യഹോവ—അവൻ ആർ?
യഹോവ—അവൻ ആർ?
കംബോഡിയൻ വനത്തിലൂടെ വഴിവെട്ടിത്തെളിച്ചു മുന്നോട്ടു നീങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പര്യവേക്ഷകനായ ഹെൻറി മൂവോ ഒടുവിൽ ചെന്നെത്തിയത് ഒരു ക്ഷേത്രത്തിനു ചുറ്റുമായി വെള്ളം കെട്ടിക്കിടക്കുന്ന വിശാലമായ ഒരു കിടങ്ങിനടുത്താണ്. ഭൂമിയിലെ ഏറ്റവും വലിയ മതസ്മാരകമായ അങ്കോർവാത് ആയിരുന്നു ആ ക്ഷേത്രം. പായൽ പിടിച്ചു കിടന്നിരുന്ന ആ സ്മാരകം മനുഷ്യ നിർമിതമാണെന്നു മൂവോയ്ക്ക് ഒറ്റനോട്ടത്തിൽ പറയാൻ കഴിഞ്ഞു. “പുരാതന കാലത്തെ ഏതോ ഒരു മൈക്കളാഞ്ചലോ പണിതുയർത്തിയ അത്, ഗ്രീക്കുകാരുടേതോ റോമാക്കാരുടേതോ ആയി അവശേഷിച്ചിട്ടുള്ള ഏതൊരു നിർമിതിയെക്കാളും മഹത്തരമാണ്” എന്ന് അദ്ദേഹം എഴുതി. നൂറ്റാണ്ടുകളോളം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നെങ്കിലും, സങ്കീർണമായ ആ നിർമിതിക്ക് ഒരു രൂപസംവിധായകൻ ഉണ്ടായിരുന്നുവെന്നതിൽ അദ്ദേഹത്തിനു തെല്ലും സംശയം ഉണ്ടായിരുന്നില്ല.
രസാവഹമായി, നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപ്പെട്ട ഒരു ജ്ഞാനഗ്രന്ഥം സമാനമായ ന്യായവാദം ഉപയോഗിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു: “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ.” (എബ്രായർ 3:4) എന്നാൽ, ‘പ്രകൃതിയുടെ പ്രവർത്തനങ്ങൾ മനുഷ്യ നിർമിതിയിൽനിന്നു വ്യത്യസ്തമാണ്’ എന്നു ചിലർ പറഞ്ഞേക്കാം. എങ്കിലും, ശാസ്ത്രജ്ഞന്മാർ എല്ലാവരുമൊന്നും ആ തടസ്സവാദത്തോടു യോജിക്കുന്നില്ല.
“ജൈവരാസ വ്യവസ്ഥകൾ അചേതന വസ്തുക്കളല്ല” എന്നു സമ്മതിച്ച ശേഷം, ഐക്യനാടുകളിലെ പെൻസിൽവേനിയയിലുള്ള ലിഹൈ സർവകലാശാലയിലെ ജൈവരസതന്ത്ര അസോഷിയേറ്റ് പ്രൊഫസറായ മൈക്കിൾ ബിഹി ഇങ്ങനെ ചോദിക്കുന്നു: “സചേതന ജൈവരാസ വ്യവസ്ഥകളെ ബുദ്ധിപരമായി രൂപകൽപ്പന ചെയ്യാനാകുമോ?” ജനിതക എൻജിനീയറിങ് പോലുള്ള മാർഗങ്ങളിലൂടെ ശാസ്ത്രജ്ഞർ ഇപ്പോൾ ജീവികളിൽ അടിസ്ഥാന മാറ്റങ്ങൾ രൂപകൽപ്പന ചെയ്യുന്നു എന്ന് അദ്ദേഹം തുടർന്നു പറയുന്നു. അതേ, സചേതനവും അചേതനവുമായ വസ്തുക്കളെ “നിർമിക്കാൻ” സാധിക്കും! സൂക്ഷ്മദർശിനിയിലൂടെ മാത്രം കാണാവുന്ന ജീവകോശങ്ങളെ പരിശോധിച്ച ബിഹി, പരസ്പരം ആശ്രയിച്ചു പ്രവർത്തിക്കുന്ന ഘടകങ്ങളാൽ നിർമിതമായ വിസ്മയാവഹമായ സങ്കീർണ വ്യവസ്ഥകൾ കണ്ടെത്തി. അദ്ദേഹത്തിന്റെ നിഗമനം എന്തായിരുന്നു? “കോശത്തെ പരിശോധിച്ച് അറിയാനുള്ള, തന്മാത്രാതലത്തിൽ ജീവനെക്കുറിച്ചു പഠിക്കാനുള്ള, ഈ ശ്രമങ്ങളുടെയെല്ലാം ഫലമായി കേൾക്കാൻ കഴിയുന്നത് ഉച്ചത്തിലുള്ള, സ്പഷ്ടമായ, ചെവിതുളയ്ക്കുന്ന ഒരു ആരവമാണ്—‘രൂപകൽപ്പന!’”
