വിവരങ്ങള്‍ കാണിക്കുക

ഭാഗം 5

മായാ​ജാ​ല​ത്തി​ന്റെ​യും മന്ത്രവാ​ദ​ത്തി​ന്റെ​യും ആഭിചാ​ര​ത്തി​ന്റെ​യും പിന്നിലെ അപകടങ്ങൾ

മായാ​ജാ​ല​ത്തി​ന്റെ​യും മന്ത്രവാ​ദ​ത്തി​ന്റെ​യും ആഭിചാ​ര​ത്തി​ന്റെ​യും പിന്നിലെ അപകടങ്ങൾ

1. മാന്ത്രി​ക​വി​ദ്യ, ആഭിചാ​രം, ദുർമ​ന്ത്ര​വാ​ദം എന്നിവ​യെ​ക്കു​റി​ച്ചുള്ള വിശ്വാ​സം എത്ര​ത്തോ​ളം വ്യാപ​ക​മാണ്‌?

“മന്ത്രവാ​ദം ഉണ്ടോ ഇല്ലയോ എന്ന ചോദ്യ​ത്തിന്‌ ആഫ്രി​ക്ക​യിൽ ഒരു പ്രസക്തി​യു​മില്ല,”എന്ന്‌ ആഫ്രി​ക്ക​യു​ടെ പരമ്പരാ​ഗ​ത​മതം എന്ന പുസ്‌തകം പറയുന്നു. “ആഫ്രി​ക്ക​യി​ലെ എല്ലാ വിഭാഗം ആളുക​ളും മന്ത്രവാ​ദ​ത്തിൽ വിശ്വ​സി​ക്കു​ന്ന​വ​രാണ്‌” എന്നും ആ പുസ്‌തകം പറയുന്നു. മാന്ത്രി​ക​വി​ദ്യ, ആഭിചാ​രം, ദുർമ​ന്ത്ര​വാ​ദം ഇവയി​ലൊ​ക്കെ വിശ്വ​സി​ക്കു​ന്ന​വ​രിൽ തീരെ വിദ്യാ​ഭ്യാ​സം കുറഞ്ഞ​വ​രും ഉയർന്ന വിദ്യാ​ഭ്യാ​സം നേടി​യ​വ​രും ഒക്കെ ഉണ്ട്‌. ഇസ്ലാം മതത്തി​ലെ​യും ക്രൈ​സ്‌ത​വ​മ​ത​ത്തി​ലെ​യും ചില മതനേ​താ​ക്ക​ന്മാർ പോലും മന്ത്രവാ​ദ​ത്തിൽ വിശ്വ​സി​ക്കു​ന്ന​വ​രാണ്‌.

2. പ്രചാ​ര​മുള്ള ഒരു വിശ്വാ​സ​മ​നു​സ​രിച്ച്‌ മാന്ത്രി​ക​ശക്തി എവി​ടെ​നി​ന്നാ​ണു കിട്ടു​ന്നത്‌?

2 ആഫ്രിക്കയിൽ പ്രചാ​ര​മുള്ള ഒരു വിശ്വാ​സ​മ​നു​സ​രിച്ച്‌, അജ്ഞാത​മായ ഒരു ആത്മശക്തി നിലവി​ലുണ്ട്‌. ആ വിശ്വാ​സ​മ​നു​സ​രിച്ച്‌ ദൈവ​ത്തിന്‌ അതിന്റെ മേൽ നിയ​ന്ത്ര​ണ​മുണ്ട്‌. ആത്മാക്കൾക്കും മരിച്ചു​പോയ പൂർവി​കർക്കും ആ ശക്തി ഉപയോ​ഗി​ക്കാ​നാ​കു​മെ​ന്നും കരുത​പ്പെ​ടു​ന്നു. ദുർമ​ന്ത്ര​വാ​ദ​ത്തി​നു​വേ​ണ്ടി​യോ നല്ല ഉദ്ദേശ്യ​ത്തോ​ടെ​യുള്ള മന്ത്രവാ​ദ​ത്തി​നു​വേ​ണ്ടി​യോ ഈ ശക്തി എങ്ങനെ ഉപയോ​ഗി​ക്കാ​മെന്നു ചില മനുഷ്യർക്കും അറിയാം.

