വിവരങ്ങള്‍ കാണിക്കുക

വിഷാദമഗ്നർക്ക്‌ ആശ്വാസം

വിഷാദമഗ്നർക്ക്‌ ആശ്വാസം

വിഷാ​ദ​മ​ഗ്നർക്ക്‌ ആശ്വാസം

“സർവ്വസൃ​ഷ്ടി​യും ഇന്നുവരെ ഒരു​പോ​ലെ ഞരങ്ങി ഈററു​നോ​വോ​ടി​രി​ക്കു​ന്നു.” (റോമർ 8:22) ആയിര​ത്തി​ത്തൊ​ള​ളാ​യി​രം വർഷം മുമ്പ്‌ അത്‌ എഴുതു​മ്പോൾ മനുഷ്യ കഷ്ടത വലിയ​താ​യി​രു​ന്നു. അനേക​രും വിഷാ​ദ​മ​ഗ്ന​രാ​യി​രു​ന്നു. അതു​കൊണ്ട്‌ “വിഷാ​ദ​മു​ളള ദേഹി​ക​ളോട്‌ ആശ്വാ​സ​ദാ​യ​ക​മാ​യി സംസാ​രി​ക്കുക” എന്നു ക്രിസ്‌ത്യാ​നി​കൾ ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെട്ടു.—1 തെസ്സ​ലൊ​നീ​ക്യർ 5:14, NW.

ഇന്നു മാനവ ക്ലേശങ്ങൾ അതി​നേ​ക്കാൾ അധിക​മാണ്‌, എന്നത്തേ​തി​ലും അധികം മനുഷ്യർ വിഷാ​ദ​ചി​ത്ത​രു​മാണ്‌. എന്നാൽ അതു നമ്മെ അതിശ​യി​പ്പി​ക്ക​ണ​മോ? യഥാർത്ഥ​ത്തിൽ വേണ്ടാ, കാരണം ബൈബിൾ ഇതിനെ “അന്ത്യകാല”മെന്നു തിരി​ച്ച​റി​യി​ക്കു​ക​യും ഇവയെ “ദുർഘ​ട​സ​മയങ്ങ”ളെന്നു വിളി​ക്കു​ക​യും ചെയ്യുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1-5) അവസാ​ന​നാ​ളു​ക​ളിൽ “ജാതി​കൾക്കു . . . പരി​ഭ്രമം” ഉണ്ടാകു​മെ​ന്നും “ഭൂലോ​ക​ത്തിന്‌ എന്തു ഭവിപ്പാൻ പോകു​ന്നു എന്നു പേടി​ച്ചും നോക്കി​പ്പാർത്തും​കൊ​ണ്ടു മനുഷ്യർ നിർജ്ജീ​വൻമാർ ആകും” എന്നും യേശു​ക്രി​സ്‌തു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (ഇററാ​ലി​ക്‌സ്‌ ഞങ്ങളു​ടേത്‌.)—ലൂക്കൊസ്‌ 21:7-11, 25-27; മത്തായി 24:3-14.

നീണ്ടു​നിൽക്കു​ന്ന ഉത്‌ക്കണ്‌ഠ, ഭയം, സങ്കടം അഥവാ അപ്രകാ​ര​മു​ളള മററു നിഷേ​ധാ​ത്മ​ക​മായ വികാ​രങ്ങൾ അനുഭ​വി​ക്കു​മ്പോൾ മനുഷ്യർ മിക്കവാ​റും വിഷാ​ദ​മു​ള​ള​വ​രാ​യി​ത്തീ​രു​ന്നു. വിഷാ​ദ​ത്തിന്‌ അല്ലെങ്കിൽ അത്യധി​കം ദുഃഖ​ത്തി​നു കാരണം പ്രിയ​പ്പെട്ട ഒരാളു​ടെ മരണമോ വിവാ​ഹ​മോ​ച​ന​മോ തൊഴിൽ നഷ്ടമോ കഠിന​മായ രോഗ​മോ ആകാം. വിലയി​ല്ലാ​ത്തവർ ആണെന്ന മനോ​ഭാ​വം വളർത്തി​യെ​ടു​ക്കു​മ്പോ​ഴും, തങ്ങൾ ഒരു പരാജ​യ​മാ​ണെ​ന്നും മറെറ​ല്ലാ​വ​രെ​യും നിരാ​ശ​പ്പെ​ടു​ത്തി​യെന്ന തോന്ന​ലു​ണ്ടാ​കു​മ്പോ​ഴും മനുഷ്യർ വിഷാ​ദ​മു​ള​ള​വ​രാ​കു​ന്നു. ഒരു ക്ലേശക​ര​മായ സാഹച​ര്യ​ത്താൽ ഏതൊ​രു​വ​നും ആകുല​ചി​ത്ത​നാ​യേ​ക്കാം, എന്നാൽ ഒരു വ്യക്തി നിരാ​ശാ​മ​നോ​ഭാ​വം വികസി​പ്പി​ച്ചെ​ടു​ക്കു​ക​യും അയാൾക്ക്‌ ഒരു മോശ​മായ സാഹച​ര്യ​ത്തെ തരണം ചെയ്യാ​നു​ളള വഴി കണ്ടെത്താൻ കഴിയാ​തെ​വ​രു​ക​യും ചെയ്യു​മ്പോൾ കടുത്ത വിഷാ​ദ​മാ​യി​രി​ക്കും അതിന്റെ ഫലം.

