ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
നല്ല ഒന്നാന്തരം ജോലിയും നല്ല ശമ്പളവും ഒക്കെയായി അടിച്ചുപൊളിച്ച് കഴിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരി ദൈവത്തെ അറിയുകയും ജീവിതത്തിൽ ശരിക്കുള്ള സംതൃപ്തി എന്താണെന്ന് ആദ്യമായി മനസ്സിലാക്കുകയും ചെയ്തത് എങ്ങനെയാണ്? മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്ന് അറിഞ്ഞത് ഒരു കത്തോലിക്കാ യുവാവിന്റെ ജീവിതം എങ്ങനെയാണ് മാറ്റിമറിച്ചത്? ദൈവത്തെക്കുറിച്ച് മനസ്സിലാക്കിയ എന്തു കാര്യമാണ് നിരാശനായി കഴിഞ്ഞിരുന്ന ഒരു യുവാവിനെ ഒരു ക്രിസ്തീയ ശുശ്രൂഷകനാക്കി മാറ്റിയത്? ഇവർക്ക് മൂന്നു പേർക്കും എന്താണ് പറയാനുള്ളതെന്നു നോക്കാം.
“ജീവിതത്തിന്റെ ശരിക്കുമുള്ള ഉദ്ദേശ്യം എന്താണെന്ന് ഒടുവിൽ ഞാൻ കണ്ടെത്തി”—റോസലിൻഡ് ജോൺ
ജനനം: 1963
രാജ്യം: ബ്രിട്ടൻ
ചരിത്രം: ഉയർന്ന ജോലിയും ആഡംബരജീവിതവും
എന്റെ പഴയ കാലം:
ലണ്ടന്റെ തെക്കു ഭാഗത്തുള്ള ക്രോയ്ഡനിലാണ് ഞാൻ ജനിച്ചത്. ഒമ്പതു മക്കളിൽ ആറാമത്തെ ആളായിരുന്നു ഞാൻ. എന്റെ അച്ഛനും അമ്മയും കരീബിയൻ ദ്വീപുകളിലെ സെയ്ന്റ് വിൻസെന്റിൽ നിന്നുള്ളവർ ആയിരുന്നു. മെഥഡിസ്റ്റ് സഭയുടെ പള്ളിയിലാണ് അമ്മ പോയിരുന്നത്. എന്നാൽ ദൈവകാര്യങ്ങളിലൊന്നും എനിക്ക് ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. പക്ഷേ വായിക്കാനും അറിവു നേടാനും ഒക്കെ വലിയ ഇഷ്ടമായിരുന്നു. സ്കൂൾ അവധിക്കാലമായാൽ എന്റെ പ്രധാനപരിപാടി വായനയായിരുന്നു. ലൈബ്രറിയിൽനിന്ന് ഇഷ്ടംപോലെ പുസ്തകങ്ങൾ എടുത്ത് വീടിന് അടുത്തുള്ള തടാകത്തിന്റെ കരയിൽ പോയിരുന്ന് വായിക്കും.
സ്കൂൾ പഠനത്തിനു ശേഷം കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ബുദ്ധിമുട്ടുള്ള ആളുകളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് എനിക്കു തോന്നി. വീട് ഇല്ലാത്തവർ, ശാരീരിക വൈകല്യങ്ങളുള്ളവർ, പഠന വൈകല്യങ്ങളുള്ളവർ ഇവർക്കൊക്കെവേണ്ടി ഞാൻ പ്രവർത്തിക്കാൻ തുടങ്ങി. പിന്നെ, ഉപരിപഠനത്തിനായി യൂണിവേഴ്സിറ്റിയിൽ ചേർന്നു. ഹെൽത്ത് സയൻസ് ആയിരുന്നു വിഷയം. ഡിഗ്രി കഴിഞ്ഞ് ഞാൻ പലപല ജോലികൾ ചെയ്തു. എല്ലാം ഒന്നിനൊന്നു മെച്ചം. നല്ല ഉയർന്ന ശമ്പളം, സ്ഥാനമാനങ്ങൾ. പിന്നെയങ്ങോട്ട് അടിച്ചുപൊളിച്ചുള്ള ഒരു ജീവിതമായിരുന്നു. ഞാനൊരു സാമൂഹിക ഗവേഷകയായിരുന്നു. ഒപ്പം സ്വന്തം നിലയിൽ മാനേജ്മെന്റ് കൺസൽട്ടന്റ് ആയും ജോലി ചെയ്തു. ഒരു ലാപ്ടോപ്പ് കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടെങ്കിൽ എവിടെയിരുന്നും എനിക്കു ജോലി ചെയ്യാമായിരുന്നു. ഇടയ്ക്കൊക്കെ ഞാൻ വിദേശത്തേക്കു പറക്കും, ഏതാനും ആഴ്ചത്തേക്ക്. ഇഷ്ടപ്പെട്ട ഹോട്ടലിൽ താമസിക്കും, സ്ഥലങ്ങൾ കണ്ടുനടക്കും, പിന്നെ സ്പായിലും ജിമ്മിലും ഒക്കെ പോകുമായിരുന്നു. ‘ഇതാണ് ശരിക്കുമുള്ള ജീവിതം, ഇങ്ങനെ വേണം ജീവിക്കാൻ’ ഞാൻ വിചാരിച്ചു. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണമെന്ന ചിന്ത അപ്പോഴും ഉണ്ടായിരുന്നു.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു:
