യേശുക്രിസ്തു ആരാണ്?
യേശുക്രിസ്തു ആരാണ്?
“ക്രിസ്ത്യാനികൾ അല്ലാത്ത അനേകർ പോലും അവൻ മഹാനും ജ്ഞാനിയുമായ ഒരു ഉപദേഷ്ടാവ് ആയിരുന്നു എന്ന് വിശ്വസിക്കുന്നു. തീർച്ചയായും മറ്റുള്ളവരുടെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികളിൽ ഒരാളാണ് അവൻ.” (ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ) “അവൻ” എന്നു പറഞ്ഞിരിക്കുന്നത് ആരെ കുറിച്ചാണ്? ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്തുവിനെ കുറിച്ച്. അവൻ ആരാണെന്നു നിങ്ങൾക്ക് അറിയാമോ? ഏതെങ്കിലും വിധത്തിൽ അവൻ നിങ്ങളുടെ ജീവിതത്തിൽ പ്രഭാവം ചെലുത്തുന്നുണ്ടോ?
യേശുവിന്റെ ശുശ്രൂഷക്കാലത്തെ സംഭവങ്ങൾ ബൈബിളിൽ സുവിശേഷങ്ങൾ എന്ന് അറിയപ്പെടുന്ന നാല് ചരിത്ര വിവരണങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിവരണങ്ങൾ കെട്ടിച്ചമച്ചവയാണോ? അവ വിശകലനം ചെയ്ത ശേഷം പ്രസിദ്ധ ചരിത്രകാരനായ വിൽ ഡ്യൂറന്റ് ഇങ്ങനെ എഴുതി: “ഒരു തലമുറകൊണ്ട്, എളിയവരായ ഏതാനും പേർ ഇത്ര ശക്തവും ആകർഷകവുമായ ഒരു വ്യക്തിത്വത്തെ, ഇത്രയും സമുന്നതമായ ഒരു ധാർമിക തത്ത്വസംഹിതയെ, മാനുഷ സാഹോദര്യത്തിന്റെ ഇത്ര പ്രചോദനാത്മകമായ ഒരു ദർശനത്തെ ഭാവനയിൽ സൃഷ്ടിച്ചു എന്നു പറഞ്ഞാൽ അത് സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏതൊരു അത്ഭുതത്തെക്കാളും അവിശ്വസനീയമായ ഒരു അത്ഭുതമായിരിക്കും.”
എന്നാൽ പൗരസ്ത്യനാടുകളിലും മറ്റിടങ്ങളിലും വസിക്കുന്ന ദശലക്ഷങ്ങൾക്ക് യേശുക്രിസ്തുവിനെ കുറിച്ച് കാര്യമായി ഒന്നുംതന്നെ അറിയില്ല. അവൻ ജീവിച്ചിരുന്നു എന്ന് അവർ വിശ്വസിച്ചേക്കാം. എന്നാൽ അവന് ഏതെങ്കിലും വിധത്തിൽ തങ്ങളുടെ ജീവിതത്തിൽ പ്രഭാവം ചെലുത്താനാകുമെന്ന് അവർ കരുതുന്നില്ല. മറ്റു ചിലർ ക്രിസ്തുവിന്റെ അനുയായികൾ എന്ന് അവകാശപ്പെടുന്നവർ ചെയ്തുകൂട്ടിയിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിൽ യേശു തങ്ങളുടെ ശ്രദ്ധ അർഹിക്കുന്ന ഒരുവനല്ല എന്നു നിഗമനം ചെയ്യുന്നു. ഉദാഹരണത്തിന്, ‘ജപ്പാനിലെ മിക്ക നഗരങ്ങളിലും ഉള്ളതിനെക്കാൾ കൂടുതൽ ക്രിസ്ത്യാനികൾ ഉള്ള നാഗസാക്കിയിലല്ലേ അവർ അണുബോംബ് ഇട്ടത്’ എന്നു ചില ജപ്പാൻകാർ പറഞ്ഞേക്കാം.