പുരാ​ത​ന​കാ​ല​ത്തെ ജനങ്ങൾ സമാന​മായ വികാ​രങ്ങൾ അനുഭ​വി​ച്ചി​ട്ടുണ്ട്‌. ഇയ്യോബ്‌ രോഗ​വും വ്യക്തി​പ​ര​മായ നിർഭാ​ഗ്യ​വും അനുഭ​വി​ച്ചു. ദൈവം തന്നെ കൈവി​ട്ടു​വെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി, അതു​കൊ​ണ്ടു ജീവി​ത​ത്തോട്‌ അദ്ദേഹ​ത്തി​നു വിരക്തി അനുഭ​വ​പ്പെട്ടു. (ഇയ്യോബ്‌ 10:1; 29:2, 4, 5) യാക്കോബ്‌ തന്റെ മകൻ മരിച്ചു​പോ​യി എന്നുളള തോന്ന​ലി​നാൽ വിഷാ​ദ​ചി​ത്ത​നാ​യി​ത്തീ​രു​ക​യും ആശ്വസി​പ്പി​ക്ക​പ്പെ​ട​ലി​നെ നിരസ്സി​ച്ചു​കൊ​ണ്ടു മരിക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്‌തു. (ഉല്‌പത്തി 37:33-35) ഗൗരവ​മു​ളള തെററു ചെയ്‌ത​തി​ന്റെ കുററ​ബോ​ധ​ത്തിൽ ദാവീദു രാജാവു വിലപി​ച്ചു: “ഞാൻ ഇടവി​ടാ​തെ ദുഃഖി​ച്ചു നടക്കുന്നു. ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നി​രി​ക്കു​ന്നു.”—സങ്കീർത്തനം 38:6, 8; 2 കൊരി​ന്ത്യർ 7:5, 6.

ഇന്ന്‌ അനേകർ തങ്ങളുടെ മാനസി​ക​വും വൈകാ​രി​ക​വും ശാരീ​രി​ക​വു​മായ പ്രാപ്‌തി​കൾക്ക്‌ അതീത​മായ ദൈനം​ദി​ന​ച​ര്യ​കൾ പിൻപ​റ​റു​വാൻ പരി​ശ്ര​മി​ച്ചു​കൊ​ണ്ടു തങ്ങളു​ടെ​മേൽ അമിത​ഭാ​രം ചുമത്തു​ന്ന​തി​നാൽ വിഷാ​ദ​മു​ള​ള​വ​രാ​യി​ത്തീ​രു​ന്നു. സ്‌പഷ്ട​മാ​യും, നിഷേ​ധാ​ത്മ​ക​ചി​ന്ത​ക​ളും വികാ​ര​ങ്ങ​ളും ചേർന്ന സമ്മർദ്ദ​ങ്ങൾക്കു ശരീരത്തെ ബാധി​ക്കു​ന്ന​തി​നും തലച്ചോ​റിൽ ഒരു രാസ അസന്തു​ലി​താ​വ​സ്ഥക്കു സംഭാ​വ​ന​ചെ​യ്‌തു​കൊ​ണ്ടു വിഷാ​ദത്തെ ഉല്‌പാ​ദി​പ്പി​ക്കു​ന്ന​തി​നും കഴിയും.—സദൃശ​വാ​ക്യ​ങ്ങൾ 14:30 താരത​മ്യം ചെയ്യുക.

