യഹോവയുടെ സാക്ഷികൾ ആരാണ്?
യഹോവയുടെ സാക്ഷികൾ ആരാണ്?
യഹോവയുടെ സാക്ഷികളെ കുറിച്ചു നിങ്ങൾക്ക് എന്തറിയാം? ചില ആളുകൾ അവരെ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്നവർ, ഒരു പുതിയ ക്രിസ്തീയ വിശ്വാസിസംഘം, യഹൂദ മതത്താൽ സ്വാധീനിക്കപ്പെട്ട ഒരു ക്രിസ്തീയ വിഭാഗം, ചികിത്സ നിരസിക്കുന്ന മതഭ്രാന്തർ എന്നൊക്കെ വിളിച്ചിട്ടുണ്ട്. എന്നാൽ യഹോവയുടെ സാക്ഷികൾ ഇപ്പറഞ്ഞ കൂട്ടങ്ങളിലൊന്നും പെടില്ല എന്നതാണു വാസ്തവം. എങ്കിൽപ്പിന്നെ, ചിലർ അവരെ കുറിച്ച് അങ്ങനെ കരുതുന്നത് എന്തുകൊണ്ടാണ്? യഹോവയുടെ സാക്ഷികളെ കുറിച്ച് അവർക്കു ലഭിച്ചിരിക്കുന്ന തെറ്റായ വിവരങ്ങളാണ് മിക്കപ്പോഴും അതിനു കാരണം.
പേരു സൂചിപ്പിക്കുന്നതു പോലെ, യഹോവയ്ക്കായി നിലകൊള്ളുന്ന സാക്ഷികളാണ് യഹോവയുടെ സാക്ഷികൾ. എന്നാൽ ആരാണ് യഹോവ? സർവശക്തനായ ദൈവം ബൈബിളിൽ a വെളിപ്പെടുത്തിയിരിക്കുന്ന സ്വന്തം പേരാണ് യഹോവ. അത് ഒരു വ്യക്തിനാമം ആണ്, അല്ലാതെ ദൈവം, കർത്താവ് എന്നിവ പോലുള്ള ഒരു സ്ഥാനപ്പേരല്ല. പൊതുവെ പറഞ്ഞാൽ, ചരിത്രത്തിൽ എപ്പോഴെങ്കിലും ദൈവ മഹത്ത്വത്തിനു സാക്ഷ്യം വഹിച്ച ആരെയും ഒരു യഹോവയുടെ സാക്ഷി എന്നു വിളിക്കാവുന്നതാണ്.—പുറപ്പാടു 3:13, 15; യെശയ്യാവു 43:10.
തന്മൂലം, ഹാബീൽ മുതലുള്ള പുരാതന വിശ്വസ്ത ദാസന്മാരുടെ ഒരു നീണ്ട നിര പട്ടികപ്പെടുത്തുമ്പോൾ, “സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം” എന്ന് ബൈബിൾ അവരെ വിളിക്കുന്നു. (എബ്രായർ 11:4; 12:1) നൂഹ്, ഇബ്രാഹിം, ഇസ്ഹാക്ക്, യാക്കൂബ്, യൂസഫ്, മൂസാ, ദാവൂദ് തുടങ്ങിയ പ്രമുഖ വ്യക്തികളെ ദൈവത്തിന്റെ സാക്ഷികളായി—യഹോവയുടെ സാക്ഷികളായി—പട്ടികപ്പെടുത്തിയിരിക്കുന്നു. ഈസാ നബിയെ “വിശ്വസ്തനും സത്യവാനുമായ സാക്ഷി” എന്നു വിളിച്ചിരിക്കുന്നു.—വെളിപ്പാടു 3:14.
സാക്ഷികൾ ആവശ്യമായിരിക്കുന്നതിന്റെ കാരണം
മനുഷ്യനെ പൂർണനായി പടച്ചെന്നും അവനെ ഫിർദോസിൽ ആക്കിവെച്ചെന്നും ബൈബിൾ പറയുന്നു. എന്നേക്കും ജീവിക്കാനും മക്കളെ ജനിപ്പിക്കാനും ഫിർദോസ് ഭൂഗോളമെമ്പാടും വ്യാപിപ്പിക്കാനുമുള്ള പ്രാപ്തിയോടെയാണ് സ്രഷ്ടാവ് അവനെ പടച്ചത്. അന്ന് മനുഷ്യനു പടച്ചവനെ അറിയാമായിരുന്നു. അതുകൊണ്ട് സാക്ഷികളുടെ ആവശ്യം ഇല്ലായിരുന്നു.—ഉല്പത്തി 1:27, 28.
