യുവജനങ്ങളേ —നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും?
യുവജനങ്ങളേ—നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും?
“ജീവിതം ഏറ്റവും നന്നായി വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ഒരു കൗമാരപ്രായക്കാരി പറയുന്നു. നിങ്ങളുടെ ആഗ്രഹവും അതുതന്നെ ആയിരിക്കുമെന്നതിനു സംശയമില്ല. എന്നാൽ നിങ്ങൾക്ക് എങ്ങനെ “ജീവിതം ഏറ്റവും നന്നായി വിനിയോഗിക്കാ”നാകും? ധാരാളം പണമുണ്ടാക്കുക, നിലയും വിലയുമുള്ള ഒരു തൊഴിൽ സമ്പാദിക്കുക, നേട്ടങ്ങളുടെ പടവുകൾ താണ്ടി ഉയരങ്ങളിലെത്തുക എന്നിവയാണ് അതിനുള്ള വഴികൾ എന്ന് മാധ്യമങ്ങളും സമപ്രായക്കാരും ഒരുപക്ഷേ നിങ്ങളുടെ അധ്യാപകർതന്നെയും പറഞ്ഞേക്കാം!
എന്നാൽ, ഭൗതിക വിജയം കൈവരിക്കാനുള്ള നെട്ടോട്ടം ‘കാറ്റിനെ പിടിക്കാനുള്ള ശ്രമം’ പോലെ ആണെന്ന് ബൈബിൾ യുവജനങ്ങൾക്കു മുന്നറിയിപ്പു നൽകുന്നു. (സഭാപ്രസംഗി 4:4, NW) അതിന്റെ ഒരു കാരണം, യുവജനങ്ങളിൽ ചുരുക്കം ചിലർക്കേ വാസ്‌തവത്തിൽ പണവും പ്രശസ്‌തിയും സമ്പാദിക്കാൻ കഴിയുന്നുള്ളൂ എന്നതാണ്. അതിനു കഴിയുന്നവരാകട്ടെ പലപ്പോഴും അങ്ങേയറ്റം നിരാശരായിത്തീരുകയും ചെയ്യുന്നു. “ഭൗതിക വിജയം ഒരു കാലിപ്പെട്ടി പോലെയാണ്, തുറന്നു നോക്കുമ്പോൾ അതിൽ ഒന്നും കാണില്ല,” വിദ്യാഭ്യാസ രംഗത്ത് ഒരു ഉയർന്ന ഉദ്യോഗം സമ്പാദിച്ച ബ്രിട്ടീഷുകാരനായ ഒരു യുവാവ് പറയുന്നു. ഒരു തൊഴിലിനു ചിലപ്പോൾ സമ്പത്തും അംഗീകാരവും നേടിത്തരാൻ കഴിഞ്ഞേക്കുമെന്നുള്ളതു ശരിയാണ്. എന്നാൽ നിങ്ങളുടെ ‘ആത്മീയ ആവശ്യം’ തൃപ്‌തിപ്പെടുത്താൻ അതിനു കഴിയില്ല. (മത്തായി 5:3, NW) കൂടാതെ, ‘ലോകം ഒഴിഞ്ഞുപോകു’കയാണെന്ന് 1 യോഹന്നാൻ 2:17 മുന്നറിയിപ്പു നൽകുന്നു. ഈ ലോകത്തിൽ നിങ്ങൾ വിജയം നേടുകയാണെങ്കിൽത്തന്നെ അതു താത്‌കാലികമായ ഒന്നായിരിക്കും.
അതുകൊണ്ട്, “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്ന് സഭാപ്രസംഗി 12:1 യുവജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. അതേ, നിങ്ങളുടെ ജീവിതംകൊണ്ടു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി യഹോവയാം ദൈവത്തെ സേവിക്കുക എന്നതാണ്. എന്നാൽ ആദ്യംതന്നെ ദൈവസേവനത്തിൽ ഏർപ്പെടാനുള്ള യോഗ്യത നിങ്ങൾ സമ്പാദിക്കേണ്ടതുണ്ട്. നിങ്ങൾക്ക് അത് എങ്ങനെ സാധിക്കും? ദൈവത്തെ സേവിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്?
