വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യുദ്ധം നിങ്ങളുടേതല്ല; ദൈവത്തിന്റേതാണ്‌”

“യുദ്ധം നിങ്ങളുടേതല്ല; ദൈവത്തിന്റേതാണ്‌”

“യുദ്ധം നിങ്ങളു​ടേതല്ല; ദൈവ​ത്തി​ന്റേ​താണ്‌”

ഡബ്ലിയു. ഗ്ലെൻ ഹൗ പറഞ്ഞ​പ്ര​കാ​രം

കഴിഞ്ഞ ആറു പതിറ്റാ​ണ്ടു​ക​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ കാനഡ​യിൽ നിരവധി നിയമ യുദ്ധങ്ങൾ നടത്തി​യി​ട്ടുണ്ട്‌. അവയിൽ അവർ നേടി​യെ​ടുത്ത വിജയങ്ങൾ നിയമ സമൂഹ​ത്തി​ന്റെ ശ്രദ്ധയിൽ പെടാതെ പോയി​ട്ടില്ല. ഈ പോരാ​ട്ട​ങ്ങ​ളിൽ ചിലവ​യിൽ ഞാൻ വഹിച്ച പങ്കി​നെ​പ്രതി ഈ അടുത്ത​കാ​ലത്ത്‌ അമേരി​ക്കൻ കോ​ളെജ്‌ ഓഫ്‌ ട്രയൽ ലോ​യേ​ഴ്‌സ്‌ എനിക്ക്‌ ‘അവാർഡ്‌ ഫോർ കറേജി​യസ്‌ അഡ്വക്കസി’ സമ്മാനി​ക്കു​ക​യു​ണ്ടാ​യി. യഹോ​വ​യു​ടെ സാക്ഷികൾ ഉൾപ്പെട്ട കേസുകൾ, “അതിരു​ക​ട​ക്കു​ന്ന​തിൽ നിന്നു രാഷ്‌ട്രത്തെ തടയുന്ന സുപ്ര​ധാന ഉപാധി​കൾ ആയിരു​ന്നി​ട്ടുണ്ട്‌.” കാരണം ആ കേസു​ക​ളി​ലൂ​ടെ “എല്ലാ കാനഡ​ക്കാ​രു​ടെ​യും [പൗര]സ്വാത​ന്ത്ര്യ​ത്തെ അംഗീ​ക​രി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യുന്ന, നീതി​ന്യാ​യ​വ​കു​പ്പി​ന്റെ അംഗീ​കാ​ര​മുള്ള ഒരു അവകാ​ശ​പ​ത്രിക ഫലത്തിൽ രൂപം​കൊ​ള്ളു​ക​യാ​ണു ചെയ്‌തത്‌” എന്ന്‌ അവാർഡ്‌ ദാന ചടങ്ങിൽ പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി. ഈ കോട​തി​ക്കേ​സു​ക​ളിൽ ചിലവ​യു​ടെ വിശദാം​ശങ്ങൾ ഞാൻ ഇവിടെ കുറി​ക്കട്ടെ. ഒപ്പം, ഞാൻ നിയമ​ത്തി​ന്റെ ലോകത്ത്‌ എത്തി​ച്ചേർന്ന​തും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവ​നാ​യ​തും എങ്ങനെ​യെന്നു കൂടെ.

വർഷം 1924. ബൈബിൾ വിദ്യാർഥി​ക​ളിൽ—യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ അങ്ങനെ​യാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌—ഒരാളാ​യി​രുന്ന ജോർജ്‌ റിക്‌സ്‌ കാനഡ​യി​ലെ ടൊറ​ന്റോ​യിൽ താമസി​ച്ചി​രുന്ന എന്റെ മാതാ​പി​താ​ക്കളെ സന്ദർശി​ച്ചു. എന്റെ അമ്മ ബെസ്സി ഹൗ—അമ്മ കാഴ്‌ച​യ്‌ക്ക്‌ ഒരു ചെറിയ സ്‌ത്രീ​യാ​യി​രു​ന്നു—അദ്ദേഹത്തെ ചർച്ചയ്‌ക്കു​വേണ്ടി അകത്തേക്കു ക്ഷണിച്ചു. എനിക്ക്‌ അന്ന്‌ അഞ്ചു വയസ്സുണ്ട്‌. അനുജൻ ജോയ്‌ക്കു മൂന്നും.

താമസി​യാ​തെ, അമ്മ ടൊറ​ന്റോ​യി​ലുള്ള ബൈബിൾ വിദ്യാർഥി​ക​ളു​ടെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ തുടങ്ങി. 1929-ൽ അവർ പയനിയർ സേവനം—മുഴു​സമയ ശുശ്രൂഷ—ഏറ്റെടു​ത്തു. 1969-ൽ തന്റെ ഭൗമിക ജീവി​ത​ഗതി അവസാ​നി​ക്കു​ന്ന​തു​വരെ അവർ അതിൽ തുടർന്നു. ശുശ്രൂ​ഷ​യി​ലെ അമ്മയുടെ ദൃഢനി​ശ്ച​യ​വും അശ്രാ​ന്ത​പ​രി​ശ്ര​മ​വും ഞങ്ങൾക്കു മികച്ച മാതൃ​ക​യാ​യി. ഒപ്പം അത്‌ അനേകരെ ബൈബിൾ സത്യത്തി​ന്റെ പരിജ്ഞാ​ന​ത്തി​ലേക്കു വരാനും സഹായി​ച്ചു.

ശാന്ത​പ്ര​കൃ​ത​ക്കാ​ര​നാ​യി​രു​ന്നു എന്റെ അച്ഛൻ, ഫ്രാങ്ക്‌ ഹൗ. ആദ്യ​മൊ​ക്കെ അദ്ദേഹ​ത്തിന്‌ അമ്മയുടെ മതപ്ര​വർത്ത​ന​ങ്ങ​ളോട്‌ എതിർപ്പാ​യി​രു​ന്നു. പക്ഷേ, അച്ഛനോ​ടു സംസാ​രി​ക്കു​ന്ന​തിന്‌ അമ്മ ബുദ്ധി​പൂർവം ജോർജ്‌ യംഗിനെ പോലുള്ള സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രെ വീട്ടി​ലേക്കു ക്ഷണിക്കു​മാ​യി​രു​ന്നു. കുറച്ചു​ക​ഴി​ഞ്ഞ​പ്പോൾ, അച്ഛന്റെ എതിർപ്പു മെല്ലെ കെട്ടടങ്ങി. ബൈബിൾ സത്യം തന്റെ കുടും​ബ​ത്തിൽ വരുത്തിയ നല്ല മാറ്റങ്ങൾ നിരീ​ക്ഷിച്ച അദ്ദേഹം പിന്നീട്‌ അതിനു പൂർണ​ഹൃ​ദ​യ​ത്തോ​ടെ പിന്തുണ നൽകി. എങ്കിലും, അദ്ദേഹം ഒരിക്ക​ലും ഒരു സാക്ഷി​യാ​യില്ല.

ദൈവത്തെ സേവി​ക്കാൻ തീരു​മാ​നി​ക്കു​ന്നു

1936-ൽ ഞാൻ ഹൈസ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കി. കൗമാ​ര​പ്രാ​യ​ത്തിൽ എനിക്ക്‌ ആത്മീയ കാര്യ​ങ്ങ​ളിൽ വലിയ താത്‌പ​ര്യ​മൊ​ന്നും തോന്നി​യി​രു​ന്നില്ല. കടുത്ത സാമ്പത്തിക മാന്ദ്യ​ത്തി​ന്റെ വർഷങ്ങ​ളാ​യി​രു​ന്നു അവ. ജോലി കിട്ടാ​നുള്ള സാധ്യത തീരെ കുറവാ​യി​രു​ന്നു. അതു​കൊണ്ട്‌, ഞാൻ ടൊറ​ന്റോ സർവക​ലാ​ശാ​ല​യിൽ ചേർന്നു. 1940-ൽ, നിയമ​വി​ദ്യാ​ല​യ​ത്തിൽ ചേരാൻ ഞാൻ തീരു​മാ​നി​ച്ചു. എന്റെ ഈ തീരു​മാ​ന​ത്തിൽ അമ്മയ്‌ക്ക്‌ ഒട്ടും അതിശയം തോന്നി​യില്ല. കുട്ടി​യാ​യി​രു​ന്ന​പ്പോൾ മിക്ക​പ്പോ​ഴും എന്നെ​ക്കൊ​ണ്ടു സഹി​കെട്ട്‌ അമ്മ പറയു​മാ​യി​രു​ന്നു: “ഈ കുസൃ​തി​യെ​ക്കൊ​ണ്ടു ഞാൻ തോറ്റു! എന്തു പറഞ്ഞാ​ലും വാദി​ച്ചോ​ളും. വലുതാ​കു​മ്പോൾ ഇവൻ ഒരു വക്കീൽ ആകാനുള്ള സർവ സാധ്യ​ത​യു​മുണ്ട്‌!”

യാതൊ​രു മുന്നറി​യി​പ്പും കൂടാതെ 1940 ജൂലൈ 4-ാം തീയതി കാനഡ ഗവൺമെന്റ്‌ യഹോ​വ​യു​ടെ സാക്ഷി​കളെ നിരോ​ധി​ച്ചു. ഞാൻ നിയമ​വി​ദ്യാ​ല​യ​ത്തിൽ ചേരു​ന്ന​തി​നു തൊട്ടു​മു​മ്പാ​യി​രു​ന്നു അത്‌. ആ സംഭവം എന്റെ ജീവി​ത​ത്തി​ലെ ഒരു വഴിത്തി​രിവ്‌ ആയിരു​ന്നു. ഗവൺമെന്റ്‌ സർവ അധികാ​ര​വും ഉപയോ​ഗിച്ച്‌ നിഷ്‌ക​ള​ങ്ക​രും താഴ്‌മ​യു​ള്ള​വ​രു​മായ ആളുക​ളു​ടെ ഈ ചെറിയ സംഘട​നയെ ഒതുക്കാൻ ശ്രമി​ക്കു​ന്നതു കണ്ടപ്പോൾ എനിക്ക്‌ ഒരു കാര്യം ബോധ്യ​മാ​യി, യഹോ​വ​യു​ടെ സാക്ഷികൾ യേശു​വി​ന്റെ യഥാർഥ അനുഗാ​മി​കൾ ആണെന്ന്‌. അവൻ മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ തന്നെ ‘[അവന്റെ] നാമം നിമിത്തം സകല ജാതി​ക​ളും അവരെ പകെച്ചു.’ (മത്തായി 24:9) ഈ സംഘട​ന​യ്‌ക്കു പിന്നിലെ ദിവ്യ​പ​ര​മാ​ധി​കാ​രി​യെ സേവി​ക്കാൻതന്നെ ഞാൻ തീരു​മാ​നി​ച്ചു. 1941 ഫെബ്രു​വരി 10-ാം തീയതി, യഹോ​വ​യാം ദൈവ​ത്തോ​ടുള്ള സമർപ്പണം ഞാൻ ജലസ്‌നാ​പ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്തി.