പടച്ചവൻ മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം നൽകിയിരുന്നു. എന്നാൽ നമ്മുടെ ആദ്യ മാതാപിതാക്കൾ തെറ്റായ ഒരു തീരുമാനം എടുത്തു. അവർ പടച്ചവനിൽനിന്നു സ്വതന്ത്രരാകാൻ നിശ്ചയിച്ചു. പടച്ചവൻ പൂർണനും നീതിമാനും വിശുദ്ധനും ആയി തുടരുന്നു, എന്നാൽ മനുഷ്യർ പാപികളും നീതികെട്ടവരും ആയിത്തീർന്നു. എന്നിരുന്നാലും, വിശുദ്ധനായ നമ്മുടെ പടച്ചവൻ പാപവും ദുഷ്ടതയും ഒരു ചുരുങ്ങിയ കാലഘട്ടത്തേക്കു മാത്രം തുടരാനേ അനുവദിക്കുകയുള്ളൂ. പടച്ചവൻ അനുവദിച്ചുകൊടുത്ത ആ കാലഘട്ടത്തിന്റെ അന്ത്യം സമീപിച്ചിരിക്കുന്നെന്നു ബൈബിൾ സൂചിപ്പിക്കുന്നു. മനുഷ്യവർഗത്തിന് ഈ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയേണ്ടതിന് അവൻ തന്റെ വചനം—തൗറാത്തും സബൂറും ഇൻജീലും—ഇക്കാലം വരെ പരിരക്ഷിച്ചിരിക്കുന്നു.
ഭൂരിഭാഗം മനുഷ്യർക്കും പടച്ചവനെ അറിയില്ലാത്തതിനാൽ, തന്നെ കുറിച്ചു സാക്ഷീകരിക്കാൻ വിശ്വസ്തരായ ആളുകളോട് അവൻ കൽപ്പിച്ചിരിക്കുന്നു. അത്തരം വിശ്വസ്തരോട് അവൻ പ്രസ്താവിക്കുന്നു: ‘നിങ്ങൾ എന്റെ സാക്ഷികൾ’ ആകുന്നു. (യെശയ്യാവു 43:10) അവർ ചെയ്യുന്ന വേലയെ കുറിച്ച് അവൻ പറയുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—മത്തായി 24:14.
ഇന്ന്, സകല വർഗങ്ങളിലും ഭാഷകളിലും ജനതകളിലും നിന്ന് മുമ്പെന്നത്തെക്കാളും അധികം ആളുകൾ ആത്മാർഥതയോടെ ദൈവവചനം പഠിക്കുന്നു. മതപരമായ പല ആചാരങ്ങളുടെയും ഉത്ഭവം പുറജാതീയമാണെന്നും അവ പടച്ചവന് അപ്രീതികരമാണെന്നും അവർ കണ്ടെത്തിയിരിക്കുന്നു.
ഒരുപക്ഷേ നിങ്ങൾക്ക് അറിയാവുന്നതുപോലെ, ചിലർ മതത്തെ കച്ചവടപരമായ ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നു. മറ്റു ചിലർ മതത്തെ വീക്ഷിക്കുന്നത്, തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യപ്രാപ്തിക്കും ദരിദ്രരെ പിഴിഞ്ഞ് സമ്പന്നർ ആകാനും ഉള്ള ഒരു മാർഗമായിട്ടാണ്. പടച്ചവനെ കുറിച്ചുള്ള യഥാർഥ സാക്ഷ്യം നൽകപ്പെടുമ്പോൾ, മതത്തിൽനിന്നു ലാഭം കൊയ്യുന്ന അത്തരം ആളുകൾ എങ്ങനെ പ്രതികരിക്കുമെന്നാണ് നിങ്ങൾ
കരുതുന്നത്? തീർച്ചയായും അത് അവർക്കൊരു ഭീഷണിയാണ്. ചിലർ യഹോവയുടെ സാക്ഷികളെ കുറിച്ചു മോശമായി സംസാരിക്കുന്നതായി നിങ്ങൾ കേട്ടിരിക്കുന്നതിന്റെ ഒരു കാരണം അതാണ്.എന്തു വില ഒടുക്കേണ്ടിവന്നാലും, യഹോവയുടെ സാക്ഷികൾ ബൈബിളിനോടു പറ്റിനിൽക്കുന്നു. അവർ ഒരു പുതിയ മതം ആവിഷ്കരിച്ചിട്ടില്ല. സത്യ മതത്തിന്റെ അസ്ഥിവാരമായ തൗറാത്തിലും സബൂറിലും ഇൻജീലിലും എഴുതിയിരിക്കുന്നതു പിൻപറ്റുക മാത്രമാണ് അവർ ചെയ്യുന്നത്. അങ്ങനെയെങ്കിൽ അവർ എന്താണു വിശ്വസിക്കുന്നത്? യഹോവയുടെ സാക്ഷികളുടെ ചില പഠിപ്പിക്കലുകളാണ് താഴെ കൊടുത്തിരിക്കുന്നത്. അവയിൽ സത്യം അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്നു കാണാൻ അവ വായിച്ചുനോക്കുക.
