വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കായലോളങ്ങൾ കഥപറയും കേരളം

കായലോളങ്ങൾ കഥപറയും കേരളം

കായലോളങ്ങൾ കഥപറയും കേരളം

ഇന്ത്യയിലെ ഉണരുക! ലേഖകൻ

നയനമനോഹരമായ ഒരു ഹൗസ്‌ബോട്ടിൽ, 44 പുഴകളുടെ പതനസ്ഥാനങ്ങളെ പുണർന്നുകിടക്കുന്ന പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നതിനെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ! ഇന്ത്യയുടെ തെക്കുപടിഞ്ഞാറുള്ള കേരളത്തിലെ, 885 കിലോമീറ്റർ നീളംവരുന്ന കായലുകളിലൂടെയുള്ള സഞ്ചാരത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്‌. കരളിനു കുളിരേകുന്ന അനുപമമായ ഒരനുഭൂതിയാണത്‌. അതേ, പ്രകൃതിയുടെ മടിത്തട്ടിൽ ഒഴുകിനടക്കുന്ന ഒരു പ്രതീതി! കായൽപ്പരപ്പിലൂടെ അലസമായി അങ്ങനെ മുന്നോട്ടുനീങ്ങവേ കേരവൃക്ഷങ്ങൾ അതിരുചമയ്‌ക്കുന്ന ചിറകളും നോക്കെത്താദൂരത്തിൽ പച്ചപുതച്ചുകിടക്കുന്ന നെൽപ്പാടങ്ങളും നിരവധി തടാകങ്ങളും തോടുകളും വിസ്‌മയക്കാഴ്‌ചയൊരുക്കുന്നു. ഈ കായൽഭംഗി നിമിത്തമാവാം, നാഷണൽ ജ്യോഗ്രഫിക്‌ ട്രാവലർ കേരളത്തെ “നിശ്ചയമായും കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ” കൂട്ടത്തിൽപ്പെടുത്തിയിരിക്കുന്നത്‌.

തോടുകളുടെ ഇരുകരകളിലുമായി പാർക്കുന്ന തദ്ദേശീയരുടെ കാര്യവും വിസ്‌മരിച്ചുകൂടാ. അടുത്തെങ്ങും ടൂറിസ്റ്റുകളോ പഞ്ചനക്ഷത്രഹോട്ടലുകളോ ഇല്ലാതിരുന്ന ഒരു കാലം അവരുടെ മനസ്സിലുണ്ട്‌. അവരുടെ ജീവിതത്തിൽ പക്ഷേ ഇന്നും കാര്യമായ മാറ്റംവന്നിട്ടില്ല. ചിലർക്കൊക്കെ ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ജോലി ലഭിച്ചിട്ടുണ്ടെങ്കിലും അവരുടെ സംസ്‌കാരവും അനുദിനജീവിതവും പണ്ടത്തെപ്പോലെതന്നെയാണ്‌. തെങ്ങുകൃഷിയും നെൽകൃഷിയും മത്സ്യബന്ധനവുമാണ്‌ ഇവിടത്തുകാരുടെ ജീവിതമാർഗം.

മത്സ്യബന്ധനം

മീനും മീൻപിടിത്തവുമില്ലാത്ത ഒരു ജീവിതം ഇവിടത്തുകാർക്ക്‌ അചിന്തനീയമാണ്‌. മലയാളക്കരയുടെ സവിശേഷതയായ കരിമീൻ, ഭാരതീയർക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരമാണ്‌. സ്‌ത്രീകൾ കരിമീൻ തപ്പിപ്പിടിക്കുന്ന കാഴ്‌ച ഇവിടെയല്ലാതെ മറ്റെങ്ങും കാണാൻ സാധ്യതയില്ല. കരിമീൻ പിടിക്കാനായി സ്‌ത്രീകൾ കുടവുമായി വെള്ളത്തിലിറങ്ങുന്നു. അവരെ കാണുന്നമാത്രയിൽ അവ ചെളിയിൽ പുതഞ്ഞുകിടക്കും. അവർ അവയെ കാലുകൊണ്ട്‌ പരതി കണ്ടെത്തുകയും ‘കയ്യോടെ’ പിടികൂടി കുടത്തിലാക്കുകയും ചെയ്യുന്നു. വേണ്ടത്ര പിടിച്ചുകഴിയുമ്പോൾ കരയിലേക്കു മടങ്ങുന്നു, അവിടെ ആവശ്യക്കാർ ആകാംക്ഷയോടെ കാത്തുനിൽപ്പുണ്ടാകും. വിലകൂടിയ മുഴുത്ത മീനുകൾ സമ്പന്നർക്കായി പഞ്ചനക്ഷത്രഹോട്ടലുകളിലേക്കും ചെറിയവ ഇടത്തരക്കാരുടെ അടുക്കളയിലേക്കും പോകുന്നു.