നേരെ പയനിയർ ശുശ്രൂ​ഷ​യിൽ പ്രവേ​ശി​ക്കണം എന്നതാ​യി​രു​ന്നു എന്റെ ആഗ്രഹം. പക്ഷേ, കാനഡ​യിൽ അന്നു പ്രസം​ഗ​വേ​ല​യ്‌ക്കു നേതൃ​ത്വം നൽകി​യി​രു​ന്ന​വ​രിൽ ഒരാളായ ജാക്ക്‌ നേഥാൻ, നിയമ പരിശീ​ലനം പൂർത്തി​യാ​ക്കാൻ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അങ്ങനെ, 1943 മേയിൽ ബിരുദം നേടിയ ശേഷം ഞാൻ പയനി​യ​റിങ്‌ തുടങ്ങി. ആ ആഗസ്റ്റിൽ, ടൊറ​ന്റോ​യി​ലെ വാച്ച്‌ടവർ സൊ​സൈ​റ്റി​യു​ടെ ബ്രാഞ്ച്‌ ഓഫീ​സിൽ സേവി​ക്കു​ന്ന​തിന്‌ എനിക്കു ക്ഷണം ലഭിച്ചു, യഹോ​വ​യു​ടെ സാക്ഷികൾ അന്നു നേരി​ട്ടു​കൊ​ണ്ടി​രുന്ന നിയമ​പ്ര​ശ്‌നങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തിൽ സഹായി​ക്കു​ന്ന​തി​നാ​യി​രു​ന്നു അത്‌. തൊട്ട​ടുത്ത മാസം കാനഡ​യി​ലെ ഒൺടേ​റി​യോ​യി​ലെ അഭിഭാ​ഷ​ക​വൃ​ന്ദ​ത്തിൽ എനിക്ക്‌ അംഗത്വം ലഭിച്ചു.

സുവാർത്ത​യ്‌ക്കു വേണ്ടി നിയമ​പ​ര​മാ​യി പ്രതി​വാ​ദം നടത്തുന്നു

രണ്ടാം ലോക​മ​ഹാ​യു​ദ്ധം കൊടു​മ്പി​രി​കൊ​ണ്ടി​രുന്ന സമയമാ​യി​രു​ന്നു അത്‌. കാനഡ​യിൽ സാക്ഷി​ക​ളു​ടെ മേലുള്ള നിരോ​ധനം അപ്പോ​ഴും തുടരു​ക​യാണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌ എന്ന ഒരൊറ്റ കാരണ​ത്താൽ സ്‌ത്രീ​ക​ളെ​യും പുരു​ഷ​ന്മാ​രെ​യും തടവി​ലാ​ക്കി​യി​രു​ന്നു. കുട്ടി​കളെ സ്‌കൂ​ളു​ക​ളിൽ നിന്നു പുറത്താ​ക്കി. അവരിൽ ചിലരെ സ്വന്തം മാതാ​പി​താ​ക്ക​ളിൽ നിന്നകറ്റി മറ്റ്‌ ആളുക​ളു​ടെ പക്കൽ വളർത്താൻ ഏൽപ്പി​ക്കുക പോലും ചെയ്‌തു. പതാകാ​വ​ന്ദനം, ദേശീ​യ​ഗാ​നാ​ലാ​പനം തുടങ്ങിയ ദേശീ​യ​ത്വ​പ​ര​മായ ആരാധ​നാ​രൂ​പ​ങ്ങ​ളിൽ പങ്കെടു​ക്കാൻ അവർ വിസമ്മ​തി​ച്ച​തി​നെ തുടർന്നാ​യി​രു​ന്നു ഇത്തരം നടപടി​കൾ. രാഷ്‌ട്ര​വും രക്ഷയും: യഹോ​വ​യു​ടെ സാക്ഷി​ക​ളും പൗരാ​വ​കാ​ശ​ങ്ങൾക്കു​വേ​ണ്ടി​യുള്ള അവരുടെ പോരാ​ട്ട​വും എന്ന ഇംഗ്ലീഷ്‌ പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​ര​നായ പ്രൊ​ഫസർ വില്യം കാപ്ലൻ ഇങ്ങനെ പറഞ്ഞു: “സാക്ഷി​കളെ പരസ്യ​മാ​യി അധി​ക്ഷേ​പി​ച്ചി​രു​ന്നു. രാഷ്‌ട്ര​ത്തി​ന്റെ ഇടപെ​ട​ലു​ക​ളും അസഹി​ഷ്‌ണുത മുഖമു​ദ്ര​യായ ഒരു ഭരണകൂ​ട​ത്തിൽ നിന്നുള്ള സ്വകാര്യ ആക്രമ​ണ​ങ്ങ​ളും മാത്രമല്ല, യുദ്ധം തിരി​കൊ​ളു​ത്തിയ ദേശഭ​ക്തി​യാ​ലും വികാ​രാ​വേ​ശ​ത്താ​ലും കത്തിജ്വ​ലിച്ച പൗരന്മാ​രിൽ നിന്നുള്ള ആക്രമ​ണ​ങ്ങ​ളും അവർക്കു സഹി​ക്കേ​ണ്ടി​വന്നു.”

നിരോ​ധ​നം എങ്ങനെ​യും നീങ്ങി​ക്കി​ട്ടു​ന്ന​തിന്‌ സാക്ഷികൾ പണി​പ്പെ​ട്ടെ​ങ്കി​ലും ഫലമൊ​ന്നും ഉണ്ടായില്ല. അങ്ങനെ​യി​രി​ക്കെ​യാണ്‌ പൊടു​ന്നനെ 1943 ഒക്ടോബർ 14-ാം തീയതി നിരോ​ധനം നീക്ക​പ്പെ​ട്ടത്‌. എന്നിട്ടും, തൊഴിൽപ്പാ​ള​യ​ങ്ങ​ളിൽനി​ന്നോ തടവറ​ക​ളിൽനി​ന്നോ സാക്ഷി​കൾക്കു മോചനം ലഭിച്ചില്ല. കുട്ടി​കൾക്കാ​ണെ​ങ്കിൽ, പൊതു​വി​ദ്യാ​ഭ്യാ​സ​ത്തി​നുള്ള അവസരം അപ്പോ​ഴും നിഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. എന്നുമാ​ത്രമല്ല, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ആൻഡ്‌ ദി ഇന്റർനാ​ഷണൽ ബൈബിൾ സ്റ്റ്യു​ഡെ​ന്റ്‌സ്‌ അസ്സോ​സി​യേ​ഷന്റെ—ടൊറ​ന്റോ​യി​ലുള്ള ഞങ്ങളുടെ വസ്‌തു​വി​ന്റെ നിയമ​പ​ര​മായ ഉടമസ്ഥാ​വ​കാ​ശം നിക്ഷി​പ്‌ത​മാ​യി​രുന്ന കോർപ്പ​റേഷൻ—മേലുള്ള നിരോ​ധനം നീക്ക​പ്പെ​ട്ടി​രു​ന്നു​മില്ല.

1943-ന്റെ അവസാ​ന​ത്തിൽ ഞാൻ പേഴ്‌സി ചാപ്പ്‌മാ​നോ​ടൊ​പ്പം—കാനഡ ബ്രാഞ്ച്‌ ദാസൻ ആയിരു​ന്നു അദ്ദേഹം—ന്യൂ​യോർക്കി​ലേക്കു പോയി. വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ അന്നത്തെ പ്രസി​ഡ​ന്റാ​യി​രുന്ന നാഥാൻ നോറും വൈസ്‌ പ്രസി​ഡ​ന്റും അഭിഭാ​ഷ​ക​നു​മാ​യി​രുന്ന ഹെയ്‌ഡൻ കൊവി​ങ്‌ട​ണും ആയി കൂടി​ക്കാഴ്‌ച നടത്തു​ന്ന​തി​നാ​യി​രു​ന്നു അത്‌. നിയമ​പ​ര​മായ കാര്യ​ങ്ങ​ളിൽ കൊവി​ങ്‌ടൺ സഹോ​ദ​രന്റെ അനുഭ​വ​സ​മ്പത്ത്‌ അപാരം തന്നെയാ​യി​രു​ന്നു. ഐക്യ​നാ​ടു​ക​ളി​ലെ സുപ്രീം കോട​തി​യിൽ താൻ വാദിച്ച 45 കേസു​ക​ളിൽ 36 എണ്ണവും വിജയ​മാ​ക്കി​ത്തീർക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു.

പതി​യെ​പ്പ​തി​യെ കാനഡ​യി​ലെ സാക്ഷി​ക​ളു​ടെ അവസ്ഥ മെച്ച​പ്പെ​ടാൻ തുടങ്ങി. 1944-ൽ, ടൊറ​ന്റോ​യി​ലെ ബ്രാഞ്ച്‌ വക സ്വത്തെ​ല്ലാം തിരികെ നൽകി. നിരോ​ധ​ന​ത്തി​നു മുമ്പ്‌ ബ്രാഞ്ചിൽ സേവി​ച്ചി​രു​ന്ന​വർക്ക്‌ വീണ്ടും അവി​ടേക്കു മടങ്ങാൻ കഴിഞ്ഞു. മനഃസാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ വിയോ​ജി​പ്പുള്ള പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കാൻ കുട്ടി​കളെ നിർബ​ന്ധി​ക്ക​രുത്‌ എന്ന്‌ 1945-ൽ ഒൺടേ​റി​യോ​യി​ലെ അത്യുന്നത നീതി​പീ​ഠം വിധിച്ചു. മാത്രമല്ല, സ്‌കൂ​ളിൽ നിന്നും പുറത്താ​ക്ക​പ്പെട്ട കുട്ടി​കളെ തിരി​ച്ചെ​ടു​ക്കാ​നും വിധി​യാ​യി. ഒടുവിൽ, 1946-ൽ കനേഡി​യൻ ഗവൺമെന്റ്‌ എല്ലാ സാക്ഷി​ക​ളെ​യും തൊഴിൽപ്പാ​ള​യ​ങ്ങ​ളിൽ നിന്നു വിട്ടയച്ചു. കൊവി​ങ്‌ടൺ സഹോ​ദ​രന്റെ മാർഗ​നിർദേ​ശ​ത്തിൻ കീഴിൽ, ഇത്തരം കേസു​ക​ളിൽ ധൈര്യ​ത്തോ​ടെ​യും ദൃഢനി​ശ്ച​യ​ത്തോ​ടെ​യും എല്ലാറ്റി​ലു​മു​പരി, യഹോ​വ​യിൽ ഉള്ള ആശ്രയ​ത്തോ​ടെ​യും പോരാ​ടാൻ ഞാൻ പഠിച്ചു.