അവർക്ക്‌ ആവശ്യ​മു​ളള സഹായം

ഫിലി​പ്പി​യിൽനി​ന്നു​ളള ഒന്നാം നൂററാ​ണ്ടി​ലെ ഒരു ക്രിസ്‌ത്യാ​നി​യാ​യി​രുന്ന എപ്പ​ഫ്രൊ​ദി​ത്തൊസ്‌ “താൻ ദീനമാ​യി കിടന്നു എന്നു [അവന്റെ സുഹൃ​ത്തു​ക്കൾ] കേട്ടതു​കൊ​ണ്ടു വ്യസനി”ച്ചിരുന്നു. അപ്പോ​സ്‌ത​ല​നായ പൗലോ​സി​നു വേണ്ടതായ സാമ​ഗ്രി​ക​ളു​മാ​യി എപ്പ​ഫ്രൊ​ദി​ത്തൊ​സി​നെ അദ്ദേഹ​ത്തി​ന്റെ സുഹൃ​ത്തു​ക്കൾ റോമി​ലേക്ക്‌ അയച്ചതി​നു ശേഷം രോഗ​ബാ​ധി​ത​നാ​യി​ത്തീർന്ന അദ്ദേഹം, തന്റെ സുഹൃ​ത്തു​ക്കളെ നിരാ​ശ​പ്പെ​ടു​ത്തി എന്നോ അവർ തന്നെ ഒരു പരാജ​യ​മാ​യി കണക്കാ​ക്കും എന്നോ ഒരുപക്ഷേ വിചാ​രി​ച്ചി​രി​ക്കാം. (ഫിലി​പ്പി​യർ 2:25-27; 4:18) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

അദ്ദേഹം ഫിലി​പ്പി​യി​ലെ സുഹൃ​ത്തു​ക്കൾക്ക്‌ ഇപ്രകാ​രം പറഞ്ഞു​കൊ​ണ്ടു​ളള ഒരു കത്തുമാ​യി എപ്പ​ഫ്രൊ​ദി​ത്തൊ​സി​നെ പറഞ്ഞയച്ചു: “[എപ്പ​ഫ്രൊ​ദി​ത്തൊ​സി​നെ] കർത്താ​വിൽ പൂർണ്ണ​സ​ന്തോ​ഷ​ത്തോ​ടെ കൈ​ക്കൊൾവിൻ; ഇങ്ങനെ​യു​ള​ള​വരെ ബഹുമാ​നി​പ്പിൻ.” (ഫിലി​പ്പി​യർ 2:28-30) പൗലോസ്‌ അദ്ദേഹത്തെ പുകഴ്‌ത്തി​പ്പ​റ​യു​ക​യും ഫിലി​പ്പി​യിൽ ഉളളവർ ഊഷ്‌മ​ള​ത​യോ​ടും ആർദ്ര​ത​യോ​ടും കൂടെ അദ്ദേഹത്തെ സ്വാഗതം ചെയ്യു​ക​യും ചെയ്‌തു എന്ന വസ്‌തുത തീർച്ച​യാ​യും എപ്പ​ഫ്രൊ​ദി​ത്തൊ​സി​നെ സമാശ്വ​സി​പ്പി​ക്കു​ക​യും തന്റെ വിഷാ​ദ​ത്തിൽനി​ന്നു വിടുതൽ ലഭിക്കു​ന്ന​തി​നു സഹായി​ക്കു​ക​യും ചെയ്‌തി​രി​ക്കണം.

