വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു

ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു

ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു

റസ്റ്റഫാറിയൻ * മതവിഭാഗത്തിൽപ്പെട്ട ഒരാൾ എങ്ങനെയാണു തന്റെ പിരിച്ചുകെട്ടിയ, ജട പിടിച്ച മുടി മുറിക്കുകയും വെളുത്തവർഗക്കാരോടുള്ള മുൻവിധി മാറ്റുകയും ചെയ്‌തത്‌? മയക്കുമരുന്നു വിൽക്കുന്നവർക്കുവേണ്ടി പണം പിരിച്ചിരുന്ന അക്രമാസക്തനായ ഒരാൾ തന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയത്‌ എങ്ങനെയാണ്‌? അവർക്കു പറയാനുള്ളത്‌ എന്താണ്‌?

“ഞാൻ എന്റെ മുൻവിധിയെപ്പോലും കീഴ്‌പെടുത്തി.”—ഹഫേനി ഗാമ

വയസ്സ്‌: 34

രാജ്യം: സാംബിയ

ചരിത്രം: റസ്റ്റഫാറിയൻ മതവിഭാഗത്തിൽപ്പെട്ടയാൾ

എന്റെ പഴയ കാലം: സാംബിയയിലെ ഒരു അഭയാർഥി ക്യാമ്പിലാണു ഞാൻ ജനിച്ചത്‌. ഒരു യുദ്ധത്തിന്റെ സമയത്ത്‌ എന്റെ അമ്മ നമീബിയയിൽനിന്ന്‌ പലായനം ചെയ്യുകയും സ്വാപോ (സൗത്ത്‌ വെസ്റ്റ്‌ ആഫ്രിക്ക പീപ്പിൾസ്‌ ഓർഗനൈസേഷൻ) എന്ന സംഘടനയിൽ ചേരുകയും ചെയ്‌തു. നമീബിയയിൽ അന്നുണ്ടായിരുന്ന സൗത്ത്‌ ആഫ്രിക്കൻ ഭരണത്തിനെതിരെ പോരാടുന്ന ഒരു സംഘടനയായിരുന്നു സ്വാപോ.

15 വയസ്സുവരെ പലപല അഭയാർഥി ക്യാമ്പുകളിലായിട്ടായിരുന്നു എന്റെ ജീവിതം. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കാനുള്ള പരിശീലനം സ്വാപോ ക്യാമ്പുകളിലെ ചെറുപ്പക്കാർക്കു കിട്ടിയിരുന്നു. അവർ രാഷ്ട്രീയ ചിന്തകളും വെള്ളക്കാരോടുള്ള വെറുപ്പും ഞങ്ങളുടെ മനസ്സുകളിൽ കുത്തിനിറച്ചു.

ക്യാമ്പിൽ റോമൻ കത്തോലിക്കരും ലൂതറൻ വിശ്വാസികളും ആംഗ്ലിക്കൻ വിശ്വാസികളും മറ്റും കൂടിവരുന്ന ഒരു പള്ളി ഉണ്ടായിരുന്നു. 11-ാമത്തെ വയസ്സിൽ ആ പള്ളിയിൽവെച്ച്‌ ക്രിസ്‌തീയവിശ്വാസം സ്വീകരിക്കുന്ന ഒരു ചടങ്ങ്‌ നടത്താൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഒരു പാസ്റ്റർ എന്നെ അതിൽനിന്ന്‌ പിന്തിരിപ്പിച്ചു. അന്നുമുതൽ ഞാൻ ഒരു നിരീശ്വരവാദിയായി മാറി. എങ്കിലും 15-ാം വയസ്സിൽ വർഗീയചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന റെഗ്ഗി സംഗീതത്തോടുള്ള എന്റെ പ്രിയവും ആഫ്രിക്കയിലെ കറുത്തവർഗക്കാർ അനുഭവിച്ച അനീതികൾ ഇല്ലാതാക്കാനുള്ള ആഗ്രഹവും റസ്റ്റഫാറിയൻ മതവിഭാഗത്തിൽ ചേരാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെ ഞാൻ എന്റെ മുടി നീട്ടി വളർത്തി പിരിച്ചുകെട്ടി, മാരിഹ്വാന എന്ന ലഹരിവസ്‌തു ഉപയോഗിക്കാൻ തുടങ്ങി, മാംസാഹാരം ഉപേക്ഷിച്ചു, കറുത്തവർഗക്കാരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കാനും തുടങ്ങി. എങ്കിലും മുമ്പുണ്ടായിരുന്ന അധാർമികജീവിതം ഞാൻ ഉപേക്ഷിച്ചില്ല, അക്രമാസക്തമായ സിനിമകൾ കാണുന്നതു നിറുത്തിയില്ല. മുമ്പത്തെപ്പോലെ അസഭ്യവാക്കുകളും ഉപയോഗിക്കുമായിരുന്നു.

ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു: 1995-ൽ എനിക്ക്‌ 20 വയസ്സുള്ളപ്പോൾ ജീവിതത്തിലെ എന്റെ ലക്ഷ്യങ്ങളെക്കുറിച്ച്‌ ഞാൻ കാര്യമായി ചിന്തിക്കാൻ തുടങ്ങി. റസ്റ്റഫാറിയൻ മതവിഭാഗങ്ങളുടെ പുസ്‌തകങ്ങൾ എവിടെ കണ്ടാലും ഞാൻ വായിക്കുകയും പഠിക്കുകയും ചെയ്യുമായിരുന്നു. ചില പുസ്‌തകങ്ങളിൽ ബൈബിളിൽനിന്നുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിലെ വിശദീകരണങ്ങളോട്‌ എനിക്ക്‌ ഒട്ടും യോജിക്കാൻ പറ്റിയില്ല. അതുകൊണ്ട്‌ ബൈബിൾ സ്വന്തമായി വായിക്കാൻ ഞാൻ തീരുമാനിച്ചു.

പിന്നീട്‌ റസ്റ്റഫാറിയൻ മതത്തിൽപ്പെട്ട ഒരു സുഹൃത്ത്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ഒരു ബൈബിൾപഠനസഹായി എനിക്കു തന്നു. ആ പുസ്‌തകം ഉപയോഗിച്ച്‌ ബൈബിൾ ഞാൻ സ്വന്തമായി പഠിക്കാൻ തുടങ്ങി. പിന്നീട്‌ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുകയും അവരുമായി എന്റെ ബൈബിൾപഠനം തുടരുകയും ചെയ്‌തു.

വളരെ കഷ്ടപ്പെട്ട്‌ ഞാൻ പുകവലിയും മദ്യപാനവും നിറുത്തി. (2 കൊരിന്ത്യർ 7:1) എന്റെ വേഷവിധാനം അടിമുടി മാറ്റി, മുടി മുറിച്ചു, അശ്ലീലവും അക്രമം നിറഞ്ഞ സിനിമകൾ കാണുന്നതു നിറുത്തി, അസഭ്യസംസാരവും ഉപേക്ഷിച്ചു. (എഫെസ്യർ 5:3, 4) പതുക്കെ വെള്ളക്കാരോടുള്ള എന്റെ മുൻവിധിയെപ്പോലും ഞാൻ കീഴ്‌പെടുത്തി. (പ്രവൃത്തികൾ 10:34, 35) ഈ മാറ്റങ്ങളൊക്കെ വരുത്താൻ എനിക്കു കഴിഞ്ഞതു വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ആ സംഗീതം ഒഴിവാക്കിയതുകൊണ്ടും മോശമായ ജീവിതത്തിലേക്കു മടങ്ങിപ്പോകാൻ എന്നെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകെട്ട്‌ ഉപേക്ഷിച്ചതുകൊണ്ടും ആണ്‌.

