സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം
സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം
ഈ ലഘുലേഖയിലെ രംഗത്തെ നിങ്ങൾ വീക്ഷിക്കുമ്പോൾ നിങ്ങൾക്ക് എന്തു വിചാരങ്ങളാണുളളത്? അവിടെ കാണുന്ന സമാധാനത്തിനും സന്തുഷ്ടിക്കും ഐശ്വര്യത്തിനും വേണ്ടി നിങ്ങളുടെ ഹൃദയം കാംക്ഷിക്കുന്നില്ലേ? തീർച്ചയായുമുണ്ട്. എന്നാൽ ഈ അവസ്ഥകൾ എന്നെങ്കിലും ഭൂമിയിൽ നിലവിൽ വരുമെന്നു വിശ്വസിക്കുന്നത് വെറും സ്വപ്നം അഥവാ വിചിത്രഭാവന അല്ലയോ?
മിക്കയാളുകളും അങ്ങനെ വിചാരിക്കാനിടയുണ്ട്. ഇന്നത്തെ യാഥാർത്ഥ്യങ്ങൾ—ചുരുക്കം ചിലതു പറഞ്ഞാൽ—യുദ്ധം, കുററകൃത്യം, വിശപ്പ്, രോഗം, വാർദ്ധക്യം, എന്നിവയാണ്. എന്നാലും പ്രത്യാശക്കു കാരണമുണ്ട്. “നാം [ദൈവത്തിന്റെ] വാഗ്ദത്തപ്രകാരം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയുമുണ്ട്, ഇവയിൽ നീതി വസിക്കേണ്ടതാണ്” എന്ന് ഭാവിയിലേക്കു നോക്കിക്കൊണ്ടു ബൈബിൾ പറയുന്നു.—2 പത്രോസ് 3:13; യെശയ്യാവ് 65:17.
ബൈബിളനുസരിച്ചു, ഈ “പുതിയ ആകാശങ്ങളും” “പുതിയഭൂമിയും” ഒരു പുതിയ ഭൗതികാകാശമോ പുതിയ അക്ഷരീയ ഭൂമിയോ അല്ല. ഭൗതിക ഭൂമിയും ആകാശങ്ങളും പൂർണ്ണതയുളളവയായി നിർമ്മിക്കപ്പെട്ടു. അവ എന്നേക്കും സ്ഥിതിചെയ്യുമെന്ന് ബൈബിൾ പറയുന്നു. (സങ്കീർത്തനം 89:36, 37; 104:5) “പുതിയഭൂമി” ഭൂമിയിൽ ജീവിക്കുന്ന നീതിയുളള ഒരു ജനസമുദായമായിരിക്കും. “പുതിയ ആകാശങ്ങൾ” ഈ ഭൗമിക ജനസമുദായത്തിൻമേൽ ഭരിക്കുന്ന പൂർണ്ണതയുളള ഒരു സ്വർഗ്ഗീയ രാജ്യമോ ഭരണകൂടമോ ആണ്. എന്നാൽ “ഒരു പുതിയഭൂമി” അഥവാ മഹത്തായ പുതിയ ലോകം സാദ്ധ്യമാണെന്നു വിശ്വസിക്കുന്നത് പ്രായോഗികമാണോ?
ശരി, അത്തരം ആദർശയുക്തമായ അവസ്ഥകൾ ഈ ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നുവെന്ന വസ്തുത പരിചിന്തിക്കുക. അവൻ ആദ്യമനുഷ്യജോടിയെ ഏദെൻ എന്ന ഭൗമിക പരദീസയിൽ ആക്കിവെക്കുകയും അവർക്ക് അത്ഭുതകരമായ ഒരു നിയോഗം കൊടുക്കുകയും ചെയ്തു: “സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറയ്ക്കുകയും അതിനെ കീഴടക്കുകയും ചെയ്യുക.” (ഉല്പത്തി 1:28) അതെ, അവരെ സംബന്ധിച്ച ദൈവോദ്ദേശ്യം അവർ മക്കളെ ഉളവാക്കണമെന്നും ഒടുവിൽ തങ്ങളുടെ പരദീസാ സർവ്വഭൂമിയിലും വ്യാപിപ്പിക്കണമെന്നുമായിരുന്നു. അവർ പിന്നീട് ദൈവത്തോട് അനുസരണക്കേടു കാണിക്കുന്നതിനെ തെരഞ്ഞെടുക്കുകയും അങ്ങനെ എന്നേക്കും ജീവിക്കുന്നതിന് അയോഗ്യരെന്നു തെളിയിക്കുകയും ചെയ്തെങ്കിലും ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിന് മാററമുണ്ടായില്ല. അത് ഒരു പുതിയ ലോകത്തിൽ നിവർത്തിക്കപ്പെടണം.—യെശയ്യാവ് 55:11.
