മദ്യത്തെ അതിന്റെ സ്ഥാനത്ത് നിറുത്തുക
മദ്യത്തെ അതിന്റെ സ്ഥാനത്ത് നിറുത്തുക
കുറച്ച് വർഷങ്ങൾക്കു മുമ്പ് ഒരു വാഹനാപകടത്തിലാണു ടോണി മരിച്ചത്. അമിതമദ്യപാനം ആയിരുന്നു അപകടകാരണം. തനിക്ക് ഇങ്ങനെയൊരു ശീലം ഉണ്ടെന്ന് അദ്ദേഹം സമ്മതിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ടോണി ഇന്നും ജീവനോടെ കാണുമായിരുന്നു. താൻ എത്ര കഴിച്ചാലും ആരും അറിയില്ലെന്നും തനിക്കൊരു കുഴപ്പവുമില്ലെന്നും ആണ് അദ്ദേഹം കരുതിയത്. അതുകൊണ്ടുതന്നെ മദ്യപിച്ചാൽ തനിക്ക് പൂർണനിയന്ത്രണം ഉണ്ടെന്നു ടോണി ചിന്തിച്ചു. അദ്ദേഹത്തിന്റെ ആ വിലയിരുത്തൽ തെറ്റായിരുന്നത് എന്തുകൊണ്ടാണ്?
അമിതമായ മദ്യപാനമായിരുന്നു ഇങ്ങനെ തലതിരിഞ്ഞ രീതിയിൽ അദ്ദേഹം ചിന്തിക്കാനുണ്ടായ കാരണം. ടോണി തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും മനസ്സിനെയും ശരീരത്തെയും ചിന്തകളെയും നിയന്ത്രിക്കുന്ന അവയവം, അദ്ദേഹത്തിന്റെ തലച്ചോറ്, മദ്യത്തിന്റെ അമിതമായ ഉപയോഗം കാരണം ശരിയായി പ്രവർത്തിക്കുന്നില്ലായിരുന്നു. കൂടുതൽ മദ്യപിക്കുന്തോറും തന്റെ അവസ്ഥ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ തലച്ചോറിന്റെ കഴിവ് കുറഞ്ഞുകുറഞ്ഞ് വരുകയായിരുന്നു.
ടോണിയുടെ വിലയിരുത്തൽ തെറ്റാനുള്ള രണ്ടാമത്തെ കാരണം, തന്റെ മദ്യപാനം നിറുത്താൻ അദ്ദേഹത്തിന് ഉള്ളിന്റെ ഉള്ളിൽ ആഗ്രഹമില്ലായിരുന്നു എന്നതാണ്. അലൻ എന്ന വ്യക്തിയും മദ്യപിക്കുന്ന ശീലമുണ്ടെന്ന് ആദ്യം നിഷേധിച്ചയാളാണ്. അദ്ദേഹം പറയുന്നു: “കുടിക്കുന്ന കാര്യം ആദ്യമൊക്കെ ഞാൻ മറച്ചുവെച്ചു. പിന്നെപ്പിന്നെ കുടിക്കുന്നതിന് ഓരോരോ ന്യായങ്ങൾ കണ്ടെത്തി. മൂക്കറ്റം കുടിച്ചാലും അധികമൊന്നും കുടിച്ചിട്ടില്ല എന്നു പറഞ്ഞ് രക്ഷപ്പെടാനും നോക്കും. എന്തായാലും കുടിക്കണം എന്ന ഒരൊറ്റ ചിന്തയായിരുന്നു എനിക്ക് എപ്പോഴും.” മദ്യം അലനെയും ടോണിയെയും നിയന്ത്രിക്കുന്നതായി മറ്റുള്ളവർക്കു മനസ്സിലായെങ്കിലും തങ്ങൾക്ക് ഒരു കുഴപ്പവുമില്ല എന്ന ചിന്തയായിരുന്നു അവർക്കു രണ്ടു പേർക്കും. മദ്യപാനം നിയന്ത്രിക്കാൻ രണ്ടു പേരും നടപടി എടുക്കണമായിരുന്നു. എന്തു നടപടി?
നടപടി എടുക്കുക
മദ്യത്തിന്റെ ദുരുപയോഗം നിറുത്തിയ പല ആളുകളും യേശുവിന്റെ ഈ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിച്ചവരാണ്: “അതുകൊണ്ട് നീ ഇടറിവീഴാൻ നിന്റെ വലതുകണ്ണ് ഇടയാക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക; മുഴുശരീരവും ഗീഹെന്നയിലേക്ക് എറിയപ്പെടുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നഷ്ടമാകുന്നതാണു നിനക്കു നല്ലത്.”—മത്തായി 5:29.