എന്നിരുന്നാലും ഇതു ചിന്തിക്കുക, ഡോക്ടറുടെ നിർദേശപ്രകാരം മരുന്നു കഴിക്കാത്ത ഒരു വ്യക്തിയുടെ രോഗം മാറാത്തതിന് നിങ്ങൾ ഡോക്ടറെ കുറ്റം പറയുമോ? തീർച്ചയായും ഇല്ല. ദൈനംദിന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിന് യേശു നൽകിയിട്ടുള്ള നിർദേശങ്ങളെ ക്രൈസ്തവലോകത്തിലെ ആളുകൾ കാലങ്ങളായി അവഗണിച്ചിരിക്കുന്നു. അതുകൊണ്ട് യേശുവിന്റെ നിർദേശങ്ങൾ അനുസരിക്കാത്ത നാമമാത്ര ക്രിസ്ത്യാനികൾ നിമിത്തം അവനെ തള്ളിക്കളയുന്നതിനു പകരം അവനെ കുറിച്ചു മനസ്സിലാക്കാൻ വ്യക്തിപരമായി നിങ്ങൾക്കു ശ്രമം ചെയ്തുകൂടേ? ബൈബിൾ പരിശോധിച്ച് യേശു യഥാർഥത്തിൽ ആരാണെന്നും അവനു നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ പോലും കഴിയുന്നത് എങ്ങനെയെന്നും കാണുക.
സ്നേഹം—അവൻ നിർദേശിക്കുന്ന പ്രതിവിധി
ഏകദേശം 2,000 വർഷം മുമ്പ് പാലസ്തീനിൽ ജീവിച്ചിരുന്ന മഹാനായ ഒരു ഉപദേഷ്ടാവായിരുന്നു യേശുക്രിസ്തു. അവന്റെ ബാല്യകാലത്തെ കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. (മത്തായി 1, 2 അധ്യായങ്ങൾ; ലൂക്കൊസ് 1, 2 അധ്യായങ്ങൾ) 30 വയസ്സായപ്പോൾ, ‘സത്യത്തിനു സാക്ഷ്യം’ വഹിക്കാനായി യേശു തന്റെ ശുശ്രൂഷ ആരംഭിച്ചു. (യോഹന്നാൻ 18:37; ലൂക്കൊസ് 3:21-23) യേശുവിന്റെ ജീവിത വൃത്താന്തം എഴുതിയ നാലു പേരും അവന്റെ ഭൗമിക ജീവിതത്തിന്റെ അവസാനത്തെ മൂന്നര വർഷക്കാലം അവൻ ചെയ്ത പരസ്യ ശുശ്രൂഷയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
തന്റെ ശുശ്രൂഷക്കാലത്ത് യേശു ശിഷ്യന്മാർക്ക് ജീവിതത്തിലെ വിവിധ പ്രശ്നങ്ങളെ വിജയകരമായി തരണം ചെയ്യുന്നതിനുള്ള താക്കോൽ എന്താണെന്നു കാണിച്ചു കൊടുത്തു. എന്തായിരുന്നു ആ താക്കോൽ? സ്നേഹം. ചരിത്രത്തിലെ ഏറ്റവും വിഖ്യാതമായ പ്രഭാഷണങ്ങളിൽ ഒന്നായ ഗിരിപ്രഭാഷണത്തിൽ യേശു, സഹമനുഷ്യരോട് സ്നേഹം പ്രകടമാക്കേണ്ടത് എങ്ങനെ എന്നു ശിഷ്യന്മാരെ പഠിപ്പിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.” (മത്തായി 7:12) സുവർണ നിയമം എന്ന പേരിലാണ് ഈ തത്ത്വം അറിയപ്പെടുന്നത്. “മനുഷ്യർ” എന്ന് യേശു പറഞ്ഞതിൽ ഒരുവന്റെ ശത്രുക്കളും ഉൾപ്പെടും. അതേ പ്രഭാഷണത്തിൽ, അവൻ പറഞ്ഞു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.” (മത്തായി 5:44) ഇത്തരം സ്നേഹത്തിന് ഇന്നു നാം നേരിടുന്ന അനേകം പ്രശ്നങ്ങളെയും പരിഹരിക്കാൻ സാധിക്കുകയില്ലേ? മോഹൻദാസ് ഗാന്ധി അങ്ങനെയാണു കരുതിയത്. “ക്രിസ്തു ഈ ഗിരിപ്രഭാഷണത്തിൽ നൽകിയിരിക്കുന്ന ഉപദേശങ്ങൾ [നാം] ഒത്തൊരുമിച്ചു പിൻപറ്റുമ്പോൾ . . . മുഴു ലോകത്തിന്റെയും പ്രശ്നങ്ങൾ നാം പരിഹരിച്ചിരിക്കും” എന്ന് അദ്ദേഹം പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. സ്നേഹത്തെ കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലുകൾ പിൻപറ്റുന്നപക്ഷം മനുഷ്യവർഗത്തെ ഗ്രസിച്ചിരിക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കാനാകും.
