വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

എന്റെ ജീവിതം ഒന്നി​നൊ​ന്നു വഷളായി

എന്റെ ജീവിതം ഒന്നി​നൊ​ന്നു വഷളായി
  • ജനനം: 1952

  • രാജ്യം: അമേരിക്കൻ ഐക്യ​നാ​ടു​കൾ

  • ചരിത്രം: അക്രമാസക്തൻ

എന്റെ പഴയ കാലം:

ഐക്യ​നാ​ടു​ക​ളി​ലെ കാലി​ഫോർണി​യ​യി​ലുള്ള ലോസ്‌ ആഞ്‌ജ​ലി​സി​ലാണ്‌ ഞാൻ വളർന്നത്‌. ഞങ്ങൾ താമസി​ച്ചി​ട​ത്തൊ​ക്കെ തെരു​വു​ഗു​ണ്ട​ക​ളും മയക്കു​മ​രു​ന്നും സർവസാ​ധാ​ര​ണ​മാ​യി​രു​ന്നു. ഞങ്ങൾ ആറു മക്കളാ​യി​രു​ന്നു. അതിൽ രണ്ടാമ​ത്തേ​താ​യി​രു​ന്നു ഞാൻ.

ഇവാഞ്ച​ലി​ക്കൽ സഭയുടെ വിശ്വാ​സം അനുസ​രി​ച്ചാണ്‌ അമ്മ ഞങ്ങളെ വളർത്തി​യത്‌. പക്ഷേ കൗമാ​ര​പ്രാ​യ​മാ​യ​പ്പോ​ഴേ​ക്കും ഞാൻ ആളാകെ മാറി. ഞായറാ​ഴ്‌ച​ക​ളിൽ നല്ലപിള്ള ചമഞ്ഞ്‌ പള്ളിയിൽ പാട്ടു പാടാൻ പോകും. മറ്റു ദിവസ​ങ്ങ​ളി​ലാണ്‌ തനിനി​റം പുറത്തു​വ​രു​ന്നത്‌. കൂട്ടു​കാ​രു​മാ​യി കുടി​ച്ചു​കൂ​ത്താ​ടി നടക്കും. മയക്കു​മ​രു​ന്നും ലൈം​ഗിക അധാർമി​ക​ത​യും ഉൾപ്പെടെ എല്ലാ വൃത്തി​കേ​ടു​കൾക്കും പോകും.

ഒന്നു പറഞ്ഞ്‌ രണ്ടാമ​ത്തേ​തിന്‌ പൊട്ടി​ത്തെ​റി​ക്കുന്ന സ്വഭാ​വ​മാ​യി​രു​ന്നു എനിക്ക്‌. വിചാ​രി​ച്ചത്‌ നടത്തി​യെ​ടു​ക്കാൻ ഞാൻ ഏതറ്റം​വ​രെ​യും പോകും. പള്ളിയിൽ പോയ​തു​കൊ​ണ്ടൊ​ന്നും എന്റെ സ്വഭാവം മാറി​യില്ല. “പ്രതി​കാ​രം കർത്താ​വി​ന്റേ​താണ്‌. പക്ഷേ കർത്താവ്‌ എന്നെയാണ്‌ അതിന്‌ ഉപയോ​ഗി​ക്കു​ന്നത്‌” എന്നു ഞാൻ പറയു​മാ​യി​രു​ന്നു. 1960-കളുടെ അവസാനം ഹൈസ്‌കൂ​ളിൽ പഠിക്കുന്ന കാലത്ത്‌ പൗരാ​വ​കാ​ശ​ങ്ങൾക്കു​വേണ്ടി പോരാ​ടി​യി​രുന്ന ഒരു രാഷ്ട്രീയ സംഘട​ന​യു​ടെ (Black Panthers) ആശയങ്ങ​ളോട്‌ എനിക്ക്‌ ആകർഷണം തോന്നി. അതു​കൊണ്ട്‌, ഏതാണ്ട്‌ അതേ ലക്ഷ്യ​ത്തോ​ടെ പ്രവർത്തി​ക്കുന്ന ഒരു വിദ്യാർഥി​യൂ​ണി​യ​നിൽ ഞാൻ ചേർന്നു. ഞങ്ങളുടെ പ്രതി​ഷേ​ധ​പ്ര​ക​ട​നങ്ങൾ കാരണം സ്‌കൂൾ പൂട്ടി​യി​ടേ​ണ്ടി​വ​രും. അത്രയ്‌ക്കു പ്രശ്‌ന​മു​ണ്ടാ​ക്കു​മാ​യി​രു​ന്നു ഞങ്ങൾ!