സ്വയം പരിക്കേൽപ്പിക്കാനോ അവയവങ്ങൾ ഏതെങ്കിലും മുറിച്ചുമാറ്റാനോ ആവശ്യപ്പെടുകയായിരുന്നില്ല യേശു ഇവിടെ. പകരം ഒരു ആലങ്കാരിക അർഥത്തിലാണ് യേശു സംസാരിച്ചത്. നമുക്ക് ആത്മീയഹാനി വരുത്തുന്ന എന്തും നമ്മുടെ ജീവിതത്തിൽനിന്ന് ഒഴിവാക്കണം എന്നാണ് യേശു ഉദ്ദേശിച്ചത്. അതു ശാരീരികമായും മാനസികമായും വളരെ വേദനയുണ്ടാക്കിയേക്കാം എന്നതു ശരിയാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതു മദ്യത്തിന്റെ ദുരുപയോഗത്തിലേക്കു നയിച്ചേക്കാവുന്ന ചിന്തകളിൽനിന്നും സാഹചര്യങ്ങളിൽനിന്നും നമ്മളെ സംരക്ഷിക്കും. അതുകൊണ്ട് നിങ്ങളുടെ കുടി അമിതമാകുന്നുണ്ടെന്നു മറ്റുള്ളവർ പറഞ്ഞിട്ടുണ്ടെങ്കിൽ അതു നിയന്ത്രിക്കാൻ വേണ്ട നടപടി എടുക്കുക. * ഇനി, മദ്യപാനം നിയന്ത്രിക്കാൻ നിങ്ങൾക്കു പറ്റുന്നില്ലെന്നു ബോധ്യമായാൽ അതു പൂർണമായും ഒഴിവാക്കാൻ തീരുമാനിക്കുന്നതാണു നല്ലത്. വേദനയുണ്ടാക്കുന്ന കാര്യമാണ് അതെങ്കിലും ജീവിതം നശിക്കുന്നതിനെക്കാൾ നല്ലത് അതല്ലേ?
നിങ്ങൾ മദ്യത്തിന് അടിമയല്ലെങ്കിലും കുടിക്കുന്ന അവസരങ്ങളിൽ അമിതമായി കുടിക്കാറുണ്ടോ? അങ്ങനെയാണെങ്കിൽ മദ്യത്തെ വരുതിയിൽ നിറുത്താൻ നിങ്ങൾക്കു പ്രായോഗികമായി എന്തെല്ലാം ചെയ്യാൻ കഴിയും?
സഹായം എവിടെനിന്ന്
1. കൂടെക്കൂടെ ആത്മാർഥമായി പ്രാർഥിക്കുക. ആ പ്രാർഥനയുടെ ശക്തിയിൽ വിശ്വസിക്കുക. ദൈവമായ യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരോടും ബൈബിൾ ഇങ്ങനെ പറയുന്നു: “കാര്യം എന്തായാലും പ്രാർഥനയിലൂടെയും ഉള്ളുരുകിയുള്ള യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ നന്ദിവാക്കുകളോടെ ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും ക്രിസ്തുയേശു മുഖാന്തരം കാക്കും.” (ഫിലിപ്പിയർ 4:6, 7) ഈ മനസ്സമാധാനം കിട്ടാൻ നിങ്ങൾക്ക് എങ്ങനെ പ്രാർഥിക്കാം?
നിങ്ങൾക്കു മദ്യപിക്കുന്ന ഒരു ശീലമുണ്ടെന്നു തുറന്നുസമ്മതിക്കുക. അതു പരിഹരിക്കാൻ ആഗ്രഹിക്കുന്നെന്നും ദൈവത്തോടു പറയുക. ഈ ദുശ്ശീലം മറികടക്കാൻ നിങ്ങൾ എന്തു ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നു ദൈവത്തോടു പറയുമ്പോൾ ആശ്വാസം കണ്ടെത്താനും കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കാനും ഉള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും. “സ്വന്തം തെറ്റുകൾ മൂടിവെക്കുന്നവൻ വിജയിക്കില്ല; അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനു കരുണ ലഭിക്കും.” (സുഭാഷിതങ്ങൾ 28:13) നമുക്ക് ഇങ്ങനെ പ്രാർഥിക്കാമെന്നും യേശു പറഞ്ഞു: “പ്രലോഭനത്തിൽ അകപ്പെടുത്താതെ ദുഷ്ടനിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ.” (മത്തായി 6:13, അടിക്കുറിപ്പ്) അങ്ങനെയാണെങ്കിൽ, നിങ്ങളുടെ പ്രാർഥനകൾക്കനുസരിച്ച് എങ്ങനെ പ്രവർത്തിക്കാം? നിങ്ങളുടെ അപേക്ഷകൾക്കുള്ള ഉത്തരം എവിടെനിന്ന് കിട്ടും?