ത്രിത്വം ഇല്ല
ത്രിത്വോപദേശം ബൈബിൾ പഠിപ്പിക്കുന്നേ ഇല്ല. പകരം, സത്യദൈവം ഒന്നേയുള്ളൂ എന്നും അവൻ നിത്യനാണെന്നും അതു പഠിപ്പിക്കുന്നു. “യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ എകൻ തന്നേ.” (ആവർത്തനപുസ്തകം 6:4) അവനാണ് പടച്ചവൻ—നിത്യനും സർവശക്തനും അതുല്യനുമാണ് അവൻ. ഈസാ നബി സർവശക്തനായ ദൈവം അല്ല. ഈസാ ഒരു പൂർണ മനുഷ്യനായി ഭൂമിയിൽ ജീവിക്കുകയും അപൂർണ മനുഷ്യവർഗത്തിനായി മരിക്കുകയും ചെയ്തു. പടച്ചവൻ ദയാപൂർവം ഈസായുടെ ജീവൻ ഒരു മറുവിലയായി സ്വീകരിച്ചു. അങ്ങനെ, അവനിലൂടെ വിശ്വസ്തരുടെ രക്ഷ സാധ്യമായി. അതു ദൈവഹിതം ആണ്.—ലൂക്കൊസ് 22:42; റോമർ 5:12.
അമർത്യ ആത്മാവ് ഇല്ല
മനുഷ്യൻ മരിക്കുമ്പോൾ അവന് എന്തു സംഭവിക്കുന്നു? പടച്ചവന്റെ വചനം പ്രസ്താവിക്കുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:5) മനുഷ്യന് ഒരു അമർത്യ ആത്മാവ് ഇല്ല. മരിച്ചവരോടു സംസാരിക്കുന്നു എന്നു കരുതുന്നവർ വാസ്തവത്തിൽ ഭൂതങ്ങളോടാണു സംസാരിക്കുന്നത്. അതുപോലെ, മരിച്ചവർക്കായി നടത്തുന്ന പ്രാർഥനകൾ, പണം വാങ്ങി പ്രാർഥിക്കുന്ന പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും യാതൊരു ഗുണവും ചെയ്യുന്നില്ല.
പുനരുത്ഥാനം
ഭൂമിയിൽ വീണ്ടും സ്ഥാപിക്കപ്പെടാനിരിക്കുന്ന ഫിർദോസിലേക്കു മരിച്ചവർക്കു മടങ്ങിവരാൻ—പുനരുത്ഥാനം പ്രാപിക്കാൻ—സാധിക്കും എന്നതാണു മനുഷ്യന്റെ യഥാർഥ പ്രത്യാശ. പടച്ചവനെ സേവിച്ചവർക്ക് അവരുടെ വിശ്വസ്തതയെ പ്രതി അനുഗ്രഹങ്ങൾ ലഭിക്കും. പടച്ചവനെ അറിയാൻ അവസരം ലഭിക്കാതെ മരിച്ചു പോയവർക്ക് അതിനുള്ള അവസരം പുനരുത്ഥാനത്തിൽ ലഭിക്കും. ഈ വിധത്തിൽ, “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:15) പടച്ചവൻ അയോഗ്യരായി വിധിക്കുന്നവർ മാത്രമേ ഉയിർപ്പിക്കപ്പെടാതിരിക്കുകയുള്ളൂ.