അവന്റെ സ്നേഹം പ്രവർത്തനത്തിൽ
യേശു, താൻ പഠിപ്പിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചു. അവൻ മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് തന്റേതിനെക്കാൾ പ്രാധാന്യം നൽകുകയും സ്നേഹം പ്രവൃത്തികളിലൂടെ പ്രകടമാക്കുകയും ചെയ്തു. ഒരു ദിവസം, നിരവധി ആളുകളെ സഹായിക്കുന്നതിന്റെ തിരക്കിൽ യേശുവിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടിയില്ല. ശിഷ്യന്മാർക്കു വിശ്രമം ആവശ്യമാണ് എന്നു തിരിച്ചറിഞ്ഞ യേശു അവരെ ഒരു ഏകാന്ത സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. എന്നാൽ, ജനക്കൂട്ടം അവർക്കു മുമ്പെ അവിടെ എത്തി. യേശുവും ശിഷ്യന്മാരും ആ സ്ഥലത്ത് എത്തിയപ്പോൾ, ഒരു കൂട്ടം ആളുകൾ തങ്ങളെയും കാത്ത് അവിടെ നിൽക്കുന്നതാണ് അവർ കണ്ടത്. യേശുവിന്റെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു? കൊള്ളാം, യേശു “അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.” (മർക്കൊസ് 6:30-34) യേശുവിന് തോന്നിയ തീവ്രമായ ഈ മനസ്സലിവ് മറ്റുള്ളവരെ സഹായിക്കുന്നതിന് അവനെ പ്രേരിപ്പിച്ചു.
ആത്മീയ കാര്യങ്ങൾ പഠിപ്പിച്ചുകൊണ്ട് മാത്രമല്ല യേശു ആളുകളെ സഹായിച്ചത്. പ്രായോഗികമായ മറ്റു വിധങ്ങളിലും അവൻ അവരെ സഹായിച്ചു. ഉദാഹരണത്തിന്, ഒരു ദിവസം വൈകും വരെ തന്റെ ഉപദേശങ്ങൾ കേട്ടുകൊണ്ടിരുന്ന 5,000 പുരുഷന്മാർക്ക് (ഇവരെ കൂടാതെ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു) അവൻ ഭക്ഷണം നൽകി. മറ്റൊരു സന്ദർഭത്തിൽ 4,000 പേർക്ക് അവൻ ഭക്ഷണം നൽകി. ആദ്യ സന്ദർഭത്തിൽ അഞ്ച് അപ്പവും രണ്ടു മീനും രണ്ടാമത്തേതിൽ ഏഴ് അപ്പവും ഏതാനും ചെറുമീനും ഉപയോഗിച്ചാണ് അവൻ അതു ചെയ്തത്. (മത്തായി 14:14-21; 15:32-38; മർക്കൊസ് 6:35-44; 8:1-9) അതേ, അവൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരുവനായിരുന്നു.
യേശു രോഗങ്ങളും വൈകല്യങ്ങളും ഉള്ള നിരവധി പേരെ സൗഖ്യമാക്കുകയും ചെയ്തു. അവൻ അന്ധരെയും മുടന്തരെയും കുഷ്ഠരോഗികളെയും ബധിരരെയും സുഖപ്പെടുത്തി. എന്തിന്, മരിച്ചവരെ ഉയിർപ്പിക്കുക പോലും ചെയ്തു! (ലൂക്കൊസ് 7:22; യോഹന്നാൻ 11:30-45) ഒരിക്കൽ ഒരു കുഷ്ഠരോഗി അവനോടു കേണപേക്ഷിച്ചു: “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും.” യേശു എങ്ങനെയാണു പ്രതികരിച്ചത്? ‘യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞു.’ (മർക്കൊസ് 1:40-42) ഈ ആളുകളെയൊക്കെ സഹായിക്കാനുള്ള ശക്തമായ ആഗ്രഹം യേശുവിന് ഉണ്ടായിരുന്നു. അത്തരം അത്ഭുതങ്ങളിലൂടെ, യാതന അനുഭവിക്കുന്നവരോടുള്ള തന്റെ സ്നേഹം യേശു പ്രകടമാക്കി.
