൈവരാജ്യത്തിൻകീഴിൽ ഭൂമിയിലാസകലം സുരക്ഷിതത്വത്തിനു സംഭാവന ചെയ്യുന്ന ഏതവസ്ഥകൾ പ്രബലപ്പെട്ടിരിക്കും?

31 അതു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌, വെറും ചരിത്രരേഖയായി മാത്രമല്ല, പിന്നെയോ നമ്മുടെ പ്രോത്സാഹനത്തിനുവേണ്ടിയുംകൂടെയാണ്‌. സർവ്വഭൂമിയുടെയും മേൽ രാജാവായിരിക്കുന്നതിന്‌ യഹോവ നിയമിച്ചിരിക്കുന്ന കർത്താവായ യേശുക്രിസ്‌തു തിരുവെഴുത്തുകളിൽ “ശലോമോനെക്കാൾ വലിയതായി” പറയപ്പെട്ടിരിക്കുന്നു. (ലൂക്കോസ്‌ 11:31) ക്രിസ്‌തുവിന്റെ വാഴ്‌ചയിൻ കീഴിൽ, ശലോമോന്റെ നാളുകളിൽ യഹൂദയിലും യിസ്രായേലിലും സ്ഥിതിചെയ്‌തിരുന്നതിനെക്കാൾ മെച്ചപ്പെട്ട അവസ്ഥകൾ ഭൂമിയിലാസകലം വ്യാപിക്കും. സങ്കീർത്തനം 72 അനുഗ്രഹങ്ങളെ ഈ വിധത്തിൽ ഭംഗ്യന്തരേണ വർണ്ണിക്കുന്നു: “അവന്റെ നാളുകളിൽ നീതിമാൻ തളിർക്കും, സമാധാനസമൃദ്ധി ചന്ദ്രനില്ലാതാകും വരെയും. അവന്‌ സമുദ്രം മുതൽ സമുദ്രം വരെയും നദി [യൂഫ്രട്ടീസ്‌] മുതൽ ഭൂമിയുടെ അറുതികൾ വരെയും പ്രജകൾ ഉണ്ടായിരിക്കും. അവൻ അവരുടെ ദേഹിയെ മർദ്ദനത്തിൽ നിന്നും അക്രമത്തിൽനിന്നും വീണ്ടെടുക്കും, അവരുടെ രക്തം അവന്റെ ദൃഷ്ടികളിൽ വിലയേറിയതായിരിക്കും. ഭൂമിയിൽ ധാരാളം ധാന്യം ഉണ്ടാകും; പർവ്വതശിഖരങ്ങളിൽ ഒരു കവിഞ്ഞൊഴുക്ക്‌ ഉണ്ടായിരിക്കും.” (സങ്കീർത്തനം 72:7, 8, 14, 16) അന്ന്‌ പ്രബലപ്പെട്ടിരിക്കുന്ന അവസ്ഥ, യേശു അവന്റെ രാജ്യത്തിലേക്കുവരുമ്പോൾ തന്നെ ഓർക്കണമെന്ന്‌ അപേക്ഷിച്ച ഒരു മനുഷ്യനോട്‌ യേശുക്രിസ്‌തു വർണ്ണിച്ചതായിരിക്കും. യേശു അവനോട്‌: “നീ എന്നോടു കൂടെ പരദീസയിൽ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.—ലൂക്കോസ്‌ 23:43.

32. (എ) മരിച്ചവർക്കുപോലും ഈ മഹത്തായ കരുതലുകളിൽനിന്ന്‌ പ്രയോജനമനുഭവിക്കാൻ എങ്ങനെ സാധിക്കും? (ബി) പുനരുത്ഥാനം പ്രാപിക്കുന്നവർ എവിടെനിന്നാണ്‌ തിരിച്ചുവരുന്നത്‌? (യെഹെസ്‌ക്കേൽ 18:4; ഇയ്യോബ്‌ 14:13)

32 ആദാമിൽനിന്നു പാപം അവകാശപ്പെടുത്തിയതു നിമിത്തം ഇപ്പോൾത്തന്നെ മരിച്ചിരിക്കുന്നവർ അന്ന്‌ വിസ്‌മരിക്കപ്പെടുകയില്ല. അവരും ദൈവപുത്രന്റെ മറുവിലയാഗത്തിൽ ഉൾപ്പെടുത്തപ്പെടുന്നു. “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകാൻ പോകുന്നു”വെന്ന്‌ പ്രോത്‌സാഹജനകമായി ബൈബിൾ മുൻകൂട്ടിപ്പറയുന്നു. (പ്രവൃത്തികൾ 24:15) ഇതിന്റെ അർത്ഥമെന്താണ്‌? “ജീവിച്ചിരിക്കുന്നവർക്ക്‌ മരിക്കുമെന്നുളള ബോധമുണ്ട്‌; എന്നാൽ മരിച്ചവരെ സംബന്ധിച്ചാണെങ്കിൽ അവർക്ക്‌ യാതൊന്നിനെക്കുറിച്ചും ഒട്ടും ബോധമില്ല” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 9:5) അവർ ശവക്കുഴിയിൽ നിർജ്ജീവരാണ്‌. അപ്പോൾ പുനരുത്ഥാനത്തിന്റെ അർത്ഥം ജീവനിലേക്കു തിരികെവരികയെന്നാണ്‌. യേശുക്രിസ്‌തുവിനോടുകൂടെ സ്വർഗ്ഗീയജീവനിൽ പങ്കുപററുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തിൽ പെടാത്തവരായി ഉയിർപ്പിക്കപ്പെടുന്ന എല്ലാവരും മാനുഷരൂപത്തിലായിരിക്കും, അവരുടെ മുമ്പാകെയുളള പ്രതീക്ഷ ഇവിടെ ഭൂമിയിൽത്തന്നെ നിത്യമായി ജീവിക്കുകയെന്നതാണ്‌.

33. (എ) ഏത്‌ മുഖാന്തരത്താൽ രോഗവും മരണവും നീക്കപ്പെടും? (മർക്കോസ്‌ 2:1–12) (ബി) യഹോവ ഒരു സുരക്ഷിതഭാവിക്കുവേണ്ടി ചെയ്‌തിരിക്കുന്ന ഈ കരുതലുകളിൽനിന്ന്‌ പ്രയോജനമനുഭവിക്കാൻ നിങ്ങൾ വ്യക്തിപരമായി ആഗ്രഹിക്കുന്നുവോ?

