അഭിമുഖം | റാക്കെൽ ഹോൾ
മതവിശ്വാസത്തെക്കുറിച്ച് മാറിചിന്തിച്ചതിന്റെ കാരണം ജൂതമതത്തിലായിരുന്ന ഒരു സ്ത്രീ വിശദീകരിക്കുന്നു
ഇസ്രായേൽ പൗരത്വമുള്ള ഒരു ജൂതവംശജയായിരുന്നു റാക്കെലിന്റെ അമ്മ. അച്ഛന്റെ സ്വദേശം ഓസ്ട്രിയ ആയിരുന്നു. ജൂതമതത്തിലേക്കു പരിവർത്തനം ചെയ്ത ഒരാളായിരുന്നു അദ്ദേഹം. 1948-ൽ ഇസ്രായേൽ ഒരു സ്വതന്ത്രരാഷ്ട്രമായ സമയത്ത് അവിടേക്കു കുടിയേറിയവരായിരുന്നു റാക്കെലിന്റെ അമ്മയുടെ മാതാപിതാക്കൾ. ജൂതന്മാർക്ക് സ്വന്തമായി ഒരു രാജ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്ന ഒരു വിമോചനപ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു അവർ. ജൂതമതവിശ്വാസം ഒന്നു വിലയിരുത്തിനോക്കാൻ എന്താണ് പ്രേരിപ്പിച്ചതെന്ന് റാക്കെൽ പറയുന്നു.
ചെറുപ്പകാലത്തെക്കുറിച്ച് ഒന്നു പറയാമോ?
1979-ൽ ഐക്യനാടുകളിലാണ് ഞാൻ ജനിച്ചത്. എനിക്കു മൂന്നു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും വിവാഹമോചനം ചെയ്തു. പിന്നെ അമ്മയുടെ കൂടെയായിരുന്നു ഞാൻ. ജൂതപാരമ്പര്യം അനുസരിച്ചാണ് അമ്മ എന്നെ വളർത്തിയത്. യഷീവ എന്നു വിളിക്കുന്ന ജൂതസ്കൂളിൽവിട്ട് എന്നെ ജൂതമതവിശ്വാസങ്ങളും പഠിപ്പിച്ചു. എനിക്ക് ഏഴു വയസ്സായപ്പോൾ ഞങ്ങൾ ഇസ്രായേലിലേക്കു പോയി. ജൂതകുടുംബങ്ങൾ ഒന്നിച്ച് താമസിച്ച് ജോലി ചെയ്തു കഴിയുന്ന ഒരു ഗ്രാമത്തിലായിരുന്നു താമസം. കിബൂട്സ് എന്നാണ് അങ്ങനെയുള്ള ഗ്രാമങ്ങളെ വിളിക്കുന്നത്. അവിടത്തെ സ്കൂളിലാണ് ഞാൻ പോയിരുന്നത്. ഒരു വർഷം ഞങ്ങൾ അവിടെയുണ്ടായിരുന്നു. പിന്നെ ഞങ്ങൾ മെക്സിക്കോയിലേക്കു പോയി.
ഞങ്ങളുടെ അടുത്ത് ജൂതപ്പള്ളിയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഞാൻ ജൂതമതാചാരങ്ങൾ കൃത്യമായി പാലിച്ചുപോന്നു. ശബത്തുദിവസം തിരി കത്തിക്കും, തോറാ എന്നു വിളിക്കുന്ന വിശുദ്ധ ഗ്രന്ഥം വായിക്കും, സിദ്ധൂർ എന്ന പ്രാർഥനാപുസ്തകംവെച്ച് പ്രാർഥന ചൊല്ലും. എന്റെ മതമാണ് ശരിക്കും ആദ്യത്തെ മതം എന്ന് ഞാൻ കൂടെ പഠിക്കുന്ന കുട്ടികളോടൊക്കെ പറയും. ബൈബിളിലെ പുതിയനിയമം എന്ന് അറിയപ്പെടുന്ന ഭാഗം ഞാൻ വായിച്ചിട്ടേ ഇല്ലായിരുന്നു. യേശുവിന്റെ ശുശ്രൂഷയെയും ഉപദേശങ്ങളെയും കുറിച്ച് പറയുന്ന ആ ഭാഗം വായിക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. അതു വായിച്ചാൽ ഞാനെങ്ങാനും വഴിതെറ്റിപ്പോയാലോ എന്നായിരുന്നു അമ്മയുടെ പേടി.
