മുഖ്യലേഖനം
അശ്ലീലം—അതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നാണോ?
ഇന്ന് ലോകം അശ്ലീലത്തിൽ * മുങ്ങിക്കുളിച്ചിരിക്കുകയാണ്. പരസ്യങ്ങൾ, ഫാഷൻ രംഗം, സിനിമകൾ, സംഗീതം, മാസികകൾ, ടിവി പരിപാടികൾ, വീഡിയോ ഗെയിമുകൾ, സ്മാർട്ട്ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ, വെബ്സൈറ്റുകൾ, സമൂഹമാധ്യമങ്ങൾ ഇവയെല്ലാം ഇന്ന് അശ്ലീലം വിളമ്പുന്നു. അശ്ലീലം ഇന്നത്തെ സമൂഹത്തിൽ ഒരു സാധാരണ സംഗതിയായി മാറിയിരിക്കുന്നു. കൂടുതൽക്കൂടുതൽ ആളുകളിലേക്കും സ്ഥലങ്ങളിലേക്കും അതു കടന്നുചെല്ലുകയാണ്. അശ്ലീലം ഇത്രയേറെ വ്യാപകമായൊരു കാലഘട്ടം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.—“ അശ്ലീലത്തെക്കുറിച്ചുള്ള ചില കണക്കുകൾ” എന്ന ചതുരം നോക്കുക.
അശ്ലീലത്തിന്റെ തീവ്രതയും ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. “അങ്ങേയറ്റത്തെ അശ്ലീലമാണ് ഇന്ന് ആളുകൾ കാണുന്നത്. മുമ്പ് പച്ചയായ അശ്ലീലമായി കണ്ടിരുന്ന രംഗങ്ങൾ ഇന്ന് ആളുകൾക്ക് ഒരു സാധാരണ കാര്യമാണ്” എന്ന് പ്രൊഫസർ ഗെയ്ൽ ഡൈൻസ് എഴുതി.
ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്? അശ്ലീലം ഒരു കുഴപ്പവുമില്ലാത്ത ഒരു നേരമ്പോക്കാണോ അതോ അതിൽ വലിയ അപകടങ്ങൾ പതിയിരിപ്പുണ്ടോ? യേശു പറഞ്ഞത് ശ്രദ്ധിക്കുക: “നല്ല മരം നല്ല ഫലങ്ങൾ തരുന്നു. ചീത്ത മരമോ ചീത്ത ഫലങ്ങളും.” (മത്തായി 7:17) അങ്ങനെയെങ്കിൽ അശ്ലീലം എന്ത് ഫലമാണ് തരുന്നത്? അതിനുള്ള ഉത്തരം കണ്ടുപിടിക്കാൻ അശ്ലീലത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ നോക്കാം.
അശ്ലീലം വ്യക്തികളെ എങ്ങനെയാണ് ബാധിക്കുന്നത്?
വിദഗ്ധർ പറയുന്നത്: അശ്ലീലം അങ്ങേയറ്റം ആസക്തി ഉളവാക്കുന്നതാണ്. അത് ലഹരിമരുന്ന് പോലെയാണെന്നാണ് ചില ഗവേഷകരും ഡോക്ടർമാരും പറയുന്നത്.
ഇന്റർനെറ്റ് അശ്ലീലത്തിന് അടിമയായിരുന്ന ബ്രയൻ * പറയുന്നു: “എനിക്ക് അത് നിറുത്താനേ കഴിഞ്ഞില്ല. അശ്ലീലം എന്റെ തലയ്ക്കു പിടിച്ചിരുന്നു. എന്റെ ശരീരമാകെ വിറയ്ക്കും. തലവേദന എടുക്കും. അതു നിറുത്താൻ ഞാൻ പഠിച്ചപണി പതിനെട്ടും നോക്കി. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്ക് അതിൽനിന്ന് പുറത്തുകടക്കാൻ കഴിഞ്ഞില്ല.”
