വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യാപകവൃത്തി തിരഞ്ഞെടുക്കാനുള്ള കാരണം

അധ്യാപകവൃത്തി തിരഞ്ഞെടുക്കാനുള്ള കാരണം

അധ്യാ​പ​ക​വൃ​ത്തി തിര​ഞ്ഞെ​ടു​ക്കാ​നുള്ള കാരണം

“മറ്റുള്ള​വരെ സഹായി​ക്കാൻ കഴിയുന്ന ഒരു തൊഴി​ലാ​യ​തി​നാ​ലാണ്‌ മിക്കവ​രും അധ്യാ​പ​ക​വൃ​ത്തി തിര​ഞ്ഞെ​ടു​ക്കു​ന്നത്‌. കുട്ടി​ക​ളു​ടെ ജീവി​തത്തെ ഉടച്ചു​വാർക്കാ​നുള്ള ഒരു പ്രതി​ബ​ദ്ധ​ത​യാണ്‌ [അധ്യാ​പ​ന​ത്തിൽ] ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌.”—അധ്യാ​പ​ക​രും സ്‌കൂ​ളു​ക​ളും സമൂഹ​വും (ഇംഗ്ലീഷ്‌).

ചില അധ്യാ​പ​കരെ കണ്ടാൽ അവരുടെ ജോലി പ്രയാ​സ​ക​ര​മായ ഒന്നാ​ണെന്നു തോന്നു​കയേ ഇല്ല. എന്നാൽ യഥാർഥ​ത്തിൽ വളരെ​യേറെ വെല്ലു​വി​ളി​കൾ നിറഞ്ഞ ഒരു തൊഴി​ലാണ്‌ അത്‌. വളരെ കൂടുതൽ വിദ്യാർഥി​ക​ളുള്ള ക്ലാസ്സുകൾ, വളരെ​യേറെ പേപ്പർ ജോലി, ചുവപ്പു​നാട, പ്രതി​ക​രി​ക്കാത്ത വിദ്യാർഥി​കൾ, തുച്ഛമായ ശമ്പളം എന്നിവ അവയിൽ ചിലതാണ്‌. സ്‌പെ​യി​നി​ലെ മാഡ്രി​ഡിൽനി​ന്നുള്ള ഒരു അധ്യാ​പ​ക​നായ പേദ്രോ അതി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “ഒരു അധ്യാ​പ​ക​നാ​യി​രി​ക്കുക എന്നത്‌ തീർച്ച​യാ​യും എളുപ്പ​മുള്ള സംഗതി​യല്ല. അതിൽ വളരെ​യ​ധി​കം ആത്മത്യാ​ഗം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. പക്ഷേ ബുദ്ധി​മു​ട്ടു​കൾ ഉണ്ടെങ്കി​ലും ബിസി​നസ്‌ മേഖല​യി​ലെ ഒരു തൊഴി​ലി​നെ​ക്കാൾ പ്രതി​ഫ​ല​ദാ​യ​ക​മാണ്‌ അധ്യാ​പ​ക​വൃ​ത്തി എന്നു ഞാൻ വിശ്വ​സി​ക്കു​ന്നു.”

