വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാവകളുടെ ഓപ്പറ

പാവകളുടെ ഓപ്പറ

പാവകളുടെ ഓപ്പറ

ഓസ്‌ട്രിയയിലെ ഉണരുക! ലേഖകൻ

“ശരിയാണ്‌, സംഗീതം ഉഗ്രനായിരുന്നു. പക്ഷേ കസറിയത്‌ പാവകളാണ്‌. നേരിയ അംഗവിക്ഷേപങ്ങൾപോലും ഇത്ര കൃത്യതയോടെ പകർത്തിയ ഒരു പാവകളി ഞാൻ കണ്ടിട്ടേയില്ല!”

കുട്ടികൾക്കായുള്ള പാവക്കൂത്തിനെക്കുറിച്ചുള്ളതാണോ ഈ പ്രസ്‌താവന? അല്ല. വിശ്വസിക്കാൻ ബുദ്ധിമുട്ട്‌ തോന്നുന്നുണ്ടാകും; പക്ഷേ ഒരു സംഗീതനാടകം (opera) കണ്ട മുതിർന്ന ഒരു വ്യക്തിയുടെ ആവേശം തുളുമ്പുന്ന വാക്കുകളാണവ. അസാധാരണമായ ഈ സംഗീതനാടകത്തിനു വേദിയാകുന്നത്‌ ഏതു സ്ഥലമാണ്‌? ഓസ്‌ട്രിയയിലെ സാൽറ്റ്‌സ്‌ബർഗിലുള്ള അനന്യസാധാരണമായ ഒരു സംഗീതനാടകശാല. ഈ സ്ഥലത്തിനു മറ്റൊരു വിശേഷതകൂടിയുണ്ട്‌. പ്രശസ്‌ത സംഗീതരചയിതാവ്‌ മൊസാർട്ടിന്റെ ജന്മഭൂമിയാണിത്‌.

അതവിടെ നിൽക്കട്ടെ. രണ്ടു മുതൽ മൂന്നു വരെ അടി ഉയരമുള്ള മരപ്പാവകൾ സംഗീതനാടകം അവതരിപ്പിക്കുന്നതിനെക്കുറിച്ച്‌ നിങ്ങൾ കേട്ടിട്ടുണ്ടോ? സാൽറ്റ്‌സ്‌ബർഗ്‌ സംഗീതനാടകശാലയിലെ പാവകൾ അതാണു ചെയ്യുന്നത്‌. ശ്രുതിമധുരമായ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ നൃത്തച്ചുവടുവെക്കുന്ന പാവകൾ കാണികളെ വിനോദത്തിന്റെ ഒരു മായികലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു.

യാഥാർഥ്യവും സങ്കൽപ്പവും സംഗമിക്കുമ്പോൾ

പ്രാരംഭ സംഗീതത്തിന്റെ അകമ്പടിയോടെ യവനിക ഒന്നാം രംഗത്തിലേക്ക്‌ ഉയരുമ്പോൾ സദസ്സ്‌ അത്ഭുതംകൂറുന്നത്‌ അസാധാരണമല്ല. അവർക്ക്‌ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല. പാടുന്നതായി ആംഗ്യം കാണിച്ച്‌ അരങ്ങിലൂടെ നടക്കുന്നത്‌ മരപ്പാവകൾ തന്നെയാണോ? പാവകളുടെ തലയ്‌ക്കു മുകളിലേക്കു കാണുന്ന ആ ചരടുകളോ? ചരടുകളെല്ലാം വ്യക്തമായി കാണാം എന്നതിനാൽ സന്ദർശകരിൽ ചിലർക്കു നിരാശ തോന്നിയേക്കാം. എന്തിനുപറയുന്നു, സ്റ്റേജിനു മുന്നിലായി ഗായകസംഘം ഇരിക്കാറുള്ള സ്ഥലംപോലുമില്ല. റെക്കോർഡുചെയ്‌തുവെച്ച സംഗീതം കേൾപ്പിക്കുകയെന്ന ആശയം പലർക്കും അത്ര രസിക്കുന്നില്ലെന്നു തോന്നുന്നു. സംഗീതനാടകശാലയിലെ ഒരു പതിവുസന്ദർശകൻ മനസ്സിൽ ഇങ്ങനെ മന്ത്രിച്ചേക്കാം: ‘ഹൊ! എന്തൊരു ബോറ്‌!’ പക്ഷേ അങ്ങനെയങ്ങു ചിന്തിക്കാൻ വരട്ടെ! സാവധാനം, തങ്ങൾ പോലുമറിയാതെ, കാണികളുടെ മനസ്സുമാറുന്നു.