2. ദൈവവചനത്തിൽനിന്ന് ശക്തി നേടുക. “ദൈവത്തിന്റെ വാക്കുകൾ ജീവനുള്ളതും ശക്തി ചെലുത്തുന്നതും . . . ആണ്. . . . അതിനു ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും തിരിച്ചറിയാനുള്ള കഴിവുമുണ്ട്.” (എബ്രായർ 4:12) ദിവസവും ബൈബിൾ വായിക്കുകയും അതെക്കുറിച്ച് ചിന്തിക്കുകയും ചെയ്തത് മദ്യപാനത്തിൽനിന്ന് കരകയറാൻ പലരെയും സഹായിച്ചിട്ടുണ്ട്. ദൈവഭക്തനായ ഒരു സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “ദുഷ്ടന്മാരുടെ ഉപദേശമനുസരിച്ച് നടക്കുകയോ പാപികളുടെ വഴിയിൽ നിൽക്കുകയോ . . . ചെയ്യാത്ത മനുഷ്യൻ സന്തുഷ്ടൻ. യഹോവയുടെ നിയമമാണ് അവന് ആനന്ദം പകരുന്നത്. അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു. . . . അവൻ ചെയ്യുന്നതെല്ലാം സഫലമാകും.”—സങ്കീർത്തനം 1:1-3.
യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചപ്പോൾ അലന് മദ്യപാനത്തെ കീഴടക്കാനായി. അലൻ പറയുന്നു: “ഒരു കാര്യം എനിക്ക് ഉറപ്പാണ്, മദ്യപാനം നിറുത്താൻ ബൈബിളും ബൈബിൾതത്ത്വങ്ങളും എന്നെ സഹായിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ജീവനോടെ കാണില്ലായിരുന്നു.”
3. ആത്മനിയന്ത്രണം വളർത്തിയെടുക്കുക. ആദ്യകാല ക്രിസ്തീയസഭയിൽ ഉണ്ടായിരുന്ന ചിലർ മുമ്പ് കുടിയന്മാരായിരുന്നു. എന്നാൽ അവരെ ‘ദൈവത്തിന്റെ ആത്മാവിനാൽ’ കഴുകി വെടിപ്പാക്കി എന്നു പറഞ്ഞിരിക്കുന്നു. (1 കൊരിന്ത്യർ 6:9-11) എങ്ങനെ? ദൈവാത്മാവിന്റെ സഹായത്താൽ ആത്മനിയന്ത്രണം എന്ന ഗുണം വളർത്തിയെടുത്തതാണു മുഴുക്കുടിയും വന്യമായ ആഘോഷങ്ങളും ഒക്കെ ഉപേക്ഷിക്കാൻ അവരെ സഹായിച്ചത്. “വീഞ്ഞു കുടിച്ച് മത്തരാകരുത്. അതു താന്തോന്നിത്തത്തിലേക്കു നയിക്കും. പകരം, നിങ്ങളിൽ നിറയേണ്ടതു ദൈവാത്മാവാണ്.” (എഫെസ്യർ 5:18; ഗലാത്യർ 5:21-23) യേശു ഈ ഉറപ്പുതരുന്നു: ‘സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കും.’ അതുകൊണ്ട് “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും.”—ലൂക്കോസ് 11:9, 13.
ദൈവം അംഗീകരിക്കുന്ന വിധത്തിൽ ദൈവത്തെ ആരാധിക്കുന്നതിന് ആത്മനിയന്ത്രണം എന്ന ഗുണം ആവശ്യമാണ്. ബൈബിളിന്റെ വായനയിലൂടെയും പഠനത്തിലൂടെയും കൂടെക്കൂടെയുള്ള ആത്മാർഥമായ പ്രാർഥനയിലൂടെയും ആ ഗുണം വളർത്തിയെടുക്കാൻ കഴിയും. ബൈബിൾ ഈ ഉറപ്പുതരുന്നു: “ആത്മാവിനുവേണ്ടി വിതയ്ക്കുന്നവൻ ആത്മാവിൽനിന്ന് നിത്യജീവൻ കൊയ്യും. അതുകൊണ്ട് നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്. തളർന്നുപോകാതിരുന്നാൽ തക്കസമയത്ത് നമ്മൾ കൊയ്യും.” (ഗലാത്യർ 6:8, 9) ഇതെക്കുറിച്ച് ചിന്തിക്കുന്നതു നിരാശയിൽ മുങ്ങിപ്പോകാതിരിക്കാൻ നിങ്ങളെ സഹായിക്കും.
4. നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കുക. “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും; എന്നാൽ വിഡ്ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.” (സുഭാഷിതങ്ങൾ 13:20) മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാൻ തീരുമാനിച്ചു എന്ന കാര്യം നിങ്ങളുടെ സുഹൃത്തുക്കളോടു പറയുക. എന്നാൽ നിങ്ങൾ ‘അമിതമായ മദ്യപാനവും വന്യമായ ആഘോഷങ്ങളും മത്സരിച്ചുള്ള കുടിയും’ നിറുത്തുമ്പോൾ നിങ്ങളുടെ പഴയ സുഹൃത്തുക്കൾ ‘അതിശയിക്കുകയും നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തേക്കാമെന്ന്’ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (1 പത്രോസ് 4:3, 4) മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാനുള്ള നിങ്ങളുടെ തീരുമാനത്തിന് ഒരു വിലയും കൽപ്പിക്കാത്തവരുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കുക.
5. കൃത്യമായ പരിധി വെക്കുക. “ഈ വ്യവസ്ഥിതി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്. പകരം, മനസ്സു പുതുക്കി രൂപാന്തരപ്പെടുക. അങ്ങനെ, നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച് ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.” (റോമർ 12:2) നിങ്ങളുടെ കാര്യത്തിൽ ഒരു പരിധി നിശ്ചയിക്കാൻ നിങ്ങളുടെ സുഹൃത്തുക്കളെയോ ‘ഈ വ്യവസ്ഥിതിയെയോ’ അനുവദിക്കുന്നതിനു പകരം ദൈവവചനത്തിലെ തത്ത്വങ്ങളെ അനുവദിക്കുകയാണെങ്കിൽ ദൈവത്തിന് ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കാൻ നിങ്ങൾക്കു കഴിയും. പക്ഷേ നിങ്ങൾക്ക് സുരക്ഷിതമായ ഒരു പരിധി എത്രയാണെന്ന് എങ്ങനെ അറിയാനാകും?
കാര്യങ്ങളെ ശരിയായി വിലയിരുത്താനുള്ള നിങ്ങളുടെ പ്രാപ്തിയെ മന്ദീഭവിപ്പിക്കുന്ന ഏതൊരു അളവും നിങ്ങൾക്ക് അധികമാണ്. അതുകൊണ്ട് നിങ്ങളുടെ പരിധി എത്രയാണെന്നു തീരുമാനിക്കുമ്പോൾ ഒരു കാര്യം ഓർക്കണം, നിങ്ങൾ വെക്കുന്നത് ഒരു അവ്യക്തമായ പരിധി ആയിരിക്കരുത്. ബോധം നഷ്ടമാകുന്നതിനു മുമ്പ് എപ്പോഴെങ്കിലും നിറുത്തിയാൽ മതി എന്നു ചിന്തിക്കരുത്. നിങ്ങളുടെ പരിധിയുടെ കാര്യത്തിൽ സത്യസന്ധമായ വിലയിരുത്തൽ നടത്തിയിട്ട് യാഥാർഥ്യം അംഗീകരിക്കുന്നതിൽ മടികാണിക്കരുത്. മിതത്വത്തിന്റെ അതിരുകൾ ലംഘിക്കാത്ത കൃത്യമായ പരിധി വെക്കുക. അത് അപകടസാധ്യത കുറയ്ക്കും, മദ്യാസക്തിയിലേക്കു വീണുപോകാതിരിക്കാൻ സഹായിക്കും.
6. വേണ്ടാ എന്നു പറയാൻ പഠിക്കുക. “നിങ്ങൾ ‘ഉവ്വ്’ എന്നു പറഞ്ഞാൽ ഉവ്വ് എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരിക്കണം.” (മത്തായി 5:37) ആതിഥേയൻ എത്രവട്ടം നിർബന്ധിച്ചാലും നയപൂർവം “വേണ്ടാ” എന്നു പറയാൻ പഠിക്കുക. “എപ്പോഴും നിങ്ങളുടെ വാക്കുകൾ, ഉപ്പു ചേർത്ത് രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ. അങ്ങനെയാകുമ്പോൾ, ഓരോരുത്തർക്കും എങ്ങനെ മറുപടി കൊടുക്കണമെന്നു നിങ്ങൾ അറിഞ്ഞിരിക്കും.”—കൊലോസ്യർ 4:6.