അഗ്നിനരകം ഇല്ല
മരിച്ചവർ എന്നെന്നേക്കും ദുരിതം അനുഭവിക്കുന്നതിനുള്ള ഒരു സ്ഥലം സ്നേഹവാനായ പടച്ചവൻ ഒരിക്കലും സൃഷ്ടിക്കുകയില്ല. മനുഷ്യരെ അഗ്നിക്ക് ഇരയാക്കുന്നതും പീഡിപ്പിക്കുന്നതും “ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല” എന്ന് പടച്ചവൻ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.—യിരെമ്യാവു 7:31.
വിധി ഇല്ല
പടച്ചവൻ ആളുകളുടെ തലയിൽ യാതൊന്നും എഴുതിവെക്കുന്നില്ല. നാം ജനിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ ഭാവി നിശ്ചയിക്കുന്ന യാതൊരു വിധിയും ഇല്ല. നമ്മുടെ ചെയ്തികൾക്കും തീരുമാനങ്ങൾക്കും നാം തന്നെയാണ് ഉത്തരവാദികൾ. “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.”—റോമർ 14:12.
പുരോഹിത വർഗം ഇല്ല
പടച്ചവനു സമർപ്പിക്കപ്പെട്ടവരെല്ലാം അവന്റെ ദൃഷ്ടിയിൽ തുല്യരാണ്. സത്യാരാധകർ എല്ലാവരും സഹോദരീസഹോദരന്മാരാണ്. സാധാരണക്കാരെക്കാൾ ഉയർന്ന ഒരു പുരോഹിതവർഗത്തെ പടച്ചവൻ നിയമിച്ചിട്ടില്ല. ഈസാ നബി ഇങ്ങനെ പ്രസ്താവിച്ചു: “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.” (ലൂക്കൊസ് 18:14) മതത്തിന്റെ പേരിൽ സ്വയം ഉയർത്തുന്നവരെ പടച്ചവൻ പ്രതികൂലമായി വിധിക്കും.—മത്തായി 23:4-12.
വിഗ്രഹാരാധന ഇല്ല
“ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹന്നാൻ 4:24) സത്യാരാധകർ വിഗ്രഹങ്ങൾ ഉപയോഗിക്കുന്നില്ല.
രാഷ്ട്രീയത്തിൽ നിഷ്പക്ഷർ
തന്റെ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ല” എന്ന് ഈസാ നബി പറഞ്ഞു. (യോഹന്നാൻ 17:16, NW) അക്കാരണത്താൽ യഹോവയുടെ സാക്ഷികൾ ദേശീയ, പ്രാദേശിക രാഷ്ട്രീയത്തിൽ ഇടപെടുന്നില്ല. മാത്രമല്ല, അവർ നിയമം അനുസരിക്കുന്ന ആളുകളുമാണ്.—റോമർ 13:1, 5-7.
ഉയർന്ന ധാർമിക നിലവാരങ്ങൾ
പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ, സത്യാരാധകരെ എങ്ങനെ തിരിച്ചറിയാം എന്ന് ഈസാ നബി വ്യക്തമാക്കി: “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.” (യോഹന്നാൻ 15:12, 13) ബൈബിളിലെ മറ്റൊരു അധ്യായം ഇപ്രകാരം പ്രസ്താവിക്കുന്നു: “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം.” (ഗലാത്യർ 5:22, 23) ഈ ഗുണങ്ങൾ ഉള്ളവർ നുണ പറയുന്നില്ല, മോഷ്ടിക്കുന്നില്ല, ചൂതു കളിക്കുന്നില്ല, മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നില്ല, ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നില്ല. (എഫെസ്യർ 4:25-28) അവർ പടച്ചവനെ സ്നേഹിക്കുന്നു. അതുകൊണ്ട് അവൻ വെറുക്കുന്ന കാര്യങ്ങൾ അവർ ഒഴിവാക്കുകയും ചെയ്യുന്നു. യഹോവയുടെ സാക്ഷികളുടെ ജീവിതത്തെ ഭരിക്കുന്ന തത്ത്വങ്ങളാണ് ഇവ.