ക്യൂ​ബെ​ക്കി​ലെ നിയമ​പോ​രാ​ട്ടം

കാനഡ​യു​ടെ മിക്ക ഭാഗങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതസ്വാ​ത​ന്ത്ര്യം ആദരി​ക്ക​പ്പെ​ടാൻ തുടങ്ങി​യെ​ങ്കി​ലും, ഫ്രഞ്ച്‌ കത്തോ​ലി​ക്കാ പ്രവി​ശ്യ​യായ ക്യൂ​ബെക്‌ ഒരു അപവാദം ആയി തുടർന്നു. 300-ലധികം വർഷങ്ങ​ളാ​യി റോമൻ കത്തോ​ലി​ക്കാ സഭയുടെ നേരി​ട്ടുള്ള നിയ​ന്ത്ര​ണ​ത്തിൻ കീഴിൽ ആയിരു​ന്നു ഈ പ്രവിശ്യ. സ്‌കൂ​ളു​ക​ളും ആശുപ​ത്രി​ക​ളും മിക്ക പൊതു​ജന സർവീ​സു​ക​ളും ഒന്നുകിൽ വൈദി​കർ നടത്തി​യി​രു​ന്ന​തോ അല്ലെങ്കിൽ നിയ​ന്ത്രി​ച്ചി​രു​ന്ന​വ​യോ ആയിരു​ന്നു. എന്തിന​ധി​കം, ക്യൂ​ബെക്‌ നിയമ​നിർമാണ സഭയിൽ സ്‌പീ​ക്ക​റു​ടെ ഇരിപ്പി​ട​ത്തി​നു തൊട്ട​രു​കി​ലാ​യി കത്തോ​ലി​ക്കാ കർദി​നാ​ളിന്‌ ഒരു സിംഹാ​സ​നം​പോ​ലും ഉണ്ടായി​രു​ന്നു!

ക്യൂ​ബെ​ക്കി​ന്റെ പ്രധാ​ന​മ​ന്ത്രി​യും അറ്റോർണി ജനറലും ആയിരുന്ന മോറിസ്‌ ഡ്യൂ​പ്ലേസി ഒരു സ്വേച്ഛാ​ധി​പ​തി​യാ​യി​രു​ന്നു. “നുണ, അന്യായം, അഴിമതി, വ്യവസ്ഥാ​പിത രീതി​യിൽ ഉള്ള അധികാര ദുർവി​നി​യോ​ഗം, സങ്കുചി​ത​മ​ന​സ്‌ക​രു​ടെ ആധിപ​ത്യം, മൂഢത​യു​ടെ തേർവാഴ്‌ച എന്നിവ മുഖമു​ദ്ര​യാ​യി​രുന്ന ഒരു ഇരുപ​തു​വർഷ വാഴ്‌ച” ആയിരു​ന്നു പ്രവി​ശ്യ​യു​ടെ​മേൽ ഡ്യൂ​പ്ലേസി അടി​ച്ചേൽപ്പി​ച്ചത്‌ എന്ന്‌ ക്യൂ​ബെക്‌ ചരി​ത്ര​കാ​ര​നായ ഷേരാർ പെൽറ്റ്യേ പറയുന്നു. റോമൻ കത്തോ​ലി​ക്കാ കർദി​നാ​ളാ​യി​രുന്ന വിലെ​നെ​വു​മാ​യി കൈ​കോർത്തു പ്രവർത്തി​ച്ചു​കൊണ്ട്‌ ഡ്യൂ​പ്ലേസി തന്റെ രാഷ്‌ട്രീയ അധികാ​രം ശക്തി​പ്പെ​ടു​ത്തി.

1940-കളുടെ തുടക്ക​ത്തിൽ ക്യൂ​ബെ​ക്കിൽ 300 സാക്ഷികൾ ഉണ്ടായി​രു​ന്നു. എന്റെ അനുജൻ ജോ ഉൾപ്പെടെ അവരിൽ പലരും കാനഡ​യു​ടെ മറ്റു ഭാഗങ്ങ​ളിൽ നിന്നെ​ത്തിയ പയനി​യർമാർ ആയിരു​ന്നു. ക്യൂ​ബെ​ക്കിൽ പ്രസം​ഗ​വേല പുരോ​ഗ​മി​ച്ച​തോ​ടെ, വൈദി​ക​രിൽനി​ന്നുള്ള സമ്മർദ​ത്തി​നു വശംവ​ദ​രാ​യി പ്രാ​ദേ​ശിക പോലീസ്‌ സാക്ഷി​കളെ ബുദ്ധി​മു​ട്ടി​ക്കാൻ തുടങ്ങി. അറസ്റ്റുകൾ ഒരു തുടർക്ക​ഥ​യാ​യി മാറി. വാണി​ജ്യ​സം​ബ​ന്ധ​മായ തദ്ദേശ​നി​യ​മങ്ങൾ ഞങ്ങളുടെ മത പ്രവർത്ത​ന​ങ്ങ​ളു​ടെ​മേൽ തെറ്റായി ബാധക​മാ​ക്കി​ക്കൊ​ണ്ടും അവർ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങളെ ഒതുക്കാൻ ശ്രമിച്ചു.

ക്യൂ​ബെ​ക്കി​ലു​ള്ള ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കു വേണ്ടി വാദി​ക്കുന്ന സാക്ഷി​ക​ള​ല്ലാത്ത വക്കീല​ന്മാ​രെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി ആയിട​യ്‌ക്ക്‌ ടൊറ​ന്റോ​യിൽ നിന്ന്‌ ക്യൂ​ബെ​ക്കി​ലേക്ക്‌ എനിക്കു കൂടെ​ക്കൂ​ടെ പോ​കേ​ണ്ടി​വ​ന്നി​രു​ന്നു. ഒടുവിൽ ക്യൂ​ബെ​ക്കി​ലേക്കു താമസം മാറ്റാൻ എന്നോട്‌ ആവശ്യ​പ്പെട്ടു. ഓരോ ദിവസ​വും എന്റെ ആദ്യത്തെ ജോലി, തലേന്ന്‌ എത്ര പേർ അറസ്റ്റു ചെയ്യ​പ്പെ​ട്ടി​ട്ടു​ണ്ടെന്നു കണ്ടെത്തി അവർക്കെ​ല്ലാം ജാമ്യം ലഭിക്കു​ന്ന​തിന്‌ ആവശ്യ​മായ ക്രമീ​ക​ര​ണങ്ങൾ ചെയ്യാൻ പെട്ടെ​ന്നു​തന്നെ പ്രാ​ദേ​ശിക കോട​തി​യിൽ എത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ഫ്രാങ്ക്‌ റോങ്‌കാ​രെലി എന്ന സമ്പന്നനായ സാക്ഷി മിക്ക കേസു​ക​ളി​ലും ജാമ്യം നിൽക്കാ​നെ​ത്തി​യി​രു​ന്നു.

1944 മുതൽ 1946 വരെയുള്ള കാലയ​ള​വിൽ, തദ്ദേശ​നി​യ​മങ്ങൾ ലംഘിച്ചു എന്ന ആരോ​പ​ണ​ത്തി​ന്റെ പേരിൽ പ്രോ​സി​ക്യൂ​ട്ടു ചെയ്യ​പ്പെ​ട്ട​വ​രു​ടെ എണ്ണം 40-ൽ നിന്ന്‌ 800 ആയി കുതി​ച്ചു​യർന്നു! അറസ്റ്റു​ക​ളി​ലൂ​ടെ​യും മറ്റും പബ്ലിക്‌ അധികാ​രി​കൾ യഹോ​വ​യു​ടെ സാക്ഷി​കളെ തുടർച്ച​യാ​യി ബുദ്ധി​മു​ട്ടി​ച്ചതു കൂടാതെ, കത്തോ​ലി​ക്കാ പുരോ​ഹി​ത​ന്മാർ എരിവു​കേ​റ്റി​യ​തി​ന്റെ ഫലമായി അക്രമാ​സ​ക്ത​രായ ജനക്കൂ​ട്ടങ്ങൾ അവരെ ഉപദ്ര​വി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.

ഈ പ്രതി​സ​ന്ധി​ഘ​ട്ടത്തെ എങ്ങനെ നേരി​ട​ണ​മെന്നു തീരു​മാ​നി​ക്കു​ന്ന​തിന്‌ 1946 നവംബർ 2, 3 തീയതി​ക​ളിൽ മോൺട്രി​യോ​ളിൽ ഒരു പ്രത്യേക സമ്മേളനം നടത്ത​പ്പെട്ടു. “നാം എന്തു ചെയ്യും?” എന്ന ശീർഷ​ക​ത്തി​ലുള്ള അവസാ​ന​പ്ര​സം​ഗം നടത്തി​യത്‌ നോർ സഹോ​ദ​ര​നാ​യി​രു​ന്നു. ഹാജരാ​യി​രുന്ന എല്ലാവർക്കും അദ്ദേഹ​ത്തി​ന്റെ ഉത്തരം കേട്ട​പ്പോൾ അതിരറ്റ സന്തോഷം തോന്നി. ദൈവ​ത്തോ​ടും ക്രിസ്‌തു​വി​നോ​ടും സ്വാത​ന്ത്ര്യ​ത്തോ​ടു​മുള്ള ക്യൂ​ബെ​ക്കി​ന്റെ കടുത്ത വിദ്വേ​ഷം കാനഡ​യ്‌ക്കു മുഴുവൻ ലജ്ജാകരം (ഇംഗ്ലീഷ്‌) എന്ന, ഇപ്പോൾ ചരി​ത്ര​പ​ര​മാ​യി പ്രാധാ​ന്യം അർഹി​ക്കുന്ന ലഘുലേഖ അദ്ദേഹം ഉറക്കെ വായിച്ചു. നാലു പേജുള്ള ആ ലഘു​ലേ​ഖ​യിൽ, ക്യൂ​ബെ​ക്കി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ വൈദി​കർ ഇളക്കി​വിട്ട ലഹളകൾ, പോലീസ്‌ കാട്ടി​ക്കൂ​ട്ടിയ അതി​ക്ര​മങ്ങൾ, അറസ്റ്റുകൾ, അക്രമാ​സ​ക്ത​രായ ജനക്കൂ​ട്ട​ത്തി​ന്റെ ആക്രമണം എന്നിവ​യു​ടെ​യെ​ല്ലാം സമ്പൂർണ വിശദാം​ശങ്ങൾ—പേരു​ക​ളും തീയതി​ക​ളും സ്ഥലങ്ങളും ഉൾപ്പെടെ—അതിശ​ക്ത​മായ ഭാഷയിൽ തുറന്നു​കാ​ട്ടി​യി​രു​ന്നു. വെറും 12 ദിവസ​ങ്ങൾക്കു ശേഷം കാനഡ​യിൽ ഉടനീളം അതിന്റെ വിതരണം ആരംഭി​ച്ചു.