അശ്ലീലം കാണുന്ന ശീലമുള്ളവർ ഇക്കാര്യം മറ്റാരും അറിയാതിരിക്കാൻ ശ്രദ്ധിക്കും. ഒളിച്ചുംപാത്തും കാര്യങ്ങൾ ചെയ്യുന്ന ഒരു രീതിയായിരിക്കും അവർക്ക്. ഇങ്ങനെ കള്ളത്തരം കാണിക്കുന്നതുകൊണ്ട് അവർക്ക് ഒറ്റപ്പെടലും നാണക്കേടും ഉത്കണ്ഠയും വിഷാദവും ദേഷ്യവും ഒക്കെ തോന്നും. ചിലർ ആത്മഹത്യാപ്രവണതപോലും കാണിക്കാറുണ്ട്. എല്ലാ ദിവസവുംതന്നെ മൊബൈൽ ഫോണിൽ അശ്ലീലം ഡൗൺലോഡ് ചെയ്ത് കണ്ടിരുന്ന ആളായിരുന്നു സെർഗെ. സെർഗെ പറയുന്നു: “ഞാൻ വല്ലാതെ ഉൾവലിഞ്ഞുപോയി. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എനിക്ക് ഇതിൽനിന്ന് ഒരിക്കലും പുറത്തുകടക്കാനാവില്ല എന്നൊക്കെ തോന്നി. നിരാശയും കുറ്റബോധവും ഒറ്റപ്പെടലും എന്നെ വേട്ടയാടി. ഞാൻ ആരോടും സഹായം ചോദിച്ചില്ല. നാണക്കേടും പേടിയും ആയിരുന്നു.”
നമ്മുടെ കണ്ണിനു മുന്നിലൂടെ മിന്നിമറയുന്ന ഒരു അശ്ലീലരംഗം പോലും നമ്മളെ മോശമായി ബാധിക്കും. അശ്ലീലത്തെക്കുറിച്ച് പഠനം നടത്തുന്ന ഒരു പ്രമുഖ ഗവേഷകയായ ഡോക്ടർ ജൂഡിത് റെയ്സ്മാൻ ഐക്യനാടുകളിലെ സെനറ്റ് കമ്മിറ്റിയുടെ മുമ്പാകെ സംസാരിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു: “അശ്ലീലദൃശ്യങ്ങൾ തലച്ചോറിൽ പതിയുകയും അതിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു ദൃശ്യം കാണുന്ന ആ നിമിഷം ആ വ്യക്തി അറിയാതെതന്നെ അതിനെ ഒരു ഓർമയായി സൂക്ഷിക്കുന്നതിനുള്ള രാസപ്രവർത്തനം തലച്ചോറിൽ നടക്കും. ഈ ഓർമ പക്ഷേ എന്നും അവിടെ ഉണ്ടാകും, ഒരിക്കലും മാഞ്ഞുപോകില്ല.” സൂസൻ എന്ന 19-കാരിയുടെ അനുഭവം അതാണു കാണിക്കുന്നത്. ചെറുപ്പത്തിൽ അശ്ലീല വെബ്സൈറ്റുകൾ കണ്ടുപോയ സൂസൻ പറയുന്നു: “ആ ചിത്രങ്ങൾ എന്റെ മനസ്സിൽ പതിഞ്ഞുപോയി. വിചാരിക്കാത്ത നേരത്ത് പെട്ടെന്ന് അത് ഓർമ വരും. അതു മനസ്സിൽനിന്ന് ഒരിക്കലും മായ്ച്ചുകളയാൻ പറ്റുമെന്നു തോന്നുന്നില്ല.”
ഇതിൽനിന്ന് മനസ്സിലാകുന്നത്: അശ്ലീലം ആളുകളെ അടിമയാക്കുന്നു, അവരുടെ ജീവിതം തകർക്കുന്നു.—2 പത്രോസ് 2:19.
അശ്ലീലം കുടുംബങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്?
വിദഗ്ധർ പറയുന്നത്: “അശ്ലീലം കാരണം ദമ്പതികൾ തല്ലിപ്പിരിയുന്നു, കുടുംബങ്ങൾ തകരുന്നു.”—വെൻഡി മോൾട്സും ലാറി മോൾട്സും ചേർന്ന് എഴുതിയ അശ്ലീലത്തിന്റെ കെണികളെക്കുറിച്ച് പറയുന്ന ഒരു പുസ്തകം (The Porn Trap).
