ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“ഞാൻ സത്യം സ്വയം കണ്ടെത്താൻ അവർ ആഗ്രഹിച്ചു”
ജനനം: 1982
രാജ്യം: ഡൊമിനിക്കൻ റിപ്പബ്ലിക്
ചരിത്രം: മോർമോൺ വിശ്വാസത്തിൽ വളർന്നു
എന്റെ പഴയ കാലം:
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയിലാണ് ഞാൻ ജനിച്ചത്, നാലു മക്കളിൽ ഏറ്റവും ഇളയവനായി. എന്റെ മാതാപിതാക്കൾ നല്ല വിദ്യാഭ്യാസം നേടിയവരായിരുന്നു. മക്കളെ നല്ല ചുറ്റുപാടിൽ, നല്ല ആളുകളുടെ ഇടയിൽ, വളർത്തിക്കൊണ്ടുവരാൻ അവർ ആഗ്രഹിച്ചു. ഞാൻ ജനിക്കുന്നതിനു നാലു വർഷം മുമ്പുതന്നെ എന്റെ മാതാപിതാക്കൾ മോർമോൺ മിഷനറിമാരെ കണ്ടുമുട്ടിയിരുന്നു. അവരുടെ നല്ല വസ്ത്രധാരണവും മാന്യമായ പെരുമാറ്റവും കണ്ടപ്പോൾ മാതാപിതാക്കൾക്കു മതിപ്പുതോന്നി. അങ്ങനെ ഞങ്ങളുടെ കുടുംബവും ആ സഭയിൽ ചേരാൻ തീരുമാനിച്ചു. ഞങ്ങളുടെ ദ്വീപിൽ മോർമോൺ സഭയിൽ (പിൽക്കാല വിശുദ്ധന്മാരുടെ യേശുസഭ) ചേരുന്ന ആദ്യത്തെ കുടുംബങ്ങളിൽ ഒന്നായിരുന്നു ഞങ്ങളുടേത്.
കുട്ടിക്കാലം മുതലേ സഭ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളിലൊക്കെ എനിക്കു വലിയ താത്പര്യമായിരുന്നു. കുടുംബജീവിതത്തിനും സദാചാരമൂല്യങ്ങൾക്കും മോർമോൺ സഭ കൊടുത്തിരുന്ന പ്രാധാന്യവും എന്നെ ആകർഷിച്ചു. ഒരു മോർമോൺകാരനായിരിക്കുന്നതിൽ എനിക്ക് അഭിമാനമായിരുന്നു. ഭാവിയിൽ ഒരു മിഷനറിയായിത്തീരാനും ഞാൻ ലക്ഷ്യം വെച്ചു.
എനിക്ക് 18 വയസ്സായപ്പോൾ എന്നെ നല്ല കോളേജിൽ ചേർക്കാൻ എന്റെ കുടുംബം ഐക്യനാടുകളിലേക്കു മാറി താമസിച്ചു. ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ യഹോവയുടെ സാക്ഷികളായ ആന്റിയും അങ്കിളും ഞങ്ങളെ കാണാൻ വന്നു. ആ സമയത്ത് ഫ്ളോറിഡയിലായിരുന്നു ഞങ്ങളുടെ താമസം. അവർ ഞങ്ങളെ ഒരു ബൈബിൾകൺവെൻഷനു ക്ഷണിച്ചു. അവിടെവെച്ച്, അടുത്തിരിക്കുന്നവരൊക്കെ ബൈബിൾ തുറന്നുനോക്കുകയും കുറിപ്പുകളെടുക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ എനിക്ക് അതിശയം തോന്നി. അതു കണ്ടപ്പോൾ ഞാനും ഒരു പേനയും പേപ്പറും സംഘടിപ്പിച്ച് കുറിപ്പുകളെടുക്കാൻ തുടങ്ങി.
എനിക്കു മിഷനറിയാകാൻ ആഗ്രഹമുള്ളതുകൊണ്ട് ബൈബിളിലെ ചില കാര്യങ്ങൾ എന്നെ പഠിപ്പിക്കാമെന്നു കൺവെൻഷൻ കഴിഞ്ഞപ്പോൾ ആന്റിയും അങ്കിളും എന്നോടു പറഞ്ഞു. അതു കൊള്ളാമെന്ന് എനിക്കു തോന്നി. കാരണം മോർമോൺ പുസ്തകമായിരുന്നു ഞാൻ കൂടുതലും ഉപയോഗിച്ചിരുന്നത്. ബൈബിൾ എനിക്ക് അത്ര പരിചയമില്ലായിരുന്നു.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു:
പിന്നീടുള്ള ബൈബിൾ ചർച്ചകൾ ഫോണിലൂടെയായിരുന്നു. എന്റെ വിശ്വാസവും ബൈബിൾപഠിപ്പിക്കലുകളും തമ്മിൽ താരതമ്യം ചെയ്തുനോക്കാൻ അവർ എന്നോടു പറഞ്ഞു. ഞാൻ സത്യം സ്വയം കണ്ടെത്താൻ അവർ ആഗ്രഹിച്ചു.