ചീനവലകൾ

കായലോരങ്ങളിലെ സർവസാധാരണവും മനോഹരവുമായ ഒരു കാഴ്‌ചയാണ്‌ ചീനവലകൾ. ഇവയും സന്ദർശകരുടെ മനംകവരുന്നു.

1400-നുമുമ്പ്‌, കുബ്ലൈഖാന്റെ കൊട്ടാരത്തിൽനിന്നുള്ള ചൈനീസ്‌ വ്യാപാരികളാണ്‌ ചീനവലകൾ കൊച്ചിയിലെത്തിച്ചതെന്നു കരുതപ്പെടുന്നു. ചൈനക്കാരും പിന്നീട്‌ പോർച്ചുഗീസുകാരുമാണ്‌, കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഈ വലകൾ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്‌. ആറു നൂറ്റാണ്ടിലേറെയായി അവ, തദ്ദേശീയരായ പലർക്കും ഒരു ഉപജീവനമാർഗവും മറ്റനേകർക്കു രുചികരമായ ഭക്ഷ്യവിഭവങ്ങളും പ്രദാനംചെയ്‌തുവരുന്നു. ചിലപ്പോഴൊക്കെ ഒരു ഗ്രാമത്തിനു മുഴുവൻ വേണ്ടത്ര മീൻ ഒരൊറ്റ വലയിൽനിന്നു ലഭിക്കുമത്രേ. ഉണക്കാനിട്ടിരിക്കുന്ന ചീനവലകളുടെ ദൃശ്യങ്ങൾ പല ടൂറിസ്റ്റുകളും സൂര്യാസ്‌തമയത്തിന്റെ പശ്ചാത്തലത്തിൽ ഒപ്പിയെടുക്കാറുണ്ട്‌.

ചീനവലകൾ മാത്രമല്ല ടൂറിസ്റ്റുകളെ ആകർഷിക്കുന്നത്‌. വള്ളംകളിപോലുള്ള ജലോത്സവങ്ങളും ഓരോ വർഷവും ആയിരങ്ങളെ ഇവിടേക്കു മാടിവിളിക്കുന്നു.

വള്ളംകളി

വീതികുറഞ്ഞ്‌, നീളമേറിയ വള്ളങ്ങളാണ്‌ ചുണ്ടൻവള്ളങ്ങൾ. പണ്ടുകാലത്ത്‌ നാട്ടുരാജാക്കന്മാർ യുദ്ധത്തിനായിട്ടാണ്‌ അവ നിർമിച്ചത്‌. പിൽക്കാലത്ത്‌ യുദ്ധങ്ങളെല്ലാം അവസാനിച്ചപ്പോൾ അവയുടെ ആവശ്യവും പരിമിതമായി. ക്ഷേത്രോത്സവങ്ങളോടു ബന്ധപ്പെട്ടു മാത്രമേ പിന്നീട്‌ ഈ കൂറ്റൻ പള്ളിയോടങ്ങൾ നീറ്റിലിറങ്ങിയിരുന്നുള്ളൂ. അത്തരം സന്ദർഭങ്ങളിൽ പ്രാദേശിക സംസ്‌കാരങ്ങളുടെ പ്രതീകമെന്ന നിലയിൽ അവയെ മോടിപിടിപ്പിച്ചിരുന്നു. ഉത്സവകാലങ്ങളിൽ വിശിഷ്ട വ്യക്തികളുടെ ബഹുമാനാർഥം വള്ളംകളികൾ നടത്തിയിരുന്നു. ആയിരത്തോളം വർഷംമുമ്പ്‌ ഉദയംചെയ്‌ത ഈ മത്സരം ഇന്നും തുടരുന്നു, അതേ പ്രതാപത്തോടെ.