സംശയ​ലേ​ശ​മെ​ന്യേ, “വിഷാ​ദ​മു​ളള ദേഹി​ക​ളോട്‌ ആശ്വാ​സ​ദാ​യ​ക​മാ​യി സംസാ​രി​ക്കുക” എന്ന ബൈബി​ളി​ന്റെ ഉപദേ​ശ​മാണ്‌ ഏററവും മെച്ചമാ​യി​ട്ടു​ള​ളത്‌. (ഇററാ​ലി​ക്‌സ്‌ ഞങ്ങളു​ടേത്‌.) “മററു​ള​ളവർ ഒരു വ്യക്തി​യെന്ന നിലയിൽ നിന്നെ കരുതു​ന്നു എന്ന്‌ നീ അറിഞ്ഞി​രി​ക്കേണ്ട ആവശ്യ​മുണ്ട്‌,” എന്നു വിഷാ​ദം​മൂ​ലം കഷ്ടമനു​ഭ​വി​ച്ചി​ട്ടു​ളള ഒരു സ്‌ത്രീ പറഞ്ഞു. “‘ഞാൻ മനസ്സി​ലാ​ക്കു​ന്നു; നീ സുഖം പ്രാപി​ക്കും’ എന്നു മറെറാ​രാൾ നിന്നോ​ടു പറയു​ന്നതു നീ കേൾക്കേണ്ട ആവശ്യ​മുണ്ട്‌.”

വിശ്വ​സി​ക്കാ​വു​ന്ന സമാനു​ഭാ​വി​യായ ഒരുവനെ കണ്ടെത്തു​ന്ന​തി​നു മിക്ക​പ്പോ​ഴും വിഷാ​ദ​മു​ളള വ്യക്തി മുൻകൈ എടു​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. ആ വ്യക്തി നല്ലവണ്ണം ശ്രദ്ധി​ക്കു​ന്ന​വ​നും വളരെ ക്ഷമയു​ള​ള​വ​നും ആയിരി​ക്കേ​ണ്ട​തുണ്ട്‌. അവൻ അല്ലെങ്കിൽ അവൾ വിഷാ​ദ​മു​ള​ള​യാ​ളോ​ടു പ്രസം​ഗി​ക്കു​ന്നത്‌, അല്ലെങ്കിൽ ‘നീ ഇങ്ങനെ വിചാ​രി​ക്കേ​ണ്ട​തില്ല’ അഥവാ, ‘അതു തെററായ മനോ​ഭാ​വ​മാണ്‌’ എന്നിങ്ങ​നെ​യു​ളള വിധി​രൂ​പ​ത്തി​ലു​ളള പ്രസ്‌താ​വ​നകൾ ഒഴിവാ​ക്കേ​ണ്ട​തുണ്ട്‌. വിഷാ​ദ​മു​ളള വ്യക്തി​യു​ടെ വികാ​രങ്ങൾ ദുർബ്ബ​ല​മാണ്‌, ഇപ്രകാ​ര​മു​ളള വിമർശ​ന​പ​ര​മായ അഭി​പ്രാ​യങ്ങൾ തന്നെക്കു​റി​ച്ചു​തന്നെ കൂടുതൽ വഷളായി ചിന്തി​ക്കാ​നേ ഉതകു​ക​യു​ളളു.

വിഷാ​ദ​മ​ഗ്ന​നാ​യ ഒരാൾക്കു തന്നേക്കു​റി​ച്ചു​തന്നെ വിലയി​ല്ലാ​ത്ത​വ​നാ​ണെ​ന്നു​ളള മനോ​ഭാ​വം അനുഭ​വ​പ്പെ​ട്ടേ​ക്കാം. (യോനാ 4:3) എന്നാൽ ദൈവം ഒരുവനെ എങ്ങനെ കണക്കാ​ക്കു​ന്നു എന്നതാണു വാസ്‌ത​വ​ത്തിൽ പ്രധാ​ന്യ​മർഹി​ക്കു​ന്നത്‌ എന്ന്‌ ഒരു വ്യക്തി ഓർമ്മി​ക്കേ​ണ്ട​തുണ്ട്‌. മനുഷ്യർ യേശു​ക്രി​സ്‌തു​വി​നെ “ആദരി​ച്ചി​ല്ലെ”ങ്കിലും അതു ദൈവ​മു​മ്പാ​കെ യേശു​വി​ന്റെ യഥാർത്ഥ മൂല്യ​ത്തി​നു മാററം വരുത്തി​യില്ല. (യെശയ്യാ​വു 53:3) ദൈവം അവിടു​ത്തെ പ്രിയ​പു​ത്രനെ സ്‌നേ​ഹി​ക്കു​ന്ന​തു​പോ​ലെ തന്നെ നിങ്ങ​ളെ​യും സ്‌നേ​ഹി​ക്കു​ന്നുണ്ട്‌.—യോഹ​ന്നാൻ 3:16.