ദിവസ​ങ്ങൾക്കു​ള്ളിൽ, യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എതിരെ ഡ്യൂ​പ്ലേസി പരസ്യ​മാ​യി ഒരു “വിട്ടു​വീ​ഴ്‌ച​യി​ല്ലാത്ത യുദ്ധം” പ്രഖ്യാ​പി​ച്ചു. എന്നാൽ, അറിയാ​തെ​തന്നെ അദ്ദേഹം ഞങ്ങൾക്ക്‌ അനുകൂ​ല​മാ​യി പ്രവർത്തി​ക്കു​ക​യാ​ണു ചെയ്‌തത്‌. അതെങ്ങനെ? ക്യൂ​ബെ​ക്കി​ന്റെ കടുത്ത വിദ്വേ​ഷം എന്ന ലഘുലേഖ വിതരണം ചെയ്യു​ന്ന​വ​രു​ടെ​മേൽ രാജ്യ​ദ്രോ​ഹ​ക്കു​റ്റം ചുമത്താൻ അദ്ദേഹം ഉത്തരവി​ട്ടു. എന്നാൽ രാജ്യ​ദ്രോ​ഹ​ക്കുറ്റ കേസുകൾ ക്യൂ​ബെ​ക്കി​ലെ കോട​തി​ക​ളിൽ കൈകാ​ര്യം ചെയ്യാൻ കഴിയു​മാ​യി​രു​ന്നില്ല. കാനഡ​യി​ലെ സുപ്രീം​കോ​ട​തി​തന്നെ കൈകാ​ര്യം ചെയ്യേ​ണ്ടത്ര ഗുരു​ത​ര​മായ കുറ്റമാ​ണത്‌. കോപം കൊണ്ട്‌ അന്ധനാ​യി​ത്തീർന്നി​രുന്ന ഡ്യൂ​പ്ലേ​സി​യാ​കട്ടെ അതിന്‌ ഇങ്ങനെ​യൊ​രു വശമുള്ള കാര്യം അത്ര ശ്രദ്ധി​ച്ച​തു​മില്ല. പിന്നെ അദ്ദേഹം, ഫ്രാങ്ക്‌ റോങ്‌കാ​രെ​ലി​യു​ടെ മദ്യ​ലൈ​സൻസ്‌ റദ്ദാക്കാൻ നേരിട്ട്‌ ഉത്തരവി​ട്ടു. അദ്ദേഹം ആയിരു​ന്ന​ല്ലോ ഞങ്ങൾക്കു വേണ്ടി മിക്ക​പ്പോ​ഴും ജാമ്യം നിന്നി​രു​ന്നത്‌. വീഞ്ഞു കിട്ടാ​താ​യ​തി​നാൽ, ഏതാനും മാസങ്ങൾക്കകം മോൺട്രി​യോ​ളിൽ ഉണ്ടായി​രുന്ന ഒന്നാന്ത​ര​മൊ​രു റെസ്റ്ററന്റ്‌ അദ്ദേഹ​ത്തിന്‌ അടച്ചു​പൂ​ട്ടേണ്ടി വന്നു. അദ്ദേഹം സാമ്പത്തി​ക​മാ​യി ആകെപ്പാ​ടെ തകർന്ന നിലയി​ലാ​യി.

അറസ്റ്റുകൾ പെരുകി. പ്രോ​സി​ക്യൂ​ഷ​നു​ക​ളു​ടെ എണ്ണം 800-ൽ നിന്ന്‌ 1,600 ആയി ഉയർന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കേസുകൾ കാരണം ക്യൂ​ബെക്‌ കോട​തി​ക​ളിൽ മറ്റൊരു പണിയും നടക്കു​ന്നി​ല്ലെന്നു പല അഭിഭാ​ഷ​ക​രും ജഡ്‌ജി​മാ​രും പരാതി​പ്പെ​ടു​ക​യു​ണ്ടാ​യി. അങ്ങനെ പറയു​മ്പോ​ഴെ​ല്ലാം ഞങ്ങൾ അതിന്‌ ഒരു എളുപ്പ പരിഹാ​രം നിർദേ​ശി​ക്കു​മാ​യി​രു​ന്നു: ക്രിസ്‌ത്യാ​നി​കളെ അറസ്റ്റു ചെയ്യു​ന്ന​തി​നു പകരം പോലീസ്‌ യഥാർഥ കുറ്റവാ​ളി​കളെ അറസ്റ്റു ചെയ്യട്ടെ. അതോടെ പ്രശ്‌നം തീരും!

മോൺട്രി​യോ​ളിൽ നിന്നുള്ള എ. എൽ. സ്റ്റൈൻ, ക്യൂ​ബെക്‌ നഗരത്തിൽ നിന്നുള്ള സാം എസ്‌. ബാർഡ്‌ എന്നീ ധീരരായ രണ്ടു യഹൂദ അഭിഭാ​ഷ​ക​രാണ്‌ ഞങ്ങൾക്കു​വേണ്ടി പല കേസു​ക​ളും വാദി​ച്ചത്‌. പ്രത്യേ​കി​ച്ചും, ക്യൂ​ബെ​ക്കി​ലെ അഭിഭാ​ഷ​ക​വൃ​ന്ദ​ത്തിൽ എനിക്ക്‌ അംഗത്വം ലഭിച്ച 1949-നു മുമ്പ്‌. ക്യൂ​ബെ​ക്കി​ലെ യഹോ​വ​യു​ടെ സാക്ഷി​കളെ “നമ്മുടെ സമൂഹം ഒന്നടങ്കം പരിഹ​സി​ക്കു​ക​യും പീഡി​പ്പി​ക്കു​ക​യും വെറു​ക്കു​ക​യും ചെയ്‌തു; എന്നിരു​ന്നാ​ലും, നിയമ​പ​ര​മായ മാർഗ​ങ്ങ​ളി​ലൂ​ടെ സഭ, ഗവൺമെന്റ്‌, രാഷ്‌ട്രം, പോലീസ്‌, പൊതു അഭി​പ്രാ​യം എന്നിവ​യ്‌ക്കെ​തി​രെ പോരാ​ടാൻ അവർക്കു കഴിഞ്ഞു” എന്ന്‌ പിൽക്കാ​ലത്ത്‌ കാനഡ​യു​ടെ പ്രധാ​ന​മ​ന്ത്രി​യാ​യി​ത്തീർന്ന പ്യെർ എലിയട്ട്‌ ട്രൂഡോ എഴുതു​ക​യു​ണ്ടാ​യി.

ക്യൂ​ബെക്‌ കോട​തി​കൾക്ക്‌ ഉണ്ടായി​രുന്ന മനോ​ഭാ​വം മനസ്സി​ലാ​ക്കു​ന്ന​തിന്‌ എന്റെ അനുജൻ ജോ​യോ​ടുള്ള പെരു​മാ​റ്റം തന്നെ എടുത്താൽ മതിയാ​കും. സമാധാ​ന​ത്തി​നു ഭംഗം​വ​രു​ത്തി എന്നതാ​യി​രു​ന്നു അവന്റെ​മേൽ ആരോ​പി​ക്ക​പ്പെ​ട്ടി​രുന്ന കുറ്റം. മുനി​സി​പ്പൽ ജഡ്‌ജി​യാ​യി​രുന്ന ഷാൻ മെർസ്യേ, 60 ദിവസം തടവിൽ കഴിയുക എന്ന പരമാ​വധി ശിക്ഷ ജോയ്‌ക്ക്‌ വിധിച്ചു. വിധി​വാ​ചകം ഉച്ചരി​ച്ച​തി​നു​ശേഷം ഉടനെ, സകല നിയ​ന്ത്ര​ണ​വും വിട്ട്‌ ജോയെ തനിക്കു ജീവി​ത​കാ​ലം മുഴുവൻ തടവി​ലി​ടാൻ സാധി​ച്ചെ​ങ്കിൽ എന്ന്‌ ജഡ്‌ജി​യു​ടെ പീഠത്തിൽ ഇരുന്നു​കൊ​ണ്ടു​തന്നെ അദ്ദേഹം അലറി!

“സാക്ഷി​ക​ളെ​യോ സാക്ഷി​ക​ളെന്നു സംശയം തോന്നു​ന്ന​വ​രെ​യോ കണ്ടാൽ ഉടനടി അറസ്റ്റു ചെയ്യാൻ” മെർസ്യേ ക്യൂ​ബെക്‌ പോലീ​സിന്‌ ഉത്തരവു നൽകി​യ​താ​യി ഒരു പത്രം റിപ്പോർട്ടു​ചെ​യ്‌തു. എന്നാൽ ഞങ്ങളുടെ ക്യൂ​ബെ​ക്കി​ന്റെ കടുത്ത വിദ്വേ​ഷം ലഘു​ലേ​ഖ​യിൽ പറഞ്ഞി​രുന്ന കാര്യങ്ങൾ സത്യമാ​ണെന്ന്‌ തെളി​യി​ക്കാൻ മാത്രമേ ഇത്തരം നടപടി​കൾ ഉപകരി​ച്ചു​ള്ളൂ. ക്യൂ​ബെ​ക്കി​നു വെളി​യിൽ ഉള്ള കനേഡി​യൻ ദിനപ​ത്ര​ങ്ങ​ളു​ടെ ചില തലക്കെ​ട്ടു​കൾ ഇതാ: “ഇരുണ്ട​യു​ഗം ക്യൂ​ബെ​ക്കി​ലേക്കു തിരി​ച്ചു​വ​രു​ന്നു” (ദ ടൊറ​ന്റോ സ്റ്റാർ), “മതവി​ചാ​ര​ണ​യു​ടെ മടങ്ങി​വ​രവ്‌” (ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ, ടൊറ​ന്റോ), “ഫാസി​സ​ത്തി​ന്റെ ദുർഗന്ധം” (ദ ഗസെറ്റ്‌, ഗ്ലേസ്‌ ബേ, നോവ സ്‌കോഷ).

രാജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തിന്‌ എതിരെ വാദി​ക്കു​ന്നു

1947-ൽ ഞങ്ങളുടെ ആദ്യത്തെ രാജ്യ​ദ്രോ​ഹ​ക്കു​റ്റ​ക്കേ​സി​ന്റെ വിചാ​ര​ണ​യിൽ ഞാൻ സ്റ്റൈനി​നെ സഹായി​ച്ചു. ഇമേ ബൂഷേ​യു​ടെ കേസാ​യി​രു​ന്നു അത്‌. തന്റെ വീടിന്റെ ചുറ്റു​വ​ട്ടത്ത്‌ ഇമേ കുറച്ചു ലഘു​ലേ​ഖകൾ വിതരണം ചെയ്‌തി​രു​ന്നു. ഇമേയു​ടെ വിചാ​ര​ണാ​വേ​ള​യിൽ, ക്യൂ​ബെ​ക്കി​ന്റെ കടുത്ത വിദ്വേ​ഷം ലഘു​ലേ​ഖ​യിൽ അസത്യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ നടന്ന കൊടും​ക്രൂ​ര​ത​കളെ തുറന്നു കാട്ടാൻ അത്‌ ശക്തമായ ഭാഷ ഉപയോ​ഗി​ച്ചെന്നേ ഉള്ളൂ എന്നും തെളി​യി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ലഘു​ലേ​ഖ​യിൽ പരാമർശി​ച്ചി​രുന്ന പാതകങ്ങൾ ചെയ്‌ത​വർക്കെ​തി​രെ കുറ്റപ​ത്രം തയ്യാറാ​ക്കി​യി​ട്ടില്ല എന്നും ഞങ്ങൾ ചൂണ്ടി​ക്കാ​ട്ടി. ഇമേയാ​ണെ​ങ്കിൽ സാക്ഷി​കൾക്കെ​തി​രെ നടന്ന കൊടും​ക്രൂ​ര​ത​കളെ പരസ്യ​പ്പെ​ടു​ത്തി എന്ന ഒറ്റയൊ​രു കാരണ​ത്തി​ന്റെ പേരി​ലാണ്‌ കുറ്റം​വി​ധി​ക്ക​പ്പെ​ട്ടത്‌. ചുരു​ക്ക​ത്തിൽ, പ്രോ​സി​ക്യൂ​ഷന്റെ നിലപാ​ടു​കൊണ്ട്‌ ഇതാണു തെളി​ഞ്ഞത്‌: സത്യം പറയുക എന്നത്‌ ഒരു കുറ്റകൃ​ത്യം ആണ്‌!