‘മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യം ശരിക്കും എന്താണ്?’ അത് എന്നും എനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു. എന്നാൽ അതിനുള്ള ഉത്തരം ബൈബിളിൽനിന്ന് കണ്ടെത്താനൊന്നും ഞാൻ മിനക്കെട്ടില്ല. ഇതിനിടയ്ക്ക് എന്റെ അനിയത്തി മാർഗരറ്റ് യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നിരുന്നു. 1999-ൽ അവൾ സാക്ഷിയായ ഒരു കൂട്ടുകാരിയെയും കൂട്ടി എന്നെ കാണാൻ വന്നു. ആ സഹോദരി എന്നോടു വളരെ സ്നേഹത്തോടെയാണ് ഇടപെട്ടത്. എന്തായാലും ആ സഹോദരിയുടെകൂടെ ബൈബിൾ പഠിക്കാൻ ഞാൻ സമ്മതിച്ചു. അത് എന്തുകൊണ്ടാണെന്നു ചോദിച്ചാൽ എനിക്കുതന്നെ അറിയില്ല. പക്ഷേ എന്റെ ബൈബിൾപഠനം അത്ര നല്ല രീതിയിലൊന്നും മുന്നോട്ടുപോയില്ല. എന്റെ ജോലിയുടെയും ജീവിതരീതിയുടെയും ഒക്കെ കാര്യം നേരത്തെ പറഞ്ഞല്ലോ. അതൊക്കെ കഴിഞ്ഞിട്ട് എവിടെ സമയം കിട്ടാനാ.
2002-ൽ ഞാൻ ഇംഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തേക്ക് താമസം മാറി. അവിടെ ഞാൻ ഒരു യൂണിവേഴ്സിറ്റിയിൽ ചേർന്നു, സാമൂഹിക ഗവേഷണം എന്ന വിഷയത്തിൽ ബിരുദാനന്തരബിരുദം എടുക്കാൻ. ഒരു ഡോക്ടറേറ്റ് നേടുക എന്നതായിരുന്നു എന്റെ സ്വപ്നം. അതേസമയം മുമ്പത്തെക്കാളും കൂടുതൽ രാജ്യഹാളിൽ മീറ്റിങ്ങുകൾക്കും പോയിത്തുടങ്ങി, മോനെയും കൂട്ടി. യൂണിവേഴ്സിറ്റി പഠനം എനിക്ക് ഇഷ്ടമായിരുന്നെങ്കിലും ബൈബിൾ പഠിച്ചതാണ് എനിക്കു കൂടുതൽ പ്രയോജനം ചെയ്തത്. ജീവിതത്തിലെ പ്രശ്നങ്ങളുടെ കാരണത്തെക്കുറിച്ചും അതിനുള്ള പരിഹാരത്തെക്കുറിച്ചും എനിക്കു മനസ്സിലായത് അപ്പോഴാണ്. രണ്ട് യജമാനന്മാരെ സേവിക്കാൻ കഴിയില്ല എന്ന് മത്തായി 6:24-ൽ പറയുന്ന കാര്യം, സത്യമാണെന്ന് എനിക്കു മനസ്സിലായി. ഒന്നുകിൽ ദൈവത്തെ അല്ലെങ്കിൽ പണത്തെ. രണ്ടുംകൂടി നടക്കില്ല. ജീവിതത്തിൽ എന്തിനു പ്രാധാന്യം കൊടുക്കണം എന്ന കാര്യത്തിൽ ഞാൻ ഒരു തീരുമാനം എടുക്കണമായിരുന്നു.
അതിന്റെ തലേ വർഷം, സാക്ഷികൾ വീടുകളിൽ നടത്തിയിരുന്ന പുസ്തകാധ്യയനത്തിന് ഞാൻ പോകാറുണ്ടായിരുന്നു. നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവുണ്ടോ? (ഇംഗ്ലീഷ്) * എന്ന പുസ്തകമാണ് അന്ന് പഠിച്ചിരുന്നത്. അതിൽനിന്ന് മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മുടെ സ്രഷ്ടാവായ യഹോവയ്ക്കു മാത്രമേ കഴിയൂ എന്ന് എനിക്കു ബോധ്യമായി. പക്ഷേ സ്രഷ്ടാവിൽ വിശ്വസിച്ചാലേ നല്ലൊരു ജീവിതം ഉണ്ടാകൂ എന്നൊരു ആശയമേ അല്ല യൂണിവേഴ്സിറ്റിയിൽ പഠിപ്പിച്ചിരുന്നത്. അത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് കോഴ്സു തുടങ്ങി രണ്ടു മാസം കഴിഞ്ഞപ്പോൾത്തന്നെ ഞാൻ അതു വേണ്ടെന്നുവെച്ചു. എന്നിട്ട് ആത്മീയകാര്യങ്ങൾക്ക് കൂടുതൽ സമയം കൊടുക്കാൻ തീരുമാനിച്ചു.
