ഡാഡി ഉപേക്ഷിച്ചു പോയതുമായി എനിക്ക് എങ്ങനെ പൊരുത്തപ്പെടാനാകും?
യുവജനങ്ങൾ ചോദിക്കുന്നു . . .
ഡാഡി ഉപേക്ഷിച്ചു പോയതുമായി എനിക്ക് എങ്ങനെ പൊരുത്തപ്പെടാനാകും?
“ഡാഡിയില്ലാതെ വളരുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരുന്നു. ശ്രദ്ധിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുക, അതുമാത്രം മതിയായിരുന്നു എനിക്ക്.”—ഹെൻട്രി. a
ജോവാന് 13 വയസ്സുള്ളപ്പോഴാണ് അവളുടെ ഡാഡി വീടു വിട്ടു പോയത്. മദ്യപനായ അയാൾ തന്റെ കുട്ടികളുമായി സമ്പർക്കം പുലർത്തുന്നതിന് പിന്നീട് കാര്യമായ ശ്രമമൊന്നും ചെയ്തില്ല. ദുഃഖകരമെന്നു പറയട്ടെ, ഇതു ജോവാന്റെ മാത്രം അനുഭവം അല്ല. പിതാവ് ഉപേക്ഷിച്ചു പോയ ഇത്തരം ധാരാളം യുവജനങ്ങൾ ഉണ്ട്.
സമാനമായ ഒരു സാഹചര്യത്തിലാണെങ്കിൽ അതുമായി പൊരുത്തപ്പെടുക വളരെ ദുഷ്കരമാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. ഇടയ്ക്കിടെ കടുത്ത മനോവ്യഥയും കോപവും നിങ്ങളെ വരിഞ്ഞുമുറുക്കിയേക്കാം. വിഷാദവും നിങ്ങളെ പിടികൂടുന്നു എന്നുവരാം. നിങ്ങൾ ഒരു മത്സരി പോലും ആയിത്തീരാനുള്ള സാധ്യതയുണ്ട്. ബൈബിളെഴുത്തുകാരനായ ശലോമോൻ ഒരിക്കൽ പറഞ്ഞതുപോലെ, “മർദനം ജ്ഞാനിയെ ഭ്രാന്തമായി പെരുമാറാൻ പ്രേരിപ്പിച്ചേക്കാം.”—സഭാപ്രസംഗി 7:7, NW.
‘ഭ്രാന്തമായ പെരുമാറ്റം’
ജെയിംസിന്റെ കാര്യം എടുക്കുക. ഡാഡി ഉപേക്ഷിച്ചു പോയതിനു ശേഷം ‘ഭ്രാന്തമായി’ട്ടാണ് അവൻ പെരുമാറിയത്. അവൻ പറയുന്നു: “ആരു പറയുന്നതും ഞാൻ വകവെക്കുമായിരുന്നില്ല. എന്തിന്,
എന്റെ മമ്മി പറയുന്നതു പോലും! ഞാൻ ഒരു വഴക്കാളിയായി മാറി. ശിക്ഷിക്കാൻ ആരുമില്ലായിരുന്നതിനാൽ നുണ പറയുന്നതും രാത്രിയിൽ പാത്തും പതുങ്ങിയും വീടിന് പുറത്തു പോകുന്നതും ഒക്കെ എന്റെ ശീലമായി. മമ്മി എന്നെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.” ഈ മത്സരം ജെയിംസിന്റെ സാഹചര്യത്തെ മെച്ചപ്പെടുത്തിയോ? ഒരിക്കലുമില്ല. അവന്റെ സ്വഭാവം അനുദിനം വഷളാവുകയായിരുന്നു. അവൻ തന്നെ പറയുന്നത് കേൾക്കുക: “ഞാൻ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി. ക്ലാസ്സുകൾ മുടക്കിയതിന്റെ ഫലമായി പരീക്ഷയിൽ പരാജയപ്പെട്ടു. ഞാൻ കടകളിൽ നിന്ന് മോഷ്ടിക്കുകയും ആളുകളെ കൊള്ളയടിക്കുകയും ചെയ്തു. രണ്ടു പ്രാവശ്യം എന്നെ അറസ്റ്റു ചെയ്തു. കുറച്ചുനാൾ തടവിൽ കിടക്കേണ്ടതായും വന്നു. എന്നാൽ അതുകൊണ്ടൊന്നും യാതൊരു ഫലവുമുണ്ടായില്ല.”
