വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുലുങ്ങിയിട്ടും ‘കുലുങ്ങാത്ത’ പാലം

കുലുങ്ങിയിട്ടും ‘കുലുങ്ങാത്ത’ പാലം

കുലുങ്ങിയിട്ടും ‘കുലുങ്ങാത്ത’ പാലം

ബൾഗേറിയയിലെ ഉണരുക! ലേഖകൻ

ഉത്തരമധ്യ ബൾഗേറിയയെ തൊട്ടുതലോടി ഒഴുകുന്ന ഓസം നദി. അതിന്റെ ഇരുകരയെയും ബന്ധിപ്പിക്കുന്ന ഒരു പാലമുണ്ട്‌ ലോവെക്ക്‌ പട്ടണത്തിൽ. മേൽക്കൂരയുള്ള ഈ കൂറ്റൻപാലത്തിന്‌ സമ്പന്നമായ ഒരു ചരിത്രമാണുള്ളത്‌, അതിനെ ആശ്രയിക്കുന്ന ജനതയുടെ കാര്യത്തിലെന്നപോലെതന്നെ.

ഈ പാലത്തിലേക്ക്‌ ആദ്യമായി ലോകശ്രദ്ധയാകർഷിച്ചവരിൽ ഒരാളാണ്‌ ഓസ്‌ട്രിയൻ ഭൂഗർഭശാസ്‌ത്രജ്ഞനായ ആമി ബ്വാ. 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ലോവെക്ക്‌ സന്ദർശിച്ച അദ്ദേഹം, “കൊച്ചുകടകൾ നിറഞ്ഞ, കല്ലുകൊണ്ടു നിർമിച്ച, മേൽക്കൂരയിട്ട ഒരു പാല”ത്തെക്കുറിച്ച്‌ എഴുതുകയുണ്ടായി. പട്ടണത്തിന്റെ രണ്ടു ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഈ പാലം ഗതാഗതത്തിന്റെ ഭാഗമായിരുന്നെന്നു മാത്രമല്ല ഒരു വിപണനകേന്ദ്രം കൂടിയായിരുന്നു, അതുകൊണ്ടുതന്നെ ഇവിടത്തെ ജനതതിയുടെ പ്രതീകവും!

ഈ പാലം ആദ്യം നിർമിച്ചത്‌ കല്ലുകൊണ്ടല്ല, തടികൊണ്ടാണ്‌. പിൽക്കാലത്ത്‌ വെള്ളപ്പൊക്കം തകരാറിലാക്കിയതുനിമിത്തം പലതവണ ഇതു പുനർനിർമിക്കേണ്ടിവന്നു. ഒടുവിൽ 1872-ലെ വെള്ളപ്പൊക്കത്തിൽ പാലം ഒലിച്ചുപോയപ്പോൾ അറ്റുപോയത്‌ ആ പട്ടണത്തിന്റെ ജീവനാഡിയാണ്‌.

പാലം പുനർനിർമിക്കുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതുകൊണ്ട്‌ ബലവത്തായ പുതിയൊരു പാലത്തിന്റെ രൂപരേഖ തയ്യാറാക്കി നിർമിക്കാനുള്ള ഉത്തരവാദിത്വം ബൾഗേറിയയിലെ പ്രശസ്‌ത നിർമാതാവായ കോല്യൊ ഫീചെറ്റോയെ ഏൽപ്പിച്ചു.