എന്റെ ജീവിതരീതിയിൽ മാറ്റം വരുത്താൻ എന്നെ പ്രേരിപ്പിച്ചത് സുഭാഷിതങ്ങൾ 3:5, 6 വാക്യങ്ങളാണ്. അവിടെ ഇങ്ങനെ പറയുന്നു: “പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്തം വിവേകത്തിൽ ആശ്രയം വെക്കരുത്. എന്തു ചെയ്യുമ്പോഴും ദൈവത്തെ ഓർത്തുകൊള്ളുക; അപ്പോൾ ദൈവം നിന്റെ വഴികൾ നേരെയാക്കും.” ഡോക്ടറേറ്റ് എടുത്താൽ കുറെ പണവും സ്ഥാനമാനങ്ങളും ഒക്കെ കിട്ടുമായിരിക്കും. പക്ഷേ നമ്മുടെ സ്നേഹമുള്ള ദൈവത്തെക്കുറിച്ച് പഠിച്ചപ്പോൾ കിട്ടിയ സന്തോഷത്തിനും സംതൃപ്തിക്കും മുമ്പിൽ അതൊക്കെ ഒന്നുമായിരുന്നില്ല. യഹോവ ഭൂമിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളും യേശു നമുക്കുവേണ്ടി സ്വന്തം ജീവൻ ബലി തന്നതുമെല്ലാം ഞാൻ പഠിച്ചു. പഠിക്കുന്തോറും സ്രഷ്ടാവിനുവേണ്ടി ജീവിതം സമർപ്പിക്കണമെന്ന എന്റെ ആഗ്രഹം കൂടിക്കൂടി വന്നു. അങ്ങനെ 2003 ഏപ്രിൽ മാസം ഞാൻ സ്നാനമേറ്റു. പതുക്കെപ്പതുക്കെ ആഡംബരമൊക്കെ കുറച്ച് ഞാൻ ലളിതമായി ജീവിക്കാൻ പഠിച്ചു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
യഹോവയുമായുള്ള സൗഹൃദം ഞാൻ നിധിപോലെ കാത്തുസൂക്ഷിക്കുന്നു. ശരിക്കുള്ള മനസ്സമാധാനവും സന്തോഷവും എന്താണെന്ന് എനിക്കു മനസ്സിലായത് യഹോവയെ അറിഞ്ഞപ്പോഴാണ്. യഹോവയെ ആരാധിക്കുന്ന സഹോദരങ്ങളോടൊപ്പം ആയിരിക്കുന്നതും ഒരു വലിയ സന്തോഷമാണ്.
അറിവു നേടാനുള്ള ആഗ്രഹം എനിക്ക് ഇപ്പോഴുമുണ്ട്. ഇപ്പോഴാണെങ്കിൽ അതിന് ഇഷ്ടംപോലെ അവസരങ്ങളുണ്ടുതാനും. ബൈബിൾ പഠിക്കുമ്പോഴും ക്രിസ്തീയയോഗങ്ങളിൽ പങ്കെടുക്കുമ്പോഴും ഒക്കെ അറിവു നേടുകയാണല്ലോ. പിന്നെ, എന്റെ വിശ്വാസങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നതും എനിക്ക് ഇഷ്ടമാണ്. ശരിക്കും പറഞ്ഞാൽ ഇതിനുവേണ്ടിയാണ് ഞാൻ ഇപ്പോൾ ജീവിതം മാറ്റിവെച്ചിരിക്കുന്നത്. ഇപ്പോഴാണ് എനിക്ക് ശരിക്കും ആളുകളെ സഹായിക്കാൻ കഴിയുന്നത്. ഇന്നത്തെ ജീവിതം മെച്ചപ്പെടുത്താൻ മാത്രമല്ല പുതിയ ലോകത്തിൽ ഏറ്റവും നല്ല ജീവിതം നേടാനും ഞാൻ ആളുകളെ സഹായിക്കുന്നു. 2008 ജൂൺ മുതൽ ഞാൻ മുഴുസമയശുശ്രൂഷ ചെയ്യുകയാണ്. ജീവിതത്തിൽ മുമ്പൊരിക്കലും എനിക്ക് ഇത്രയും സന്തോഷവും സംതൃപ്തിയും തോന്നിയിട്ടില്ല. ജീവിക്കുന്നതിന്റെ ശരിക്കുമുള്ള ഉദ്ദേശ്യം എന്താണെന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു. അതിന് യഹോവയോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്.