ഒരു അക്രമ​സ്വ​ഭാ​വ​ക്കാ​ര​നായ എനിക്ക്‌ ഈ സമരങ്ങൾക്കൊ​ണ്ടൊ​ന്നും തൃപ്‌തി​യാ​യില്ല. അതു​കൊണ്ട്‌ ഒരു പടികൂ​ടെ കടന്ന്‌ ഞാൻ കുറ്റകൃ​ത്യ​ങ്ങ​ളിൽ ഏർപ്പെട്ടു, ഞാൻ വെറു​ക്കുന്ന വംശത്തിൽപ്പെട്ട ആളുകളെ ഉപദ്ര​വി​ക്കാൻ തുടങ്ങി. ഞാൻ കൂട്ടു​കാ​രു​ടെ കൂടെ ചില​പ്പോൾ സിനിമ കാണാൻ പോകും, അമേരി​ക്ക​യിൽവെച്ച്‌ ആഫ്രിക്കൻ അടിമ​കൾക്ക്‌ പണ്ട്‌ നേരി​ടേ​ണ്ടി​വന്ന ദുരി​ത​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സിനി​മകൾ. അവർ അനുഭ​വിച്ച അന്യായം കാണു​മ്പോൾ ഞങ്ങൾക്ക്‌ കലിക​യ​റും. പിന്നെ മുന്നും​പി​ന്നും നോക്കില്ല. തിയേ​റ്റ​റിൽത്ത​ന്നെ​യുള്ള വെള്ളക്കാ​രായ ചെറു​പ്പ​ക്കാ​രെ ഞങ്ങൾ ആക്രമി​ക്കും. അതു​കൊ​ണ്ടും മതിവ​രാ​തെ വെള്ളക്കാർ താമസി​ക്കുന്ന സ്ഥലങ്ങളി​ലും ചെന്ന്‌ ഞങ്ങൾ അവരെ ആക്രമി​ക്കും.

പ്രായം 20 ആകുന്ന​തി​നു മുമ്പു​തന്നെ ഞാനും എന്റെ ചേട്ടനും അനിയ​ന്മാ​രും ഒക്കെ നാട്‌ അറിയുന്ന റൗഡി​ക​ളാ​യി മാറി​യി​രു​ന്നു. പോലീ​സു​കാ​രു​ടെ നോട്ട​പ്പു​ള്ളി​ക​ളാ​യി​രു​ന്നു ഞങ്ങൾ. ഒരു അനിയൻ ഒരു കുപ്ര​സിദ്ധ ഗുണ്ടാ​സം​ഘ​ത്തി​ലെ അംഗമാ​യി​രു​ന്നു. ഞാനും അക്കൂട്ട​ത്തിൽ കൂടാൻ തുടങ്ങി. അങ്ങനെ എന്റെ ജീവിതം ഒന്നി​നൊന്ന്‌ വഷളായി.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു:

എന്റെ ഒരു സുഹൃ​ത്തി​ന്റെ അച്ഛനും അമ്മയും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു. അവരുടെ സഭയിലെ മീറ്റി​ങ്ങു​കൾക്ക്‌ ചെല്ലാൻ അവർ എന്നെ ക്ഷണിച്ചു. ഞാൻ പോയി. സാക്ഷികൾ മറ്റുള്ള​വ​രെ​പ്പോ​ലെ അല്ലെന്ന്‌ അവിടെ ചെന്ന​പ്പോൾത്തന്നെ എനിക്കു മനസ്സി​ലാ​യി. എല്ലാവ​രു​ടെ​യും കൈയിൽ ബൈബി​ളുണ്ട്‌. പരിപാ​ടി​യു​ടെ സമയത്ത്‌ എല്ലാവ​രും അത്‌ എടുത്തു​നോ​ക്കു​ന്നു. ചെറു​പ്പ​ക്കാ​രാ​ണെ​ങ്കിൽ സ്റ്റേജിൽനിന്ന്‌ പ്രസംഗം നടത്തു​ക​പോ​ലും ചെയ്യുന്നു! ദൈവ​ത്തിന്‌ ഒരു പേരുണ്ട്‌ എന്ന്‌ അറിഞ്ഞ​പ്പോൾ, യഹോവ എന്ന പേര്‌ ആദ്യമാ​യി പറഞ്ഞു​കേ​ട്ട​പ്പോൾ, എനിക്ക്‌ സന്തോ​ഷ​വും അതിശ​യ​വും ഒക്കെ തോന്നി. (സങ്കീർത്തനം 83:18) പല രാജ്യ​ങ്ങ​ളിൽനി​ന്നുള്ള ആളുകൾ ആ സഭയി​ലു​ണ്ടാ​യി​രു​ന്നു. പക്ഷേ ആരും ആരെയും മാറ്റി​നി​റു​ത്തി​യില്ല.