ഇതൊക്കെ വിശ്വസിക്കാൻ നിങ്ങൾക്കു പ്രയാസം തോന്നുന്നുണ്ടോ? എന്നാൽ യേശു തന്റെ മിക്ക അത്ഭുതങ്ങളും പ്രവർത്തിച്ചത് പരസ്യമായിട്ടാണ് എന്ന കാര്യം ഓർക്കുക. അവനിൽ കുറ്റം കണ്ടെത്താൻ തക്കംപാർത്തു നടന്നിരുന്ന അവന്റെ എതിരാളികൾക്കു പോലും അവൻ അത്ഭുതം പ്രവർത്തിച്ചു എന്ന വസ്തുത നിഷേധിക്കാനായില്ല. (യോഹന്നാൻ 9:1-34) അവൻ അത്ഭുതങ്ങൾ ചെയ്തതിനു പിന്നിൽ ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നു. അവൻ ദൈവത്താൽ അയയ്ക്കപ്പെട്ടവനാണ് എന്നു തിരിച്ചറിയാൻ അവ ആളുകളെ സഹായിച്ചു.—യോഹന്നാൻ 6:14.
യേശുവിന്റെ ജീവിതത്തെയും പഠിപ്പിക്കലുകളെയും കുറിച്ചുള്ള ചുരുക്കമായ ഈ പരിചിന്തനംതന്നെ അവനോടു സ്നേഹം തോന്നാൻ നമ്മെ പ്രചോദിപ്പിക്കുന്നു. അതുപോലെ അവന്റെ സ്നേഹം അനുകരിക്കാനുള്ള ആഗ്രഹവും അതു നമ്മിൽ ജനിപ്പിക്കുന്നു. എന്നാൽ ഈ വിധത്തിൽ മാത്രമല്ല യേശുവിനു നിങ്ങളുടെ ജീവിതത്തിൽ പ്രഭാവം ചെലുത്താൻ കഴിയുക. സ്നേഹം എന്താണെന്നു പഠിപ്പിച്ച മഹാനായ ഒരു ഉപദേഷ്ടാവ് മാത്രമായിരുന്നില്ല അവൻ. ദൈവത്തിന്റെ ഏകജാത പുത്രനെന്ന നിലയിൽ തനിക്ക് ഒരു മനുഷ്യ-പൂർവ അസ്തിത്വം ഉണ്ടായിരുന്നെന്ന് അവൻ സൂചിപ്പിച്ചു. (യോഹന്നാൻ 1:14; 3:16; 8:58; 17:5; 1 യോഹന്നാൻ 4:9) മനുഷ്യനെന്ന നിലയിലുള്ള ജീവിതം പൂർത്തിയാക്കിയശേഷവും അവൻ അസ്തിത്വത്തിൽ തുടർന്നിരിക്കുന്നു. ഈ വസ്തുത നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. യേശു ഉയിർപ്പിക്കപ്പെട്ടു എന്നും ഇപ്പോൾ ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ സിംഹാസനസ്ഥനാക്കപ്പെട്ടിരിക്കുകയാണ് എന്നും ബൈബിൾ കാണിക്കുന്നു. (വെളിപ്പാടു 11:15) യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3; 20:31) അതേ, യേശുക്രിസ്തുവിനെ കുറിച്ചുള്ള അറിവു നേടുന്നത് പറുദീസയിലെ അനന്തജീവനിലേക്കു നയിക്കുന്നു! അത് എങ്ങനെയാണ്? യേശുവിനെ കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാനും “ക്രിസ്തുവിന്റെ സ്നേഹം” അവനെ അനുകരിക്കാൻ ‘നമ്മെ നിർബ്ബന്ധിക്കുന്നത്’ എങ്ങനെയാണ് എന്നു മനസ്സിലാക്കാനും ശ്രമിക്കരുതോ? (2 കൊരിന്ത്യർ 5:14) ഈ കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.—യോഹന്നാൻ 13:34, 35.
മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം ഉപയോഗിച്ചിരിക്കുന്ന ബൈബിൾ ഭാഷാന്തരം സത്യവേദപുസ്തകം ആണ്.