“രാജ്യ​ദ്രോഹ”ത്തെ സംബന്ധിച്ച 350 വർഷം പഴക്കമുള്ള, അത്രയ്‌ക്കു വ്യക്തമ​ല്ലാത്ത ഒരു നിർവ​ച​ന​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ ക്യൂ​ബെക്‌ കോട​തി​കൾ തീർപ്പു​കൽപ്പി​ച്ചി​രു​ന്നത്‌. അതനു​സ​രിച്ച്‌, ഗവൺമെ​ന്റി​നെ വിമർശി​ക്കുന്ന ഏതൊ​രാ​ളു​ടെ മേലും കുറ്റം​ചു​മ​ത്താൻ കഴിയും. തന്റെ ഭരണത്തി​നെ​തി​രെ ഉയർന്ന നാവു​ക​ളെ​യെ​ല്ലാം ഡ്യൂ​പ്ലേസി നിശ്ശബ്ദ​മാ​ക്കി​യി​രു​ന്ന​തും ഇതേ നിർവ​ചനം ഉപയോ​ഗി​ച്ചാ​യി​രു​ന്നു. എന്നാൽ ഒരു ആധുനിക ജനാധി​പത്യ രാജ്യത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം, ഭരണകൂ​ട​ത്തിന്‌ എതിരെ അക്രമ​മോ പ്രക്ഷോ​ഭ​മോ ഇളക്കി​വി​ടു​ന്ന​തി​നെ മാത്രമേ “രാജ്യ​ദ്രോ​ഹ​ക്കുറ്റ”മായി പരിഗ​ണി​ക്കാൻ കഴിയൂ എന്ന ഞങ്ങളുടെ സബ്‌മി​ഷൻ 1950-ൽ കാനഡ​യു​ടെ സുപ്രീം കോടതി അംഗീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ക്യൂ​ബെ​ക്കി​ന്റെ കടുത്ത വിദ്വേ​ഷം ലഘു​ലേ​ഖ​യിൽ അത്തരത്തി​ലുള്ള അക്രമ​മോ പ്രക്ഷോ​ഭ​മോ ഇളക്കി​വി​ടുന്ന യാതൊ​രു പ്രസ്‌താ​വ​ന​യും കാണാൻ സാധി​ക്കില്ല, അതു​കൊണ്ട്‌ അതിന്റെ പിന്നിൽ പ്രവർത്തി​ച്ചവർ നിയമാ​നു​സൃ​ത​മായ സംസാ​ര​സ്വാ​ത​ന്ത്ര്യം ഉപയോ​ഗി​ക്കുക മാത്ര​മാ​ണു ചെയ്‌തത്‌ എന്നു കോടതി തീർപ്പു​കൽപ്പി​ച്ചു. പ്രധാ​ന​പ്പെട്ട ഈ ഒരൊറ്റ വിധിയേ വേണ്ടി​വ​ന്നു​ള്ളൂ, 123 രാജ്യ​ദ്രോ​ഹ​ക്കു​റ്റ​കേ​സു​ക​ളും തള്ളി​പ്പോ​കാൻ! യഹോവ വിജയം നൽകു​ന്നത്‌ എന്റെ സ്വന്തം കണ്ണുകൾ കൊണ്ടു ഞാൻ കണ്ടു.

സെൻസർഷി​പ്പി​നെ​തി​രെ പടവെ​ട്ടു​ന്നു

പോലീസ്‌ ചീഫിന്റെ അനുവാ​ദ​മി​ല്ലാ​തെ ക്യൂ​ബെക്‌ നഗരത്തിൽ സാഹി​ത്യം വിതരണം ചെയ്യാൻ പാടി​ല്ലെന്ന്‌ അനുശാ​സി​ക്കുന്ന ഒരു തദ്ദേശ​നി​യമം അവിടെ നിലവിൽ ഉണ്ടായി​രു​ന്നു. വാസ്‌ത​വ​ത്തിൽ അതുവഴി, സാഹി​ത്യ​ങ്ങളെ നേരിട്ടു സെൻസർ ചെയ്യുക ആയിരു​ന്നു, അതു​കൊ​ണ്ടു​തന്നെ ആ നിയമം മത സ്വാത​ന്ത്ര്യ​ത്തിൽ കൈക​ട​ത്തുന്ന ഒന്നായി​രു​ന്നു. ഈ തദ്ദേശ​നി​യ​മ​പ്ര​കാ​രം ലോർയേ സോമ്യൂ​റിന്‌—അദ്ദേഹം അക്കാലത്ത്‌ ഒരു സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി​രു​ന്നു—മൂന്നു​മാ​സം ജയിലിൽ കിട​ക്കേ​ണ്ടി​വന്നു. ഒപ്പം, അതിന്റെ അടിസ്ഥാ​ന​ത്തി​ലുള്ള മറ്റനേകം കുറ്റാ​രോ​പ​ണ​ങ്ങ​ളെ​യും അദ്ദേഹ​ത്തിന്‌ നേരി​ടേ​ണ്ട​താ​യി വന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മേൽ തദ്ദേശ​നി​യമം അടി​ച്ചേൽപ്പി​ക്കു​ന്ന​തിൽ നിന്ന്‌ ക്യൂ​ബെക്‌ നഗരത്തെ തടയു​ന്ന​തിന്‌

1947-ൽ സോമ്യൂർ സഹോ​ദ​രന്റെ പേരിൽ ഒരു സിവിൽ ഹർജി ഫയൽ ചെയ്‌തു. ക്യൂ​ബെക്‌ കോട​തി​കൾ ഞങ്ങൾക്കെ​തി​രാ​യാണ്‌ വിധി​ച്ചത്‌. അതു​കൊണ്ട്‌, ഞങ്ങൾ കാനഡ​യി​ലെ സുപ്രീം കോട​തി​യിൽ അപ്പീൽ കൊടു​ത്തു. കോട​തി​യി​ലെ ഒമ്പതു ജഡ്‌ജി​മാ​രു​ടെ​യും മുമ്പാകെ, ഏഴു ദിവസം നീണ്ടു​നിന്ന വിചാ​ര​ണ​യ്‌ക്കൊ​ടു​വിൽ 1953 ഒക്‌ടോ​ബ​റിൽ, ആ നിയമം സാക്ഷി​കൾക്കെ​തി​രെ അടി​ച്ചേൽപ്പി​ക്കു​ന്ന​തി​നെ നിരോ​ധി​ച്ചു​കൊണ്ട്‌ ഒരു ആജ്ഞ പുറ​പ്പെ​ടു​വി​ക്ക​ണ​മെന്ന ഞങ്ങളുടെ അപേക്ഷ സുപ്രീം കോടതി അംഗീ​ക​രി​ച്ചു. അച്ചടിച്ച ബൈബിൾ പ്രഭാ​ഷ​ണങ്ങൾ പരസ്യ​മാ​യി വിതരണം ചെയ്യുക എന്നത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീയ ആരാധ​ന​യു​ടെ ഒഴിച്ചു​കൂ​ടാ​നാ​കാത്ത ഭാഗമാ​ണെന്നു കോടതി സമ്മതിച്ചു. അതു​കൊണ്ട്‌, ഭരണഘടന അനുസ​രിച്ച്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാഹി​ത്യ​ങ്ങൾ സെൻസർ ചെയ്യാൻ പാടില്ല എന്നായി​രു​ന്നു കോട​തി​വി​ധി.

അങ്ങനെ, ബൂഷേ കേസ്‌ വഴി, യഹോ​വ​യു​ടെ സാക്ഷികൾ പറഞ്ഞത്‌ എന്താണോ അതു നിയമ​പ​ര​മാ​ണെന്നു സ്ഥാപി​ച്ചെ​ടു​ക്കാൻ കഴിഞ്ഞു. സോമ്യൂർ കേസി​ലൂ​ടെ, അത്‌ എവിടെ, ഏതുവി​ധ​ത്തിൽ പറയണം എന്നും സ്ഥിരീ​ക​രി​ക്കാ​നാ​യി. സോമ്യൂർ കേസിൽ വിജയി​ക്കാൻ കഴിഞ്ഞ​തു​കൊണ്ട്‌ തദ്ദേശ​നി​യ​മ​ത്തി​ന്റെ പേരി​ലുള്ള 1,100-ലധികം കുറ്റാ​രോ​പ​ണ​ങ്ങ​ളാണ്‌ ഒറ്റയടിക്ക്‌ ക്യൂ​ബെ​ക്കിൽ തള്ളി​പ്പോ​യത്‌. മോൺട്രി​യോ​ളിൽ ആണെങ്കിൽ, 500-ലധികം കേസുകൾ തെളി​വു​കൾ ഒന്നുമി​ല്ലെന്ന കാരണ​ത്താൽ തള്ളി​പ്പോ​യി. പെട്ടെ​ന്നു​തന്നെ എല്ലാ കുറ്റാ​രോ​പ​ണ​ങ്ങ​ളും തള്ളപ്പെട്ടു, ക്യൂ​ബെ​ക്കിൽ പ്രോ​സി​ക്യൂ​ഷ​നു​കൾ ഒന്നും പിന്നെ ബാക്കി​യു​ണ്ടാ​യി​രു​ന്നില്ല!