മത്സരത്തിനു സാധാരണഗതിയിൽ ഇത്തരം 20 വള്ളങ്ങൾ ഉണ്ടായിരിക്കും, ഓരോന്നിലും 100-നും 150-നും ഇടയ്‌ക്ക്‌ ആളുകളും. വള്ളത്തിന്റെ ഇരുവശങ്ങളിലുമായാണ്‌ നൂറിലേറെവരുന്ന തുഴക്കാർ ഇരിക്കുന്നത്‌. ഗതി നിയന്ത്രിക്കുന്ന നാലു പേർ പങ്കായവുമായി അമരത്തുണ്ടാകും. രണ്ടുപേർ വള്ളത്തിന്റെ നടുക്കുനിന്നുകൊണ്ട്‌ തുഴക്കാർക്കു താളം പകരുന്നു. ആവേശം പകരാൻ ഇവരോടൊപ്പം കുറഞ്ഞത്‌ ആറുപേരെങ്കിലും വേറെയുമുണ്ടാകും. കയ്യടിച്ചും ആത്തുവിളിച്ചും ചൂളമടിച്ചും വഞ്ചിപ്പാട്ടുകൾ പാടിയും അവർ തുഴക്കാരെ ആവേശത്തിന്റെ നിറുകയിലെത്തിക്കുന്നു. അങ്ങനെ താളനിബദ്ധമായി മുന്നേറുന്ന ആ യുവപ്രതിഭകൾ ലക്ഷ്യത്തോട്‌ അടുക്കവേ സർവശക്തിയുമുപയോഗിച്ച്‌ ആഞ്ഞുതുഴയുന്ന കാഴ്‌ച ഒന്നു കാണേണ്ടതുതന്നെയാണ്‌.

1952-ൽ ആലപ്പുഴ സന്ദർശിച്ച ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനു വള്ളംകളി നേരിൽക്കാണാനായി. മതിമറന്ന അദ്ദേഹം സുരക്ഷാക്രമീകരണങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്‌ ജേതാക്കളുടെ വള്ളത്തിലേക്ക്‌ എടുത്തുചാടുകയും തുഴക്കാരോടൊപ്പം കൈകൊട്ടിപ്പാടുകയും ചെയ്‌തു. ഡൽഹിയിൽ തിരിച്ചെത്തിയ അദ്ദേഹം വെള്ളിയിൽ തീർത്ത ചുണ്ടൻവള്ളത്തിന്റെ ഒരു മാതൃക സമ്മാനമായി അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ ഒപ്പും ‘വള്ളംകളി ജേതാക്കൾക്ക്‌’ എന്ന വാക്കുകളും അതിൽ ആലേഖനം ചെയ്‌തിരുന്നു. എല്ലാ വർഷവും ‘നെഹ്രു ട്രോഫി വള്ളംകളിക്ക്‌’ ട്രോഫിയായി ഉപയോഗിക്കുന്നത്‌ ഈ വെള്ളിവള്ളമാണ്‌. വള്ളംകളി കാണാൻ പതിനായിരങ്ങളാണ്‌ ഓരോ വർഷവും ഇവിടേക്ക്‌ ഒഴുകിയെത്തുന്നത്‌. ഏറെക്കുറെ പ്രശാന്തമായ കായൽപ്പരപ്പ്‌ ഈ സമയമാകുമ്പോഴേക്കും ഇളകിമറിയും.

ഓളപ്പരപ്പിലെ ആഢംബര ഹോട്ടലുകൾ

ചുണ്ടൻവള്ളങ്ങൾ മാത്രമല്ല ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ജലയാനങ്ങൾ. ഹൗസ്‌ബോട്ടുകളായി രൂപപ്പെടുത്തിയ പണ്ടത്തെ പത്തേമാരികളും ഇപ്പോൾ പ്രസിദ്ധമായിക്കൊണ്ടിരിക്കുകയാണ്‌.