ആദ്യ​മൊ​ക്കെ സാക്ഷി​ക​ളു​ടെ കൂടെ ബൈബിൾ പഠിക്കാ​നൊ​ന്നും എനിക്ക്‌ തോന്നി​യില്ല. പക്ഷേ അവരുടെ മീറ്റി​ങ്ങു​കൾക്ക്‌ പോകാൻ എനിക്ക്‌ ഇഷ്ടമാ​യി​രു​ന്നു. ഒരു രാത്രി ഞാൻ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങിന്‌ പോയ സമയത്ത്‌ എന്റെ കുറെ കൂട്ടു​കാർ ഒരു ഗാന​മേ​ള​യ്‌ക്കു പോയി. അവി​ടെ​വെച്ച്‌ അവർ ഒരു പയ്യനെ അടിച്ചു​കൊ​ന്നു. അവർ ചോദി​ച്ച​പ്പോൾ അവൻ അവന്റെ ജാക്കറ്റ്‌ കൊടു​ത്തി​ല്ല​ത്രേ! പിറ്റേന്ന്‌ അവർ ആ കൊല​പാ​ത​ക​ത്തെ​ക്കു​റിച്ച്‌ വീമ്പി​ള​ക്കു​ന്നത്‌ കേൾക്ക​ണ​മാ​യി​രു​ന്നു! കോട​തി​യിൽ വിചാരണ ചെയ്യു​മ്പോ​ഴും അവർക്കെ​ല്ലാം ഒരു തമാശ​യാ​യി​രു​ന്നു. അവരിൽ മിക്കവർക്കും ജീവപ​ര്യ​ന്ത​മുള്ള ജയിൽശി​ക്ഷ​യാണ്‌ കിട്ടി​യത്‌. ആ രാത്രി അവരുടെ കൂടെ പോകാ​ഞ്ഞത്‌ ഓർത്ത്‌ സന്തോഷം തോന്നി​യെന്ന്‌ പ്രത്യേ​കം പറയേ​ണ്ട​തി​ല്ല​ല്ലോ! ഇനി ജീവി​ത​ത്തിൽ മാറ്റം വരുത്തി​യി​ട്ടേ ബാക്കി കാര്യ​മു​ള്ളൂ എന്ന്‌ ഞാൻ തീരു​മാ​നി​ച്ചു. അങ്ങനെ ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി.

വംശത്തി​ന്റെ പേരി​ലുള്ള വേർതി​രിവ്‌ കണ്ടും കേട്ടും അനുഭ​വി​ച്ചും ജീവിച്ച എനിക്ക്‌ സാക്ഷി​ക​ളു​ടെ ഇടയിൽ കണ്ട കാര്യങ്ങൾ ഒരു അത്ഭുതം​ത​ന്നെ​യാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വെള്ളക്കാ​ര​നായ ഒരാൾ ദൂരെ എവി​ടെ​യെ​ങ്കി​ലും പോകു​മ്പോൾ അദ്ദേഹ​ത്തി​ന്റെ മക്കളെ കറുത്ത​വർഗ​ക്കാ​രു​ടെ വീട്ടി​ലാ​ക്കു​ന്നു. ഇനി, കറുത്ത​വർഗ​ക്കാ​ര​നായ ഒരു ചെറു​പ്പ​ക്കാ​രന്‌ താമസി​ക്കാൻ സ്ഥലമി​ല്ലാ​തെ വന്നപ്പോൾ വെള്ളക്കാ​രായ ഒരു കുടും​ബം അവരുടെ വീട്ടി​ലേക്ക്‌ അവനെ കൊണ്ടു​വ​രു​ന്നു. “നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും” എന്ന്‌ യോഹ​ന്നാൻ 13:35-ൽ യേശു പറഞ്ഞത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌ അനുസ​രി​ക്കു​ന്ന​തെന്ന്‌ എനിക്ക്‌ നൂറു ശതമാനം ഉറപ്പായി. ശരിക്കു​മുള്ള സഹോ​ദ​ര​സ്‌നേഹം എന്താ​ണെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി.

