ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
മുമ്പ് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്ന, യഹോവയുടെ സാക്ഷികളെ എതിർത്തിരുന്ന, ഒരു വ്യക്തി എങ്ങനെയാണ് പിന്നീട് ഒരു സാക്ഷിയായിത്തീർന്നത്? തന്റെ വിശ്വാസങ്ങളിൽ മാറ്റം വരുത്താൻ പെന്തിക്കോസ്ത് സഭയിലെ ഒരു പാസ്റ്ററെ പ്രേരിപ്പിച്ചത് എന്താണ്? വളരെ മോശം സാഹചര്യത്തിൽ വളർന്നുവന്നതുകൊണ്ട് സ്വയം വിലയില്ലെന്നു തോന്നിയ ഒരു സ്ത്രീ എങ്ങനെയാണ് ആ തോന്നലുകൾ മറികടക്കുകയും ദൈവത്തോട് അടുക്കുകയും ചെയ്തത്? മോശമായ റോക്ക് സംഗീതത്തിൽ ആസക്തി കണ്ടെത്തിയിരുന്ന ഒരാൾ ഒരു യഹോവയുടെ സാക്ഷിയായത് എങ്ങനെയാണ്? ഉത്തരത്തിനായി ഈ അനുഭവങ്ങൾ വായിക്കുക.
“ഞാനൊരു നല്ല ഭർത്താവായി.”—റിഗോബെ ഹുവേറ്റോ
ജനനം: 1941
രാജ്യം: ബെനിൻ
ചരിത്രം: ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു, യഹോവയുടെ സാക്ഷികളെ എതിർത്തിരുന്നു.
എന്റെ പഴയ കാലം:
ബെനിനിലെ ഒരു വലിയ നഗരമായ കോട്ടോനോയിലാണു ഞാൻ ജനിച്ചത്. ഒരു കത്തോലിക്ക മതവിശ്വാസിയായിട്ടാണു വളർന്നതെങ്കിലും ഞാൻ പള്ളിയിലൊന്നും സ്ഥിരമായി പോയിരുന്നില്ല. ഞാൻ താമസിച്ചിരുന്ന സ്ഥലത്ത് പല കത്തോലിക്കർക്കും ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. അത് അവിടെ നിയമപരമായി അംഗീകരിച്ചിരുന്നതുമാണ്. അങ്ങനെ ഞാൻ നാലു സ്ത്രീകളെ വിവാഹം കഴിച്ചു.
1970-കളിൽ എന്റെ രാജ്യത്ത് ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. അതു രാജ്യത്തിനു ഗുണം ചെയ്യുമെന്നാണു ഞാൻ വിചാരിച്ചത്. ആ വിപ്ലവത്തിനു പൂർണ പിന്തുണ കൊടുക്കാൻ ഞാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷരായിരുന്നതുകൊണ്ട് വിപ്ലവകാരികൾക്ക് യഹോവയുടെ സാക്ഷികളെ ഇഷ്ടമല്ലായിരുന്നു. അങ്ങനെ സാക്ഷികളെ ഉപദ്രവിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും കൂടി. 1976-ൽ സാക്ഷികളായ മിഷനറിമാരെ നാടുകടത്തിയപ്പോൾ അവർ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നു ഞാൻ ഉറപ്പിച്ചു.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റംവരുത്തുന്നു:
1990-ൽ വിപ്ലവം അവസാനിച്ചു. പെട്ടെന്നുതന്നെ സാക്ഷികളായ മിഷനറിമാർ രാജ്യത്തേക്കു തിരിച്ചുവന്നത് എന്നെ ശരിക്കും അതിശയിപ്പിച്ചു. ദൈവം ഇവരുടെ കൂടെയുണ്ടാകുമെന്ന് അപ്പോൾ ഞാൻ ചിന്തിച്ചു. ആ സമയത്ത് എനിക്ക് വേറൊരു സ്ഥലത്ത് ജോലി കിട്ടി. അവിടെ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാൾ യഹോവയുടെ സാക്ഷിയായിരുന്നു. അദ്ദേഹം തന്റെ വിശ്വാസങ്ങളെക്കുറിച്ച് എന്നോട് എപ്പോഴും പറയുമായിരുന്നു. യഹോവ സ്നേഹവും നീതിയും ഉള്ള ഒരു ദൈവമാണെന്നു പറയുന്ന ചില ബൈബിൾ വാക്യങ്ങൾ അദ്ദേഹം എനിക്കു കാണിച്ചു തന്നു. (ആവർത്തനം 32:4; 1 യോഹന്നാൻ 4:8) ദൈവത്തിന്റെ ആ ഗുണങ്ങൾ എന്നെ ആകർഷിച്ചു. അങ്ങനെ യഹോവയെക്കുറിച്ച് കൂടുതൽ അറിയാൻ എനിക്ക് ആഗ്രഹം തോന്നി, ബൈബിൾ പഠിക്കാനും ഞാൻ തീരുമാനിച്ചു.