കഷ്ടതയി​ലാ​യി​രു​ന്ന​വ​രോ​ടു യേശു സഹതപി​ക്കു​ക​യും അവരുടെ വ്യക്തി​പ​ര​മായ മൂല്യം തിരി​ച്ച​റി​യാൻ സഹായി​ക്കു​ന്ന​തി​നു ശ്രമി​ക്കു​ക​യും ചെയ്‌തു. (മത്തായി 9:36; 11:28-30; 14:14) ദൈവം ചെറിയ, നിസ്സാ​ര​മായ കുരു​കിൽപ​ക്ഷി​ക​ളെ​പ്പോ​ലും വിലമ​തി​ക്കു​ന്നു​വെന്നു യേശു വിശദീ​ക​രി​ച്ചു. “അവയിൽ ഒന്നി​നെ​പ്പോ​ലും ദൈവം മറന്നു​പോ​കു​ന്നില്ല,” യേശു പറഞ്ഞു. അങ്ങനെ​യെ​ങ്കിൽ അവിടു​ത്തെ ഇഷ്ടം ചെയ്യാൻ ശ്രമി​ക്കുന്ന മനുഷ്യ​രെ അവിടുന്ന്‌ എത്രമാ​ത്രം വിലമ​തി​ക്കും! ഇങ്ങനെ​യു​ള​ള​വ​രെ​പ്പ​ററി യേശു പറഞ്ഞു: “നിങ്ങളു​ടെ തലയിലെ മുടി​പോ​ലും എല്ലാം എണ്ണിയി​രി​ക്കു​ന്നു.”—ലൂക്കൊസ്‌ 12:6, 7.

ശരിയാണ്‌, കഠിന​മായ വിഷാ​ദ​ത്തി​ന​ധീ​ന​നാ​യി​രി​ക്കു​ക​യും തന്റെ ബലഹീ​ന​ത​ക​ളാ​ലും കുറവു​ക​ളാ​ലും ആകുല​ചി​ത്ത​നാ​യി​രി​ക്കു​ക​യും ചെയ്യുന്ന ഒരു വ്യക്തിക്കു ദൈവം തന്നെ ഇത്രമാ​ത്രം വിലമ​തി​ക്കു​ന്നു​വെന്നു വിശ്വ​സി​ക്കുക പ്രയാ​സ​ക​ര​മാ​യി​രി​ക്കാം. ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തി​നും കരുത​ലി​നും താൻ യോഗ്യ​നല്ല എന്ന്‌ അവന്‌ ഉറപ്പു തോന്നി​യേ​ക്കാം. “നമ്മുടെ ഹൃദയം നമ്മെ കുററം വിധി​ക്കു​ന്നു” എന്നു ദൈവ​വ​ചനം തിരി​ച്ച​റി​യി​ക്കു​ന്നു. എന്നാൽ അതാണോ തീരു​മാ​നി​ക്കുന്ന ഘടകം? അല്ല, അതല്ല. പാപി​ക​ളായ മനുഷ്യർ നിഷേ​ധാ​ത്മ​ക​മാ​യി ചിന്തി​ച്ചേ​ക്കാ​മെ​ന്നും തങ്ങളെ​ത്തന്നെ കുററം​വി​ധി​ച്ചേ​ക്കാ​മെ​ന്നും അവിടു​ന്നു തിരി​ച്ച​റി​യു​ന്നു. അതു​കൊണ്ട്‌, “ദൈവം നമ്മുടെ ഹൃദയ​ത്തെ​ക്കാൾ വലിയ​വ​നും എല്ലാം അറിയു​ന്ന​വ​നും” ആകുന്നു​വെന്ന്‌ അവിടു​ത്തെ വചനം അവരെ ആശ്വസി​പ്പി​ക്കു​ന്നു.—1 യോഹ​ന്നാൻ 3:20.