ജെയിംസിനോട് അവനെ ഒരു മത്സരി ആക്കിത്തീർത്തത് എന്താണെന്നു ചോദിച്ചപ്പോൾ ഇങ്ങനെ മറുപടി പറഞ്ഞു: “ഡാഡി പോയതിൽപ്പിന്നെ എന്നെ ശിക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ കൊച്ചനുജനെയും അനുജത്തിയെയും മമ്മിയെയും ഞാൻ എത്ര കണ്ണീരു കുടിപ്പിച്ചെന്നോ! എനിക്കുതന്നെ അത് ദോഷം ചെയ്തു. എന്നാൽ എന്റെ പ്രവൃത്തികളുടെ അനന്തരഫലത്തെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചതേയില്ല. ഡാഡിയുടെ ശിക്ഷണവും ശ്രദ്ധയും മാത്രമാണ് ഞാൻ ആഗ്രഹിച്ചത്.”
മത്സരം പ്രശ്നം ഒന്നുകൂടെ വഷളാക്കുകയേ ഉള്ളൂ. (ഇയ്യോബ് 36:18, 21) ഉദാഹരണത്തിന്, ജെയിംസിന്റെ പെരുമാറ്റം അവനു മാത്രമല്ല, അവന്റെ അമ്മയ്ക്കും കൂടപ്പിറപ്പുകൾക്കും ദോഷം ചെയ്തു. അവർ അനാവശ്യ സമ്മർദങ്ങൾ അനുഭവിക്കാൻ അത് ഇടയാക്കി. എന്നാൽ, മത്സരത്തോടെയുള്ള പെരുമാറ്റത്തിന് അതിനെക്കാളൊക്കെ ഗുരുതരമായ ഒരു ദൂഷ്യവശമുണ്ട്. അത് ദൈവത്തിന്റെ അപ്രീതിക്ക് ഇടയാക്കുന്നു. അതുകൊണ്ട് അമ്മയെ അനുസരിക്കാൻ യഹോവ യുവജനങ്ങളെ പ്രബോധിപ്പിക്കുന്നത് നല്ല കാരണത്തോടെയാണ്.—സദൃശവാക്യങ്ങൾ 1:8; 30:17.
കോപത്തെ മറികടക്കൽ
അപ്പോൾ, ഡാഡിയോടു തോന്നുന്ന അമർഷവും കോപവും നിങ്ങൾക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? ആദ്യം തന്നെ, അദ്ദേഹം നിങ്ങളെ ഉപേക്ഷിച്ചത് നിങ്ങളുടെ കുറ്റം കൊണ്ടല്ല എന്ന സംഗതി സ്വയം ഓർമിപ്പിക്കുക. അദ്ദേഹം മേലാൽ നിങ്ങളെ സ്നേഹിക്കുകയോ നിങ്ങളെക്കുറിച്ചു ചിന്തിക്കുകയോ ചെയ്യുന്നില്ലെന്ന് അതൊട്ട് അർഥമാക്കുന്നുമില്ല. തന്റെ മക്കളെ സന്ദർശിക്കാനോ ഒന്നു ഫോൺ ചെയ്യാനോ പോലും ഒരു പിതാവ് ശ്രമിക്കുന്നില്ലെങ്കിൽ അത് വേദനാജനകമായിരിക്കും എന്നതു ശരി തന്നെ. എന്നാൽ ഈ പരമ്പരയിലെ ഒരു മുൻലേഖനം b വിശദമാക്കിയതുപോലെ, മക്കളെ ഉപേക്ഷിച്ച മിക്ക പിതാക്കന്മാരും പിന്നീട് അവരുമായി സമ്പർക്കം പുലർത്താത്തത് അവരോടു സ്നേഹം ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ലജ്ജയും കുറ്റബോധവും അവരെ കാർന്നുതിന്നുന്നതു കൊണ്ടാണ്. മറ്റു ചിലർ, ജോവാന്റെ ഡാഡിയെപ്പോലെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നതിനാൽ സാധാരണ രീതിയിൽ പെരുമാറാൻ അവർക്കു സാധിക്കുന്നില്ല.