തുടക്കത്തിൽ മനസ്സിലുദിച്ച സംശയങ്ങളിൽനിന്ന്‌ സദസ്സു പുറത്തുവരുന്നതോടെ പാവകൾ തങ്ങളുടെ ‘നമ്പരുകൾ ഇറക്കാൻ’ തുടങ്ങുന്നു. യാഥാർഥ്യവും സങ്കൽപ്പവും സംഗമിക്കുന്ന ഒരു അത്ഭുതലോകം തുറക്കുകയായി. പാവകളുടെ ചലനം നിയന്ത്രിക്കുന്ന പട്ടുചരടുകൾ പിന്നെ നിങ്ങൾ ശ്രദ്ധിക്കുന്നേയില്ല. അവതരണം മാത്രമല്ല കാണികളെ ഹരംകൊള്ളിക്കുന്നത്‌, ഈ സംഗീതനാടകം അവതരിപ്പിക്കുന്നത്‌ ചരടുപാവകളാണല്ലോ എന്നതുകൂടിയാണ്‌. അധികം താമസിയാതെ, പാവകളുടെ അരങ്ങേറ്റം ഉൾക്കൊള്ളാൻ കാണികൾക്കാകുന്നു; ജീവനില്ലാത്ത ചരടുപാവകളാണു തങ്ങളുടെ മുമ്പിലെന്ന പച്ചപ്പരമാർഥം അവർ മറക്കുന്നു. അങ്ങനെ, സംശയാലുക്കളായ കാണികളുടെപോലും കണ്ണിൽ പൊടിയിട്ടുകൊണ്ട്‌ പാവകൾ അവരെ തങ്ങളുടെ കൊച്ചുലോകത്തേക്ക്‌ ആനയിക്കുന്നു.

അരങ്ങത്തും അണിയറയിലും

അരങ്ങു തകർക്കുന്ന അവതരണത്തെക്കാൾ ഒട്ടും പിന്നിലല്ല അണിയറനീക്കങ്ങൾ. പാവയെ കളിപ്പിക്കുന്നവരാണ്‌ യഥാർഥ താരങ്ങൾ. പിന്നാമ്പുറങ്ങളിൽ, കുറച്ചുകൂടെ വ്യക്തമായിപ്പറഞ്ഞാൽ സ്റ്റേജിനു മുകളിൽ, ഒരു പാലത്തിൽ നിന്നുകൊണ്ടാണ്‌ അവരതു ചെയ്യുന്നത്‌. ആംഗ്യഭാഷ കാണിക്കുന്നതുപോലെ അവർ കൈകൾ വളയ്‌ക്കുകയും തിരിക്കുകയും ചെയ്യുമ്പോൾ പാവകൾ പാടുകയും കരയുകയും ഏറ്റുമുട്ടുകയും നമിക്കുകയുമൊക്കെ ചെയ്യുന്നു—ഓപ്പറ ഗായകർ സാധാരണ ചെയ്യുന്നതുപോലെ.

ഈ കലാരൂപത്തെ ഇത്ര ആകർഷകമാക്കുന്നത്‌ എന്താണ്‌ എന്നതിനെക്കുറിച്ച്‌ ദ ന്യൂയോർക്ക്‌ ടൈംസ്‌ ഒരിക്കൽ ഇങ്ങനെ പ്രസ്‌താവിച്ചു: “അണിയറയിലെ കലാകാരന്മാർക്ക്‌ പ്രായലിംഗഭേദമെന്യേ ഏതു റോളും ഏറ്റെടുക്കാം. പക്ഷേ അവർക്ക്‌ അനിവാര്യമായിരിക്കുന്ന ഒന്നുണ്ട്‌: വൈദഗ്‌ധ്യം, അതു വലിയ അളവിൽ വേണംതാനും.” ചരടുപാവകളെ ജീവനുള്ള പാവകളാക്കുന്നതിൽ സാൽറ്റ്‌സ്‌ബർഗിലെ കലാകാരന്മാർ കാണിക്കുന്ന വൈദഗ്‌ധ്യം വർണിക്കാൻ വാക്കുകളില്ല.

ചലനമറ്റ ശിൽപ്പങ്ങളെക്കാൾ പാവകളെ പ്രണയിച്ചയാൾ

പാവകളൊരുക്കുന്ന വിസ്‌മയത്തിനു വേദിയാകുന്ന സാൽറ്റ്‌സ്‌ബർഗിലെ ഈ തീയേറ്റർ വിജയത്തിന്റെ മധുരം നുണയാൻ തുടങ്ങിയിട്ട്‌ 90-ലേറെ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. മൊസാർട്ടിന്റെ ഒരു സംഗീതനാടകമാണ്‌ ആദ്യം അരങ്ങേറിയത്‌. ആന്റോൺ ഐഖർ എന്ന ശിൽപ്പിയാണ്‌ തീയേറ്ററിന്റെ സ്ഥാപകൻ. പരിശീലനകാലം മ്യൂണിക്ക്‌ നഗരത്തിൽ ചെലവഴിച്ച അദ്ദേഹം അവിടെവെച്ച്‌ ജീവൻ തുടിക്കുന്ന ചരടുപാവകൾ ഉണ്ടാക്കി. ചലനമറ്റ ശിൽപ്പങ്ങളെക്കാൾ ചലിക്കുന്ന പാവകൾകൊണ്ടുള്ള പരീക്ഷണങ്ങളാണു തനിക്ക്‌ ഏറെ ചാരിതാർഥ്യമേകുന്നതെന്ന്‌ അധികം താമസിയാതെ അദ്ദേഹത്തിനു മനസ്സിലായി.