ഡ്യൂ​പ്ലേ​സി​യു​ടെ അന്തിമ ആക്രമണം

യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ ഉപയോ​ഗി​ക്കാൻ പറ്റിയ നിയമങ്ങൾ ഒന്നും ബാക്കി​യി​ല്ലാ​തി​രു​ന്ന​തു​കൊണ്ട്‌, 1954 ജനുവരി ആരംഭ​ത്തിൽ ഡ്യൂ​പ്ലേസി നിയമ​നിർമാണ സഭയിൽ ഒരു പുതിയ നിയമം, 38-ാം നമ്പർ ബിൽ, അവതരി​പ്പി​ച്ചു. മാധ്യ​മങ്ങൾ അതിനെ വിശേ​ഷി​പ്പി​ച്ചത്‌ ‘യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എതി​രെ​യുള്ള നിയമം’ എന്നാണ്‌. പ്രസ്‌തുത ബില്ലനു​സ​രിച്ച്‌, “നിന്ദാ​പ​ര​മോ അവഹേ​ള​നാ​പ​ര​മോ” ആയ ഒരു പ്രസ്‌താ​വന നടത്താൻ ആരെങ്കി​ലും ഉദ്ദേശി​ക്കു​ന്നു എന്ന്‌ ഒരുവനു സംശയം തോന്നു​ന്ന​പക്ഷം, അയാൾക്ക്‌ യാതൊ​രു തെളി​വി​ന്റെ​യും പിൻബ​ല​മി​ല്ലാ​തെ​തന്നെ കോട​തി​യിൽ പരാതി സമർപ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു. ഡ്യൂ​പ്ലേ​സിക്ക്‌ അപ്പോൾ, അറ്റോർണി ജനറൽ എന്ന നിലയിൽ ഉള്ള തന്റെ അധികാ​രം ഉപയോ​ഗിച്ച്‌, എന്തെങ്കി​ലും പരസ്യ​പ്ര​സ്‌താ​വ​നകൾ നടത്തു​ന്ന​തിൽ നിന്ന്‌ കുറ്റാ​രോ​പി​ത​നായ ആ വ്യക്തിയെ തടയുന്ന ഒരു നിരോ​ധ​നാജ്ഞ സമ്പാദി​ക്കാൻ കഴിയു​മാ​യി​രു​ന്നു. ഒരൊറ്റ വ്യക്തി​ക്കെ​തി​രെ നിരോ​ധ​നാജ്ഞ നേടി​യെ​ടു​ക്കാൻ കഴിഞ്ഞാൽ പിന്നെ അയാളു​ടെ സഭയിലെ മുഴു​അം​ഗ​ങ്ങൾക്കും പരസ്യ പ്രസ്‌താ​വ​നകൾ നടത്തു​ന്ന​തി​നുള്ള സ്വാത​ന്ത്ര്യം നിഷേ​ധി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. അതിനു​പു​റമേ, ആ സഭയുടെ മതപര​മായ എല്ലാ സാഹി​ത്യ​ങ്ങ​ളും ബൈബി​ളു​ക​ളും കണ്ടു​കെ​ട്ടു​ക​യും നശിപ്പി​ക്കു​ക​യും ചെയ്യും. കേസിന്‌ ഒരു തീർപ്പ്‌ ഉണ്ടാകു​ന്ന​തു​വരെ—അതിനു വർഷങ്ങൾതന്നെ എടു​ത്തേ​ക്കാം—ആ സഭയുടെ ആരാധ​നാ​ല​യങ്ങൾ എല്ലാം അടച്ചു​പൂ​ട്ടും.

15-ാം നൂറ്റാ​ണ്ടിൽ ടോർക്കി​മാ​ഡ​യു​ടെ നേതൃ​ത്വ​ത്തിൽ നടന്ന സ്‌പാ​നിഷ്‌ മതവി​ചാ​രണാ സമയത്ത്‌ രൂപ​പ്പെ​ടു​ത്തി​യെ​ടുത്ത ഒരു നിയമ​ത്തി​ന്റെ പകർപ്പാ​യി​രു​ന്നു 38-ാം നമ്പർ ബിൽ. തെറ്റു ചെയ്‌ത​തി​ന്റെ തെളി​വു​കൾ ഒന്നുമി​ല്ലെ​ങ്കി​ലും കുറ്റം ചുമത്ത​പ്പെട്ട വ്യക്തി​ക്കും അയാളു​ടെ എല്ലാ സഹകാ​രി​കൾക്കും പൗരാ​വ​കാ​ശ​ങ്ങ​ളെ​ല്ലാം നഷ്ടപ്പെ​ടു​മാ​യി​രു​ന്നു. 38-ാം നമ്പർ ബില്ലിനെ കുറിച്ചു പരാമർശി​ക്കവെ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എല്ലാ രാജ്യ​ഹാ​ളു​ക​ളും അടച്ചു​പൂ​ട്ടാ​നും ഒപ്പം അവരുടെ ബൈബി​ളു​ക​ളും മറ്റു സാഹി​ത്യ​ങ്ങ​ളും പിടി​ച്ചെ​ടു​ത്തു നശിപ്പി​ക്കാ​നും പ്രവി​ശ്യാ​പ്പോ​ലീ​സി​നു നിർദേശം ലഭിച്ച​താ​യി മാധ്യ​മങ്ങൾ റിപ്പോർട്ടു ചെയ്‌തു. ഇങ്ങനെ​യൊ​രു അതിഭ​യങ്കര ഭീഷണി ഉയർന്ന​തോ​ടെ യഹോ​വ​യു​ടെ സാക്ഷികൾ ആ പ്രവി​ശ്യ​യിൽനിന്ന്‌ തങ്ങളുടെ എല്ലാ മതസാ​ഹി​ത്യ​ങ്ങ​ളും മാറ്റി. എന്നിരു​ന്നാ​ലും, തങ്ങളുടെ ബൈബി​ളു​ക​ളു​ടെ സ്വന്തം പ്രതികൾ മാത്രം ഉപയോ​ഗിച്ച്‌ അവർ പരസ്യ​പ്ര​സം​ഗ​വേല തുടരു​ക​തന്നെ ചെയ്‌തു.

1954 ജനുവരി 28-ാം തീയതി ബിൽ നിയമ​മാ​യി​ത്തീർന്നു. പിറ്റേന്ന്‌ രാവിലെ 9 മണിക്കു​തന്നെ ഞാൻ കോട​തി​യിൽ എത്തി​ച്ചേർന്നു. ഡ്യൂ​പ്ലേ​സിക്ക്‌ ഈ നിയമം യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ ആയുധ​മാ​ക്കാൻ കഴിയു​ന്ന​തി​നു മുമ്പു​തന്നെ അതി​നെ​തി​രെ സ്ഥിരമായ ഒരു നിരോ​ധ​നാജ്ഞ പുറ​പ്പെ​ടു​വി​ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ക്യൂ​ബെക്‌ പ്രവി​ശ്യ​യിൽ ഉള്ള എല്ലാ യഹോ​വ​യു​ടെ സാക്ഷി​കൾക്കും വേണ്ടി ഒരു ആക്ഷൻ ഫയൽ ചെയ്യുക ആയിരു​ന്നു എന്റെ ലക്ഷ്യം. പക്ഷേ, 38-ാം നമ്പർ ബിൽ ഒറ്റ തവണ​പോ​ലും ഉപയോ​ഗി​ച്ചി​ട്ടി​ല്ലാ​യി​രു​ന്ന​തി​നാൽ അതിന്മേൽ ഒരു താത്‌കാ​ലിക നിരോ​ധനം പോലും ഏർപ്പെ​ടു​ത്താൻ ജഡ്‌ജി തയ്യാറാ​യില്ല. എന്നിരു​ന്നാ​ലും, ഗവൺമെന്റ്‌ അത്‌ ഉപയോ​ഗി​ക്കാൻ ശ്രമി​ക്കുന്ന പക്ഷം, സംരക്ഷണം ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ എനിക്ക്‌ അദ്ദേഹത്തെ സമീപി​ക്കാ​നാ​കു​മെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു. അങ്ങനെ, ജഡ്‌ജി​യു​ടെ നടപടിക്ക്‌ ഒരു താത്‌കാ​ലിക നിരോ​ധ​ന​ത്തി​ന്റെ അതേ ഫലമാണ്‌ ഉണ്ടായത്‌. കാരണം, ആ നിയമം ഉപയോ​ഗി​ക്കാൻ ഡ്യൂ​പ്ലേസി ശ്രമി​ച്ചാ​ലു​ടനെ അദ്ദേഹ​ത്തി​ന്റെ പ്രവർത്തനം തടയ​പ്പെ​ടു​മാ​യി​രു​ന്നു!

പിറ്റേ ആഴ്‌ച, ഈ പുതിയ നിയമ​പ്ര​കാ​രം പോലീസ്‌ എന്തെങ്കി​ലും നടപടി​യെ​ടു​ക്കു​മോ എന്നറി​യാ​നാ​യി ഞങ്ങൾ കാത്തി​രു​ന്നു. യാതൊ​ന്നും സംഭവി​ച്ചില്ല! അതിന്റെ കാരണം മനസ്സി​ലാ​ക്കു​ന്ന​തിന്‌ ഞാൻ ഒരു പരീക്ഷണം നടത്തി​നോ​ക്കി. ഡ്യൂ​പ്ലേ​സി​യു​ടെ സ്വന്തം നഗരമായ ട്രോ​യിസ്‌-റിവി​റെ​സിൽ രണ്ടു പയനി​യർമാർ, വിക്ടോ​റിയ ഡഗലൂ​ക്കും (പിന്നീട്‌ വിക്ടോ​റിയ സ്റ്റീലെ), ഹെലൻ ഡഗലൂ​ക്കും (പിന്നീട്‌ ഹെലൻ സിം​കോ​ക്‌സ്‌) സാഹി​ത്യ​വു​മാ​യി വീടു​തോ​റു​മുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെട്ടു. എന്നാൽ യാതൊ​രു പ്രതി​ക​ര​ണ​വും ഉണ്ടായില്ല. സഹോ​ദ​രി​മാർ അതിൽ മുഴു​കി​യി​രുന്ന സമയത്ത്‌, പ്രവി​ശ്യാ​പ്പോ​ലീ​സി​നെ ഫോൺ ചെയ്‌തു വിവരം അറിയി​ക്കാൻ ഞാൻ ലോർയേ സോമ്യൂ​റി​നെ ചുമത​ല​പ്പെ​ടു​ത്തി. താൻ ആരാ​ണെന്നു വെളി​പ്പെ​ടു​ത്താ​തെ, യഹോ​വ​യു​ടെ സാക്ഷികൾ പ്രസം​ഗി​ക്കു​ന്നുണ്ട്‌ എന്നും പോലീസ്‌ ഡ്യൂ​പ്ലേ​സി​യു​ടെ പുതിയ നിയമം നടപ്പാ​ക്കു​ന്നി​ല്ലെ​ന്നും അദ്ദേഹം പരാതി​പ്പെട്ടു.

ഡ്യൂട്ടി​യിൽ ഉണ്ടായി​രുന്ന ഉദ്യോ​ഗസ്ഥൻ ശാന്തത​യോ​ടെ ഇങ്ങനെ മറുപടി നൽകി: “ഉവ്വ്‌, നിയമം പാസ്സാ​ക്കിയ കാര്യം ഞങ്ങൾക്ക​റി​യാം. പക്ഷേ പിറ്റേ ദിവസം​തന്നെ യഹോ​വ​യു​ടെ സാക്ഷികൾ ഞങ്ങൾക്കെ​തി​രെ ഒരു നിരോ​ധ​നാജ്ഞ സമ്പാദി​ച്ചു. ഇനി ഞങ്ങൾക്കൊ​ന്നും ചെയ്യാ​നാ​കില്ല.” അതു​കേൾക്കേണ്ട താമസം, പ്രവി​ശ്യ​യിൽ നിന്നു മാറ്റിയ സാഹി​ത്യ​ങ്ങൾ എല്ലാം ഞങ്ങൾ തിരികെ കൊണ്ടു​വന്നു. ഈ കേസ്‌ മേൽക്കോ​ട​തി​ക​ളിൽ കൂടി കടന്നു​പോയ അടുത്ത പത്തു വർഷ​ത്തേക്ക്‌ ഞങ്ങളുടെ പ്രസം​ഗ​വേല യാതൊ​രു​വിധ തടസ്സവും കൂടാതെ വിജയ​ക​ര​മാ​യി തുടർന്നു.