33 ഇത്‌ മാനുഷകുടുംബത്തിന്‌ പുതുക്കലിന്റെ ഒരു സമയമായിരിക്കും. സ്വർഗ്ഗീയരാജ്യത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ, വിശ്വാസം പ്രകടമാക്കുന്ന എല്ലാവർക്കും യേശുവിന്റെ ബലിയുടെ മൂല്യം പ്രയോഗിക്കുന്നതിനാൽ പാപത്തിന്റെ സകല കണികയും അതിന്റെ സകല ഫലങ്ങളും നീക്കം ചെയ്യപ്പെടും. യേശു ഭൂമിയിലായിരുന്നപ്പോൾ മനുഷ്യവർഗ്ഗത്തിന്‌ ഇത്‌ എന്തു പ്രയോജനം കൈവരുത്തുമെന്നു പ്രകടമാക്കുകയുണ്ടായി. അവൻ സകലവിധ രോഗവും സൗഖ്യമാക്കി, കുരുടർക്ക്‌ കാഴ്‌ച കൊടുക്കുകയും മുടന്തരെ സൗഖ്യമാക്കുകയുംപോലും ചെയ്‌തു. ദൈവത്തിന്റെ നൂതനക്രമത്തിൽ അങ്ങനെയുളള അനുഗ്രഹങ്ങളനുഭവിക്കുന്ന ആളുകളെക്കൊണ്ട്‌ ഭൂമി നിറയും. ദിവ്യവാഗ്‌ദത്തം ഇതാണ്‌: “അവൻ അവരുടെ കണ്ണുകളിൽനിന്ന്‌ കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല, പൂർവ്വകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.” (വെളിപ്പാട്‌ 21:4) അതെ, ജീവിതത്തെ അരക്ഷിതമാക്കിയിരിക്കുന്ന സകലവും പൊയ്‌പോയിരിക്കും. അത്‌ എത്ര മഹത്തായ അഭ്യുദയസാദ്ധ്യതയാണ്‌!

34. ഇപ്പോൾത്തന്നെ ആസ്വദിക്കാവുന്ന യഥാർത്ഥമായ എന്തെങ്കിലും സുരക്ഷിതത്വമുണ്ടോ?

34 എന്നാൽ സുരക്ഷിതത്വത്തിൽ കലാശിക്കുന്ന എല്ലാം ഭാവിയിലേക്ക്‌ കരുതിവെച്ചിരിക്കുകയല്ല. വളരെയധികം ഇപ്പോൾത്തന്നെ ആസ്വദിക്കാൻ കഴിയും.

ഇപ്പോൾ ആസ്വദിക്കാവുന്ന സുരക്ഷിതത്വം

35. ഇവിടെ പ്രസ്‌താവിക്കപ്പെട്ടിരിക്കുന്ന ഏതു കാര്യങ്ങൾ ഗണ്യമായി വ്യക്തിപരമായ സുരക്ഷിതത്വത്തിൽ കലാശിക്കും?

35 ജീവിതത്തിൽ വേറെ ഏതു സാഹചര്യങ്ങളെ ഒരുവൻ അഭിമുഖീകരിച്ചാലും ദൈനംദിനാഹാരവും വേണ്ടത്ര വസ്‌ത്രവും ലഭിക്കുമെന്ന്‌ ഉറപ്പുളള ഏതൊരുവനും ഉയർന്ന തോതിലുളള സുരക്ഷിതത്വമുണ്ടെന്ന്‌ മിക്കയാളുകളും സമ്മതിക്കും. അതിനുപുറമേ, അയാൾ മുഖ്യമായി സഹവസിക്കുന്ന ആളുകൾക്ക്‌ അന്യോന്യം യഥാർത്ഥസ്‌നേഹമുണ്ടെങ്കിൽ, അത്‌ ആ സുരക്ഷിതത്വത്തോട്‌ മറെറാരു മാനം കൂട്ടിച്ചേർക്കും. ഭാവി എന്തു കൈവരുത്തുമെന്ന്‌ അയാൾക്ക്‌ അറിയാമെങ്കിൽ അതും ഏത്‌ അനിശ്ചിതത്വബോധത്തെയും കുറയ്‌ക്കുന്നതിന്‌ സഹായകമായിരിക്കും. എന്നാൽ ഭൂരിപക്ഷം ആളുകളും അങ്ങനെയുളള സുരക്ഷിതത്വബോധം ആസ്വദിക്കുന്നില്ല. ദൈവവചനത്തിൽ നൽകപ്പെട്ടിരിക്കുന്ന സുരക്ഷിതത്വത്തിന്റെ വാഗ്‌ദാനങ്ങൾ ഭാവിയിൽ മാത്രമേ നിവൃത്തിയാകുകയുളളുവെന്നാണോ അതിന്റെ അർത്ഥം? അതോ ആ വാഗ്‌ദാനങ്ങളിൽ വിശ്വാസമർപ്പിക്കുന്നതിനാലും അവയ്‌ക്കു ചേർച്ചയായി പ്രവർത്തിക്കുന്നതിനാലും ആളുകൾക്ക്‌ ഇപ്പോൾപ്പോലും സുരക്ഷിതത്വം കണ്ടെത്താൻ കഴിയുമോ? ഒരു ഏകീകൃതമായ വിധത്തിൽ അങ്ങനെ ചെയ്യുന്ന ആളുകൾ ഇപ്പോൾ ഉണ്ടോ?