ഉവ്വ്‌, സ്‌നേ​ഹ​വാ​നായ നമ്മുടെ സ്വർഗ്ഗീയ പിതാവ്‌ നമ്മുടെ പാപങ്ങ​ളെ​ക്കാ​ളും തെററു​ക​ളെ​ക്കാ​ളും കൂടുതൽ കാണു​ന്നുണ്ട്‌. ലഘൂക​രി​ക്കാ​വുന്ന സന്ദർഭ​ങ്ങ​ളും നമ്മുടെ മുഴു ജീവി​ത​രീ​തി​യും നമ്മുടെ ആന്തരങ്ങ​ളും ഉദ്ദേശ്യ​ങ്ങ​ളും അവിടുന്ന്‌ അറിയു​ന്നു. പാപവും രോഗ​വും മരണവും നമ്മി​ലേക്കു പകർന്നി​രി​ക്കു​ന്ന​തി​നാൽ നമുക്കു വലിയ പരിമി​തി​ക​ളു​ണ്ടെന്ന്‌ അവിടുന്ന്‌ അറിയു​ന്നു. നമുക്കു വ്യസനം തോന്നു​ക​യും നമ്മോ​ടു​തന്നെ മുഷി​പ്പു​തോ​ന്നു​ക​യും ചെയ്യുന്നു എന്ന വസ്‌തുത നാം പാപം ചെയ്യാൻ ആഗ്രഹി​ക്കു​ന്നില്ല എന്നതി​നും അതിൽ അങ്ങേയ​ററം പോയി​ട്ടില്ല എന്നതി​നും തെളി​വാണ്‌. നമ്മുടെ ഹിതത്തി​നെ​തി​രാ​യി നമ്മൾ “ദ്രവത്വ​ത്തി​ന്റെ ദാസ്യ​ത്തിൽ” ആയിരു​ന്നു എന്നു ബൈബിൾ പറയുന്നു. അതു​കൊണ്ട്‌, ദൈവം നമ്മുടെ പരിതാ​പ​ക​ര​മായ അവസ്ഥയിൽ സഹതപി​ക്കു​ക​യും നമ്മുടെ ബലഹീ​ന​ത​കളെ കരുണ​യോ​ടെ പരിഗ​ണ​ന​യി​ലെ​ടു​ക്കു​ക​യും ചെയ്യുന്നു.—റോമർ 5:12; 8:20.

“യഹോവ കരുണ​യും കൃപയും നിറഞ്ഞവൻ ആകുന്നു” എന്നു നമുക്ക്‌ ഉറപ്പു നൽകി​യി​രി​ക്കു​ന്നു. “ഉദയം അസ്‌ത​മ​യ​ത്തോ​ടു അകന്നി​രി​ക്കു​ന്ന​തു​പോ​ലെ അവൻ നമ്മുടെ ലംഘന​ങ്ങളെ നമ്മോടു അകററി​യി​രി​ക്കു​ന്നു. അവൻ നമ്മുടെ പ്രകൃതി അറിയു​ന്നു​വ​ല്ലോ; നാം പൊടി എന്നു അവൻ ഓർക്കു​ന്നു.” (സങ്കീർത്തനം: 103:8, 12, 14) വാസ്‌ത​വ​മാ​യും, യഹോവ “സർവ്വാ​ശ്വാ​സ​വും നൽകുന്ന ദൈവ”വും “കഷ്ടത്തി​ലൊ​ക്കെ​യും . . . ആശ്വസി​പ്പി​ക്കു”ന്നവനു​മാ​കു​ന്നു.—2 കൊരി​ന്ത്യർ 1:3, 4.

വിഷാ​ദ​മ​ഗ്ന​രാ​യ ആളുകൾക്ക്‌ ഏററവും ആവശ്യ​മായ സഹായം വരുന്നത്‌ അവരുടെ കരുണാ​സ​മ്പ​ന്ന​നായ ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലു​ന്ന​തി​നാ​ലും ‘അവരുടെ ഭാരം അവിടു​ത്തെ​മേൽ വെച്ചു​കൊൾക’ എന്ന അവിടു​ത്തെ ക്ഷണം സ്വീക​രി​ക്കു​ന്ന​തി​നാ​ലു​മാണ്‌. “മനസ്‌താ​പ​മു​ള​ള​വ​രു​ടെ ഹൃദയ​ത്തി​നു ചൈത​ന്യം വരുത്തു​വാൻ” അവിടു​ത്തേക്കു കഴിയും. (സങ്കീർത്തനം 55:22; യെശയ്യാ​വു 57:15) അതു​കൊണ്ട്‌, “അവൻ നിങ്ങൾക്കാ​യി കരുതു​ന്ന​താ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും [യഹോ​വ​യു​ടെ]മേൽ ഇട്ടു​കൊൾവിൻ” എന്നു പറഞ്ഞു​കൊ​ണ്ടു ദൈവ​വ​ചനം പ്രാർത്ഥ​നയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (1 പത്രൊസ്‌ 5:7) അതേ, പ്രാർത്ഥ​ന​യാ​ലും അപേക്ഷ​യാ​ലും വ്യക്തി​കൾക്കു ദൈവ​ത്തോ​ടു അടുക്കു​ന്ന​തി​നും “സകലബു​ദ്ധി​യേ​യും കവിയുന്ന ദൈവ സമാധാ​നം” ആസ്വദി​ക്കു​ന്ന​തി​നും കഴിയും.—ഫിലി​പ്പി​യർ 4:6, 7; സങ്കീർത്തനം 16:8, 9.