3. എന്താണു ദുർമ​ന്ത്ര​വാ​ദം, ദുർമ​ന്ത്ര​വാ​ദ​ത്തി​ലൂ​ടെ എന്തൊക്കെ സംഭവി​ക്കു​മെന്ന്‌ ആളുകൾ വിശ്വ​സി​ക്കു​ന്നു?

3 ദുർമന്ത്രവാദം അല്ലെങ്കിൽ ആഭിചാ​രം ശത്രു​ക്കൾക്കെ​തി​രെ​യാ​ണു പ്രയോ​ഗി​ക്കു​ന്നത്‌. ദുർമ​ന്ത്ര​വാ​ദി​കൾക്ക്‌ വവ്വാലു​കൾ, പക്ഷികൾ, ഈച്ചകൾ, മറ്റു മൃഗങ്ങൾ എന്നിവയെ ഉപയോ​ഗിച്ച്‌ ആളുകളെ ആക്രമി​ക്കാൻ കഴിയു​മെന്നു കരുത​പ്പെ​ടു​ന്നു. ഇനി, അസുഖം ബാധി​ക്കു​ക​യോ വന്ധ്യത​യു​ണ്ടാ​കു​ക​യോ ആക്രമി​ക്ക​പ്പെ​ടു​ക​യോ അല്ലെങ്കിൽ മരിക്കു​ക​യോ​പോ​ലും ചെയ്യു​മ്പോൾ അതൊക്കെ ആരെങ്കി​ലും ദുർമ​ന്ത്ര​വാ​ദം ചെയ്‌ത​തു​കൊ​ണ്ടാ​ണെന്ന്‌ ആളുകൾ വിശ്വ​സി​ക്കു​ന്നു.

4. ദുർമ​ന്ത്ര​വാ​ദി​ക​ളെ​ക്കു​റിച്ച്‌ പലരും എന്താണു വിശ്വ​സി​ക്കു​ന്നത്‌, മുമ്പ്‌ മന്ത്രവാ​ദം നടത്തി​യി​ട്ടുള്ള പലരും എന്തു കുറ്റസ​മ്മ​ത​മാ​ണു നടത്തി​യത്‌?

4 ദുർമന്ത്രവാദത്തിന്‌ മറ്റൊരു രൂപവും ഉണ്ട്‌. ദുർമ​ന്ത്ര​വാ​ദി​കൾക്കു രാത്രി​യിൽ തങ്ങളുടെ ശരീരം വിട്ട്‌ പറക്കാ​നും മറ്റു ദുർമ​ന്ത്ര​വാ​ദി​ക​ളു​മാ​യി കൂടി​ക്കാ​ണാ​നും ആളുക​ളു​ടെ ജീവൻ അപായ​പ്പെ​ടു​ത്താ​നും കഴിയു​മെന്നു കരുത​പ്പെ​ടു​ന്നു. പക്ഷേ അപ്പോ​ഴും അവരുടെ ശരീരം കട്ടിലിൽത്തന്നെ ഉണ്ടായി​രി​ക്കു​മ​ത്രേ. ഇത്തരം കഥക​ളൊ​ക്കെ ആളുകൾ അറിയു​ന്നതു ദുർമ​ന്ത്ര​വാ​ദം ഉപേക്ഷി​ച്ച​വ​രു​ടെ ഏറ്റുപ​റ​ച്ചി​ലു​ക​ളിൽനി​ന്നാണ്‌. ഉദാഹ​ര​ണ​ത്തിന്‌, മുൻമ​ന്ത്ര​വാ​ദി​കൾ (കൂടു​ത​ലും കൗമാ​ര​പ്രാ​യ​ത്തി​ലുള്ള പെൺകു​ട്ടി​കൾ) ഇങ്ങനെ പറയു​ന്ന​താ​യി ആഫ്രി​ക്ക​യി​ലെ ഒരു മാസിക രേഖ​പ്പെ​ടു​ത്തു​ന്നു: “വാഹനാ​പ​ക​ട​ത്തിന്‌ ഇടയാ​ക്കി​ക്കൊണ്ട്‌ ഞാൻ 150 പേരെ കൊന്നു.” “രക്തം മുഴുവൻ ഊറ്റി​ക്കു​ടി​ച്ചു​കൊണ്ട്‌ അഞ്ചു കുട്ടി​കളെ ഞാൻ കൊന്നു.” “എന്നെ വഞ്ചിച്ച മൂന്നു കാമു​ക​ന്മാ​രെ ഞാൻ കൊന്നു.”