അശ്ലീലം എങ്ങനെയാണ് ദാമ്പത്യത്തെയും കുടുംബങ്ങളെയും തകർക്കുന്നത്?
അശ്ലീലം ദമ്പതികൾക്കിടയിലുള്ള വിശ്വാസവും അടുപ്പവും സ്നേഹവും ഇല്ലാതാക്കും.—സുഭാഷിതങ്ങൾ 2:12-17.
അശ്ലീലം സ്വാർഥത ഊട്ടിവളർത്തുന്നു. അങ്ങനെയുള്ളവർക്ക് ആരോടും അടുപ്പവും സ്നേഹവും ഒന്നും കാണില്ല. അവർ പങ്കാളിയിൽ അതൃപ്തരും ആയിരിക്കും.—എഫെസ്യർ 5:28, 29.
അശ്ലീലം ആസ്വദിക്കുന്നവർ തെറ്റായ ലൈംഗിക ഭാവനകളിൽ മുഴുകുന്നു. അത് അവരെ ലൈംഗികാസക്തരും ആക്കുന്നു.—2 പത്രോസ് 2:14.
അശ്ലീലത്തിന് വഴിപ്പെടുന്നവർ ലൈംഗിക വൈകൃതങ്ങൾ പരീക്ഷിച്ചുനോക്കാൻ ശ്രമിക്കുന്നു. അതിനായി പങ്കാളിയെ നിർബന്ധിക്കുന്നു.—എഫെസ്യർ 5:3, 4.
അശ്ലീലം പങ്കാളിയോട് മനസ്സുകൊണ്ടും ശരീരംകൊണ്ടും അവിശ്വസ്തത കാണിക്കാൻ പ്രേരിപ്പിക്കുന്നു.—മത്തായി 5:28.
പങ്കാളികൾ പരസ്പരം “വഞ്ചിക്കരുത്” എന്ന് ബൈബിൾ പറയുന്നു. (മലാഖി 2:16) ഇണയോട് അവിശ്വസ്തത കാണിക്കുന്നത് വഞ്ചനയാണ്. അതിന് ദാമ്പത്യത്തെ തകർക്കാനാകും. അത് വേർപിരിയലിനും വിവാഹമോചനത്തിനും കാരണമാകും. അങ്ങനെ കുടുംബം തകരുമ്പോൾ ആ കുടുംബത്തിലെ കുഞ്ഞുങ്ങളും അതിന് ബലിയാടാകും.
എന്നാൽ ഇങ്ങനെ മാത്രമല്ല അശ്ലീലം കുട്ടികളെ ബാധിക്കുന്നത്. കുട്ടികൾ അശ്ലീലത്തിന്റെ നേരിട്ടുള്ള ഇരകളായേക്കാം. നേരത്തെ പറഞ്ഞ ബ്രയന്റെ കാര്യം നോക്കാം. ബ്രയൻ പറയുന്നു: “അന്ന് എനിക്ക് 10 വയസ്സോ മറ്റോ കാണും. സാറ്റ് കളിക്കുന്നതിനിടയിൽ എന്റെ പപ്പയുടെ അശ്ലീലമാസികകൾ ഞാൻ കാണാൻ ഇടയായി. പിന്നെപ്പിന്നെ ആരും കാണാതെ ഞാൻ ആ മാസികകൾ നോക്കാൻ തുടങ്ങി. ആ ചിത്രങ്ങൾ കാണാൻ ഇത്ര ഇഷ്ടം തോന്നുന്നത് എന്താണെന്നുപോലും എനിക്ക് അറിയില്ലായിരുന്നു. അന്ന് തുടങ്ങിയതാണ് ആ ദുശ്ശീലം. വർഷങ്ങളോളം അതു നീണ്ടുനിന്നു.” പഠനങ്ങൾ കാണിക്കുന്നതനുസരിച്ച് അശ്ലീലത്തിന് വഴിപ്പെടുന്ന കുട്ടികൾ ചെറുപ്പത്തിൽത്തന്നെ ലൈംഗികതയിൽ ഉൾപ്പെട്ടേക്കാം. അവർ കുത്തഴിഞ്ഞ ലൈംഗികജീവിതം നയിക്കുന്നവർ ആയിത്തീർന്നേക്കാം. അവർ ലൈംഗികമായി അതിക്രമങ്ങൾ കാണിക്കുന്നവരും വൈകാരികവും മാനസികവും ആയി സ്ഥിരതയില്ലാത്തവരും ആയേക്കാം.