ജീവി​ത​രീ​തി​യി​ലു​ളള പ്രാ​യോ​ഗിക ക്രമീ​ക​ര​ണ​ങ്ങൾക്കു വിഷാ​ദ​മു​ളള മാനസി​കാ​വ​സ്ഥയെ കീഴട​ക്കു​ന്ന​തിന്‌ ഒരുവനെ സഹായി​ക്കാൻ കഴിയും. ശാരീ​രിക വ്യായാ​മം, ആരോ​ഗ്യാ​വ​ഹ​മായ ഭക്ഷണം, ശുദ്ധവാ​യു, മതിയായ വിശ്രമം എന്നിവ​യും, അമിത​മായ ററി.വി കാണൽ ഉപേക്ഷി​ക്കു​ന്ന​തും എല്ലാം പ്രധാ​ന​മാണ്‌. ഒരു സ്‌ത്രീ വിഷാ​ദ​മ​ഗ്ന​രായ ആളുകളെ ചുറു​ചു​റു​ക്കോ​ടെ നടക്കാൻ ക്രമീ​ക​രി​ച്ചു​കൊ​ണ്ടു സഹായി​ച്ചു. “എനിക്കു നടക്കാൻ പോകാൻ ആഗ്രഹ​മില്ല,” എന്ന്‌ ഒരു വിഷാ​ദ​മ​ഗ്ന​യായ സ്‌ത്രീ പറഞ്ഞ​പ്പോൾ ആ സ്‌ത്രീ സൗമ്യ​ത​യോ​ടെ എന്നാൽ ദൃഢമാ​യി ഉത്തരം പറഞ്ഞു: “അതേ, നിങ്ങൾ പോകു​ക​യാണ്‌.” ‘ഞങ്ങൾ ആറു കിലോ​മീ​ററർ നടന്നു. ഞങ്ങൾ തിരി​ച്ചെ​ത്തി​യ​പ്പോൾ അവൾ ക്ഷീണി​ത​യാ​യി​രു​ന്നു, പക്ഷേ അവൾക്കു ആശ്വാസം തോന്നി. തീവൃ​മായ വ്യായാ​മം എത്ര സഹായ​ക​ര​മാ​ണെന്നു ശ്രമിച്ചു നോക്കാ​തെ നിങ്ങൾക്കു വിശ്വ​സി​ക്കാൻ പററു​ക​യില്ല’ എന്ന്‌ ആ സ്‌ത്രീ റിപ്പോർട്ടു​ചെ​യ്‌തു.

എന്നിരു​ന്നാ​ലും ചില സമയങ്ങ​ളിൽ വൈദ്യ​ചി​കിത്സ ഉൾപ്പെടെ എല്ലാ രീതി​യി​ലു​മു​ളള ശ്രമങ്ങൾക്കു ശേഷവും വിഷാ​ദത്തെ പൂർണ്ണ​മാ​യും തോൽപ്പി​ക്കുക അസാദ്ധ്യ​മാ​യി​രി​ക്കും. “ഞാൻ എല്ലാം പരി​ശോ​ധി​ച്ചു​നോ​ക്കി​യി​ട്ടുണ്ട്‌,” മദ്ധ്യവ​യ​സ്‌ക​യായ ഒരു സ്‌ത്രീ പറഞ്ഞു, “എന്നാൽ വിഷാദം അവശേ​ഷി​ക്കു​ന്നു.” സമാന​മാ​യി, ഇപ്പോൾ കുരു​ട​നെ​യും ബധിര​നെ​യും അല്ലെങ്കിൽ മുടന്ത​നെ​യും സുഖ​പ്പെ​ടു​ത്തുക മിക്കവാ​റും അസാദ്ധ്യ​മാണ്‌. എങ്കിലും സകല മനുഷ്യ വ്യാധി​യിൽനി​ന്നും സ്ഥിരമായ വിടുതൽ പ്രദാനം ചെയ്യുന്ന ദൈവ​വ​ച​ന​ത്തി​ന്റെ നിരന്തര വായന​യി​ലൂ​ടെ വിഷാ​ദ​രാ​യി​രി​ക്കു​ന്ന​വർക്ക്‌ ആശ്വാസം കണ്ടെത്താൻ കഴിയും.—റോമർ 12:12; 15:4.