5. എന്താണ്‌ സദ്‌മ​ന്ത്ര​വാ​ദം, ഇതു ചെയ്യു​ന്ന​വ​രു​ടെ രീതികൾ എന്തൊ​ക്കെ​യാണ്‌?

5 നല്ല ഉദ്ദേശ്യ​ത്തോ​ടെ​യുള്ള മന്ത്രവാ​ദം അഥവാ സദ്‌മ​ന്ത്ര​വാ​ദം ദുഷ്ടശ​ക്തി​ക​ളിൽനിന്ന്‌ സംരക്ഷണം തരു​മെന്ന്‌ ആളുകൾ വിശ്വ​സി​ക്കു​ന്നു. സദ്‌മ​ന്ത്ര​വാ​ദം ചെയ്യു​ന്നവർ മാന്ത്രി​ക​ത്ത​കി​ടോ മന്ത്ര​മോ​തി​ര​ങ്ങ​ളോ ഒക്കെ ധരിക്കു​ന്നു. അവർ സംരക്ഷ​ണ​ത്തി​നു​വേണ്ടി ചില മരുന്നു​കൾ കഴിക്കു​ക​യോ ദേഹത്ത്‌ പുരട്ടു​ക​യോ ചെയ്യാ​റുണ്ട്‌. ഇനി, സംരക്ഷ​ണ​ശ​ക്തി​യു​ണ്ടെന്നു വിശ്വ​സി​ക്കുന്ന വസ്‌തു​ക്കൾ വീട്ടി​ലോ പറമ്പി​ലോ സൂക്ഷി​ക്കുന്ന രീതി​യും അവർക്കുണ്ട്‌. ബൈബി​ളിൽനി​ന്നോ ഖുറാ​നിൽനി​ന്നോ ഉള്ള വചനങ്ങൾ എഴുതിയ ഏലസ്സു​ക​ളും അവർ ധരിക്കു​ന്നു.

നുണയും വഞ്ചനയും

6. സാത്താ​നും അവന്റെ ഭൂതങ്ങ​ളും മുൻകാ​ല​ങ്ങ​ളിൽ എന്തു ചെയ്‌തി​ട്ടുണ്ട്‌, അവയുടെ ശക്തി​യെ​ക്കു​റിച്ച്‌ നമ്മൾ എന്തു മനസ്സി​ലാ​ക്കണം?

6 സാത്താനും അവന്റെ ഭൂതങ്ങ​ളും മനുഷ്യ​രു​ടെ അപകട​കാ​രി​ക​ളായ ശത്രു​ക്കൾത്ത​ന്നെ​യാണ്‌. ആളുക​ളു​ടെ ചിന്തക​ളെ​യും ജീവി​ത​ത്തെ​യും സ്വാധീ​നി​ക്കാ​നുള്ള ശക്തി അവർക്കുണ്ട്‌. കൂടാതെ, മുൻകാ​ല​ങ്ങ​ളിൽ അവർ മനുഷ്യ​രി​ലും മൃഗങ്ങ​ളി​ലും പ്രവേ​ശി​ക്കു​ക​യും അവയുടെ നിയ​ന്ത്രണം ഏറ്റെടു​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. (മത്തായി 12:43-45) നമ്മൾ അവയുടെ ശക്തി കുറച്ചു​കാ​ണ​രുത്‌. എന്നാൽ അവയുടെ ശക്തി ഒരുപാട്‌ പെരു​പ്പി​ച്ചു​കാ​ണേണ്ട ആവശ്യ​വു​മില്ല.

7. നമ്മൾ എന്തു വിശ്വ​സി​ക്ക​ണ​മെ​ന്നാ​ണു സാത്താന്റെ ആഗ്രഹം, നമുക്ക്‌ അത്‌ എങ്ങനെ ഒരു ഉദാഹ​ര​ണ​ത്തി​ലൂ​ടെ പറയാം?

