വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവത്തെ അറിഞ്ഞ’ നിങ്ങൾ ഇനി എന്തു ചെയ്യണം?

‘ദൈവത്തെ അറിഞ്ഞ’ നിങ്ങൾ ഇനി എന്തു ചെയ്യണം?

‘നിങ്ങൾ ദൈവത്തെ അറിഞ്ഞിരിക്കുന്നു.’—ഗലാ. 4:9.

1. വിമാനം പറന്നുയരുന്നതിനു മുമ്പ്‌ ഒത്തുനോക്കേണ്ട കാര്യങ്ങളുടെ പട്ടികവെച്ച്‌ പൈലറ്റ്‌ പരിശോധന നടത്തേണ്ടത്‌ എന്തുകൊണ്ട്‌?

 സുരക്ഷയ്‌ക്ക്‌ പേരുകേട്ട വിമാനങ്ങളുടെപോലും പൈലറ്റുമാർക്ക്‌ വിമാനം പറന്നുയരുന്നതിനു മുമ്പ്‌ ഒത്തുനോക്കേണ്ട ഒരു ചെക്ക്‌ലിസ്റ്റ്‌ അഥവാ പട്ടിക ഉണ്ട്‌. ഓരോ തവണയും പറന്നുയരുന്നതിനു മുമ്പ്‌ 30-ലധികം കാര്യങ്ങൾ സൂക്ഷ്‌മതയോടെ പരിശോധിക്കണം. അവയിൽ ഓരോന്നും പരിശോധിക്കുന്നില്ലെങ്കിൽ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌. ഈ പട്ടികവെച്ച്‌ ഒത്തുനോക്കാൻ വിശേഷാൽ ആവശ്യപ്പെടുന്നത്‌ എങ്ങനെയുള്ള പൈലറ്റുമാരോടാണെന്ന്‌ അറിയാമോ? അനുഭവസമ്പന്നരായ പൈലറ്റുമാരോട്‌. എന്തുകൊണ്ടാണ്‌ അത്‌? കാരണം, അത്തരം ഒരാൾ കാര്യങ്ങളെ ലാഘവത്തോടെ കാണാനുള്ള സാധ്യത കൂടുതലാണ്‌. പരിശോധിക്കേണ്ട കാര്യങ്ങളുടെ ചില വിശദാംശങ്ങൾ വിട്ടുകളയുകയും ചെയ്‌തേക്കാം.

2. ക്രിസ്‌ത്യാനികൾ എന്താണ്‌ പരിശോധിക്കേണ്ടത്‌?

2 സുരക്ഷാബോധമുള്ള ഒരു പൈലറ്റിനെപ്പോലെ നമുക്കും ഒരു ചെക്ക്‌ലിസ്റ്റ്‌ ഉപയോഗിക്കാൻ കഴിയും. വിശ്വാസം ഏറ്റവും ആവശ്യമായ ഒരു നിർണായകഘട്ടത്തിൽ അത്‌ ഉലയുകയില്ലെന്ന്‌ ഉറപ്പുവരുത്താൻവേണ്ടിയാണ്‌ ഈ പരിശോധന. നിങ്ങൾ പുതുതായി സ്‌നാനമേറ്റ ആളായാലും വർഷങ്ങളായി യഹോവയെ സേവിക്കുന്ന ആളായാലും നിങ്ങളുടെ വിശ്വാസത്തിന്റെ ആഴവും ദൈവത്തോടുള്ള ഭക്തിയും ക്രമമായി പരിശോധിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. സൂക്ഷ്‌മതയോടെ പതിവായി അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അത്‌ നമ്മെ ആത്മീയനാശത്തിലേക്കു നയിച്ചേക്കാം. ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “നിൽക്കുന്നുവെന്നു കരുതുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ.”—1 കൊരി. 10:12.

3. ഗലാത്യക്രിസ്‌ത്യാനികൾ എന്തു ചെയ്യേണ്ടതുണ്ടായിരുന്നു?