നൂതന ഡിസൈൻ

ആദ്യത്തേതുപോലെതന്നെ, മേൽക്കൂരയും കൊച്ചുകൊച്ചു കടകളുമുള്ള ഒരു പാലംതന്നെയാണ്‌ ഫീചെറ്റോയുടെ മനസ്സിൽ ഉണ്ടായിരുന്നത്‌. 275 അടി നീളവും 33 അടി വീതിയുമുള്ള പാലം താങ്ങിനിറുത്താൻ അദ്ദേഹം ഉപയോഗിച്ചത്‌ 15 അടി ഉയരമുള്ള തൂണുകളാണ്‌. ദീർഘവൃത്താകൃതിയുള്ള ഈ തൂണുകളുടെ ഒരു ഭാഗത്തിന്‌ വീതി കൂടുതലും മറ്റേ ഭാഗത്തിന്‌ വീതി കുറവുമായിരുന്നു. ജലപ്രവാഹത്തിന്‌ അഭിമുഖമായി നിൽക്കുന്ന ഇവയുടെ വീതികുറഞ്ഞ ഭാഗത്തിന്‌ ഒരു പ്രത്യേകതയുണ്ടായിരുന്നു—മധ്യഭാഗത്തു തുടങ്ങി ഏതാണ്ട്‌ മേൽഭാഗംവരെയെത്തുന്ന വലിയ ദ്വാരങ്ങൾ. പ്രളയജലം തൂണുകൾക്കുള്ളിലൂടെ ഒഴുകിപ്പോകാനായിരുന്നു അത്‌. തൂണുകളുടെ മുകളിലായി അദ്ദേഹം ഓക്കുമരംകൊണ്ടുള്ള തുലാങ്ങളും പലകകളും നിരത്തി. ഇരുവശങ്ങളിലുമായി സ്ഥിതിചെയ്‌തിരുന്ന 64 കടകൾ ഉൾപ്പെടെയുള്ള പാലത്തിന്റെ ബാക്കിഭാഗം നിർമിച്ചത്‌ ബീച്ചുമരംകൊണ്ടാണ്‌. അതേമരത്തിൽ തീർത്ത മേൽക്കൂരയുടെ ഉൾവശത്ത്‌ ഇരുമ്പുപാളി ഘടിപ്പിച്ചിരുന്നു.

ഫീചെറ്റോയുടെ ഡിസൈന്‌ മറ്റൊരു സവിശേഷതയുണ്ടായിരുന്നു; തുലാങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന്‌ ലോഹസന്ധികൾക്കും ആണികൾക്കും പകരം മരയാണികളും സന്ധികളുമാണ്‌ അദ്ദേഹം ഉപയോഗിച്ചത്‌. തടിയുടെ മുകളിൽ കല്ലുപാകി അതിന്മേൽ മെറ്റലിടുകയുംകൂടെ ചെയ്‌തപ്പോൾ പാലം പൂർത്തിയായി. ചെറിയ ജനാലകളിലൂടെയും മേൽക്കൂരയിലെ ദ്വാരങ്ങളിലൂടെയും കടന്നുവരുന്ന വെളിച്ചത്തെയാണു പകൽസമയത്ത്‌ ആശ്രയിച്ചിരുന്നത്‌, വൈകുന്നേരങ്ങളിലാകട്ടെ ഗ്യാസ്‌ വിളക്കുകളും. പുതിയ പാലത്തിന്റെ രൂപരേഖ തയ്യാറാക്കി നിർമിക്കാൻ മൊത്തം മൂന്നു വർഷമെടുത്തു [1].

പാലത്തിലെ വിശേഷങ്ങൾ

അവിടത്തെ അനുദിന പ്രവർത്തനങ്ങളെക്കുറിച്ച്‌ എന്തു പറയാനാകും? അത്‌ നേരിൽക്കണ്ടറിഞ്ഞ ഒരാളുടെ വാക്കുകൾ ശ്രദ്ധിക്കുക: “വാഹനങ്ങളും കുതിരവണ്ടികളും ചുമട്ടുകഴുതകളും വല്ലപ്പോഴുംമാത്രം കടന്നുപോകുന്ന ഇവിടത്തെ അന്തരീക്ഷം കച്ചവടക്കാരുടെയും വഴിപോക്കരുടെയും സന്ദർശകരുടെയും ലോഹപ്പണിക്കാരുടെയും . . . സാധനം വാങ്ങാൻ ആളുകളെ വിളിച്ചുകൊണ്ടിരിക്കുന്ന വിൽപ്പനക്കാരുടെയും ശബ്ദത്താൽ മുഖരിതമായിരുന്നു. . . . കമ്പിളിത്തരങ്ങളും മുത്തുകളും മറ്റു സാധനങ്ങളുമൊക്കെ വിൽക്കുന്ന കടകളിലെ രീതികൾ ഒന്നുവേറെതന്നെയായിരുന്നു.”