പെട്ടെന്നുതന്നെ ഞാൻ യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾക്കു പോകാൻ തുടങ്ങി. അവിടെയുള്ളവരുടെ ആത്മാർഥമായ സ്നേഹം കണ്ടപ്പോൾ എനിക്കു ശരിക്കും മതിപ്പു തോന്നി. വംശത്തിന്റെയോ സാമൂഹിക പശ്ചാത്തലത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വേർതിരിവും അവിടെ ഇല്ലായിരുന്നു. സാക്ഷികളോടൊപ്പം കൂടുതൽ ഇടപഴകിയപ്പോൾ അവർ യേശുവിന്റെ യഥാർഥ അനുഗാമികളാണെന്ന് എനിക്കു ശരിക്കും വ്യക്തമായി.—യോഹന്നാൻ 13:35.
യഹോവയെ സേവിക്കണമെങ്കിൽ കത്തോലിക്ക സഭ വിട്ടുപോരണമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അത് അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. കാരണം മറ്റുള്ളവർ എന്തു ചിന്തിക്കുമെന്ന പേടിയായിരുന്നു എനിക്ക്. അങ്ങനെ കുറച്ചുനാൾ കഴിഞ്ഞ് യഹോവയുടെ സഹായത്താൽ ഞാൻ ധൈര്യം സംഭരിച്ച് പള്ളിയിൽനിന്ന് രാജിവെച്ചു.
അതോടൊപ്പം ഞാൻ വലിയൊരു മാറ്റവും വരുത്തണമായിരുന്നു. ബഹുഭാര്യത്വം ദൈവം അംഗീകരിക്കുന്നില്ലെന്നു ബൈബിൾ പഠിച്ചപ്പോൾ എനിക്കു മനസ്സിലായി. (ഉൽപത്തി 2:18-24; മത്തായി 19:4-6) യഹോവയുടെ കണ്ണിൽ ശരിയായത് എന്റെ ആദ്യവിവാഹം മാത്രമായിരുന്നു. അതുകൊണ്ട് ഞാൻ ആദ്യഭാര്യയെ നിയമപരമായി വിവാഹം കഴിച്ചു. മറ്റു ഭാര്യമാരെ പറഞ്ഞയയ്ക്കുകയും അവരെ സാമ്പത്തികമായി സഹായിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പിന്നീട് അവരിൽ രണ്ടു പേർ യഹോവയുടെ സാക്ഷികളായി.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
എന്റെ ഭാര്യ ഇപ്പോഴും കത്തോലിക്ക വിശ്വാസിതന്നെയാണെങ്കിലും യഹോവയെ സേവിക്കാനുള്ള എന്റെ തീരുമാനത്തെ അവൾ എതിർത്തില്ല. ഞാൻ ഒരു നല്ല ഭർത്താവായെന്നു ഞങ്ങൾക്കു രണ്ടു പേർക്കും ഇപ്പോൾ തോന്നുന്നുണ്ട്.
രാഷ്ട്രീയപ്രവർത്തനങ്ങളിലൂടെ എന്റെ സമൂഹത്തെ നന്നാക്കാൻ കഴിയുമെന്നു വിചാരിച്ചെങ്കിലും അതൊക്കെ വെറുതേയായിരുന്നെന്നു ഞാൻ തിരിച്ചറിഞ്ഞു. മനുഷ്യരുടെ പ്രശ്നങ്ങൾക്കുള്ള ഒരേ ഒരു പരിഹാരം ദൈവരാജ്യമാണെന്ന് ഇപ്പോൾ എനിക്കു മനസ്സിലായി. (മത്തായി 6:9, 10) സന്തോഷത്തോടെ എങ്ങനെ ജീവിക്കാമെന്നു കാണിച്ചുതന്നതിന് എനിക്ക് യഹോവയോട് ഒരുപാടു നന്ദിയുണ്ട്.
“മാറ്റങ്ങൾ വരുത്താൻ അത്ര എളുപ്പമല്ലായിരുന്നു.”—അലിക്സ് ലെമോസ് സിൽവ
ജനനം: 1977
രാജ്യം: ബ്രസീൽ
ചരിത്രം: പെന്തിക്കോസ്ത് സഭയിലെ പാസ്റ്റർ
എന്റെ പഴയ കാലം:
സാവോ പൗലോ സംസ്ഥാനത്ത് ഇറ്റു എന്ന നഗരത്തിന് അടുത്തുള്ള ഒരു പ്രദേശത്താണു ഞാൻ ജനിച്ചത്. അക്രമത്തിനും കുറ്റകൃത്യത്തിനും പേരുകേട്ട സ്ഥലമായിരുന്നു അത്.