നിയമ​ത്തി​നെ​തി​രെ നിരോ​ധ​നാജ്ഞ നേടി​യെ​ടു​ത്ത​തി​നു​പു​റമേ, 38-ാം നമ്പർ ബിൽ ഭരണഘ​ട​നാ​വി​രു​ദ്ധ​മാ​ണെന്നു കോട​തി​യെ​ക്കൊണ്ട്‌ പ്രഖ്യാ​പി​പ്പി​ക്കാ​നും ഞങ്ങൾ ശ്രമം നടത്തി. ഈ നിയമം യഹോ​വ​യു​ടെ സാക്ഷി​കളെ മാത്രം ലക്ഷ്യമാ​ക്കി​യു​ള്ള​താ​യി​രു​ന്നെന്നു തെളി​യി​ക്കു​ന്ന​തിന്‌ തികച്ചും ധീരമായ ഒരു നീക്കം നടത്താൻ ഞങ്ങൾ തീരു​മാ​നി​ച്ചു. ഡ്യൂ​പ്ലേ​സിക്ക്‌ കോട​തി​യിൽ നേരിട്ട്‌ ഹാജരാ​കാൻ ഉള്ള സമൻസ്‌ നൽകുക. വിചാ​ര​ണ​യ്‌ക്കു ഹാജരാ​യി​ക്കൊണ്ട്‌ തെളിവു നൽകാൻ അദ്ദേഹത്തെ നിർബ​ന്ധി​ക്കുക. രണ്ടര മണിക്കൂ​റോ​ളം ഞാൻ അദ്ദേഹത്തെ ക്രോസ്സ്‌ വിസ്‌താ​രം നടത്തി. “യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എതി​രെ​യുള്ള വിട്ടു​വീ​ഴ്‌ച​യി​ല്ലാത്ത യുദ്ധം” സംബന്ധിച്ച അദ്ദേഹ​ത്തി​ന്റെ പരസ്യ പ്രഖ്യാ​പ​ന​ങ്ങ​ളും അതു​പോ​ലെ, 38-ാം നമ്പർ ബിൽ ക്യൂ​ബെ​ക്കി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അവസാനം ആയിരി​ക്കും എന്ന അദ്ദേഹ​ത്തി​ന്റെ പ്രസ്‌താ​വ​ന​യും​തന്നെ ഞാൻ അദ്ദേഹ​ത്തി​നെ​തി​രെ കൂടെ​ക്കൂ​ടെ ഉപയോ​ഗി​ച്ചു. ദേഷ്യ​മ​ട​ക്കാ​നാ​കാ​തെ അദ്ദേഹം പിൻവ​രുന്ന പ്രകാരം പറഞ്ഞു​കൊണ്ട്‌ എന്നെ വ്യക്തി​പ​ര​മാ​യി അധി​ക്ഷേ​പി​ച്ചു: “നീ ശരിക്കും ഒരു അധിക​പ്ര​സം​ഗി​യാണ്‌!”

അപ്പോൾ ഞാൻ പറഞ്ഞു: “മി. ഡ്യൂ​പ്ലേസി, വ്യക്തി​പ​ര​മായ തലത്തിൽ ആണെങ്കിൽ എനിക്കും അങ്ങയെ​ക്കു​റിച്ച്‌ ഏതാനും അഭി​പ്രാ​യ​പ്ര​ക​ട​നങ്ങൾ നടത്താൻ കഴിയും. എന്നാൽ, ഇപ്പോൾ നമുക്കു സംസാ​രി​ക്കാ​നു​ള്ളത്‌ വളരെ ഗൗരവ​മേ​റിയ കാര്യ​ങ്ങ​ളാണ്‌. ദയവായി, എന്റെ ഒടുവി​ലത്തെ ചോദ്യ​ത്തിന്‌ മറുപടി പറയാ​തി​രു​ന്ന​തി​ന്റെ കാരണം കോട​തി​മു​മ്പാ​കെ ഒന്നു വ്യക്തമാ​ക്കാ​മോ?”

1964-ൽ ഞാൻ കാനഡ​യി​ലെ സുപ്രീം കോട​തി​മു​മ്പാ​കെ 38-ാം നമ്പർ ബില്ലിന്‌ എതിരെ വാദിച്ചു. ആ നിയമം ഒരിക്കൽപ്പോ​ലും ഉപയോ​ഗി​ച്ചി​ട്ടില്ല എന്ന കാരണ​ത്താൽ ബിൽ ഭരണഘ​ട​നാ​വി​രു​ദ്ധ​മാ​ണെന്നു പ്രഖ്യാ​പി​ക്കാൻ പക്ഷേ കോടതി തയ്യാറാ​യില്ല. എന്നാൽ, ആ സമയമാ​യ​പ്പോ​ഴേ​ക്കും ഡ്യൂ​പ്ലേസി മരിച്ചു​പോ​യി​രു​ന്നു. മാത്രമല്ല, 38-ാം നമ്പർ ബില്ലിന്റെ കാര്യം മിക്കവ​രും​തന്നെ മറന്നു​പോ​കു​ക​യും ചെയ്‌തി​രു​ന്നു. ആ നിയമം യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എന്നല്ല ആർക്കും എതിരെ ഒരിക്കൽപ്പോ​ലും ഉപയോ​ഗി​ച്ചില്ല.

റോങ്‌കാ​രെ​ലി സഹോ​ദ​രന്റെ മദ്യ ലൈസൻസ്‌ നിയമ​വി​രു​ദ്ധ​മാ​യി റദ്ദാക്കി​യ​തി​നു നഷ്ടപരി​ഹാ​രം നൽകാൻ ഡ്യൂ​പ്ലേ​സി​യോട്‌ കാനഡ​യു​ടെ സുപ്രീം കോടതി ഉത്തരവി​ട്ടി​രു​ന്നു. 1959-ൽ അദ്ദേഹം മരിക്കു​ന്ന​തി​നു തൊട്ടു​മു​മ്പാ​യി​രു​ന്നു അത്‌. ആ സമയം മുതൽ, ക്യൂ​ബെ​ക്കി​ലെ ആളുക​ളിൽ പലരും ഞങ്ങളോ​ടു വളരെ സൗഹാർദ​പ​ര​മാ​യി ഇടപെ​ടാൻ തുടങ്ങി. ഗവൺമെ​ന്റി​ന്റെ ഒരു കണക്കെ​ടു​പ്പു​പ്ര​കാ​രം, 1943-ൽ വെറും 300 ആയിരുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എണ്ണം ഇപ്പോൾ 33,000-ത്തിലധി​കം ആയിരി​ക്കു​ന്നു. അംഗസം​ഖ്യ​യു​ടെ കാര്യ​ത്തിൽ പ്രവി​ശ്യ​യിൽ നാലാം സ്ഥാനത്തു നിൽക്കുന്ന മതവി​ഭാ​ഗം ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടേ​താണ്‌. നിയമ​ത്തി​ന്റെ​യും പരസ്യ ശുശ്രൂ​ഷ​യു​ടെ​യും ലോകത്ത്‌ യഹോ​വ​യു​ടെ സാക്ഷികൾ കൈവ​രിച്ച ഇത്തരം വിജയങ്ങൾ ഏതെങ്കി​ലും മനുഷ്യ​ന്റെ നേട്ടമാ​ണെന്നു ഞാൻ വിശ്വ​സി​ക്കു​ന്നില്ല. അതിനു​പ​കരം, വിജയം നൽകു​ന്നത്‌ യഹോ​വ​യാണ്‌ എന്ന്‌ അതെല്ലാം എനിക്കു തെളി​യി​ച്ചു തന്നിരി​ക്കു​ന്നു. കാരണം, യുദ്ധം അവന്റേ​താണ്‌, നമ്മു​ടേതല്ല.—2 ദിനവൃ​ത്താ​ന്തം 20:15, ഓശാന ബൈബിൾ.

സാഹച​ര്യ​ങ്ങ​ളിൽ വന്ന മാറ്റങ്ങൾ

1954-ൽ ഞാൻ ഇംഗ്ലണ്ടിൽ നിന്നുള്ള സുന്ദരി​യാ​യൊ​രു പയനി​യറെ, മാർഗ​രറ്റ്‌ ബീഗലി​നെ വിവാഹം ചെയ്‌തു. ഞങ്ങൾ ഒരുമിച്ച്‌ പയനിയർ ശുശ്രൂഷ ആരംഭി​ച്ചു. അതോ​ടൊ​പ്പം ഞാൻ കാനഡ​യി​ലും ഐക്യ​നാ​ടു​ക​ളി​ലു​മാ​യി, യഹോ​വ​യു​ടെ സാക്ഷി​കൾക്കു വേണ്ടി കേസുകൾ വാദി​ക്കു​ന്ന​തി​ലും ഓസ്‌​ട്രേ​ലി​യ​യി​ലെ​യും യൂറോ​പ്പി​ലെ​യും ചില കേസു​ക​ളിൽ ഉപദേ​ശ​ക​നാ​യി വർത്തി​ക്കു​ന്ന​തി​ലും തുടർന്നു. മാർഗ​രറ്റ്‌ ആയിരു​ന്നു എന്റെ സെക്ര​ട്ടറി. അനേക വർഷങ്ങ​ളോ​ളം വിലതീ​രാത്ത ഒരു സഹായ​മാ​യി​രു​ന്നു അവൾ. 1984-ൽ ഞാൻ മാർഗ​ര​റ്റി​നോ​ടൊ​പ്പം കാനഡ​യിൽ മടങ്ങി​യെത്തി. അവിടത്തെ ബ്രാഞ്ചിൽ സേവി​ക്കു​ന്ന​തി​നു​വേണ്ടി ആയിരു​ന്നു അത്‌. അവിടെ ഒരു നിയമ ഡിപ്പാർട്ടു​മെന്റ്‌ പുനഃ​സ്ഥാ​പി​ക്കു​ന്ന​തിൽ സഹായി​ക്കാൻ എനിക്കു കഴിഞ്ഞു. എന്നാൽ, സങ്കടക​ര​മെന്നു പറയട്ടെ, 1987-ൽ കാൻസർ ബാധിച്ച്‌ മാർഗ​രറ്റ്‌ മരണമ​ടഞ്ഞു.

1969-ൽ അമ്മ മരിച്ച​തി​നു ശേഷം, എന്റെ അനുജൻ ജോയും ഭാര്യ എൽസി​യും—വാച്ച്‌ടവർ ബൈബിൾ സ്‌കൂൾ ഓഫ്‌ ഗിലെ​യാ​ദി​ന്റെ ഒമ്പതാ​മത്തെ ക്ലാസ്സിൽ നിന്ന്‌ അവർ മിഷന​റി​മാ​രാ​യി സേവി​ക്കു​ന്ന​തി​നുള്ള പരിശീ​ലനം നേടി​യി​രു​ന്നു—അച്ഛനെ അവരുടെ വീട്ടി​ലേക്കു കൊണ്ടു​പോ​യി. 16 വർഷത്തി​നു ശേഷം അദ്ദേഹം മരിക്കു​ന്ന​തു​വരെ അവരാണ്‌ അദ്ദേഹത്തെ പരിപാ​ലി​ച്ചത്‌. അവർ ഇങ്ങനെ ആത്മത്യാ​ഗ​പ​ര​മായ വിധത്തിൽ പ്രവർത്തി​ച്ച​തു​കൊണ്ട്‌ എനിക്കു മുഴു​സമയ ശുശ്രൂ​ഷ​യിൽ തുടരാൻ കഴിഞ്ഞു. അതിനു ഞാൻ അവരോട്‌ എന്നെന്നും നന്ദിയു​ള്ള​വ​നാണ്‌.