യഹോവയുടെ സാക്ഷികളിൽ ഒരുവൻ ആയിരിക്കാൻ യോഗ്യത പ്രാപിക്കൽ
ആദ്യംതന്നെ, ദൈവത്തെ സേവിക്കാനുള്ള ഒരു ആഗ്രഹം നിങ്ങൾ വളർത്തിയെടുക്കണം. ആ ആഗ്രഹം താനേ ഉണ്ടാകുന്ന ഒന്നല്ല, നിങ്ങളുടെ മാതാപിതാക്കൾ ക്രിസ്‌ത്യാനികളാണെങ്കിൽക്കൂടെയും. നിങ്ങൾക്കു യഹോവയുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരിക്കണം. “യഹോവയുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരിക്കാൻ പ്രാർഥന സഹായിക്കും,” ഒരു കൗമാരപ്രായക്കാരി പറയുന്നു.—സങ്കീർത്തനം 62:8; യാക്കോബ് 4:8.
നിങ്ങൾ സ്വീകരിക്കേണ്ട മറ്റൊരു പടി റോമർ 12:2 (NW) പ്രദീപ്‌തമാക്കുന്നു. “നല്ലതും സ്വീകാര്യവും പൂർണവുമായ ദൈവേഷ്ടം എന്തെന്നു സ്വയം ഉറപ്പുവരു”ത്താൻ അത് ആവശ്യപ്പെടുന്നു. നിങ്ങളെ പഠിപ്പിച്ചിരിക്കുന്ന ചില കാര്യങ്ങൾ സംബന്ധിച്ചു നിങ്ങൾക്ക് എപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ബൈബിളിന്റെ ഉദ്‌ബോധനം പിൻപറ്റിക്കൊണ്ട്, ഈ കാര്യങ്ങൾ സത്യമാണെന്ന് ‘സ്വയം ഉറപ്പുവരുത്തുക!’ സ്വന്തമായി ഗവേഷണം നടത്തുക. ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും വായിക്കുക. എങ്കിലും ദൈവത്തെ കുറിച്ചു പഠിക്കാൻ നമ്മുടെ ബുദ്ധി ഉപയോഗിച്ച് വസ്‌തുതകൾ വിശകലനം ചെയ്‌താൽ മാത്രം പോരാ. വായിക്കുന്ന കാര്യങ്ങൾ ധ്യാനിക്കാൻ സമയമെടുക്കുക. അങ്ങനെ ചെയ്യുമ്പോൾ ഒരിക്കലും മാഞ്ഞുപോകാത്തവിധം അവ നിങ്ങളുടെ ഹൃദയത്തിൽ പതിയും. അതാകട്ടെ, ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹം വളരാൻ ഇടയാക്കുകയും ചെയ്യും.—സങ്കീർത്തനം 1:2, 3.
അടുത്തതായി, പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി—ഉദാഹരണത്തിന് നിങ്ങളുടെ സഹപാഠികളുമായി—അനൗപചാരികമായി പങ്കുവെക്കാൻ ശ്രമിക്കുക. വീടുതോറും പ്രസംഗിക്കുന്നതാണ് പിന്നത്തെ പടി. പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കെ ചിലപ്പോൾ സഹപാഠികളിൽ ആരെയെങ്കിലും നിങ്ങൾ കണ്ടുമുട്ടിയേക്കാം, ആദ്യമൊക്കെ നിങ്ങൾക്ക് അതിൽ വല്ലാത്ത പരിഭ്രമം തോന്നിയേക്കാം. എന്നാൽ ‘സുവിശേഷത്തെക്കുറിച്ചു ലജ്ജിക്കാതിരിക്കാൻ’ ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (റോമർ 1:16) ജീവന്റെയും പ്രത്യാശയുടെയും ഒരു സന്ദേശമാണു നിങ്ങൾ ആളുകളുടെ പക്കൽ എത്തിക്കുന്നത്! അതിൽ എന്തിനു ലജ്ജിക്കണം?
നിങ്ങളുടെ മാതാപിതാക്കൾ ക്രിസ്‌ത്യാനികൾ ആണെങ്കിൽ നിങ്ങൾ അവരോടൊപ്പം പ്രസംഗവേലയിൽ പങ്കെടുക്കുന്നുണ്ടായിരിക്കാം. എന്നാൽ വീട്ടുവാതിൽക്കൽ ഒന്നും മിണ്ടാതെ നിൽക്കുകയോ വെറുതെ മാസികകളും ലഘുലേഖകളും സമർപ്പിച്ചിട്ടു പോരുകയോ ആണോ നിങ്ങൾ ചെയ്യുന്നത്? ബൈബിൾ ഉപയോഗിച്ച് വീട്ടുകാരനോടു നിങ്ങൾതന്നെ സംസാരിക്കാറുണ്ടോ? ഇല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കളിൽനിന്നോ സഭയിലെ പക്വതയുള്ള ഒരംഗത്തിൽനിന്നോ സഹായം തേടുക. സുവാർത്തയുടെ സ്‌നാപനമേൽക്കാത്ത ഒരു ഘോഷകനായിത്തീരാനുള്ള യോഗ്യത നേടാൻ ലക്ഷ്യം വെക്കുക!