‘കൂട്ടുകാരന്റെ മരണം എന്നെ വല്ലാതെ പിടിച്ചുലച്ചു’—റോമൻ ഇർനിസ്ബെർഗർ
ജനനം: 1973
രാജ്യം: ഓസ്ട്രിയ
ചരിത്രം: ചൂതുകളി
എന്റെ പഴയ കാലം:
ഞാൻ ബ്രൗണൗവിലാണ് വളർന്നത്, ഓസ്ട്രിയയിലെ ഒരു ചെറിയ ടൗൺ. സമ്പന്നരായ ആളുകൾ താമസിക്കുന്ന ഒരു പ്രദേശമാണ് അത്. കുറ്റകൃത്യങ്ങളൊന്നും അത്രയ്ക്ക് ഇല്ലാത്ത ഒരു സ്ഥലം. എന്റെ അച്ഛനും അമ്മയും ഒക്കെ കത്തോലിക്കരായിരുന്നു. എന്നെയും ഒരു കത്തോലിക്കനായിട്ടാണ് വളർത്തിയത്.
കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം എന്നെ വല്ലാതെ ബാധിച്ചു. 1984-ൽ എനിക്ക് ഏതാണ്ട് 11 വയസ്സുള്ളപ്പോഴാണ് അത്. എന്റെ ഒരു കൂട്ടുകാരൻ കാറപകടത്തിൽ മരിച്ചു. അന്നു രാവിലെയുംകൂടെ ഞങ്ങൾ ഒരുമിച്ച് പന്തുകളിച്ചതാണ്. അവന്റെ മരണം എന്നെ വല്ലാതെ പിടിച്ചുലച്ചു. മരിക്കുന്നവർക്ക് എന്താണ് സംഭവിക്കുന്നതെന്ന ചോദ്യം വർഷങ്ങൾ കഴിഞ്ഞും എന്നെ അലട്ടിക്കൊണ്ടേയിരുന്നു.
സ്കൂൾ പഠനം കഴിഞ്ഞ് ഞാൻ ഇലക്ട്രീഷ്യനായി ജോലി ചെയ്തു. ചൂതുകളിയിൽ കമ്പം കയറിയിട്ട് വലിയ തുകയ്ക്കൊക്കെ ഞാൻ കളിക്കാൻ തുടങ്ങി. എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അതുപോലെ സ്പോർട്സും ഒത്തിരി ഇഷ്ടമായിരുന്നു, പിന്നെ റോക്ക് മ്യൂസിക്കും. ക്ലബ്ബ്, ഡാൻസ്, പാർട്ടി ഇതായിരുന്നു ജീവിതം. ധാർമികമൂല്യങ്ങളൊന്നും നോക്കാതെ അടിച്ചുപൊളിച്ചു നടക്കുക, അത്രതന്നെ. ഇതൊക്കെ ചെയ്തിട്ട് സന്തോഷം കിട്ടിയോന്ന് ചോദിച്ചാൽ അതുമില്ല.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു:
1995-ൽ പ്രായമുള്ള ഒരാൾ എന്റെ വീട്ടിൽ വന്നു. യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു അദ്ദേഹം. എന്നെ ഒരു പുസ്തകവും കാണിച്ചു. അതിൽ ഉണ്ടായിരുന്നു എന്റെ മനസ്സിലെ ആ ചോദ്യത്തിനുള്ള ബൈബിളിന്റെ ഉത്തരം. കൂട്ടുകാരൻ മരിച്ചതിന്റെ ദുഃഖം അപ്പോഴും മാറിയിരുന്നില്ല. അതുകൊണ്ട് ഞാൻ ആ പുസ്തകം വാങ്ങിച്ചു. മരിച്ചവർക്ക് എന്താണ് സംഭവിക്കുന്നത് എന്നു പറയുന്ന അധ്യായം മാത്രമല്ല, ആ പുസ്തകം മുഴുവനും ഞാനിരുന്ന് വായിച്ചു.