3 ഗലാത്യയിലെ ക്രിസ്‌ത്യാനികൾ തങ്ങളുടെ വിശ്വാസത്തിന്റെ ആഴം പരിശോധിക്കുകയും തങ്ങൾക്കുള്ള ആത്മീയസ്വാതന്ത്ര്യം വിലമതിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. മറുവിലയിലൂടെ യേശുക്രിസ്‌തു തന്നിൽ വിശ്വാസമർപ്പിക്കുന്നവർക്ക്‌ അതിശ്രേഷ്‌ഠമായൊരു വിധത്തിൽ ദൈവത്തെ അറിയാനുള്ള വഴി തുറന്നുകൊടുത്തിരുന്നു. അവർക്ക്‌ ദൈവത്തിന്റെ പുത്രന്മാരായിത്തീരാൻ കഴിയുമായിരുന്നു! (ഗലാ. 4:9) ആ അനുഗൃഹീതബന്ധത്തിൽ തുടരുന്നതിന്‌, മോശൈകന്യായപ്രമാണം തുടർന്നും അനുസരിക്കണമെന്നു ശഠിച്ച യഹൂദമതാനുകൂലികളുടെ ഉപദേശം അവർ പാടേ തിരസ്‌കരിക്കണമായിരുന്നു. അന്ന്‌ സഭയിലുണ്ടായിരുന്ന പരിച്ഛേദനയേൽക്കാത്ത വിജാതീയക്രിസ്‌ത്യാനികൾ ഒരിക്കലും ന്യായപ്രമാണത്തിന്റെ കീഴിലായിരുന്നിട്ടില്ലെന്ന്‌ ഓർക്കണം! രണ്ടുകൂട്ടരും, യഹൂദന്മാരും വിജാതീയരും, ഒരുപോലെ ആത്മീയപുരോഗതി വരുത്തേണ്ടതുണ്ടായിരുന്നു. ന്യായപ്രമാണം പാലിക്കുന്നതിലൂടെ അവർക്ക്‌ ഒരിക്കലും നീതിമാന്മാരായിത്തീരാൻ കഴിയില്ല എന്നു തിരിച്ചറിയുന്നത്‌ ഇതിൽ ഉൾപ്പെട്ടിരുന്നു.

ദൈവത്തെ അറിയാനുള്ള പ്രാഥമികപടികൾ

4, 5. പൗലോസ്‌ ഗലാത്യർക്ക്‌ കൊടുത്ത ബുദ്ധിയുപദേശം എന്തായിരുന്നു, ഇന്നു നമ്മെ സംബന്ധിച്ചിടത്തോളം അത്‌ പ്രസക്തമായിരിക്കുന്നത്‌ എങ്ങനെ?

4 ഗലാത്യർക്കുള്ള പൗലോസ്‌ അപ്പൊസ്‌തലന്റെ ഉദ്‌ബോധനം രേഖപ്പെടുത്തിയിരിക്കുന്നതിന്‌ കൃത്യമായൊരു ഉദ്ദേശ്യമുണ്ട്‌: സത്യക്രിസ്‌ത്യാനികൾ ഏതു കാലഘട്ടത്തിൽ ജീവിക്കുന്നവരായാലും, വിലപ്പെട്ട ബൈബിൾസത്യങ്ങൾക്കു പുറംതിരിഞ്ഞ്‌, പിന്നിൽ വിട്ടുകളഞ്ഞ സംഗതികളിലേക്ക്‌ തിരിച്ചുപോകുന്നതിൽനിന്ന്‌ അവരെ തടയുക. ഗലാത്യയിലുള്ള സഭകളെ പ്രോത്സാഹിപ്പിക്കാൻ മാത്രമായിരുന്നില്ല യഹോവ അപ്പൊസ്‌തലനെ നിശ്വസ്‌തനാക്കിയത്‌. മറിച്ച്‌ തന്റെ എല്ലാ ആരാധകരും വിശ്വസ്‌തരായി തുടരണമെന്നാണ്‌ യഹോവയുടെ ആഗ്രഹം.

5 നാം ആത്മീയമായ അടിമത്തത്തിൽനിന്ന്‌ സ്വതന്ത്രരായി യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നത്‌ എങ്ങനെയെന്ന്‌ ഓർക്കുന്നതു നല്ലതാണ്‌. പിൻവരുന്ന രണ്ടു ചോദ്യങ്ങൾ അതിനു സഹായിക്കും: സ്‌നാനമേൽക്കാനുള്ള യോഗ്യത പ്രാപിക്കാൻ നിങ്ങൾ സ്വീകരിച്ച പടികൾ ഓർക്കുന്നുണ്ടോ? യഹോവയെ അറിയാനും അവൻ അറിയുന്നവരായിരിക്കാനും അങ്ങനെ യഥാർഥത്തിലുള്ള ആത്മീയസ്വാതന്ത്ര്യം ആസ്വദിക്കാനും കഴിഞ്ഞത്‌ എങ്ങനെയെന്ന്‌ നിങ്ങൾ ഓർക്കുന്നുണ്ടോ?

6. നാം ഏതു ചെക്ക്‌ലിസ്റ്റ്‌ പരിശോധിക്കണം?