36. (എ) ഏതു സാഹചര്യങ്ങളിൽ താൻ ദൈനംദിന ആഹാരവും വസ്‌ത്രവും ഇപ്പോൾ നൽകുമെന്ന്‌ ദൈവം പറയുന്നു? (ബി) ആർ അത്തരം സുരക്ഷിതത്വം ആസ്വദിക്കുന്നു, അവർക്ക്‌ ഈ കരുതലുകൾ ലഭിക്കുന്നതെങ്ങനെ? (എഫേസ്യർ 4:28)

36 യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്ന ക്രിസ്‌ത്യാനികൾ ദൈവവചനം സത്യമെന്നു കണ്ടെത്തിയിരിക്കുന്നു. അതു തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നത്‌ ഇപ്പോൾത്തന്നെ മികച്ച പ്രയോജനങ്ങൾ കൈവരുത്തുന്നതായി അവർക്ക്‌ അനുഭവമുണ്ടായിട്ടുമുണ്ട്‌. ആ പ്രയോജനങ്ങൾ കൈവരുത്തുന്നത്‌ ഒരുവന്റെ അനുദിനജീവിതത്തിൽ ആത്മീയകാര്യങ്ങൾക്ക്‌ ഉചിതമായ പ്രാധാന്യം കൊടുക്കുന്നതിൽനിന്നാണ്‌. തീർച്ചയായും ആത്മീയ ചായ്‌വുളളവരായിരുന്നാലും അല്ലെങ്കിലും, ഭൂമിയിലുളള എല്ലാവർക്കും ഭൂമിയുടെ ഉല്‌പന്നങ്ങളിൽനിന്ന്‌ പ്രയോജനമനുഭവിക്കാൻ കഴിയും. എന്നാൽ തന്റെ സേവനത്തെ ഒന്നാമതു കരുതുന്നവരുടെ ക്ഷേമത്തിൽ ദൈവം പ്രത്യേകതാല്‌പര്യമെടുക്കുന്നുവെന്ന്‌ ബൈബിൾ പ്രകടമാക്കുന്നു. തന്റെ ശിഷ്യൻമാരുടെ വിശ്വാസത്തെ ശക്തീകരിക്കുന്നതിന്‌ യേശു ഇങ്ങനെ പറഞ്ഞു: “ഒരിക്കലും ഉൽക്കണ്‌ഠപ്പെട്ടുകൊണ്ട്‌ ‘നാം എന്തു ഭക്ഷിക്കാനാണ്‌?’ അല്ലെങ്കിൽ ‘നാം എന്തു കുടിക്കാനാണ്‌?’ അല്ലെങ്കിൽ ‘നാം എന്തു ധരിക്കാനാണ്‌?’ എന്ന്‌ പറയരുത്‌. എന്തുകൊണ്ടെന്നാൽ ഇവയെല്ലാം ജനതകൾ ആകാംക്ഷാപൂർവ്വം അന്വേഷിക്കുന്ന കാര്യങ്ങളാണ്‌. എന്തുകൊണ്ടെന്നാൽ ഇവയെല്ലാം നിങ്ങൾക്കാവശ്യമാണെന്ന്‌ നിങ്ങളുടെ സ്വർഗ്ഗീയ പിതാവ്‌ അറിയുന്നു. അപ്പോൾ ഒന്നാമതായി രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക, ഈ മററുളളവ നിങ്ങൾക്ക്‌ കൂട്ടപ്പെടും.” (മത്തായി 6:31–33) എന്നാൽ ഒരുവനെ ശാരീരികമായി പോററാൻ ആവശ്യമായിരിക്കുന്ന ഈ “മററുളളവ” അവർക്ക്‌ എങ്ങനെ ലഭിക്കുന്നു? ക്രിസ്‌തീയസഭ അവരെ സാമ്പത്തികമായി സഹായിക്കുന്നുവെന്നല്ലർത്ഥം. പകരം, അവരെല്ലാം സന്നദ്ധതയുളള ജോലിക്കാരാണ്‌. ആളുകൾ യഥാർത്ഥത്തിൽ യഹോവയുടെ രാജ്യത്തെയും അവന്റെ നീതിയെയും അവരുടെ ജീവിതത്തിലെ പ്രമുഖസംഗതിയാക്കുമ്പോൾ ജീവിതത്തിലെ അവശ്യവസ്‌തുക്കൾ ലഭിക്കുന്നതിനുളള അവരുടെ ശ്രമങ്ങളെ ദൈവം അനുഗ്രഹിക്കുന്നു. “ഇന്നത്തേക്കുളള ഞങ്ങളുടെ അപ്പം ഇന്നു ഞങ്ങൾക്കു തരേണമേ” എന്നുളള അവരുടെ പ്രാർത്ഥനയ്‌ക്കു അവൻ ഉത്തരം നൽകുന്നു. (മത്തായി 6:11) ഏതൽക്കാലലോകം സ്ഥിതിചെയ്യുമ്പോൾ യഹോവ തന്റെ ദാസൻമാർക്ക്‌ ഭൗതികസമൃദ്ധി വാഗ്‌ദാനം ചെയ്യുന്നില്ല. എന്നാൽ അവർക്ക്‌ യഥാർത്ഥമായി ആവശ്യമുളളത്‌ അവർക്ക്‌ ലഭിക്കുമെന്ന്‌ അവൻ അവർക്ക്‌ ഉറപ്പുനൽകുകതന്നെ ചെയ്യുന്നു. അവർക്ക്‌ അത്‌ ലഭിക്കുന്നതിൽ മെച്ചമായി ശ്രദ്ധിക്കാൻ പ്രാപ്‌തനായ മറെറാരുവനുമില്ല.

37. (എ) ഏതുതരം നടത്തയും മനോഭാവവും അരക്ഷിതത്വം സംജാതമാക്കുന്നു? (ബി) അടിസ്ഥാനപരമായി അത്തരം ആളുകളുടെ ഇടയിൽ ഏതു ഗുണത്തിന്റെ അഭാവമുണ്ട്‌? (സി) അത്തരം സ്‌നേഹം എവിടെ കണ്ടെത്തപ്പെടുമെന്ന്‌ യേശു പറഞ്ഞു?