7. ആരുടെയെങ്കിലും സഹായം തേടുക. മദ്യപാനം നിയന്ത്രിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തുകയും ആത്മീയമായി നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കുക. “ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്. കാരണം അവർക്ക് അവരുടെ അധ്വാനത്തിനു നല്ല പ്രതിഫലമുണ്ട്. ഒരാൾ വീണാൽ മറ്റേയാൾക്ക് എഴുന്നേൽപ്പിക്കാനാകുമല്ലോ.” (സഭാപ്രസംഗകൻ 4:9, 10; യാക്കോബ് 5:14, 16) മദ്യാസക്തിയെക്കുറിച്ച് പഠനം നടത്തുന്ന ഐക്യനാടുകളിലെ ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ആൽക്കഹോൾ അബ്യൂസ് ആൻഡ് ആൽക്കഹോളിസം എന്ന സ്ഥാപനത്തിനും ഇതേ അഭിപ്രായമാണ് ഉള്ളത്. അവർ ഇങ്ങനെ പറയുന്നു: “മദ്യത്തിന്റെ അളവ് കുറച്ചുകൊണ്ടുവരാൻ ചിലപ്പോഴൊക്കെ നിങ്ങൾക്കു ബുദ്ധിമുട്ടായിരിക്കും. എങ്കിലും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായം ഉണ്ടെങ്കിൽ നിങ്ങൾക്ക് ആ ലക്ഷ്യത്തിലെത്താൻ സാധിക്കും.”
8. നിങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുക. “ദൈവവചനം കേൾക്കുക മാത്രം ചെയ്തുകൊണ്ട് തെറ്റായ വാദങ്ങളാൽ നിങ്ങളെത്തന്നെ വഞ്ചിക്കരുത്; പകരം വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവരാകണം. സ്വാതന്ത്ര്യം നൽകുന്ന തികവുറ്റ നിയമത്തിൽ സൂക്ഷിച്ചുനോക്കി അതിൽ തുടരുന്നയാൾ, കേട്ട് മറക്കുന്നയാളല്ല, അത് അനുസരിക്കുന്നയാളാണ്. താൻ ചെയ്യുന്ന കാര്യത്തിൽ അയാൾ സന്തോഷിക്കും.”—യാക്കോബ് 1:22, 25.
മദ്യാസക്തിയുടെ പിടിയിൽനിന്ന് പുറത്തുകടക്കാൻ
പരിധിവിട്ട് കുടിക്കുന്ന എല്ലാവരും മദ്യത്തിന് അടിമയാകാറില്ല എന്നതു ശരിയാണ്. എന്നാൽ അമിതമായോ പതിവായോ കുടിക്കുന്ന ചിലരെങ്കിലും അതിന് അടിമയായി പോകാറുമുണ്ട്. അങ്ങനെയുള്ളവരുടെ മനസ്സിനെ മാത്രമല്ല ശരീരത്തെപ്പോലും കീഴടക്കാനുള്ള ശക്തി അതിന് ഉള്ളതുകൊണ്ട് വെറും മനഃശക്തികൊണ്ടോ ആത്മീയസഹായംകൊണ്ടോ മാത്രം അതിന്റെ പിടിയിൽനിന്ന് പുറത്തുകടക്കാൻ കഴിയണമെന്നില്ല. അലൻ ഓർക്കുന്നു: “ഞാൻ കുടി നിറുത്താൻ നോക്കിയ സമയത്ത് ശാരീരികമായ വേദനകളും അസ്വസ്ഥതകളും ഒക്കെ ഭയങ്കരമായിരുന്നു. എനിക്കു കിട്ടിക്കൊണ്ടിരുന്ന ആത്മീയസഹായത്തിനു പുറമേ ഡോക്ടർമാരുടെ സഹായവും ആവശ്യമാണെന്ന് എനിക്ക് അപ്പോൾ മനസ്സിലായി.”
ചിലർക്കു മദ്യാസക്തിയിൽനിന്ന് പുറത്തുകടക്കാനും അതിലേക്കു വീണ്ടും വീണുപോകാതിരിക്കാനും ആത്മീയസഹായം മാത്രം പോരാ. * വൈദ്യസഹായവും കൂടി വേണ്ടിവന്നേക്കും. ചിലരെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടി വന്നേക്കാം. മദ്യപാനം നിറുത്തുമ്പോഴുണ്ടാകുന്ന കടുത്ത അസ്വസ്ഥതകളെ മറികടക്കാൻ അവർ സഹായിക്കും. മദ്യത്തോടുള്ള ആസക്തി കുറയ്ക്കാനും വീണ്ടും അതിലേക്കു വീണുപോകാതിരിക്കാനും സഹായിക്കുന്ന മരുന്നുകളും അവർ കൊടുത്തേക്കാം. ധാരാളം അത്ഭുതങ്ങൾ ചെയ്തിട്ടുള്ള ദൈവപുത്രൻ ഇങ്ങനെ പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.”—മർക്കോസ് 2:17.