6 അടിസ്ഥാനപരമായി നാമെല്ലാം ഒമ്പതു പടികൾ സ്വീകരിച്ചവരാണ്‌.  “സ്‌നാനത്തിലേക്കും തുടർന്നുള്ള വളർച്ചയിലേക്കും നയിക്കുന്ന പടികൾ” എന്ന ചതുരത്തിൽ അവ പട്ടികപ്പെടുത്തിയിരിക്കുന്നു. അതിനെ ഒരു ചെക്ക്‌ലിസ്റ്റ്‌ ആയി കണക്കാക്കി ആ ഒമ്പതു പടികളും പതിവായി നാം മനസ്സിലേക്കു കൊണ്ടുവരണം. അങ്ങനെ ചെയ്യുന്നത്‌ ലോകത്തിലുള്ള സംഗതികളിലേക്ക്‌ തിരിച്ചുപോകാനുള്ള സമ്മർദം മറികടക്കാൻ സഹായിക്കും. അനുഭവസമ്പന്നനെങ്കിലും ജാഗ്രത വിട്ടുകളയാത്ത ഒരു പൈലറ്റ്‌, പറന്നുയരുന്നതിനു മുമ്പ്‌ ചെക്ക്‌ലിസ്റ്റ്‌ പരിശോധിച്ച്‌ തന്റെ ഓരോ യാത്രയും സുരക്ഷിതമാക്കുന്നതുപോലെ നമ്മുടെ ‘ആത്മീയചെക്ക്‌ലിസ്റ്റ്‌’ കൂടെക്കൂടെ പരിശോധിക്കുന്നത്‌ ദൈവസേവനത്തിൽ വിശ്വസ്‌തരായി നിലനിൽക്കാൻ നമ്മെ സഹായിക്കും.

‘ദൈവം അറിയുന്നവരായ’ നിങ്ങൾ ആത്മീയമായി തുടർന്നും വളരണം

7. ഏതു മാതൃകയാണ്‌ നാം പിൻപറ്റേണ്ടത്‌, എന്തുകൊണ്ട്‌?

7 ഓരോ യാത്രയ്‌ക്കും മുമ്പ്‌ താൻ ശ്രദ്ധയോടെ പിൻപറ്റേണ്ട ഒരു പതിവുനടപടിക്രമമുണ്ടെന്ന്‌ ചെക്ക്‌ലിസ്റ്റ്‌ പൈലറ്റിനെ ഓർമിപ്പിക്കുന്നു. സമാനമായി, നമ്മെത്തന്നെയും സ്‌നാനത്തെത്തുടർന്ന്‌ നാം പിൻപറ്റുന്ന നമ്മുടെ പതിവുകളെയും ക്രമമായ പരിശോധനയ്‌ക്കു വിധേയമാക്കാൻ നമുക്കും സാധിക്കും. പൗലോസ്‌ തിമൊഥെയൊസിന്‌ എഴുതി: “നീ എന്നിൽനിന്നു കേട്ട സത്യവചനത്തിന്റെ മാതൃക ക്രിസ്‌തുയേശുവിലുള്ള വിശ്വാസത്താലും സ്‌നേഹത്താലും മുറുകെപ്പിടിച്ചുകൊള്ളുക.” (2 തിമൊ. 1:13) ‘സത്യവചനം’ ദൈവവചനത്തിലാണ്‌ അടങ്ങിയിരിക്കുന്നത്‌. (1 തിമൊ. 6:3) അങ്ങനെയെങ്കിൽ, “സത്യവചനത്തിന്റെ മാതൃക” എന്താണ്‌? ഒരു ചിത്രകാരൻ തന്റെ രചനയ്‌ക്കു മുന്നോടിയായി കോറിയിടുന്ന രൂപരേഖ ചിത്രത്തെക്കുറിച്ച്‌ ഒരു ആകമാനവീക്ഷണം നൽകുമെന്ന്‌ നമുക്കറിയാം. അതുപോലെ, ദൈവം നമ്മിൽനിന്ന്‌ പ്രതീക്ഷിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കാനും അതു പിൻപറ്റാനും കഴിയത്തക്കവിധം “സത്യവചനത്തിന്റെ മാതൃക” ഒരു ബാഹ്യരേഖയായി വർത്തിക്കുന്നു. നമ്മെ സ്‌നാനത്തിലേക്കു നയിച്ച പടികൾ പരിശോധിച്ചുകൊണ്ട്‌ സത്യവചനത്തിന്റെ മാതൃകയോട്‌ നാം എത്രമാത്രം ചേർന്നുപോകുന്നുവെന്ന്‌ നമുക്കിപ്പോൾ നോക്കാം.

8, 9. (എ) അറിവിലും വിശ്വാസത്തിലും നാം വളർന്നുകൊണ്ടേയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) ആത്മീയവളർച്ചയുടെ പ്രാധാന്യവും അത്‌ തുടർച്ചയായ പ്രക്രിയ ആയിരിക്കുന്നത്‌ എന്തുകൊണ്ടെന്നും ദൃഷ്ടാന്തീകരിക്കുക.