മോർമോൺ വിശ്വാസത്തിൽ എനിക്ക് ഇഷ്ടമുള്ള പലതുമുണ്ടായിരുന്നു. പക്ഷേ അതു ബൈബിളിലെ ആശയങ്ങളുമായി യോജിപ്പിലാണോ എന്നു സംശയമുണ്ടായിരുന്നു. അപ്പോൾ ആന്റി എനിക്ക് ഒരു മാസിക അയച്ചുതന്നു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച 1995 നവംബർ 8 ലക്കം ഉണരുക! ആയിരുന്നു അത്. അതിൽ മോർമോൺ വിശ്വാസങ്ങളെക്കുറിച്ചുള്ള ചില ലേഖനങ്ങളുണ്ടായിരുന്നു. അതു വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. മോർമോൺ പഠിപ്പിക്കലിലെ പല കാര്യങ്ങളും എനിക്ക് അറിയില്ലായിരുന്നല്ലോ എന്നു ഞാൻ ഓർത്തു. ആ മാസികയിൽ പറയുന്നതു സത്യമാണോ എന്ന് ഉറപ്പുവരുത്താൻ ഞാൻ മോർമോൺ വെബ്സൈറ്റിൽ കയറിനോക്കി. അപ്പോൾ എനിക്കു മനസ്സിലായി ആ മാസികയിൽ പറഞ്ഞതൊക്കെ ശരിയാണെന്ന്. ഉത്തയിലുള്ള മോർമോൺ മ്യൂസിയം സന്ദർശിച്ചപ്പോൾ അക്കാര്യങ്ങളൊക്കെ എനിക്ക് ഒന്നുകൂടെ ഉറപ്പായി.
ബൈബിളിൽ പറയുന്നതുപോലെതന്നെയാണു മോർമോൺ പുസ്തകത്തിലും ഉള്ളതെന്നാണു ഞാൻ വിചാരിച്ചത്. എന്നാൽ ബൈബിൾ നന്നായി പഠിക്കാൻ തുടങ്ങിയപ്പോൾ ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ടെന്ന് എനിക്കു മനസ്സിലായി. ഉദാഹരണത്തിന്, ബൈബിളിൽ യഹസ്കേൽ 18:4 പറയുന്നത് ദേഹി മരിക്കും എന്നാണ്. എന്നാൽ മോർമോൺ പുസ്തകത്തിൽ അൽമാ 42:9 പറയുന്നു, “ദേഹി ഒരിക്കലും മരിക്കില്ല” എന്ന്.
ഇത്തരം അടിസ്ഥാനപരമായ ആശയങ്ങളിലുള്ള വ്യത്യാസങ്ങൾക്കു പുറമേ മോർമോണുകൾ പഠിപ്പിച്ചിരുന്ന ദേശീയമായ ആശയങ്ങളിലും എനിക്കു സംശയം തോന്നി. ഉദാഹരണത്തിന്, അമേരിക്കയിലെ മിസൂറിയിലുള്ള ജാക്സൺ പ്രദേശത്താണ് ഏദെൻ തോട്ടം സ്ഥിതി ചെയ്തിരുന്നത് എന്നാണു മോർമോൺകാർ പഠിപ്പിച്ചിരുന്നത്. അതുപോലെ ആ സഭയിലെ നേതാക്കന്മാർ പഠിപ്പിച്ചിരുന്ന മറ്റൊരു കാര്യം ഇതായിരുന്നു, ‘സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും തത്ത്വങ്ങളെ അടിസ്ഥാനമാക്കി ദൈവരാജ്യം അമേരിക്കൻ ഗവൺമെന്റു വഴി ഭരണം നടത്തും.’
