വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മഞ്ഞിന്റെ ഇളംചൂടിൽ!

മഞ്ഞിന്റെ ഇളംചൂടിൽ!

മഞ്ഞിന്റെ ഇളംചൂടിൽ!

ഫിൻലൻഡിലെ ഉണരുക! ലേഖകൻ

ചൂടുപകരുന്ന വസ്‌ത്രങ്ങളും ഉചിതമായ പാദരക്ഷകളുമില്ലെങ്കിൽ ഉത്തര ധ്രുവത്തിലെ മരംകോച്ചുന്ന ശൈത്യകാലത്തെ അതിജീവിക്കുക മനുഷ്യന്‌ അസാധ്യമാണ്‌. എന്നാൽ ഏതൊരു കാലാവസ്ഥയിലും പിടിച്ചുനിൽക്കാൻ കഴിയുന്ന അസംഖ്യം മൃഗങ്ങൾ അവിടെയുണ്ട്‌. തൂവലുകളോ രോമങ്ങളോ തീർക്കുന്ന ചൂടുകുപ്പായത്തിനു പുറമേ ശൈത്യത്തെ പ്രതിരോധിക്കാനുള്ള മഞ്ഞിന്റെ അസാധാരണ കഴിവും അവയ്‌ക്കു തുണയാകുന്നു.

ജലബാഷ്‌പം ഘനീഭവിച്ചുണ്ടാകുന്ന പരലുകളാണ്‌ മഞ്ഞ്‌. രണ്ടര ഇഞ്ച്‌ ഘനത്തിലുള്ള മഞ്ഞിൽ വെറും ഒരിഞ്ച്‌ വെള്ളമേയുള്ളൂ. പരലുകൾക്കിടയിൽ ധാരാളം വായു കുടുങ്ങിക്കിടക്കുന്നതാണ്‌ അതിനു കാരണം. വസന്തം വന്നെത്തുവോളം വിത്തുകളെയും സസ്യങ്ങളെയും കൊടുംശൈത്യത്തിൽനിന്നു സംരക്ഷിക്കുന്ന ഫലപ്രദമായ ഒരു രോധകമായി വർത്തിക്കാൻ മഞ്ഞിന്റെ വിസ്‌മയാവഹമായ ഈ രൂപകൽപ്പന സഹായിക്കുന്നു. അതോടെ, മലകളെയും താഴ്‌വാരങ്ങളെയും പുണർന്നുകിടക്കുന്ന മഞ്ഞിന്റെ ഈ വൻ സംഭരണി ഭൂമിയുടെ ദാഹം ശമിപ്പിച്ചുകൊണ്ടും അരുവികളെ സജീവമാക്കിക്കൊണ്ടും ഉരുകിത്തുടങ്ങുന്നു.

മഞ്ഞിനടിയിലെ ലോകം

എലിവർഗത്തിൽപ്പെട്ടതും മുഖ്യമായും നിശാസഞ്ചാരികളുമായ ലെമ്മിങ്‌, വോൾ, ഷ്‌റൂ തുടങ്ങിയ ഷഡ്‌പദഭുക്കുകൾ ഉൾപ്പെടെ, ഭക്ഷിക്കാനുള്ള വക കണ്ടെത്താനായി മഞ്ഞിനടിയിലെ തുരങ്കങ്ങളിലൂടെ സദാ പരക്കംപായുകയാണ്‌ രോമക്കുപ്പായമണിഞ്ഞ അസംഖ്യം ചെറുജീവികൾ. അതേസമയം ചെറു പഴങ്ങളും വിത്തുകളും തൈമരങ്ങളുടെ മൃദുവായ പുറംപട്ടയും അകത്താക്കാൻ ചുണ്ടെലികൾ മഞ്ഞിനു മുകളിലൂടെ നെട്ടോട്ടമോടുന്നു.