അപ്പോൾ ഈ സങ്കീർണ വ്യവസ്ഥകളുടെയെല്ലാം പിന്നിലുള്ള രൂപസംവിധായകൻ ആരാണ്?
ആരാണ് രൂപകൽപ്പിതാവ്?
അതിന്റെ ഉത്തരം മുമ്പ് ഉദ്ധരിച്ച ആ പുരാതന ജ്ഞാനഗ്രന്ഥത്തിൽ—ബൈബിളിൽ—ഉണ്ട്. സകലവും ആര് രൂപകൽപ്പന ചെയ്തു എന്ന ചോദ്യത്തിനു ബൈബിൾ അതിന്റെ പ്രാരംഭ വാക്കുകളിൽ വളരെ ലളിതമായും വ്യക്തമായും ഇങ്ങനെ ഉത്തരം നൽകുന്നു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”—ഉല്പത്തി 1:1.
മറ്റു ദൈവങ്ങളിൽനിന്നു തന്നെ വേർതിരിച്ചറിയിച്ചുകൊണ്ട് സ്രഷ്ടാവ് തന്റെ അന്യാദൃശ നാമം വെളിപ്പെടുത്തുന്നു: “ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെ . . . കൊടുക്കുകയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (യെശയ്യാവു 42:5, 8) പ്രപഞ്ചത്തെ രൂപകൽപ്പന ചെയ്ത, ഭൂമിയിൽ പുരുഷനെയും സ്ത്രീയെയും ഉണ്ടാക്കിയ ദൈവത്തിന്റെ പേര് യഹോവ എന്നാണ്. എന്നാൽ യഹോവ ആരാണ്? അവൻ ഏതു തരത്തിലുള്ള ദൈവമാണ്? നിങ്ങൾ അവനെ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
അവന്റെ നാമത്തിന്റെ അർഥം
ഒന്നാമതായി, സ്രഷ്ടാവിന്റെ നാമമായ യഹോവ എന്നതിന്റെ അർഥം എന്താണ്? ബൈബിളിന്റെ എബ്രായ ഭാഗത്ത് 7,000-ത്തോളം പ്രാവശ്യം കാണുന്ന ദൈവനാമം നാല് എബ്രായ അക്ഷരങ്ങൾ (יהוה) ഉപയോഗിച്ചാണ് എഴുതുന്നത്. ഹാവാ (“ആയിത്തീരുക”) എന്ന എബ്രായ ക്രിയയുടെ ഹേതുരൂപമായി കണക്കാക്കപ്പെടുന്ന ഈ നാമത്തിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ താൻ എന്ത് ആയിരിക്കേണ്ടതുണ്ടോ അത് ആയിത്തീരാൻ യഹോവ ജ്ഞാനപൂർവം ഇടയാക്കുന്നു എന്നാണ്. തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കാനായി അവൻ സ്രഷ്ടാവും ന്യായാധിപനും രക്ഷകനും ജീവപാലകനുമൊക്കെ ആയിത്തീരുന്നു. മാത്രവുമല്ല, നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രവർത്തനത്തെ സൂചിപ്പിക്കുന്ന വ്യാകരണ രൂപമാണ് ആ എബ്രായ ക്രിയയ്ക്ക് ഉള്ളത്. താൻതന്നെ തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുന്നവൻ ആയിത്തീരാൻ യഹോവ ഇപ്പോഴും ഇടയാക്കുന്നു എന്നാണ് അതു സൂചിപ്പിക്കുന്നത്. അതേ, അവൻ ജീവിക്കുന്ന ഒരു ദൈവമാണ്!