കാലാന്തരത്തിൽ, സമർപ്പണം എന്ന പടി സ്വീകരിക്കാൻ—ഇനി മുതൽ ദൈവത്തെ സേവിക്കുമെന്ന് അവനോടു പ്രതിജ്ഞ ചെയ്യാൻ—നിങ്ങൾ പ്രേരിതനാകും. (റോമർ 12:1) എന്നിരുന്നാലും സമർപ്പണം വെറുമൊരു സ്വകാര്യ സംഗതിയല്ല. എല്ലാവരും തങ്ങളുടെ വിശ്വാസം “രക്ഷെക്കായി ഏററുപറ”യാൻ ദൈവം ആവശ്യപ്പെടുന്നു. (റോമർ 10:10) സ്‌നാപന സമയത്ത് ആദ്യം നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെ കുറിച്ചു വാക്കാലുള്ള പ്രഖ്യാപനം നടത്തുന്നു. തുടർന്നു നിങ്ങൾ വെള്ളത്തിൽ മുങ്ങി സ്‌നാപനമേൽക്കുന്നു. (മത്തായി 28:19, 20) സ്‌നാപനം തീർച്ചയായും ഗൗരവാവഹമായ ഒരു നടപടിയാണ്. എന്നാൽ സ്‌നാപനത്തിനു ചേർച്ചയിൽ ജീവിക്കുന്നതിൽ ഏതെങ്കിലും വിധത്തിൽ പരാജയപ്പെട്ടാലോ എന്ന ചിന്തയാൽ അതിൽനിന്നു പിന്മാറി നിൽക്കരുത്. ശക്തിക്കായി ദൈവത്തെ ആശ്രയിക്കുന്നെങ്കിൽ, ഉറച്ചു നിൽക്കാൻ ആവശ്യമായ ‘സാധാരണയിൽ കവിഞ്ഞ ശക്തി’ അവൻ നിങ്ങൾക്കു നൽകും.—2 കൊരിന്ത്യർ 4:7, NW; 1 പത്രൊസ് 5:10.
സ്‌നാപന സമയത്തു നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുന്നു. (യെശയ്യാവു 43:10) നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ അതു ശക്തമായി സ്വാധീനിക്കണം. സമർപ്പണത്തിൽ ഒരുവൻ ‘തന്നെത്തന്നെ ത്യജിക്കുന്നത്’ ഉൾപ്പെടുന്നു. (മത്തായി 16:24) വ്യക്തിപരമായ ചില ലക്ഷ്യങ്ങളും മോഹങ്ങളും ഉപേക്ഷിച്ചുകൊണ്ടു നിങ്ങൾ “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷി”ച്ചേക്കാം. (മത്തായി 6:33) സമർപ്പണവും സ്‌നാപനവും അതു ചെയ്യാനുള്ള ഒട്ടനവധി അവസരങ്ങൾ തുറന്നുതരുന്നു. അവയിൽ ചിലതു നമുക്കു പരിചിന്തിക്കാം.
ദൈവത്തെ മുഴുസമയം സേവിക്കാനുള്ള അവസരങ്ങൾ
● പയനിയറിങ് അത്തരത്തിലുള്ള ഒരു അവസരമാണ്. സുവാർത്ത പ്രസംഗിക്കാൻ ഓരോ മാസവും കുറഞ്ഞത് 70 മണിക്കൂറെങ്കിലും നീക്കിവെക്കുന്ന മാതൃകായോഗ്യരായ സമർപ്പിത ക്രിസ്‌ത്യാനികളാണ് പയനിയർമാർ. കൂടുതൽ സമയം വയലിൽ ചെലവഴിക്കുന്നത് പ്രസംഗ, പഠിപ്പിക്കൽ പ്രാപ്‌തികൾ വികസിപ്പിക്കാൻ നിങ്ങളെ സഹായിക്കും. തങ്ങളുടെ ബൈബിൾ വിദ്യാർഥികളെ സ്‌നാപനമേറ്റ സാക്ഷികളാകാൻ സഹായിക്കുന്നതിലെ സന്തോഷം പല പയനിയർമാരും ആസ്വദിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു ലൗകിക തൊഴിലിന് അതിലധികമായി ആവേശവും സംതൃപ്‌തിയും പകർന്നുതരാൻ കഴിയുമോ?