ഈ മാറ്റങ്ങളൊക്കെ വരുത്തിയശേഷം യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാളിൽ ഞാൻ പോകാൻ തുടങ്ങി. അവരോടൊപ്പം ചേരാനും ഞാൻ ആഗ്രഹിച്ചു. പിന്നീട്‌ ഒരു യഹോവയുടെ സാക്ഷിയായി സ്‌നാനമേൽക്കാൻ തീരുമാനിച്ചപ്പോൾ എന്റെ കുടുംബത്തിൽ ആർക്കും അത്‌ ഇഷ്ടമായില്ല. വേറെ ഏത്‌ “ക്രിസ്‌തീയ” മതം തിരഞ്ഞെടുത്താലും യഹോവയുടെ സാക്ഷികളുടെ കൂടെ ചേരരുതെന്ന്‌ അമ്മ എന്നോടു പറഞ്ഞു. ഒരു ഉയർന്ന ഗവൺമെന്റ്‌ ഉദ്യോഗസ്ഥനായ എന്റെ ഒരു അങ്കിൾ ഞാൻ യഹോവയുടെ സാക്ഷികളുടെ കൂടെ കൂടിയതിന്‌ എന്നെ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു.

പക്ഷേ യേശു ആളുകളോട്‌ ഇടപെട്ട വിധത്തെക്കുറിച്ച്‌ പഠിക്കുകയും യേശുവിന്റെ ഉപദേശം ബാധകമാക്കുകയും ചെയ്‌തത്‌ ഈ എതിർപ്പിനെയും പരിഹാസത്തെയും നേരിടാൻ എന്നെ സഹായിച്ചു. സാക്ഷികൾ പഠിപ്പിക്കുന്നതും ബൈബിൾ പറയുന്നതും ഒത്തുനോക്കിയപ്പോൾ ഞാൻ സത്യമതം കണ്ടെത്തിയെന്ന്‌ എനിക്ക്‌ ഉറപ്പായി. ഉദാഹരണത്തിന്‌, മറ്റുള്ളവരോടു പ്രസംഗിക്കാനുള്ള ബൈബിളിന്റെ കല്‌പന അവർ അനുസരിക്കുന്നു. (മത്തായി 28:19, 20; പ്രവൃത്തികൾ 15:14) ഇനി, അവർ രാഷ്ട്രീയകാര്യങ്ങളിലും ഉൾപ്പെടുന്നില്ല.—സങ്കീർത്തനം 146:3, 4; യോഹന്നാൻ 15:17, 18.

എനിക്കു കിട്ടിയ പ്രയോജനങ്ങൾ: ബൈബിളിലെ നിലവാരങ്ങൾക്കനുസരിച്ച്‌ ജീവിക്കാൻ തുടങ്ങിയത്‌ എന്നെ പല തരത്തിൽ സഹായിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, മാരിഹ്വാന ഉപയോഗിക്കുന്നതു നിറുത്തിയപ്പോൾ മാസന്തോറും ഞാൻ ചെലവഴിച്ചിരുന്ന ആയിരക്കണക്കിനു രൂപ എനിക്കു ലാഭമായി. സുബോധമില്ലാത്ത ഒരു അവസ്ഥയിലേക്കു ഞാൻ ഇപ്പോൾ പോകാറില്ല. മറിച്ച്‌, എന്റെ മാനസികവും ശാരീരികവും ആയ ആരോഗ്യം ഒരുപാടു മെച്ചപ്പെട്ടു.

ചെറുപ്പംമുതലേ ഞാൻ ആഗ്രഹിച്ചതുപോലെ ജീവിതത്തിന്‌ ഒരു ലക്ഷ്യവും ഉദ്ദേശ്യവും ഒക്കെ ഇപ്പോൾ ഉണ്ട്‌. ഏറ്റവും പ്രധാനമായി, ദൈവവുമായി ഒരു അടുത്ത ബന്ധമുള്ളതായി എനിക്ക്‌ ഇപ്പോൾ തോന്നുന്നു.—യാക്കോബ്‌ 4:8.