8 അറിവു നേടുക എന്നതാണ്‌ ചെക്ക്‌ലിസ്റ്റിലെ ആദ്യത്തെ ഇനം. തുടർന്ന്‌ നമുക്ക്‌ വിശ്വാസം വർധിപ്പിക്കാനാകും. എന്നിരുന്നാലും, ഈ രണ്ടു സംഗതികളിലും നാം പിന്നെയും വളരേണ്ടതുണ്ട്‌. (2 തെസ്സ. 1:3) വളർച്ചയെന്നാൽ പുരോഗതിയിലേക്കുള്ള പടിപടിയായ മാറ്റങ്ങളുടെ ഒരു ശൃംഖലയാണ്‌. “വളരുക” എന്നതിന്റെ അർഥം വലുതാകുക, വർധിക്കുക എന്നൊക്കെയാണ്‌. അതുകൊണ്ട്‌ സ്‌നാനത്തിനു ശേഷം നമ്മുടെ വളർച്ച മുരടിച്ചുപോകാതിരിക്കാൻ നമ്മുടെ ആത്മീയത നാം മേൽക്കുമേൽ വർധിപ്പിച്ചുകൊണ്ടിരിക്കണം.

ഒരു മരം എക്കാലവും വളർന്നുകൊണ്ടിരിക്കും, ക്രിസ്‌ത്യാനികളും അങ്ങനെയായിരിക്കണം

9 നമ്മുടെ ആത്മീയവളർച്ചയെ ഒരു വൃക്ഷത്തിന്റെ വളർച്ചയുമായി താരതമ്യം ചെയ്യാം. ഒരു മരത്തിന്റെ വേരോട്ടം ആഴവും പരപ്പും ഉള്ളതാണെങ്കിൽ അത്‌ ഒരു പടുകൂറ്റൻ വൃക്ഷമായി വളരും. ഉദാഹരണത്തിന്‌, ലെബാനോനിലെ ചില ദേവദാരുവൃക്ഷങ്ങൾക്ക്‌ 12 നില കെട്ടിടത്തിന്റെ ഉയരമുണ്ട്‌. ആഴ്‌ന്നിറങ്ങിയ കരുത്തുറ്റ വേരുപടലങ്ങളാണ്‌ അവയുടേത്‌. തായ്‌ത്തടിയുടെ ചുറ്റളവ്‌ 40 അടിയോളംവരും. (ഉത്ത. 5:15) ശീഘ്രഗതിയിലുള്ള ആദ്യവളർച്ച നിലച്ചതിനു ശേഷവും മരം വളർന്നുകൊണ്ടേയിരിക്കും, അത്ര ദൃശ്യമായിരിക്കില്ലെന്നു മാത്രം. ഓരോ വർഷം കഴിയുന്തോറും തായ്‌ത്തടിയുടെ വണ്ണം കൂടുകയും വേരുകൾ പിന്നെയും ആഴ്‌ന്നിറങ്ങുകയും പടരുകയും ചെയ്യും. അങ്ങനെ അത്‌ ഇളക്കമില്ലാത്ത ഒരു മഹാവൃക്ഷമായി നിലയുറപ്പിക്കുന്നു. ഒരു ക്രിസ്‌ത്യാനിയുടെ ആത്മീയവളർച്ചയുടെ കാര്യവും ഇതുപോലെയാണ്‌. ബൈബിൾപഠനത്തിന്റെ ആദ്യനാളുകളിൽ നാം ആത്മീയമായി പെട്ടെന്നു വളരുകയും വൈകാതെതന്നെ സ്‌നാനമേൽക്കുകയും ചെയ്‌തേക്കാം. സഭയിലുള്ളവർ സന്തോഷത്തോടെ നമ്മുടെ പുരോഗതി നിരീക്ഷിക്കും. നാം ഒരു പയനിയറാകുകയോ മറ്റു സേവനപദവികളിൽ എത്തുകയോ ചെയ്‌തേക്കാം. എന്നാൽ തുടർന്നുള്ള വർഷങ്ങളിലെ നമ്മുടെ പുരോഗതി അത്ര ദൃശ്യമായിരിക്കില്ല. എന്നിരുന്നാലും, നാം വിശ്വാസവും പരിജ്ഞാനവും വർധിപ്പിച്ച്‌, “ക്രിസ്‌തുവിന്റെ പരിപൂർണതയ്‌ക്കൊത്തവിധം തികഞ്ഞ പുരുഷത്വത്തിലേക്കു വളരാൻ” പരിശ്രമിക്കണം. (എഫെ. 4:13) അങ്ങനെ ചെറിയൊരു തൈ വളർന്ന്‌ കരുത്താർജിച്ച്‌ ഒരു വൻവൃക്ഷമാകുന്നതുപോലെ നാമും വളർന്ന്‌ പക്വമതികളായ ക്രിസ്‌ത്യാനികളായിത്തീരുന്നു.

10. പക്വതയുള്ള ക്രിസ്‌ത്യാനികൾപോലും വളരേണ്ടത്‌ എന്തുകൊണ്ട്‌?