37 ഭൗതികാവശ്യങ്ങളുടെ വലിയ ദാതാവ്‌ ഇപ്പോഴത്തെ സുരക്ഷിതത്വം സംബന്ധിച്ച്‌ പ്രധാനമായ മറെറാന്നുംകൂടെ ലഭ്യമാക്കുന്നു. നിങ്ങൾക്കു നന്നായി വിലമതിക്കാൻ കഴിയുന്ന പ്രകാരം, ഒരു വ്യക്തിയുടെ സഹകാരികൾ അയാളിൽ യഥാർത്ഥതാല്‌പര്യമില്ലാത്ത ആളുകളാണെങ്കിൽ ജീവിതത്തിലെ ഭൗതികമായ അവശ്യവസ്‌തുക്കളുടെ ലഭ്യത ഒരുവനെ സംതൃപ്‌തനോ സുരക്ഷിതനോ ആക്കാൻ പോകുന്നില്ല. ആളുകൾ വ്യാജംപറയുകയും വഞ്ചിക്കുകയും ചെയ്യുമ്പോഴും അവർ തങ്ങളുടെ നാവിനെ മററുളളവരുടെ വികാരങ്ങളോടു പരിഗണനയില്ലാതെ ഉപയോഗിക്കുമ്പോഴും അവർ ഭൗതിക സ്വത്തുക്കളുടെയും ത്വക്കിന്റെ നിറത്തിന്റെയും അല്ലെങ്കിൽ ദേശീയോത്‌ഭവത്തിന്റെയും അടിസ്ഥാനത്തിൽ മററുളളവരെ വിധിക്കുമ്പോഴും മിക്കപ്പോഴും ഗൂഢമായ ഒരു സ്വാർത്ഥലക്ഷ്യത്താൽ “ദയ”യ്‌ക്കു പ്രേരിപ്പിക്കപ്പെടുമ്പോഴും അരക്ഷിതത്വമാണ്‌ സംജാതമാകുന്നത്‌. അത്തരമാളുകളിൽ ഏററം കുറവുളളത്‌ സ്‌നേഹമാണ്‌—മററുളളവരിലുളള യഥാർത്ഥവും നിസ്വാർത്ഥവുമായ താൽപ്പര്യംതന്നെ. അങ്ങനെയുളള സ്‌നേഹം ചുരുക്കം ചില വ്യക്തികളുടെ ഇടയിൽ മാത്രമല്ല, പിന്നെയോ ഒരു മുഴുജനസമുദായത്തിന്റെയും പ്രമുഖസ്വഭാവവിശേഷതയെന്ന നിലയിൽ യഥാർത്ഥത്തിൽ കണ്ടെത്തപ്പെടാൻ കഴിയുമോ? കഴിയുമെന്ന്‌ യേശുക്രിസ്‌തു നമുക്ക്‌ ഉറപ്പു നൽകുന്നു. അവൻ പറഞ്ഞു: “നിങ്ങൾക്ക്‌ നിങ്ങളുടെ ഇടയിൽത്തന്നെ സ്‌നേഹമുണ്ടെങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന്‌ എല്ലാവരും അറിയും.” അത്തരമാളുകൾ നമ്മുടെ നാളിൽ ഉണ്ടായിരിക്കുമെന്ന്‌ അവൻ അറിഞ്ഞു, എന്തുകൊണ്ടെന്നാൽ “നോക്കു! വ്യവസ്ഥിതിയുടെ സമാപനംവരെ എല്ലാനാളും ഞാൻ നിങ്ങളോടുകൂടെയുണ്ട്‌” എന്ന്‌ അവൻ തന്റെ ശിഷ്യൻമാരോടു പറയുകയുണ്ടായി.—യോഹന്നാൻ 13:35; മത്തായി 28:20.

38. അത്തരം സ്‌നേഹമുളളവരെ തിരിച്ചറിയാൻ ബൈബിൾ നമ്മെ സഹായിക്കുന്നതെങ്ങനെ? (1 യോഹന്നാൻ 4:20, 21)

38 ഈ സ്‌നേഹം നിങ്ങളുടെ സഹചാരികളിൽ ഇല്ലെന്ന്‌ കണ്ടെത്തിയിരിക്കുന്നുവെങ്കിൽ നിങ്ങൾ മറെറവിടെയെങ്കിലും നോക്കേണ്ടയാവശ്യമുണ്ട്‌. 1 യോഹന്നാൻ 4:8–ൽ ബൈബിൾ ആവശ്യമായിരിക്കുന്ന മാർഗ്ഗനിർദ്ദേശം നൽകുന്നു, ഇങ്ങനെ പറഞ്ഞുകൊണ്ട്‌: “സ്‌നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല, എന്തുകൊണ്ടെന്നാൽ ദൈവം സ്‌നേഹമാകുന്നു.” ഇപ്രകാരം, “ദൈവത്തെ അറിയുന്ന” ജനത്തിന്റെ ഇടയിലാണ്‌ ഇത്തരം സ്‌നേഹം കണ്ടെത്താൻ കഴിയുന്നത്‌. മതഭക്തിയുളള എല്ലാ ആളുകളുടെയും ഇടയിൽ നിങ്ങൾ ഇതു കണ്ടെത്തുമെന്ന്‌ തീർച്ചയായും ഇതിന്‌ അർത്ഥമില്ല; വാസ്‌തവമതല്ലെന്ന്‌ നിങ്ങൾക്കറിയാം. എന്നാൽ ഏകസത്യദൈവമായ യഹോവയെ അറിയുന്നവരുടെയും അവന്റെ നാമത്തെ ആദരവോടെ കരുതുന്നവരുടെയും അവന്റെ ഇഷ്ടത്തോട്‌ തങ്ങളുടെ ജീവിതത്തെ അനുരൂപപ്പെടുത്താൻ ശ്രമിക്കുന്നവരുടെയും ഇടയിൽ നിങ്ങൾ അതു കണ്ടെത്തും. അങ്ങനെയുളള സഹവാസത്തിൽനിന്നുളള പ്രയോജനങ്ങൾ പ്രകടമാണ്‌.

39. കേവലം അത്തരമാളുകളുടെ ഇടയിൽ ആയിരിക്കുന്നതിനു പുറമേ, ഒരു വ്യക്തിക്ക്‌ തന്റെ സുരക്ഷിതത്വത്തിനും ജീവിതാസ്വാദനത്തിനും സംഭാവന ചെയ്യുന്നതായി മറെറന്തു ചെയ്യാൻ കഴിയും?