നിയമ​പോ​രാ​ട്ടങ്ങൾ തുടരു​ന്നു

വർഷങ്ങൾ കടന്നു​പോ​യ​തോ​ടെ, യഹോ​വ​യു​ടെ സാക്ഷികൾ നടത്തുന്ന നിയമ​യു​ദ്ധ​ങ്ങ​ളു​ടെ സ്വഭാ​വ​ത്തി​നും വ്യത്യാ​സം വന്നു. രാജ്യ​ഹാ​ളു​കൾക്കും സമ്മേള​ന​ഹാ​ളു​കൾക്കും വേണ്ടുന്ന സ്ഥലവും പെർമി​റ്റു​ക​ളും നേടി​യെ​ടു​ക്കു​ന്ന​തി​നു വേണ്ടി​യുള്ള കേസു​ക​ളാ​യി​രു​ന്നു അവയിൽ പലതും. കൂടാതെ, കുട്ടി​ക​ളു​ടെ സംരക്ഷ​ണാ​വ​കാ​ശത്തെ ചൊല്ലി​യുള്ള കേസു​ക​ളും ഉണ്ടായി​ട്ടുണ്ട്‌. അത്തരം കേസു​ക​ളിൽ, സാക്ഷി​യ​ല്ലാത്ത മാതാ​വോ പിതാ​വോ മതഭ്രാന്ത്‌ നിമിത്തം ഒന്നുകിൽ കുട്ടി​യു​ടെ സംരക്ഷ​ണ​ച്ചു​മതല പൂർണ​മാ​യി തനിക്കു വിട്ടു​കി​ട്ടണം എന്നോ അല്ലെങ്കിൽ കുട്ടി​യു​മാ​യി പ്രയോ​ജ​ന​പ്ര​ദ​മായ മതവി​ശ്വാ​സങ്ങൾ പങ്കിടു​ന്ന​തി​നെ​തി​രെ സാക്ഷി​യായ മാതാ​വി​നോ പിതാ​വി​നോ നിയ​ന്ത്രണം ഏർപ്പെ​ടു​ത്തണം എന്നോ ആവശ്യ​പ്പെ​ടു​ന്നു.

1989-ൽ താത്‌കാ​ലിക അടിസ്ഥാ​ന​ത്തിൽ നിയമ​പ​ര​മായ കാര്യ​ങ്ങ​ളിൽ സഹായി​ക്കു​ന്ന​തി​നാ​യി ഒരു അമേരി​ക്കൻ അഭിഭാ​ഷ​ക​യായ ലിൻഡ മാനിങ്‌ കാനഡ ബ്രാഞ്ചിൽ എത്തി. ആ നവംബ​റിൽ ഞങ്ങൾ വിവാ​ഹി​ത​രാ​യി. അന്നുമു​തൽ ഇന്നോളം ഞങ്ങൾ ഇവിടെ സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​ന്നു.

1990-കളിൽ കാനഡ ബ്രാഞ്ചി​ലെ എന്റെ സഹ അഭിഭാ​ഷ​ക​നായ ജോൺ ബേൺസും ഞാനും ജപ്പാനിൽ ചെന്ന്‌ ഭരണഘ​ട​നാ​പ​ര​മായ ഒരു കേസ്‌ വിജയി​ക്കു​ന്ന​തിൽ അവിടു​ത്തെ നമ്മുടെ സഹോ​ദ​ര​ങ്ങളെ സഹായി​ച്ചു. സ്‌കൂൾ അധികൃ​തർ ഏർപ്പെ​ടു​ത്തി​യി​രി​ക്കുന്ന ആയോ​ധ​ന​ക​ലാ​ക്ലാ​സ്സു​ക​ളിൽ മനഃസാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ പങ്കെടു​ക്കാ​തി​രി​ക്കാ​നുള്ള കുട്ടി​ക​ളു​ടെ സ്വാത​ന്ത്ര്യം സംബന്ധി​ച്ചു​ള്ള​താ​യി​രു​ന്നു ആ കേസ്‌. രക്തപ്പകർച്ച നിരസി​ക്കാൻ, മുതിർന്ന ഒരു വ്യക്തി​ക്കുള്ള അവകാശം സംബന്ധിച്ച ഒരു കേസി​ലും ഞങ്ങൾക്കു വിജയി​ക്കാ​നാ​യി.

1995-ലും 1996-ലും എനിക്കും ലിൻഡ​യ്‌ക്കും അഞ്ചു മാസം സിംഗ​പ്പൂ​രിൽ കഴിയു​ന്ന​തി​നുള്ള പദവി ലഭിച്ചു. അവിടെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മേലു​ണ്ടാ​യി​രുന്ന നിരോ​ധ​ന​ത്തോ​ടും അതേ തുടർന്നുള്ള പ്രോ​സി​ക്യൂ​ഷ​നു​ക​ളോ​ടും ബന്ധപ്പെ​ട്ടാ​യി​രു​ന്നു അത്‌. ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ പങ്കെടു​ത്ത​തി​ന്റെ​യും ബൈബി​ളും മതസാ​ഹി​ത്യ​ങ്ങ​ളും കൈവശം വെച്ചതി​ന്റെ​യും പേരിൽ ക്രിമി​നൽ കുറ്റങ്ങൾ ചുമത്ത​പ്പെട്ട 64 സ്‌ത്രീ​പു​രു​ഷ​ന്മാർക്കും യുവജ​ന​ങ്ങൾക്കും​വേണ്ടി ഞാൻ വാദിച്ചു. ഈ കേസു​ക​ളി​ലൊ​ന്നും ഞങ്ങൾക്കു ജയിക്കാൻ കഴിഞ്ഞി​ല്ലെ​ങ്കി​ലും, പരി​ശോ​ധനാ സമയങ്ങ​ളിൽ നിർമ​ല​ത​യോ​ടും സന്തോ​ഷ​ത്തോ​ടും​കൂ​ടെ സഹിച്ചു​നിൽക്കാൻ തക്കവണ്ണം യഹോവ തന്റെ വിശ്വസ്‌ത ദാസന്മാ​രെ ശക്തീക​രി​ക്കു​ന്ന​വി​ധം നേരിട്ടു കാണാൻ ഞങ്ങൾക്കു കഴിഞ്ഞു.

ഒരു പങ്കുണ്ടാ​യി​രി​ക്കാൻ കഴിഞ്ഞ​തിൽ നന്ദിയു​ള്ള​വൻ

എനിക്ക്‌ ഇപ്പോൾ 80 വയസ്സായി. എങ്കിലും നല്ല ആരോ​ഗ്യ​മുണ്ട്‌. യഹോ​വ​യു​ടെ ജനത്തിന്റെ നിയമ​പ​ര​മായ യുദ്ധങ്ങ​ളിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ എനിക്ക്‌ ഇപ്പോ​ഴും സാധി​ക്കു​ന്നുണ്ട്‌. എപ്പോൾ വേണ​മെ​ങ്കി​ലും, കോട​തി​യിൽ ചെന്ന്‌ ശരിയായ കാര്യ​ങ്ങൾക്കു​വേണ്ടി വാദി​ക്കാൻ ഈ പ്രായ​ത്തി​ലും ഞാൻ തയ്യാറാണ്‌. കാനഡ​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എണ്ണത്തിൽ ഉണ്ടായ വർധനവു നിരീ​ക്ഷി​ക്കു​മ്പോൾ എന്റെ ഉള്ളിൽ സന്തോഷം തിരത​ല്ലു​ക​യാണ്‌. 1940-ൽ 4,000 പേർ ഉണ്ടായി​രുന്ന സ്ഥാനത്ത്‌ ഇപ്പോൾ 1,11,000 പേരാണ്‌ ഉള്ളത്‌. ആളുക​ളും സംഭവ​ങ്ങ​ളു​മൊ​ക്കെ മാറി​യും​മ​റി​ഞ്ഞും വരുന്നു. എന്നാൽ, യഹോവ തന്റെ ജനത്തെ എപ്പോ​ഴും മുന്നോ​ട്ടു തന്നെ നയിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു, അവർ ആത്മീയ സമൃദ്ധി ആസ്വദി​ക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തി​ക്കൊണ്ട്‌.

പ്രശ്‌ന​ങ്ങൾ വന്നും പോയു​മി​രി​ക്കും എന്നതു സത്യമാണ്‌. എന്നിരു​ന്നാ​ലും യഹോ​വ​യു​ടെ വചനം നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “നിനക്കു വിരോ​ധ​മാ​യി ഉണ്ടാക്കുന്ന യാതൊ​രു ആയുധ​വും ഫലിക്ക​യില്ല.” (യെശയ്യാ​വു 54:17) ‘സുവി​ശേ​ഷ​ത്തി​നു വേണ്ടി പ്രതി​വാ​ദം നടത്തി​ക്കൊ​ണ്ടും അതിനെ നിയമ​പ​ര​മാ​യി സ്ഥിരീ​ക​രി​ച്ചു കൊണ്ടും’ ഞാൻ മുഴു​സ​മ​യ​ശു​ശ്രൂ​ഷ​യിൽ ചെലവ​ഴിച്ച 56-ലധികം വർഷങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ, യെശയ്യാ​വി​ന്റെ ഈ പ്രവചനം സത്യമാ​ണെന്ന്‌ എനിക്ക്‌ ഉറപ്പോ​ടെ പറയാൻ കഴിയും!—ഫിലി​പ്പി​യർ 1:7, NW.

[19-ാം പേജിലെ ചിത്രം]

മാതാപിതാക്കളോടും അനുജ​നോ​ടു​മൊ​പ്പം

[19-ാം പേജിലെ ചിത്രം]

ഹെയ്‌ഡൻ കൊവി​ങ്‌ടൺ, അഭിഭാ​ഷ​കൻ

[19-ാം പേജിലെ ചിത്രം]

നാഥാൻ നോറി​നോ​ടൊ​പ്പം

[20-ാം പേജിലെ ചിത്രം]

കർദിനാൾ വിലെ​നെ​വി​ന്റെ മുമ്പിൽ ഡ്യൂ​പ്ലേസി മുട്ടു​കു​ത്തു​ന്നു

[കടപ്പാട്‌]

Photo by W. R. Edwards

[20-ാം പേജിലെ ചിത്രം]

ഫ്രാങ്ക്‌ റോങ്‌കാ​രെ​ലി

[20-ാം പേജിലെ ചിത്രം]

Photo by W. R. Edwards

[കടപ്പാട്‌]

Courtesy Canada Wide

[21-ാം പേജിലെ ചിത്രം]

ഇമേ ബൂഷേ

[24-ാം പേജിലെ ചിത്രം]

സഹ അഭിഭാ​ഷ​ക​രായ ഭാര്യ ലിൻഡ​യോ​ടും ജോൺ ബേൺസി​നോ​ടും ഒപ്പം