മിക്ക രാജ്യ​ങ്ങ​ളി​ലും, നഗരങ്ങ​ളി​ലെ വലിയ സ്‌കൂ​ളു​ക​ളി​ലുള്ള അധ്യാ​പകർ കടുത്ത വെല്ലു​വി​ളി​കളെ നേരി​ടു​ന്നു. മയക്കു​മ​രുന്ന്‌, കുറ്റകൃ​ത്യം, അധഃപ​തിച്ച ധാർമിക നിലവാ​രങ്ങൾ എന്നിവ​യും ചില​പ്പോൾ മാതാ​പി​താ​ക്ക​ളു​ടെ നിസ്സം​ഗ​ത​യും സ്‌കൂൾ അന്തരീ​ക്ഷ​ത്തെ​യും അച്ചടക്ക​ത്തെ​യും സാരമാ​യി ബാധി​ക്കു​ന്നു. മത്സര മനോ​ഭാ​വം വളരെ പ്രബല​മാണ്‌. എങ്കിൽപ്പി​ന്നെ, നല്ല വിദ്യാ​ഭ്യാ​സ യോഗ്യ​തകൾ ഉള്ള പലരും അധ്യാ​പ​ക​വൃ​ത്തി തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ന്യൂ​യോർക്ക്‌ നഗരത്തി​ലെ അധ്യാ​പി​ക​മാ​രാണ്‌ ലീമാ​രി​സും ഡയാന​യും. നഴ്‌സറി പ്രായം മുതൽ പത്തു വയസ്സു വരെ പ്രായ​മുള്ള കുട്ടി​ക​ളെ​യാണ്‌ അവർ പഠിപ്പി​ക്കു​ന്നത്‌. ഇരുവ​രും രണ്ടു ഭാഷക​ളിൽ (ഇംഗ്ലീ​ഷി​ലും സ്‌പാ​നി​ഷി​ലും) പ്രാവീ​ണ്യ​മു​ള്ള​വ​രാണ്‌. മുഖ്യ​മാ​യും സ്‌പാ​നിഷ്‌ കുട്ടി​ക​ളെ​യാണ്‌ അവർ പഠിപ്പി​ക്കു​ന്നത്‌. ഞങ്ങളുടെ ചോദ്യം ഇതായി​രു​ന്നു . . .

അധ്യാ​പ​കരെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

ലീമാ​രിസ്‌ പറഞ്ഞു: “എന്നെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എന്താ​ണെ​ന്നോ? കുട്ടി​ക​ളോ​ടുള്ള സ്‌നേഹം. ചില കുട്ടി​ക​ളു​ടെ കാര്യ​ത്തിൽ, അവരുടെ ശ്രമങ്ങളെ പിന്തു​ണ​യ്‌ക്കുന്ന ഏക വ്യക്തി ഞാനാ​ണെന്ന്‌ എനിക്ക​റി​യാം.”

ഡയാന പറഞ്ഞു: “എന്റെ മൂത്ത ആങ്ങളയു​ടെ മകന്‌ പഠനകാ​ര്യ​ത്തിൽ, പ്രത്യേ​കി​ച്ചും വായന​യിൽ, ബുദ്ധി​മു​ട്ടു നേരി​ട്ട​പ്പോൾ ഞാൻ അവനെ പഠിപ്പി​ച്ചു. അവനും മറ്റുള്ള​വ​രും പഠിക്കു​ന്നതു കാണു​ന്നത്‌ എനിക്ക്‌ എത്ര സംതൃ​പ്‌തി നൽകി​യെ​ന്നോ! അതു​കൊണ്ട്‌ ഒരു അധ്യാ​പി​ക​യാ​കാൻ ഞാൻ നിശ്ചയി​ച്ചു. ബാങ്കിലെ ജോലി രാജി​വെ​ക്കു​ക​യും ചെയ്‌തു.”

ഉണരുക! ഇതേ ചോദ്യം പല രാജ്യ​ങ്ങ​ളിൽനി​ന്നുള്ള അധ്യാ​പ​ക​രോ​ടു ചോദി​ച്ചു. ലഭിച്ച ഉത്തരങ്ങ​ളിൽ ചിലതു താഴെ കൊടു​ക്കു​ന്നു.

