വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം അഞ്ച്‌

മറുവില—ദൈവ​ത്തി​ന്റെ ഏറ്റവും വലിയ ദാനം

മറുവില—ദൈവ​ത്തി​ന്റെ ഏറ്റവും വലിയ ദാനം
  • എന്താണ്‌ മറുവില?

  • അതു പ്രദാനം ചെയ്യ​പ്പെ​ട്ടത്‌ എങ്ങനെ?

  • അതു നിങ്ങൾക്ക്‌ എന്തെല്ലാം പ്രയോ​ജ​ന​ങ്ങൾ കൈവ​രു​ത്തു​ന്നു?

  • അതിനോടുള്ള വിലമ​തിപ്പ്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രകട​മാ​ക്കാം?

1, 2. (എ) ഒരു സമ്മാനം നിങ്ങൾക്ക്‌ ഏറെ മൂല്യ​വ​ത്താ​യി​ത്തീ​രു​ന്നത്‌ എപ്പോൾ? (ബി) നിങ്ങൾക്കു ലഭിക്കാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും വില​യേ​റി​യ ദാനമാ​ണു മറുവി​ല​യെ​ന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

 നിങ്ങൾക്കു ലഭിച്ചി​ട്ടു​ള്ള ഏറ്റവും നല്ല സമ്മാനം എന്താണ്‌? ഒരു സമ്മാനം വിശേ​ഷ​പ്പെ​ട്ട​താ​യി​രി​ക്കാൻ അതു വിലപി​ടി​പ്പു​ള്ളത്‌ ആയിരി​ക്ക​ണ​മെ​ന്നി​ല്ല. ഒരു സമ്മാന​ത്തി​ന്റെ യഥാർഥ മൂല്യം നിർണ​യി​ക്കു​ന്നത്‌ അവശ്യം അതിന്റെ വിലയല്ല. ഒരു സമ്മാനം നിങ്ങളെ സന്തോ​ഷി​പ്പി​ക്കു​ക​യോ ജീവി​ത​ത്തി​ലെ ഒരു യഥാർഥ ആവശ്യം നിറ​വേ​റ്റു​ക​യോ ചെയ്യു​ന്ന​താ​ണെ​ങ്കിൽ നിങ്ങൾ അതിനു വളരെ​യേ​റെ മൂല്യം കൽപ്പി​ക്കും.

2 ലഭിക്കാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാ​വു​ന്ന ഏതൊരു സമ്മാന​ത്തെ​ക്കാ​ളും മുന്തി​നിൽക്കു​ന്ന ഒന്നുണ്ട്‌. അതു മനുഷ്യ​വർഗ​ത്തി​നു​ള്ള ദൈവ​ത്തി​ന്റെ സമ്മാന​മാണ്‌. യഹോവ നമുക്കു പലതും നൽകി​യി​ട്ടു​ണ്ടെ​ങ്കി​ലും അവയി​ലെ​ല്ലാം​വെച്ച്‌ ഏറ്റവും വലിയ സമ്മാനം അഥവാ ദാനം തന്റെ പുത്ര​നാ​യ യേശു​ക്രി​സ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​മാണ്‌. (മത്തായി 20:28) ഈ അധ്യാ​യ​ത്തിൽ നാം കാണാൻപോ​കു​ന്ന​തു​പോ​ലെ, നിങ്ങൾക്കു ലഭിക്കാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും വില​യേ​റി​യ സമ്മാന​മാണ്‌ മറുവില. കാരണം, അതു നിങ്ങൾക്ക്‌ അളവറ്റ സന്തോഷം കൈവ​രു​ത്തു​ക​യും നിങ്ങളു​ടെ സുപ്ര​ധാ​ന ആവശ്യങ്ങൾ നിറ​വേ​റ്റു​ക​യും ചെയ്യും. വാസ്‌ത​വ​ത്തിൽ, യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടു​ള്ള സ്‌നേ​ഹ​ത്തി​ന്റെ ഏറ്റവും വലിയ പ്രകട​ന​മാ​ണു മറുവി​ല​യെന്ന ക്രമീ​ക​ര​ണം.

എന്താണ്‌ മറുവില?

3. എന്താണ്‌ മറുവില, വിലപ്പെട്ട ഈ സമ്മാന​ത്തി​ന്റെ മൂല്യം വിലമ​തി​ക്കാൻ നാം എന്തു മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌?

3 ലളിത​മാ​യി പറഞ്ഞാൽ, പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും മനുഷ്യ​വർഗ​ത്തെ വിടു​വി​ക്കാൻ അഥവാ രക്ഷിക്കാൻ ഉള്ള യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​മാണ്‌ മറുവില. (എഫെസ്യർ 1:7) ഈ ബൈബിൾ പഠിപ്പി​ക്ക​ലി​ന്റെ അർഥം മനസ്സി​ലാ​ക്കു​ന്ന​തിന്‌, ഏദെൻതോ​ട്ട​ത്തിൽ സംഭവി​ച്ച​തി​നെ​ക്കു​റി​ച്ചു നാം ചിന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. പാപം ചെയ്‌ത​പ്പോൾ ആദാം എന്താണു നഷ്ടപ്പെ​ടു​ത്തി​യ​തെ​ന്നു മനസ്സി​ലാ​ക്കി​യാൽ മാത്രമേ, മറുവില ഇത്ര​ത്തോ​ളം വില​യേ​റി​യ ഒരു ദാനമാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം നമുക്കു തിരി​ച്ച​റി​യാ​നാ​കൂ.

4. ആദാം ഒരു പൂർണ​മ​നു​ഷ്യ​നാ​യി​രു​ന്നു​വെ​ന്നത്‌ എന്ത്‌ അർഥമാ​ക്കി?