ദൈവത്തിന്റെ നിർദേശങ്ങൾ അനുസരിക്കുന്നതിന്റെ പ്രയോജനങ്ങൾ
മദ്യത്തെക്കുറിച്ച് ബൈബിളിലുള്ള നല്ലനല്ല നിർദേശങ്ങൾ സത്യദൈവത്തിൽനിന്നുള്ളതാണ്. നമുക്ക് ഏറ്റവും നല്ലതു വന്നുകാണാനാണു ദൈവം ആഗ്രഹിക്കുന്നത്. നമ്മൾ ഇന്നു മാത്രമല്ല എന്നും സന്തോഷത്തോടെയിരിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. 24 വർഷം മുമ്പ് കുടി നിറുത്തിയ അലൻ ഓർക്കുന്നു: “എനിക്കു മാറാൻ പറ്റുമെന്നു മനസ്സിലാക്കിയപ്പോൾ വളരെ സന്തോഷം തോന്നി, മാറ്റം വരുത്താൻ എന്നെ സഹായിക്കാൻ ദൈവത്തിന് ആഗ്രഹമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയപ്പോൾ . . . ” ഇത്രയും പറഞ്ഞപ്പോഴേക്കും പലപല ഓർമകൾ മനസ്സിലേക്കു വന്നിട്ട് കണ്ണീരടക്കാൻ പാടുപെട്ട അലൻ തുടർന്നു: “യഹോവയ്ക്ക് എന്നെ നന്നായി അറിയാമെന്നും എന്നെക്കുറിച്ച് ചിന്തയുണ്ടെന്നും എന്തു സഹായം വേണമെങ്കിലും ചെയ്യുമെന്നും മനസ്സിലായപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.”
അതുകൊണ്ട് നിങ്ങൾ അമിതമായി മദ്യപിക്കുന്നയാളോ മദ്യത്തിന് അടിമയായ വ്യക്തിയോ ആണെങ്കിൽ നിരാശപ്പെടരുത്. പ്രതീക്ഷയ്ക്കു വകയുണ്ട്. നിങ്ങളുടെ അതേ അവസ്ഥയിലൂടെ കടന്നുപോയ അലനും മറ്റ് അനേകം പേരും മദ്യപാനം കുറയ്ക്കുകയോ അതു പൂർണമായും നിറുത്തുകയോ ചെയ്തിട്ടുണ്ട്. അവർക്ക് ആർക്കും അതിൽ ഒരു വിഷമവുമില്ല. നിങ്ങൾക്കും അങ്ങനെതന്നെ തോന്നും.
അതുകൊണ്ട് നിങ്ങളുടെ തീരുമാനം മദ്യം മിതമായി മാത്രം കഴിക്കാനോ അല്ലെങ്കിൽ ഒട്ടുംതന്നെ കഴിക്കാതിരിക്കാനോ ആണെങ്കിലും ദൈവം സ്നേഹത്തോടെ നൽകുന്ന ഈ ഉപദേശം ഓർക്കണം: “നീ എന്റെ കല്പനകൾ അനുസരിച്ചാൽ എത്ര നന്നായിരിക്കും! അപ്പോൾ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും ആയിത്തീരും.”—യശയ്യ 48:18.
[അടിക്കുറിപ്പുകൾ]
^ ഖ. 7 “മദ്യം പിടിമുറുക്കുകയാണോ” എന്ന ചതുരം കാണുക.
^ ഖ. 24 സഹായം നൽകുന്ന നിരവധി ചികിത്സാകേന്ദ്രങ്ങളും ആശുപത്രികളും ലഹരിമോചനകേന്ദ്രങ്ങളും ഉണ്ട്. ഈ മാസിക ഏതെങ്കിലും ഒരു ചികിത്സാരീതി പ്രത്യേകമായി നിർദേശിക്കുന്നില്ല. ഓരോ വ്യക്തിയും തന്റെ മുമ്പിലുള്ള ചികിത്സാരീതികളെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ട് ബൈബിൾതത്ത്വങ്ങൾക്ക് വിരുദ്ധമല്ലാത്ത ഒന്ന് സ്വന്തമായി തിരഞ്ഞെടുക്കണം.
[ചതുരം]
മദ്യം പിടിമുറുക്കുകയാണോ?
സ്വയം ചോദിക്കുക:
• ഞാൻ കുടിക്കുന്നതിന്റെ അളവ് ഇയ്യിടെയായി കൂടിയിട്ടുണ്ടോ?