നാൽപ്പ​തി​നു​മേൽ പ്രായ​മുള്ള ജൂല്യാ​നോ വിശദീ​ക​രി​ച്ചു: “വിദ്യാർഥി ആയിരു​ന്ന​പ്പോൾത്തന്നെ (വലത്ത്‌) എനിക്ക്‌ ഈ തൊഴി​ലി​നോ​ടു വലിയ ആകർഷണം തോന്നി​യി​രു​ന്നു. അങ്ങനെ​യാണ്‌ ഞാൻ ഇതു തിര​ഞ്ഞെ​ടു​ത്തത്‌. ഫലോ​ത്‌പാ​ദ​ക​വും മറ്റുള്ള​വരെ പ്രചോ​ദി​പ്പി​ക്കു​ന്ന​തിന്‌ അനേകം അവസരങ്ങൾ ഉള്ളതു​മായ ഒന്നായാണ്‌ ഞാൻ അതിനെ വീക്ഷി​ച്ചത്‌. തുടക്ക​ത്തി​ലെ ഉത്സാഹം ജോലി​യു​ടെ പ്രാരം​ഭ​ഘ​ട്ട​ങ്ങ​ളിൽ നേരി​ടേണ്ടി വന്ന ബുദ്ധി​മു​ട്ടു​കളെ തരണം ചെയ്യാൻ എന്നെ സഹായി​ച്ചു.”

ഓസ്‌​ട്രേ​ലി​യ​യി​ലെ ന്യൂ സൗത്ത്‌ വെയിൽസിൽനി​ന്നുള്ള നിക്ക്‌ ഇങ്ങനെ പറഞ്ഞു: “എന്റെ രാസ ഗവേഷണ രംഗത്ത്‌ തൊഴിൽ അവസരങ്ങൾ വളരെ കുറവാ​യി​രു​ന്നു. എന്നാൽ വിദ്യാ​ഭ്യാ​സ രംഗത്ത്‌ അങ്ങനെ​യാ​യി​രു​ന്നില്ല. എന്നാൽ പഠിപ്പി​ക്കാൻ തുടങ്ങി​യ​തോ​ടെ ഈ തൊഴിൽ എത്ര ആസ്വാ​ദ്യ​മാ​ണെന്ന്‌ ഞാൻ കണ്ടെത്തി​യി​രി​ക്കു​ന്നു, കുട്ടി​ക​ളും അത്‌ ആസ്വദി​ക്കു​ന്നു​ണ്ടെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌.”

അധ്യാ​പ​കർ ആയിത്തീർന്നി​ട്ടുള്ള പലരെ​യും സ്വാധീ​നിച്ച ഒരു പ്രമുഖ ഘടകം മാതാ​പി​താ​ക്ക​ളു​ടെ മാതൃക ആയിരു​ന്നു. ഞങ്ങളുടെ ചോദ്യ​ത്തി​നുള്ള ഉത്തരമാ​യി കെനി​യ​യിൽനി​ന്നുള്ള വില്ല്യം പറഞ്ഞു: “1952-ൽ എന്റെ പിതാവ്‌ ഒരു അധ്യാ​പ​ക​നാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ മാതൃക എന്നെ വളരെ​യ​ധി​കം സ്വാധീ​നി​ച്ചു. പഠിപ്പി​ക്കാ​നുള്ള ആഗ്രഹം എനിക്കും ഉണ്ടായി. ഞാൻ യുവ മനസ്സു​കളെ രൂപ​പ്പെ​ടു​ത്തു​ക​യാണ്‌ എന്ന അറിവ്‌ ഈ തൊഴി​ലി​നോ​ടു പറ്റിനിൽക്കാൻ സഹായി​ച്ചി​രി​ക്കുന്ന ഒരു ഘടകമാണ്‌.”

കെനി​യ​യിൽനി​ന്നു തന്നെയുള്ള റോസ്‌ മേരി പറഞ്ഞു: “സഹായം ആവശ്യ​മു​ള്ള​വർക്ക്‌ എന്നെത്തന്നെ ലഭ്യമാ​ക്കാൻ ഞാൻ എല്ലായ്‌പോ​ഴും ആഗ്രഹി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ ഒന്നുകിൽ നഴ്‌സ്‌ അല്ലെങ്കിൽ അധ്യാ​പിക ആകാൻ ഞാൻ തീരു​മാ​നി​ച്ചു. പഠിപ്പി​ക്കാ​നുള്ള അവസര​മാണ്‌ ആദ്യം എന്നെ തേടി​യെ​ത്തി​യത്‌. ഞാൻ ഒരു അമ്മയാണ്‌ എന്നതും ഈ തൊഴി​ലി​നോ​ടു കൂടുതൽ സ്‌നേഹം തോന്നാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു.”