പിന്നെ പുതിയ നിയമം വായിക്കാമെന്നുവെച്ചത് എപ്പോഴാണ്?
17 വയസ്സായപ്പോൾ ഞാൻ വീണ്ടും ഐക്യനാടുകളിലേക്കു പോയി, വിദ്യാഭ്യാസം പൂർത്തിയാക്കാൻ. അവിടെവെച്ച് ഞാൻ പരിചയപ്പെട്ട ഒരാൾ എന്നോട് യേശുവിനെക്കുറിച്ച് പറഞ്ഞു. പള്ളിയിൽ പോയിരുന്ന ആളായിരുന്നു. യേശുവിൽ വിശ്വസിക്കാതെ ഇങ്ങനെ ജീവിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് അയാൾ പറഞ്ഞു.
അപ്പോൾ ഞാൻ പറഞ്ഞു, “യേശുവിൽ വിശ്വസിക്കുന്നതാണ് കുഴപ്പം. അങ്ങനെയുള്ളവരാണ് വഴിതെറ്റിപ്പോയിരിക്കുന്നത്” എന്ന്.
“നീ ബൈബിളിലെ പുതിയ നിയമം തുറന്നെങ്കിലും നോക്കിയിട്ടുണ്ടോ” എന്ന് അയാൾ ചോദിച്ചു.
ഞാൻ പറഞ്ഞു, “ഇല്ല.”
“അങ്ങനെയാണെങ്കിൽ അറിയാത്ത ഒരു കാര്യത്തെക്കുറിച്ചല്ലേ നീ ഇപ്പോൾ അഭിപ്രായം പറയുന്നത്. അതു ശരിയാണോ” എന്ന് അയാൾ എന്നോടു ചോദിച്ചു.
കാര്യം അറിയാതെ കണ്ണുമടച്ച് അഭിപ്രായം പറയുന്നത് മണ്ടത്തരമാണെന്ന് വിചാരിച്ചിരുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ അയാൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ശരിക്കും കൊണ്ടു. ചമ്മിപ്പോയി ഞാൻ. പിന്നെ തിരിച്ചൊന്നും പറയാൻ നിന്നില്ല. നേരെ അയാളുടെ ബൈബിളും വാങ്ങി വീട്ടിലേക്കു പോന്നു. അങ്ങനെയാണ് പുതിയ നിയമം വായിക്കാൻ തുടങ്ങിയത്.
പുതിയ നിയമം വായിച്ചിട്ട് എന്തു തോന്നി?
പുതിയ നിയമത്തിന്റെ എഴുത്തുകാരും ജൂതന്മാരാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. അതുപോലെ, വായിക്കുന്തോറും യേശു ദയാലുവായ താഴ്മയുള്ള ഒരു ജൂതനായിരുന്നെന്ന് എനിക്കു മനസ്സിലായിക്കൊണ്ടിരുന്നു. അദ്ദേഹം ആളുകളെ സഹായിക്കാനാണ് നോക്കിയത് അല്ലാതെ വഴിതെറ്റിക്കാനല്ല. ഞാൻ ലൈബ്രറിയിൽ പോയി യേശുവിനെക്കുറിച്ചുള്ള പുസ്തകങ്ങൾ എടുത്ത് വായിച്ചുനോക്കി. പക്ഷേ അതിലൊന്നും യേശു മിശിഹ ആണെന്ന് തെളിയിക്കുന്ന ഒന്നുമില്ലായിരുന്നു. ചില പുസ്തകങ്ങളിലാണെങ്കിൽ യേശു ദൈവമാണെന്നാണ് പറഞ്ഞിരുന്നത്. അത് എനിക്ക് ഉൾക്കൊള്ളാനേ പറ്റിയില്ല. യേശു ദൈവമാണെങ്കിൽപ്പിന്നെ യേശു ആരോടാണ് പ്രാർഥിച്ചത്? തന്നോടുതന്നെയോ? ഇനി അതു മാത്രമല്ല, ബൈബിൾ ദൈവത്തെക്കുറിച്ച് പറയുന്നത്, “അങ്ങയ്ക്കു മരണമില്ല” * എന്നാണ്. പക്ഷേ യേശു മരിച്ചില്ലേ?
എങ്ങനെയാണ് അതിനൊക്കെയുള്ള ഉത്തരം കിട്ടിയത്?