ഞാൻ ചിന്തി​ക്കുന്ന രീതി​തന്നെ മാറ്റണ​മെന്ന്‌ ബൈബിൾ പഠിച്ച​പ്പോൾ എനിക്കു മനസ്സി​ലാ​യി. അതായത്‌, ആരുമാ​യും പ്രശ്‌ന​മൊ​ന്നും ഉണ്ടാക്കാ​തെ സമാധാ​ന​ത്തിൽ കഴിഞ്ഞാൽ മാത്രം പോരാ, ഇതാണ്‌ ഏറ്റവും നല്ല ജീവിതം എന്ന്‌ എനിക്കു തോന്നി​ത്തു​ട​ങ്ങണം. അത്ര​ത്തോ​ളം എന്റെ മനസ്സിന്‌ മാറ്റം വരണമാ​യി​രു​ന്നു. (റോമർ 12:2) പതു​ക്കെ​പ്പ​തു​ക്കെ ഞാൻ പുരോ​ഗതി വരുത്തി. 1974 ജനുവ​രി​യിൽ ഞാൻ യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാ​ന​മേറ്റു.

ആരുമായും പ്രശ്‌ന​മൊ​ന്നും ഉണ്ടാക്കാ​തെ സമാധാ​ന​ത്തിൽ കഴിഞ്ഞാൽ മാത്രം പോരാ. ഇതാണ്‌ ഏറ്റവും നല്ല ജീവിതം എന്ന്‌ എനിക്കു തോന്നി​ത്തു​ട​ങ്ങണം. അത്ര​ത്തോ​ളം എന്റെ മനസ്സിന്‌ മാറ്റം വരണമാ​യി​രു​ന്നു

ദേഷ്യം നിയ​ന്ത്രി​ക്കുന്ന കാര്യ​ത്തിൽ, സ്‌നാ​ന​മേറ്റ ശേഷവും ഞാൻ കുറെ മാറ്റം വരുത്ത​ണ​മാ​യി​രു​ന്നു. ഒരിക്കൽ വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കെ ഒരു കള്ളൻ എന്റെ കാറിൽനിന്ന്‌ റേഡി​യോ മോഷ്ടി​ച്ചു. ഞാൻ അയാളു​ടെ പുറകെ ഓടി. പിടി​ക്കു​മെ​ന്നാ​യ​പ്പോൾ അയാൾ അത്‌ താഴെ ഇട്ടിട്ട്‌ ഓടി​ക്ക​ളഞ്ഞു. റേഡി​യോ തിരി​ച്ചു​കി​ട്ടി​യ​തി​നെ​ക്കു​റിച്ച്‌ കൂടെ​യു​ണ്ടാ​യി​രു​ന്ന​വ​രോട്‌ ഞാൻ പറഞ്ഞു. അതിൽ ഒരു മൂപ്പൻ എന്നോട്‌ ചോദി​ച്ചു, “കള്ളനെ കൈയിൽ കിട്ടി​യി​രു​ന്നെ​ങ്കിൽ സ്റ്റീവൻ എന്തു ചെയ്‌തേനെ?” ആ ചോദ്യം എന്റെ ഉള്ളിൽക്കൊ​ണ്ടു. ഇനിയും ഞാൻ കുറെ മാറാ​നു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി. അങ്ങനെ ചെയ്യാൻ ഞാൻ തീരു​മാ​നി​ച്ചു.

1974 ഒക്ടോ​ബ​റിൽ ഞാൻ മുഴു​സ​മ​യ​ശു​ശ്രൂഷ തുടങ്ങി. മാസവും നൂറു മണിക്കൂർ മറ്റുള്ള​വരെ ബൈബിൾ പഠിപ്പി​ക്കാൻ ഞാൻ ചെലവ​ഴി​ച്ചു. പിന്നീട്‌ ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​നത്ത്‌ സന്നദ്ധ​സേ​വനം ചെയ്യാ​നുള്ള വലി​യൊ​രു അവസര​വും എനിക്കു കിട്ടി. 1978-ൽ, രോഗി​യായ എന്റെ അമ്മയെ നോക്കാൻ ഞാൻ ലോസ്‌ ആഞ്‌ജ​ലി​സി​ലേക്കു തിരി​ച്ചു​പോ​യി. രണ്ടു വർഷം കഴിഞ്ഞ്‌ ഞാൻ അരാണ്ടയെ കല്യാണം കഴിച്ചു. അമ്മയുടെ മരണം​വരെ ഞങ്ങൾ ഒരുമിച്ച്‌ അമ്മയെ നോക്കി. അവൾ എനിക്ക്‌ വലി​യൊ​രു സഹായ​മാ​യി​രു​ന്നു. പിന്നീട്‌ ഞാനും അരാണ്ട​യും വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾസ്‌കൂ​ളിൽ പങ്കെടു​ത്തു. പാനമ​യി​ലേ​ക്കാണ്‌ ഞങ്ങളെ നിയമി​ച്ചത്‌. ഇന്നും ഞങ്ങൾ അവി​ടെ​യാണ്‌, മിഷന​റി​മാ​രാ​യി.