4 ആദാമി​നെ സൃഷ്ടി​ച്ച​പ്പോൾ യഹോവ അവനു തികച്ചും വിലപ്പെട്ട ഒന്ന്‌ അതായത്‌ പൂർണ​ത​യു​ള്ള മനുഷ്യ​ജീ​വൻ നൽകി. അത്‌ അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം എന്ത്‌ അർഥമാ​ക്കി​യെ​ന്നു ചിന്തി​ക്കു​ക. ശാരീ​രി​ക​വും മാനസി​ക​വു​മാ​യി പൂർണ​ത​യു​ള്ള ഒരു വ്യക്തി​യെന്ന നിലയിൽ സൃഷ്ടി​ക്ക​പ്പെ​ട്ട​തി​നാൽ അവൻ ഒരിക്ക​ലും രോഗി​യാ​യി​ത്തീ​രു​ക​യോ വാർധ​ക്യം പ്രാപി​ക്കു​ക​യോ മരിക്കു​ക​യോ ചെയ്യി​ല്ലാ​യി​രു​ന്നു. ഒരു പൂർണ മനുഷ്യ​നാ​യ അവന്‌ യഹോ​വ​യു​മാ​യി ഒരു പ്രത്യേക ബന്ധമു​ണ്ടാ​യി​രു​ന്നു. ആദാമി​നെ “ദൈവ​ത്തി​ന്റെ മകൻ” എന്നു ബൈബിൾ വിളി​ക്കു​ന്നു. (ലൂക്കൊസ്‌ 3:38) അക്കാര​ണ​ത്താൽ, സ്‌നേ​ഹ​വാ​നാ​യ ഒരു പിതാ​വും പുത്ര​നും എന്നപോ​ലെ, ആദാം യഹോ​വ​യാം ദൈവ​വു​മാ​യി ഒരു അടുത്ത ബന്ധം ആസ്വദി​ച്ചി​രു​ന്നു. യഹോവ തന്റെ ഭൗമിക പുത്ര​നു​മാ​യി ആശയവി​നി​മ​യം നടത്തു​ക​യും അവനു സംതൃ​പ്‌തി​ക​ര​മാ​യ ജോലി​കൾ നിയമി​ച്ചു കൊടു​ക്കു​ക​യും ചെയ്‌തു. കൂടാതെ, അവനിൽനിന്ന്‌ എന്താണു പ്രതീ​ക്ഷി​ക്കു​ന്ന​തെ​ന്നും അവനെ അറിയി​ച്ചു.—ഉല്‌പത്തി 1:28-30; 2:16, 17.

5. ആദാം “ദൈവ​ത്തി​ന്റെ സ്വരൂപ”ത്തിൽ സൃഷ്ടി​ക്ക​പ്പെ​ട്ടു​വെ​ന്നു പറയു​മ്പോൾ ബൈബിൾ എന്താണ്‌ അർഥമാ​ക്കു​ന്നത്‌?

5 ആദാം “ദൈവ​ത്തി​ന്റെ സ്വരൂപ”ത്തിലാണു സൃഷ്ടി​ക്ക​പ്പെ​ട്ടത്‌. (ഉല്‌പത്തി 1:27) കാഴ്‌ച​യ്‌ക്ക്‌ ആദാം ദൈവ​ത്തെ​പ്പോ​ലെ ആയിരു​ന്നു​വെന്ന്‌ ഇതിനർഥ​മി​ല്ല. ഈ പുസ്‌ത​ക​ത്തി​ന്റെ ഒന്നാം അധ്യാ​യ​ത്തിൽ നാം മനസ്സി​ലാ​ക്കി​യ​തു​പോ​ലെ, യഹോവ അദൃശ്യ​നാ​യ ഒരു ആത്മവ്യ​ക്തി​യാണ്‌. (യോഹ​ന്നാൻ 4:24) അതു​കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ നമ്മെ​പ്പോ​ലെ മാംസ​വും രക്തവും ഉള്ള ഒരു ശരീര​മി​ല്ല. ദൈവ​ത്തി​ന്റെ സ്വരൂ​പ​ത്തിൽ ഉണ്ടാക്കി എന്നതി​നർഥം, സ്‌നേഹം, ജ്ഞാനം, നീതി, ശക്തി എന്നിവ ഉൾപ്പെ​ടെ​യു​ള്ള ദൈവിക ഗുണങ്ങൾ സഹിതം ആദാം സൃഷ്ടി​ക്ക​പ്പെ​ട്ടു​വെ​ന്നാണ്‌. സുപ്ര​ധാ​ന​മാ​യ മറ്റൊരു വിധത്തി​ലും ആദാം സ്വന്തം പിതാ​വി​നെ​പ്പോ​ലെ ആയിരു​ന്നു. അവന്‌ സ്വതന്ത്ര ഇച്ഛാശക്തി ഉണ്ടായി​രു​ന്നു. അതായത്‌, ഒരു പ്രത്യേക വിധത്തിൽ മാത്രം പ്രവർത്തി​ക്കാ​നാ​യി രൂപകൽപ്പന ചെയ്‌തി​രി​ക്കു​ന്ന അല്ലെങ്കിൽ പ്രോ​ഗ്രാം ചെയ്‌തി​രി​ക്കു​ന്ന ഒരു യന്ത്രം​പോ​ലെ ആയിരു​ന്നി​ല്ല അവൻ. മറിച്ച്‌, സ്വന്തമാ​യി തീരു​മാ​ന​ങ്ങൾ എടുക്കാൻ, ശരിയോ തെറ്റോ തിര​ഞ്ഞെ​ടു​ക്കാൻ അവനു കഴിയു​മാ​യി​രു​ന്നു. ദൈവത്തെ അനുസ​രി​ക്കാ​നാ​യി​രു​ന്നു തീരു​മാ​ന​മെ​ങ്കിൽ അവന്‌ ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാ​മാ​യി​രു​ന്നു.