• ഞാൻ ഇപ്പോൾ മുമ്പത്തെക്കാൾ കൂടുതൽ പ്രാവശ്യം കുടിക്കുന്നുണ്ടോ?
• ഞാൻ മുമ്പത്തെക്കാൾ വീര്യം കൂടിയവ കഴിക്കാൻ തുടങ്ങിയിട്ടുണ്ടോ?
• ടെൻഷനോ പ്രശ്നങ്ങളോ ഒക്കെ മറികടക്കാൻ ഞാൻ മദ്യം ഉപയോഗിക്കാറുണ്ടോ?
• ഞാൻ കുടിക്കുന്നതിനെക്കുറിച്ച് ഒരു സുഹൃത്തോ കുടുംബാംഗമോ എന്നെ ആശങ്ക അറിയിച്ചിട്ടുണ്ടോ?
• ഞാൻ മദ്യപിച്ചതുകൊണ്ട് വീട്ടിലോ ജോലിസ്ഥലത്തോ ഉല്ലാസയാത്രകൾക്കിടയിലോ പ്രശ്നമുണ്ടായിട്ടുണ്ടോ?
• മദ്യപിക്കാതെ ഒരാഴ്ച കഴിഞ്ഞുകൂടുന്നതു ബുദ്ധിമുട്ടായി എനിക്കു തോന്നാറുണ്ടോ?
• മറ്റുള്ളവർ മദ്യം നിരസിക്കുന്നതു കാണുമ്പോൾ ഞാൻ അസ്വസ്ഥനാകാറുണ്ടോ?
• ഞാൻ എത്ര കുടിക്കാറുണ്ടെന്ന കാര്യം മറ്റുള്ളവരിൽനിന്ന് മറച്ചുപിടിക്കാറുണ്ടോ?
ഇതിൽ ഒന്നോ അതിലധികമോ ചോദ്യങ്ങൾക്ക് ‘ഉണ്ട്’ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ മദ്യപാനം നിയന്ത്രിക്കേണ്ട സമയമായി എന്നാണ് അതു സൂചിപ്പിക്കുന്നത്.
[ചതുരം]
മദ്യപിക്കുന്നതിനെക്കുറിച്ച് ശരിയായ തീരുമാനമെടുക്കാൻ
മദ്യം കഴിക്കുന്നതിനു മുമ്പ് ഇതു ചിന്തിക്കുക:
• ഞാൻ മദ്യം കഴിക്കണോ, അതോ ഒഴിവാക്കണോ?
ചെയ്യാവുന്നത്: മദ്യപാനത്തിനു പരിധിവെക്കാൻ കഴിയാത്തവർ അത് ഒഴിവാക്കുന്നതാണു നല്ലത്.
• എനിക്ക് എത്രത്തോളം കുടിക്കാം?
ചെയ്യാവുന്നത്: മദ്യം നിങ്ങളുടെ തീരുമാനശേഷിയെ ബാധിച്ചേക്കാവുന്നതുകൊണ്ട് കുടിച്ചുതുടങ്ങുന്നതിനു മുമ്പേ ഒരു പരിധി നിശ്ചയിക്കാം.
• എനിക്ക് എപ്പോൾ കുടിക്കാം?
ചെയ്യാവുന്നത്: ചില സാഹചര്യങ്ങളിൽ മദ്യപാനം ഒഴിവാക്കുന്നതു നന്നായിരിക്കും. ഡ്രൈവിങ്ങോ വളരെ ശ്രദ്ധ ആവശ്യമായ, അതുപോലുള്ള മറ്റു കാര്യങ്ങളോ ചെയ്യുന്നതിനു മുമ്പ് കുടിക്കാതിരിക്കാം. ആരാധനാപരമായ കാര്യങ്ങൾക്കു മുമ്പും അത് ഒഴിവാക്കാം. ഗർഭകാലത്ത് മദ്യം വർജിക്കുന്നതാണു നല്ലത്. ചില പ്രത്യേകമരുന്നുകൾ കഴിക്കുമ്പോഴും മദ്യം ഒഴിവാക്കേണ്ടിവന്നേക്കാം.
• എനിക്ക് എവിടെവെച്ച് കുടിക്കാം?
ചെയ്യാവുന്നത്: മാന്യതയോടെ നടത്തപ്പെടുന്ന പരിപാടികളിൽ ആകാം. മറ്റുള്ളവർ അറിയാതെ രഹസ്യമായി കുടിക്കുന്നത് ഒഴിവാക്കാം. മദ്യപിക്കുന്നതു കണ്ടാൽ ബുദ്ധിമുട്ടുണ്ടാകുന്നവരുടെ മുന്നിൽവെച്ചും കുടിക്കാതിരിക്കാം.
