പുതിയ സഹസ്രാബ്ദം—നിങ്ങളുടെ ഭാവി ശോഭനമായിരിക്കുമോ?
രാജ്യവാർത്ത നമ്പർ 36
പുതിയ സഹസ്രാബ്ദം—നിങ്ങളുടെ ഭാവി ശോഭനമായിരിക്കുമോ?
പുതിയ സഹസ്രാബ്ദം ഒരു പുതിയ യുഗത്തിന്റെ പിറവിയോ?
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റൊമ്പത് ഡിസംബർ 31 അർധരാത്രിയോടെ 20-ാം നൂറ്റാണ്ട് ലോകത്തോടു വിടപറഞ്ഞു. a പ്രശ്നപൂരിതമായ ഒരു നൂറ്റാണ്ടായിരുന്നു അത്. എന്നാൽ പുതിയ സാങ്കേതിക വിദ്യകളുടെ ആഗമനം, വമ്പിച്ച വൈദ്യശാസ്ത്ര നേട്ടങ്ങൾ, വിജ്ഞാന സ്ഫോടനം, ആഗോള സമ്പദ്വ്യവസ്ഥയുടെ ത്വരിതഗതിയിലുള്ള വളർച്ച എന്നിവയ്ക്കും പോയ നൂറ്റാണ്ടു സാക്ഷ്യം വഹിച്ചു. അതുകൊണ്ടുതന്നെ പുതിയ സഹസ്രാബ്ദത്തെ വളരെ പ്രതീക്ഷയോടെയാണു പലരും വരവേറ്റിരിക്കുന്നത്. അതു പ്രത്യാശയുടെയും മാറ്റത്തിന്റെയും ഒരു യുഗമായിരിക്കുമെന്ന് അവർ കരുതുന്നു. ഈ പുതിയ സഹസ്രാബ്ദത്തിൽ യുദ്ധത്തിനും ദാരിദ്ര്യത്തിനും പരിസ്ഥിതി മലിനീകരണത്തിനും രോഗത്തിനും അറുതി വരുമെന്നു നമുക്കു പ്രതീക്ഷിക്കാനാകുമോ?
പലരും അങ്ങനെ പ്രതീക്ഷിക്കുന്നു. എന്നാൽ പുതിയ സഹസ്രാബ്ദത്തിൽ നിങ്ങൾക്കു പ്രയോജനം ചെയ്യുന്ന മാറ്റങ്ങൾ—അതായത് നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെയും ജീവിതം സുരക്ഷിതമാക്കിത്തീർക്കുന്ന തരം മാറ്റങ്ങൾ—ഉണ്ടാകാനുള്ള സാധ്യതയുണ്ടോ? നാം ഇന്നു നേരിടുന്ന ചുരുക്കം ചില പ്രശ്നങ്ങളുടെ വ്യാപ്തിയെ കുറിച്ച് ഒന്നു പരിചിന്തിക്കുക.
മലിനീകരണം
വ്യവസായവത്കൃത രാജ്യങ്ങൾ “ആഗോളതലത്തിലുള്ള പാരിസ്ഥിതിക വിനാശത്തിനും വ്യാപകമായ മലിനീകരണത്തിനും ആവാസവ്യവസ്ഥകളുടെ തകർച്ചയ്ക്കും ഇടയാക്കുകയാണ്.” ഈ സ്ഥിതിവിശേഷം ഇങ്ങനെതന്നെ തുടർന്നാൽ “സ്വാഭാവിക പരിസ്ഥിതിയുടെമേൽ ഉണ്ടാകുന്ന സമ്മർദം അതിനു താങ്ങാവുന്നതിനും അപ്പുറമായിത്തീരും.”—“ആഗോള പാരിസ്ഥിതിക വീക്ഷണം—2000,” ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി.