ആരും വീണ്ടും വിഷാ​ദ​മ​ഗ്ന​ര​ല്ലാ​തി​രി​ക്കു​മ്പോൾ

അന്ത്യനാ​ളു​ക​ളിൽ ഭൂമി​യിൽ വരാൻപോ​കുന്ന ഭയാന​ക​മായ സംഗതി​ക​ളെ​പ്പ​ററി വിശദീ​ക​രി​ച്ച​പ്പോൾ യേശു കൂട്ടി​ച്ചേർത്തു: “ഇതു സംഭവി​ച്ചു​തു​ട​ങ്ങു​മ്പോൾ നിങ്ങളു​ടെ വീണ്ടെ​ടു​പ്പു അടുത്തു​വ​രു​ന്ന​തു​കൊ​ണ്ടു നിവർന്നു തല പൊക്കു​വിൻ.” (ലൂക്കൊസ്‌ 21:28) “സൃഷ്ടി ദ്രവത്വ​ത്തി​ന്റെ ദാസ്യ​ത്തിൽനി​ന്നു വിടു​ത​ലും ദൈവ​മ​ക്ക​ളു​ടെ തേജസ്സാ​കുന്ന സ്വാത​ന്ത്ര്യ​വും പ്രാപി​ക്കു”ന്ന ദൈവ​ത്തി​ന്റെ നീതി​യു​ളള പുതിയ ലോക​ത്തി​ലേ​ക്കു​ളള വിടു​ത​ലി​നെ​പ്പ​റ​റി​യാ​യി​രു​ന്നു യേശു പറഞ്ഞത്‌.—റോമർ 8:20.

കഴിഞ്ഞ​കാ​ല​ങ്ങ​ളി​ലെ ഭാരങ്ങ​ളിൽനി​ന്നും സ്വത​ന്ത്ര​രാ​കുക എന്നതും ഓരോ ദിവസ​വും തെളിഞ്ഞ മനസ്സോ​ടെ എഴു​ന്നേ​ററ്‌ അന്നന്നത്തെ വേല ഉത്സാഹ​പൂർവ്വം കൈകാ​ര്യം ചെയ്യുക എന്നതും മനുഷ്യ​വർഗ്ഗ​ത്തിന്‌ എത്ര ആശ്വാ​സ​ക​ര​മായ ഒരു സംഗതി​യാ​യി​രി​ക്കും! മേലാൽ ഒരുവ​നും വിഷാ​ദ​മേ​ഘ​ങ്ങ​ളു​ടെ കുടു​ക്കി​ല​ക​പ്പെ​ടു​ക​യില്ല. മനുഷ്യ​വർഗ്ഗ​ത്തി​നു​ളള ഉറപ്പായ വാഗ്‌ദാ​നം, ദൈവം “അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി” എന്നതാണ്‌.—വെളി​പ്പാ​ടു 21:4, 5.

ഇതിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ബൈബിൾ ഭാഷാ​ന്ത​രങ്ങൾ ബൈബിൾ സൊ​സൈ​ററി ഓഫ്‌ ഇന്ത്യയു​ടെ “സത്യ​വേ​ദ​പു​സ്‌തക”വും NW വരുന്നി​ടത്ത്‌ ഇംഗ്ലീ​ഷി​ലു​ളള ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ ഓഫ്‌ ദ ഹോളി സ്‌ക്രി​പ്‌ച്ചേ​ഴ്‌സ (1984) ആണ്‌.