ഈ വിനോദം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ഹരമായി മാറാൻ പിന്നെ അധികസമയം വേണ്ടിവന്നില്ല. അവതരണത്തിലെ സംഗീത-സംഭാഷണ ഭാഗങ്ങളിലും പാവകൾക്കുള്ള വേഷങ്ങൾ തയ്‌ക്കുന്നതിലും മറ്റും അവർ മനസ്സറിഞ്ഞു സഹായിച്ചു. ആ എളിയ തുടക്കം ഗംഭീരവിജയത്തിലെത്തിയതോടെ ആ കലാകുടുംബം മറ്റു സംഗീതപരിപാടികൾ ഏറ്റെടുത്തു നടത്താൻ തുടങ്ങി. 1927 മുതൽ വിദേശപരിപാടികൾക്കുള്ള ക്ഷണവും ലഭിച്ചു. ഇന്നിപ്പോൾ ജപ്പാനും അമേരിക്കയും പോലുള്ള വിദേശരാജ്യങ്ങളിൽ കൂടെക്കൂടെ ഇത്തരം പരിപാടികൾ അരങ്ങേറുന്നുണ്ട്‌. എല്ലാ സംസ്‌കാരങ്ങളും ഈ കലാരൂപത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.

നിങ്ങൾക്ക്‌ ഇഷ്ടമാകുമോ?

“വേഷമിട്ട ഗായകർ ഉപകരണസംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന നാടകം” എന്നാണ്‌ സംഗീതനാടകത്തെ നിർവചിച്ചിരിക്കുന്നത്‌. (ദ കൺസൈസ്‌ ഓക്‌സ്‌ഫോർഡ്‌ ഡിക്‌ഷണറി ഓഫ്‌ മ്യൂസിക്‌) ഐതിഹ്യമോ ചരിത്രമോ ബൈബിൾവിവരണങ്ങളോ സാങ്കൽപ്പിക കഥകളോ ആണ്‌ സംഗീതനാടകങ്ങൾക്കു കഥാതന്തുവാകുന്നത്‌. ദുരന്തപര്യവസായിയോ പ്രണയസംബന്ധിയോ ഹാസ്യപ്രധാനമോ ഒക്കെയാകാം അവ. ഈ തീയേറ്ററിൽ അരങ്ങേറുന്ന പാവകളികൾ സാധാരണഗതിയിൽ ജർമൻ ഭാഷയിലോ ഇറ്റാലിയനിലോ ഉള്ളതാണ്‌. അതുകൊണ്ടുതന്നെ സംഗീതനാടകം നിങ്ങൾക്ക്‌ ഇഷ്ടപ്പെടുമോ എന്നു നിശ്ചയിക്കുന്നതിന്‌ അതിന്റെ സംഗ്രഹത്തിന്റെ പരിഭാഷ പരിശോധിക്കുന്നതു നന്നായിരിക്കും.

ഒരു സംഗീതനാടകം കാണാൻ പറ്റിയതാണോയെന്ന്‌ ഒരു ക്രിസ്‌ത്യാനി എങ്ങനെ നിർണയിക്കും? ഗായകരുടെ പ്രശസ്‌തിയാണോ അളവുകോൽ? അതോ സംഗീതത്തിന്റെ മാധുര്യമാണോ? അതുമല്ലെങ്കിൽ അവതരണത്തിനു നിദാനമായ കഥാതന്തുവോ?

മറ്റു വിനോദങ്ങളുടെ കാര്യത്തിലെന്നപോലെ ഒരു സംഗീതനാടകം കാണുകയോ കേൾക്കുകയോ ചെയ്യണമോയെന്നു തീരുമാനിക്കുന്നതിനു മുമ്പ്‌ ഒരു ക്രിസ്‌ത്യാനി അതിന്റെ സംഗ്രഹം അപ്പൊസ്‌തലനായ പൗലൊസ്‌ വിശദീകരിച്ച പിൻവരുന്ന മാനദണ്ഡവുമായി താരതമ്യം ചെയ്‌തുനോക്കേണ്ടതുണ്ട്‌. “ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്‌ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്‌ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.”—ഫിലിപ്പിയർ 4:8.

[8-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഓസ്‌ട്രിയ

വിയന്ന

സാൽറ്റ്‌സ്‌ബർഗ്‌

[8-ാം പേജിലെ ചിത്രം]

വ്യത്യസ്‌ത സംഗീതനാടകങ്ങൾക്കായി തയ്യാറെടുത്തുനിൽക്കുന്ന പാവകൾ

[9-ാം പേജിലെ ചിത്രം]

സാൽറ്റ്‌സ്‌ബർഗിലെ തീയേറ്റർ

[10-ാം പേജിലെ ചിത്രം]

സ്ഥാപകനായ ആന്റോൺ ഐഖർ

[കടപ്പാട്‌]

By courtesy of the Salzburg Marionette Theatre

[8-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

8, 9 പേജുകളിലെ ചിത്രങ്ങൾ: By courtesy of the Salzburg Marionette Theatre