ഈ ചെറു സസ്‌തനികൾ എങ്ങനെയാണു ശരീരോഷ്‌മാവു നിലനിറുത്തുന്നത്‌? കട്ടിയുള്ള രോമക്കുപ്പായത്തിനു പുറമേ, ഒരു ആന്തരിക താപോത്‌പാദന കേന്ദ്രംപോലെ വർത്തിക്കുന്നതും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതുമായ ഒരു ഉപാപചയ വ്യവസ്ഥ അവയ്‌ക്കുണ്ട്‌. ഈ നൈസർഗിക ഹീറ്ററുകൾക്ക്‌ ഒരുപാട്‌ ഇന്ധനം വേണ്ടിവരുമെന്നു പറയേണ്ടതില്ലല്ലോ. ഉദാഹരണത്തിന്‌, ദിവസവും ഒരു ഷ്‌റൂ സ്വന്തം ശരീരഭാരത്തിന്റെ അത്രയും ആഹാരം അകത്താക്കുന്നു; ഷഡ്‌പദങ്ങൾ, ലാർവകൾ, പ്യൂപ്പകൾ എന്നിവയാണ്‌ അവയ്‌ക്കു പ്രിയം. ഷ്‌റൂ ഇനത്തിലെ ഇത്തിരിക്കുഞ്ഞനായ പിഗ്‌മി ഷ്‌റൂ ഇക്കാര്യത്തിൽ മറ്റുള്ളവരെയെല്ലാം കടത്തിവെട്ടുന്നു! ഉറക്കമൊഴിഞ്ഞ സമയത്തെല്ലാം ഇക്കൂട്ടർ തീറ്റതേടുകയാണെന്നു ചുരുക്കം.

മൂങ്ങയുടെയും എർമൈൻ എന്ന ഒരിനം കീരിയുടെയും ഇഷ്ടഭോജ്യമാണ്‌ ഇത്തിരിപ്പോന്ന ഈ സസ്‌തനികൾ. മെയ്‌വഴക്കമുള്ള ഈ കീരികൾക്ക്‌ വളഞ്ഞുപുളഞ്ഞുകിടക്കുന്ന മഞ്ഞുതുരങ്കങ്ങളിലൂടെ ശരവേഗത്തിൽ സഞ്ചരിക്കാനാകും. തങ്ങളെക്കാൾ വലുപ്പമുള്ള മുയലുകളെപ്പോലും ചിലപ്പോൾ അവ വേട്ടയാടുന്നു!

വേട്ടയാടുന്നതിൽ മൂങ്ങകളും ഒട്ടും പിന്നിലല്ല. ചാരനിറമുള്ള വലിയയിനം മൂങ്ങകളുടെ ശ്രവണശക്തി അപാരമാണ്‌. മഞ്ഞിന്‌ അധികം ആഴമില്ലാത്തപ്പോൾ അതിനടിയിലൂടെ നീങ്ങുന്ന ഒരു വോളിനെ ‘നോട്ടമിടാനും’ പിന്തുടരാനും അവയ്‌ക്കാകും. അടുത്ത നിമിഷം അത്‌ മഞ്ഞിനടിയിലേക്കു കൂപ്പുകുത്തി, കൂർത്ത നഖങ്ങളിൽ ഇരയെ തൂക്കിയെടുക്കുന്നു. എന്നാൽ മഞ്ഞിന്‌ ആഴക്കൂടുതലുള്ളപ്പോൾ ഇരപിടിയന്മാർ മിക്കപ്പോഴും പട്ടിണികിടന്ന്‌ ചത്തൊടുങ്ങുന്നു, ഇരകൾ മഞ്ഞിനടിയിൽ പെറ്റുപെരുകുകയും ചെയ്യുന്നു.

ഉഷ്‌ണകാലത്ത്‌ ശരീരത്തു സംഭരിക്കപ്പെടുന്ന കൊഴുപ്പാണ്‌ ശൈത്യകാല വറുതിയെ അതിജീവിക്കാൻ പല ജീവികളെയും സഹായിക്കുന്നത്‌. എങ്കിലും അവയ്‌ക്ക്‌ എന്തെങ്കിലുമൊക്കെ തീറ്റി കിട്ടാതെവരുന്ന പ്രശ്‌നമില്ല. ഉദാഹരണത്തിന്‌, പൈൻമരത്തിന്റെയും മറ്റും കൂമ്പുകൾ കടമാൻ ആഹാരമാക്കുന്നു. അണ്ണാൻ തന്റെ കൂട്ടിൽ പൂഴ്‌ത്തിവെച്ച പോഷകമൂല്യമുള്ള വിത്തുകൾ കൊറിക്കുമ്പോൾ, മൃദുവായ മരത്തൊലിയും ഇളംനാമ്പുകളും തളിരിലകളും മുയലുകൾ വയറ്റിലാക്കുന്നു. തണുത്തുറഞ്ഞ കുഞ്ഞുപഴങ്ങളും പൈൻമരത്തളിരുമാണ്‌ ചില പക്ഷിവർഗങ്ങളുടെ ആഹാരം.