തങ്ങളുടെ ജീവിത ചെലവുകൾ വഹിക്കാൻ മിക്ക പയനിയർമാരും അംശകാല ലൗകിക തൊഴിലുകളിൽ ഏർപ്പെടുന്നു. വിദ്യാലയങ്ങളിൽനിന്നോ മാതാപിതാക്കളിൽനിന്നോ എന്തെങ്കിലും കൈത്തൊഴിൽ വശമാക്കിക്കൊണ്ട് ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പലരും മുന്നമേതന്നെ ആസൂത്രണം ചെയ്യുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം നിങ്ങൾ എന്തെങ്കിലും അനുബന്ധ പരിശീലനം നേടുന്നതു പ്രയോജനകരമായിരിക്കുമെന്നു നിങ്ങൾക്കോ മാതാപിതാക്കൾക്കോ തോന്നുന്നെങ്കിലോ? എങ്കിൽ അതിന്റെ പിന്നിലെ ലക്ഷ്യം ധാരാളം പണം സമ്പാദിക്കുക എന്നതല്ല, മറിച്ച് ശുശ്രൂഷയെ പിന്തുണയ്‌ക്കുകയും ഒരുപക്ഷേ ഒരു മുഴുസമയ ശുശ്രൂഷകൻ പോലും ആയി സേവിക്കാൻ പ്രാപ്‌തനാക്കുകയും ചെയ്യുക എന്നതാണെന്ന് ഉറപ്പുവരുത്തുക.
എന്നിരുന്നാലും ഒരു പയനിയറുടെ ജീവിതത്തിലെ പ്രധാന സംഗതി അയാളുടെ ലൗകിക തൊഴിൽ അല്ല പിന്നെയോ അയാളുടെ ശുശ്രൂഷ—ജീവൻ നേടാൻ മറ്റുള്ളവരെ സഹായിക്കൽ—ആണ്! നിങ്ങൾക്ക് എന്തുകൊണ്ട് പയനിയർ സേവനത്തിനു ലക്ഷ്യം വെച്ചുകൂടാ? പയനിയറിങ് മിക്കപ്പോഴും മറ്റു സേവനപദവികളിലേക്കുള്ള വാതിൽ തുറന്നുതരുന്നു. ഉദാഹരണത്തിന്, ചില പയനിയർമാർ രാജ്യഘോഷകരുടെ ആവശ്യം കൂടുതൽ ഉള്ള പ്രദേശങ്ങളിലേക്കു
താമസം മാറുന്നു. മറ്റു ചിലരാകട്ടെ, ഒരു വിദേശ ഭാഷ പഠിക്കുകയും തങ്ങളുടെ പ്രദേശത്തുതന്നെയുള്ള ഒരു വിദേശ-ഭാഷാ സഭയിലോ ഒരു വിദേശ രാജ്യത്തുതന്നെയോ സേവിക്കുകയും ചെയ്യുന്നു. അതേ, പയനിയറിങ് പ്രതിഫലദായകമായ ഒരു ജീവിതരീതിയാണ്!● രാജ്യസുവിശേഷകർക്കുള്ള സ്‌കൂൾ. രണ്ടു മാസം ദൈർഘ്യമുള്ളതാണ് ഈ സ്‌കൂൾ. ആവശ്യമുള്ളിടത്തു സേവിക്കുന്നതിന് തങ്ങളുടെ സ്വന്തം നാടും വീടും വിട്ട് അകലേക്കു പോകാൻ മനസ്സുള്ള പരിചയസമ്പന്നരായ പയനിയർമാർക്കു പരിശീലനം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്. സ്വന്തനാടു വിട്ട് അകലേക്കു പോകാൻ മനസ്സു കാണിക്കുന്ന ഈ മുഴുസമയശുശ്രൂഷകർ ഭൂമിയിൽ സേവിച്ചിട്ടുള്ളതിലേക്കും ഏറ്റവും വലിയ സുവിശേഷകനായ യേശുക്രിസ്‌തുവിനെ അനുകരിക്കുന്നു. (യോഹന്നാൻ 7:29) ഫലത്തിൽ അവർ ഇങ്ങനെ പറയുകയാണ്: “അടിയൻ ഇതാ അടിയനെ അയക്കേണമേ.” (യെശയ്യാവു 6:8) വീട്ടിൽനിന്നു മാറി ദൂരെ താമസിക്കേണ്ടിവരുമ്പോൾ ജീവിതം ലളിതമാക്കേണ്ടിവന്നേക്കാം. തികച്ചും വ്യത്യസ്‌തമായിരിക്കാം പുതിയ സ്ഥലത്തെ സംസ്‌കാരവും കാലാവസ്ഥയും ആഹാരരീതിയും എല്ലാം. ഒരുപക്ഷേ, പുതിയ ഒരു ഭാഷപോലും പഠിക്കേണ്ടിവന്നേക്കാം. 