അങ്ങനെ മരണത്തെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി. വേറെ ഒരുപാട് കാര്യങ്ങളും എനിക്കു മനസ്സിലായി. ഒരു കത്തോലിക്കൻ ആയിരുന്നതുകൊണ്ട് യേശുവിൽ വിശ്വസിക്കുന്നതാണ് ഏറ്റവും പ്രധാനം എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ ബൈബിൾ പഠിച്ചപ്പോഴാണ് യേശുവിന്റെ പിതാവായ യഹോവയോട് അടുക്കാൻ എനിക്കു കഴിഞ്ഞത്. യഹോവ മനുഷ്യരിൽനിന്നൊക്കെ അകന്നിരിക്കുന്നവനല്ല, നമുക്ക് മനസ്സിലാക്കാൻ കഴിയാത്തവനുമല്ല. യഹോവയെ അന്വേഷിക്കുന്നവർക്ക് യഹോവയെ അടുത്തറിയാൻ കഴിയും. അതിനുള്ള എല്ലാ സഹായവും യഹോവ അവർക്കു കൊടുക്കും. അത് എനിക്ക് ശരിക്കും പുതിയൊരു അറിവായിരുന്നു. (മത്തായി 7:7-11) യഹോവയ്ക്ക് വികാരങ്ങൾ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതുപോലെ യഹോവ എല്ലായ്പോഴും വാക്കു പാലിക്കുന്നവനാണെന്നും ഞാൻ പഠിച്ചു. അത് അറിഞ്ഞപ്പോൾ ബൈബിൾപ്രവചനങ്ങൾ പഠിച്ചാൽ കൊള്ളാമെന്നു തോന്നി. ഞാൻ കുറെ ബൈബിൾപ്രവചനങ്ങളും അവ നിവൃത്തിയേറിയത് എങ്ങനെയാണെന്നും ഒക്കെ പഠിച്ചു. അങ്ങനെ ദൈവത്തിലുള്ള എന്റെ വിശ്വാസം ശക്തമായി.
ബൈബിൾ മനസ്സിലാക്കാൻ ആളുകളെ ശരിക്കും സഹായിക്കുന്നത് യഹോവയുടെ സാക്ഷികൾ മാത്രമാണെന്ന് പെട്ടെന്നുതന്നെ എനിക്കു മനസ്സിലായി. സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളിലുള്ള വാക്യങ്ങൾ ഞാൻ എന്റെ കത്തോലിക്കാ ബൈബിളിൽ എടുത്തുനോക്കി. അങ്ങനെ, പഠിക്കുന്തോറും ഇതുതന്നെയാണ് സത്യം എന്ന് എനിക്കു ബോധ്യമായിക്കൊണ്ടേയിരുന്നു.
യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾക്കനുസരിച്ച് ഞാൻ ജീവിക്കാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബൈബിൾ പഠിച്ചപ്പോൾ എനിക്കു മനസ്സിലായി. എഫെസ്യർ 4-ന്റെ 22 മുതൽ 24 വരെയുള്ള വാക്യങ്ങൾ എന്നെ ശരിക്കും ചിന്തിപ്പിച്ചു. “കഴിഞ്ഞകാലത്തെ ജീവിതരീതിക്കു ചേർച്ചയിലുള്ള . . . പഴയ വ്യക്തിത്വം” പാടേ മാറ്റിക്കളഞ്ഞിട്ട് “ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് സൃഷ്ടിച്ചിരിക്കുന്ന പുതിയ വ്യക്തിത്വം” ഞാൻ ധരിക്കേണ്ടതുണ്ടെന്ന് എനിക്കു മനസ്സിലായി. അങ്ങനെ ഞാൻ എന്റെ കുത്തഴിഞ്ഞ ജീവിതരീതിക്കു മാറ്റം വരുത്തി. ചൂതുകളിയും നിറുത്തണമെന്ന് എനിക്കു മനസ്സിലായി. കാരണം അതിൽ വരുന്നത് പണസ്നേഹവും അത്യാഗ്രഹവും ഒക്കെയാണല്ലോ. (1 കൊരിന്ത്യർ 6:9, 10) എന്നാൽ അതിന് ഞാൻ എന്റെ പഴയ കൂട്ടുകെട്ടൊക്കെ നിറുത്തി നല്ല നിലവാരങ്ങളുള്ള പുതിയ കൂട്ടുകാരെ കണ്ടുപിടിക്കണമായിരുന്നു.
ഈ മാറ്റങ്ങളൊക്കെ വരുത്തുന്നത് എനിക്ക് അത്ര എളുപ്പമല്ലായിരുന്നു. എന്നാൽ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ മീറ്റിങ്ങിന് പോയി തുടങ്ങിയതാണ് എന്നെ സഹായിച്ചത്. അവിടെ എനിക്കു പുതിയ കൂട്ടുകാരെ കിട്ടി. കൂടാതെ സ്വന്തമായിരുന്ന് ബൈബിൾ പഠിക്കുന്ന ശീലവും ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെ ചെയ്തപ്പോൾ ഞാൻ ആളാകെ മാറി. റോക്ക് സംഗീതത്തോടുള്ള എന്റെ ഇഷ്ടമൊക്കെ പോയി, ജീവിതലക്ഷ്യങ്ങളിലും മാറ്റം വന്നു, എന്നെ കാണാൻതന്നെ ഒരു വൃത്തിയും വെടിപ്പും ഒക്കെ ആയി. അങ്ങനെ 1995-ൽ ഞാൻ സ്നാനമേറ്റ് യഹോവയുടെ സാക്ഷിയായി.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
ഇപ്പോൾ എനിക്ക് പണത്തെക്കുറിച്ചും വസ്തുവകകളെക്കുറിച്ചും ശരിയായ ഒരു വീക്ഷണമുണ്ട്. പണ്ട് ഞാൻ വലിയ ദേഷ്യക്കാരനായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയൊന്നുമല്ല. ഭാവിയെക്കുറിച്ച് ഓർത്ത് പണ്ടത്തെപ്പോലെ വേവലാതിപ്പെടുന്നുമില്ല.