അപ്പോൾ അമേരിക്കയല്ലാത്ത മറ്റു രാജ്യങ്ങളുടെ കാര്യം എന്താകും എന്നു ഞാൻ ചിന്തിച്ചു. ഞാൻ ജനിച്ചതും വേറൊരു രാജ്യത്തായിരുന്നല്ലോ. മോർമോൺ മിഷനറിയാകാൻ പഠിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ ഒരു ദിവസം വൈകിട്ട് എന്നെ വിളിച്ചപ്പോൾ ഞാൻ ഈ വിഷയമെടുത്തിട്ടു. ഒരു യുദ്ധമുണ്ടായാൽ അദ്ദേഹം മറ്റു രാജ്യത്തെ മോർമോൺകാരോടു പോരാടുമോ എന്നു ഞാൻ തുറന്നങ്ങ് ചോദിച്ചു. ‘ചെയ്യും’ എന്ന മറുപടി കേട്ട് ഞാൻ ഞെട്ടിപ്പോയി. തുടർന്ന് ഞാൻ മോർമോൺ ഉപദേശങ്ങളെക്കുറിച്ച് കാര്യമായി പഠിക്കാൻതുടങ്ങി. ചില സഭാനേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു. ഞാൻ ചോദിച്ച കാര്യങ്ങളെല്ലാം ഗഹനമായ രഹസ്യങ്ങളാണെന്നും ഭാവിയിൽ ആത്മീയവെളിച്ചം കൂടുതൽ തെളിഞ്ഞുവരുമ്പോൾ അതു വ്യക്തമായിക്കൊള്ളുമെന്നും അവർ പറഞ്ഞു.
അവരുടെ മറുപടി കേട്ട് ആകെ നിരാശയിലായ ഞാൻ എന്നെത്തന്നെ ഒന്നു വിലയിരുത്തി. ഒരു മോർമോൺ മിഷനറിയാകാൻ ശരിക്കും എന്നെ പ്രേരിപ്പിച്ചത് എന്താണെന്നു ഞാൻ ചിന്തിക്കാൻതുടങ്ങി. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്നൊരു ആഗ്രഹമാണു പ്രധാനമായും മിഷനറിയാകാൻ എന്നെ പ്രേരിപ്പിച്ചതെന്നു ഞാൻ തിരിച്ചറിഞ്ഞു. കൂടാതെ ഒരു മിഷനറിയായാൽ മറ്റുള്ളവർ എന്നെ ആദരിക്കുമല്ലോ എന്നും ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ ദൈവത്തെക്കുറിച്ച് എനിക്കു കാര്യമായി ഒന്നുംതന്നെ അറിയില്ലായിരുന്നു എന്നതാണു വാസ്തവം. ഞാൻ ഇതിനോടകം പലവട്ടം ബൈബിൾ വായിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇതുവരെ അതിന്റെ ശരിക്കുള്ള മൂല്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. ഭൂമിയെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഉള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്നും എനിക്ക് അറിയില്ലായിരുന്നു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
യഹോവയുടെ സാക്ഷികളുടെ കൂടെ ബൈബിൾ പഠിച്ചുതുടങ്ങിയപ്പോൾ ഞാൻ പല കാര്യങ്ങളും മനസ്സിലാക്കി. ദൈവത്തിന്റെ പേര് എന്താണ്, മരിക്കുമ്പോൾ എന്തു സംഭവിക്കും, ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാക്കുന്നതിൽ യേശുവിന്റെ പങ്ക് എന്താണ് ഇതൊക്കെ. അങ്ങനെ ഒടുവിൽ ഞാൻ ബൈബിൾ എന്ന മനോഹരമായ ഗ്രന്ഥവുമായി പരിചയത്തിലായി. പഠിക്കുന്ന സത്യങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതും എനിക്കു വലിയ സന്തോഷമായി. ദൈവമുണ്ടെന്ന് എനിക്കു പണ്ടുമുതലേ അറിയാമായിരുന്നെങ്കിലും ഇപ്പോഴാണു ദൈവം എന്റെ ഏറ്റവും അടുത്ത സുഹൃത്തായത്. പ്രാർഥനയിലൂടെ ദൈവത്തോട് എന്തും തുറന്നുപറയാനും എനിക്ക് ഇപ്പോൾ കഴിയുന്നു. 2004 ജൂലൈ 12-നു ഞാൻ ഒരു യഹോവയുടെ സാക്ഷിയായി സ്നാനമേറ്റു. ആറു മാസം കഴിഞ്ഞപ്പോൾ മറ്റുള്ളവരെ ബൈബിൾസത്യങ്ങൾ അറിയിക്കാൻ ഞാൻ മുഴുസമയം പ്രവർത്തിക്കാൻ തുടങ്ങി.
അഞ്ച് വർഷം ഞാൻ ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത് സേവനം ചെയ്തു. അവിടെ ബൈബിളുകളും ബൈബിൾ പ്രസിദ്ധീകരണങ്ങളും നിർമിക്കുന്നതിൽ പങ്കെടുക്കാനും എനിക്കു കഴിഞ്ഞു. അതിലൂടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം എനിക്കു കിട്ടി. ഇപ്പോഴും യഹോവയെക്കുറിച്ച് അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതു ഞാൻ ഒരുപാട് ആസ്വദിക്കുന്നു.