നിങ്ങൾ നികുതി അടയ്ക്കണോ?
നിങ്ങൾ നികുതി അടയ്ക്കണോ?
നികുതി അടയ്ക്കാൻ ആളുകൾക്കു പൊതുവേ താത്പര്യമില്ല. തങ്ങൾ കൊടുക്കുന്ന നികുതിപ്പണം ഗവൺമെന്റിന്റെ കഴിവില്ലായ്മയും ദുരുപയോഗവും വഞ്ചനയും ഒക്കെ കാരണം പാഴായിപ്പോകുന്നതായി പലരും കരുതുന്നു. മറ്റു ചിലർ നികുതി കൊടുക്കുന്നതിനെ എതിർക്കുന്നതു നികുതിപ്പണം അന്യായമായ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതുകൊണ്ടാണ്. തങ്ങൾ നികുതി കൊടുക്കാത്തതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് പശ്ചിമേഷ്യയിൽ താമസിക്കുന്ന ഒരാൾ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ മക്കളെ കൊല്ലാനുള്ള വെടിയുണ്ടകൾ വാങ്ങാനായി ഗവൺമെന്റിനു ഞങ്ങൾ പണം കൊടുക്കില്ല.”
ഇതുപോലെയുള്ള ചിന്തകൾ മറ്റു പലർക്കും ഉണ്ടായിട്ടുണ്ട്. നികുതി അടയ്ക്കാൻ തന്റെ മനസ്സാക്ഷി അനുവദിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് ഗാന്ധിജി ഇങ്ങനെ പറഞ്ഞു: “സായുധസൈന്യമുള്ള ഗവൺമെന്റുകളെ പിന്തുണയ്ക്കുന്ന ഏതൊരു വ്യക്തിയും നേരിട്ടോ അല്ലാതെയോ അതിന്റെ പാപങ്ങളിൽ പങ്കാളിയാകുകയാണ്. നികുതി അടച്ചുകൊണ്ട് ഗവൺമെന്റിനെ പിന്തുണയ്ക്കുന്ന ഓരോരുത്തരും അതു പ്രായമായവരോ ചെറുപ്പക്കാരോ ആരായാലും അവരും ഗവൺമെന്റിന്റെ പാപങ്ങളിൽ പങ്കു ചേരുകയാണ്.”
19-ാം നൂറ്റാണ്ടിലെ അമേരിക്കൻ തത്ത്വചിന്തകനായ ഹെൻറി ഡേവിഡ് തോറോയും നികുതി കൊടുക്കുന്നതിനെ എതിർത്തയാളാണ്. യുദ്ധത്തെ പിന്തുണയ്ക്കാൻ നികുതിപ്പണം ഉപയോഗിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ മനസ്സാക്ഷി അതിന് അനുവദിക്കാതിരുന്നത്. അദ്ദേഹം ഇങ്ങനെ ചോദിച്ചു: “ഒരു പൗരൻ തന്റെ മനസ്സാക്ഷി തത്കാലത്തേക്കാണെങ്കിലും ഭരണാധികാരികൾക്കു മുമ്പിൽ അടിയറവ് വെക്കേണ്ടതുണ്ടോ? അങ്ങനെയാണെങ്കിൽപ്പിന്നെ ഓരോരുത്തർക്കും എന്തിനാണു മനസ്സാക്ഷി?”