7 വഞ്ചന കാണി​ക്കു​ന്ന​തിൽ വിദഗ്‌ധ​നാ​ണു സാത്താൻ. യഥാർഥ​ത്തിൽ തനിക്കി​ല്ലാത്ത ശക്തിയും കഴിവു​ക​ളും ഒക്കെ ഉണ്ടെന്നു വിശ്വ​സി​പ്പിച്ച്‌ സാത്താൻ ആളുകളെ വിഡ്‌ഢി​ക​ളാ​ക്കു​ക​യാണ്‌. ഒരു ഉദാഹ​ര​ണ​ത്തി​ലൂ​ടെ അതു മനസ്സി​ലാ​ക്കാം: ആഫ്രിക്കൻ രാജ്യത്ത്‌ നടന്ന ഒരു ഏറ്റുമു​ട്ട​ലിൽ, ശത്രു​ക്കളെ ഭയപ്പെ​ടു​ത്താൻ സൈനി​കർ വലിയ ശബ്ദോ​പ​ക​ര​ണങ്ങൾ ഉപയോ​ഗി​ച്ചു. ആക്രമി​ക്കു​ന്ന​തി​നു മുമ്പ്‌ സൈനി​കർ പീരങ്കി​യു​ടെ​യും വെടി​യൊ​ച്ച​യു​ടെ​യും വലിയ ശബ്ദത്തി​ലുള്ള റെക്കോർഡി​ങ്ങു​കൾ കേൾപ്പി​ച്ചി​രു​ന്നു. ശക്തമായ ആയുധ​ങ്ങ​ളു​മാ​യി​ട്ടാ​ണു തങ്ങൾ ആക്രമി​ക്കാൻ വരുന്ന​തെന്നു ശത്രു​ക്കളെ തെറ്റി​ദ്ധ​രി​പ്പി​ക്കാ​നാണ്‌ അവർ ഇങ്ങനെ ചെയ്‌തത്‌. ഇതുത​ന്നെ​യാ​ണു സാത്താ​നും ചെയ്യു​ന്നത്‌. തനിക്ക്‌ അപാര​മായ ശക്തിയു​ണ്ടെന്ന്‌ ആളുകൾ വിശ്വ​സി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. ആളുകൾ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തി​നു പകരം തന്റെ ഇഷ്ടം ചെയ്യണം. അതിനു​വേ​ണ്ടി​യാണ്‌ അവൻ ആളുകളെ ഇങ്ങനെ പേടി​പ്പിച്ച്‌ നിറു​ത്തു​ന്നത്‌. സാത്താൻ ആളുകളെ വിശ്വ​സി​പ്പി​ക്കാൻ ശ്രമി​ക്കുന്ന മൂന്നു നുണകൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

8. സാത്താൻ പ്രചരി​പ്പി​ക്കുന്ന ഒരു നുണ എന്താണ്‌?

8 സാത്താൻ പ്രചരി​പ്പി​ക്കുന്ന ഒരു നുണ ഇതാണ്‌: മോശ​മായ സംഭവ​ങ്ങ​ളൊ​ന്നും യാദൃ​ശ്ചി​ക​മാ​യി നടക്കു​ന്നതല്ല. അതായത്‌, നമ്മുടെ ജീവി​ത​ത്തിൽ നടക്കുന്ന ദുരന്ത​ങ്ങൾക്കു വ്യക്തി​കളല്ല കാരണ​ക്കാ​രെ​ങ്കിൽ പിന്നെ സംശയി​ക്കേണ്ടാ, അതിന്റെ പിന്നിൽ ഒരു അജ്ഞാത​ശ​ക്തി​യുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, മലേറിയ വന്ന്‌ ഒരു കുട്ടി മരിച്ചു​പോ​കു​ന്നെന്നു വിചാ​രി​ക്കുക. മലേറിയ എന്നു പറയു​ന്നത്‌ കൊതു​കു​കൾ പരത്തുന്ന രോഗ​മാ​ണെന്ന്‌ ആ കുട്ടി​യു​ടെ അമ്മയ്‌ക്ക്‌ അറിയാ​മാ​യി​രി​ക്കും. പക്ഷേ ആരോ മന്ത്രവാ​ദം ചെയ്‌ത്‌ കൊതു​കി​നെ അയച്ചതാ​ണെ​ന്നും ആ അമ്മ വിശ്വ​സി​ച്ചേ​ക്കാം.