6. ആദാം ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ച്ച​പ്പോൾ അവൻ എന്താണു നഷ്ടപ്പെ​ടു​ത്തി​യത്‌, അത്‌ അവന്റെ സന്താന​ങ്ങ​ളെ ബാധി​ച്ചത്‌ എങ്ങനെ?

6 അതിനാൽ, ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണിച്ചു മരണത്തി​നു വിധി​ക്ക​പ്പെ​ട്ട​പ്പോൾ ആദാം വളരെ വലി​യൊ​രു വിലയാണ്‌ ഒടുക്കി​യത്‌. പൂർണ​ത​യു​ള്ള ജീവൻ, അതിന്റെ മുഴു അനു​ഗ്ര​ഹ​ങ്ങ​ളും സഹിതം നഷ്ടമാ​കാൻ അവന്റെ പാപം ഇടയാക്കി. (ഉല്‌പത്തി 3:17-19) സങ്കടക​ര​മെ​ന്നു പറയട്ടെ, തന്റെ മാത്രമല്ല ഭാവി സന്താന​ങ്ങ​ളു​ടെ വിലപ്പെട്ട ജീവൻകൂ​ടെ ആദാം നഷ്ടപ്പെ​ടു​ത്തി. ദൈവ​വ​ച​നം ഇപ്രകാ​രം പറയുന്നു: “ഏകമനു​ഷ്യ​നാൽ [ആദാമി​നാൽ] പാപവും പാപത്താൽ മരണവും ലോക​ത്തിൽ കടന്നു. ഇങ്ങനെ എല്ലാവ​രും പാപം ചെയ്‌ക​യാൽ മരണം സകലമ​നു​ഷ്യ​രി​ലും പരന്നി​രി​ക്കു​ന്നു.” (റോമർ 5:12) അതേ, ആദാമിൽനി​ന്നു നമു​ക്കെ​ല്ലാം പാപം കൈമാ​റി​ക്കി​ട്ടി. അതിനാൽ, അവൻ തന്നെത്ത​ന്നെ​യും തന്റെ സന്തതി​ക​ളെ​യും പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തി​ലേ​ക്കു ‘വിറ്റു’വെന്നു ബൈബിൾ പറയുന്നു. (റോമർ 7:14) ആദാമും ഹവ്വായും ദൈവ​ത്തോ​ടു മനഃപൂർവം അനുസ​ര​ണ​ക്കേ​ടു കാണി​ച്ച​തി​നാൽ അവർക്കു മേലാൽ യാതൊ​രു പ്രത്യാ​ശ​യും ഇല്ലായി​രു​ന്നു. എന്നാൽ നാം ഉൾപ്പെ​ടെ​യു​ള്ള അവരുടെ സന്താന​ങ്ങ​ളെ സംബന്ധി​ച്ചോ?

7, 8. മറുവി​ല​യിൽ അടിസ്ഥാ​ന​പ​ര​മാ​യി ഏതു രണ്ടു സംഗതി​കൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

7 മറുവി​ല​യി​ലൂ​ടെ യഹോവ മനുഷ്യ​വർഗ​ത്തി​ന്റെ രക്ഷയ്‌ക്കെ​ത്തി. എന്താണ്‌ മറുവില? മറുവില എന്ന ആശയത്തിൽ അടിസ്ഥാ​ന​പ​ര​മാ​യി രണ്ടു കാര്യങ്ങൾ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. ഒന്നാമ​താ​യി, വിടുതൽ സാധ്യ​മാ​ക്കാ​നോ എന്തെങ്കി​ലും തിരികെ വാങ്ങാ​നോ ആയി കൊടു​ക്കു​ന്ന വിലയാണ്‌ അത്‌, ഒരു യുദ്ധത്ത​ട​വു​കാ​ര​നെ വിട്ടു​കി​ട്ടാ​നാ​യി കൊടു​ക്കു​ന്ന മോച​ന​ദ്ര​വ്യം​പോ​ലുള്ള ഒന്ന്‌. രണ്ടാമ​താ​യി, ഒരു വ്യക്തി​ക്കു​ണ്ടാ​യ പരിക്കി​നോ വസ്‌തു​വ​ക​കൾക്കു​ണ്ടാ​യ കേടു​പാ​ടി​നോ നഷ്ടപരി​ഹാ​ര​മാ​യി നൽകുന്ന തുക​പോ​ലെ, നഷ്ടപ്പെട്ട എന്തി​ന്റെ​യെ​ങ്കി​ലും വിലയ്‌ക്കു പകരമാ​യി നൽകുന്ന ഒരു തുക​യെ​യും അത്‌ കുറി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു അപകട​ത്തി​നു കാരണ​ക്കാ​ര​നാ​യ വ്യക്തി കേടു​പാ​ടു പറ്റിയ വസ്‌തു​ക്ക​ളു​ടെ വിലയ്‌ക്കു തത്തുല്യ​മാ​യ ഒരു തുക നഷ്ടപരി​ഹാ​ര​മാ​യി മറ്റേയാൾക്കു കൊടു​ക്കേ​ണ്ടി​വ​രു​മ​ല്ലോ.

8 ആദാം നമുക്കു വരുത്തി​വെച്ച ഭാരിച്ച നഷ്ടത്തിനു പരിഹാ​രം ചെയ്യാ​നും നമ്മെ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ക്കാ​നും എങ്ങനെ സാധി​ക്കു​മാ​യി​രു​ന്നു? മറുവില നൽകാ​നു​ള്ള യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തെ​യും അതു നിങ്ങൾക്കു കൈവ​രു​ത്തു​ന്ന പ്രയോ​ജ​ന​ങ്ങ​ളെ​യും കുറിച്ച്‌ നമുക്കി​പ്പോൾ പരിചി​ന്തി​ക്കാം.

യഹോവ മറുവില പ്രദാ​നം​ചെ​യ്‌ത വിധം

9. എങ്ങനെ​യു​ള്ള ഒരു മറുവി​ല​യാ​ണു വേണ്ടി​യി​രു​ന്നത്‌?