ഇതു ക്രിസ്ത്യാനികളെയും ബാധിക്കുന്ന ഒരു കാര്യമാണ്. കാരണം എല്ലാ കാര്യങ്ങളിലും ശുദ്ധമായ ഒരു മനസ്സാക്ഷിയുണ്ടായിരിക്കണമെന്നു ബൈബിൾ പഠിപ്പിക്കുന്നു. (2 തിമൊഥെയൊസ് 1:3) അതേസമയം നികുതി പിരിക്കാനുള്ള ഗവൺമെന്റുകളുടെ അധികാരത്തെയും ബൈബിൾ അംഗീകരിക്കുന്നു. ബൈബിൾ പറയുന്നു: “എല്ലാവരും ഉന്നതാധികാരികൾക്ക് (മനുഷ്യഗവൺമെന്റുകൾക്ക്) കീഴ്പെട്ടിരിക്കട്ടെ. കാരണം ദൈവത്തിൽനിന്നല്ലാതെ ഒരു അധികാരവുമില്ല. നിലവിലുള്ള അധികാരികളെ അതാതു സ്ഥാനങ്ങളിൽ നിറുത്തിയിരിക്കുന്നതു ദൈവമാണ്. അതുകൊണ്ട് കീഴ്പെട്ടിരിക്കാൻ തക്കതായ കാരണമുണ്ട്. ക്രോധം പേടിച്ചിട്ടു മാത്രമല്ല നിങ്ങളുടെ മനസ്സാക്ഷിയെ കരുതിയും നിങ്ങൾ അങ്ങനെ ചെയ്യണം. നിങ്ങൾ നികുതി കൊടുക്കുന്നതും അതുകൊണ്ടാണ്. അവർ ദൈവത്തിനുവേണ്ടി എപ്പോഴും പൊതുജനസേവനം ചെയ്യുന്നവരാണല്ലോ. എല്ലാവർക്കും കൊടുക്കേണ്ടതു കൊടുക്കുക: നികുതി കൊടുക്കേണ്ടവനു നികുതി.”—റോമർ 13:1, 5-7.
ഇക്കാരണത്താൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ നികുതി അടയ്ക്കുന്ന കാര്യത്തിൽ പേരുകേട്ടവരായിരുന്നു, നികുതിപ്പണത്തിന്റെ ഏറിയ പങ്കും അക്കാലത്ത് സൈന്യത്തെ പിന്തുണയ്ക്കാൻ ഉപയോഗിച്ചിട്ടുപോലും. ഇന്ന് യഹോവയുടെ സാക്ഷികളുടെ കാര്യത്തിലും ഇതു സത്യമാണ്. എന്നാൽ ക്രിസ്ത്യാനികൾക്കു പിന്തുണയ്ക്കാൻ പറ്റാത്ത കാര്യങ്ങൾക്കുപോലും നികുതിപ്പണം ഉപയോഗിക്കുമ്പോഴും നമ്മൾ നികുതി അടയ്ക്കുന്നത് എന്തുകൊണ്ടാണ്? നികുതി അടയ്ക്കേണ്ട സാഹചര്യങ്ങളിൽ ഒരു ക്രിസ്ത്യാനി തന്റെ മനസ്സാക്ഷിയെ അവഗണിക്കുകയാണോ?
നികുതിയും മനസ്സാക്ഷിയും
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ കൊടുക്കേണ്ടിയിരുന്ന നികുതിയുടെ വലിയൊരു ഭാഗവും സൈനിക ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചു എന്നതു ശ്രദ്ധേയമാണ്. മനസ്സാക്ഷിപരമായ ഈ കാരണത്താലാണു ഗാന്ധിജിയും തോറോയും നികുതി കൊടുക്കുന്നതിനെ എതിർത്തത്.
റോമർ 13-ാം അധ്യായത്തിലെ കല്പന ക്രിസ്ത്യാനികൾ അനുസരിക്കുന്നത് ശിക്ഷ ഭയന്നിട്ടു മാത്രമല്ല. അവരുടെ ‘മനസ്സാക്ഷിക്ക്’ അനുസരിച്ചും കൂടെയാണ്. (റോമർ 13:5) അതെ, തന്റെ മനസ്സാക്ഷിക്കു വിരുദ്ധമായ കാര്യങ്ങൾക്കുവേണ്ടി നികുതിപ്പണം ഉപയോഗിക്കുമ്പോൾപ്പോലും ഒരു ക്രിസ്ത്യാനിയുടെ മനസ്സാക്ഷി അവനോടു നികുതി കൊടുക്കാൻ ആവശ്യപ്പെടുന്നു. ഇതു നന്നായി മനസ്സിലാക്കാൻ നമ്മുടെ മനസ്സാക്ഷി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു തിരിച്ചറിയണം. നമ്മൾ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് നമ്മുടെ ഉള്ളിൽനിന്ന് പറയുന്ന ഒരു ശബ്ദമാണ് അത്.