സാഹചര്യം എന്തുതന്നെ ആയിരുന്നാലും, നിങ്ങളുടെ മാതാപിതാക്കൾ അപൂർണരാണ് എന്ന വസ്തുത ഓർക്കുക. ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമർ 3:23; 5:12) എന്നിരുന്നാലും, ഉപദ്രവകരമോ നിരുത്തരവാദപരമോ ആയ പെരുമാറ്റത്തിന് ഇതൊരു ഒഴികഴിവായിരിക്കുന്നില്ല. എങ്കിലും, നാമെല്ലാം ജന്മനാ അപൂർണരാണ് എന്ന വസ്തുത തിരിച്ചറിയുന്നപക്ഷം, ദ്രോഹകരമായ ഈ കോപത്തെയും അമർഷത്തെയും മറികടക്കുക എളുപ്പമായിത്തീരും.
നിങ്ങളുടെ മാതാപിതാക്കളോടു തോന്നിയേക്കാവുന്ന ദേഷ്യവും അമർഷവും കൈകാര്യം ചെയ്യാൻ സഭാപ്രസംഗി 7:10-ൽ പറയുന്നത് നിങ്ങളെ സഹായിക്കും. കഴിഞ്ഞുപോയ നാളുകളെ കുറിച്ചോർത്ത് തല പുണ്ണാക്കുന്നതിനെതിരെ അതു പിൻവരുന്ന മുന്നറിയിപ്പു നൽകുന്നു: “പണ്ടത്തേ കാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുതു; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.” അതുകൊണ്ട്, സ്ഥിതിഗതികൾ മെച്ചമായിരുന്ന കാലത്തെ കുറിച്ച് സദാ ആലോചിച്ചിരിക്കുന്നതിനു പകരം ഇപ്പോഴത്തെ സാഹചര്യത്തിൽ മെച്ചമായി പ്രവർത്തിക്കാൻ ശ്രമിക്കുക.
മുൻകൈ എടുക്കുക
ഉദാഹരണത്തിന്, ഡാഡിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ നിങ്ങൾക്കുതന്നെ മുൻകൈ എടുക്കാൻ കഴിയും. അദ്ദേഹമാണ് നിങ്ങളെ ഉപേക്ഷിച്ചതെന്നും, അതിനാൽ ആദ്യപടി സ്വീകരിക്കേണ്ടത് അദ്ദേഹമാണെന്നും ഉള്ള നിങ്ങളുടെ തോന്നൽ ശരി തന്നെ. എന്നാൽ, അതിൽ നിങ്ങളുടെ ഡാഡി പരാജയപ്പെടുകയും, അദ്ദേഹവുമായി സമ്പർക്കം പുലർത്താനാവാത്തത് നിങ്ങളെ ദുഃഖിതനും അസന്തുഷ്ടനും ആക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിങ്ങൾ തന്നെ മുന്നിട്ടിറങ്ങുന്നതല്ലേ ഉചിതം? തന്റെ ചില സ്നേഹിതർ തന്നെ വേദനിപ്പിച്ചപ്പോൾ യേശുക്രിസ്തു കാര്യങ്ങൾ കൈകാര്യം ചെയ്ത വിധം പരിചിന്തിക്കുക. യേശുവിന്റെ ഭൗമിക ജീവിതത്തിന്റെ അവസാന രാത്രിയിൽ ശിഷ്യന്മാർ അവനെ ഉപേക്ഷിച്ചു. എന്തുതന്നെ സംഭവിച്ചാലും യേശുവിനോടൊപ്പം ഉണ്ടായിരിക്കും എന്ന് വീരവാദം മുഴക്കിയ ആളാണ് പത്രൊസ്. എന്നിട്ട് അവൻ പോലും യേശുവിനെ തള്ളിപ്പറഞ്ഞു. ഒന്നല്ല, മൂന്നു തവണ!—മത്തായി 26:31-35; ലൂക്കൊസ് 22:54-62.
