ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
സ്കോട്ട്ലൻഡുകാരനായ ഒരാൾ ബിസിനെസ്സിനെക്കാൾ നേട്ടമുള്ള ഒന്ന് കണ്ടെത്തിയത് എങ്ങനെയാണ്? മയക്കുമരുന്നും അധാർമികമായ ജീവിതവും ഉപേക്ഷിക്കാൻ ഒരു ബ്രസീലുകാരനെ സഹായിച്ചത് എന്താണ്? അമിതമദ്യപാനത്തിൽനിന്ന് പുറത്തുകടക്കാൻ സ്ലോവേനിയയിൽനിന്നുള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് കഴിഞ്ഞത്? അവർക്ക് എന്താണു പറയാനുള്ളതെന്നു നോക്കാം.
“ഈ ജീവിതം കൊള്ളാമല്ലോ എന്ന് എനിക്കു തോന്നി.”—ജോൺ റിക്കെറ്റ്സ്
ജനനം: 1958
രാജ്യം: സ്കോട്ട്ലൻഡ്
ചരിത്രം: ബിസിനെസ്സിൽ നേട്ടമുണ്ടാക്കിയയാൾ
എന്റെ പഴയ കാലം: സന്തോഷം നിറഞ്ഞ ഒരു ചുറ്റുപാടിലാണു ഞാൻ വളർന്നുവന്നത്. ബ്രിട്ടീഷ് സൈന്യത്തിലെ ഒരു ഓഫീസറായിരുന്നു എന്റെ പപ്പ. അതുകൊണ്ട് ഞങ്ങൾ പലപല സ്ഥലങ്ങളിൽ മാറി താമസിച്ചു. സ്കോട്ട്ലൻഡ് കൂടാതെ ഇംഗ്ലണ്ട്, ജർമനി, കെനിയ, മലേഷ്യ, അയർലൻഡ്, സൈപ്രസ് എന്നിവിടങ്ങളിലെല്ലാം. എട്ടാമത്തെ വയസ്സുമുതൽ ഞാൻ സ്കോട്ട്ലൻഡിലെ ബോർഡിംങ് സ്കൂളുകളിൽ താമസിച്ചു പഠിക്കുകയായിരുന്നു. പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദമെടുത്തു.
20-ാമത്തെ വയസ്സിൽ ഞാൻ പെട്രോളിയം ബിസിനെസ്സ് രംഗത്തേക്കിറങ്ങി. എട്ടു വർഷം ആ മേഖലയിൽ പ്രവർത്തിച്ച ഞാൻ തെക്കേ അമേരിക്കയിലും പിന്നീട് ആഫ്രിക്കയിലും അവസാനം പടിഞ്ഞാറൻ ഓസ്ട്രേലിയയിലും ജോലി ചെയ്തു. ഓസ്ട്രേലിയയിൽ ചെന്നതിനു ശേഷം ഞാൻ ഒരു നിക്ഷേപസ്ഥാപനം തുടങ്ങി. പിന്നീടു അതു വിറ്റു.
ആ പൈസ കൈയിൽ വന്നപ്പോൾ, 40-ാമത്തെ വയസ്സിൽ ഞാൻ എന്റെ ജോലി വിട്ടു. പിന്നെ കിട്ടിയ സമയം മുഴുവൻ ഞാൻ യാത്രയ്ക്കുവേണ്ടി മാറ്റിവെച്ചു. ഓസ്ട്രേലിയ മുഴുവൻ രണ്ടു പ്രാവശ്യം മോട്ടോർ സൈക്കിളിൽ കറങ്ങി. അതിനുശേഷം ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചു. ഈ ജീവിതം കൊള്ളാമല്ലോ എന്ന് എനിക്കു തോന്നി.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു: ജോലി വിടുന്നതിനു മുമ്പുതന്നെ ഇങ്ങനെയൊരു ജീവിതം തന്നതിനു ദൈവത്തിനു നന്ദി നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ, ചെറുപ്പത്തിൽ ഞാൻ പൊയ്ക്കൊണ്ടിരുന്ന ആംഗ്ലിക്കൻ സഭയിൽ പോകാൻ തുടങ്ങി. എന്നാൽ ആ സഭ ബൈബിളിൽനിന്ന് കാര്യമായിട്ടൊന്നും പഠിപ്പിക്കുന്നില്ലായിരുന്നു. പിന്നെ എന്റെ പഠനം മോർമോൺകാരുടെ കൂടെയായി. പക്ഷേ അവരും ബൈബിൾ അധികം ഉപയോഗിക്കാത്തതുകൊണ്ട് അവിടെ പോകാനുള്ള എന്റെ താത്പര്യം ഇല്ലാതായി.