39 തീർച്ചയായും, ഒരു വ്യക്തി ഈ വിധത്തിൽ ലോകത്തിൽ ശേഷിച്ചവരുടെ നിയമരഹിതമായ നടത്തയുടെ ഫലങ്ങളിൽനിന്ന്‌ വിമുക്തനാകുന്നില്ല. എന്നിരുന്നാലും, അയാൾ ദൈവത്തിലുളള സ്വന്തം ആശ്രയത്തെ വ്യക്തിപരമായി സമ്മതിക്കുകയും ബൈബിളിൽ വിവരിച്ചിരിക്കുന്ന ശരിയും തെററും സംബന്ധിച്ച ദൈവത്തിന്റെ പ്രമാണത്തെ പൂർണ്ണമായി സ്വീകരിക്കുകയും ചെയ്യുമ്പോൾ അയാൾക്ക്‌ വലിയ പ്രയോജനം ലഭിക്കുന്നു. അയാൾ ഹൃദയവേദനയിലും ദു:ഖത്തിലും മാത്രം കലാശിക്കുന്ന പ്രവർത്തനങ്ങളിലുളള ഉൾപ്പെടലിനെതിരെ കാത്തുസൂക്ഷിക്കപ്പെടുന്നു. സദൃശവാക്യങ്ങൾ 1:33 പറയുന്ന പ്രകാരം: “എന്നെ [അതായത്‌ ദിവ്യജ്ഞാനത്തെ] ശ്രദ്ധിക്കുന്നവനെ സംബന്ധിച്ചാണെങ്കിൽ, അവൻ സുരക്ഷിതമായി വസിക്കുകയും അനർത്ഥഭീതിയാൽ അസ്വസ്ഥനാകാതിരിക്കയും ചെയ്യും.” അയാൾ തന്റെ ജീവിതത്തെ സ്രഷ്ടാവിന്റെ ഇഷ്ടത്തിനനുയോജ്യമായി ഉപയോഗിക്കുന്നുവെങ്കിൽ അത്‌ യഥാർത്ഥമായി അർത്ഥസമ്പൂർണ്ണമായിരിക്കും. അനേകർക്ക്‌ അനുഭവപ്പെടുന്ന നൈരാശ്യം അനുഭവിക്കുന്നതിനുപകരം അയാൾക്ക്‌ മനുഷ്യവർഗ്ഗത്തിന്റെ പ്രശ്‌നങ്ങളുടെ ഏകപരിഹാരമായ ദൈവരാജ്യത്തെക്കുറിച്ച്‌ പഠിക്കാൻ മററുളളവരെ സഹായിക്കുന്നതിൽനിന്ന്‌ ലഭ്യമാകുന്ന സന്തോഷത്തിൽ പങ്കുപററാൻ കഴിയും. “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്നു പറഞ്ഞുകൊണ്ട്‌ യേശുക്രിസ്‌തു അത്തരമൊരു വേലയെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞു.—മത്തായി 24:14.

40. യഹോവയുടെ സാക്ഷികൾ ഭാവിയെ സംബന്ധിച്ച്‌ എങ്ങനെ വിചാരിക്കുന്നു, എന്തുകൊണ്ട്‌? (ലൂക്കോസ്‌ 21:28–32)

40 ഈ പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുന്നവർ ഭാവിയിലേക്കു നോക്കുമ്പോൾ അവർ ഭയചകിതരാകുന്നില്ല. ബൈബിൾ പഠിക്കുകയും അതു പറയുന്നതു വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ട്‌ ഭാവി എന്തു കൈവരുത്താനിരിക്കുന്നുവെന്ന്‌ അവർക്കറിയാം. ലോകകാര്യങ്ങളിലെ അസുഖകരമായ ഓരോ വികാസത്താലും നിരാശിതരാകാതെ, അവയിൽ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ സംബന്ധിച്ച ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയാണ്‌ അവർ കാണുന്നത്‌. പെട്ടെന്നുതന്നെ, ഈ തലമുറയിൽ, ദൈവം തന്റെ ന്യായയുക്തമായ ഭരണാധിപത്യത്തെ തുടർന്നവഗണിക്കുകയും തങ്ങളുടെ സമസൃഷ്ടികളുടെ ജീവിതാസ്വാദനത്തെ താറുമാറാക്കുന്നതിൽ നിർബന്ധം പിടിക്കുകയും ചെയ്യുന്ന എല്ലാവരെയും നശിപ്പിക്കാനിരിക്കുകയാണെന്ന്‌ അവർക്കറിയാം. ഉറപ്പോടെ അവർ 2 പത്രോസ്‌ 3:13–ൽ വിവരിച്ചിരിക്കുന്ന പ്രത്യാശയുടെ നിവൃത്തിക്കുവേണ്ടി നോക്കിപ്പാർത്തിരിക്കുകയാണ്‌, അതിങ്ങനെ പറയുന്നു: “നാം അവന്റെ വാഗ്‌ദത്തപ്രകാരം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളും പുതിയ ഭൂമിയുമുണ്ട്‌, ഇവയിൽ നീതി വസിക്കേണ്ടതാണ്‌.”

41, 42. (എ) അതുകൊണ്ട്‌ ഒരു അസ്വസ്ഥലോകത്തിൻമദ്ധ്യേയാണു വസിക്കുന്നതെങ്കിലും യഹോവയുടെ സാക്ഷികൾ ഇപ്പോൾത്തന്നെ ഉയർന്ന അളവിലുളള സുരക്ഷിതത്വം അനുഭവിക്കുന്നതെന്തുകൊണ്ട്‌? (ബി) യഹോവയുടെ സാക്ഷികൾ ആസ്വദിക്കുന്ന സുരക്ഷിതത്വം നിങ്ങൾ ആഗ്രഹിക്കുന്നതാണോ?