യഹോവയുടെ പ്രമുഖ ഗുണങ്ങൾ
തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുന്ന ഈ സ്രഷ്ടാവ് വളരെ ആകർഷകമായ ഗുണങ്ങൾ ഉള്ളവൻ ആണെന്നു ബൈബിൾ പ്രകടമാക്കുന്നു. തന്റെ തനതു ഗുണങ്ങളെ വെളിപ്പെടുത്തിക്കൊണ്ട് യഹോവതന്നെ ഇങ്ങനെ പറഞ്ഞു: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും [“സ്നേഹദയയും,” NW] വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ.” (പുറപ്പാടു 34:6, 7) സ്നേഹദയയുള്ള ഒരു ദൈവമായി യഹോവ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദത്തെ “വിശ്വസ്ത സ്നേഹം” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. തന്റെ നിത്യോദ്ദേശ്യം നിവർത്തിച്ചുകൊണ്ട് യഹോവ തന്റെ സൃഷ്ടികളോടു സ്നേഹം കാണിക്കുന്നതിൽ വിശ്വസ്തനായി തുടരുന്നു. അത്തരം സ്നേഹത്തെ നിങ്ങൾ പ്രിയപ്പെട്ടതായി കരുതുകയില്ലേ?
യഹോവ കോപിക്കാൻ താമസവും നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ വേഗതയും ഉള്ളവനാണ്. [എപ്പോഴും] കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കാത്ത, ക്ഷമിക്കാൻ ഒരുക്കമുള്ള ഒരു വ്യക്തിയോടൊത്ത് ആയിരിക്കുന്നത് ഹൃദയോഷ്മളദായകമാണ്. എന്നാൽ, അതിന്റെ അർഥം യഹോവ ദുഷ്പ്രവൃത്തിക്കു നേരെ കണ്ണടയ്ക്കുന്നു എന്നല്ല. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർച്ചയെ വെറുക്കയും ചെയ്യുന്നു.” (യെശയ്യാവു 61:8) നീതിയുടെ ദൈവമായ അവൻ, ദുഷ്ടതയിൽ തുടരുന്ന ധിക്കാരികളായ പാപികളെ എന്നേക്കും വെച്ചുപൊറുപ്പിക്കില്ല. അതുകൊണ്ട്, തക്കസമയത്തു യഹോവ ലോകത്തിലെ അനീതി ഇല്ലായ്മ ചെയ്യുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.
സ്നേഹം, നീതി എന്നീ ഗുണങ്ങളെ പൂർണമായി സമനിലയിൽ നിറുത്താൻ ജ്ഞാനം ആവശ്യമാണ്. നമ്മോട് ഇടപെടുമ്പോൾ ഈ രണ്ടു ഗുണങ്ങളെ അത്ഭുതകരമായ വിധത്തിൽ യഹോവ സമനിലയിൽ റോമർ 11:33-36) തീർച്ചയായും, അവന്റെ ജ്ഞാനം എല്ലായിടത്തും ദൃശ്യമാണ്. പ്രകൃതിയിലെ അത്ഭുതങ്ങൾ അതിനു സാക്ഷ്യം വഹിക്കുന്നു.—സങ്കീർത്തനം 104:24; സദൃശവാക്യങ്ങൾ 3:19.