അങ്ങനെയിരിക്കെ ഒരു ദിവസം യഹോവയുടെ സാക്ഷികൾ എന്റെ വാതിലിൽ മുട്ടി. അവർ പഠിപ്പിക്കുന്നതു മുഴുവനും ബൈബിളിനെ അടിസ്ഥാനമാക്കിയാണെന്ന് എനിക്കു പെട്ടെന്നുതന്നെ മനസ്സിലായി. അവർ എനിക്കു കാണിച്ചുതന്ന ഒരു വാക്യമാണ് 1 തിമൊഥെയൊസ് 2:3, 4. “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണമെന്നും അവർ സത്യത്തിന്റെ ശരിയായ അറിവ് നേടണമെന്നും” ആണ് ദൈവം ആഗ്രഹിക്കുന്നത് എന്ന് ആ വാക്യങ്ങളിൽ പറയുന്നു. വെറുതെ അറിവ് നേടുന്നതിനല്ല, ബൈബിളിൽനിന്നുള്ള ശരിയായ അറിവ് നേടുന്നതിനു സാക്ഷികൾ പ്രാധാന്യം നൽകി. അതു കണ്ടപ്പോൾ എനിക്ക് ശരിക്കും മതിപ്പു തോന്നി.
യഹോവയുടെ സാക്ഷികളോടൊപ്പം പഠിച്ചത് ബൈബിളിൽനിന്നുള്ള ശരിയായ അറിവ് നേടാൻ എന്നെ സഹായിച്ചു. ഉദാഹരണത്തിന്, ദൈവവും യേശുവും മനസ്സിലാക്കാൻ പറ്റാത്ത ഒരു ത്രിത്വത്തിന്റെ ഭാഗമല്ലെന്നും മറിച്ച് അവർ രണ്ടും രണ്ട് വ്യത്യസ്ത വ്യക്തികളാണെന്നും എനിക്കു മനസ്സിലായി. (യോഹന്നാൻ 14:28; 1 കൊരിന്ത്യർ 11:3) ആ ലളിതമായ സത്യം പഠിച്ചപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. മനസ്സിലാക്കാൻ കഴിയാത്ത ഒരു കാര്യം മനസ്സിലാക്കാനാണല്ലോ കഴിഞ്ഞകാലങ്ങളിൽ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത് എന്ന് ഓർത്തപ്പോൾ എനിക്ക് എന്നോടുതന്നെ ദേഷ്യമായിരുന്നു.
പെട്ടെന്നുതന്നെ ഞാൻ യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾക്കു പോകാൻ തുടങ്ങി. അവരുടെ സൗഹാർദമനോഭാവവും ധാർമികനിലവാരവും കണ്ടപ്പോൾ എനിക്കു വളരെ മതിപ്പു തോന്നി. അവർ എത്ര ദൈവഭയം ഉള്ളവരാണ് എന്നു ഞാൻ ചിന്തിച്ചു. അവരുടെ ആത്മാർഥമായ സ്നേഹം കണ്ടപ്പോൾ എനിക്കു ബോധ്യമായി, ഇതുതന്നെയാണ് സത്യമതമെന്ന്.—യോഹന്നാൻ 13:35.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ: സ്നാനമേറ്റശേഷം ഡിയാൻ എന്നൊരു സ്ത്രീയെ ഞാൻ കണ്ടുമുട്ടി. ഒരു യഹോവയുടെ സാക്ഷിയായിട്ടാണ് അവൾ വളർന്നുവന്നത്. അവൾക്ക് ഒരുപാട് നല്ല ഗുണങ്ങൾ ഉണ്ടായിരുന്നു. അത് എന്നെ ആകർഷിച്ചു. ഞങ്ങൾ വിവാഹം കഴിച്ചു. ഡിയാനിന്റെ സൗഹൃദവും പിന്തുണയും ശരിക്കും യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമായിരുന്നു.