മോശമായ ചില കാര്യങ്ങൾ യാദൃ​ശ്ചി​ക​മാ​യി സംഭവി​ക്കു​ന്നെന്നേ ഉള്ളൂ

9. എല്ലാ പ്രശ്‌ന​ങ്ങൾക്കും കാരണം സാത്താ​ന​ല്ലെന്നു ബൈബിൾ കാണി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

9 ചില പ്രശ്‌ന​ങ്ങ​ളൊ​ക്കെ സൃഷ്ടി​ക്കാ​നുള്ള കഴിവ്‌ സാത്താ​നുണ്ട്‌ എന്നത്‌ ശരിയാണ്‌. പക്ഷേ എല്ലാ പ്രശ്‌ന​ങ്ങ​ളു​ടെ​യും പിന്നിൽ സാത്താ​നാ​ണെന്നു വിചാ​രി​ക്കേണ്ട. ബൈബിൾ പറയുന്നു: “വേഗമു​ള്ളവർ ഓട്ടത്തി​ലും ബലമു​ള്ളവർ പോരാ​ട്ട​ത്തി​ലും എപ്പോ​ഴും വിജയി​ക്കു​ന്നില്ല. എപ്പോ​ഴും ജ്ഞാനി​കൾക്കല്ല ഭക്ഷണം, ബുദ്ധി​മാ​ന്മാർക്കല്ല സമ്പത്ത്‌. അറിവു​ള്ളവർ എപ്പോ​ഴും വിജയി​ക്കു​ന്നു​മില്ല. കാരണം, സമയവും അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളും അവരെ​യെ​ല്ലാം പിടി​കൂ​ടു​ന്നു.” (സഭാ​പ്ര​സം​ഗകൻ 9:11) ഓട്ടമ​ത്സ​ര​ത്തിൽ ഒരാൾക്ക്‌ മറ്റെല്ലാ​വ​രെ​ക്കാ​ളും വേഗത്തിൽ ഓടാൻ കഴിയു​മാ​യി​രി​ക്കും. പക്ഷേ അദ്ദേഹം വിജയി​ക്ക​ണ​മെന്നു നിർബ​ന്ധ​മു​ണ്ടോ? ഇല്ല. ‘അപ്രതീ​ക്ഷി​ത​സം​ഭ​വങ്ങൾ’ കാരണം അദ്ദേഹം പരാജ​യ​പ്പെ​ട്ടെ​ന്നു​വ​രാം. ചില​പ്പോൾ ഓട്ടത്തി​നി​ട​യിൽ തട്ടി വീണേ​ക്കാം, വയ്യാതാ​യേ​ക്കാം, മസ്സിൽ കയറി​യേ​ക്കാം. ആർക്കു​വേ​ണ​മെ​ങ്കി​ലും ഇതൊക്കെ സംഭവി​ക്കാം. അതിന്റെ പിന്നിൽ സാത്താ​നോ ദുർമ​ന്ത്ര​വാ​ദ​മോ ഒന്നും ആയിരി​ക്ക​ണ​മെ​ന്നില്ല. അതൊക്കെ അങ്ങ്‌ സംഭവി​ക്കു​ന്നെന്നേ ഉള്ളൂ.

10. മന്ത്രവാ​ദി​ക​ളെ​ക്കു​റിച്ച്‌ എന്തെല്ലാം കഥകളുണ്ട്‌, അത്‌ നുണയാ​ണെന്നു നമുക്ക്‌ എങ്ങനെ അറിയാം?