10 എന്നിരുന്നാലും, നമ്മുടെ വളർച്ച അവിടംകൊണ്ട്‌ അവസാനിക്കരുത്‌. നമ്മുടെ അറിവ്‌ പിന്നെയും വിശാലമാകുകയും വിശ്വാസം ആഴമുള്ളതാകുകയും വേണം. അങ്ങനെ ദൈവവചനമാകുന്ന മണ്ണിൽ നാം പൂർവാധികം വേരുറച്ചവരായിത്തീരും. (സദൃ. 12:3) ക്രിസ്‌തീയസഭയിലെ ധാരാളം സഹോദരീസഹോദരന്മാർ അങ്ങനെ ചെയ്‌തിരിക്കുന്നു. ഉദാഹരണത്തിന്‌, മൂന്നു പതിറ്റാണ്ടുകളായി മൂപ്പനായി സേവിക്കുന്ന ഒരു സഹോദരൻ, താൻ ഇപ്പോഴും ആത്മീയമായി വളർന്നുകൊണ്ടിരിക്കുകയാണെന്നു പറയുന്നു. “ബൈബിളിനോടുള്ള എന്റെ വിലമതിപ്പ്‌ വളരെയധികം വർധിച്ചിരിക്കുന്നു. ബൈബിളിലെ തത്ത്വങ്ങളും നിയമങ്ങളും ബാധകമാക്കേണ്ട നിരവധി മേഖലകൾ മിക്കപ്പോഴും ഞാൻ പുതുതായി കണ്ടെത്താറുണ്ട്‌. ശുശ്രൂഷയോടുള്ള എന്റെ വിലമതിപ്പും ഒന്നിനൊന്ന്‌ വളർന്നുകൊണ്ടിരിക്കുകയാണ്‌,” അദ്ദേഹം പറയുന്നു.

ദൈവവുമായുള്ള സൗഹൃദത്തിൽ വളരുക

11. കാലം കടന്നുപോകുന്നതനുസരിച്ച്‌ യഹോവയെ എങ്ങനെ കൂടുതൽ മെച്ചമായി അറിയാനാകും?

11 ഒരു പിതാവും സുഹൃത്തും എന്ന നിലയിൽ യഹോവയോട്‌ അടുത്തുചെല്ലുന്നതും നമ്മുടെ വളർച്ചയിൽ ഉൾപ്പെടുന്നു. നാം അവന്‌ പ്രിയപ്പെട്ടവരും സ്വീകാര്യരും ആണെന്ന്‌ നമുക്ക്‌ അനുഭവവേദ്യമാകാൻ അവൻ ആഗ്രഹിക്കുന്നു; അവൻ നമ്മെ സ്‌നേഹിക്കുന്നുണ്ടെന്നും നാം അവന്റെ കൈകളിൽ സുരക്ഷിതരാണെന്നും നാം അറിയാൻ അവൻ ആഗ്രഹിക്കുന്നു. വാത്സല്യമുള്ള ഒരു അച്ഛനോ അമ്മയോ ആശ്ലേഷിക്കുമ്പോൾ ഒരു കുഞ്ഞിനു തോന്നുന്നതുപോലെയോ, അല്ലെങ്കിൽ ഒരു വിശ്വസ്‌തസുഹൃത്തിന്റെ ഒപ്പമായിരിക്കുമ്പോൾ നമുക്കു തോന്നുന്നതുപോലെയോ ഉള്ള ഒരു വികാരമാണ്‌ അത്‌. നിങ്ങൾക്ക്‌ അറിയാവുന്നതുപോലെ, യഹോവയോടുള്ള ഈ അടുപ്പം പെട്ടെന്നൊരു ദിവസംകൊണ്ട്‌ വളർന്നുവരുന്നതല്ല. യഹോവയെ അറിയാനും അവനോടുള്ള സ്‌നേഹം വളരാനും കാലം കടന്നുപോകേണ്ടതുണ്ട്‌. അതുകൊണ്ട്‌ ഒരു വ്യക്തിയെന്ന നിലയിൽ യഹോവയെ കൂടുതൽ അറിയാനായി അവന്റെ വചനം ദിവസവും വായിക്കാൻ സമയം നീക്കിവെക്കുക. വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ ഓരോ ലക്കവും ഒപ്പം ബൈബിളധിഷ്‌ഠിതമായ മറ്റു പ്രസിദ്ധീകരണങ്ങളും മുടങ്ങാതെ വായിക്കുക.

12. യഹോവ അറിയുന്ന വ്യക്തികളാകാൻ നമ്മുടെ ഭാഗത്ത്‌ എന്താണ്‌ ആവശ്യം?