ഒരു കാര്യം സത്യമാണെങ്കിൽ എനിക്ക് ഉണ്ടായതുപോലുള്ള ആശയക്കുഴപ്പം ഉണ്ടാകാൻ പാടില്ലല്ലോ? അപ്പോൾ മറ്റെന്തോ ആണ് സത്യം എന്നു ഞാൻ ചിന്തിച്ചു. അതു കണ്ടുപിടിക്കാൻതന്നെ ഞാൻ തീരുമാനിച്ചു. ഞാൻ ദൈവത്തോട് ഉള്ളുതുറന്ന് കരഞ്ഞു പ്രാർഥിച്ചു. ആദ്യമായിട്ടാണ് പ്രാർഥനാപുസ്തകം ഇല്ലാതെ ഞാൻ പ്രാർഥിച്ചത്. പ്രാർഥിച്ച് തീർന്നില്ല, അപ്പോഴേക്കും വാതിലിൽ ആരോ മുട്ടുന്നത് കേട്ടു. അത് രണ്ട് യഹോവയുടെ സാക്ഷികളായിരുന്നു. അവർ എനിക്ക് ബൈബിൾ പഠിക്കാൻ സഹായിക്കുന്ന ഒരു ചെറിയ പുസ്തകം തന്നു. ആ പുസ്തകവും സാക്ഷികളുടെ കൂടെ പിന്നീട് നടത്തിയ ചർച്ചകളും ഒക്കെ എനിക്ക് ഒരു കാര്യം മനസ്സിലാക്കിത്തന്നു. അവരുടെ വിശ്വാസങ്ങളെല്ലാം ബൈബിളിനു ചേർച്ചയിലാണ്. യേശുവിന്റെ കാര്യംതന്നെ നോക്കിയാൽ മതി. അവർ യേശുവിനെ കാണുന്നത് ത്രിത്വത്തിന്റെ ഒരു ഭാഗമായിട്ടല്ല. യേശു “ദൈവപുത്രൻ” * ആണെന്നും “ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടി” * ആണെന്നും ആണ് അവർ വിശ്വസിക്കുന്നത്.
അങ്ങനെയിരിക്കുമ്പോഴാണ് എനിക്കു പെട്ടെന്ന് മെക്സിക്കോയിലേക്കു തിരിച്ചുപോകേണ്ടിവന്നത്. പക്ഷേ സാക്ഷികളുടെകൂടെയുള്ള ബൈബിൾപഠനം നിറുത്തിയില്ല. മിശിഹയെക്കുറിച്ചുള്ള ബൈബിൾപ്രവചനങ്ങൾ ആയിരുന്നു കൂടുതലും ചർച്ച ചെയ്തിരുന്നത്. മിശിഹയെക്കുറിച്ച് ഇത്രയധികം പ്രവചനങ്ങൾ ഉണ്ടെന്ന് അറിയുന്നതുതന്നെ അപ്പോഴാണ്. എങ്കിലും എന്റെ മനസ്സിൽ എവിടെയോ സംശയങ്ങൾ ബാക്കിനിന്നു. ‘ഈ മിശിഹ യേശുതന്നെയാണെന്ന് എന്താ ഇത്ര ഉറപ്പ്? മറ്റാരെങ്കിലും ആയിക്കൂടേ?’ ‘മിശിഹ ആണെന്ന് വരുത്തിത്തീർക്കാൻ പ്രവചനങ്ങളിൽ പറയുന്നതൊക്കെ ചെയ്തുകാണിച്ച് യേശു ആളുകളെ പറ്റിച്ചതാണെങ്കിലോ?’
പിന്നെ എങ്ങനെയാണ് സംശയങ്ങൾ മാറിയത്?
മിശിഹയെക്കുറിച്ചുള്ള ചില പ്രവചനങ്ങൾ സാക്ഷികൾ എനിക്കു കാണിച്ചുതന്നു. ഒരാൾക്കും ചെയ്തു കാണിച്ച് പറ്റിക്കാൻ പറ്റാത്ത ചില പ്രവചനങ്ങൾ. ഉദാഹരണത്തിന്, മിശിഹയുടെ ജനനം. മിശിഹ യഹൂദ്യയിലെ * ബേത്ത്ലെഹെമിൽ ആയിരിക്കും ജനിക്കുന്നതെന്ന് മീഖാ പ്രവാചകൻ 700-ലധികം വർഷങ്ങൾക്കു മുമ്പുതന്നെ പ്രവചിച്ചിരുന്നു. അവിടെത്തന്നെ മനഃപൂർവം വന്നു ജനിക്കാൻ ആർക്കും പറ്റില്ലല്ലോ? അതുപോലെതന്നെയാണ് മിശിഹയുടെ മരണത്തെക്കുറിച്ചുള്ള പ്രവചനങ്ങളും. മിശിഹയെ ഒരു കുറ്റവാളിയായി മുദ്രകുത്തി കൊല്ലുമെന്നും സമ്പന്നരുടെകൂടെ * അടക്കുമെന്നും യശയ്യ പ്രവചിച്ചു. ഈ പ്രവചനങ്ങളെല്ലാം അങ്ങനെതന്നെ സംഭവിച്ചത് യേശുവിന്റെ കാര്യത്തിൽ മാത്രമാണ്.