9 നഷ്ടപ്പെ​ട്ടത്‌ ഒരു പൂർണ മനുഷ്യ​ജീ​വൻ ആയതി​നാൽ, അപൂർണ മനുഷ്യ​ജീ​വൻ കൊടുത്ത്‌ അതൊ​രി​ക്ക​ലും വീണ്ടെ​ടു​ക്കാൻ കഴിയു​മാ​യി​രു​ന്നി​ല്ല. (സങ്കീർത്ത​നം 49:7, 8) നഷ്ടപ്പെ​ട്ട​തെ​ന്തോ അതിനു തുല്യ​മാ​യ ഒരു മറുവി​ല​യാ​യി​രു​ന്നു ആവശ്യം. അതു ദൈവ​വ​ച​ന​ത്തിൽ കാണുന്ന സമ്പൂർണ നീതി​യു​ടെ തത്ത്വത്തി​നു ചേർച്ച​യി​ലാണ്‌. “ജീവന്നു പകരം ജീവൻ” എന്നതാണ്‌ അത്‌. (ആവർത്ത​ന​പു​സ്‌ത​കം 19:21) അതു​കൊണ്ട്‌, ആദാം നഷ്ടപ്പെ​ടു​ത്തി​യ പൂർണ മനുഷ്യ​ജീ​വ​നു തുല്യ​മാ​യ ഒരു വിലയാ​യി വർത്തി​ക്കാൻ എന്തിനു കഴിയു​മാ​യി​രു​ന്നു? മറ്റൊരു പൂർണ മനുഷ്യ​ജീ​വ​നു മാത്രം.—1 തിമൊ​ഥെ​യൊസ്‌ 2:6.

10. യഹോവ മറുവില പ്രദാനം ചെയ്‌തത്‌ എങ്ങനെ?

10 യഹോവ എങ്ങനെ​യാ​ണു മറുവില പ്രദാനം ചെയ്‌തത്‌? പൂർണ​രാ​യ ആത്മപു​ത്ര​ന്മാ​രിൽ ഒരാളെ ദൈവം ഭൂമി​യി​ലേക്ക്‌ അയച്ചു. എന്നാൽ, യഹോവ കേവലം ഏതെങ്കി​ലും ഒരു ആത്മജീ​വി​യെ അയയ്‌ക്കു​ക​യാ​യി​രു​ന്നില്ല. തനിക്ക്‌ ഏറ്റവും പ്രിയ​നാ​യ, ഏകജാ​ത​പു​ത്ര​നെ​ത്ത​ന്നെ​യാണ്‌ അവൻ അയച്ചത്‌. (1 യോഹ​ന്നാൻ 4:9, 10) തന്റെ സ്വർഗീയ ഭവനം ഉപേക്ഷി​ക്കാൻ മനസ്സോ​ടെ ഈ പുത്രൻ തയ്യാറാ​യി. (ഫിലി​പ്പി​യർ 2:7, 8) മുൻ അധ്യാ​യ​ത്തിൽ നാം പഠിച്ച​തു​പോ​ലെ, അത്ഭുത​ക​ര​മാ​യ ഒരു വിധത്തി​ലാണ്‌ മറിയ​യു​ടെ ഗർഭാ​ശ​യ​ത്തി​ലേക്ക്‌ യഹോവ തന്റെ പുത്രന്റെ ജീവനെ മാറ്റി​യത്‌. പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താൽ യേശു ഒരു പൂർണ മനുഷ്യ​നാ​യി ജനിച്ചു. അവൻ പാപത്തി​ന്റെ ശിക്ഷയിൻകീ​ഴിൽ ആയിരു​ന്നി​ല്ല.—ലൂക്കൊസ്‌ 1:35.

യഹോവ തന്റെ ഏകജാ​ത​പു​ത്ര​നെ നമുക്ക്‌ ഒരു മറുവി​ല​യാ​യി നൽകി

11. എല്ലാവർക്കും​വേ​ണ്ടി മറുവി​ല​യാ​യി​ത്തീ​രാൻ ഒരു മനുഷ്യ​നു സാധി​ക്കു​ന്നത്‌ എങ്ങനെ?

11 എല്ലാവർക്കും​വേ​ണ്ടി മറുവി​ല​യാ​യി​രി​ക്കാൻ എങ്ങനെ​യാണ്‌ ഒരു മനുഷ്യ​നു കഴിയു​ന്നത്‌? ശരി, ആദ്യം​ത​ന്നെ ഇതേക്കു​റി​ച്ചു ചിന്തി​ക്കു​ക: മനുഷ്യ​രെ​ല്ലാം എങ്ങനെ​യാണ്‌ പാപി​ക​ളാ​യി​ത്തീർന്നത്‌? പാപം ചെയ്‌ത​തി​ലൂ​ടെ ആദാം തന്റെ പൂർണ മനുഷ്യ​ജീ​വ​നാ​കു​ന്ന വിലപ്പെട്ട സ്വത്ത്‌ നഷ്ടപ്പെ​ടു​ത്തി​യെന്ന വസ്‌തുത മനസ്സിൽപ്പി​ടി​ക്കു​ക. അതിനാൽ, അതു തന്റെ സന്തതി​കൾക്കു കൈമാ​റാൻ അവനു കഴിഞ്ഞില്ല. പാപവും മരണവും മാത്രമേ അവനു കൈമാ​റാ​നാ​യു​ള്ളൂ. എന്നാൽ “ഒടുക്കത്തെ ആദാം” എന്നു ബൈബിൾ വിളി​ക്കു​ന്ന യേശു​വിന്‌ ഉണ്ടായി​രു​ന്നത്‌ പൂർണ മനുഷ്യ​ജീ​വ​നാ​യി​രു​ന്നു, അവൻ ഒരിക്ക​ലും പാപം ചെയ്‌തി​ട്ടി​ല്ല. (1 കൊരി​ന്ത്യർ 15:45) ഒരർഥ​ത്തിൽ, നമ്മെ രക്ഷിക്കാ​നാ​യി യേശു ആദാമി​ന്റെ സ്ഥാന​ത്തേ​ക്കു വരുക​യാ​യി​രു​ന്നു. ദൈവ​ത്തോ​ടു​ള്ള തികഞ്ഞ അനുസ​ര​ണം പ്രകട​മാ​ക്കി​ക്കൊണ്ട്‌ പൂർണ​ത​യു​ള്ള സ്വന്തം ജീവൻ വെടി​യു​ക​വ​ഴി അല്ലെങ്കിൽ ബലിക​ഴി​ക്കു​ക​വ​ഴി യേശു ആദാമി​ന്റെ പാപത്തി​നു​ള്ള വില കൊടു​ത്തു. ഈ വിധത്തിൽ യേശു ആദാമി​ന്റെ സന്തതി​കൾക്കു പ്രത്യാശ പകർന്നു.—റോമർ 5:19; 1 കൊരി​ന്ത്യർ 15:21, 22.