10 സാത്താൻ പ്രചരി​പ്പി​ക്കുന്ന രണ്ടാമത്തെ നുണ ഇതാണ്‌: മന്ത്രവാ​ദി​കൾ രാത്രി​യിൽ തങ്ങളുടെ ശരീരം വിട്ട്‌ മറ്റു മന്ത്രവാ​ദി​ക​ളു​മാ​യി കൂടി​ക്കാ​ണാ​നോ ശത്രു​ക്ക​ളു​ടെ രക്തം ഊറ്റി​ക്കു​ടി​ക്കാ​നോ അവരുടെ ജീവൻ അപായ​പ്പെ​ടു​ത്താ​നോ ഒക്കെ പോകാ​റുണ്ട്‌. പക്ഷേ ഒന്നു ചിന്തി​ക്കുക: മന്ത്രവാ​ദി​കൾക്ക്‌ അങ്ങനെ ചെയ്യാൻ കഴിയും എന്നുത​ന്നെ​യി​രി​ക്കട്ടെ. വാസ്‌ത​വ​ത്തിൽ അപ്പോൾ അവരുടെ ശരീരം വിട്ടു​പോ​കു​ന്നത്‌ എന്താണ്‌? അതു ദേഹി​യാ​യി​രി​ക്കു​മോ? അല്ല. കാരണം ദേഹി എന്നു പറയു​ന്നത്‌ ആ വ്യക്തി തന്നെയാണ്‌ എന്നു നമ്മൾ കണ്ടുക​ഴി​ഞ്ഞു. ദേഹിക്ക്‌ ഒരു മനുഷ്യ​നെ വിട്ട്‌ പുറത്തു​പോ​കാ​നാ​കില്ല. ഇനി, അത്‌ ആത്മാവാ​യി​രി​ക്കു​മോ? അതുമല്ല. കാരണം ആത്മാവ്‌ എന്നു പറയു​ന്നതു ശരീര​ത്തിന്‌ ഊർജം പകരുന്ന ജീവശ​ക്തി​യാണ്‌. അതിനു തനിയെ ഒന്നും ചെയ്യാ​നാ​കില്ല.

ദുർമന്ത്രവാദികൾക്ക്‌ അവരുടെ ശരീരം വിട്ട്‌ പോകാ​നാ​കി​ല്ല

11. മന്ത്രവാ​ദി​കൾക്ക്‌ ശരീരം വിട്ട്‌ പോകാ​നാ​കി​ല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം, നിങ്ങൾ അതു വിശ്വ​സി​ക്കു​ന്നു​ണ്ടോ?

11 ദേഹിക്കോ ആത്മാവി​നോ ശരീരം വിട്ട്‌ പുറത്തു​പോ​കാ​നാ​കില്ല. അവയ്‌ക്കു നല്ലതാ​കട്ടെ ചീത്തയാ​കട്ടെ ഒന്നും ചെയ്യാ​നു​മാ​കില്ല. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, മന്ത്രവാ​ദി​കൾക്ക്‌ അവരുടെ ശരീരം വിട്ട്‌ പോകാ​നാ​കില്ല. തങ്ങൾ ചെയ്‌തെന്ന്‌ അവകാ​ശ​പ്പെ​ടുന്ന കാര്യങ്ങൾ ശരിക്കും അവർ ചെയ്‌തി​ട്ടില്ല. അത്‌ അവരുടെ തോന്നൽ മാത്ര​മാണ്‌.

12. ആളുകൾ ചെയ്‌തി​ട്ടി​ല്ലാത്ത പല കാര്യ​ങ്ങ​ളും അവർ ചെയ്‌തെന്നു വിശ്വ​സി​പ്പി​ക്കാൻ സാത്താനു കഴിയു​ന്നത്‌ എങ്ങനെ​യാണ്‌?

12 അങ്ങനെയെങ്കിൽ തങ്ങൾ ഇങ്ങനെ​യെ​ല്ലാം ചെയ്‌തെന്നു മന്ത്രവാ​ദി​കൾ ഉറപ്പിച്ച്‌ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ആളുകൾ ചെയ്‌തി​ട്ടി​ല്ലാത്ത പല കാര്യ​ങ്ങ​ളും അവർ ചെയ്‌ത​താ​ണെന്നു വിശ്വ​സി​പ്പി​ക്കാൻ സാത്താനു കഴിയും. ദർശന​ങ്ങ​ളി​ലൂ​ടെ സാത്താന്‌ അങ്ങനെ തോന്നി​പ്പി​ക്കാ​നാ​കും. അപ്പോൾ കണ്ടിട്ടി​ല്ലാത്ത കാര്യങ്ങൾ കണ്ടെന്നും കേട്ടി​ട്ടി​ല്ലാത്ത കാര്യങ്ങൾ കേട്ടെ​ന്നും ചെയ്‌തി​ട്ടി​ല്ലാത്ത കാര്യങ്ങൾ ചെയ്‌തെ​ന്നും ഒക്കെ അവർക്കു തോന്നും. എങ്ങനെ​യും ആളുകളെ യഹോ​വ​യിൽനിന്ന്‌ അകറ്റാ​നും ബൈബിൾ തെറ്റാ​ണെന്നു വിശ്വ​സി​പ്പി​ക്കാ​നും ആണ്‌ സാത്താൻ ഇതിലൂ​ടെ ശ്രമി​ക്കു​ന്നത്‌.