രോഗം
“2020 ആകുമ്പോഴേക്കും വികസ്വര രാജ്യങ്ങളിലെ പത്തു മരണങ്ങളിൽ ഏഴും പകരാത്ത രോഗങ്ങൾ മൂലമുള്ളതായിരിക്കും എന്നു കണക്കാക്കപ്പെടുന്നു. അത്തരത്തിലുള്ള മരണങ്ങളുടെ ഇന്നത്തെ നിരക്കിന്റെ ഇരട്ടിയിലധികമാണത്.”—“ആഗോള ആരോഗ്യ പ്രതിസന്ധി,” ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 1996.
ചില വിദഗ്ധരുടെ അഭിപ്രായത്തിൽ, “2010 ആകുമ്പോൾ ഏറ്റവും കൂടുതൽ [എയ്ഡ്സ്] ബാധിതരുള്ള 23 രാജ്യങ്ങളിൽ 660 ലക്ഷം ആളുകൾ അതുമൂലം മരിച്ചിരിക്കും.”—“എയ്ഡ്സുമായുള്ള ഏറ്റുമുട്ടൽ: വികസ്വര രാജ്യങ്ങളിൽനിന്നുള്ള തെളിവുകൾ,” യൂറോപ്യൻ കമ്മീഷന്റെയും ലോകബാങ്കിന്റെയും റിപ്പോർട്ട്.
ദാരിദ്ര്യം
“ഏകദേശം 130 കോടി ആളുകൾക്ക് ഒരു ദിവസം ഒരു ഡോളറിൽ താഴെയേ വരുമാനമുള്ളൂ. 100 കോടിയോളം ആളുകൾക്ക് തങ്ങളുടെ അടിസ്ഥാന ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല.”—“മാനവ വികസന റിപ്പോർട്ട് 1999,” ഐക്യരാഷ്ട്ര വികസന പരിപാടി.
യുദ്ധം
“[പല രാജ്യങ്ങളിലും] അക്രമത്തിൽ അഭൂതപൂർവമായ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത കാൽനൂറ്റാണ്ടുകാലത്തെ മിക്ക ഏറ്റുമുട്ടലുകൾക്കും . . . തിരികൊളുത്തുന്നത് മതപരവും ഗോത്രപരവും വംശീയവുമായ [ഭിന്നതകളാൽ] പ്രേരിതമായ അത്തരം അക്രമങ്ങൾ ആയിരിക്കും. . . . അവ ഓരോ വർഷവും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കും.”—“പുതിയലോക ആഗമനം: 21-ാം നൂറ്റാണ്ടിലെ അമേരിക്കൻ സുരക്ഷിതത്വം,” യു.എസ്. ദേശീയ സുരക്ഷിതത്വ സമിതി/21-ാം നൂറ്റാണ്ട്.
പുതിയ സഹസ്രാബ്ദത്തിന്റെ പേരിലുള്ള ആഹ്ലാദത്തിമിർപ്പുകളും ആരവങ്ങളുമെല്ലാം മലിനീകരണം, രോഗം, ദാരിദ്ര്യം, യുദ്ധം എന്നിവയുടെ ഭീകരമുഖങ്ങൾ മറയ്ക്കുക മാത്രമാണു ചെയ്യുന്നത്. കേവലം ശാസ്ത്രീയ ഗവേഷണങ്ങൾക്കോ സാങ്കേതിക വിദ്യകൾക്കോ രാഷ്ട്രീയത്തിനോ ഈ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണങ്ങളായ അത്യാഗ്രഹം, അവിശ്വാസം, സ്വാർഥത എന്നിവയെ തുടച്ചുമാറ്റാൻ ആവില്ല.
മനുഷ്യവർഗത്തിന് അനുഗ്രഹങ്ങൾ കൈവരുത്തുന്ന സഹസ്രാബ്ദം
ഒരു പുരാതന എഴുത്തുകാരൻ ഒരിക്കൽ ഇങ്ങനെ രേഖപ്പെടുത്തി: “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” (യിരെമ്യാവു 10:23) മനുഷ്യന് ഈ ഭൂമിയെ ഭരിക്കാനുള്ള കഴിവില്ലെന്നു മാത്രമല്ല, അതിനുള്ള അവകാശവുമില്ല. നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിനു മാത്രമേ അതിനുള്ള അവകാശമുള്ളൂ. മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് അറിയാവുന്നതും അവനു മാത്രമാണ്.—റോമർ 11:33-36; വെളിപ്പാടു 4:11.