പത്രൊസ് ഇങ്ങനെയൊക്കെ പ്രവർത്തിച്ചിട്ടും യേശു അവനെ തുടർന്നും സ്നേഹിച്ചു. തന്റെ പുനരുത്ഥാനത്തിനു ശേഷം ഒരു സന്ദർഭത്തിൽ പത്രൊസിനു മാത്രമായി പ്രത്യക്ഷപ്പെട്ടുകൊണ്ട്, തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാൻ യേശു മുൻകൈ എടുത്തു. (1 കൊരിന്ത്യർ 15:5) രസകരമെന്നു പറയട്ടെ, യേശു പത്രൊസിനോട് “നീ എന്നെ സ്നേഹിക്കുന്നുവോ” എന്നു ചോദിച്ചപ്പോൾ പത്രൊസിന്റെ മറുപടി, “ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ” എന്നായിരുന്നു. യേശുവിനെ തള്ളിപ്പറഞ്ഞെങ്കിലും പത്രൊസ് അവനെ അപ്പോഴും ആഴമായി സ്നേഹിച്ചിരുന്നു.—യോഹന്നാൻ 21:15.
യേശുവിന്റെയും പത്രൊസിന്റെയും കാര്യത്തിൽ സത്യമായിരുന്നതു പോലെ, നിങ്ങളും ഡാഡിയും ഉൾപ്പെട്ട സാഹചര്യവും നിങ്ങൾ വിചാരിക്കുന്നത്ര ആശയറ്റതല്ലായിരിക്കാം. ഫോൺ ചെയ്യാനോ കത്തെഴുതാനോ ഒരു സന്ദർശനം നടത്താനോ നിങ്ങൾ മുൻകൈ എടുക്കുന്നപക്ഷം, അദ്ദേഹം അതിനോടു പ്രതികരിച്ചേക്കാം. തുടക്കത്തിൽ പരാമർശിച്ച ഹെൻട്രി അനുസ്മരിക്കുന്നു: “ഒരിക്കൽ ഞാൻ ഡാഡിക്ക് ഒരു കത്തെഴുതി. എന്നെക്കുറിച്ച് അഭിമാനം തോന്നുന്നു എന്നു പറഞ്ഞുകൊണ്ട് ഡാഡി മറുപടി എഴുതി. ഞാൻ ആ കത്ത് ഫ്രെയിം ചെയ്ത് വർഷങ്ങളോളം ഭിത്തിയിൽ തൂക്കിയിരുന്നു. ഇപ്പോഴും ഞാനതു സൂക്ഷിച്ചു വെച്ചിട്ടുണ്ട്.”
അതുപോലെതന്നെ ജോവാനും അവളുടെ സഹോദരങ്ങളും മദ്യപനായ ഡാഡിയെ സന്ദർശിക്കാൻ മുൻകൈ എടുത്തു. “അദ്ദേഹം അത്ര നല്ല ഒരു അവസ്ഥയിൽ ആയിരുന്നില്ല,” ജോവാൻ പറയുന്നു. “എന്നിരുന്നാലും, ഡാഡിയെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തോന്നി.” മുൻകൈ എടുക്കുന്നത് നിങ്ങളുടെ കാര്യത്തിലും നല്ല ഫലങ്ങൾ ഉളവാക്കിയേക്കാം. ആദ്യം ഒരു പ്രതികരണവും ലഭിക്കുന്നില്ലെങ്കിൽ കുറച്ചു നാൾ കാത്തിരുന്നിട്ട് വീണ്ടും ശ്രമിക്കാവുന്നതാണ്.