മാനത്തുനിന്ന്‌ മഞ്ഞിനുള്ളിലേക്ക്‌

പകലത്തെ വിശ്രമവേളയിലും രാത്രിയിലും ചൂടു നിലനിറുത്താൻ പല പക്ഷികളും മഞ്ഞിന്റെ രോധകശക്തി പ്രയോജനപ്പെടുത്തുന്നു. ഹെയ്‌സൽ കോഴി, കുളക്കോഴി, ടാർമിഗൻ എന്നിവയും കുരുവി, ലിന്നറ്റ്‌, ബുൾഫിഞ്ച്‌ തുടങ്ങിയ കുഞ്ഞിക്കിളികളും ഇവയിൽപ്പെടും. മഞ്ഞ്‌ ആഴമുള്ളതും മൃദുവുമാണെങ്കിൽ, വെള്ളത്തിലേക്കു കൂപ്പുകുത്തുന്ന കടൽക്കാക്കയെപ്പോലെ ചില പക്ഷികൾ മാനത്തുനിന്നു നേരെ മഞ്ഞിനടിയിലേക്കു പാഞ്ഞിറങ്ങുന്നു. തന്ത്രപരമായ ഈ ഊളിയിടലിന്റെ യാതൊരു അടയാളവും ശേഷിക്കാത്തതിനാൽ ഇരപിടിയന്മാർക്ക്‌ അവയെ ഒരുതരത്തിലും കണ്ടെത്താനാവില്ല.

മഞ്ഞിനുള്ളിൽ മറഞ്ഞുകഴിഞ്ഞാലുടൻ പക്ഷികൾ മൂന്ന്‌ അടിവരെ നീളത്തിൽ തിരശ്ചീനമായി ഒരു തുരങ്കം നിർമിക്കുകയായി. ഉപരിതലത്തിലുള്ള ഏതൊരു അടയാളവും രാത്രിയിലെ കാറ്റിൽ മാഞ്ഞുപോകുന്നു. നടക്കാനിറങ്ങുന്ന ആളുകൾ ഈ ‘പക്ഷിസങ്കേതങ്ങൾ’ക്കടുത്തേക്കു വരുമ്പോൾ, ഞെരിഞ്ഞമരുന്ന മഞ്ഞിന്റെ ശബ്ദം പക്ഷികളെ ജാഗരൂകരാക്കുന്നു. തൊട്ടുമുമ്പിലായി മഞ്ഞ്‌ ചിന്നിച്ചിതറുന്നതും വലിയ ചിറകടിശബ്ദത്തോടെ പക്ഷികൾ പൊങ്ങിവരുന്നതും കാണുമ്പോൾ ആരും ഒന്നു നടുങ്ങിപ്പോകും!

മഞ്ഞുകുപ്പായത്തിനുള്ളിൽ

മഞ്ഞുകാലമാകുമ്പോൾ ധ്രുവപ്രദേശത്തുള്ള ചില ജീവികൾ തങ്ങളുടെ വേനൽക്കുപ്പായം മാറ്റി മഞ്ഞിന്റെ നിറത്തിനിണങ്ങുന്ന ശൈത്യകാല കുപ്പായം അണിയുന്നു. ശരത്‌കാലമാകുന്നതോടെ ഫിൻലൻഡിലെ ധ്രുവക്കുറുക്കൻ, നീലമുയൽ, കീരികൾ എന്നിവയ്‌ക്ക്‌ വെളുത്തതോ നിറംമങ്ങിയതോ ആയ കട്ടിയുള്ള രോമം വളരുന്നു. *

സമാനമായി കുളക്കോഴിയുടെ പൊട്ടുകളുള്ള വേനൽക്കുപ്പായം തൂവെള്ളയായി മാറുന്നു. ഉഷ്‌ണകാലത്തെ അവയുടെ നഗ്നപാദങ്ങൾ മഞ്ഞുകാലത്ത്‌ തൂവൽകൊണ്ടു നിറഞ്ഞ്‌ നല്ലൊരു ഹിമപാദുകമായി മാറുന്നു. വേഷംമാറുന്ന കാലത്തും ചില ജീവികൾ ഇരപിടിയന്മാരുടെ കണ്ണിൽപ്പെടാതെ കഴിയുന്നു. ഭാഗികമായിമാത്രം മഞ്ഞുമൂടിയ മങ്ങിയ നിറത്തിലുള്ള ചുറ്റുപാടുമായി അവയുടെ ചാരനിറം ഇണങ്ങിപ്പോകുന്നു എന്നതാണു കാരണം.