തോറോ അഭിപ്രായപ്പെട്ടതുപോലെ എല്ലാവരുടെയും ഉള്ളിൽ അങ്ങനെയൊരു ശബ്ദമുണ്ട്. പക്ഷേ അതിനെ എപ്പോഴും ആശ്രയിക്കാൻ പറ്റില്ല. ദൈവത്തെ സന്തോഷിപ്പിക്കണമെങ്കിൽ നമ്മുടെ മനസ്സാക്ഷി ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിലായിരിക്കണം. ദൈവത്തിന്റെ ചിന്തകൾ നമ്മുടെ ചിന്തകളെക്കാൾ വളരെ ഉയർന്നതായതുകൊണ്ട് അതുമായി ചേർന്നുപോകാൻ നമ്മൾ നമ്മുടെ ചിന്താരീതിക്കും മാറ്റം വരുത്തണം. ദൈവം ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ നമ്മൾ പഠിക്കുകയും വേണം. (സങ്കീർത്തനം 19:7) അതുകൊണ്ട് മനുഷ്യഗവൺമെന്റുകളെക്കുറിച്ചുള്ള ദൈവത്തിന്റെ കാഴ്ചപ്പാട് എന്താണെന്നു മനസ്സിലാക്കുന്നത് പ്രധാനമാണ്. അക്കാര്യത്തിൽ ദൈവത്തിന്റെ കാഴ്ചപ്പാട് എന്താണെന്നു നമുക്ക് ഇപ്പോൾ നോക്കാം.
അപ്പൊസ്തലനായ പൗലോസ് മനുഷ്യഗവൺമെന്റുകളെ ‘പൊതുജനസേവകർ’ എന്ന് വിളിച്ചതായി നമ്മൾ കണ്ടു. (റോമർ 13:6) എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? കാരണം അവർ സമൂഹത്തിനുവേണ്ടി വിലപ്പെട്ട സേവനങ്ങൾ ചെയ്യുകയും നിയമം നടപ്പാക്കുകയും ചെയ്യുന്നു. ഏറ്റവും അഴിമതി നിറഞ്ഞ ഗവൺമെന്റുകൾ പോലും പൊതുവിദ്യാഭ്യാസം, തപാൽ വിതരണം, അഗ്നിസുരക്ഷ, നിയമപാലനം തുടങ്ങിയ സേവനങ്ങൾ ചെയ്യുന്നു. ഗവൺമെന്റുകൾ ചെയ്യുന്ന തെറ്റായ കാര്യങ്ങളെക്കുറിച്ച് ദൈവത്തിന് അറിയാമെങ്കിലും കുറച്ചുകാലത്തേക്ക് ആ സ്ഥാനങ്ങളിൽ തുടരാൻ ദൈവം അവരെ അനുവദിച്ചിരിക്കുന്നു. നമ്മൾ അവരോട് ആദരവ് കാണിക്കാനും അവർ ആവശ്യപ്പെടുന്ന നികുതി അടയ്ക്കാനും ദൈവം ആഗ്രഹിക്കുന്നു.