ജർമനി​യി​ലെ ഡൂറെ​നിൽനി​ന്നുള്ള ബെർട്ടോൾട്ട്‌ അധ്യാ​പ​ക​നാ​യ​തി​നു പിന്നിൽ വ്യത്യ​സ്‌ത​മായ ഒരു കാരണ​മാ​യി​രു​ന്നു ഉണ്ടായി​രു​ന്നത്‌: “എനിക്കു ഒരു നല്ല അധ്യാ​പകൻ ആയിരി​ക്കാൻ കഴിയു​മെന്ന്‌ എന്റെ ഭാര്യ എന്നെ പറഞ്ഞു ബോധ്യ​പ്പെ​ടു​ത്തി.” അതു ശരിയാ​ണെന്നു തെളിഞ്ഞു. അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “എന്റെ തൊഴിൽ ഇപ്പോൾ എനിക്കു വളരെ​യേറെ സന്തോഷം നൽകുന്നു. വിദ്യാ​ഭ്യാ​സ​ത്തി​ന്റെ മൂല്യത്തെ കുറിച്ചു ബോധ്യ​വും കുട്ടി​ക​ളി​ലുള്ള താത്‌പ​ര്യ​വും ഇല്ലാത്ത​പക്ഷം ഒരു വ്യക്തിക്ക്‌ വിജയ​പ്ര​ദ​നും സംതൃ​പ്‌ത​നു​മായ ഒരു നല്ല അധ്യാ​പകൻ ആയിരി​ക്കാ​നോ ഈ ജോലി​യിൽ തുടരാ​നോ സാധി​ക്കു​ക​യില്ല.”

നാകാ​റ്റ്‌സൂ നഗരത്തിൽനി​ന്നുള്ള മാസാ​ഹീ​രോ എന്ന ജാപ്പനീസ്‌ അധ്യാ​പകൻ പറഞ്ഞു: “അപ്പർ പ്രൈ​മറി സ്‌കൂ​ളി​ലെ ആദ്യ വർഷം എനിക്കു വളരെ നല്ല ഒരു അധ്യാ​പകൻ ഉണ്ടായി​രു​ന്നു. പൂർണ​മായ അർപ്പണ ബോധ​ത്തോ​ടെ​യാണ്‌ അദ്ദേഹം ഞങ്ങളെ പഠിപ്പി​ച്ചി​രു​ന്നത്‌. ആ സാറാണ്‌ അധ്യാ​പ​ക​വൃ​ത്തി തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ എനിക്കു പ്രചോ​ദ​ന​മാ​യത്‌. ഞാൻ ഈ തൊഴി​ലിൽ തുടരാ​നുള്ള മുഖ്യ കാരണം കുട്ടി​ക​ളോ​ടുള്ള എന്റെ സ്‌നേ​ഹ​മാണ്‌.”

ജപ്പാനിൽനി​ന്നു തന്നെയുള്ള 54 വയസ്സു​കാ​ര​നായ യോഷി​യാ​യ്‌ക്ക്‌ ഒരു ഫാക്ടറി​യിൽ നല്ല ശമ്പളമുള്ള ജോലി​യു​ണ്ടാ​യി​രു​ന്നു. എന്നാൽ ജോലി​ക്കും യാത്ര​യ്‌ക്കും മാത്രമേ തനിക്കു സമയമു​ള്ളു എന്ന്‌ അദ്ദേഹം കണ്ടെത്തി. “ഒരു ദിവസം ഞാൻ ചിന്തിച്ചു, ‘എത്രകാ​ലം ഞാൻ ഇങ്ങനെ ജീവി​ക്കും?’ വസ്‌തു​ക്ക​ളെ​ക്കാൾ കൂടു​ത​ലാ​യി ആളുക​ളു​മാ​യി ഇടപഴ​കാൻ കഴിയുന്ന ഒരു ജോലി കണ്ടെത്താൻ ഞാൻ തീരു​മാ​നി​ച്ചു. അധ്യാ​പനം അനുപ​മ​മാണ്‌. കുട്ടി​ക​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാൻ നിങ്ങൾക്കു കഴിയു​ന്നു. അത്‌ മനുഷ്യ​ത്വ​പ​ര​മായ ഒരു തൊഴി​ലാണ്‌.”