സാധനങ്ങൾ വാങ്ങാൻ മാത്രമല്ല കലാസ്വാദനത്തിനുംകൂടെയാണ്‌ ഈ പാലത്തിൽ ജനം തടിച്ചുകൂടിയിരുന്നത്‌. പല കടക്കാരും സംഗീതജ്ഞരായിരുന്നു എന്നതുതന്നെ കാരണം. മുമ്പു പറഞ്ഞ ദൃക്‌സാക്ഷിയുടെ വാക്കുകൾ: “ബാർബർ ഷോപ്പിൽ അഞ്ചോ ആറോ ബാർബർമാരുണ്ടായിരുന്നു, എല്ലാവരും ഒന്നാന്തരം സംഗീതജ്ഞരും. തന്ത്രിവാദ്യങ്ങളാണ്‌ മുഖ്യമായും അവർ വായിച്ചിരുന്നത്‌. അതിനുവേണ്ടി അവർ മിക്കവാറും സമയം കണ്ടെത്തിയിരുന്നു. അപ്പോൾ കടയിലെത്തുന്നവർ അതു കഴിയുന്നതുവരെ കാത്തിരിക്കുമായിരുന്നു, യാതൊരു പരിഭവവുമില്ലാതെ.” ഒന്നാം ലോകമഹായുദ്ധാനന്തരം ആ ബാർബർമാരിൽ ചിലർ ‘ബാർബേഴ്‌സ്‌ ഓർക്കസ്‌ട്ര’യുടെ സ്ഥാപകരായിത്തീർന്നു.

ദുരന്തം ആഞ്ഞടിക്കുന്നു

അരനൂറ്റാണ്ടുകാലത്തോളം ഫീചെറ്റോയുടെ പാലം വെള്ളപ്പൊക്കങ്ങൾക്കോ യുദ്ധങ്ങൾക്കോ മറ്റു ദുരന്തങ്ങൾക്കോ അടിയറവു പറയാതെ നിന്നു. എന്നാൽ 1925 ആഗസ്റ്റ്‌ 2-ാം തീയതി രാത്രി ഉണ്ടായ ഒരു അഗ്നിബാധയിൽ പാലം ഒരുപിടി ചാരമായി. എന്തായിരുന്നു ദുരന്തത്തിനു കാരണം? അശ്രദ്ധയാണോ അട്ടിമറിയാണോ എന്ന്‌ ഇന്നും ആർക്കുമറിയില്ല. എന്തായാലും ലോവെക്ക്‌ വീണ്ടും പാലമില്ലാത്ത പട്ടണമായിത്തീർന്നു.

മേൽക്കൂരയും ഇരുവശങ്ങളിലും കടകളും പണിപ്പുരകളും സഹിതമുള്ള ഒരു പുതിയ പാലം 1931-ൽ പൂർത്തിയായി [2]. എന്നാൽ പുതിയ നിർമാതാവ്‌ തടിയും കല്ലുമല്ല, ഇരുമ്പും കോൺക്രീറ്റുമാണ്‌ നിർമാണത്തിനായി ഉപയോഗിച്ചത്‌. ഫീചെറ്റോയുടെ ഡിസൈനിൽനിന്നു തികച്ചും വ്യത്യസ്‌തമായിരുന്നു പുതിയപാലത്തിന്റെ കെട്ടുംമട്ടും. സ്‌ഫടികനിർമിതമായിരുന്നു മേൽക്കൂര. പാലത്തിന്റെ മധ്യത്തിൽ കുറേഭാഗം കെട്ടിയടച്ചിരുന്നുമില്ല. 1981/82-ൽ ഫീചെറ്റോയുടെ ഡിസൈൻ അനുസരിച്ച്‌ പാലം വീണ്ടും പണിതു [3].

ലോവെക്ക്‌ പട്ടണത്തിന്റെ മുഖമുദ്രയും കരവിരുതിന്റെ സാക്ഷ്യപത്രവുമാണ്‌ ഈ പാലം. ഇപ്പോഴും ഇതിന്റെ സവിശേഷതകൾ തദ്ദേശീയരുടെയും സന്ദർശകരുടെയും മനംകവരുന്നു.

[22-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ബൾഗേറിയ

സോഫിയ

ലോവെക്ക്‌

[23-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

രണ്ടാം ചിത്രം: From the book Lovech and the Area of Lovech