നഗ്നപാദരായി മഞ്ഞിനുമുകളിലൂടെ കൂസലില്ലാതെ നടന്നുനീങ്ങുന്ന പക്ഷികൾക്ക്‌ യാതൊരു ഹാനിയും സംഭവിക്കാത്തത്‌ എന്തുകൊണ്ടാണെന്നു നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. അവയുടെ പാദങ്ങളിലെ വിദഗ്‌ധമായ താപക്കൈമാറ്റ സംവിധാനമാണ്‌ അതിന്റെ രഹസ്യം. ഹൃദയത്തിൽനിന്ന്‌ ധമനികളിലൂടെ ചുടുരക്തം പാദങ്ങളിലെത്താനും അവിടെനിന്നു വരുന്ന തണുത്ത രക്തത്തെ ചൂടാക്കാനും അത്ഭുതകരമായ ഈ സംവിധാനം സഹായിക്കുന്നു.

അതേ, മഞ്ഞുമൂടിയ ധ്രുവങ്ങളോ കത്തിയെരിയുന്ന ഉഷ്‌ണമേഖലാ പ്രദേശങ്ങളോ ആയാലും നമ്മുടെ ഈ ഭൂഗ്രഹത്തിൽ ജീവികൾ അതിജീവിക്കുന്നു, അല്ല തഴച്ചുവളരുന്നു. അവയെ കണ്ടെത്തുകയും ക്യാമറയിൽ പകർത്തുകയും ചെയ്യുന്നവരെ പുരസ്‌കാരങ്ങൾ തേടിയെത്തുന്നു, അവരത്‌ അർഹിക്കുകയും ചെയ്യുന്നു. ആ സ്ഥിതിക്ക്‌ ഭൂമിയിലെ ജൈവവൈവിധ്യങ്ങളുടെ സ്രഷ്ടാവിനെ നാം എത്രയധികം വാഴ്‌ത്തണം! “ഞങ്ങളുടെ ദൈവമായ യഹോവേ, നീ സകലവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടത്താൽ ഉളവായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളാൻ നീ യോഗ്യൻ” എന്ന്‌ വെളിപ്പാടു 4:11 (NW) പറയുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 15 പ്രാദേശികമായി ഇവയ്‌ക്കു വ്യത്യസ്‌ത പേരുകളുണ്ടായിരിക്കാം. ഉദാഹരണത്തിന്‌ നീലമുയലിന്‌ മലമുയൽ, തുന്ദ്രമുയൽ എന്നിങ്ങനെ പല പേരുകളുണ്ട്‌.

[14-ാം പേജിലെ ചതുരം/ചിത്രം]

തണുപ്പിലും ‘തണുക്കാതെ’

ശൈത്യകാലമാസങ്ങളിൽ ഫിൻലൻഡിലെ യഹോവയുടെ സാക്ഷികൾ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്‌ത്രങ്ങളണിഞ്ഞ്‌ ആത്മീയ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. അവരിൽ പലരും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കാൻ യാതൊരു മടിയും കൂടാതെ ദീർഘദൂരം സഞ്ചരിക്കുന്നു. നീണ്ടുനിൽക്കുന്ന ആ കുളിർകാലത്ത്‌ ഗ്രാമപ്രദേശങ്ങളിലെ യോഗഹാജർ കുറയുന്നില്ലെന്നതാണു സത്യം. പരസ്യശുശ്രൂഷയിലും സാക്ഷികൾ തിരക്കോടെ ഏർപ്പെടുന്നു. സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ രാജ്യം ഘോഷിക്കുന്നതിനായി വീട്ടിനുള്ളിലെ സുഖദമായ അന്തരീക്ഷത്തിൽനിന്നു പുറത്തുവരാൻ അവർക്കു തെല്ലും വൈമനസ്യമില്ല, ആ പദവിയെ അവർ അത്രമേൽ വിലമതിക്കുന്നു!—മത്തായി 24:14.

[12, 13 പേജുകളിലെ ചിത്രം]

പെറ്റ്‌റെൽ—ഒരിനം കടൽപ്പക്ഷി; പൊത്തിനുള്ളിൽ

[കടപ്പാട്‌]

By courtesy of John R. Peiniger

[12, 13 പേജുകളിലെ ചിത്രം]

എർമൈൻ

[കടപ്പാട്‌]

Mikko Pöllänen/Kuvaliiteri

[13-ാം പേജിലെ ചിത്രം]

ഹംസങ്ങൾ

[13-ാം പേജിലെ ചിത്രം]

മുയൽ

[13-ാം പേജിലെ ചിത്രം]

ധ്രുവക്കുറുക്കൻ