12. യേശു അനുഭ​വി​ച്ച കഷ്ടപ്പാ​ടു​ക​ളി​ലൂ​ടെ വ്യക്തമാ​യി​ത്തീർന്നത്‌ എന്ത്‌?

12 മരിക്കു​ന്ന​തി​നു​മുമ്പ്‌ യേശു അനുഭ​വി​ച്ച കഷ്ടപ്പാ​ടു​ക​ളെ​ക്കു​റി​ച്ചു ബൈബിൾ വിശദ​മാ​യി പറയു​ന്നുണ്ട്‌. ക്രൂര​മാ​യ ചാട്ടവാ​റ​ടി​യും നിർദ​യ​മാ​യി ദണ്ഡനസ്‌തം​ഭ​ത്തിൽ തറയ്‌ക്ക​പ്പെ​ട്ട​തി​നെ തുടർന്നു​ള്ള വേദനാ​ക​ര​മാ​യ മരണവും അവൻ അനുഭ​വി​ച്ചു. (യോഹ​ന്നാൻ 19:1, 16-18, 30; 204-6 പേജു​ക​ളി​ലെ അനുബന്ധം) യേശു​വിന്‌ അത്രയ​ധി​കം കഷ്ടപ്പാടു സഹി​ക്കേ​ണ്ടി​വ​ന്നത്‌ എന്തു​കൊണ്ട്‌? ഈ പുസ്‌ത​ക​ത്തി​ന്റെ വേറൊ​രു അധ്യാ​യ​ത്തിൽ, പരി​ശോ​ധി​ക്ക​പ്പെ​ട്ടാൽ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി നിൽക്കുന്ന ഒരു മനുഷ്യ​ദാ​സൻപോ​ലും ഉണ്ടായി​രി​ക്കു​ക​യി​ല്ലെന്ന വെല്ലു​വി​ളി സാത്താൻ ഉന്നയി​ച്ചി​ട്ടു​ള്ള​താ​യി നാം പഠിക്കു​ന്ന​താ​യി​രി​ക്കും. അതിക​ഠി​ന​മാ​യ കഷ്ടപ്പാ​ടിൻ മധ്യേ​യും വിശ്വ​സ്‌തത പാലി​ച്ചു​കൊണ്ട്‌ യേശു സാത്താന്റെ വെല്ലു​വി​ളി​ക്കു തക്ക മറുപടി നൽകി. പിശാച്‌ എന്തുതന്നെ ചെയ്‌താ​ലും, സ്വതന്ത്ര ഇച്ഛാശ​ക്തി​യു​ള്ള ഒരു പൂർണ മനുഷ്യന്‌ ദൈവ​ത്തോ​ടു പൂർണ നിർമലത പാലി​ക്കാൻ കഴിയു​മെന്ന്‌ യേശു തെളി​യി​ച്ചു. തന്റെ പ്രിയ​പു​ത്ര​ന്റെ വിശ്വ​സ്‌തത യഹോ​വ​യെ എത്ര സന്തോ​ഷി​പ്പി​ച്ചി​ട്ടു​ണ്ടാ​വണം!—സദൃശ​വാ​ക്യ​ങ്ങൾ 27:11.

13. മറുവില നൽക​പ്പെ​ട്ടത്‌ എങ്ങനെ?

13 എങ്ങനെ​യാ​ണു മറുവില നൽക​പ്പെ​ട്ടത്‌? പൂർണ​നും പാപര​ഹി​ത​നും ആയ സ്വന്തപു​ത്രൻ, പൊ.യു. 33-ൽ യഹൂദ മാസമായ നീസാൻ 14-നു വധിക്ക​പ്പെ​ടാൻ യഹോവ അനുവ​ദി​ച്ചു. അങ്ങനെ യേശു തന്റെ പൂർണ മനുഷ്യ​ജീ​വ​നെ “ഒരിക്ക​ലാ​യി” അർപ്പിച്ചു. (എബ്രായർ 10:10) യേശു മരിച്ച്‌ മൂന്നാം ദിവസം യഹോവ അവനെ ആത്മജീ​വ​നി​ലേക്ക്‌ ഉയിർപ്പി​ക്കു​ക​യു​ണ്ടാ​യി. ആദാമി​ന്റെ സന്തതി​കൾക്കു​വേ​ണ്ടി ഒരു മറുവി​ല​യാ​യി അർപ്പിച്ച തന്റെ പൂർണ​ത​യു​ള്ള മനുഷ്യ​ജീ​വ​ന്റെ മൂല്യം യേശു സ്വർഗ​ത്തിൽ ദൈവ​മു​മ്പാ​കെ സമർപ്പി​ച്ചു. (എബ്രായർ 9:24) പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തിൽനി​ന്നു മനുഷ്യ​വർഗ​ത്തെ വീണ്ടെ​ടു​ക്കാൻ ആവശ്യ​മാ​യ മറുവി​ല​യെന്ന നിലയിൽ യേശു​വി​ന്റെ ബലിയു​ടെ മൂല്യം യഹോവ സ്വീക​രി​ച്ചു.—റോമർ 3:23, 24.