“എന്റെ ദേഷ്യത്തെ നിയന്ത്രിക്കാൻ ഞാൻ പഠിച്ചു.”മാർട്ടിനൊ പെട്‌റെറ്റി

വയസ്സ്‌: 43

രാജ്യം: ഓസ്‌ട്രേലിയ

ചരിത്രം: മയക്കുമരുന്ന്‌ ഇടപാടുകൾ നടത്തിയിരുന്നു

എന്റെ പഴയ കാലം: ചെറുപ്പത്തിൽ പല സ്ഥലങ്ങളിലായിട്ടാണു ഞാൻ വളർന്നുവന്നത്‌. കാരണം, ഞങ്ങളുടെ കുടുംബം ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ എപ്പോഴും താമസം മാറിക്കൊണ്ടിരിക്കും. ചെറിയ പട്ടണങ്ങളിലും ഒരു വലിയ നഗരത്തിലും ഞങ്ങൾ താമസിച്ചിട്ടുണ്ട്‌, കുറച്ചുകാലം പ്രൊട്ടസ്റ്റന്റ്‌ സഭക്കാരുടെ നേതൃത്വത്തിൽ ആദിവാസികളെ പാർപ്പിച്ചിരുന്ന സ്ഥലത്തും. അവിടെ എന്റെ അങ്കിൾമാരുടെയും ബന്ധുക്കളുടെയും കൂടെ താമസിച്ചതിന്റെ കുറെ നല്ല ഓർമകൾ എനിക്കുണ്ട്‌. അന്ന്‌ ഞങ്ങൾ ഒരുമിച്ച്‌ ചൂണ്ടയിട്ടതും നായാട്ടിനു പോയതും ആദിവാസികളുടെ പല ഉപകരണങ്ങൾ ഉണ്ടാക്കിയതും എല്ലാം ഞാൻ ഓർക്കുന്നു.

എന്റെ പപ്പ ബോക്‌സിങ്‌ ചെയ്യുന്ന ഒരാളായിരുന്നു. ചെറുപ്പത്തിലേതന്നെ എന്നെ അതു പഠിപ്പിക്കുകയും ചെയ്‌തു. അതുകൊണ്ട്‌ ആളുകളെ ആക്രമിക്കുന്നത്‌ എന്റെ പതിവായിരുന്നു. കൗമാരപ്രായത്തിൽത്തന്നെ ബാറുകളിൽ പോയിരുന്ന്‌ കുടിക്കുന്നത്‌ ഞാൻ ശീലമാക്കി. മണിക്കൂറുകളോളം അവിടെ ചെലവഴിച്ചിരുന്നു. ഞാനും എന്റെ കൂട്ടുകാരും അടി ഉണ്ടാക്കാനുള്ള അവസരങ്ങൾക്കായി നോക്കിയിരിക്കും. 20 പേരോ അതിൽ കൂടുതലോ ഉള്ള ഒരു കൂട്ടം ആളുകൾ വന്നാൽ ഞങ്ങൾ കത്തികളും ബേസ്‌ ബോൾ കളിക്കാൻ ഉപയോഗിക്കുന്ന ബാറ്റുകളും ഒക്കെ ഉപയോഗിച്ച്‌ അവരെ ആക്രമിക്കും.

തുറമുഖ തൊഴിലാളികൾ വഴി ലഭിക്കുന്ന കള്ളക്കടത്തു സാധനങ്ങളും മയക്കുമരുന്നുകളും വിറ്റാണു ഞാൻ പണം ഉണ്ടാക്കിയിരുന്നത്‌. മയക്കുമരുന്ന്‌ ഇടപാടുകാർക്കുവേണ്ടി ഞാൻ പണം പിരിച്ചുകൊടുത്തു. അതിനുവേണ്ടി തോക്കുകൾ ഉപയോഗിച്ച്‌ ആളുകളെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും എനിക്ക്‌ ഒരു മടിയും ഇല്ലായിരുന്നു. ഒരു കൊലയാളിയാകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്റെ മുദ്രാവാക്യംതന്നെ, കൊല്ലുക അല്ലെങ്കിൽ കൊല്ലപ്പെടുക എന്നതായിരുന്നു.

ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു: ചെറുപ്പത്തിലേതന്നെ യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ ഞാൻ കേട്ടിട്ടുണ്ട്‌. 20 വയസ്സായപ്പോൾ യഹോവയുടെ സാക്ഷികൾ എവിടെയുണ്ടെന്ന്‌ അറിയാമോ എന്ന്‌ ഞാൻ എന്റെ അമ്മയോടു ചോദിച്ചതു ഞാൻ ഓർക്കുന്നു. രണ്ടു ദിവസം കഴിഞ്ഞ്‌ ഡിക്‌സൺ എന്നു പേരുള്ള ഒരു സാക്ഷി ഞങ്ങളുടെ വാതിലിൽ മുട്ടി. കുറച്ചുനേരം ഞങ്ങൾ സംസാരിച്ച്‌ ഇരുന്നു. അതിനു ശേഷം യഹോവയുടെ സാക്ഷികളുടെ ഒരു മീറ്റിങ്ങിന്‌ അദ്ദേഹം എന്നെ ക്ഷണിച്ചു. ആ മീറ്റിങ്ങിനു ഞാൻ പോയി. അന്നുമുതൽ ഇന്നുവരെ 20 വർഷത്തിലേറെയായി ഒരു മീറ്റിങ്ങുകളും ഞാൻ മുടക്കിയിട്ടില്ല. എന്റെ എല്ലാ ചോദ്യങ്ങൾക്കും ബൈബിളിൽനിന്ന്‌ സാക്ഷികൾ എനിക്ക്‌ ഉത്തരം തന്നു.

യഹോവയ്‌ക്ക്‌ ഓരോ വ്യക്തികളിലും, പാപികളായ ആളുകളിൽപ്പോലും താത്‌പര്യമുണ്ടെന്നു പഠിച്ചത്‌ എന്നെ വളരെയധികം സന്തോഷിപ്പിച്ചു. (2 പത്രോസ്‌ 3:9) മറ്റാര്‌ എന്നെ ഉപേക്ഷിച്ചാലും ഒരു സ്‌നേഹവാനായ പിതാവിനെപ്പോലെ യഹോവ എന്നെ കരുതുമെന്ന്‌ എനിക്കു മനസ്സിലായി. നമ്മൾ മാറ്റങ്ങൾ വരുത്തിയാൽ എന്റെ പാപങ്ങൾ യഹോവ ക്ഷമിക്കും എന്നു പഠിച്ചതും എനിക്കു വലിയ ആശ്വാസം തന്നു. എഫെസ്യർ 4:22-24 വരെയുള്ള വാക്യങ്ങൾ എന്നെ ശരിക്കും സ്വാധീനിച്ചു. ‘പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ്‌ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച്‌ സൃഷ്ടിച്ചിരിക്കുന്ന പുതിയ വ്യക്തിത്വം ധരിക്കാൻ’ ആ വാക്യം എന്നെ പ്രചോദിപ്പിച്ചു.

എന്റെ ജീവിതരീതി മാറ്റാൻ ഞാൻ കുറച്ച്‌ സമയം എടുത്തു. തിങ്കളാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെ ഞാൻ മയക്കുമരുന്നുകൾ ഉപയോഗിക്കാതിരിക്കും. പക്ഷേ ശനിയും ഞായറും കൂട്ടുകാരോടൊപ്പം ആയിരിക്കുമ്പോൾ എന്റെ നിയന്ത്രണം പോകും. എന്റെ ജീവിതത്തിൽ ഒരു മാറ്റം വരുത്തണമെങ്കിൽ കൂട്ടുകാരിൽനിന്നൊക്കെ മാറി പുതിയൊരു സ്ഥലത്തേക്കു പോകണമെന്ന്‌ എനിക്കു മനസ്സിലായി. അതുകൊണ്ട്‌ മറ്റൊരു സംസ്ഥാനത്തേക്കു പോകാൻ ഞാൻ തീരുമാനിച്ചു. എന്നാൽ എന്റെ കൂട്ടുകാരിൽ ചിലർ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്നു. യാത്രയ്‌ക്കിടയിൽ അവർ മാരിഹ്വാന ഉപയോഗിച്ചു, എന്നെയും അത്‌ ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ഈ ശീലങ്ങൾ ഉപേക്ഷിക്കാനാണ്‌ എന്റെ തീരുമാനം എന്ന്‌ ഞാൻ അവരോടു തുറന്നുപറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ടായി പിരിഞ്ഞു, ഞാൻ ഒറ്റയ്‌ക്കു യാത്ര തുടർന്നു. പിന്നീട്‌ ഞാൻ അറിഞ്ഞു, എന്റെ കൂട്ടുകാർ ഒരു തോക്ക്‌ ഉപയോഗിച്ച്‌ ഒരു ബാങ്ക്‌ കൊള്ളയടിച്ചെന്ന്‌.