23-നും 65-നും ഇടയ്‌ക്ക് പ്രായമുള്ള, ദമ്പതിമാർക്കും ഏകാകികളായ സഹോദരന്മാർക്കും സഹോദരിമാർക്കും ഈ സ്‌കൂളിൽ പങ്കെടുക്കാം. തങ്ങളുടെ നിയമനങ്ങൾ നിറവേറ്റാനുള്ള ആത്മീയഗുണങ്ങൾ വളർത്തിയെടുക്കാനും യഹോവയ്‌ക്കും സംഘടനയ്‌ക്കും ഏറെ ഉപയോഗപ്രദരാക്കിത്തീർക്കുന്ന വൈദഗ്‌ധ്യങ്ങൾ നേടിയെടുക്കാനും പയനിയർമാരെ ഈ സ്‌കൂൾ സഹായിക്കുന്നു.
● ബെഥേൽ സേവനത്തിൽ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുകളിൽ ഏതിലെങ്കിലും ഒരു സ്വമേധയാ സേവകനെന്ന നിലയിൽ വേല ചെയ്യുന്നത് ഉൾപ്പെടുന്നു. ബെഥേൽ കുടുംബത്തിലെ ചില അംഗങ്ങൾ ബൈബിൾ സാഹിത്യങ്ങളുടെ ഉത്‌പാദനത്തിൽ നേരിട്ടു പങ്കു വഹിക്കുന്നു. മറ്റുള്ളവർക്ക് അതിനെ പിന്തുണയ്‌ക്കുന്ന നിയമനങ്ങൾ ലഭിക്കുന്നു, കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും പരിപാലനവും ബെഥേൽ കുടുംബത്തിന്റെ ശാരീരിക ആവശ്യങ്ങൾക്കായി കരുതുന്നതുമൊക്കെ അതിൽ ഉൾപ്പെടുന്നു. എല്ലാ നിയമനങ്ങളും യഹോവയ്‌ക്കുള്ള വിശുദ്ധ സേവനത്തിന്റേതായ
പദവികളാണ്. അതിനു പുറമേ ബെഥേലിൽ ഉള്ളവർക്ക്, തങ്ങൾ ചെയ്യുന്നതെന്തും ലോകമെമ്പാടുമുള്ള തങ്ങളുടെ ഒട്ടനവധി സഹോദരീസഹോദരന്മാർക്കു പ്രയോജനം ചെയ്യുന്നു എന്ന അറിവു സന്തോഷം നൽകുന്നു.ചിലപ്പോൾ പ്രത്യേക വൈദഗ്‌ധ്യങ്ങളുള്ള സഹോദരന്മാരെ ബെഥേലിൽ സേവിക്കാൻ ക്ഷണിക്കാറുണ്ട്. എന്നാൽ മിക്കവർക്കും അവർ ബെഥേലിൽ വന്ന ശേഷമാണു പരിശീലനം ലഭിക്കുന്നത്. ബെഥേലിലുള്ളവർ ഭൗതിക നേട്ടങ്ങൾക്കു വേണ്ടിയല്ല അവിടെ സേവിക്കുന്നത്, അവിടെ ലഭിക്കുന്ന ഭക്ഷണത്തിലും താമസസൗകര്യത്തിലും വ്യക്തിപരമായ ചെലവുകൾക്കായി നൽകപ്പെടുന്ന ചെറിയ തുകയിലും അവർ സംതൃപ്‌തരാണ്. ബെഥേൽ കുടുംബത്തിലെ പ്രായംകുറഞ്ഞ ഒരംഗം തന്റെ സേവനത്തെ വർണിക്കുന്നത് ഇങ്ങനെയാണ്: “അത് അതിവിശിഷ്ടമാണ്! ദിനചര്യ അൽപ്പം ബുദ്ധിമുട്ടുള്ളതാണെങ്കിലും ഇവിടെ സേവിക്കുന്നതിലൂടെ എനിക്കു ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്.”