മറുവി​ല​യു​ടെ പ്രയോ​ജ​ന​ങ്ങൾ

14, 15. ‘പാപ​മോ​ച​നം’ നേടു​ന്ന​തി​നു നാം എന്തു ചെയ്യണം?

14 പാപി​ക​ളാ​ണെ​ങ്കി​ലും, നമുക്കു മറുവില നിമിത്തം വില​യേ​റി​യ അനു​ഗ്ര​ഹ​ങ്ങൾ ആസ്വദി​ക്കാൻ കഴിയും. ദൈവ​ത്തിൽനി​ന്നു​ള്ള അതിമ​ഹ​ത്താ​യ ഈ സമ്മാന​ത്തി​ന്റെ ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും ഏതാനും പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചു നമുക്കി​പ്പോൾ പരിചി​ന്തി​ക്കാം.

15 പാപങ്ങ​ളു​ടെ ക്ഷമ. അപൂർണത കൈമാ​റി​ക്കി​ട്ടി​യി​രി​ക്കു​ന്ന​തി​നാൽ ശരിയാ​യ​തു ചെയ്യാൻ നമു​ക്കൊ​രു പോരാ​ട്ടം​ത​ന്നെ വേണ്ടി​വ​രു​ന്നു. വാക്കാ​ലോ പ്രവൃ​ത്തി​യാ​ലോ നാമെ​ല്ലാം പാപം ചെയ്യുന്നു. എങ്കിലും, യേശു​ക്രി​സ്‌തു​വി​ന്റെ മറുവി​ല​യാ​ഗം മുഖാ​ന്ത​രം നമുക്കു ‘പാപ​മോ​ച​നം’ അഥവാ പാപങ്ങ​ളു​ടെ ക്ഷമ നേടാൻ കഴിയും. (കൊ​ലൊ​സ്സ്യർ 1:13, 14) എന്നാൽ ആ ക്ഷമ നേടു​ന്ന​തിന്‌ നമുക്ക്‌ യഥാർഥ അനുതാ​പം ഉണ്ടായി​രി​ക്ക​ണം. മാത്രമല്ല, യഹോ​വ​യോട്‌ അവന്റെ പുത്രന്റെ മറുവി​ല​യാ​ഗ​ത്തി​ലു​ള്ള വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ക്ഷമായാ​ച​നം നടത്തി​ക്കൊണ്ട്‌ താഴ്‌മ​യോ​ടെ അപേക്ഷി​ക്കു​ക​യും വേണം.—1 യോഹ​ന്നാൻ 1:8, 9.

16. ശുദ്ധമായ ഒരു മനഃസാ​ക്ഷി​യോ​ടെ ദൈവത്തെ ആരാധി​ക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നത്‌ എന്ത്‌, അത്തര​മൊ​രു മനഃസാ​ക്ഷി​യു​ടെ മൂല്യ​മെന്ത്‌?

16 ദൈവ​മു​മ്പാ​കെ ശുദ്ധമായ ഒരു മനഃസാ​ക്ഷി. കുറ്റ​ബോ​ധ​മു​ള്ള ഒരു മനഃസാ​ക്ഷിക്ക്‌ നമ്മിൽ നിരാ​ശ​യും വില​കെ​ട്ട​വ​രാ​ണെന്ന തോന്ന​ലും എളുപ്പം ഉളവാ​ക്കാ​നാ​കും. എന്നാൽ, മറുവി​ല​യി​ലൂ​ടെ സാധ്യ​മാ​ക്കി​യി​രി​ക്കുന്ന ക്ഷമ മുഖാ​ന്ത​രം, അപൂർണ​രെ​ങ്കി​ലും ശുദ്ധമായ ഒരു മനഃസാ​ക്ഷി​യോ​ടെ തന്നെ ആരാധി​ക്കാൻ യഹോവ ദയാപു​ര​സ്സ​രം നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. (എബ്രായർ 9:13, 14) യഹോ​വ​യു​ടെ മുമ്പാകെ സംസാ​ര​സ്വാ​ത​ന്ത്ര്യം ഉണ്ടായി​രി​ക്കാ​നു​ള്ള വഴി ഇതു നമുക്കു തുറന്നു​ത​രു​ന്നു. അതിനാൽ, നമുക്കു പ്രാർഥ​ന​യിൽ സ്വത​ന്ത്ര​മാ​യി അവനെ സമീപി​ക്കാൻ കഴിയും. (എബ്രായർ 4:14-16) ശുദ്ധമായ ഒരു മനഃസാ​ക്ഷി മനസ്സമാ​ധാ​നം നൽകു​ക​യും ആത്മാഭി​മാ​ന​വും സന്തോ​ഷ​വും വർധി​പ്പി​ക്കു​ക​യും ചെയ്യുന്നു.

17. യേശു നമുക്കാ​യി മരിച്ച​തി​ലൂ​ടെ ഏതെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാ​ണു സാധ്യ​മാ​യി​രി​ക്കു​ന്നത്‌?