എനിക്കു ലഭിച്ച പ്രയോജനങ്ങൾ: അവരുമായുള്ള കൂട്ടുകെട്ട്‌ ഞാൻ അവസാനിപ്പിച്ചപ്പോൾ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ എനിക്ക്‌ കൂടുതൽ എളുപ്പമായി. 1989-ൽ ഞാൻ ഒരു യഹോവയുടെ സാക്ഷിയായി സ്‌നാനമേറ്റു. ഞാൻ സ്‌നാനമേറ്റശേഷം എന്റെ പെങ്ങളും അമ്മയും പപ്പയും എന്നോടൊപ്പം യഹോവയെ സേവിക്കാൻ തുടങ്ങി.

എന്റെ വിവാഹം കഴിഞ്ഞിട്ട്‌ ഇപ്പോൾ 17 വർഷമായി. ഞങ്ങൾക്ക്‌ മൂന്നു മക്കളുണ്ട്‌. ആരെങ്കിലും പ്രകോപിപ്പിച്ചാൽപ്പോലും എന്റെ ദേഷ്യത്തെ നിയന്ത്രിക്കാൻ എനിക്ക്‌ പറ്റുന്നുണ്ട്‌. എല്ലാ “ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” നിന്നുള്ള ആളുകളെ സ്‌നേഹിക്കാൻ ഞാൻ ഇപ്പോൾ പഠിച്ചു. (വെളിപാട്‌ 7:9) യേശുവിന്റെ ഈ വാക്കുകൾ എന്റെ കാര്യത്തിൽ സത്യമായിത്തീർന്നു. യേശു പറഞ്ഞു: “നിങ്ങൾ എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യന്മാരാണ്‌. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”—യോഹന്നാൻ 8:31, 32.

[അടിക്കുറിപ്പ്‌]

^ ഖ. 2 ഒരു ജമൈക്കൻ മതവിഭാഗമാണ്‌ ഇത്‌. പിരിച്ചുകെട്ടിയ, ജട പിടിച്ച മുടി വളർത്തുന്നത്‌ അവരുടെ രീതിയാണ്‌. എത്യോപ്യയിലെ ഹെയ്‌ലി സെലാസിയെ ഒരു ദൈവമായി അവർ കണക്കാക്കുന്നു.

[ആകർഷകവാക്യം]

ജീവിതത്തിൽ മാറ്റം വരുത്തുന്നതിൽ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സംഗീതം ഉപേക്ഷിക്കുന്നതും ഉൾപ്പെട്ടിരുന്നു

[ആകർഷകവാക്യം]

ഞാനും എന്റെ കൂട്ടുകാരും അടി ഉണ്ടാക്കാനുള്ള അവസരങ്ങൾക്കായി നോക്കിയിരിക്കും. 20 പേരോ അതിൽ കൂടുതലോ ഉള്ള ഒരു കൂട്ടം ആളുകൾ വന്നാൽ ഞങ്ങൾ കത്തികളും ബേസ്‌ ബോൾ കളിക്കാൻ ഉപയോഗിക്കുന്ന ബാറ്റുകളും ഒക്കെ ഉപയോഗിച്ച്‌ അവരെ ആക്രമിക്കും