41 അത്തരം സുരക്ഷിതത്വമാണ്‌ ഇപ്പോൾത്തന്നെ യഹോവയുടെ ക്രിസ്‌തീയാരാധകർ, “പിതാവിനെ ആത്മാവോടും സത്യത്തോടും കൂടെ ആരാധിക്കുന്ന”വർ, ആസ്വദിക്കുന്നത്‌. അത്‌ യഹോവയുടെ നീതിയുളള തത്വങ്ങൾക്ക്‌ കീഴ്‌പ്പെടുന്നതിൽനിന്നും അവയെ തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിൽനിന്നും കൈവരുന്നതാണ്‌. യെശയ്യാ 32:17, 18–ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ: “യഥാർത്ഥനീതിയുടെ പ്രവൃത്തി സമാധാനമായിത്തീരേണ്ടതാണ്‌; യഥാർത്ഥനീതിയുടെ സേവനം അനിശ്ചിതകാലത്തോളമുളള ശാന്തതയും സുരക്ഷിതത്വവും. എന്റെ ജനം സമാധാനപൂർണ്ണമായ വാസസ്ഥലത്തും പൂർണ്ണമായ ആത്മവിശ്വാസമുളള വസതികളിലും സ്വസ്ഥതയുളള വിശ്രമസ്ഥലങ്ങളിലും വസിക്കേണ്ടതാണ്‌.” അവർ യഹോവയുടെ പരമാധികാരത്തിന്റെ വിശ്വസ്‌ത പിന്തുണക്കാരാണ്‌. അവർ നൻമയും തിൻമയും സംബന്ധിച്ച്‌ സ്വന്തം പ്രമാണങ്ങൾ ഏർപ്പെടുത്തുന്നില്ല. അവർ സ്വന്തമാർഗ്ഗത്തിൽ ലോകപ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നില്ല. അവർ യഹോവ ചെയ്‌തിരിക്കുന്ന സ്‌നേഹപൂർവ്വകമായ കരുതലിനെ യേശുക്രിസ്‌തുവിന്റെ കൈകളിലെ അവന്റെ രാജ്യത്തെ, നന്ദിപൂർവ്വം സ്വീകരിക്കുകയും പിന്താങ്ങുകയും ചെയ്യുന്നു.

42 അവർ ആസ്വദിക്കുന്ന സുരക്ഷിതത്വത്തിൽ പങ്കുപററാൻ നിങ്ങളാഗ്രഹിക്കുന്നുവോ? നിങ്ങൾക്ക്‌ അതു സാധിക്കും.

നിങ്ങൾക്ക്‌ അതു സംബന്ധിച്ചു ചെയ്യാൻ കഴിയുന്നത്‌

43. യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലേക്കു പോകുന്നതിനാൽ നിങ്ങൾ തന്നെ എന്തു കാണാൻ പ്രാപ്‌തരാകും?

43 ആദ്യനടപടികളിലൊന്ന്‌ അത്തരം സുരക്ഷിതത്വമനുഭവിക്കുന്ന ജനത്തോട്‌ സഹവസിക്കുകയാണ്‌. ഈ വിധത്തിൽ, നിങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നത്‌ യഥാർത്ഥത്തിൽ ഇതാണോയെന്ന്‌ നിങ്ങൾക്കുതന്നെ കാണാൻ കഴിയും. യഹോവയുടെ സാക്ഷികൾ നിങ്ങളുടെ പ്രദേശത്തെ രാജ്യഹാളിൽ നടക്കുന്ന അവരുടെ യോഗങ്ങൾക്ക്‌ വരാൻ സ്‌നേഹപുരസ്സരം നിങ്ങളെ സ്വാഗതം ചെയ്യുകയാണ്‌. അവരുടെ യോഗങ്ങളിൽ കർമ്മാചാരങ്ങൾ നിറഞ്ഞിരിക്കുന്നില്ലെന്നും കാണിക്ക ശേഖരം നടത്തുന്നില്ലെന്നും നിങ്ങൾ കണ്ടെത്തും. പകരം, അവിടെ ദൈവവചനത്തിന്റെയും അതു നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വിധത്തിന്റെയും അർത്ഥവത്തായ ചർച്ചയാണുളളത്‌. ബൈബിൾ ബുദ്ധിയുപദേശിക്കുന്നു: “ചിലരുടെ പതിവുപോലെ, നമ്മുടെ കൂടിവരവ്‌ ഉപേക്ഷിക്കാതെ, എന്നാൽ അന്യോന്യം പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ സ്‌നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ നമുക്ക്‌ അന്യോന്യം പരിഗണിക്കാം.” (എബ്രായർ 10: 24, 25) ഈ ആത്മാവാണ്‌ നിങ്ങൾ രാജ്യഹാളിൽ കണ്ടെത്തുന്നത്‌.

44. (എ) രാജ്യഹാളിലെ മററുളളവരുടെ ജീവിതത്തിൽ നിങ്ങൾ കാണുന്ന സുരക്ഷിതത്വം നിങ്ങൾ വ്യക്തിപരമായി ആസ്വദിക്കണമെങ്കിൽ, നിങ്ങൾക്ക്‌ എന്ത്‌ ആവശ്യമാണ്‌? (ബി) നമ്മിലാർക്കും അത്തരമൊരു ബന്ധത്തെ നിസ്സാരമായി എടുക്കാൻ കഴിയാത്തതെന്തുകൊണ്ട്‌, എന്നാൽ അത്‌ എങ്ങനെ ലഭിക്കാവുന്നതാണ്‌?

44 അങ്ങനെയുളള യോഗങ്ങളിലെ ഹാജർ മററുളളവർ ആസ്വദിക്കുന്ന സുരക്ഷിതത്വം കാണാൻ നിങ്ങളെ പ്രാപ്‌തരാക്കും, നിസ്സംശയമായി നിങ്ങൾ ആ സഹവാസം ആസ്വദിക്കുകയും ചെയ്യും. എന്നാൽ നിങ്ങൾക്കു വ്യക്തിപരമായി അത്തരം സുരക്ഷിതത്വം ലഭിക്കണമെങ്കിൽ കൂടുതലായി ചിലത്‌ ആവശ്യമാണ്‌. നിങ്ങളുടെ ഏററവും വലിയ ആവശ്യം യഹോവയാം ദൈവവുമായുളള ഒരു അംഗീകൃതബന്ധമാണ്‌. നിങ്ങളുടെ ഏതൽക്കാല ക്ഷേമവും നിങ്ങളുടെ സകല ഭാവിപ്രതീക്ഷകളും ആശ്രയിച്ചിരിക്കുന്നത്‌ അവനെയാണ്‌. അത്തരമൊരു ബന്ധം നമ്മിലാർക്കും നിസ്സാരമായി എടുക്കാവുന്ന ഒന്നല്ല. നാം അതു സഹിതമല്ല ജനിച്ചിരിക്കുന്നത്‌. നമ്മളെല്ലാം പാപിയായ ആദാമിന്റെ സന്തതികളാണ്‌, തന്നിമിത്തം നാം ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട ഒരു മാനുഷകുടുംബത്തിലാണ്‌ ജനിച്ചത്‌. യഹോവയുടെ പ്രീതി നേടുന്നതിന്‌, നാം അവനോട്‌ നിരപ്പിലാകേണ്ട ആവശ്യമുണ്ട്‌. ഇത്‌ അവന്റെ പുത്രന്റെ ബലിയിലൂടെ അവൻ ചെയ്‌തിരിക്കുന്ന സ്‌നേഹപൂർവ്വകമായ കരുതലിലുളള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ സാധ്യമാകുകയുളളു. യേശുതന്നെ പറഞ്ഞതുപോലെ: “ഞാൻ വഴിയും സത്യവും ജീവനുമാകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ വരുന്നില്ല.”—യോഹന്നാൻ 14:6.