അങ്ങേയറ്റം അധാർമികതയും അക്രമവും നിറഞ്ഞ ജീവിതമായിരുന്നു എന്റേത്. കൂടാതെ ഞാൻ മയക്കുമരുന്നുകളും കടത്തും. ഇങ്ങനെ പോയാൽ അധികം താമസിയാതെ ഞാൻ ജയിലിലാകും, അല്ലെങ്കിൽ പെട്ടെന്നുതന്നെ എന്റെ ശവമടക്ക് നടക്കും എന്ന് എനിക്കു മനസ്സിലായി. അതുകൊണ്ട് അതെല്ലാം ഞാൻ മതിയാക്കി. പിന്നീട് ഞാൻ പെന്തിക്കോസ്ത് സഭയിൽ ചേർന്നു. അവിടത്തെ ഒരു പാസ്റ്ററും ആയി.
പള്ളിയിലെ ശുശ്രൂഷാപ്രവർത്തനങ്ങളിലൂടെ ആളുകളെ സഹായിക്കാമെന്ന് എനിക്കു തോന്നി. അതിനുവേണ്ടി അവിടത്തെ ഒരു പ്രാദേശിക റേഡിയോ ചാനലിലൂടെ മതപരമായ പരിപാടികൾ ഞാൻ നടത്തുമായിരുന്നു. അങ്ങനെ അവിടെ അറിയപ്പെടുന്ന ഒരാളായി ഞാൻ. പതുക്കെ എനിക്കു മനസ്സിലായി, ആ സഭയ്ക്ക് അതിലെ അംഗങ്ങളുടെ ക്ഷേമത്തിൽ ഒരു താത്പര്യവുമില്ല എന്ന്. അതിലും കഷ്ടം അവർ ദൈവത്തിന് ഒരു പ്രാധാന്യവും കൊടുത്തില്ല എന്നതാണ്. പണമുണ്ടാക്കുകയാണ് ആ സഭയുടെ ഒരേ ഒരു ലക്ഷ്യമെന്ന് എനിക്കു മനസ്സിലായി. അങ്ങനെ പള്ളിയിൽനിന്ന് രാജിവെക്കാൻ ഞാൻ തീരുമാനിച്ചു.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റംവരുത്തുന്നു:
യഹോവയുടെ സാക്ഷികളുമൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾത്തന്നെ, അവർക്കു മറ്റു മതങ്ങളിൽനിന്ന് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് എനിക്കു മനസ്സിലായി. പ്രധാനമായും രണ്ടു കാര്യങ്ങളാണു ഞാൻ ശ്രദ്ധിച്ചത്. ഒന്ന്, ദൈവത്തെയും അയൽക്കാരെയും സ്നേഹിക്കണമെന്ന് യഹോവയുടെ സാക്ഷികൾ വെറുതേ പറയുക മാത്രമല്ല അവർ അതു പ്രവൃത്തിയിലൂടെ കാണിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ കാര്യം, അവർ യുദ്ധങ്ങളിലോ രാഷ്ട്രീയകാര്യങ്ങളിലോ ഒരുവിധത്തിലും ഉൾപ്പെടുന്നില്ല. (യശയ്യ 2:4) ഞാൻ സത്യമതം കണ്ടെത്തിയെന്ന് ഈ രണ്ടു കാര്യങ്ങൾ എന്നെ ബോധ്യപ്പെടുത്തി. അതായത്, നിത്യജീവനിലേക്കുള്ള ഇടുങ്ങിയ വഴി ഇതാണെന്ന് എനിക്കു വ്യക്തമായി.—മത്തായി 7:13, 14.
ദൈവത്തെ സന്തോഷിപ്പിക്കണമെങ്കിൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്നു ഞാൻ തിരിച്ചറിഞ്ഞു. കുടുംബത്തിനുവേണ്ടി ഞാൻ കൂടുതൽ സമയം നീക്കിവെക്കണമായിരുന്നു. അതോടൊപ്പം താഴ്മയെന്ന ഗുണം വളർത്തിയെടുക്കുന്നതിലും എനിക്ക് മെച്ചപ്പെടാനുണ്ടായിരുന്നു. മാറ്റങ്ങൾ വരുത്താൻ അത്ര എളുപ്പമല്ലായിരുന്നെങ്കിലും യഹോവയുടെ സഹായത്താൽ എനിക്ക് അതിനു കഴിഞ്ഞു. ഈ മാറ്റങ്ങളൊക്കെ കണ്ടപ്പോൾ എന്റെ ഭാര്യയ്ക്കും ഒരുപാടു സന്തോഷം തോന്നി. ഞാൻ പഠിക്കുന്നതിനു മുമ്പേ അവൾ ബൈബിൾ പഠിക്കാൻ തുടങ്ങിയെങ്കിലും എന്റെ മാറ്റങ്ങൾ കണ്ടപ്പോഴാണ് അവൾ കൂടുതൽ പുരോഗമിച്ചത്. അങ്ങനെ പെട്ടെന്നുതന്നെ ഞങ്ങൾക്കു മനസ്സിലായി യഹോവയുടെ സാക്ഷികളാകണം, അതാണു ഞങ്ങൾ ചെയ്യേണ്ടത് എന്ന്. പിന്നീട് ഞങ്ങൾ രണ്ടു പേരും ഒരേ ദിവസം സ്നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
ഞങ്ങളുടെ മൂന്നു മക്കളെയും യഹോവയുടെ വഴികളിൽ വളർത്തിക്കൊണ്ടുവരുന്നതിന്റെ സന്തോഷം എനിക്കും ഭാര്യയ്ക്കും ഇപ്പോൾ ആസ്വദിക്കാൻ കഴിയുന്നു. യഹോവയുമായി നല്ലൊരു സൗഹൃദവും അവർക്കുണ്ട്. സന്തോഷമുള്ളൊരു കുടുംബമാണ് ഞങ്ങളുടേത്. ദൈവവചനമായ ബൈബിളിലെ സത്യം കണ്ടെത്താൻ എന്നെ സഹായിച്ചതിന് യഹോവയോട് എനിക്ക് എത്രയധികം നന്ദിയുണ്ടെന്നോ! ശരിക്കും ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാൻ ബൈബിളിനു കഴിയും. എന്റെ ജീവിതംതന്നെയാണ് അതിനുള്ള തെളിവ്.