നിറുത്തുന്നു. (എന്നാൽ, ജ്ഞാനം ഉണ്ടായിരിക്കുന്നതുകൊണ്ടു മാത്രം ആയില്ല. തന്റെ മനസ്സിലുള്ളതു പൂർണമായി നിവർത്തിക്കാൻ സ്രഷ്ടാവിനു സമ്പൂർണ ശക്തിയും ഉണ്ടായിരിക്കണം. അവൻ അത്തരത്തിലുള്ള ഒരു ദൈവമാണെന്നു ബൈബിൾ പ്രകടമാക്കുന്നു: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യം [“ചലനാത്മക ഊർജത്തിന്റെ ആധിക്യം,” NW] നിമിത്തവും . . . അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.” (യെശയ്യാവു 40:26) നിശ്ചയമായും, തന്റെ ഹിതം നിറവേറ്റാൻ “ചലനാത്മക ഊർജത്തിന്റെ ആധിക്യം” യഹോവയ്ക്ക് ഉണ്ട്. അത്തരം ഗുണങ്ങൾ നിങ്ങളെ അവനിലേക്ക് ആകർഷിക്കുന്നില്ലേ?
യഹോവയെ അറിയുന്നതിന്റെ പ്രയോജനങ്ങൾ
യഹോവ ഭൂമിയെ ഉണ്ടാക്കിയത് “വ്യർത്ഥമായിട്ടല്ല” മറിച്ച്, താനുമായി അർഥവത്തായ ഒരു ബന്ധമുള്ള മനുഷ്യരുടെ ‘പാർപ്പിനായിട്ടാണ്.’ (യെശയ്യാവു 45:18; ഉല്പത്തി 1:28) തന്റെ ഭൗമിക സൃഷ്ടികളെ കുറിച്ച് അവൻ കരുതുന്നു. ഒരു ഉദ്യാനതുല്യ ഭവനമായ പറുദീസയിൽ അവൻ മനുഷ്യവർഗത്തിനു പൂർണതയുള്ള ഒരു തുടക്കം കൊടുത്തു. എന്നാൽ, മനുഷ്യർ അതിനെ നശിപ്പിക്കുന്നു, അതു യഹോവയ്ക്കു വളരെ അപ്രീതി ഉളവാക്കുന്നു. എന്നിരുന്നാലും, യഹോവ എന്ന നാമം സൂചിപ്പിക്കുന്നതു പോലെ, അവൻ മനുഷ്യനെയും ഭൂമിയെയും സംബന്ധിച്ച തന്റെ ആദിമ ഉദ്ദേശ്യം നിവർത്തിക്കും. (സങ്കീർത്തനം 115:16; വെളിപ്പാടു 11:18) തന്റെ മക്കൾ എന്ന നിലയിൽ തന്നെ അനുസരിക്കാൻ ഒരുക്കമുള്ളവർക്കായി യഹോവ ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കും.—സദൃശവാക്യങ്ങൾ 8:17; മത്തായി 5:5.
ആ പറുദീസയിൽ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന ജീവിതത്തിന്റെ ഗുണനിലവാരത്തെ കുറിച്ചു ബൈബിളിലെ അവസാന പുസ്തകം വർണിക്കുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:3-5) നിങ്ങൾ ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്ന യഥാർഥ ജീവിതം അതാണ്. എത്ര സ്നേഹവാനായ പിതാവാണ് അവൻ! അവനെ കുറിച്ചും പറുദീസയിൽ ജീവിക്കാൻ നിങ്ങളിൽനിന്ന് എന്ത് ആവശ്യപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ചും കൂടുതൽ പഠിക്കാൻ നിങ്ങൾ മനസ്സൊരുക്കമുള്ളവനാണോ?
മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്ത പക്ഷം, എല്ലാ ബൈബിൾ ഉദ്ധരണികളും ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സത്യവേദപുസ്തകത്തിൽ നിന്നാണ്.