ഈ ലോകത്തിന്റെ അന്ത്യം ആസന്നം
നമ്മുടെ നാളുകളെ മറ്റു കാലങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത് എന്താണ്? നാം ജീവിക്കുന്നത് ഈ വ്യവസ്ഥിതിയുടെ, അതായത് ഈ ലോകത്തിന്റെ, അന്ത്യനാളുകളിൽ (കിയാമത്ത് നാൾ) ആണെന്ന് പ്രവചനങ്ങളുടെ നിവൃത്തി സൂചിപ്പിക്കുന്നു. (ദാനീയേൽ 2:44) അപ്പോൾ ചോദ്യമിതാണ്, നാം ചെയ്യുന്ന കാര്യങ്ങൾ പടച്ചവനു പ്രസാദകരമാണോ? പടച്ചവൻ ഒന്നേയുള്ളൂ. അതുകൊണ്ട് സത്യ മതവും ഒന്നു മാത്രമേ ഉണ്ടായിരിക്കാവൂ. മാത്രമല്ല, ആ മതം തൗറാത്തിനും സബൂറിനും ഇൻജീലിനും വിരുദ്ധമായിരിക്കാനും പാടില്ല. അതുകൊണ്ട് നാം ആ വചനം പരിശോധിക്കേണ്ടതുണ്ട്.
അതാണ് യഹോവയുടെ സാക്ഷികൾ ചെയ്യുന്നത്. നിങ്ങളുടെ മതം ഏതായിരുന്നാലും, നിങ്ങളും അതുതന്നെ ചെയ്യേണ്ടതുണ്ട്. ഈ കാര്യത്തിൽ നിങ്ങൾക്കു വേണ്ടി മറ്റൊരാൾക്കു തീരുമാനമെടുക്കാൻ സാധ്യമല്ല. ഓർക്കുക: “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.”—റോമർ 14:12.
ആരും ഒരു യഹോവയുടെ സാക്ഷിയായി ജനിക്കുന്നില്ല. അങ്ങനെയാകാൻ വ്യക്തിപരമായി ഓരോ സാക്ഷിയും തീരുമാനം എടുക്കുന്നു. ദൈവവചനം ആത്മാർഥമായി പഠിക്കുന്ന വ്യക്തി സത്യം തിരിച്ചറിയുന്നു. തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ, യഹോവ എന്നു നാമമുള്ള സത്യദൈവത്തിന് അയാൾ സ്വയം സമർപ്പിക്കുന്നു. ദൈവവചനം പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി താഴെ കൊടുത്തിരിക്കുന്ന ഒരു വിലാസത്തിൽ എഴുതുക.
[അടിക്കുറിപ്പുകൾ]
a ഇസ്ലാമിക ലോകത്ത്, തൗറാത്ത്, സബൂർ, ഇൻജീൽ (ന്യായപ്രമാണം, സങ്കീർത്തനങ്ങൾ, സുവിശേഷങ്ങൾ) എന്നീ പുസ്തകങ്ങളെയാണു ബൈബിളായി കണക്കാക്കുന്നത്. കുറഞ്ഞപക്ഷം, ഖുർആനിലെ 64 ആയതുകളെങ്കിലും (വാക്യം) ഈ പുസ്തകങ്ങൾ പടച്ചവന്റെ വചനമാണെന്നു പറയുകയും അവ വായിച്ച് അതിലെ കൽപ്പനകൾ അനുസരിക്കേണ്ടതിന്റെ ആവശ്യത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നു. തൗറാത്തിനും സബൂറിനും ഇൻജീലിനും മാറ്റം വന്നിട്ടുണ്ടെന്നാണു ചിലർ പറയുന്നത്. എന്നാൽ അങ്ങനെ പറയുന്നതിലൂടെ അവർ ഖുർആനിലെ വചനങ്ങളെ അവഗണിക്കുകയും പടച്ചവനു തന്റെ വചനം കാത്തുസൂക്ഷിക്കാൻ കഴിവില്ല എന്നു സൂചിപ്പിക്കുകയുമായിരിക്കും ചെയ്യുന്നത്.
മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം, ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബൈബിൾ ഉദ്ധരണികൾ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ‘സത്യവേദപുസ്തക’ത്തിൽ നിന്നാണ്. NW വരുന്നിടത്ത് ഇംഗ്ലീഷിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയത് ഉപയോഗിച്ചിരിക്കുന്നു.