ഇപ്പോൾ ടൂറിസ്റ്റുകൾ ഉപയോഗിക്കുന്ന പലതും താരതമ്യേന പുതുതാണെങ്കിലും ടൂറിസത്തിനായി രൂപഭേദം വരുത്തിയതും നൂറിലേറെ വർഷം പഴക്കമുള്ളതുമായ പത്തേമാരികളും ഇന്നുണ്ട്‌. കെട്ടുവള്ളം എന്നാണ്‌ അവ മുമ്പ്‌ അറിയപ്പെട്ടിരുന്നത്‌. ആഞ്ഞിലിപ്പലകകൊണ്ട്‌ ഉണ്ടാക്കുന്ന ഈ വള്ളത്തിൽ ഒറ്റ ആണിപോലും കാണില്ല. പലകകൾ ചേർത്തുവെച്ച്‌ ദ്വാരങ്ങളിട്ടശേഷം ചെറുകയർ കോർത്ത്‌ വരിഞ്ഞുമുറുക്കുകയാണ്‌ ചെയ്യുന്നത്‌. അടുത്തുള്ള സ്ഥലങ്ങളിലേക്കു നെല്ലും മറ്റു ചരക്കുകളും ദൂരസ്ഥലങ്ങളിലേക്ക്‌ പലവ്യഞ്‌ജനങ്ങളും കൊണ്ടുപോകുന്നതിനാണ്‌ ആദ്യകാലങ്ങളിൽ അവ ഉപയോഗിച്ചിരുന്നത്‌. ഗതാഗത സൗകര്യം വർധിച്ചതോടെ ഈ വള്ളങ്ങളുടെ ഉപയോഗം ഏതാണ്ട്‌ നിലച്ചതുപോലെയായി. അപ്പോഴാണ്‌ ടൂറിസ്റ്റുകൾക്കായി അവയെ ഹൗസ്‌ബോട്ടുകളാക്കി മാറ്റാമെന്ന നല്ലൊരു ആശയം ഉരുത്തിരിഞ്ഞത്‌. ബാൽക്കണിയും, കുളിമുറി സഹിതമുള്ള ആഢംബര കിടപ്പറകളും മനോഹരമായ സ്വീകരണമുറികളും ഉള്ള ഹൗസ്‌ബോട്ടുകൾ ഒഴുകിനടക്കുന്ന ഹോട്ടലുകൾതന്നെയാണ്‌. ആഗ്രഹിക്കുന്നിടത്തൊക്കെ പോകാനും ഇഷ്ടമുള്ളതൊക്കെ പാചകം ചെയ്‌തുതരാനും ജോലിക്കാരുമുണ്ട്‌.

സന്ധ്യമയങ്ങുമ്പോൾ ബോട്ടുകൾ തീരമണയുന്നു. കൂടുതൽ പ്രശാന്തതയും സ്വകാര്യതയും ആഗ്രഹിക്കുന്നെങ്കിൽ കായലിന്റെ നടുക്കുതന്നെ തങ്ങുകയുമാവാം. ഇടയ്‌ക്കൊക്കെ മറിയുന്ന മീനുകൾ ആ നിസർഗശാന്തി ഭഞ്‌ജിച്ചെങ്കിലായി.

ഇവിടെയുള്ള എല്ലാവരും പക്ഷേ തിരക്കൊഴിഞ്ഞ ജീവിതം നയിക്കുന്നവരല്ല. ‘മനുഷ്യരെ പിടിക്കുന്നവർ’ ഇവിടെ തീക്ഷ്‌ണതയോടെ ഉണർന്നിരുന്നു പ്രവർത്തിക്കുന്നു.

‘മനുഷ്യരെ പിടിക്കൽ’

തന്റെ ശിഷ്യന്മാരായിത്തീർന്ന മുക്കുവരോടുള്ള യേശുവിന്റെ വാക്കുകളാണ്‌ മനുഷ്യരെ പിടിക്കുന്നവർ എന്ന പ്രയോഗത്തിന്‌ ആധാരം. “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന്‌ അവൻ പറഞ്ഞു. തന്റെ ശിഷ്യരാകാൻ ആളുകളെ സഹായിക്കുന്ന വേലയെ പരാമർശിക്കുകയായിരുന്നു യേശു. (മത്താ. 4:18, 19; 28:19, 20) കേരളത്തിലെ കായലോരങ്ങൾ ഉൾപ്പെടെ ലോകമെമ്പാടും യഹോവയുടെ സാക്ഷികൾ ആ നിയോഗം നിവർത്തിച്ചുവരികയാണ്‌.

കേരളത്തിൽ യഹോവയുടെ സാക്ഷികളുടെ 132 സഭകളുണ്ട്‌. അവയിൽ 13 എണ്ണം കായൽക്കരകളിലാണ്‌. ഈ സഭകളിൽ പലരുടെയും തൊഴിൽ മീൻപിടിത്തമാണ്‌. മത്സ്യബന്ധനത്തിനിടെ അവരിലൊരാൾ സഹപ്രവർത്തകനോടു ദൈവരാജ്യത്തെക്കുറിച്ച്‌ സംസാരിച്ചു. തന്റെ സഭയുടെ പഠിപ്പിക്കലുകൾ ബൈബിളിന്റേതിൽനിന്ന്‌ എത്ര വ്യത്യസ്‌തമാണെന്ന്‌ ആ വ്യക്തിക്കു കാണാനായി. അദ്ദേഹത്തോടൊപ്പം ഭാര്യയും നാലു കുട്ടികളും ബൈബിൾ പഠിക്കാൻ തുടങ്ങി. പെട്ടെന്നു പുരോഗതി പ്രാപിച്ച അവരിൽ നാലു പേർ സ്‌നാനമേറ്റുകഴിഞ്ഞു. രണ്ടു കുട്ടികൾ ആ ലക്ഷ്യത്തിൽ മുന്നേറുകയാണ്‌.