റഷ്യയി​ലെ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ വാലെ​ന്റി​ന​യും അധ്യാ​പ​ന​ത്തി​ന്റെ ആ വശത്തെ വിലമ​തി​ക്കു​ന്നു. അവർ പറഞ്ഞു: “എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ജോലി​യാണ്‌ പഠിപ്പി​ക്കൽ. 37 വർഷമാ​യി ഞാൻ ഒരു പ്രൈ​മറി സ്‌കൂൾ അധ്യാ​പി​ക​യാണ്‌. കുട്ടി​കളെ, പ്രത്യേ​കി​ച്ചും കൊച്ചു കുട്ടി​കളെ പഠിപ്പി​ക്കു​ന്നതു ഞാൻ വളരെ ആസ്വദി​ക്കു​ന്നു. ഞാൻ എന്റെ തൊഴി​ലി​നെ സ്‌നേ​ഹി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ ഞാൻ ഇപ്പോ​ഴും ജോലി​യിൽനി​ന്നു വിരമി​ക്കാ​ത്തത്‌.”

ഒരു അധ്യാ​പകൻ കൂടെ​യായ വില്ല്യം ഏയെഴ്‌സ്‌ ഇപ്രകാ​രം എഴുതി: “കുട്ടി​ക​ളോ​ടും യുവജ​ന​ങ്ങ​ളോ​ടു​മുള്ള സ്‌നേഹം, അവരോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാ​നുള്ള ആഗ്രഹം, അവർ കൂടുതൽ കഴിവും പ്രാപ്‌തി​യും നേടു​ന്ന​തും ലോക​ത്തിൽ കരുത്തുറ്റ വ്യക്തി​ക​ളാ​യി വളരു​ന്ന​തും കാണു​ന്ന​തി​ലെ സന്തോഷം, ഇതൊ​ക്കെ​യാണ്‌ ആളുകളെ അധ്യാ​പ​ന​ത്തി​ലേക്ക്‌ ആകർഷി​ക്കു​ന്നത്‌. അധ്യാ​പകർ . . . തങ്ങളെ​ത്തന്നെ മറ്റുള്ള​വർക്കു വിട്ടു​കൊ​ടു​ക്കു​ക​യാണ്‌. ഈ ലോകത്തെ മെച്ചപ്പെട്ട ഒരു സ്ഥലമാ​ക്കാ​നുള്ള പ്രതീ​ക്ഷ​യോ​ടെ​യാ​ണു ഞാൻ പഠിപ്പി​ക്കു​ന്നത്‌.”

അതേ, ബുദ്ധി​മു​ട്ടു​ക​ളും പ്രശ്‌ന​ങ്ങ​ളും ഉണ്ടെങ്കി​ലും അർപ്പണ മനോ​ഭാ​വ​മുള്ള ആയിര​ക്ക​ണ​ക്കി​നു സ്‌ത്രീ​പു​രു​ഷ​ന്മാർ അധ്യാ​പ​ക​വൃ​ത്തി​യി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടു​ന്നു. അവർ നേരി​ടുന്ന ചില വലിയ വെല്ലു​വി​ളി​കൾ എന്തൊ​ക്കെ​യാണ്‌? അടുത്ത ലേഖനം ആ ചോദ്യ​ത്തിന്‌ ഉത്തരം നൽകും. (g02 3/8)

[6-ാം പേജിലെ ചതുരം]

അധ്യാപകരും മാതാ​പി​താ​ക്ക​ളും തമ്മിൽ ആശയവി​നി​മയം നടത്തു​ന്ന​തി​നുള്ള നിർദേ​ശ​ങ്ങൾ