ബൈബിളിലെ സന്തോഷവാർത്ത മറ്റുള്ളവരെ അറിയിക്കാനുള്ള ശക്തമായ ആഗ്രഹം ഞങ്ങൾക്കു തോന്നി. അതിന്റെ ഭാഗമായി 2010-ൽ മധ്യ അമേരിക്കയിലെ ബെലീസിലേക്കു ഞങ്ങൾ മാറി താമസിച്ചു. അവിടെ സന്തോഷവാർത്ത അറിയിക്കാൻ കൂടുതൽ ആളുകളെ ആവശ്യമുണ്ടെന്ന് അറിഞ്ഞിട്ടാണ് ഞങ്ങൾ പോയത്. അവിടെ ദൈവത്തെ സ്നേഹിക്കുകയും ബൈബിളിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ധാരാളം ആളുകളെ സഹായിക്കുകയാണ് ഞങ്ങൾ ഇപ്പോൾ.
ദൈവത്തെക്കുറിച്ചും ദൈവവചനമായ ബൈബിളിനെക്കുറിച്ചും ഉള്ള സത്യം എനിക്കു മനസ്സമാധാനം നൽകിത്തന്നു. സന്തോഷവാർത്ത അറിയിക്കാൻ മുഴുവൻ സമയം പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ബൈബിളിനെക്കുറിച്ച് പഠിക്കാൻ ഒരുപാടു പേരെ സഹായിക്കാൻ എനിക്കു കഴിയുന്നുണ്ട്. ബൈബിൾസത്യം എന്റെ ജീവിതത്തിലെപ്പോലെതന്നെ മറ്റുള്ളവരുടെ ജീവിതത്തിലും മാറ്റങ്ങൾ വരുത്തുന്നതു കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. അങ്ങനെ ഒടുവിൽ ദൈവത്തോടു നന്ദി കാണിക്കാനുള്ള ഏറ്റവും നല്ല മാർഗം ഞാൻ കണ്ടെത്തി.
“അവർ എന്നോട് വളരെ ദയയോടെ ഇടപെട്ടു.”—മൗറീഷ്യോ അരൗസോ
ജനനം: 1967
രാജ്യം: ബ്രസീൽ
ചരിത്രം: അസാന്മാർഗികജീവിതം
എന്റെ പഴയ കാലം: സാവോ പൗലോ സംസ്ഥാനത്തെ അവാരെ എന്നൊരു ചെറിയ പട്ടണത്തിലാണു ഞാൻ വളർന്നുവന്നത്. അവിടത്തെ താമസക്കാരിൽ അധികവും തൊഴിലാളികളായിരുന്നു.
അമ്മ എന്നെ ഗർഭം ധരിച്ചിരിക്കുന്ന സമയത്തുതന്നെ എന്റെ അപ്പൻ മരിച്ചു. കുട്ടിക്കാലത്ത് അമ്മ പുറത്തുപോകുന്ന സമയം നോക്കി ഞാൻ അമ്മയുടെ ഡ്രസ്സ് ഒക്കെ എടുത്തിടുമായിരുന്നു. ഞാൻ പയ്യെ സ്ത്രീകളെപ്പോലെ പെരുമാറാൻ തുടങ്ങി. അതോടെ ആളുകൾ എന്നെ ഒരു സ്വവർഗാനുരാഗിയായി കണ്ടു. ഞാൻ മറ്റ് ആൺകുട്ടികളുമായും പുരുഷന്മാരുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടാനും തുടങ്ങി.