12 ദൈവത്തിന്റെ സുഹൃത്തുക്കൾ ആത്മാർഥമായ പ്രാർഥനകളാലും നല്ല സഹവാസത്താലും ആത്മീയമായി വളരുന്നു. (മലാഖി 3:16 വായിക്കുക.) യഹോവയുടെ “ചെവി അവരുടെ യാചനയ്‌ക്കു തുറന്നിരിക്കുന്നു.” (1 പത്രോ. 3:12) സഹായത്തിനായുള്ള നമ്മുടെ യാചനകൾ വാത്സല്യനിധിയായ ഒരു പിതാവിനെപ്പോലെ അവൻ ചെവിക്കൊള്ളുന്നു. അതുകൊണ്ട്‌ നാം ‘പ്രാർഥനയിൽ ഉറ്റിരിക്കേണ്ടതുണ്ട്‌.’ (റോമ. 12:12) പക്വത പ്രാപിച്ച ക്രിസ്‌ത്യാനികളായി തുടരാൻ ദൈവത്തിന്റെ സഹായമില്ലാതെ നമുക്ക്‌ കഴിയില്ല. നമുക്കു തനിയെ ചെറുക്കാവുന്നതിലും അപ്പുറമാണ്‌ ഈ വ്യവസ്ഥിതി കൊണ്ടുവരുന്ന സമ്മർദങ്ങൾ. ശക്തിയുടെ നിലയ്‌ക്കാത്ത സ്രോതസ്സായ യഹോവ നമ്മെ സഹായിക്കാൻ സദാ സന്നദ്ധനാണ്‌. പ്രാർഥനയിൽ ഉറ്റിരിക്കാൻ നാം കൂട്ടാക്കുന്നില്ലെങ്കിൽ ആ സംഭരണിയുമായുള്ള ബന്ധം നാം സ്വയം വിച്ഛേദിക്കുകയായിരിക്കും. നിങ്ങളുടെ പ്രാർഥനകളുടെ ഗുണനിലവാരത്തിൽ നിങ്ങൾ സംതൃപ്‌തനാണോ? അതോ മെച്ചപ്പെടുത്തേണ്ട എന്തെങ്കിലും നിങ്ങൾക്കു കാണാനാകുന്നുണ്ടോ?—യിരെ. 16:19.

13. ആത്മീയപുരോഗതി കൈവരിക്കാൻ ക്രിസ്‌തീയസഹോദരങ്ങളുമായി സഹവസിക്കേണ്ടത്‌ എന്തുകൊണ്ട്‌?

13 ‘തന്നിൽ ആശ്രയംവെക്കുന്ന’ എല്ലാവരിലും സംപ്രീതനാണ്‌ യഹോവ. അതുകൊണ്ട്‌ യഹോവയെ അറിഞ്ഞതിനു ശേഷവും, അവനെ അറിഞ്ഞ മറ്റുള്ളവരുമായി നാം പതിവായി സഹവസിക്കേണ്ടതുണ്ട്‌. (നഹൂം 1:7) നിരുത്സാഹം നിറഞ്ഞ ഒരു ലോകത്തിൽ നമുക്കു പ്രോത്സാഹനം പകരുന്ന സഹോദരീസഹോദരന്മാരോടൊപ്പം ആയിരിക്കുന്നത്‌ എത്ര ജ്ഞാനമാണ്‌! എന്താണ്‌ അതിന്റെ പ്രയോജനങ്ങൾ? “സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പി”ക്കുന്ന വ്യക്തികളെ സഭയിൽ നിങ്ങൾക്ക്‌ കണ്ടെത്താം. (എബ്രാ. 10:24, 25) പൗലോസ്‌ എബ്രായർക്ക്‌ എഴുതിയപ്പോൾ പറഞ്ഞ പരസ്‌പരസ്‌നേഹം കാണിക്കണമെങ്കിൽ ഒരു സഹോദരവർഗം, അഥവാ സമാനമനസ്‌കരായ ആരാധകരുടെ സമൂഹമായ ഒരു സഭ, ആവശ്യമാണ്‌. അത്തരം സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ മറ്റു ക്രിസ്‌ത്യാനികളുമായി ഇടപഴകുന്നത്‌ ഉൾപ്പെടുന്നു. അതുകൊണ്ട്‌ ക്രമമായ യോഗഹാജരും പങ്കുപറ്റലും നിങ്ങളുടെ ചെക്ക്‌ലിസ്റ്റിൽ അടയാളപ്പെടുത്തുക.

14. മാനസാന്തരവും തിരിഞ്ഞുവരവും തുടർച്ചയായ പ്രക്രിയ ആയിരിക്കുന്നത്‌ എങ്ങനെ?