● നിർമാണ സേവനം ബ്രാഞ്ച് കെട്ടിടങ്ങളും രാജ്യഹാളുകളും പണിയുന്നതിൽ പങ്കുപറ്റാനുള്ള അവസരം പ്രദാനം ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർ നിർമാണ സേവകർ എന്ന് അറിയപ്പെടുന്നു. ശലോമോന്റെ ആലയത്തിന്റെ നിർമാണത്തിൽ പങ്കെടുത്തവർ ചെയ്‌തതിനു സമാനമായ ഒരു വിശുദ്ധ സേവനമാണ് ഇത്. (1 രാജാക്കന്മാർ 8:13-18) ബെഥേൽ കുടുംബാംഗങ്ങൾക്കു ലഭിക്കുന്ന അതേ കരുതലുകളാണ് നിർമാണ സേവകർക്കും ലഭിക്കുന്നത്. യഹോവയുടെ മഹത്ത്വത്തിനായി ഈ പ്രവർത്തനമേഖലയിൽ സേവിക്കുന്ന സഹോദരീസഹോദരന്മാർക്ക് എത്ര മഹത്തായ പദവിയാണ് ഉള്ളത്!
യഹോവയെ പൂർണ ഹൃദയത്തോടെ സേവിക്കുക
നിങ്ങളുടെ ജീവിതംകൊണ്ടു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം യഹോവയെ സേവിക്കുക എന്നതാണ്. ദൈവത്തെ മുഴുസമയം സേവിക്കുക എന്ന വ്യക്തിപരമായ ലക്ഷ്യം വെക്കുന്നതിനെ കുറിച്ചു നിങ്ങൾക്കു ചിന്തിച്ചുകൂടെ? അതു സംബന്ധിച്ച് നിങ്ങളുടെ മാതാപിതാക്കളും സഭയിലെ മൂപ്പന്മാരും സർക്കിട്ട് മേൽവിചാരകനും ആയി ചർച്ച ചെയ്യുക. ബെഥേലിൽ സേവിക്കാനോ രാജ്യസുവിശേഷകർക്കുള്ള സ്‌കൂളിൽ സംബന്ധിക്കാനോ താത്‌പര്യപ്പെടുന്നെങ്കിൽ മേഖലാ കൺവെൻഷനുകളിൽ വെച്ച് അങ്ങനെയുള്ളവർക്കായി നടത്തപ്പെടുന്ന യോഗങ്ങളിൽ പങ്കെടുക്കുക.
എല്ലാവർക്കും മുഴുസമയ സേവനത്തിൽ ഏർപ്പെടാൻ സാധിച്ചെന്നു വരില്ല. ആരോഗ്യ പ്രശ്‌നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുടുംബ ഉത്തരവാദിത്വങ്ങൾ എന്നിവയെല്ലാം പ്രതിബന്ധങ്ങളായേക്കാം. എന്നിരുന്നാലും എല്ലാ സമർപ്പിത ക്രിസ്‌ത്യാനികളും ബൈബിളിലെ ഈ കൽപ്പന അനുസരിക്കാൻ ബാധ്യസ്ഥരാണ്: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം.” (മത്തായി 22:37) നിങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുന്നിടത്തോളം, നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യാൻ യഹോവ ആവശ്യപ്പെടുന്നു. അതുകൊണ്ട് നിങ്ങളുടെ സാഹചര്യം എന്തായിരുന്നാലും യഹോവയുടെ സേവനത്തിനു ജീവിതത്തിൽ കേന്ദ്ര സ്ഥാനം നൽകുക. പ്രായോഗികമായ ദിവ്യാധിപത്യ ലക്ഷ്യങ്ങൾ വെക്കുക. അതേ, ‘യൌവനകാലത്തു നിങ്ങളുടെ സ്രഷ്ടാവിനെ ഓർത്തുകൊൾക’—അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾക്കു നിത്യമായ അനുഗ്രഹങ്ങൾ ലഭിക്കും!
മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം, ഇതിലെ എല്ലാ ബൈബിൾ ഉദ്ധരണികളും ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ‘സത്യവേദപുസ്‌തക’ത്തിൽ നിന്നാണ്. NW വരുന്നിടത്ത് ഇംഗ്ലീഷിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയത് ഉപയോഗിച്ചിരിക്കുന്നു.