കൗമാരപ്രായം ആയപ്പോഴേക്കും എന്റെ അവസ്ഥ കൂടുതൽ മോശമായി. ഞാൻ ലൈംഗികപങ്കാളികളെ (പുരുഷന്മാരെയും സ്ത്രീകളെയും) തേടിനടന്നെന്നു പറയാം. ബാറുകളിലും നിശാക്ലബ്ബുകളിലും പള്ളികളിൽപ്പോലും ഞാൻ അങ്ങനെ ആളുകളെ അന്വേഷിച്ച് നടന്നിട്ടുണ്ട്. കാർണിവൽ ആഘോഷം നടക്കുന്ന സമയത്ത് ഞാൻ സ്ത്രീകളുടെ വേഷം കെട്ടി സാമ്പാ നൃത്ത സ്കൂളുകളുടെ ഘോഷയാത്രകളിലൊക്കെ ഡാൻസു കളിക്കുമായിരുന്നു. പെട്ടെന്ന് പ്രശസ്തിയും കിട്ടി.
സ്വവർഗാനുരാഗികളും വേശ്യകളും മയക്കുമരുന്നിന് അടിമകളായവരും ഒക്കെയായിരുന്നു എന്റെ കൂട്ടുകാർ. അവരിൽ ചിലർ എനിക്ക് ക്രാക്ക് കൊക്കെയ്ൻ എന്ന ലഹരിവസ്തു പരിചയപ്പെടുത്തി. പെട്ടെന്ന് ഞാൻ അതിന് അടിമയായി. ചിലപ്പോഴൊക്കെ രാത്രി മുഴുവൻ ഞങ്ങൾ വലിക്കുമായിരുന്നു. ഇനി, മറ്റു ചില സന്ദർഭങ്ങളിൽ ഞാൻ ആരും കാണാതെ എവിടെയെങ്കിലും പോയിരുന്ന് പകൽ മുഴുവൻ ക്രാക്ക് കൊക്കെയ്ൻ വലിച്ച സന്ദർഭങ്ങളുമുണ്ട്. ഞാൻ ആകെ മെലിഞ്ഞ് എല്ലുംതോലുമായി. എനിക്ക് എയ്ഡ്സ് ആണെന്നുവരെ ആളുകൾ പറഞ്ഞുപരത്തി.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു: ഏതാണ്ട് ഈ സമയത്താണു ഞാൻ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുന്നത്. അവർ എന്നോടു വളരെ ദയയോടെ ഇടപെട്ടു. അവർ എന്നെ കാണിച്ചുതന്ന വാക്യങ്ങളിൽ ഒന്നായിരുന്നു റോമർ 10:13. അവിടെ പറയുന്നു: “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.” യഹോവയുടെ പേര് ഉപയോഗിക്കേണ്ടത് എത്ര പ്രധാനമാണെന്ന് അപ്പോൾ എനിക്കു മനസ്സിലായി. പലപ്പോഴും രാത്രി മുഴുവൻ കൊക്കെയ്ൻ വലിച്ചിട്ട് ഞാൻ ജനൽ തുറന്ന് ആകാശത്തേക്കു നോക്കി കണ്ണീരോടെ യഹോവയോടു പ്രാർഥിക്കുമായിരുന്നു. യഹോവയുടെ സഹായത്തിനായി യാചിക്കുമായിരുന്നു.
ഞാൻ മയക്കുമരുന്ന് വലിച്ച് സ്വയം നശിക്കുന്നതു കണ്ട് എന്റെ അമ്മയ്ക്ക് ആകെ വിഷമമായി. അമ്മയുടെ ഈ സങ്കടം കണ്ടപ്പോൾ എന്റെ ഈ ദുശ്ശീലം എങ്ങനെയും നിറുത്തണമെന്നു ഞാൻ ഒരു തീരുമാനമെടുത്തു. അധികം താമസിയാതെ ഞാൻ യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാമെന്നു സമ്മതിച്ചു. ബൈബിൾ പഠിച്ചാൽ മയക്കുമരുന്ന് ഉപേക്ഷിക്കാനുള്ള ശക്തി കിട്ടുമെന്ന് അവർ എനിക്ക് ഉറപ്പുതന്നു. ഒടുവിൽ ഞാൻ അതിൽ വിജയിച്ചു!