ഇതിൽനിന്ന് മനസ്സിലാകുന്നത്: അശ്ലീലം നല്ല ബന്ധങ്ങളെ ഇല്ലാതാക്കും. അവസാനം അത് വലിയ ദുഃഖത്തിന് കാരണമാകും.—സുഭാഷിതങ്ങൾ 6:27.
അശ്ലീലത്തെക്കുറിച്ച് ബൈബിളിന് എന്താണ് പറയാനുള്ളത്?
ദൈവവചനം ഇങ്ങനെ പറയുന്നു: ‘ലൈംഗിക അധാർമികത, അശുദ്ധി, അനിയന്ത്രിതമായ കാമാവേശം, ദുഷിച്ച മോഹങ്ങൾ, അത്യാഗ്രഹമെന്ന വിഗ്രഹാരാധന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ അവയവങ്ങളെ കൊന്നുകളയുക.’—കൊലോസ്യർ 3:5.
ചുരുക്കിപ്പറഞ്ഞാൽ ദൈവമായ യഹോവ * അശ്ലീലത്തെ വെറുക്കുന്നു. അത് ലൈംഗികതയെക്കുറിച്ചുള്ള ദൈവത്തിന്റെ ചിന്താഗതി ഇടുങ്ങിയത് ആയതുകൊണ്ടല്ല. ശരിക്കും പറഞ്ഞാൽ ലൈംഗികതതന്നെ ദൈവം തന്ന പ്രാപ്തിയാണ്. വിവാഹം കഴിച്ച ഒരു സ്ത്രീക്കും പുരുഷനും സന്തോഷം പങ്കിടാനും തമ്മിൽ അടുക്കാനും കുട്ടികൾക്ക് ജന്മം നൽകാനും ആണ് ദൈവം അതു തന്നിരിക്കുന്നത്.—യാക്കോബ് 1:17.
യഹോവ അശ്ലീലം വെറുക്കുന്നുവെന്ന് ഇത്ര ഉറപ്പിച്ചുപറയുന്നത് എന്തുകൊണ്ടാണ്? ചില കാരണങ്ങൾ നോക്കാം.
അശ്ലീലം ജീവിതം നശിപ്പിക്കുമെന്ന് ദൈവത്തിന് അറിയാം.—എഫെസ്യർ 4:17-19.
ദൈവം നമ്മളെ സ്നേഹിക്കുന്നു. നമുക്ക് ദോഷം ചെയ്യുന്ന കാര്യങ്ങളിൽനിന്ന് നമ്മളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു.—യശയ്യ 48:17, 18.
വിവാഹബന്ധത്തിനും കുടുംബത്തിനും ഒരു കുഴപ്പവും വരരുതെന്നാണ് യഹോവയുടെ ആഗ്രഹം.—മത്തായി 19:4-6.
നമ്മൾ ധാർമികശുദ്ധി പാലിക്കാനും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കാനും ദൈവം പ്രതീക്ഷിക്കുന്നു.—1 തെസ്സലോനിക്യർ 4:3-6.
നമ്മുടെ പുനരുത്പാദനപ്രാപ്തിയെ പവിത്രമായി കാണാനും അത് മാന്യമായി ഉപയോഗിക്കാനും ദൈവം ആഗ്രഹിക്കുന്നു.—എബ്രായർ 13:4.
അശ്ലീലം ലൈംഗികതയെക്കുറിച്ച് വികലവും സ്വാർഥവും പൈശാചികവും ആയ ഒരു വീക്ഷണമാണ് ആളുകളിൽ കുത്തിവെക്കുന്നതെന്ന് യഹോവയ്ക്ക് അറിയാം.—ഉൽപത്തി 6:2; യൂദ 6, 7.