13. (എ) സദ്‌മ​ന്ത്ര​വാ​ദം നല്ലതാ​ണോ? (ബി) മന്ത്രവാ​ദ​ത്തെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​കൾ എന്താണു പറയു​ന്നത്‌?

13 മൂന്നാമത്തെ നുണ ഇതാണ്‌: ദുർമ​ന്ത്ര​വാ​ദത്തെ പ്രതി​രോ​ധി​ക്കാൻ കഴിവു​ണ്ടെന്നു പറയ​പ്പെ​ടുന്ന സദ്‌മ​ന്ത്ര​വാ​ദം നല്ലതാണ്‌. എന്നാൽ ബൈബിൾ ദുർമ​ന്ത്ര​വാ​ദ​വും സദ്‌മ​ന്ത്ര​വാ​ദ​വും ഉൾപ്പെടെ മന്ത്രവാ​ദ​ത്തി​ന്റെ എല്ലാ രീതി​ക​ളെ​യും കുറ്റം വിധി​ക്കു​ന്നു. മന്ത്രവാ​ദ​ത്തെ​ക്കു​റി​ച്ചും മന്ത്രവാ​ദി​ക​ളെ​ക്കു​റി​ച്ചും യഹോവ ഇസ്രാ​യേൽ ജനത്തിനു കൊടുത്ത നിയമങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

  • ‘നിങ്ങൾ മന്ത്രവാ​ദം ചെയ്യരുത്‌.’—ലേവ്യ 19:26.

  • “ആത്മാക്ക​ളു​ടെ ഉപദേശം തേടു​ക​യോ ഭാവി പറയു​ക​യോ ചെയ്യുന്ന ഏതൊരു പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും കൊന്നു​ക​ള​യണം.”—ലേവ്യ 20:27.

  • ‘മന്ത്രവാ​ദി, ശകുനം നോക്കു​ന്നവൻ, ആഭിചാ​രകൻ, മന്ത്രവി​ദ്യ​യാൽ ആളുകളെ ദ്രോ​ഹി​ക്കു​ന്നവൻ, ആത്മാക്ക​ളു​ടെ ഉപദേശം തേടു​ന്ന​വന്റെ സഹായം തേടു​ന്നവൻ എന്നിങ്ങ​നെ​യു​ള്ളവർ നിങ്ങൾക്കി​ട​യിൽ കാണരുത്‌.’—ആവർത്തനം 18:10-14.

14. യഹോവ മന്ത്രവാ​ദ​ത്തിന്‌ എതിരെ നിയമങ്ങൾ നൽകി​യത്‌ എന്തു​കൊ​ണ്ടാണ്‌?

14 തന്റെ ജനം മന്ത്രവാ​ദം ചെയ്യു​ന്നതു ദൈവ​ത്തിന്‌ ഇഷ്ടമ​ല്ലെന്ന്‌ ഈ നിയമങ്ങൾ വ്യക്തമാ​ക്കു​ന്നു. അവരെ സ്‌നേ​ഹി​ച്ച​തു​കൊ​ണ്ടാണ്‌ യഹോവ അവർക്ക്‌ ഈ നിയമങ്ങൾ നൽകി​യത്‌. തന്റെ ജനം ഭയത്തി​നും അന്ധവി​ശ്വാ​സ​ത്തി​നും അടിമ​ക​ളാ​കു​ന്നത്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമല്ലാ​യി​രു​ന്നു. ഭൂതങ്ങൾ അവരെ ബുദ്ധി​മു​ട്ടി​ക്കു​ന്ന​തും കഷ്ടപ്പെ​ടു​ത്തു​ന്ന​തും കാണാൻ യഹോവ ആഗ്രഹി​ച്ചില്ല.