പല രാജ്യങ്ങളിൽനിന്ന് ഉള്ളവരാണെങ്കിലും ഒറ്റക്കെട്ടായി യഹോവയെ സേവിക്കുന്ന ഒരു ജനത്തിന്റെ ഭാഗമാണല്ലോ ഞാനും. അത് ഓർക്കുമ്പോൾ എനിക്ക് ഒത്തിരി സന്തോഷമുണ്ട്. അവരിൽ പലരും പല പ്രശ്നങ്ങളും നേരിടുന്നുണ്ട്. എങ്കിലും അവർ യഹോവയെ വിശ്വസ്തമായി ആരാധിക്കുന്നു. ഇപ്പോൾ ഞാൻ എന്റെ സമയവും ആരോഗ്യവും ഒക്കെ ഉപയോഗിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കുറെ കാര്യങ്ങൾ ചെയ്യാനല്ല, യഹോവയെ ആരാധിക്കാനും മറ്റുള്ളവരെ സഹായിക്കാനും ആണ്. അതും എനിക്ക് ഒത്തിരിയൊത്തിരി സന്തോഷം തരുന്നു.
“ഇപ്പോഴാണ് എന്റെ ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടായത്”—ഇയാൻ കിങ്
ജനനം: 1963
രാജ്യം: ഇംഗ്ലണ്ട്
ചരിത്രം: ജീവിതത്തോടുള്ള മടുപ്പും നിരാശയും
എന്റെ പഴയ കാലം:
ഞാൻ ഇംഗ്ലണ്ടിലാണ് ജനിച്ചത്. എനിക്ക് ഏതാണ്ട് ഏഴു വയസ്സുള്ളപ്പോൾ ഞങ്ങളുടെ കുടുംബം ഓസ്ട്രേലിയയിലേക്കു താമസം മാറി. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലുള്ള ടൂറിസ്റ്റ് സ്ഥലമായ ഗോൾഡ് കോസ്റ്റിലാണ് താമസമാക്കിയത്. ഞങ്ങൾ പണക്കാരായിരുന്നില്ല, എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല.
അല്ലലില്ലാതെയാണ് വളർന്നതെങ്കിലും എനിക്കൊരു സന്തോഷവും ഇല്ലായിരുന്നു. മൊത്തത്തിൽ ജീവിതത്തോടുതന്നെ ഒരു മടുപ്പ്. അച്ഛനാണെങ്കിൽ മുഴുക്കുടിയൻ. അമ്മയെ ഉപദ്രവിക്കുകയും ചെയ്യും. അതുകൊണ്ടൊക്കെ എനിക്ക് അച്ഛനോട് ഒരു അടുപ്പവും ഇല്ലായിരുന്നു. അച്ഛൻ ഇങ്ങനെയായിപ്പോയത് എങ്ങനെയാണെന്ന് എനിക്കു പിന്നീടാണ് മനസ്സിലായത്. മലയയിൽ പട്ടാളത്തിലായിരുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങളാണ് അദ്ദേഹത്തെ അങ്ങനെ ആക്കിത്തീർത്തത്.
ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഞാൻ മദ്യപാനം തുടങ്ങി. കുടിച്ച് ലക്കുകെടുമായിരുന്നു. 16-ാം വയസ്സിൽ നേവിയിൽ ചേർന്നു. ലഹരിമരുന്നൊക്കെ ഉപയോഗിച്ചു നോക്കാൻ തുടങ്ങി. പുകയിലയ്ക്കും അടിമയായി. എന്റെ മദ്യാസക്തിയും കൂടിക്കൂടി വന്നു. ശനിയും ഞായറും മാത്രം മദ്യപിച്ചിരുന്ന ഞാൻ എല്ലാ ദിവസവും കുടിച്ച് ലക്കുകെടാൻ തുടങ്ങി.
20 വയസ്സൊക്കെയുള്ള സമയത്ത് ദൈവം ഉണ്ടോ എന്നുതന്നെ എനിക്കു സംശയമായിരുന്നു. ‘ദൈവം ഉണ്ടെങ്കിൽത്തന്നെ മനുഷ്യരുടെ കഷ്ടപ്പാടും മരണവും ഒക്കെ ദൈവം വെറുതെ കണ്ടോണ്ടിരിക്കുന്നത് എന്തിനാണ്?’ ഞാൻ ചിന്തിച്ചു. ഈ ലോകത്തിലെ മുഴുവൻ തിന്മകൾക്കും കാരണം ദൈവമാണെന്നു പറഞ്ഞുകൊണ്ട് ഞാൻ ഒരു കവിതപോലും എഴുതി.
23-ാം വയസ്സിൽ ഞാൻ നേവിയിൽനിന്ന് പോന്നു. അതുകഴിഞ്ഞ് പലയിടത്തും ജോലി ചെയ്തു. ഒരു വർഷം വിദേശത്തും ആയിരുന്നു. എന്നിട്ടൊന്നും എനിക്ക് ഒരു സന്തോഷവും കിട്ടിയില്ല. എപ്പോഴും നിരാശതന്നെ നിരാശ! എന്തെങ്കിലുമൊക്കെ ചെയ്യണം, നേടിയെടുക്കണം അങ്ങനെയൊന്നും എനിക്കുണ്ടായിരുന്നില്ല. ഒരു ലക്ഷ്യവുമില്ലാത്ത ജീവിതം. ഒന്നിനോടും ഒരു താത്പര്യവുമില്ല. സ്വന്തമായി ഒരു വീട് വെക്കുക, നല്ലൊരു ജോലി നേടുക, അതിൽ ഉയർന്നുയർന്ന് പോകുക അതിലൊന്നും ഒരു കാര്യവുമുണ്ടെന്ന് എനിക്കു തോന്നിയില്ല. കുടിക്കുക, പാട്ട് കേൾക്കുക ഇതായിരുന്നു എന്റെ ആകപ്പാടെയുള്ള ഒരു “സന്തോഷം!”
ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് ശരിക്കും ചിന്തിച്ചുപോയ ആ നിമിഷം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. പോളണ്ടിൽ പോയപ്പോഴായിരുന്നു അത്. കൊടുംക്രൂരതകൾക്ക് പേരുകേട്ട ഓഷ്വിറ്റ്സ് തടങ്കൽപ്പാളയം കാണാൻ പോയതായിരുന്നു ഞാൻ. അവിടെ എന്തൊക്കെയാണ് നടന്നതെന്ന് വായിച്ചിട്ടുള്ള അറിവേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ശരിക്കും അവിടെച്ചെന്ന് അത് നേരിൽ കണ്ടപ്പോഴാണ് അതിന്റെ തീവ്രത എനിക്കു മനസ്സിലായത്. ആ പാളയത്തിന്റെ വലുപ്പം കണ്ടപ്പോൾ എത്രയോ മനുഷ്യരാണ് ഇവിടെ കൊടുംക്രൂരതകൾക്ക് ഇരയായിട്ടുണ്ടാകുക എന്ന് ഞാൻ ഓർത്തുപോയി. ‘മനുഷ്യർക്ക് മനുഷ്യരോട് ഇത്രയും ക്രൂരത കാട്ടാൻ പറ്റുമോ?’ എത്ര ആലോചിച്ചിട്ടും എനിക്ക് അത് മനസ്സിലായില്ല. എന്റെ മനസ്സ് വിങ്ങുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ഞാൻ അതൊക്കെ ചുറ്റിക്കണ്ടത്. അപ്പോഴൊക്കെ മനസ്സിൽ വന്ന ചോദ്യം ഇതായിരുന്നു, ‘എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ?’
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു:
1993-ൽ വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങി. എന്റെ ചോദ്യത്തിനുള്ള ഉത്തരം അതിൽ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചു. താമസിയാതെ രണ്ടു സാക്ഷികൾ എന്റെ വീട്ടിൽ വന്നു. ഒരു കൺവെൻഷന് ക്ഷണിക്കാനായിരുന്നു അവർ വന്നത്. വീടിന് അടുത്തുള്ള ഒരു സ്റ്റേഡിയത്തിൽവെച്ചായിരുന്നു കൺവെൻഷൻ. ഞാൻ അതിന് പോകാമെന്നുവെച്ചു.
മുമ്പ് ഇതേ സ്റ്റേഡിയത്തിൽ ഒരു മാച്ച് നടന്നപ്പോൾ ഞാൻ അവിടെ പോയിരുന്നു. പക്ഷേ അതും ഈ കൺവെൻഷനും തമ്മിൽ താരതമ്യം ചെയ്യാനേ പറ്റില്ല. അത്രയ്ക്കു വ്യത്യാസമായിരുന്നു. സാക്ഷികൾ നല്ല മര്യാദയോടെ പെരുമാറി. അവരുടെ കുട്ടികൾ നല്ല അച്ചടക്കമുള്ളവരായിരുന്നു. എല്ലാവരും മാന്യമായി വസ്ത്രം ധരിച്ചിരുന്നു. ഉച്ചഭക്ഷണത്തിന്റെ സമയത്ത് കണ്ട കാര്യമാണെങ്കിൽ എന്നെ അത്ഭുതപ്പെടുത്തി. കൺവെൻഷനു വന്നവരെല്ലാം ആ മൈതാനത്തിരുന്നാണ് ഭക്ഷണം കഴിച്ചത്. പക്ഷേ അവിടം കണ്ടാൽ തോന്നില്ല ഇത്രയും പേരിരുന്ന് ആഹാരം കഴിച്ച സ്ഥലമാണെന്ന്. ഒരു കടലാസുതുണ്ടുപോലും ആരും അവിടെ ഇട്ടിട്ടുപോയില്ല! ഇനി, അവരുടെയൊക്കെ മുഖത്ത് നല്ല സംതൃപ്തിയും സമാധാനവും ഉണ്ടായിരുന്നു. അതാണല്ലോ ഞാനും തേടി നടന്നത്. അന്നു കേട്ട പ്രസംഗങ്ങളൊന്നും ഞാൻ ഓർക്കുന്നില്ല. പക്ഷേ സാക്ഷികളുടെ ആ നല്ല പെരുമാറ്റം, അത് എന്റെ മനസ്സിലങ്ങ് പതിഞ്ഞു.
അന്നു വൈകുന്നേരം ഞാൻ എന്റെ കസിൻ പറഞ്ഞ കാര്യം ഓർത്തു. അവൻ ബൈബിൾ വായിക്കുകയും മതങ്ങളെക്കുറിച്ച് പഠിക്കുകയുമൊക്കെ ചെയ്യുന്ന ആളായിരുന്നു. വർഷങ്ങൾക്കുമുമ്പ് അവൻ എന്നോടു പറഞ്ഞിരുന്നു, സത്യമതത്തെ അതിന്റെ ഫലങ്ങൾകൊണ്ട് തിരിച്ചറിയാൻ കഴിയുമെന്ന്, യേശു അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന്. (മത്തായി 7:15-20) സാക്ഷികൾ എന്തുകൊണ്ടാണ് ഇത്ര വ്യത്യസ്തരായിരിക്കുന്നത്? അതൊന്ന് അറിഞ്ഞാൽ കൊള്ളാമെന്ന് എനിക്കു തോന്നി. ഒന്നും ചെയ്യാനില്ലാതിരുന്ന എന്റെ ഇരുളടഞ്ഞ ജീവിതത്തിൽ പ്രതീക്ഷയുടെ ഒരു വെളിച്ചം വീണതുപോലെയായിരുന്നു അത്.
പിറ്റേ ആഴ്ച, കൺവെൻഷന് എന്നെ ക്ഷണിച്ച ആ രണ്ടു സാക്ഷികൾ വീണ്ടും എന്നെ കാണാൻ വന്നു. ബൈബിൾ പഠിക്കുന്നതിനെക്കുറിച്ച് അവർ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. മീറ്റിങ്ങുകൾക്കും പോകാൻ തുടങ്ങി.
ബൈബിൾ പഠിച്ചപ്പോൾ ദൈവത്തെക്കുറിച്ചുള്ള എന്റെ ധാരണതന്നെ മാറി. ദുഷ്ടതയ്ക്കും കഷ്ടപ്പാടിനും ദൈവം കാരണക്കാരനല്ലെന്നു മാത്രമല്ല ഇതൊക്കെ കാണുമ്പോൾ ദൈവത്തിനുതന്നെ വിഷമമാണെന്നും ഞാൻ മനസ്സിലാക്കി. (ഉൽപത്തി 6:6; സങ്കീർത്തനം 78:40, 41) അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു. ഞാനായിട്ട് ഒരിക്കലും യഹോവയെ വിഷമിപ്പിക്കില്ല, ഞാൻ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും. (സുഭാഷിതങ്ങൾ 27:11) അങ്ങനെ ഞാൻ മദ്യപാനവും പുകവലിയും നിറുത്തി. അധാർമിക ജീവിതരീതിയും ഉപേക്ഷിച്ചു. 1994 മാർച്ചിൽ ഞാൻ സ്നാനമേറ്റ് യഹോവയുടെ സാക്ഷികളിൽ ഒരാളായി.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
ശരിക്കുള്ള സന്തോഷവും സംതൃപ്തിയും എന്താണെന്ന് ഞാൻ ഇപ്പോൾ അനുഭവിച്ചറിയുന്നു. പ്രശ്നങ്ങൾ വരുമ്പോൾ ഞാൻ മദ്യത്തിൽ അഭയം തേടുന്നില്ല. എന്റെ ഭാരങ്ങൾ യഹോവയെ ഏൽപ്പിക്കാൻ എനിക്ക് ഇപ്പോൾ അറിയാം.—സങ്കീർത്തനം 55:22.
എന്റെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി. ഭാര്യ ക്യാരനും, അവളുടെ മുൻവിവാഹത്തിലെ മകൾ നെല്ലയും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. ഞങ്ങൾ മൂന്നുപേരും ക്രിസ്തീയ ശുശ്രൂഷയ്ക്കുവേണ്ടി ധാരാളം സമയം മാറ്റിവെച്ചിട്ടുണ്ട്. ദൈവത്തെക്കുറിച്ചുള്ള സത്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നത് ഞങ്ങൾക്ക് ഒത്തിരി സന്തോഷം തരുന്നു. ഇപ്പോഴാണ് എന്റെ ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടായത്.
^ ഖ. 11 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.