സാക്ഷികളായ ചിലർ സുവാർത്ത ഘോഷിക്കാനായി ഒരു കൊച്ചുദ്വീപിലേക്കു പുറപ്പെട്ടു. അവിടേക്കും തിരിച്ചുമുള്ള കടത്തുവള്ളത്തിനു യാതൊരു സമയനിഷ്‌ഠയുമില്ലാത്തതിനാൽ ആ ദ്വീപിനെ അവിടത്തുകാർ കടമക്കുടി (കടന്നാൽ കുടുങ്ങി) എന്നാണ്‌ വിളിക്കുന്നത്‌. അവിടെ സാക്ഷികൾ ജോണിയെയും ഭാര്യ റാണിയെയും കണ്ടുമുട്ടി. കത്തോലിക്കരെങ്കിലും ഒരു ധ്യാനകേന്ദ്രവുമായി സഹവസിച്ചിരുന്ന അവർ തങ്ങളുടെ സമ്പാദ്യമെല്ലാം അതിലേക്കായി സംഭാവന ചെയ്‌തുപോന്നു. തിരുവെഴത്തുസത്യത്തിൽ ആകൃഷ്ടനായ ജോണി ബൈബിൾ പഠിക്കാനും അക്കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും തുടങ്ങി. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുകയും ചെയ്‌തു.

തന്റെ തൊഴിൽ തിരുവെഴുത്തുകൾക്കു ചേർച്ചയിലല്ലാത്തതിനാൽ ജോണി അതുപേക്ഷിച്ചു. അതുനിമിത്തം ആദ്യമൊക്കെ സാമ്പത്തിക ഞെരുക്കം നേരിട്ടെങ്കിലും ഞണ്ടു പിടിച്ചുവിൽക്കാൻ തുടങ്ങിയതോടെ കുടുംബകാര്യങ്ങൾ നടത്താൻ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹം 2006 സെപ്‌റ്റംബറിലും ഭാര്യയും രണ്ടു മക്കളും ഒരു വർഷം കഴിഞ്ഞും സ്‌നാനമേറ്റു. ഒരു ആഗോള പറുദീസയിൽ നിത്യം ജീവിക്കാനുള്ള പ്രത്യാശ അവരുടെ ജീവിതവീക്ഷണത്തിനു സമൂല മാറ്റംവരുത്തി.—സങ്കീർത്തനം 97:1; 1 യോഹന്നാൻ 2:17.

കേരളത്തിലെ കായലുകൾ സന്ദർശിക്കുന്നത്‌ തീർച്ചയായും അവിസ്‌മരണീയമായ ഒരു അനുഭൂതിയാണ്‌. ചീനവലകളും ചുണ്ടൻവള്ളങ്ങളും ഹൗസ്‌ബോട്ടുകളും മാത്രമല്ല മനുഷ്യരെ പിടിക്കുന്നവരായി അവിടെയുള്ള യഹോവയുടെ വിശ്വസ്‌ത സാക്ഷികളും ആ അനുഭവത്തിനു മാറ്റുകൂട്ടുന്നു.

[10, 11 പേജുകളിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഇന്ത്യ

കേരളം

[11-ാം പേജിലെ ചിത്രം]

മത്സ്യബന്ധനം കേരളീയരുടെ ജീവിതത്തിന്റെ ഭാഗമാണ്‌

[കടപ്പാട്‌]

മുകളിലത്തെ ചിത്രം: സലിം പുഷ്‌പനാഥ്‌

[11-ാം പേജിലെ ചിത്രം]

കരിമീൻ പിടിക്കുന്ന സ്‌ത്രീകൾ

[12-ാം പേജിലെ ചിത്രം]

വള്ളംകളി

[12-ാം പേജിലെ ചിത്രം]

കെട്ടുവള്ളം

[12, 13 പേജുകളിലെ ചിത്രം]

ഹൗസ്‌ബോട്ട്‌

[12, 13 പേജുകളിലെ ചിത്രം]

ജോണിയും ഭാര്യ റാണിയും

[12-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

സലിം പുഷ്‌പനാഥ്‌