14 ഒരു ക്രിസ്‌ത്യാനിയായിത്തീരുന്നതിന്‌ നാം മാനസാന്തരപ്പെടുകയും പാപങ്ങളിൽനിന്ന്‌ തിരിഞ്ഞുവരുകയും ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ മാനസാന്തരം തുടർച്ചയായ ഒരു പ്രക്രിയയാണ്‌. ഏതുനിമിഷവും കൊത്താൻ തയ്യാറായി, ഒരു വിഷസർപ്പത്തെപ്പോലെ പാപം അപൂർണമനുഷ്യരായ നമ്മുടെയുള്ളിൽ ചുറ്റിവളഞ്ഞിരിപ്പുണ്ട്‌. (റോമ. 3:9, 10; 6:12-14) അതുകൊണ്ട്‌ സ്വന്തം പിഴവുകൾക്കു നേരെ കണ്ണടയ്‌ക്കാതെ നമുക്ക്‌ സൂക്ഷ്‌മദൃക്കുകളായിരിക്കാം. സന്തോഷകരമെന്നു പറയട്ടെ, ബലഹീനതകൾ ചെറുത്തുനിൽക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും നാം ആത്മാർഥമായി ശ്രമിക്കുമ്പോൾ യഹോവയും ക്ഷമയോടെ കാത്തിരിക്കും. (ഫിലി. 2:12; 2 പത്രോ. 3:9) സ്വാർഥപരമായ ഉദ്യമങ്ങളിൽ മുഴുകാതെ നമ്മുടെ സമയവും വിഭവങ്ങളും ശ്രദ്ധാപൂർവം ഉപയോഗിക്കുന്നത്‌ ഈ ലക്ഷ്യം കൈവരിക്കാൻ വലിയൊരു സഹായമായിരിക്കും. ഒരു സഹോദരി എഴുതി: “സാക്ഷിക്കുടുംബത്തിലാണ്‌ ഞാൻ വളർന്നത്‌. പക്ഷേ യഹോവയെക്കുറിച്ച്‌ മറ്റുള്ളവരുടേതിൽനിന്നു വ്യത്യസ്‌തമായൊരു വീക്ഷണമാണ്‌ എനിക്കുണ്ടായിരുന്നത്‌. ഭീതിയോടെ കാണേണ്ട ഒരു ദൈവമാണ്‌ അവനെന്നും അവനെ പ്രസാദിപ്പിക്കാൻ എനിക്ക്‌ ഒരിക്കലും കഴിയില്ലെന്നും തോന്നി.” കാലാന്തരത്തിൽ, വ്യക്തിജീവിതത്തിലെ ചില പാളിച്ചകൾ നിമിത്തം ഈ സഹോദരി “ആത്മീയമായി ആടിയുലഞ്ഞു.” “എനിക്ക്‌ യഹോവയോടു സ്‌നേഹമില്ലാഞ്ഞതുകൊണ്ടല്ല മറിച്ച്‌ എനിക്ക്‌ അവനെ ശരിക്കും മനസ്സിലാക്കാൻ കഴിയാഞ്ഞതുകൊണ്ടാണ്‌ അങ്ങനെ സംഭവിച്ചത്‌. എന്നാൽ ഉള്ളുരുകിയുള്ള അനേകം പ്രാർഥനകളെത്തുടർന്ന്‌ ഞാൻ തിരിഞ്ഞുവരാൻ തുടങ്ങി. വിഷമഘട്ടങ്ങൾ ഒന്നൊന്നായി മറികടക്കാൻ യഹോവ എന്നെ സഹായിക്കുന്നതായി എനിക്ക്‌ അനുഭവപ്പെട്ടു. ചെയ്യേണ്ടത്‌ എന്താണെന്നു ദയാപുരസ്സരം കാണിച്ചുതന്നുകൊണ്ട്‌ ഒരു കൊച്ചുകുട്ടിയെ എന്നപോലെ അവൻ എന്നെ കൈപിടിച്ചു നടത്തി,” സഹോദരി പറഞ്ഞു.

15. യേശുവും അവന്റെ പിതാവും എന്ത്‌ നിരീക്ഷിക്കുന്നുണ്ട്‌?

15 സുവാർത്ത “ജനങ്ങളോടു പ്രസ്‌താവിച്ചുകൊണ്ടിരിക്കുക.” തടവറയിൽനിന്ന്‌ അത്ഭുതകരമായി വിടുവിച്ച ശേഷം പത്രോസിനോടും മറ്റ്‌ അപ്പൊസ്‌തലന്മാരോടും ദൈവദൂതൻ പറഞ്ഞതാണ്‌ ഈ വാക്കുകൾ. (പ്രവൃ. 5:19-21) അതെ, വാരന്തോറും വയൽശുശ്രൂഷയിൽ പങ്കുപറ്റുന്നത്‌ നമ്മുടെ ചെക്ക്‌ലിസ്റ്റിലെ മറ്റൊരു ഇനമാണ്‌. യേശുവും അവന്റെ പിതാവും നമ്മുടെ വിശ്വാസവും ശുശ്രൂഷയും നിരീക്ഷിക്കുന്നുണ്ട്‌. (വെളി. 2:19) മുൻഖണ്ഡികകളിലൊന്നിൽ പരാമർശിച്ച മൂപ്പൻ പറഞ്ഞതുപോലെ, “വയൽശുശ്രൂഷയാണ്‌ നമ്മെ നാം ആക്കുന്നത്‌!”