അവസാനമായി അവർ എനിക്കു കാണിച്ചുതന്നത് യേശുവിന്റെ വംശപരമ്പരയെക്കുറിച്ചുള്ള തെളിവുകളായിരുന്നു. മിശിഹ ദാവീദ് രാജാവിന്റെ വംശത്തിൽ * ജനിക്കുമെന്നാണല്ലോ ബൈബിൾ പറയുന്നത്. പണ്ടത്തെ ജൂതന്മാരാണെങ്കിൽ വംശപരമ്പരയെക്കുറിച്ചുള്ള രേഖകളെല്ലാം കൃത്യമായി സൂക്ഷിച്ചിരുന്നു. അതുകൊണ്ട് യേശു എങ്ങാനും ദാവീദിന്റെ വംശത്തിലല്ല ജനിച്ചിരുന്നതെങ്കിൽ യേശുവിന്റെ ശത്രുക്കൾ അതു കൊട്ടിഘോഷിച്ചു നടന്നേനെ. പക്ഷേ അവർക്ക് അതിനു കഴിഞ്ഞില്ല. കാരണം യേശു ദാവീദിന്റെ പിൻതലമുറക്കാരനാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ലായിരുന്നു. ജനങ്ങൾ യേശുവിനെ ‘ദാവീദുപുത്രൻ’ * എന്നു വിളിക്കുകപോലും ചെയ്തു.
യേശു മരിച്ച് 37 വർഷങ്ങൾക്കുശേഷം, അതായത് എ.ഡി. 70-ൽ റോമൻ സൈന്യം യരുശലേം നശിപ്പിച്ചു. വംശപരമ്പരയെക്കുറിച്ചുള്ള രേഖകളെല്ലാം ആ സമയത്ത് നശിച്ചുപോകുകയോ കാണാതാകുകയോ ചെയ്തു. അതുകൊണ്ട് വംശപരമ്പരവെച്ച് മിശിഹയെ തിരിച്ചറിയാൻ പറ്റണമെങ്കിൽ മിശിഹ എ.ഡി 70-നു മുമ്പുതന്നെ വരണമായിരുന്നു.
അവസാനം എന്തു നിഗമനത്തിലാണ് എത്തിയത്?
ആവർത്തനം 18:18, 19 വാക്യങ്ങളിൽ ഇസ്രായേലിൽ ദൈവം മോശയെപ്പോലെ ഒരു പ്രവാചകനെ എഴുന്നേൽപ്പിക്കും എന്നു പറഞ്ഞിരുന്നു. “എന്റെ നാമത്തിൽ അവൻ നിങ്ങളോടു പറയുന്ന എന്റെ വചനങ്ങൾ അനുസരിക്കാത്ത മനുഷ്യനോടു ഞാൻ കണക്കു ചോദിക്കുകതന്നെ ചെയ്യും” എന്നും ദൈവം പറഞ്ഞു. ബൈബിൾ മുഴുവനും നല്ലതുപോലെ പഠിച്ചപ്പോൾ നസറെത്തിലെ യേശുവാണ് ആ പ്രവാചകൻ എന്ന് എനിക്കു ബോധ്യമായി.
^ ഖ. 21 യശയ്യ 9:6, 7; ലൂക്കോസ് 1:30-32. മത്തായി ഒന്നാം അധ്യായത്തിൽ യോസേഫ് വഴിയുള്ള യേശുവിന്റെ വംശപരമ്പരയും ലൂക്കോസ് മൂന്നാം അധ്യായത്തിൽ മറിയ വഴിയുള്ള യേശുവിന്റെ വംശപരമ്പരയും രേഖപ്പെടുത്തിയിരിക്കുന്നു.