ബൈബിൾപഠനം തുടർന്നപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി, എന്റെ ജീവിതരീതിക്കുതന്നെ മാറ്റം വരുത്തണമെന്ന്. പക്ഷേ സ്വവർഗാനുരാഗിയായുള്ള എന്റെ ജീവിതം മാറ്റാൻ അത്ര എളുപ്പമല്ലായിരുന്നു. കാരണം ഓർമവെച്ച നാൾമുതൽ അത് എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എങ്കിലും എന്നെ തെറ്റിലേക്കു വലിച്ചിഴയ്ക്കുന്ന ചില സാഹചര്യങ്ങൾ ഒഴിവാക്കിയത് എന്നെ സഹായിച്ചു. ഞാൻ എന്റെ പഴയ കൂട്ടുകെട്ടുകൾ നിറുത്തി. ബാറുകളിലും നിശാക്ലബ്ബുകളിലും പോകുന്നതും അവസാനിപ്പിച്ചു.
ഈ മാറ്റങ്ങളൊന്നും വരുത്താൻ അത്ര എളുപ്പമല്ലായിരുന്നെങ്കിലും യഹോവയ്ക്ക് എന്നെക്കുറിച്ച് ചിന്തയുണ്ടെന്നും എന്റെ പോരാട്ടം യഹോവ നന്നായി മനസ്സിലാക്കുന്നുണ്ടെന്നും അറിഞ്ഞത് എനിക്കു വലിയ ആശ്വാസമായി. (1 യോഹന്നാൻ 3:19, 20) 2002-ഓടെ ഒരു സ്വവർഗാനുരാഗിയായുള്ള എന്റെ ജീവിതം ഞാൻ മുഴുവനായി അവസാനിപ്പിച്ചു. ആ വർഷംതന്നെ സ്നാനമേറ്റ് ഒരു യഹോവയുടെ സാക്ഷിയായിത്തീരുകയും ചെയ്തു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ: ഞാൻ വരുത്തിയ മാറ്റങ്ങളൊക്കെ കണ്ട് വലിയ സന്തോഷത്തിലായ അമ്മയും ബൈബിൾ പഠിക്കാൻ തുടങ്ങി. പക്ഷേ ആയിടയ്ക്കാണ് അമ്മയ്ക്ക് ഒരു മസ്തിഷ്കാഘാതം ഉണ്ടായത്. എങ്കിലും യഹോവയോടും ബൈബിൾ സത്യങ്ങളോടും ഉള്ള സ്നേഹം വളർത്താൻ അമ്മ ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ എട്ടു വർഷമായി ഞാനൊരു മുഴുസമയ ശുശ്രൂഷകനായി സേവിക്കുന്നു. എന്റെ സമയത്തിന്റെ ഭൂരിഭാഗവും മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാൻ എനിക്കു കഴിയുന്നുണ്ട്. ഇപ്പോഴും ഇടയ്ക്കൊക്കെ എന്റെ മനസ്സിലേക്കു പഴയപോലെ മോശമായ ചിന്തകൾ കടന്നുവരാറുണ്ട് എന്നതു സത്യമാണ്. എങ്കിലും മോശമായ ആ ആഗ്രഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാതിരുന്നാൽ യഹോവയെ സന്തോഷിപ്പിക്കാനാകുമല്ലോ എന്ന് ഓർക്കുമ്പോൾ എനിക്കു വേണ്ട ധൈര്യം കിട്ടും.
യഹോവയോട് അടുത്തുചെന്നതും യഹോവയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കുന്നതും എന്റെ ആത്മാഭിമാനം കൂട്ടി. ഇപ്പോൾ ഞാൻ ശരിക്കും സന്തോഷവാനാണ്.