യഥാർത്ഥത്തിൽ, നിങ്ങൾ ദൈവരാജ്യം വരാൻ അഭ്യർത്ഥിച്ചുകൊണ്ട് കർത്താവിന്റെ പ്രാർത്ഥന അഥവാ ഞങ്ങളുടെ പിതാവേ എന്നപ്രാർത്ഥന ചൊല്ലുമ്പോൾ അവന്റെ സ്വർഗ്ഗീയ ഗവൺമെൻറ് ഭൂമിയിൽനിന്ന് ദുഷ്ടത നീക്കാനും ഈ പുതിയ ലോകത്തിൻമേൽ ഭരിക്കാനുമാണ് പ്രാർത്ഥിക്കുന്നത്. (മത്തായി 6:9, 10) “നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും” എന്ന് ദൈവവചനം വാഗ്ദത്തം ചെയ്യുന്നതുകൊണ്ട് ദൈവം ആ പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന് നമുക്ക് വിശ്വാസമുണ്ടായിരിക്കാൻ കഴിയും.—സങ്കീർത്തനം 37:29.
ദൈവത്തിന്റെ പുതിയലോകത്തിലെ ജീവിതം
ദൈവരാജ്യം അതുല്യമായ ഭൗമിക പ്രയോജനങ്ങൾ കൈവരുത്തുകയും തന്റെ ജനം ഭൂമിയിൽ ആസ്വദിക്കണമെന്ന് ദൈവം ആദിയിൽ ഉദ്ദേശിച്ചിരുന്ന സകല നൻമയും സഫലമാക്കുകയും ചെയ്യും. വിദ്വേഷങ്ങളും മുൻവിധികളും ഇല്ലാതാകും, ഒടുവിൽ ഭൂമിയിലുളള ഓരോരുത്തരും മറെറല്ലാവരുടെയും യഥാർത്ഥ സുഹൃത്തായിരിക്കും. ബൈബിളിൽ, ദൈവം ‘ഭൂമിയുടെ അററത്തോളം യുദ്ധങ്ങളെ നിർത്തലാക്കു’മെന്ന് വാഗ്ദത്തം ചെയ്യുന്നു. “ജനത ജനതക്കെതിരെ വാളുയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.”—സങ്കീർത്തനം 46:9; യെശയ്യാവ് 2:4.
ഒടുവിൽ മുഴുഭൂമിയും ഒരു ഉദ്യാനതുല്യ പരദീസാവസ്ഥയിലേക്കു വരുത്തപ്പെടും. ബൈബിൾ പറയുന്നു: “മരുഭൂമിയും വെളളമില്ലാത്ത പ്രദേശവും ആനന്ദിക്കും, മരുസമതലം സന്തോഷിച്ച് കുങ്കുമംപോലെ പുഷ്പിക്കും. . . . എന്തെന്നാൽ മരുഭൂമിയിൽ വെളളം പൊട്ടിപ്പുറപ്പെടും, മരുസമതലത്തിൽ നിർഝരങ്ങളും. വരണ്ടനിലം ഞാങ്ങണ നിറഞ്ഞ ഒരു കുളംപോലെയും ദാഹമുളള നിലം നീരുറവകൾപോലെയും ആയിത്തീരും.”—യെശയ്യാവ് 35:1, 6, 7.
പരദീസാഭൂമിയിൽ സന്തുഷ്ടരായിരിക്കുന്നതിന് സകല കാരണവുമുണ്ടായിരിക്കും. വീണ്ടുമൊരിക്കലും ആളുകൾ ആഹാരമില്ലാതെ വിശന്നു നടക്കുകയില്ല. “ഭൂമിതന്നെ തീർച്ചയായും അതിന്റെ വിളവു നൽകും” എന്ന് ബൈബിൾ പറയുന്നു. സങ്കീർത്തനം 67:6; 72:16) എല്ലാവരും തങ്ങളുടെ സ്വന്തം അദ്ധ്വാനഫലം അനുഭവിക്കും. നമ്മുടെ സ്രഷ്ടാവു വാഗ്ദത്തം ചെയ്യുന്നപ്രകാരം “അവർ തീർച്ചയായും മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും അവയുടെ ഫലം ഭക്ഷിക്കുകയും ചെയ്യും . . . അവർ നടുകയും മറെറാരാൾ തിന്നുകയുമില്ല.”—യെശയ്യാവ് 65:21, 22.
(ദൈവത്തിന്റെ പുതിയലോകത്തിൽ ആളുകൾ മേലാൽ വലിയ ബഹുശാലാഭവനങ്ങളിലോ ജീർണ്ണിച്ച ചേരിപ്രദേശങ്ങളിലോ തിങ്ങിപ്പാർക്കാൻ ഇടയാക്കപ്പെടുകയില്ല, എന്തുകൊണ്ടെന്നാൽ “അവർ തീർച്ചയായും വീടുകൾ പണിതു പാർക്കും . . . അവർ പണിയുകയും മറെറാരാൾ പാർക്കുകയുമില്ല” എന്നതു ദൈവത്തിന്റെ ഉദ്ദേശ്യമാണ്. “അവർ വൃഥാ അദ്ധ്വാനിക്കുകയുമില്ല” എന്നും ബൈബിൾ വാഗ്ദത്തം ചെയ്യുന്നു. (യെശയ്യാവ് 65:21-23) അങ്ങനെ ആളുകൾക്ക് ഉല്പാദനക്ഷമവും തൃപ്തികരവുമായ വേല ഉണ്ടായിരിക്കും. ജീവിതം വിരസമായിരിക്കുകയില്ല.