• എനിക്ക് ആരുടെകൂടെ കുടിക്കാം?
ചെയ്യാവുന്നത്: മാന്യരായ കൂട്ടുകാരോടൊപ്പവും കുടുംബാഗങ്ങളോടൊപ്പവും. എന്നാൽ അമിതമായി മദ്യപിക്കുന്നവരുടെകൂടെ കുടിക്കാതിരിക്കാം.
[ചതുരം]
മദ്യപാനിയായിരുന്ന ഒരാളെ ദൈവവചനം സഹായിക്കുന്നു
തായ്ലൻഡിലെ സൂപ്പോട്ട് അമിതമായി മദ്യപിക്കുന്ന ഒരാളായിരുന്നു. ആദ്യമൊക്കെ വൈകുന്നേരങ്ങളിൽ മാത്രമേ അദ്ദേഹം കുടിക്കുമായിരുന്നുള്ളൂ. പിന്നെപ്പിന്നെ രാവിലെയും ഉച്ചയ്ക്കും ഒക്കെ കുടിക്കുന്ന ശീലം തുടങ്ങി. എപ്പോഴും മദ്യലഹരിയിൽ ആയിരിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അങ്ങനെയിരിക്കെ അദ്ദേഹം യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. അമിതമായ കുടി യഹോവയ്ക്ക് ഇഷ്ടമല്ലെന്ന് മനസ്സിലാക്കിയ സൂപ്പോട്ട് മദ്യപാനം ഉപേക്ഷിച്ചു. എന്നാൽ കുറച്ചുകാലത്തിനുശേഷം അദ്ദേഹം തന്റെ പഴയ ശീലത്തിലേക്കു തിരിച്ചുപോയി. അത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയെല്ലാം വല്ലാതെ ബാധിച്ചു. അവർ ആകെ തകർന്നുപോയി.
എങ്കിലും അപ്പോഴും സൂപ്പോട്ട് യഹോവയെ സ്നേഹിക്കുന്നുണ്ടായിരുന്നു. ശരിയായ വിധത്തിൽ യഹോവയെ ആരാധിക്കാനും അദ്ദേഹം ആഗ്രഹിച്ചു. സൂപ്പോട്ടിന്റെ സുഹൃത്തുക്കൾ തുടർന്നും അദ്ദേഹത്തെ സഹായിച്ചുകൊണ്ടിരുന്നു. ഇനി, കുടുംബാംഗങ്ങളോട് അദ്ദേഹത്തെ ഒരിക്കലും എഴുതിത്തള്ളരുതെന്നും അദ്ദേഹത്തിന്റെ കൂടെ കൂടുതൽ സമയം ചെലവഴിക്കണമെന്നും അവർ പറഞ്ഞു. ആ സമയത്തുതന്നെയാണ് 1 കൊരിന്ത്യർ 6:10-ലെ വാക്കുകൾ അദ്ദേഹം കാണുന്നത്. “കുടിയന്മാർ . . . ദൈവരാജ്യം അവകാശമാക്കില്ല” എന്ന് അവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാൻ അത് അദ്ദേഹത്തെ സഹായിച്ചു. കുടി നിറുത്താൻ താൻ ഇനി കാര്യമായി എന്തെങ്കിലും ചെയ്തേ തീരൂ എന്ന് അദ്ദേഹത്തിനു മനസ്സിലായി.
ഇപ്രാവശ്യം എന്തായാലും കുടി നിറുത്തണമെന്ന് സൂപ്പോട്ട് മനസ്സിൽ ഉറപ്പിച്ചിരുന്നു. അങ്ങനെ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാലും ദൈവവചനത്തിന്റെയും കുടുംബത്തിന്റെയും സഭയുടെയും സഹായത്താലും ആത്മീയശക്തി വീണ്ടെടുത്ത സൂപ്പോട്ട് മദ്യപിക്കാനുള്ള തന്റെ ആഗ്രഹത്തെ മറികടന്നു. ദൈവത്തിന് തന്നെത്തന്നെ സമർപ്പിച്ചതിന്റെ പ്രതീകമായി അദ്ദേഹം സ്നാനമേറ്റപ്പോൾ കുടുംബാംഗങ്ങൾക്കെല്ലാം വലിയ സന്തോഷമായി. സൂപ്പോട്ടിന്റെ ആഗ്രഹംപോലെതന്നെ ഇപ്പോൾ അദ്ദേഹത്തിന് ദൈവവുമായി ഒരു അടുത്ത ബന്ധമുണ്ട്. ദൈവവുമായി അങ്ങനെയൊരു ബന്ധത്തിലേക്കു വരാൻ അദ്ദേഹം മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു.