വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

പരിസ്ഥി​തി സംരക്ഷ​ണ​കേ​ന്ദ്രം “പാൻറ്റാ​നൽ—വശ്യമ​നോ​ഹ​ര​മായ ഒരു പരിസ്ഥി​തി സംരക്ഷ​ണ​കേ​ന്ദ്രം” (സെപ്‌റ്റം​ബർ 8, 1999) എന്ന ലേഖന​ത്തി​നു നന്ദി. പ്രകൃതി സൗന്ദര്യം വഴി​ഞ്ഞൊ​ഴു​കുന്ന ആ പ്രദേ​ശ​ത്തേക്ക്‌ ഞാനും ലേഖക​നോ​ടൊ​പ്പം മനസ്സു​കൊ​ണ്ടു യാത്ര​ചെ​യ്‌തു. അവിടത്തെ ശാന്തത​യും സമാധാ​ന​വും ഞാൻ മതിവ​രു​വോ​ളം ആസ്വദി​ച്ചു. ദൈവം മുഴു​ഭൂ​മി​യി​ലും അത്തരം അവസ്ഥകൾ ആനയി​ക്കുന്ന നാളി​നാ​യി ഞാൻ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു.

എം. എ., ഇറ്റലി

പ്രമേഹം “നിങ്ങളു​ടെ മകൾക്ക്‌ പ്രമേ​ഹ​മുണ്ട്‌!” (സെപ്‌റ്റം​ബർ 22, 1999) എന്ന ലേഖനം ഞാൻ ഇപ്പോൾ രണ്ടാം​വട്ടം വായി​ച്ചു​ക​ഴി​ഞ്ഞതേ ഉള്ളൂ. പത്തുമാ​സം മുമ്പു നടത്തിയ ഒരു പരി​ശോ​ധ​ന​യിൽ എനിക്കു ടൈപ്പ്‌ 1 പ്രമേ​ഹ​മുണ്ട്‌ എന്നു തെളി​ഞ്ഞി​രു​ന്നു. നല്ല ആരോ​ഗ്യ​മുള്ള പ്രകൃ​ത​മാ​യി​രു​ന്നു എന്റേത്‌. 17-ാം വയസ്സു​മു​തൽ ഞാൻ ഒരു പയനി​യ​റാ​യി [മുഴു​സമയ ശുശ്രൂ​ഷക] സേവി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങ​ളി​ലാ​യി ജീവി​ത​ത്തിൽ എനിക്കു ധാരാളം പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരു​ത്തേ​ണ്ടി​വന്നു. ഇപ്പോൾ എനിക്ക്‌ ഒരു ഇൻസു​ലിൻ പമ്പ്‌ ഉപയോ​ഗി​ക്കേ​ണ്ട​താ​യി​ട്ടുണ്ട്‌. മാത്രമല്ല, ചികി​ത്സ​യ്‌ക്കു വളരെ​യേറെ പണം ആവശ്യ​മാ​യ​തി​നാൽ പയനി​യ​റിങ്‌ നിറു​ത്തേ​ണ്ട​താ​യും വന്നു. എന്നാൽ, മറ്റുള്ള​വ​രും ഇതു​പോ​ലുള്ള പരി​ശോ​ധ​നകൾ അഭിമു​ഖീ​ക​രി​ക്കു​ന്നു​ണ്ടെന്ന്‌ ഓർമി​പ്പി​ക്കുന്ന ഇത്തരം ലേഖനങ്ങൾ അച്ചടി​ക്കു​ന്ന​തിൽ നിങ്ങൾക്കു വളരെ​യേറെ നന്ദി.

ബി. എഫ്‌., ഐക്യ​നാ​ടു​കൾ

എന്റെ മകന്‌ രണ്ടാമത്തെ വയസ്സിൽ തുടങ്ങി​യ​താണ്‌ പ്രമേഹം. ഇപ്പോൾ അവന്‌ നാലു വയസ്സുണ്ട്‌. ലേഖന​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന സോണി​യ​യു​ടെ​യും കുടും​ബ​ത്തി​ന്റെ​യും വികാ​രങ്ങൾ ഞങ്ങൾക്കും തോന്നി​യി​ട്ടു​ള്ള​വ​യാണ്‌. ഈ പ്രതി​സ​ന്ധി​ഘ​ട്ട​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ ഞങ്ങളെ സഹായിച്ച, സ്‌നേ​ഹ​മുള്ള ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളോ​ടു ഞങ്ങൾ എത്ര നന്ദിയു​ള്ള​വ​രാ​ണെ​ന്നോ!

സി. ആർ., മൊൾഡോ​വ

ഈ വിഷയം സംബന്ധിച്ച്‌ പ്രോ​ത്സാ​ഹ​ജ​ന​ക​മായ നല്ല കുറെ വിവരങ്ങൾ വായി​ക്കാൻ കിട്ടി​യി​രു​ന്നെ​ങ്കിൽ എന്നു കുറച്ചു​കാ​ല​മാ​യി ഞാൻ ആശിക്കു​ക​യാ​യി​രു​ന്നു. എനിക്ക്‌ ഇപ്പോൾ 17 വയസ്സുണ്ട്‌. 5-ാമത്തെ വയസ്സിൽ എനിക്കു പ്രമേഹം തുടങ്ങി. ഈ രോഗ​വു​മാ​യി പൊരു​ത്ത​പ്പെട്ടു ജീവി​ക്കു​ക​യെ​ന്നത്‌ ചില​പ്പോൾ അങ്ങേയറ്റം വെല്ലു​വി​ളി​ക​ര​മാ​യി​രു​ന്നി​ട്ടുണ്ട്‌. പ്രമേഹ സംബന്ധ​മായ സംശയ​ങ്ങൾക്കെ​ല്ലാം ഉത്തരം നൽകു​ന്ന​തും അതി​നെ​ക്കു​റി​ച്ചു കൂടുതൽ അറിവു പകരു​ന്ന​തു​മായ ഇത്തരം ഒരു ലേഖനം, അതും ഇത്ര ലളിത​മായ ഭാഷയിൽ, പ്രസി​ദ്ധീ​ക​രി​ച്ച​തി​നു നന്ദി. എന്റെ കുടും​ബാം​ഗ​ങ്ങൾക്കും സുഹൃ​ത്തു​ക്കൾക്കു​മൊ​ക്കെ നൽകാൻ പറ്റിയ ഒന്നുത​ന്നെ​യാ​ണിത്‌.

കെ. ഡബ്ലിയൂ., കാനഡ

അപകട​ക​ര​മല്ലേ? “സ്‌ത്രീ​കൾ വലിയ പങ്കു വഹിച്ചു” (ജൂൺ 22, 1999) എന്ന മനോ​ഹ​ര​മായ ആ ലേഖനം ഞാൻ വായിച്ചു. സ്‌ത്രീ​ക​ളായ ആ നിർമാണ തൊഴി​ലാ​ളി​കൾ കണ്ണുകളെ സംരക്ഷി​ക്കുന്ന തരത്തി​ലുള്ള യാതൊ​ന്നും ധരിച്ചു​കാ​ണാ​ഞ്ഞ​തിൽ എനിക്കു ശരിക്കും അതിശയം തോന്നി.

ആർ. എൽ., ഐക്യ​നാ​ടു​കൾ

കണ്ണുകളെ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടവ ധരിച്ചു​ത​ന്നെ​യാണ്‌ ഈ സ്വമേ​ധയാ പ്രവർത്തകർ ജോലി​ചെ​യ്‌തത്‌. എന്നാൽ, ഫോ​ട്ടോ​യ്‌ക്കു വേണ്ടി പോസ്‌ ചെയ്‌ത​പ്പോൾ, അവ മാറ്റാൻ അവരോട്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നു. അവരുടെ പുഞ്ചി​രി​ക്കുന്ന മുഖങ്ങൾ കൂടുതൽ നന്നായി കാണാൻ വേണ്ടി​യാ​യി​രു​ന്നു അത്‌.—പത്രാ​ധി​പർ