അവഗണിക്കപ്പെടുന്നതിന്റെ വേദനയുമായി പൊരുത്തപ്പെടൽ
“കണ്ടെത്താൻ ഒരു കാലം, നഷ്ടപ്പെടാൻ ഒരു കാലം” എന്ന് ശലോമോൻ നമ്മെ ഓർമിപ്പിക്കുന്നു. (സഭാപ്രസംഗി 3:6, ഓശാന ബൈബിൾ) പിതാവ് തങ്ങളുമായി യാതൊരു ബന്ധവും ആഗ്രഹിക്കുന്നില്ല എന്ന വേദനാകരമായ യാഥാർഥ്യത്തെ ചിലപ്പോഴൊക്കെ യുവജനങ്ങൾക്കു നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പിതാവിന്റെ കാര്യത്തിലും സംഗതി ഇതാണെങ്കിൽ, നിങ്ങളുമായുള്ള ബന്ധം നിലനിറുത്താൻ പരാജയപ്പെട്ടതിലൂടെ തനിക്ക് എത്ര വലിയ നഷ്ടമാണു നേരിട്ടത് എന്ന് അദ്ദേഹം ഒരു നാൾ തിരിച്ചറിഞ്ഞേക്കാം.
അതേസമയം, ഡാഡി നിങ്ങളെ ഉപേക്ഷിച്ചു എന്നതിനാൽ നിങ്ങൾ വിലയില്ലാത്തവരാണ് എന്നു കരുതേണ്ടതില്ല. ബൈബിൾ സങ്കീർത്തനക്കാരനായ ദാവീദ് ഇപ്രകാരം പ്രസ്താവിച്ചു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” (സങ്കീർത്തനം 27:10) അതേ, ദൈവദൃഷ്ടിയിൽ നിങ്ങൾ ഇപ്പോഴും വിലപ്പെട്ടവരാണ്.—ലൂക്കൊസ് 12:6, 7.
അതുകൊണ്ട്, നിരാശയോ വിഷാദമോ അനുഭവപ്പെടുന്നെങ്കിൽ, പ്രാർഥനയിൽ ദൈവത്തോട് അടുത്തു ചെല്ലുക. (സങ്കീർത്തനം 62:8) അവന്റെ മുമ്പാകെ നിങ്ങളുടെ ഹൃദയം പകരുക. ദൈവം നിങ്ങളെ ശ്രദ്ധിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക. മറ്റൊരു ബൈബിൾ സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.”—സങ്കീർത്തനം 94:19.
അവഗണിക്കപ്പെടുന്നതിന്റെ വേദനയുമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കുന്ന മറ്റൊരു സംഗതിയാണ് സഹക്രിസ്ത്യാനികളുമായുള്ള ഊഷ്മളമായ സഹവാസം. സദൃശവാക്യങ്ങൾ 17:17 പറയുന്നു: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.” യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സഭയിൽ നിങ്ങൾക്ക് അത്തരം നല്ല സ്നേഹിതരെ കണ്ടെത്താൻ കഴിയും. സഭയിലെ മൂപ്പന്മാരെ അടുത്തറിയുന്നതു വിശേഷാൽ സഹായകമാണ്. ജോവാന്റെ ഇളയ സഹോദരനായ പീറ്റർ ഈ ഉപദേശം നൽകുന്നു: “സഭയിലെ മുതിർന്നവരുമായി സംസാരിക്കുക. പല വിധങ്ങളിലും അവർക്ക് നിങ്ങളെ സഹായിക്കാനാകും. ഡാഡി നിങ്ങളെ ഉപേക്ഷിച്ചിരിക്കുന്നെങ്കിൽ അതേക്കുറിച്ചുള്ള നിങ്ങളുടെ വികാരങ്ങൾ അവരുമായി പങ്കുവെക്കുക.” വീടിന്റെ അറ്റകുറ്റപ്പണികൾ പോലെ മുമ്പ് ഡാഡി നോക്കിനടത്തിയിരുന്ന കാര്യങ്ങളിൽ ചില പ്രായോഗിക നിർദേശങ്ങൾ നൽകാൻ സഭാമേൽവിചാരകന്മാർക്ക് കഴിഞ്ഞേക്കും.