17 ഒരു പറുദീ​സ​ഭൂ​മി​യി​ലെ നിത്യ​ജീ​വ​ന്റെ പ്രത്യാശ. “പാപത്തി​ന്റെ ശമ്പളം മരണമ​ത്രേ” എന്നു റോമർ 6:23 പറയുന്നു. ഇതേ വാക്യം തുടർന്ന്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ദൈവ​ത്തി​ന്റെ കൃപാ​വ​ര​മോ നമ്മുടെ കർത്താ​വാ​യ യേശു​ക്രി​സ്‌തു​വിൽ നിത്യ​ജീ​വൻത​ന്നേ.” വരാൻപോ​കു​ന്ന ഭൗമിക പറുദീ​സ​യി​ലെ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ 3-ാം അധ്യാ​യ​ത്തിൽ നാം ചർച്ച​ചെ​യ്യു​ക​യു​ണ്ടാ​യി. (വെളി​പ്പാ​ടു 21:3-5) പൂർണ ആരോ​ഗ്യ​ത്തോ​ടെ നിത്യ​മാ​യി ജീവി​ക്കു​ന്നത്‌ ഉൾപ്പെ​ടെ​യു​ള്ള സകല ഭാവി അനു​ഗ്ര​ഹ​ങ്ങ​ളും സാധ്യ​മാ​യി​ത്തീ​രു​ന്നത്‌ യേശു നമുക്കു​വേ​ണ്ടി മരിച്ച​തി​നാ​ലാണ്‌. ആ അനു​ഗ്ര​ഹ​ങ്ങൾ പ്രാപി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, മറുവി​ല​യെന്ന ദാന​ത്തോ​ടു​ള്ള വിലമ​തി​പ്പു നാം പ്രകട​മാ​ക്കേ​ണ്ട​തുണ്ട്‌.

നിങ്ങൾക്ക്‌ എങ്ങനെ വിലമ​തി​പ്പു പ്രകട​മാ​ക്കാം?

18. മറുവി​ല​ക്ര​മീ​ക​ര​ണ​ത്തിന്‌ നാം യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

18 മറുവില പ്രദാനം ചെയ്‌ത​തിൽ നാം യഹോ​വ​യോട്‌ അങ്ങേയറ്റം നന്ദിയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? വളരെ​യേ​റെ സമയമോ പ്രയത്‌ന​മോ പണമോ ചെലവി​ട്ടാണ്‌ ഒരാൾ ഒരു സമ്മാനം നൽകു​ന്ന​തെ​ങ്കിൽ അതിനു പ്രത്യേക മൂല്യം കൈവ​രു​ന്നു. ഒരു സമ്മാനം നമ്മോ​ടു​ള്ള ആഴമായ സ്‌നേ​ഹ​ത്തി​ന്റെ പ്രകട​ന​മാ​ണെന്ന തിരി​ച്ച​റിവ്‌ നമ്മുടെ ഹൃദയത്തെ സ്‌പർശി​ക്കു​ന്നു. സകല സമ്മാന​ങ്ങ​ളി​ലും​വെച്ച്‌ വില​യേ​റി​യ​താ​ണു മറുവില. കാരണം, അതു നൽകാ​നാ​യി ഏറ്റവും വലിയ ത്യാഗ​മാ​ണു ദൈവം ചെയ്‌തത്‌. ദൈവം തന്റെ ‘ഏകജാ​ത​നാ​യ പുത്രനെ നൽകു​വാൻ തക്കവണ്ണം ലോകത്തെ സ്‌നേ​ഹി​ച്ചു’വെന്നു യോഹ​ന്നാൻ 3:16 പറയുന്നു. നമ്മോ​ടു​ള്ള യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ ഏറ്റവും മുന്തിയ തെളി​വാ​ണു മറുവില. അതു യേശു​വി​ന്റെ സ്‌നേ​ഹ​ത്തി​ന്റെ​യും തെളി​വാണ്‌. കാരണം, അവൻ മനസ്സോ​ടെ നമുക്കാ​യി സ്വന്തം ജീവൻ നൽകി. (യോഹ​ന്നാൻ 15:13) അതിനാൽ, യഹോ​വ​യും അവന്റെ പുത്ര​നും നമ്മെ ഓരോ​രു​ത്ത​രെ​യും സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ മറുവി​ല​യെന്ന ദാനം നമ്മെ ബോധ്യ​പ്പെ​ടു​ത്ത​ണം.—ഗലാത്യർ 2:20.

മറുവി​ല​യെന്ന ദാന​ത്തോ​ടു നിങ്ങളു​ടെ വിലമ​തി​പ്പു പ്രകട​മാ​ക്കാ​നു​ള്ള ഒരുവി​ധം യഹോ​വ​യെ​ക്കു​റി​ച്ചു കൂടുതൽ പഠിക്കുക എന്നതാണ്‌

19, 20. മറുവി​ല​യെന്ന ദൈവ​ദാ​ന​ത്തെ വിലമ​തി​ക്കു​ന്നു​വെ​ന്നു നിങ്ങൾക്ക്‌ ഏതെല്ലാം വിധങ്ങ​ളിൽ പ്രകട​മാ​ക്കാം?

19 അപ്പോൾ, മറുവി​ല​യെന്ന ദൈവ​ദാ​ന​ത്തോട്‌ നിങ്ങൾക്ക്‌ എങ്ങനെ വിലമ​തി​പ്പു പ്രകടി​പ്പി​ക്കാം? ആദ്യമാ​യി, മറുവില പ്രദാനം ചെയ്‌ത യഹോ​വ​യെ​ക്കു​റി​ച്ചു കൂടു​ത​ലാ​യി പഠിക്കാൻ ശ്രമി​ക്കു​ക. (യോഹ​ന്നാൻ 17:3) ഈ പ്രസി​ദ്ധീ​ക​ര​ണം ഉപയോ​ഗി​ച്ചു​ള്ള ബൈബിൾ പഠനം അതിനു നിങ്ങളെ സഹായി​ക്കും. യഹോ​വ​യെ​ക്കു​റി​ച്ചു​ള്ള നിങ്ങളു​ടെ പരിജ്ഞാ​നം വർധി​ക്കു​മ്പോൾ, അവനോ​ടു​ള്ള നിങ്ങളു​ടെ സ്‌നേ​ഹ​വും ആഴമു​ള്ള​താ​യി​ത്തീ​രും. ആ സ്‌നേഹം, അവനു പ്രസാ​ദ​ക​ര​മാ​യ വിധത്തിൽ പ്രവർത്തി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കും.—1 യോഹ​ന്നാൻ 5:3.