അനീതി “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . അനീതി നിറഞ്ഞ ചുറ്റു​പാ​ടു​മാ​യി എനിക്ക്‌ എങ്ങനെ പൊരു​ത്ത​പ്പെ​ടാൻ കഴിയും?” (സെപ്‌റ്റം​ബർ 22, 1999) എന്ന ലേഖന​ത്തി​നു നന്ദി. ഈ ചെറു പ്രായ​ത്തി​നു​ള്ളിൽ എനിക്കു സഹി​ക്കേ​ണ്ടി​വന്ന അന്യാ​യ​ത്തി​നും അക്രമ​ത്തി​നും ഒരു കയ്യും കണക്കു​മില്ല. ആഴത്തി​ലുള്ള വൈകാ​രിക ക്ഷതങ്ങളാണ്‌ അവ എനിക്കു സമ്മാനി​ച്ചത്‌. ഇതുമൂ​ലം, കഴിഞ്ഞ എട്ടുവർഷ​മാ​യി ഞാൻ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന പയനിയർ ശുശ്രൂഷ നിർവ​ഹി​ക്കാൻ എനിക്കു ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ട്ടി​ട്ടുണ്ട്‌. “സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെട്ടു പോകാൻ നിങ്ങളാൽ ആകുന്നതു ചെയ്യുക” എന്ന വാക്കുകൾ എനിക്ക്‌ ആശ്വാസം പകർന്നു. സ്‌നേഹം തുളു​മ്പു​ന്ന​വ​യാ​യി​രുന്ന ആ വാക്കുകൾ. ഹൃദയ​ത്തി​ന്റെ അടിത്ത​ട്ടിൽ നിന്നു നിങ്ങൾക്കു നന്ദിപ​റ​യാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

എ. ജി., ഇറ്റലി

സംഗീതം വർഷങ്ങ​ളാ​യി ഞാൻ ക്രിസ്‌തീയ സഭയിലെ ഒരു മൂപ്പനാ​യി സേവി​ക്കു​ന്നു. ഞാൻ യുവജ​ന​ങ്ങ​ളിൽ എല്ലായ്‌പോ​ഴും പ്രത്യേ​കം താത്‌പ​ര്യ​മെ​ടു​ത്തി​ട്ടുണ്ട്‌. എന്നാൽ ഈ അടുത്ത​കാ​ലത്ത്‌, ചിലതരം ആധുനിക സംഗീ​ത​ങ്ങ​ളിൽ ഒളിഞ്ഞി​രി​ക്കുന്ന അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ ഞാൻ നൽകിയ ബുദ്ധി​യു​പ​ദേ​ശങ്ങൾ അവഗണി​ക്ക​പ്പെ​ടു​ന്നതു കണ്ടപ്പോൾ എനിക്ക്‌ എന്തെന്നി​ല്ലാത്ത വിഷമം തോന്നി. എന്നാൽ, “സംഗീതം—നിങ്ങൾ വിചാ​രി​ച്ചേ​ക്കാ​വു​ന്ന​തി​ലും ശക്തം” (ഒക്‌ടോ​ബർ 8, 1999) എന്ന പരമ്പര​യിൽ, യുവജ​നങ്ങൾ മനസ്സി​ലാ​ക്ക​ണ​മെന്നു ഞാൻ ആഗ്രഹിച്ച വിവരങ്ങൾ തന്നെയാ​യി​രു​ന്നു ഉണ്ടായി​രു​ന്നത്‌. ചിലതരം സംഗീ​ത​ങ്ങ​ളു​ടെ ഹാനി​ക​ര​മായ ഫലങ്ങ​ളെ​ക്കു​റി​ച്ചുള്ള, പുറമേ നിന്നു​ള്ള​വ​രു​ടെ ഉദ്ധരണി​കൾ ഒന്നാന്ത​ര​മാ​യി​രു​ന്നു. ഞാൻ സഭയിലെ യുവ​പ്രാ​യ​ക്കാ​രു​മാ​യി ഇവ പങ്കു​വെ​ക്കും.

ഡി. എച്ച്‌., ബൊളീ​വി​യ

ഒരു ഗായി​ക​യും പ്രാഥ​മിക വിദ്യാ​ല​യ​ത്തി​ലെ സംഗീത അധ്യാ​പി​ക​യും ആയ ഞാൻ സംഗീ​ത​ത്തെ​ക്കു​റിച്ച്‌ നിങ്ങൾ ഈ അടുത്ത​യി​ടെ പ്രസി​ദ്ധീ​ക​രിച്ച ലേഖനങ്ങൾ ശരിക്കും ആസ്വദി​ച്ചു. നിങ്ങൾക്കു നന്ദി!

കെ. എഫ്‌., ഐക്യ​നാ​ടു​കൾ