15. യഹോവ സാത്താ​നെ​ക്കാ​ളും ശക്തനാ​ണെന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

15 ഭൂതങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാ​നാ​കും എന്തൊക്കെ ചെയ്യാ​നാ​കില്ല എന്നൊ​ന്നും ബൈബിൾ വിശദ​മാ​യി പറയു​ന്നി​ല്ലെ​ങ്കി​ലും ദൈവ​മായ യഹോവ സാത്താ​നെ​ക്കാ​ളും ഭൂതങ്ങ​ളെ​ക്കാ​ളും വളരെ​യ​ധി​കം ശക്തനാ​ണെന്ന്‌ അതു വ്യക്തമാ​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യഹോവ സാത്താനെ സ്വർഗ​ത്തിൽനിന്ന്‌ പുറത്താ​ക്കി. (വെളി​പാട്‌ 12:9) ഇനി, ഇയ്യോ​ബി​നെ പരീക്ഷി​ക്കു​ന്ന​തി​നു മുമ്പ്‌ സാത്താൻ യഹോ​വ​യോട്‌ അനുവാ​ദം ചോദി​ക്കേ​ണ്ടി​വന്നു എന്നും ശ്രദ്ധി​ക്കുക. ഇയ്യോ​ബി​ന്റെ ജീവന്‌ ആപത്തൊ​ന്നും സംഭവി​ക്ക​രു​തെന്ന്‌ യഹോവ പറഞ്ഞ​പ്പോൾ അതും സാത്താൻ അനുസ​രി​ച്ചു.—ഇയ്യോബ്‌ 2:4-6.

16. സംരക്ഷ​ണ​ത്തി​നാ​യി നമ്മൾ ആരി​ലേക്കു നോക്കണം?

16 സുഭാഷിതങ്ങൾ 18:10 പറയുന്നു: “യഹോ​വ​യു​ടെ പേര്‌ ബലമുള്ള ഗോപു​രം. നീതി​മാൻ അതി​ലേക്ക്‌ ഓടി​ച്ചെന്ന്‌ സംരക്ഷണം നേടും.” അതു​കൊണ്ട്‌ നമ്മൾ സംരക്ഷ​ണ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കണം. ദുഷ്ടനായ സാത്താ​നിൽനി​ന്നും അവന്റെ ഭൂതങ്ങ​ളിൽനി​ന്നും സംരക്ഷണം നേടാൻ ദൈവ​ദാ​സർക്കു മന്ത്ര​പ്ര​യോ​ഗ​ങ്ങ​ളു​ടെ​യോ ഏതെങ്കി​ലും മരുന്നു​ക​ളു​ടെ​യോ ആവശ്യ​മില്ല. ദുർമ​ന്ത്ര​വാ​ദി​ക​ളു​ടെ മന്ത്രവി​ദ്യ​ക​ളെ​യും അവർ ഭയക്കു​ന്നില്ല. ബൈബി​ളി​ലെ ഈ വാക്കു​ക​ളിൽ അവർക്ക്‌ ഉറച്ച വിശ്വാ​സ​മുണ്ട്‌. “പൂർണ​ഹൃ​ദ​യ​ത്തോ​ടെ തന്നിൽ ആശ്രയി​ക്കു​ന്ന​വർക്കു​വേണ്ടി തന്റെ ശക്തി പ്രകടി​പ്പി​ക്കാൻ യഹോ​വ​യു​ടെ കണ്ണുകൾ ഭൂമി​യി​ലെ​ങ്ങും ചുറ്റി​സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.”—2 ദിനവൃ​ത്താ​ന്തം 16:9.

17. യാക്കോബ്‌ 4:7 നമുക്ക്‌ എന്ത്‌ ഉറപ്പു​ത​രു​ന്നു, പക്ഷേ നമ്മൾ എന്തു ചെയ്യണം?

17 യഹോവയെ സേവി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്കും ഇതേ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. യാക്കോബ്‌ 4:7 പറയുന്നു: “അതു​കൊണ്ട്‌ നിങ്ങൾ ദൈവ​ത്തി​നു കീഴ്‌പെ​ടുക. എന്നാൽ പിശാ​ചി​നോട്‌ എതിർത്തു​നിൽക്കുക. അപ്പോൾ പിശാച്‌ നിങ്ങളെ വിട്ട്‌ ഓടി​പ്പോ​കും.” സത്യ​ദൈ​വ​മായ യഹോ​വ​യ്‌ക്ക്‌ കീഴ്‌പെട്ട്‌ ആ ദൈവത്തെ സേവി​ക്കുക, എങ്കിൽ തീർച്ച​യാ​യും നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സംരക്ഷണം ഉണ്ടായി​രി​ക്കും.