✔ മാതാ​പി​താ​ക്കളെ അടുത്ത​റി​യാൻ ശ്രമി​ക്കുക. അതു സമയം പാഴാ​ക്ക​ലാ​ണെന്നു വിചാ​രി​ക്ക​രുത്‌. ഇരുകൂ​ട്ടർക്കും അതിൽനി​ന്നു പ്രയോ​ജനം ലഭിക്കും. നിങ്ങളു​ടെ ശ്രമങ്ങ​ളിൽ നിങ്ങളെ പിന്തു​ണ​യ്‌ക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്താ​യി​രി​ക്കുന്ന വ്യക്തി​ക​ളു​മാ​യി ഒരു നല്ല ബന്ധം സ്ഥാപി​ക്കാ​നുള്ള അവസര​മാണ്‌ അത്‌.

✔ മാതാ​പി​താ​ക്ക​ളു​ടെ നിലയിൽനി​ന്നു സംസാ​രി​ക്കുക—നിങ്ങ​ളെ​ക്കാൾ ബുദ്ധി​കു​റ​ഞ്ഞ​വ​രോ അറിവി​ല്ലാ​ത്ത​വ​രോ ആയവ​രോ​ടെന്ന പോലെ പെരു​മാ​റ​രുത്‌. സംസാ​ര​ത്തിൽ അധ്യാപക ശൈലി ഒഴിവാ​ക്കുക.

✔ കുട്ടി​കളെ കുറിച്ചു പറയു​മ്പോൾ അവരുടെ നല്ല വശങ്ങൾ എടുത്തു പറയുക. പ്രശം​സ​യാണ്‌ കുറ്റ​പ്പെ​ടു​ത്ത​ലി​നെ​ക്കാൾ ഫലപ്രദം. കുട്ടി​യു​ടെ വിജയ​ത്തി​നു മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ സഹായി​ക്കാ​നാ​കു​മെന്നു വിശദീ​ക​രി​ക്കുക.

✔ മാതാ​പി​താ​ക്കളെ സംസാ​രി​ക്കാൻ അനുവ​ദി​ക്കുക, അവർ പറയു​ന്നതു ശ്രദ്ധിച്ചു കേൾക്കുക.

✔ കുട്ടി​യു​ടെ ഗൃഹാ​ന്ത​രീ​ക്ഷം എങ്ങനെ​യു​ള്ള​താ​ണെന്നു മനസ്സി​ലാ​ക്കുക. സാധ്യ​മെ​ങ്കിൽ ഭവനം സന്ദർശി​ക്കുക.

✔ അടുത്ത കൂടി​ക്കാ​ഴ്‌ച​യ്‌ക്കുള്ള തീയതി നിശ്ചയി​ക്കുക. ഇതു പ്രധാ​ന​മാണ്‌. നിങ്ങളു​ടെ താത്‌പ​ര്യം യഥാർഥ​മാ​ണെന്ന്‌ അതു കാണി​ക്കു​ന്നു.—അമേരി​ക്ക​യി​ലെ അധ്യാ​പ​നത്തെ (ഇംഗ്ലീഷ്‌) അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌.

[6-ാം പേജിലെ ചിത്രം]

‘എന്റെ പിതാ​വും ഒരു അധ്യാ​പ​ക​നാ​യി​രു​ന്നു.’—വില്ല്യം, കെനിയ

[7-ാം പേജിലെ ചിത്രം]

‘കുട്ടി​കളെ പഠിപ്പി​ക്കു​ന്നതു ഞാൻ വളരെ ആസ്വദി​ക്കു​ന്നു.’—വാലെ​ന്റിന, റഷ്യ

[7-ാം പേജിലെ ചിത്രങ്ങൾ]

“അധ്യാ​പനം അനുപ​മ​മാണ്‌. കുട്ടി​ക​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാൻ നിങ്ങൾക്കു കഴിയു​ന്നു.” —യോഷി​യാ, ജപ്പാൻ