“ഒരിക്കലും നിറയാത്ത വീപ്പയായിരുന്നു ഞാൻ.”—ലൂക്കാ സുക്ക്
ജനനം: 1975
രാജ്യം: സ്ലോവേനിയ
ചരിത്രം: അമിതമദ്യപാനം
എന്റെ പഴയ കാലം: സ്ലോവേനിയയുടെ തലസ്ഥാനമായ ല്യൂബിയാനയിലാണു ഞാൻ ജനിച്ചത്. നാലു വയസ്സുവരെ സന്തോഷം നിറഞ്ഞ കുട്ടിക്കാലമായിരുന്നു എന്റേത്. പിന്നീട് എന്റെ അപ്പൻ ആത്മഹത്യ ചെയ്തു. ആ ദുരന്തത്തിനുശേഷം എന്നെയും എന്റെ ചേട്ടനെയും നോക്കാൻ വേണ്ടി അമ്മ വളരെയധികം കഷ്ടപ്പെട്ടു.
15-ാമത്തെ വയസ്സുമുതൽ ഞാൻ മുത്തശ്ശിയുടെ കൂടെയാണു താമസിച്ചത്. അവിടെ നല്ല രസമായിരുന്നു. എന്റെ കൂട്ടുകാരിൽ പലരും അവിടെ അടുത്തായിരുന്നു താമസിച്ചിരുന്നത്. എന്റെ വീട്ടിലെക്കാൾ കൂടുതൽ സ്വാതന്ത്ര്യമായിരുന്നു മുത്തശ്ശിയുടെ വീട്ടിൽ. അവിടെ വാരാന്ത്യങ്ങളിൽ ഒന്നിച്ചുകൂടി കുടിക്കുന്ന കുറച്ച് കൂട്ടുകാരുണ്ടായിരുന്നു. ഞാനും അവരുടെകൂടെ കൂടി. എന്റെ 16-ാമത്തെ വയസ്സിൽ ഞാൻ മുടി നീട്ടി വളർത്താനും അലസമായി, മോശമായ രീതിയിൽ വസ്ത്രം ധരിക്കാനും പുകവലിക്കാനും ഒക്കെ തുടങ്ങി.
ഞാൻ പലതരം മയക്കുമരുന്നുകൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. അവയോടുള്ള ഇഷ്ടം മാറിമറിഞ്ഞിട്ടുണ്ടെങ്കിലും ഒരു കാലത്തും ഞാൻ കൈവിടാതിരുന്നത് എന്റെ മദ്യപാനശീലം മാത്രമാണ്. അതായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. ഏതാനും ഗ്ലാസ് വൈൻ കുടിച്ച് തുടങ്ങിയ ഞാൻ ഒറ്റയിരിപ്പിന് ഒരു കുപ്പി വൈൻവരെ അകത്താക്കാൻ തുടങ്ങി. എത്ര കുടിച്ചെന്ന കാര്യം മറച്ചുപിടിക്കാൻ എനിക്കു പ്രത്യേകമായൊരു കഴിവുണ്ടായിരുന്നു. പലപ്പോഴും എന്റെ വായിൽനിന്നുവരുന്ന മണത്തിൽനിന്ന് മാത്രമേ ഞാൻ കുടിച്ചിട്ടുണ്ടെന്ന് ആളുകൾക്കു മനസ്സിലാകുമായിരുന്നുള്ളൂ. പക്ഷേ അപ്പോൾപ്പോലും ഞാൻ ലിറ്ററു കണക്കിന് വൈനോ ബിയറോ കുടിച്ചിട്ട് നിൽക്കുകയാണെന്ന് അവർക്കു മനസ്സിലാകില്ലായിരുന്നു. ചിലപ്പോൾ ഞാൻ അതിന്റെയൊക്കെകൂടെ വോഡ്കയും കുടിച്ചിട്ടായിരിക്കും നിൽക്കുന്നത്.