എന്നാൽ ഇനി വളരെ കുറച്ചുകാലംകൂടി മാത്രമേ നമ്മളെ ഭരിക്കാൻ ദൈവം മനുഷ്യഗവൺമെന്റുകളെ അനുവദിക്കുകയുള്ളൂ. മനുഷ്യഗവൺമെന്റുകൾക്കു പകരം ദൈവത്തിന്റെ സ്വർഗീയഗവൺമെന്റ് ഭരണം ഏറ്റെടുക്കും. അതിലൂടെ നൂറ്റാണ്ടുകളായി മനുഷ്യഗവൺമെന്റുകൾ വരുത്തിവെച്ച എല്ലാ കേടുപാടുകളും ഇല്ലാതാക്കുക എന്നതാണു ദൈവത്തിന്റെ ഉദ്ദേശ്യം. (ദാനിയേൽ 2:44; മത്തായി 6:10) ആ സമയം വരെ നികുതി അടയ്ക്കാതിരുന്നുകൊണ്ടോ മറ്റേതെങ്കിലും രീതിയിലോ നമ്മൾ ഗവൺമെന്റിനെ അനുസരിക്കാതിരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നില്ല.
നികുതിപ്പണം യുദ്ധത്തെ പിന്തുണയ്ക്കാൻ ഉപയോഗിക്കുന്നതുകൊണ്ട് നികുതി അടയ്ക്കുന്നതു പാപമാണെന്നു ഗാന്ധിജിയെപ്പോലെ നിങ്ങൾക്കും തോന്നുന്നുണ്ടോ? ഒരു മാനുഷിക കാഴ്ചപ്പാടിൽ നോക്കുമ്പോൾ നമുക്ക് അങ്ങനെ തോന്നിയേക്കാം. ഒരു കുന്നിൻ മുകളിൽനിന്ന് ഒരു പ്രദേശം നോക്കുന്ന വ്യക്തിക്ക് താഴെനിന്ന് നോക്കുന്നതിനെക്കാൾ കൂടുതൽ വ്യക്തവും വിശാലവുമായി ആ സ്ഥലം കാണാൻ കഴിയും. അതുപോലെ ദൈവത്തിന്റെ വീക്ഷണം നമ്മുടെ വീക്ഷണത്തെക്കാൾ എത്ര ഉയർന്നതാണെന്നു ചിന്തിക്കുന്നതു നമ്മുടെ ചിന്തകൾക്കു വേണ്ട മാറ്റം വരുത്താൻ നമ്മളെ സഹായിക്കും. യശയ്യ പ്രവാചകനിലൂടെ ദൈവം ഇങ്ങനെ പറഞ്ഞു: “ആകാശം ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ, എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉയർന്നിരിക്കുന്നു.”—യശയ്യ 55:8, 9.
എത്രത്തോളം അധികാരമുണ്ട്?
നികുതി അടയ്ക്കണം എന്നു ബൈബിൾ പറയുന്നുണ്ടെങ്കിലും നമ്മുടെ എല്ലാ കാര്യത്തിലും മനുഷ്യഗവൺമെന്റുകൾക്ക് അധികാരമുണ്ടെന്ന് അതിന് അർഥമില്ല. ഈ ഗവൺമെന്റുകൾക്കു ദൈവം പരിമിതമായ അധികാരമേ നൽകിയിട്ടുള്ളൂ എന്ന് യേശു പഠിപ്പിച്ചു. യേശുവിന്റെ കാലത്ത് ഭരിച്ചിരുന്ന റോമൻ ഗവൺമെന്റിനു നികുതി കൊടുക്കുന്നതു ശരിയാണോ എന്ന് ഒരാൾ ചോദിച്ചപ്പോൾ യേശു ശ്രദ്ധേയമായ ഈ മറുപടി നൽകി: “സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.”—മർക്കോസ് 12:13-17.