20 യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തിൽ വിശ്വാ​സം പ്രകട​മാ​ക്കു​ക. ബൈബിൾ ഇപ്രകാ​രം പറയുന്നു: “പുത്ര​നിൽ [യേശു​വിൽ] വിശ്വ​സി​ക്കു​ന്ന​വ​ന്നു നിത്യ​ജീ​വൻ ഉണ്ട്‌.” (യോഹ​ന്നാൻ 3:36) യേശു​വിൽ വിശ്വാ​സ​മു​ണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ​യാ​ണു പ്രകട​മാ​ക്കാ​നാ​കു​ക? വിശ്വാ​സം വാക്കു​ക​ളി​ലൂ​ടെ മാത്രമല്ല പ്രകട​മാ​ക്ക​പ്പെ​ടു​ന്നത്‌. ‘പ്രവൃ​ത്തി​യി​ല്ലാ​ത്ത വിശ്വാ​സം നിർജ്ജീ​വ​മാ​കു​ന്നു’വെന്നു യാക്കോബ്‌ 2:26 പറയുന്നു. അതേ, യഥാർഥ വിശ്വാ​സ​ത്തി​നു തെളിവു നൽകു​ന്നത്‌ ‘പ്രവൃ​ത്തി​കൾ’ അഥവാ നാം ചെയ്യുന്ന കാര്യ​ങ്ങ​ളാണ്‌. അതു​കൊണ്ട്‌, യേശു​വിൽ വിശ്വ​സി​ക്കു​ന്നു​വെ​ന്നു പ്രകട​മാ​ക്കാ​നു​ള്ള ഒരു വിധം, വാക്കിൽ മാത്രമല്ല പ്രവൃ​ത്തി​യി​ലും അവനെ അനുക​രി​ക്കാൻ നമ്മുടെ പരമാ​വ​ധി ശ്രമി​ക്കു​ക എന്നതാണ്‌.—യോഹ​ന്നാൻ 13:15.

21, 22. (എ) കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തി​ന്റെ വാർഷി​കാ​ച​ര​ണ​ത്തി​നു നാം സന്നിഹി​ത​രാ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) അടുത്ത രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ എന്തു വിശദീ​ക​രി​ക്ക​പ്പെ​ടും?

21 കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തി​ന്റെ വാർഷി​കാ​ച​ര​ണ​ത്തി​നു ഹാജരാ​കു​ക. പൊ.യു. 33 നീസാൻ 14-ാം തീയതി സന്ധ്യാ​സ​മ​യത്ത്‌, ‘കർത്താ​വി​ന്റെ അത്താഴം’ എന്നു ബൈബിൾ വിളി​ക്കു​ന്ന ഒരു പ്രത്യേക ആചരണം യേശു ഏർപ്പെ​ടു​ത്തി. (1 കൊരി​ന്ത്യർ 11:20; മത്തായി 26:26-28) കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​മെ​ന്നും യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​മെ​ന്നും ഈ ആചരണം അറിയ​പ്പെ​ടു​ന്നു. ഒരു പൂർണ മനുഷ്യ​നാ​യ തന്റെ മരണത്തി​ലൂ​ടെ, സ്വജീവൻ മറുവി​ല​യാ​യി നൽകി​യെന്ന വസ്‌തുത മനസ്സിൽപ്പി​ടി​ക്കാൻ അപ്പൊ​സ്‌ത​ല​ന്മാ​രെ​യും അവർക്കു​ശേ​ഷ​മു​ള്ള സകല സത്യ​ക്രി​സ്‌ത്യാ​നി​ക​ളെ​യും സഹായി​ക്കാ​നാണ്‌ യേശു ഇത്‌ ഏർപ്പെ​ടു​ത്തി​യത്‌. ഈ ആചരണ​ത്തോ​ട​നു​ബ​ന്ധിച്ച്‌ യേശു പിൻവ​രു​ന്ന കൽപ്പന നൽകി: “എന്റെ ഓർമ്മെ​ക്കാ​യി ഇതു ചെയ്‌വിൻ.” (ലൂക്കൊസ്‌ 22:19) സ്‌മാ​ര​കാ​ച​ര​ണം, മറുവി​ല​യോ​ടു​ള്ള ബന്ധത്തിൽ യഹോ​വ​യും യേശു​ക്രി​സ്‌തു​വും കാണിച്ച വലിയ സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചു നമ്മെ ഓർമി​പ്പി​ക്കു​ന്നു. ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ച​ര​ണ​ത്തിന്‌ ഓരോ വർഷവും സന്നിഹി​ത​രാ​യി​ക്കൊണ്ട്‌ മറുവി​ല​യോ​ടു​ള്ള വിലമ​തി​പ്പു നമുക്കു പ്രകട​മാ​ക്കാം. a

22 മറുവി​ല​ക്ര​മീ​ക​ര​ണം യഹോവ നമുക്കു നൽകി​യി​രി​ക്കു​ന്ന വിലപ്പെട്ട ഒരു ദാനം തന്നെയാണ്‌. (2 കൊരി​ന്ത്യർ 9:14, 15) അമൂല്യ​മാ​യ ഈ ദാനം മരിച്ച​വർക്കു​പോ​ലും പ്രയോ​ജ​ന​പ്പെ​ടും. അത്‌ എങ്ങനെ​യെന്ന്‌ 67 അധ്യാ​യ​ങ്ങൾ വിശദീ​ക​രി​ക്കും.

a കർത്താവിന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തി​ന്റെ അർഥം സംബന്ധിച്ച കൂടുതൽ വിവര​ങ്ങൾക്ക്‌ 206-8 പേജു​ക​ളി​ലെ അനുബന്ധം കാണുക.