വൈകാരിക സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മമ്മിക്കും നിങ്ങൾക്ക് ഒരു താങ്ങായിരിക്കാൻ കഴിയും. ആദരപൂർവകമായ ഒരു വിധത്തിൽ നിങ്ങളുടെ വികാരങ്ങൾ തുറന്നു പറയുന്നെങ്കിൽ, നിങ്ങളെ സഹായിക്കാൻ അവർ പരമാവധി ശ്രമിക്കും എന്നതിൽ യാതൊരു സംശയവുമില്ല.
നിങ്ങളുടെ കുടുംബത്തിന് ഒരു താങ്ങായിരിക്കുക!
ഡാഡിയുടെ അസാന്നിധ്യം നിങ്ങളുടെ കുടുംബത്തെ പല വിധങ്ങളിൽ ബാധിച്ചേക്കാം. വീട്ടുചെലവുകൾ നടത്തുന്നതിനായി മമ്മിക്ക് ഒന്നോ ചിലപ്പോൾ രണ്ടോ തൊഴിൽ ചെയ്യേണ്ടതുണ്ടായിരിക്കാം. നിങ്ങൾക്കും സഹോദരങ്ങൾക്കും കൂടുതൽ കുടുംബ ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റേണ്ടി വന്നേക്കാം. എന്നാൽ, നിസ്വാർഥ ക്രിസ്തീയ സ്നേഹം നട്ടുവളർത്തുന്നത് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കും. (കൊലൊസ്സ്യർ 3:14) അമർഷത്താൽ നീറിപ്പുകയുന്നതിനു പകരം എല്ലായ്പോഴും ഒരു ക്രിയാത്മക മനോഭാവം നിലനിറുത്താൻ അത് നിങ്ങളെ സഹായിക്കും. (1 കൊരിന്ത്യർ 13:4-7) പീറ്റർ പറയുന്നതു ശ്രദ്ധിക്കൂ: “കുടുംബത്തെ സഹായിക്കുക എന്നതാണ് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി. മമ്മിയെയും ചേച്ചിമാരെയും സഹായിക്കുന്നത് എനിക്കു വളരെ സംതൃപ്തി പകരുന്നു.”
പിതാക്കന്മാർ വീടു വിട്ടു പോകുന്നത് ദുഃഖകരവും വേദനാജനകവുമായ ഒരനുഭവം ആണ് എന്നതിൽ സംശയമില്ല. എങ്കിലും, ക്രിസ്തീയ സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും സർവോപരി, ദൈവത്തിന്റെയും സഹായത്താൽ നിങ്ങൾക്കും കുടുംബത്തിനും ആ സാഹചര്യവുമായി പൊരുത്തപ്പെടാനാകും. c (g00 12/22)
[അടിക്കുറിപ്പുകൾ]
a പേരുകൾ യഥാർഥമല്ല.
b 2000, നവംബർ 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്) “യുവജനങ്ങൾ ചോദിക്കുന്നു . . . ഡാഡി ഞങ്ങളെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
c മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിൽ വളരുന്നതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് 1990 ഡിസംബർ 22, 1991 മാർച്ച് 22 എന്നീ ലക്കങ്ങളിലെ (ഇംഗ്ലീഷ്) “യുവജനങ്ങൾ ചോദിക്കുന്നു . . .” ലേഖനങ്ങൾ കാണുക.
[26-ാം പേജിലെ ചിത്രങ്ങൾ]
ചില യുവജനങ്ങൾ പിതാവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ മുൻകൈ എടുത്തിരിക്കുന്നു