“സീസർ” അതായത് ഗവൺമെന്റുകൾ പണം അച്ചടിക്കുകയും അതിന്റെ മൂല്യം നിശ്ചയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നികുതിയുടെ രൂപത്തിൽ അതു തിരികെ ചോദിക്കാൻ ഗവൺമെന്റുകൾക്ക് അവകാശം ഉണ്ടെന്നാണു ദൈവം പറയുന്നത്. എന്നാൽ യേശു പറഞ്ഞതുപോലെ “ദൈവത്തിനുള്ളത്” അതായത് നമ്മുടെ ജീവിതവും ആരാധനയും ഒരു മാനുഷികഗവൺമെന്റിനും അവകാശപ്പെടാൻ കഴിയുന്നതല്ല. ഗവൺമെന്റിന്റെ നിയമങ്ങൾ ദൈവത്തിന്റെ നിയമങ്ങൾക്ക് എതിരായി വരുമ്പോൾ ക്രിസ്ത്യാനികൾ “മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്.”—പ്രവൃത്തികൾ 5:29.
തങ്ങളുടെ നികുതിപ്പണം എങ്ങനെയാണു ചെലവഴിക്കുന്നതെന്നു ചിന്തിക്കുമ്പോൾ ഇന്നു നമ്മൾ അസ്വസ്ഥരാകാൻ സാധ്യതയുണ്ട്. എങ്കിലും നികുതി അടയ്ക്കാതിരിക്കുന്നതിലൂടെയോ ഗവൺമെന്റിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെയോ നമ്മൾ ഗവൺമെന്റുകൾക്കെതിരെ പ്രവർത്തിക്കുന്നില്ല. യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 18:36) ഗവൺമെന്റുകൾക്കെതിരെ നമ്മൾ പ്രവർത്തിച്ചാൽ മനുഷ്യരുടെ പ്രശ്നങ്ങൾക്കുള്ള ദൈവത്തിന്റെ പരിഹാരത്തിൽ വിശ്വാസമില്ലെന്നു കാണിക്കുകയായിരിക്കും. പകരം ദൈവം തന്റെ പുത്രനായ യേശുവിന്റെ ഭരണത്തിലൂടെ മനുഷ്യരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന സമയത്തിനായി നമ്മൾ ക്ഷമയോടെ കാത്തിരിക്കും.
ബൈബിൾ പറയുന്നത് അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനം
നികുതി അടയ്ക്കുന്നതിനെക്കുറിച്ച് ബൈബിൾ പറയുന്നത് അനുസരിച്ചാൽ നമുക്ക് ഒരുപാടു പ്രയോജനങ്ങളുണ്ട്. നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷയിൽനിന്നും പിടിക്കപ്പെടുമോ എന്ന ഭയത്തിൽനിന്നും നമുക്ക് ഒഴിവുള്ളവരായിരിക്കാം. (റോമർ 13:3-5) ഏറ്റവും പ്രധാനമായി നിയമം അനുസരിക്കുന്നതിലൂടെ ദൈവത്തിന്റെ മുന്നിൽ ഒരു ശുദ്ധമായ മനസ്സാക്ഷിയുണ്ടായിരിക്കാൻ കഴിയും. നികുതി കൊടുക്കാതിരിക്കുകയോ കുറച്ച് കാണിക്കുകയോ ഒക്കെ ചെയ്യുന്നവരെ അപേക്ഷിച്ച് നമുക്ക് കുറച്ച് സാമ്പത്തികനഷ്ടമൊക്കെ ഉണ്ടായേക്കാം. എന്നാൽ തന്നിൽ ആശ്രയിക്കുന്ന തന്റെ വിശ്വസ്തദാസന്മാരെ ദൈവം പരിപാലിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. ബൈബിളിന്റെ ഒരു എഴുത്തുകാരനായ ദാവീദ് ഇങ്ങനെ പറഞ്ഞു: “ഞാൻ ഒരിക്കൽ ചെറുപ്പമായിരുന്നു, ഇപ്പോഴോ പ്രായം ചെന്നിരിക്കുന്നു; എന്നാൽ, ഒരു നീതിമാൻപോലും ഉപേക്ഷിക്കപ്പെട്ടതായോ അവന്റെ മക്കൾ ആഹാരം ഇരക്കുന്നതായോ ഇതുവരെ കണ്ടിട്ടില്ല.”—സങ്കീർത്തനം 37:25.