പലപ്പോഴും രാത്രിയിൽ ഡാൻസ് ക്ലബ്ബുകളിൽ പോയിട്ട് തിരിച്ചുവരുമ്പോൾ മദ്യപിച്ചതു കാരണം നേരെ നിൽക്കാൻ പറ്റാത്ത കൂട്ടുകാരെ താങ്ങിപ്പിടിച്ചുകൊണ്ടുപോയിരുന്നത് ഞാനാണ്. പക്ഷേ രസകരമായ കാര്യം, മിക്കപ്പോഴും അവരുടെ ഇരട്ടി കുടിച്ചിരിക്കുന്നത് ഞാനായിരിക്കും. ഒരു ദിവസം എന്റെ കൂട്ടുകാരിൽ ഒരാൾ എന്നെക്കുറിച്ച്, ഞാൻ ഒരിക്കലും നിറയാത്ത വീപ്പയാണെന്നു പറയുന്നത് ഞാൻ കേൾക്കാൻ ഇടയായി. കൂട്ടത്തിൽ ഏറ്റവും വലിയ കുടിയനെ സൂചിപ്പിക്കാൻ സ്ലോവേനിയൻ ഭാഷയിൽ ഉപയോഗിച്ചിരുന്ന തരംതാണ ഒരു പ്രയോഗമായിരുന്നു അത്. ആ വാക്കുകൾ എന്നെ ശരിക്കും വേദനിപ്പിച്ചു.
ഞാൻ അപ്പോഴാണ് എന്റെ ജീവിതത്തെക്കുറിച്ച് കാര്യമായി ചിന്തിച്ചുതുടങ്ങിയത്. എന്റേത് ഒന്നിനും കൊള്ളാത്ത ജീവിതമാണെന്നും ഞാൻ ഇതുവരെ ചെയ്തതിനൊന്നും യാതൊരു അർഥവുമില്ലെന്നും എനിക്കു തോന്നിപ്പോയി.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു: എന്റെ ഒരു പഴയ സഹപാഠിയുടെ ജീവിതത്തിൽ വന്ന മാറ്റം ഞാൻ ആയിടയ്ക്കാണു ശ്രദ്ധിക്കുന്നത്. ഒരു ദേഷ്യക്കാരനായിരുന്ന അവൻ ആകെ മാറിയിരുന്നു. എനിക്ക് അതിന്റെ കാരണമൊന്ന് അറിയണമെന്നു തോന്നി. ഞങ്ങൾ ഒരു കടയിലിരുന്ന് കുറച്ചുനേരം സംസാരിച്ചു. അപ്പോഴാണ് അവൻ യഹോവയുടെ സാക്ഷികളുടെ കൂടെ ബൈബിൾ പഠിക്കാൻ തുടങ്ങിയ കാര്യം എന്നോടു പറഞ്ഞത്. അവൻ പഠിച്ച ചില കാര്യങ്ങളും എന്നോടു പറഞ്ഞു. കുട്ടിക്കാലത്ത് വീട്ടിൽ ഞങ്ങളെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും പഠിപ്പിച്ചിട്ടില്ലായിരുന്നതുകൊണ്ട് കേട്ട പല കാര്യങ്ങളും തികച്ചും പുതിയതായി എനിക്കു തോന്നി. അങ്ങനെ യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങിന് പോയിത്തുടങ്ങിയ ഞാൻ അവരുടെകൂടെ ബൈബിൾ പഠിക്കാനും തുടങ്ങി.