45. (എ) നാം ആദ്യമായി ജീവനെ സംബന്ധിച്ചും നമ്മുടെ ജീവനെ വിനിയോഗിക്കേണ്ട വിധത്തെ സംബന്ധിച്ചും എന്തു വിലമതിക്കേണ്ട ആവശ്യമുണ്ട്‌? (വെളിപ്പാട്‌ 4:11) (ബി) യഹോവയെ പ്രസാദിപ്പിക്കുന്നതിന്‌ നാം വ്യക്തിപരമായി അവനെക്കുറിച്ച്‌ എങ്ങനെ വിചാരിക്കണം? (സി) ജലസ്‌നാനം പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌, ഒരു വ്യക്തി സ്‌നാനമേൽക്കാൻ തയ്യാറാകുന്നതിനു മുൻപ്‌ എന്താവശ്യമാണ്‌? (മത്തായി 28:19, 20)

45 നാം നമ്മുടെ ജീവനുവേണ്ടി ദൈവത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും ദൈവത്തോടുളള അനുസരണത്തിൽ നമ്മുടെ ജീവനെ വിനിയോഗിക്കുന്നതിലുളള ഏതു പരാജയവും തെററാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്‌. ദൈവത്തിന്റെ ഇഷ്ടത്തിന്‌ ചേർച്ചയായി നമ്മുടെ ജീവിതത്തെ ഉപയോഗിക്കുന്നതിലുളള കഴിഞ്ഞകാലത്തെ ഏതെങ്കിലും പരാജയത്തിൽ നാം ആത്മാർത്ഥമായി ഖേദിക്കുന്നുവെങ്കിൽ നാം ആ തെററായഗതി ഉപേക്ഷിക്കുകയും നമ്മുടെ ജീവിതത്തെ ദൈവേഷ്ടത്തിന്‌ അനുയോജ്യമാക്കുകയും ചെയ്യും. ഇതിൽ തന്റെ ശിഷ്യൻമാർ ചെയ്യേണ്ടതാണെന്ന്‌ യേശു പറഞ്ഞത്‌ ചെയ്യുന്നത്‌ ഉൾപ്പെടുന്നു, അതായത്‌ ‘തങ്ങളേത്തന്നെ ത്യജിക്കൽ.’ (മത്തായി 16:24) ഇതു ചെയ്യുന്നയാളിന്‌ ദൈവേഷ്ടത്തിൽ താല്‌പര്യമില്ലാതെ സ്വന്തം സ്വാർത്ഥമോഹങ്ങളെ തൃപ്‌തിപ്പെടുത്താൻ മാത്രം തന്റെ ജീവിതത്തെ നയിക്കാൻ “അവകാശ”മുണ്ടെന്ന്‌ മേലാൽ അയാൾ അവകാശപ്പെടുന്നില്ല. പകരം, അയാൾ ദൈവത്തിന്റെ പുത്രനാൽ നിർദ്ദേശിക്കപ്പെടുന്ന പ്രകാരം അവന്റെ ഇഷ്ടം ചെയ്യുന്നതിന്‌ തന്നേത്തന്നെ പൂർണ്ണമായി കീഴ്‌പെടുത്തുന്നു. അയാൾ ഇതു ചെയ്യുന്നത്‌ അതു ശരിയായിരിക്കുന്നതുകൊണ്ടും യഹോവ ചെയ്യുന്ന എന്തിനും നല്ലതും നീതിപൂർവ്വകവുമായ ഒരു ഉദ്ദേശ്യമുണ്ടെന്നും നാം നീതിയെ സ്‌നേഹിക്കുന്നുവെങ്കിൽ ദൈവം ചെയ്യുന്നത്‌ നമ്മുടെ അനുഗ്രഹത്തിൽ കലാശിക്കുമെന്നും അയാൾക്ക്‌ ബോദ്ധ്യപ്പെട്ടിരിക്കുന്നതുകൊണ്ടുമാകുന്നു. അയാൾ യഥാർത്ഥമായി യഹോവയെ തന്റെ പൂർണ്ണഹൃദയത്തോടും മനസ്സോടും ദേഹിയോടും ശക്തിയോടും കൂടെ’ സ്‌നേഹിക്കുന്നു. (മർക്കോസ്‌ 12:29, 30) സ്വന്തം ഹൃദയത്തിൽ അയാൾ അങ്ങനെയൊരു പ്രതിജ്ഞ ചെയ്‌തിരിക്കുന്നതുകൊണ്ട്‌ യേശുക്രിസ്‌തുവിനെ അനുകരിച്ചുകൊണ്ടും അവൻ തന്റെ ശിഷ്യൻമാർക്കു കൊടുത്ത നിർദ്ദേശങ്ങളനുസരിച്ചുകൊണ്ടും തന്നേത്തന്നെ പരസ്യ ജലസ്‌നാനത്തിന്‌ ഏൽപ്പിച്ചുകൊടുക്കാൻ അയാൾ തയ്യാറാണ്‌. ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വിധത്തിൽ മാത്രമേ ഒരുവന്‌ സത്യദൈവവുമായുളള ഒരു അംഗീകൃതബന്ധത്തിലേക്കു വരാനും അവന്റെ ദാസൻമാരനുഭവിക്കുന്ന സുരക്ഷിതത്വത്തിൽ പങ്കുപററാനും കഴിയുകയുളളു.