സ്‌നാ​ന​മേറ്റ നാൾമു​തൽ ഇന്നുവരെ പൊട്ടി​ത്തെ​റി​ക്കാൻ തോന്നുന്ന പല സാഹച​ര്യ​ങ്ങ​ളും എനിക്ക്‌ ഉണ്ടായി​ട്ടുണ്ട്‌. എന്നാൽ എന്നെ ദേഷ്യം​പി​ടി​പ്പി​ക്കാൻ നോക്കുന്ന ആളുക​ളിൽനിന്ന്‌ മാറി​പ്പോ​കാ​നോ മറ്റേ​തെ​ങ്കി​ലും വിധത്തിൽ ആ സാഹച​ര്യ​ത്തെ തണുപ്പി​ക്കാ​നോ ഞാൻ പഠിച്ചി​രി​ക്കു​ന്നു. ഈ സാഹച​ര്യ​ങ്ങ​ളെ​യൊ​ക്കെ ഭംഗി​യാ​യി കൈകാ​ര്യം ചെയ്‌ത​തിന്‌ എന്റെ ഭാര്യ ഉൾപ്പെടെ പലരും എന്നെ അഭിന​ന്ദി​ച്ചി​ട്ടുണ്ട്‌. ചില​പ്പോ​ഴൊ​ക്കെ എനിക്കു​പോ​ലും അതിശയം തോന്നി​യി​ട്ടുണ്ട്‌. എന്നാൽ എന്റെ സ്വഭാ​വ​ത്തിൽ വന്ന മാറ്റങ്ങൾ എന്റെ കഴിവു​കൊ​ണ്ടാ​ണെന്ന്‌ ഞാൻ വിചാ​രി​ക്കു​ന്നില്ല. അത്‌ ദൈവ​വ​ച​ന​മായ ബൈബി​ളി​ന്റെ ശക്തി​കൊ​ണ്ടാണ്‌. ആളുക​ളിൽ എന്തു മാറ്റവും വരുത്താ​നുള്ള ബൈബി​ളി​ന്റെ ശക്തി!—എബ്രായർ 4:12.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ:

ജീവി​ക്കു​ന്നത്‌ എന്തിനാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യത്‌ ബൈബിൾ പഠിച്ച​പ്പോ​ഴാണ്‌. എല്ലാവ​രു​മാ​യും സമാധാ​ന​ത്തിൽ കഴിയാ​നും ഞാൻ പഠിച്ചു. ഞാൻ ഇപ്പോൾ ആരെയും തല്ലാനും കൊല്ലാ​നും ഒന്നും പോകു​ന്നില്ല. ആളുക​ളു​ടെ ജീവൻ രക്ഷിക്കാ​നാണ്‌ ഞാൻ ഇപ്പോൾ നോക്കു​ന്നത്‌, ആത്മീയ​മാ​യി അവരെ സഹായി​ച്ചു​കൊണ്ട്‌. ഹൈസ്‌കൂ​ളിൽ എന്റെ ശത്രു​വാ​യി​രുന്ന ഒരാ​ളെ​പ്പോ​ലും ബൈബിൾ പഠിക്കാൻ ഞാൻ സഹായി​ച്ചു. അവൻ സ്‌നാ​ന​പ്പെട്ടു കഴിഞ്ഞ്‌ കുറച്ചു​നാൾ ഞങ്ങൾ ഒരുമി​ച്ചാണ്‌ താമസി​ച്ചത്‌. അങ്ങനെ പണ്ടത്തെ ശത്രുക്കൾ നല്ല മിത്ര​ങ്ങ​ളാ​യി! ഞാനും ഭാര്യ​യും 80-ലധികം പേരെ ബൈബിൾ പഠിക്കാ​നും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീ​രാ​നും സഹായി​ച്ചി​ട്ടുണ്ട്‌.

മനസ്സു​തു​റ​ന്നു സ്‌നേ​ഹി​ക്കുന്ന സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ സംതൃ​പ്‌തി​യും സന്തോ​ഷ​വും നിറഞ്ഞ ഒരു ജീവിതം തന്നതിന്‌ യഹോ​വ​യോട്‌ എത്ര നന്ദി പറഞ്ഞാ​ലും മതിയാ​വില്ല.