ബൈബിൾ പഠിച്ചപ്പോഴാണ് ബൈബിളിലെ ശക്തിയേറിയ, പ്രചോദനം പകരുന്ന പല സത്യങ്ങളും എനിക്ക് ആദ്യമായി മനസ്സിലാക്കാൻ കഴിഞ്ഞത്. ഉദാഹരണത്തിന്, ബൈബിൾ ‘അവസാനകാലം’ എന്നു വിളിക്കുന്ന സമയത്താണ് നമ്മൾ ജീവിക്കുന്നതെന്നു ഞാൻ പഠിച്ചു. (2 തിമൊഥെയൊസ് 3:1-5) ദൈവം ചീത്ത ആളുകളെ ഈ ഭൂമിയിൽനിന്ന് ഇല്ലാതാക്കുമെന്നും നല്ല ആളുകൾക്ക് ഈ ഭൂമിയിലെ ഒരു പറുദീസയിൽ മരണമില്ലാതെ ജീവിക്കാനാകുമെന്നും ഞാൻ മനസ്സിലാക്കി. (സങ്കീർത്തനം 37:29) എന്റെ മോശമായ ശീലങ്ങളെല്ലാം അവസാനിപ്പിച്ച് എങ്ങനെയും ആ നല്ല ആളുകളുടെകൂടെ കൂടാൻ എനിക്കു ശക്തമായ ആഗ്രഹം തോന്നി.
ബൈബിളിൽനിന്ന് പഠിച്ച സത്യങ്ങളെക്കുറിച്ച് ഞാൻ എന്റെ കൂട്ടുകാരോടു പറയാൻ തുടങ്ങി. മിക്കവരും എന്നെ കളിയാക്കുകയാണു ചെയ്തതെങ്കിലും അത് ഒരു അനുഗ്രഹമായെന്നു പറയാം. കാരണം അവർ ആരും യഥാർഥ സുഹൃത്തുക്കളല്ലെന്ന തിരിച്ചറിവ് എനിക്ക് അപ്പോഴാണ് ഉണ്ടായത്. എന്റെ മദ്യപാനശീലത്തിന് ഒരു പരിധിവരെ കാരണക്കാർ എന്റെ കൂട്ടുകാർ ആണെന്നും എനിക്കു മനസ്സിലായി. എങ്ങനെയും വാരാന്ത്യമൊന്ന് ആയിക്കിട്ടിയാൽ കുടിച്ച് ലക്കുകെടാമെന്ന ചിന്തയുമായി നടക്കുന്നവരാണല്ലോ അവർ.
ആ കൂട്ടുകെട്ടുകളെല്ലാം ഉപേക്ഷിച്ച ഞാൻ യഹോവയുടെ സാക്ഷികൾക്കിടയിൽനിന്ന് കൂട്ടുകാരെ കണ്ടെത്തി. അത് എന്നെ നല്ല രീതിയിൽ സ്വാധീനിച്ചു. അവരുടെകൂടെ സമയം ചെലവഴിക്കുന്നതു ശരിക്കും ഒരു പ്രോത്സാഹനമായിരുന്നു. കാരണം ദൈവത്തെ ആത്മാർഥമായി സ്നേഹിക്കുന്ന, ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ച് ജീവിക്കാൻ നന്നായി പരിശ്രമിക്കുന്ന ആളുകളായിരുന്നു അവർ. അങ്ങനെ പതിയെ അമിതമദ്യപാനമെന്ന ദുശ്ശീലം ഉപേക്ഷിക്കാൻ എനിക്കായി.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ: എനിക്ക് യഹോവയോടു ശരിക്കും നന്ദിയുണ്ട്. കാരണം മദ്യം കഴിക്കാതെതന്നെ എനിക്ക് ഇപ്പോൾ നല്ല സന്തോഷമുണ്ട്. ഞാൻ പഴയ ആളായിരുന്നെങ്കിൽ എന്റെ ജീവിതം എങ്ങനെ ആകുമായിരുന്നെന്ന് എനിക്കു ചിന്തിക്കാനേ പറ്റുന്നില്ല. എന്തായാലും എനിക്ക് ഒരു കാര്യം അറിയാം, ഇപ്പോൾ എനിക്കുള്ളത് നല്ലൊരു ജീവിതമാണ്.
കഴിഞ്ഞ ഏഴു വർഷമായി ഞാൻ സ്ലോവേനിയയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിൽ സേവിക്കുന്നു. യഹോവയെ അറിയാനായതും ആ ദൈവത്തെ സേവിക്കാനായതും ആണ് എന്റെ ജീവിതത്തിന് ശരിക്കുമൊരു അർഥം തന്നത്.