16. യഹോവയ്‌ക്കുള്ള നമ്മുടെ സമർപ്പണത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ നല്ലതായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

16 നിങ്ങളുടെ സമർപ്പണത്തെക്കുറിച്ച്‌ ധ്യാനിക്കുക. യഹോവയുമായുള്ള വ്യക്തിപരമായ ബന്ധമാണ്‌ നമ്മുടെ ഏറ്റവും വിലപ്പെട്ട സ്വത്ത്‌. അവനുള്ളവരെ അവൻ അറിയുന്നു. (യെശയ്യാവു 44:5 വായിക്കുക.) അവനോടുള്ള നിങ്ങളുടെ ബന്ധത്തിന്റെ ആഴവും ഗുണനിലവാരവും പ്രാർഥനാപൂർവം വിലയിരുത്തുക. അതിനോടുള്ള ബന്ധത്തിൽ നിങ്ങളുടെ സ്‌നാനത്തീയതി ഓർക്കുന്നതും പ്രധാനമാണ്‌. ജീവിതത്തിൽ നിങ്ങൾ എടുത്തിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട തീരുമാനത്തെയാണ്‌ സ്‌നാനം പ്രതിനിധാനം ചെയ്യുന്നതെന്ന്‌ ഓർക്കാൻ അതു നിങ്ങളെ സഹായിക്കും.

സഹിഷ്‌ണുതയോടെ യഹോവയോടു പറ്റിനിൽക്കുക

17. യഹോവയോടു പറ്റിനിൽക്കാൻ സഹിഷ്‌ണുത ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 ഗലാത്യർക്ക്‌ എഴുതവെ സഹിഷ്‌ണുതയുടെ ആവശ്യം പൗലോസ്‌ ഊന്നിപ്പറഞ്ഞു. (ഗലാ. 6:9) അത്‌ ഇന്നത്തെ ഓരോ ക്രിസ്‌ത്യാനിക്കും അനുപേക്ഷണീയമാണ്‌. നിങ്ങൾക്ക്‌ പരിശോധനകൾ നേരിടേണ്ടിവരും. എന്നാൽ യഹോവ നിങ്ങളെ താങ്ങും. പരിശുദ്ധാത്മാവിനായി നിരന്തരം അപേക്ഷിക്കുക. അവൻ സന്താപത്തെ സന്തോഷമാക്കുകയും മനോവ്യഥകൾ നീക്കി മനസ്സിൽ സമാധാനം നിറയ്‌ക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക്‌ എന്തെന്നില്ലാത്ത ആശ്വാസം അനുഭവപ്പെടും. (മത്താ. 7:7-11) ഇങ്ങനെയൊന്നു ചിന്തിക്കുക: യഹോവ പറവകൾക്കായിപ്പോലും കരുതുന്നെങ്കിൽ അവനെ സ്‌നേഹിക്കുകയും അവനു സ്വയം വിട്ടുകൊടുക്കുകയും ചെയ്‌ത നിങ്ങൾക്കായി എത്രയധികം കരുതും! (മത്താ. 10:29-31) അതുകൊണ്ട്‌ സമ്മർദം എത്ര ഏറിയാലും പിന്തിരിയരുത്‌, പിന്മാറിപ്പോകരുത്‌! യഹോവ അറിയുന്ന വ്യക്തികളായിരിക്കുന്നതിൽ നാം എത്ര ധന്യരാണ്‌!

18. ‘ദൈവത്തെ അറിഞ്ഞ’ നിങ്ങൾ ഇനി എന്തു ചെയ്യാൻ ആഗ്രഹിക്കുന്നു?

18 നിങ്ങൾ അടുത്തയിടെയാണ്‌ യഹോവയെ അറിയുകയും സ്‌നാനമേൽക്കുകയും ചെയ്‌തതെങ്കിൽ, ഇനിയെന്ത്‌? യഹോവയെ കൂടുതൽ അറിയുക, അങ്ങനെ ആത്മീയപക്വതയിലേക്കു വളരുക. ഇനി, നിങ്ങൾ സ്‌നാനമേറ്റിട്ട്‌ വർഷങ്ങളായെങ്കിലോ? നിങ്ങളും യഹോവയെക്കുറിച്ചുള്ള അറിവിന്റെ ആഴവും വ്യാപ്‌തിയും വർധിപ്പിച്ചുകൊണ്ടേയിരിക്കണം. യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ഒരിക്കലും ലാഘവത്തോടെ എടുക്കരുത്‌. പകരം, നമ്മുടെ ‘ആത്മീയചെക്ക്‌ലിസ്റ്റ്‌’ നാം കൂടെക്കൂടെ പരിശോധിക്കണം. അങ്ങനെ, നമ്മുടെ പിതാവും സുഹൃത്തും ദൈവവും ആയ യഹോവയുമായുള്ള ബന്ധത്തിൽ നാം നിരന്തരം വളരുകയാണെന്ന്‌ നമുക്ക്‌ ഉറപ്പുവരുത്താം.—2 കൊരിന്ത്യർ 13:5, 6 വായിക്കുക.