കാലക്രമത്തിൽ, ദൈവരാജ്യം മൃഗങ്ങൾ തമ്മിലും, മൃഗങ്ങളും മനുഷ്യരും തമ്മിലും, ഏദൻ തോട്ടത്തിൽ നിലവിലിരുന്ന സമാധാനപരമായ ബന്ധങ്ങൾ പുനഃസ്ഥിതീകരിക്കുകപോലും ചെയ്യും. ബൈബിൾ പറയുന്നു: “ചെന്നായ് ആണാട്ടിൻകുട്ടിയോടുകൂടെ യഥാർത്ഥത്തിൽ അല്പകാലം വസിക്കും, പുളളിപ്പുലിതന്നെ കോലാട്ടിൻ കുട്ടിയോടുകൂടെ കിടക്കും, പശുക്കിടാവും കുഞ്ചിരോമമുളള ബാലസിംഹവും നന്നായി പോഷിപ്പിച്ച മൃഗവുമെല്ലാം ഒരുമിച്ചായിരിക്കും; ഒരു വെറും ബാലൻ അവയുടെ നായകൻ ആയിരിക്കും.”—യെശയ്യാവ് 11:6-9; ഹോശെയാ 2:18.
ചിന്തിക്കുക, പരദീസാഭൂമിയിൽ സകല രോഗവും ശാരീരിക ദൗർബ്ബല്യങ്ങളും സൗഖ്യമാക്കപ്പെടും! ദൈവത്തിന്റെ വചനം നമുക്ക് ഉറപ്പുനൽകുന്നു: “‘എനിക്ക് രോഗമാണ്’ എന്ന് യാതൊരു നിവാസിയും പറയുകയില്ല.” (യെശയ്യാവ് 33:24) “[ദൈവം] അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണമുണ്ടായിരിക്കുകയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. മുൻകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.”—വെളിപ്പാട് 21:4.
നിങ്ങൾക്ക് അത് എങ്ങനെ സാദ്ധ്യം
നീതിയുളള തന്റെ പുതിയലോകത്തിലെ ജീവിതത്തെ സംബന്ധിച്ച ദൈവത്തിന്റെ വാഗ്ദത്തങ്ങളാൽ തീർച്ചയായും നിങ്ങളുടെ ഹൃദയം വികാരതരളിതമായിരിക്കണം. അങ്ങനെയുളള അനുഗ്രഹങ്ങളുടെ സാക്ഷാത്കരണം സത്യമായിരിക്കാൻ കഴിയാത്തവിധം അത്ര മികച്ചതാണെന്ന് ചിലർ പരിഗണിച്ചേക്കാമെങ്കിലും അവ നമ്മുടെ സ്നേഹനിധിയായ സ്രഷ്ടാവിൽനിന്ന് ലഭിക്കാൻ കഴിയാത്തവയല്ല.—സങ്കീർത്തനം 145:16; മീഖാ. 4:4.
തീർച്ചയായും, വരാനിരിക്കുന്ന ഭൂമിയിലെ പരദീസയിൽ നാം എന്നേക്കും ജീവിക്കണമെങ്കിൽ, പാലിക്കേണ്ട വ്യവസ്ഥകളുണ്ട്. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചവനായ യേശുക്രിസ്തുവിനെയും കുറിച്ചുളള അറിവ് ഉൾക്കൊളളുന്നത് നിത്യജീവനെ അർത്ഥമാക്കുന്നു” എന്ന് ദൈവത്തോടുളള പ്രാർത്ഥനയിൽ പറഞ്ഞുകൊണ്ട് യേശു ഒരു മുഖ്യ വ്യവസ്ഥ കാണിച്ചുതന്നു.—യോഹന്നാൻ 17:3.
അതുകൊണ്ട് നാം ദൈവത്തിന്റെ പുതിയലോകത്തിൽ ജീവിക്കാൻ യഥാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, നാം ആദ്യം ദൈവേഷ്ടം പഠിക്കുകയും അനന്തരം അതു ചെയ്യുകയും വേണം. എന്തെന്നാൽ ഇത് ഒരു വസ്തുതയാണ്: ഈ “ലോകം നീങ്ങിപ്പോകുകയാണ്, അതിന്റെ ആഗ്രഹവും അങ്ങനെതന്നെ, എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും സ്ഥിതിചെയ്യുന്നു,” നമ്മുടെ സ്നേഹനിധിയായ സ്രഷ്ടാവ് വർഷിക്കാനിരിക്കുന്ന അനുഗ്രഹങ്ങൾ എന്നേക്കും അനുഭവിക്കുന്നതിനുതന്നെ.—1 യോഹന്നാൻ 2:17.
മററുപ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം, എല്ലാ ബൈബിളുദ്ധരണികളും വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരത്തിൽ നിന്നാണ്.