“എനിക്ക് ശുദ്ധമായ, അർഥവത്തായ, പുതിയൊരു ജീവിതം കിട്ടി.”—വിക്ടോറിയ ടോങ്
ജനനം: 1957
രാജ്യം: ഓസ്ട്രേലിയ
ചരിത്രം: ദുരിതങ്ങൾ നിറഞ്ഞ ബാല്യം
എന്റെ പഴയ കാലം:
ന്യൂ സൗത്ത് വെയ്ൽസിലുള്ള ന്യൂകാസിലിലാണ് ഞാൻ ജനിച്ചുവളർന്നത്. ഏഴു മക്കളിൽ മൂത്തവളാണ് ഞാൻ. അക്രമസ്വഭാവമുള്ളവരായിരുന്നു അപ്പനും അമ്മയും. അതിന്റെകൂടെ അപ്പൻ മുഴുക്കുടിയനുമായിരുന്നു. ശാരീരികമായും മാനസികമായും അമ്മ എന്നെ വല്ലാതെ മുറിപ്പെടുത്തുമായിരുന്നു. ഞാൻ കൊള്ളില്ലാത്തവളാണെന്നും നരകത്തിൽ പോകുമെന്നും എപ്പോഴും അമ്മ എന്നോടു പറയും. ഇതെല്ലാം കേട്ട് എനിക്ക് ആകെ പേടിതോന്നി.
അമ്മ എപ്പോഴും ഉപദ്രവിക്കുന്നതുകൊണ്ട് എനിക്കു പലപ്പോഴും സ്കൂളിൽ പോകാൻ പറ്റുമായിരുന്നില്ല. കാരണം ദേഹത്ത് മുഴുവൻ മുറിവുകളായിരുന്നു. അങ്ങനെ 11-ാം വയസ്സിൽ ഗവൺമെന്റ് അധികാരികൾ അപ്പന്റെയും അമ്മയുടെയും അടുത്തുനിന്ന് എന്നെ ഒരു ഗവൺമെന്റ് സ്ഥാപനത്തിലേക്കു മാറ്റി. പിന്നീട് ഒരു കോൺവെന്റിലേക്ക്. 14 വയസ്സായപ്പോൾ ഞാൻ അവിടെനിന്ന് ചാടി. എനിക്കു വീട്ടിലേക്കു തിരിച്ചുപോകാൻ തോന്നിയില്ല. അതുകൊണ്ട് സിഡ്നി നഗരത്തിന്റെ പുറത്തുള്ള കിങ്സ് ക്രോസ് തെരുവിൽ ഞാൻ താമസിച്ചു.
ആ സമയത്ത് ഞാൻ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നു, അശ്ലീലം കാണുമായിരുന്നു, വേശ്യാവൃത്തിയിലും ഏർപ്പെട്ടിരുന്നു. ഒരിക്കൽ എന്നെ വളരെയധികം പേടിപ്പിച്ച ഒരു സംഭവം ഉണ്ടായി. ഒരു നിശാക്ലബ് ഉടമസ്ഥന്റെ ഫ്ളാറ്റിൽ ഞാൻ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം രണ്ടു പേർ അദ്ദേഹത്തെ കാണാൻ വന്നു. എന്നോടു മുറിയിലേക്കു പോകാൻ അദ്ദേഹം പറഞ്ഞു. പക്ഷേ അവരുടെ സംസാരം എനിക്കു കേൾക്കാമായിരുന്നു. എന്നെ അവർക്ക് വിൽക്കുന്നതിനെക്കുറിച്ചായിരുന്നു സംസാരിച്ചത്. സാധനങ്ങൾ കയറ്റി അയയ്ക്കുന്ന കപ്പലിൽ എന്നെ ഒളിപ്പിച്ച് ജപ്പാനിലേക്കു കടത്താനായിരുന്നു അവരുടെ ഉദ്ദേശ്യം, അവിടത്തെ ഒരു ബാറിൽ ജോലി ചെയ്യാൻവേണ്ടി. ഞാൻ ആകെ വിരണ്ടുപോയി. വെപ്രാളപ്പെട്ട് ബാൽക്കണിയിലൂടെ ഇറങ്ങി അവിടെനിന്ന് ഓടി രക്ഷപ്പെട്ടു.
സിഡ്നി നഗരം സന്ദർശിക്കാൻ വന്ന ഒരാളെ ഞാൻ വഴിയിൽവെച്ച് കണ്ടു. കുറച്ചു പണം തന്ന് സഹായിക്കുമെന്ന് ഓർത്ത് എന്റെ അവസ്ഥകളെല്ലാം ഞാൻ അദ്ദേഹത്തോടു പറഞ്ഞു. എന്നാൽ അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്കു കൊണ്ടുപോയി. അവിടെവെച്ച് ഞാനൊന്ന് കുളിക്കുകയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്തു. പിന്നെ ഞാൻ അവിടെനിന്ന് പോയില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ വിവാഹം കഴിച്ചു.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റംവരുത്തുന്നു:
യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ പലപല വികാരങ്ങളാണ് എനിക്കു തോന്നിയത്. ദുഷ്ടതയുടെയെല്ലാം കാരണം സാത്താനാണെന്നു മനസ്സിലായപ്പോൾ എനിക്കു ദേഷ്യം തോന്നി. കാരണം ദൈവമാണു കഷ്ടപ്പാടുകളെല്ലാം വരുത്തുന്നത് എന്നുള്ള നുണയാണു ഞാൻ ഇത്രയും കാലം വിശ്വസിച്ചിരുന്നത്. ഇനി, എന്നെ എപ്പോഴും പേടിപ്പിച്ചിരുന്ന ഒരു കാര്യമായിരുന്നു ദൈവം ആളുകളെ നരകത്തിലിട്ട് ശിക്ഷിക്കും എന്നത്. പക്ഷേ അത് അങ്ങനെയല്ല എന്നു മനസ്സിലായപ്പോൾ എനിക്കു വലിയ ആശ്വാസമായി.
ബൈബിൾ തത്ത്വങ്ങൾ അനുസരിച്ച് സാക്ഷികൾ തീരുമാനങ്ങളെടുക്കുന്നതു കണ്ടപ്പോൾ എനിക്കു ശരിക്കും മതിപ്പു തോന്നി. ബൈബിളിൽ പറയുന്ന കാര്യങ്ങൾ അവർ വിശ്വസിക്കുന്നെന്നു പറയുക മാത്രമല്ല പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്യുന്നു. എന്നോട് ഇടപെടാൻ അവർക്ക് അത്ര എളുപ്പമല്ലായിരുന്നു. ഇനി, അവർ പറയുന്ന കാര്യങ്ങളോടും ഞാൻ പെട്ടെന്നൊന്നും യോജിച്ചിരുന്നില്ല. എന്നിട്ടും സാക്ഷികൾ എന്നോടു വളരെ സ്നേഹത്തോടെയും ആദരവോടെയും ആണ് പെരുമാറിയത്.
വിലയില്ലാത്തവളാണെന്ന തോന്നലായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം. ഞാൻ എന്നെത്തന്നെ ശരിക്കും വെറുത്തിരുന്നു. ഒരു യഹോവയുടെ സാക്ഷിയായി സ്നാനമേറ്റ ശേഷവും കുറെ നാൾ ഈ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. യഹോവയെ ഞാൻ സ്നേഹിച്ചിരുന്നു. പക്ഷേ എന്നെപ്പോലെ ഒരാളെ യഹോവയ്ക്ക് ഒരിക്കലും സ്നേഹിക്കാൻ പറ്റില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
സ്നാനമേറ്റ് 15 വർഷം കഴിഞ്ഞപ്പോൾ എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായി. യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽവെച്ച് നടന്ന പ്രസംഗത്തിൽ ഒരു സഹോദരൻ യാക്കോബ് 1:23, 24 വാക്യങ്ങൾ വിശദീകരിച്ചു. ദൈവവചനത്തെ ഒരു കണ്ണാടിയോടാണ് ആ വാക്യം ഉപമിച്ചിരിക്കുന്നത്. യഹോവ നമ്മളെ എങ്ങനെയാണോ കാണുന്നത് അങ്ങനെ നമ്മൾ നമ്മളെത്തന്നെ കാണാനാണ് അവിടെ പറയുന്നത്. അപ്പോൾ ഞാൻ ചിന്തിച്ചു, യഹോവ എന്നെ കാണുന്നതുപോലെയല്ലല്ലോ ഞാൻ എന്നെത്തന്നെ കാണുന്നത്. ആദ്യമൊന്നും എനിക്ക് അത് ഒട്ടും ഉൾക്കൊള്ളാൻ പറ്റിയില്ല. യഹോവ എന്നെ സ്നേഹിക്കണമെന്ന ചിന്ത, അത് അതിരുകവിഞ്ഞ ഒരു ചിന്തയാണെന്ന് എനിക്കു തോന്നി.
കുറച്ച് ദിവസം കഴിഞ്ഞ് എന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ച ഒരു വാക്യം ഞാൻ വായിച്ചു. യശയ്യ 1:18 ആയിരുന്നു അത്. അവിടെ യഹോവ ഇങ്ങനെ പറയുന്നു: “വരൂ, എന്റെ അടുത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാം. . . . നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലും അവ മഞ്ഞുപോലെ വെളുക്കും.” അതു വായിച്ചപ്പോൾ യഹോവ എന്നോട് ഇങ്ങനെ പറയുന്നതുപോലെ തോന്നി: “വിക്കീ, വരൂ. നമുക്ക് കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാം. എനിക്കു നിന്നെ അറിയാം. നിന്റെ പാപങ്ങൾ അറിയാം. നിന്റെ ഹൃദയത്തിലുള്ളതും എനിക്ക് അറിയാം. ഞാൻ നിന്നെ സ്നേഹിക്കുന്നു.”
ആ രാത്രി എനിക്ക് ഉറങ്ങാനേ പറ്റിയില്ല. കാരണം യഹോവയ്ക്ക് എന്നെ സ്നേഹിക്കാൻ പറ്റുമോ എന്ന സംശയം എനിക്ക് അപ്പോഴും ഉണ്ടായിരുന്നു. എന്നാൽ യേശുവിന്റെ മോചനവിലയെക്കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങി. പെട്ടെന്ന് ഒരു കാര്യം എന്റെ മനസ്സിലേക്കു വന്നു. ഇക്കാലമത്രയും പല രീതിയിൽ, പല വട്ടം എന്നെ സ്നേഹിക്കുന്നുവെന്നു ക്ഷമയോടെ യഹോവ എനിക്കു കാണിച്ചു തരികയായിരുന്നു. എന്നിട്ടും ഞാൻ തിരിച്ച് യഹോവയോട് ഇങ്ങനെയാണ് പറഞ്ഞുകൊണ്ടിരുന്നത്. “എന്നെ സ്നേഹിക്കാനും മാത്രം വിശാലമല്ല അങ്ങയുടെ സ്നേഹം. അങ്ങയുടെ മകന്റെ മോചനവിലയ്ക്ക് എന്റെ പാപങ്ങൾ ക്ഷമിക്കാൻ കഴിയില്ല.” ഒരർഥത്തിൽ മോചനവില യഹോവയിലേക്കു തിരിച്ചെറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. എന്നാൽ മോചനവില എന്ന സമ്മാനത്തെക്കുറിച്ച് ധ്യാനിച്ചപ്പോൾ യഹോവ എന്നെ സ്നേഹിക്കുന്നു എന്ന് ഞാൻ അനുഭവിച്ചറിയാൻതുടങ്ങി.
എനിക്കു കിട്ടിയ പ്രയോജനങ്ങൾ:
എനിക്ക് ശുദ്ധമായ, അർഥവത്തായ, പുതിയൊരു ജീവിതം കിട്ടി. എന്റെ വിവാഹ ജീവിതവും മെച്ചപ്പെട്ടു. മറ്റുള്ളവരെ സഹായിക്കാൻ എന്റെ അനുഭവങ്ങൾ ഞാൻ അവരോടു പറയാറുണ്ട്. യഹോവയോടു കൂടുതൽകൂടുതൽ അടുക്കുന്നതായി എനിക്ക് ഇപ്പോൾ തോന്നുന്നു.
“ഇതായിരുന്നു എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരം.”—സെർഗി ബൊട്ടാൻകിൻ
ജനനം: 1974
രാജ്യം: റഷ്യ
ചരിത്രം: റോക്ക് സംഗീതത്തോടുള്ള അഭിനിവേശം
എന്റെ പഴയ കാലം:
വോട്ട്കിൻസ്ക് എന്ന സ്ഥലത്താണു ഞാൻ ജനിച്ചത്. പ്രശസ്ത സംഗീതജ്ഞനായ പ്യോട്ടർ ഇല്യച്ച് ചായ്കോവിസ്കിയുടെ ജനനസ്ഥലമായിരുന്നു അത്. ഞങ്ങൾക്ക് സാമ്പത്തികമായി ഒന്നുംതന്നെ ഇല്ലായിരുന്നു. എന്റെ ഡാഡിയ്ക്ക് പല നല്ല ഗുണങ്ങൾ ഉണ്ടെങ്കിലും അദ്ദേഹം സ്ഥിരമായി മദ്യപിക്കുമായിരുന്നു. അതുകൊണ്ട് എപ്പോഴും ടെൻഷൻ നിറഞ്ഞ ഒരു അവസ്ഥയായിരിക്കും വീട്ടിൽ.
ഞാൻ പഠിത്തത്തിൽ അത്ര മിടുക്കനൊന്നുമല്ലായിരുന്നു. പിന്നീട് എനിക്കു തോന്നിത്തുടങ്ങി, ഞാൻ വിലയില്ലാത്തവനാണെന്നും മറ്റുള്ളവരെപ്പോലെ വലിയ കഴിവുകളൊന്നും എനിക്കില്ലെന്നും. അതുകൊണ്ടുതന്നെ ഒതുങ്ങിക്കൂടുന്ന ഒരു സ്വഭാവമായി എന്റേത്. മറ്റുള്ളവരെ വിശ്വസിക്കുന്നതും എനിക്കു പ്രയാസമുള്ള ഒരു കാര്യമായിരുന്നു. സ്കൂളിൽ പോകുന്നതുതന്നെ ഒരു പേടി സ്വപ്നമായി മാറി. സ്കൂളിൽ കുറെ പേരുടെ മുന്നിൽവെച്ച് ഒരു റിപ്പോർട്ട് അവതരിപ്പിക്കാൻ പറഞ്ഞപ്പോൾ സാധാരണ പറയുന്ന കാര്യങ്ങൾപോലും അന്ന് എനിക്ക് പറയാൻ പറ്റിയില്ല. ഞാൻ എട്ടാം ക്ലാസ് പാസ്സായപ്പോൾ എന്നെക്കുറിച്ച് അധ്യാപകർ പറഞ്ഞത്, എനിക്ക് പദസമ്പത്ത് ഇല്ലെന്നും കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിക്കാനുള്ള കഴിവ് ഇല്ലെന്നും ആണ്. അതു കേട്ടപ്പോൾ വിലയില്ലാത്തവനാണെന്ന എന്റെ തോന്നൽ ഒന്നുകൂടെ കൂടി. ഇനി എന്തിന് ജീവിക്കണമെന്നു ഞാൻ ചിന്തിച്ചു.
കൗമാരത്തിൽത്തന്നെ ഞാൻ മദ്യപാനം തുടങ്ങി. ആദ്യമൊക്കെ മദ്യം എന്റെ മനസ്സിനെ സന്തോഷിപ്പിച്ചു. പക്ഷേ വല്ലാതെ കുടിക്കാൻ തുടങ്ങിയപ്പോൾ എനിക്കു കുറ്റബോധം തോന്നി. ജീവിതത്തിന് ഒരു അർഥവും ഇല്ലാത്തതുപോലെയായി. അങ്ങനെ മനസ്സ് തളർന്ന ഞാൻ ദിവസങ്ങളോളം വീട്ടിൽനിന്ന് പുറത്തിറങ്ങിയില്ല. ഒടുവിൽ ആത്മഹത്യയെക്കുറിച്ചുപോലും ഞാൻ ചിന്തിക്കാൻ തുടങ്ങി.
20 വയസ്സായപ്പോൾ ആശ്വാസത്തിനുള്ള ഒരു പുതിയ വഴി ഞാൻ കണ്ടെത്തി. പക്ഷേ അതു താത്കാലികമായിരുന്നു. മോശമായ റോക്ക് സംഗീതം അഥവാ ഹെവി മെറ്റൽ സംഗീതമായിരുന്നു അത്. ഈ സംഗീതം എനിക്കൊരു പ്രത്യേക ഊർജം തന്നു. ഇത് ആസ്വദിക്കുന്നവരെ ഞാൻ അന്വേഷിക്കാൻ തുടങ്ങി. ഞാൻ ആരാധിക്കുന്ന സംഗീതജ്ഞരെപ്പോലെയാകാൻ ഞാൻ എന്റെ മുടി നീട്ടി വളർത്തി, കാതു കുത്തി, അവരുടേതുപോലുള്ള വസ്ത്രങ്ങളും അണിഞ്ഞു. പതിയെ, ഞാൻ മുന്നുംപിന്നും നോക്കാതെ ആളുകളോടു പെരുമാറാൻ തുടങ്ങി. എല്ലാവരോടും, പ്രത്യേകിച്ച് വീട്ടിലുള്ളവരോട്, വഴക്കടിക്കുന്നതും ദേഷ്യപ്പെടുന്നതും എന്റെ സ്വഭാവമായി മാറി.
പ്രതീക്ഷിച്ചതുപോലെ ഈ സംഗീതം എനിക്കു സന്തോഷമൊന്നും തന്നില്ല. നേരെമറിച്ചാണു സംഭവിച്ചത്. ഞാൻ ആകെ മാറിക്കൊണ്ടിരിക്കുകയായിരുന്നു. സംഗീതലോകത്തിൽ ഞാൻ ആരാധിച്ചിരുന്ന താരങ്ങളെക്കുറിച്ചുള്ള ചില മോശം കാര്യങ്ങൾ കേട്ടപ്പോൾ അത് എന്നെ വല്ലാതെ ബാധിച്ചു. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നി.
ഇത്തവണ ഞാൻ ആത്മഹത്യയെക്കുറിച്ച് കൂടുതൽ ഗൗരവത്തോടെ ചിന്തിക്കാൻ തുടങ്ങി. എന്നാൽ എന്നെ പുറകോട്ടു വലിച്ച ഒരേ ഒരു കാര്യം മമ്മി അത് എങ്ങനെ സഹിക്കും എന്നതായിരുന്നു. മമ്മിക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു, എനിക്കുവേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്തുതന്നിട്ടുമുണ്ട്. ഈ ഒരു സമയത്ത് മുന്നോട്ടു ജീവിക്കാനും തോന്നുന്നില്ല, ജീവിതം അവസാനിപ്പിക്കാനും പറ്റുന്നില്ല. വല്ലാത്ത ഒരു അവസ്ഥതന്നെയായിരുന്നു അത്.
വേണ്ടാത്ത ചിന്തകൾ മനസ്സിൽനിന്ന് എടുത്തുകളയാൻ ഞാൻ റഷ്യൻ സാഹിത്യപുസ്തകങ്ങൾ വായിച്ചുതുടങ്ങി. അതിൽ ഒരു കഥയിലെ നായകൻ, പള്ളിയിൽ ശുശ്രൂഷ ചെയ്യുന്ന ആളായിരുന്നു. പെട്ടെന്ന് ദൈവത്തിനുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ആഗ്രഹം എന്റെ ഉള്ളിൽ ആളിക്കത്തി. അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ ദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചു, ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ എന്നെ സഹായിക്കണേ എന്നു പറഞ്ഞ്. പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ എനിക്കു വല്ലാത്തൊരു ആശ്വാസം തോന്നി. എന്നാൽ വിശ്വസിക്കാൻ പറ്റാത്ത ഒരു സംഭവമാണു പിന്നെ നടന്നത്. വെറും രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ യഹോവയുടെ സാക്ഷികൾ വാതിലിൽ വന്നു മുട്ടിയിട്ട് എന്നെ ബൈബിൾ പഠിപ്പിക്കാമെന്നു പറഞ്ഞു. ഇതായിരുന്നു എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരം. സന്തോഷകരമായ ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റംവരുത്തുന്നു:
മോശമായ ആ സംഗീതവും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞാൻ തീർത്തും ഉപേക്ഷിച്ചു. അത് അത്ര എളുപ്പമായിരുന്നില്ല. കാരണം ആ സംഗീതം കാലങ്ങളായി എന്റെ മനസ്സിൽ തങ്ങിനിൽക്കുകയായിരുന്നു. അത്തരം പാട്ടുകൾ എപ്പോഴെങ്കിലും കേൾക്കേണ്ടിവന്നാൽ എനിക്ക് പെട്ടെന്ന് പഴയ കാര്യങ്ങൾ ഓർമ വരും. എന്റെ മനസ്സിലും ഹൃദയത്തിലും ഉള്ള നല്ല കാര്യങ്ങളെ മോശമായ ആ പഴയ കാര്യങ്ങളുമായി കൂട്ടിക്കുഴയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് അത്തരത്തിലുള്ള സംഗീതം കേൾക്കാൻ ഇടയുള്ള എല്ലാ സാഹചര്യങ്ങളും ഞാൻ മനഃപൂർവം ഒഴിവാക്കി. എപ്പോഴെങ്കിലും പഴയ ഓർമകളിൽ എന്റെ മനസ്സൊന്ന് ഉടക്കിയാൽ ഞാൻ മുട്ടിപ്പായി ദൈവത്തോടു പ്രാർഥിക്കും. അങ്ങനെ ചെയ്യുമ്പോൾ “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” എന്നെ സഹായിക്കും.—ഫിലിപ്പിയർ 4:7.
ബൈബിൾ പഠിച്ചപ്പോൾ എനിക്കു മനസ്സിലായി, പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയണമെന്നതു ക്രിസ്ത്യാനികളുടെ കടമയാണെന്ന്. (മത്തായി 28:19, 20) അത് എന്നെക്കൊണ്ട് പറ്റുന്ന ഒരു കാര്യമല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാൽ ഞാൻ പഠിക്കുന്ന ഓരോ കാര്യവും എനിക്കു വലിയ സന്തോഷവും മനസ്സമാധാനവും തന്നു. മറ്റുള്ളവരും ഇത് അറിയണമെന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് പേടിയുണ്ടായിരുന്നെങ്കിലും പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ മറ്റുള്ളവരോടു പറയാൻ തുടങ്ങി. അപ്പോൾ എന്റെ ആത്മവിശ്വാസം കൂടി, വിശ്വാസം ബലപ്പെട്ടു. എനിക്കുതന്നെ അതിശയമായിരുന്നു അത്.
എനിക്കു കിട്ടിയ പ്രയോജനങ്ങൾ:
എനിക്ക് ഇപ്പോൾ നല്ലൊരു കുടുംബമുണ്ട്. അമ്മയെയും പെങ്ങളെയും ഉൾപ്പെടെ പലരെയും ബൈബിൾ സത്യങ്ങൾ പഠിപ്പിക്കാനും കഴിഞ്ഞു. ദൈവത്തെ സേവിക്കുന്നതും ദൈവത്തെക്കുറിച്ച് പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതും ആണ് എന്റെ ജീവിതത്തിന് ശരിക്കും അർഥം നൽകിയത്.