എന്നാൽ എപ്പോൾ, എങ്ങനെയായിരിക്കും അവൻ അതു ചെയ്യുക? നാം ജീവിക്കുന്നത് ‘അന്ത്യകാലത്തിന്റെ’ അവസാന ഘട്ടത്തിലാണ് എന്നതിന് അനവധി തെളിവുകളുണ്ട്. ദയവായി, നിങ്ങളുടെ ബൈബിൾ തുറന്ന് 2 തിമൊഥെയൊസ് 3:1-5 വായിക്കുക. ഈ ‘ദുർഘട സമയങ്ങളിൽ’ ആളുകൾ പ്രകടിപ്പിക്കുന്ന സ്വഭാവ സവിശേഷതകൾ അവിടെ വ്യക്തമായി വർണിച്ചിരിക്കുന്നു. മത്തായി 24:3-14-ലും ലൂക്കൊസ് 21:10, 11-ലും ‘അന്ത്യകാലത്തെ’ കുറിച്ചു പറയുന്നുണ്ട്. ആഗോള യുദ്ധങ്ങൾ, പകർച്ചവ്യാധികൾ, വ്യാപകമായ ഭക്ഷ്യക്ഷാമങ്ങൾ എന്നിങ്ങനെ 1914 മുതൽ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങളിൽ ആണ് ആ വാക്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പെട്ടെന്നുതന്നെ ഈ ‘അന്ത്യകാലം’ അവസാനിക്കും. ദാനീയേൽ 2:44 ഇങ്ങനെ പറയുന്നു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം [“രാജ്യം,” NW] സ്ഥാപിക്കും; . . . അതു ഈ [ഭൗമിക] രാജത്വങ്ങളെ [“രാജ്യങ്ങളെ,” NW] ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” അങ്ങനെ, ഭൂമിയെ ഭരിക്കാൻ ദൈവം ഒരു രാജ്യം അഥവാ ഗവൺമെന്റ് സ്ഥാപിക്കുമെന്നു മുൻകൂട്ടി പറഞ്ഞിരുന്നു. വെളിപ്പാടു 20:4 പറയുന്നത് അനുസരിച്ച് ഈ ഗവൺമെന്റ് ആയിരം വർഷം—അതേ ഒരു സഹസ്രാബ്ദം—ഭരണം നടത്തും! ഈ മഹത്തായ സഹസ്രാബ്ദത്തിൽ മനുഷ്യവർഗത്തിന് ആസ്വദിക്കാൻ കഴിയുന്ന ചില അനുഗ്രഹങ്ങൾ പരിചിന്തിക്കുക:
സാമ്പത്തികസ്ഥിതി. “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല.”—യെശയ്യാവു 65:21, 22.
ആരോഗ്യം. “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.” “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24; 35:5, 6.
പരിസ്ഥിതി. ദൈവം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.’—വെളിപ്പാടു 11:18.
മാനുഷബന്ധങ്ങൾ. “ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 11:9.
ദശലക്ഷങ്ങൾ ബൈബിളിന്റെ ഈ വാഗ്ദാനങ്ങളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു. തന്നിമിത്തം ഒരു ശോഭനമായ ഭാവി സംബന്ധിച്ച ഉറപ്പുള്ള പ്രത്യാശ അവർക്കുണ്ട്. ജീവിത സമ്മർദങ്ങളെയും പ്രശ്നങ്ങളെയും കൂടുതൽ മെച്ചമായി കൈകാര്യം ചെയ്യാൻ ഈ പ്രത്യാശ അവരെ സഹായിക്കുന്നു. ബൈബിളിന് എങ്ങനെ നിങ്ങളുടെ ജീവിതത്തിലെ വഴികാട്ടി ആയിരിക്കാനാകും?
ജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം!
ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ തികച്ചും വിസ്മയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ മനുഷ്യനു സാധിച്ചിട്ടുണ്ട്! എന്നിരുന്നാലും, ഭൂരിപക്ഷം മനുഷ്യരുടെയും കാര്യത്തിൽ സന്തോഷവും സുരക്ഷിതത്വവും പ്രദാനം ചെയ്യാൻ മനുഷ്യജ്ഞാനത്തിനു കഴിഞ്ഞിട്ടില്ല. എന്നാൽ ഇവ പ്രദാനം ചെയ്യാൻ കഴിവുള്ള ഏക പരിജ്ഞാനത്തെ കുറിച്ച് ബൈബിൾ യോഹന്നാൻ 17:3-ൽ പറയുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു [“പരിജ്ഞാനം ഉൾക്കൊള്ളുന്നത്,” NW] തന്നേ നിത്യജീവൻ ആകുന്നു.”
ആ പരിജ്ഞാനത്തിന്റെ ഉറവിടം ബൈബിളാണ്. ആ വിശുദ്ധഗ്രന്ഥത്തെ കുറിച്ച് പലരും ശക്തമായ അഭിപ്രായപ്രകടനങ്ങൾ നടത്താറുണ്ടെങ്കിലും വാസ്തവത്തിൽ അത് വ്യക്തിപരമായി പരിശോധിച്ചിട്ടുള്ളവർ ചുരുക്കമാണ്. നിങ്ങളെ സംബന്ധിച്ചെന്ത്? ബൈബിൾ വായിക്കുന്നതിന് നല്ല ശ്രമം ആവശ്യമാണെന്നുള്ളതു ശരിയാണ്. എന്നാൽ അതു തീർച്ചയായും ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്. കാരണം, “ദൈവശ്വാസീയ”വും [“ദൈവനിശ്വസ്തം,” NW] “ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജന”പ്രദവും ആയ ഏക ഗ്രന്ഥമാണത്.—2 തിമൊഥെയൊസ് 3:16, 17.
അങ്ങനെയെങ്കിൽ, ബൈബിളുമായി പരിചയത്തിലാകാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? എന്തുകൊണ്ട് യഹോവയുടെ സാക്ഷികളുടെ സഹായം സ്വീകരിച്ചുകൂടാ? അവർ ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ ചെന്ന് സൗജന്യമായി ബൈബിൾ പഠിപ്പിക്കുന്നു. അതിനു സഹായകമായ വിവിധ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ അവർ ഉപയോഗിക്കുന്നു. അതിലൊന്നാണ് ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു എന്ന ലഘുപത്രിക. ദൈവം ആരാണ്? ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്? ദൈവരാജ്യം എന്താണ്? കുടുംബജീവിതം മെച്ചപ്പെടുത്താൻ ബൈബിളിന് എങ്ങനെ സഹായിക്കാൻ കഴിയും? എന്നിങ്ങനെ നിങ്ങളുടെ മനസ്സിൽ ഉയർന്നുവന്നേക്കാവുന്ന പല ചോദ്യങ്ങൾക്കുമുള്ള സംക്ഷിപ്തമായ ഉത്തരങ്ങൾ അതിലുണ്ട്.
യഹോവയുടെ സാക്ഷികളിൽ ആരെങ്കിലും നിങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി, താഴെ കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അയയ്ക്കുക. ദൈവരാജ്യത്തിന്റെ മഹത്തായ സഹസ്രാബ്ദ ഭരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രദാനം ചെയ്യാൻ അവർക്കു സന്തോഷമേയുള്ളൂ!
□ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെ കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം:
[അടിക്കുറിപ്പ്]
a പുതിയ സഹസ്രാബ്ദം സംബന്ധിച്ച് പാശ്ചാത്യ ലോകത്തും മറ്റും പൊതുവെയുള്ള വീക്ഷണത്തെയാണ് ഞങ്ങൾ പരാമർശിക്കുന്നത്. വസ്തുനിഷ്ഠമായി പറഞ്ഞാൽ, പുതിയ സഹസ്രാബ്ദം തുടങ്ങുന്നത് 2001, ജനുവരി 1-നാണ്.