ഇതിൽനിന്ന് മനസ്സിലാകുന്നത്: അശ്ലീലം ദൈവവുമായുള്ള ഒരാളുടെ നല്ല ബന്ധം നശിപ്പിക്കും.—റോമർ 1:24.
അങ്ങനെയൊക്കെ ആണെങ്കിലും അശ്ലീലത്തിന്റെ പിടിയിൽനിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവരോട് യഹോവ കരുണ കാണിക്കുകതന്നെ ചെയ്യും. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ കരുണാമയനും അനുകമ്പയുള്ളവനും പെട്ടെന്നു കോപിക്കാത്തവനും അചഞ്ചലസ്നേഹം നിറഞ്ഞവനും” ആണ്. “കാരണം, നമ്മെ ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയെന്നു ദൈവത്തിനു നന്നായി അറിയാം; നാം പൊടിയെന്നു ദൈവം ഓർക്കുന്നു.” (സങ്കീർത്തനം 103:8, 14) സഹായത്തിനായി തന്നെ സമീപിക്കാൻ യഹോവ താഴ്മയുള്ളവരെ ക്ഷണിക്കുന്നു. അങ്ങനെ ചെയ്യുന്നെങ്കിൽ “സഹായം ആവശ്യമുള്ള സമയത്തുതന്നെ . . . കരുണയും അനർഹദയയും ലഭിക്കും.”—എബ്രായർ 4:16; “ അശ്ലീലത്തിന്റെ പിടിയിൽനിന്ന് പുറത്തുകടക്കാൻ” എന്ന ചതുരം നോക്കുക.
ദൈവത്തിന്റെ സഹായം സ്വീകരിച്ച ഒത്തിരിയൊത്തിരി ആളുകളുണ്ട്. ആ സഹായംകൊണ്ട് ശരിക്കും ഗുണം കിട്ടുമോ? ദുശ്ശീലങ്ങൾ ഉപേക്ഷിച്ച ചിലരെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത് എന്നു ശ്രദ്ധിക്കുക: “നിങ്ങളെ കഴുകി വെടിപ്പാക്കിയിരിക്കുന്നു. നിങ്ങളെ വിശുദ്ധീകരിച്ചിരിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്നു.” (1 കൊരിന്ത്യർ 6:11) അങ്ങനെയുള്ളവർക്ക് അപ്പോസ്തലനായ പൗലോസിനെപ്പോലെ ഇങ്ങനെ പറയാൻ കഴിയും: “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.”—ഫിലിപ്പിയർ 4:13.
അശ്ലീലത്തിന് അടിമയായിട്ട് പിന്നീട് അതിൽനിന്നു പുറത്തുകടന്ന സൂസൻ പറയുന്നത് ഇതാണ്: “യഹോവയ്ക്കു മാത്രമേ അശ്ലീലത്തിൽനിന്ന് പുറത്തുകടക്കാൻ നമ്മളെ സഹായിക്കാനാകൂ. മനസ്സിലെ കളങ്കമെല്ലാം മായ്ച്ചുകളഞ്ഞ് നല്ലൊരു ജീവിതം നയിക്കാൻ യഹോവ സഹായിക്കുകതന്നെ ചെയ്യും. തന്നോടു സഹായവും മാർഗനിർദേശവും ചോദിക്കുന്നവരെ യഹോവ ഒരിക്കലും കൈവിടില്ല, ഒരിക്കലും!”
^ ഖ. 3 ആളുകൾക്ക് കാണാനോ കേൾക്കാനോ വായിക്കാനോ പറ്റുന്ന വിധത്തിൽ ലൈംഗികതയെ പച്ചയായി അവതരിപ്പിക്കുന്നതിനെയാണ് “അശ്ലീലം” എന്നു വിളിക്കുന്നത്. ആളുകളെ ലൈംഗികമായി ഉണർത്തുക എന്നതാണ് അതിന്റെ ഉദ്ദേശ്യം.
^ ഖ. 8 ഈ ലേഖനത്തിലേത് യഥാർഥ പേരുകൾ അല്ല.
^ ഖ. 25 ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് ബൈബിൾ പറയുന്നു.