ഇനി, നികുതി അടയ്ക്കാനുള്ള ബൈബിളിന്റെ കല്പന അനുസരിക്കുന്നതിലൂടെ നമുക്കു മനസ്സമാധാനവും കിട്ടും. നിങ്ങൾ കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച് ഗവൺമെന്റ് എന്തു ചെയ്യുന്നു എന്നതിനു ദൈവം നിങ്ങളെ ഉത്തരവാദിയാക്കുന്നില്ല. നിങ്ങൾ കൊടുക്കുന്ന വാടക ഉപയോഗിച്ച് വീട്ടുടമ എന്തു ചെയ്യുന്നു എന്നതിന് നിങ്ങൾ ഉത്തരവാദിയല്ലാത്തതുപോലെ തന്നെ. ബൈബിൾ പഠിക്കുന്നതിനു മുമ്പ് തങ്ങളുടെ നാട്ടിൽ ഭരണമാറ്റത്തിനുവേണ്ടി വർഷങ്ങളോളം ശ്രമിച്ചയാളാണു ദക്ഷിണ യൂറോപ്പിൽനിന്നുള്ള സ്റ്റെൽവിയോ. ആ ശ്രമം ഉപേക്ഷിച്ചതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെയാണു പറഞ്ഞത്: “ലോകത്ത് നീതിയും സമാധാനവും സാഹോദര്യവും കൊണ്ടുവരാൻ മനുഷ്യഗവൺമെന്റുകൾക്കു സാധിക്കുകയില്ലെന്ന് എനിക്ക് അംഗീകരിക്കേണ്ടി വന്നു. ഇപ്പോൾ ഉള്ളതിൽനിന്ന് വ്യത്യസ്തമായ, മെച്ചപ്പെട്ട ഒരു സാമൂഹിക അന്തരീക്ഷം ദൈവരാജ്യത്തിൽ മാത്രമേ സാധ്യമാകുകയുള്ളൂ.”
സ്റ്റെൽവിയോയെപ്പോലെ ‘ദൈവത്തിനുള്ളതു ദൈവത്തിന്’ കൊടുക്കുന്നെങ്കിൽ നിങ്ങൾക്കും നീതി കളിയാടുന്ന ആ രാജ്യത്തായിരിക്കാൻ കഴിയും. അതെ, മനുഷ്യഭരണം വരുത്തിവെച്ച കേടുപാടുകളും അനീതിയും എല്ലാം ഇല്ലാതാക്കുന്ന ദൈവത്തിന്റെ നീതിയുള്ള ഗവൺമെന്റ് മുഴുഭൂമിയെയും ഭരിക്കുന്നതു കാണാൻ നിങ്ങളും അവിടെ ഉണ്ടായിരിക്കും.
[ആകർഷകവാക്യം]
ദൈവത്തിന്റെ ചിന്തകൾ നമ്മുടെ ചിന്തകളെക്കാൾ വളരെ ഉയർന്നതായതുകൊണ്ട് അതുമായി ചേർന്നുപോകാൻ നമ്മൾ നമ്മുടെ ചിന്താരീതിക്കു മാറ്റം വരുത്തണം
[ആകർഷകവാക്യം]
എല്ലാ നികുതിയും കൊടുക്കുന്നതിലൂടെ ക്രിസ്ത്യാനികൾക്കു ദൈവമുമ്പാകെ നല്ല ഒരു മനസ്സാക്ഷി ഉണ്ടായിരിക്കാനാകും. തങ്ങളുടെ എല്ലാ ആവശ്യങ്ങളും ദൈവം നടത്തിത്തരുമെന്ന ബോധ്യവും അവർക്കുണ്ട്
[ചിത്രങ്ങൾ]
“സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.”
[കടപ്പാട്]
Copyright British Museum