46. നാം യഹോവയെ യഥാർത്ഥത്തിൽ നമ്മുടെ ഭരണാധിപനായി ആഗ്രഹിക്കുന്നുവെന്ന്‌ എങ്ങനെ പ്രകടമാക്കുന്നു?

46 അതിനുശേഷം സാത്താൻ ശുപാർശ ചെയ്യുന്ന സ്വതന്ത്രഗതിയെ നിങ്ങൾ യഥാർത്ഥമായി നിരസിച്ചിരിക്കുന്നുവെന്നും നിങ്ങൾ നൻമയും തിൻമയും സംബന്ധിച്ച സ്വന്തം പ്രമാണംവെക്കുന്നില്ലെന്നും നിങ്ങൾ നിങ്ങളുടെ ഭരണാധികാരിയെന്നനിലയിൽ യഹോവയെ യഥാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും പ്രകടമാക്കുന്നതിൽ തുടരുന്നത്‌ മർമ്മപ്രധാനമാണ്‌. നിങ്ങൾ സദൃശവാക്യങ്ങൾ 3:5, 6 പ്രസ്‌താവിച്ചിരിക്കുന്നതുപോലെ ചെയ്യേണ്ടയാവശ്യമുണ്ട്‌: “നിന്റെ മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക, സ്വന്തം വിവേകത്തിൽ ഊന്നരുത്‌. നിന്റെ എല്ലാ വഴികളിലും അവനെ പരിഗണിക്കുക, അവൻ തന്നെ നിന്റെ പാതകളെ നേരെയാക്കും.” അതെ, അവൻ നിന്റെ പാതകളെ യഥാർത്ഥവും നിലനിൽക്കുന്നതുമായ സുരക്ഷിതത്വത്തിന്റെ മാർഗ്ഗത്തിൽ നയിക്കും.

47. യഹോവയുടെ സ്‌നേഹപൂർവ്വകമായ കരുതലുകളെ യഥാർത്ഥമായി അംഗീകരിക്കുന്നവർക്ക്‌ ഏതു സുരക്ഷിതത്വം സിദ്ധിക്കുന്നു?

47 യഹോവ മനുഷ്യവർഗ്ഗത്തിനുവേണ്ടി ചെയ്‌തിരിക്കുന്ന സ്‌നേഹപൂർവ്വകമായ കരുതലുകളെ സത്യമായി സ്വീകരിക്കുകതന്നെ ചെയ്യുന്ന എല്ലാവർക്കും എത്ര മഹത്തായ അനുഗ്രഹങ്ങളാണു വരുന്നത്‌! അവന്റെ ഭരണാധിപത്യത്തിൻ കീഴിൽ ഉറച്ച നില സ്വീകരിക്കുന്നതിനാൽ അവർ ഇപ്പോൾ കാത്തുസൂക്ഷിക്കപ്പെടുന്നു, അവർക്ക്‌ ഭാവിക്കുവേണ്ടി ഉറപ്പുളള പ്രതീക്ഷകളുണ്ട്‌. യഹോവയുടെ സ്‌നേഹദയയും അവന്റെ സത്യതയും നിമിത്തം, ദൈവപുത്രനായ യേശുക്രിസ്‌തുവിന്റെ കൈകളിലെ ദൈവരാജ്യത്തിൻ കീഴിൽ മനുഷ്യവർഗ്ഗത്തിനു കൈവരുന്ന പൂർണ്ണ സംതൃപ്‌തി നൽകുന്ന സുരക്ഷിതത്വത്തിൽ അവർ പങ്കുപററുന്നതായിരിക്കും.

[അടിക്കുറിപ്പുകൾ]

a മററു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം, ഈ പ്രസിദ്ധീകരണത്തിലെ തിരുവെഴുത്തുദ്ധരണികൾ ആധുനികഭാഷയിലുളള ‘വിശുദ്ധതിരുവെഴുത്തുകളുടെ പുതിയ ലോകഭാഷാന്തര’ത്തിൽനിന്നുളളവയാണ്‌.

b ‘ന്യൂ ഇംഗ്ലീഷ്‌ ബൈബിളി’ൽ വിവർത്തകൻമാർ ഉപയോഗിക്കുന്ന ഈ മാർഗ്ഗം സങ്കീർത്തനം 135:5-ലും നെഹെമ്യാവ്‌ 10:29-ലും മെച്ചമായി കാണാൻ കഴിയും.

[അധ്യയന ചോദ്യങ്ങൾ]

[4-ാം പേജിലെ ചിത്രം]

ഇപ്പോൾ ജീവിക്കുന്ന ആളുകൾ പട്ടിണി ഇല്ലാത്ത നാൾ കാണും

[7-ാം പേജിലെ ചിത്രം]

ഭാവിയെ സംബന്ധിച്ച നമ്മുടെ പ്രതീക്ഷകൾ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനെ ആശ്രയിച്ചിരിക്കുന്നു

[13-ാം പേജിലെ ചിത്രം]

നമ്മുടെ ആദ്യമാതാപിതാക്കളെ സംബന്ധിച്ചുളള ബൈബിൾ രേഖ ഇന്ന്‌ അരക്ഷിതത്വം ജീവിതത്തെ താറുമാറാക്കുന്നതിന്റെ കാരണം കാണിച്ചുതരുന്നു

[22-ാം പേജിലെ ചിത്രം]

ദൈവരാജ്യത്തിൻ കീഴിൽ കുററകൃത്യത്തിനും, ഒരുവന്റെ വസ്‌തുവിനും ജീവനും നേരിടുന്ന അപകടത്തിനും അറുതി ഉണ്ടാകും

[24-ാം പേജിലെ ചിത്രം]

രോഗവും മരണവും നീക്കംചെയ്യപ്പെടുമെന്ന്‌—അതെ, മരിച്ച പ്രിയപ്പെട്ടവർപോലും വീണ്ടും ജീവിക്കുന്നതിന്‌ ഉയിർപ്പിക്കപ്പെടുമെന്ന്‌—ദൈവവചനം വാഗ്‌ദത്തം ചെയ്യുന്നു