വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

സഹായം ലക്ഷ്യം പിഴയ്‌ക്കു​ന്നു​വോ?

ജപ്പാനി​ലെ ലോഗർഹെഡ്‌ ആമകളെ വംശനാ​ശ​ത്തിൽനി​ന്നു രക്ഷിക്കാ​നാ​യി കൈ​ക്കൊ​ണ്ടി​രി​ക്കുന്ന ചില നടപടി​കൾ ഇപ്പോൾ ചോദ്യം ചെയ്യ​പ്പെ​ടു​ക​യാണ്‌ എന്ന്‌ ദ ഡെയ്‌ലി യോമി​യൂ​രി പറയുന്നു. മണ്ണിന​ടി​യിൽനിന്ന്‌ മുട്ടകൾ പുറ​ത്തെ​ടുത്ത്‌ കൃത്രി​മ​മാ​യി വിരി​യിച്ച ശേഷം ആമകളെ കടലി​ലേക്കു വിടു​ന്നത്‌ അവയുടെ ജന്മസി​ദ്ധ​മായ ദിശാ​നിർണയ പ്രാപ്‌തി​കളെ പ്രതി​കൂ​ല​മാ​യി ബാധി​ച്ചേ​ക്കാം. സ്വാഭാ​വി​ക​മാ​യി മുട്ടവി​രിഞ്ഞ്‌ പുറത്തു വരുന്ന ആമകൾ “പൂഴി​യി​ലൂ​ടെ ആദ്യ ചുവടു​കൾ വെക്കു​മ്പോൾ ഭൂമി​യു​ടെ കാന്തിക ശക്തിയു​മാ​യി സമ്പർക്ക​ത്തിൽ വരുന്നു. അങ്ങനെ​യാണ്‌ അവ സഹജമായ ദിശാ​ബോ​ധം വളർത്തി​യെ​ടു​ക്കു​ന്നത്‌” എന്ന്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. “കൃത്രി​മ​മാ​യി മുട്ട വിരി​യി​ക്കു​മ്പോൾ, പുറത്തു​വ​രുന്ന ആമക്കു​ഞ്ഞു​ങ്ങളെ സമു​ദ്ര​ത്തി​ലേക്കു വിടു​ന്ന​തി​നു മുമ്പ്‌ അവ അടച്ചു​പൂ​ട്ടിയ ഒരു സ്ഥലത്താ​യി​രി​ക്കും. അത്‌ സഹജമായ ദിശാ​ബോ​ധ​ത്തി​ന്റെ​യും സമു​ദ്ര​ത്തിൽ തനിയെ യാത്ര ചെയ്യാ​നുള്ള കഴിവി​ന്റെ​യും വളർച്ചയെ പ്രതി​കൂ​ല​മാ​യി ബാധിക്കും.”(g02 4/22)

പുഞ്ചി​രി​യു​ടെ പ്രാധാ​ന്യം

“വെറു​തെ​യൊ​ന്നു പുഞ്ചി​രി​ക്കുക—സുഹൃ​ത്തു​ക്കളെ നേടാ​നും ആളുകളെ സ്വാധീ​നി​ക്കാ​നു​മുള്ള ഏറ്റവും നല്ല മാർഗ​മാണ്‌ അത്‌,” ലണ്ടനിലെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. റോയൽ മെയി​ലി​നു വേണ്ടി നടത്തിയ ഒരു ദേശീയ സർവേ, ഒരു വ്യക്തി​യിൽ ആളുകൾ ആദ്യം ശ്രദ്ധി​ക്കുന്ന സംഗതി അയാളു​ടെ അല്ലെങ്കിൽ അവളുടെ പുഞ്ചി​രി​യാണ്‌ എന്നു വെളി​പ്പെ​ടു​ത്തി. സർവേ​യിൽ പങ്കെടു​ത്ത​വ​രിൽ ഏതാണ്ട്‌ പകുതി​യോ​ളം പേരും സൗഹൃ​ദ​ഭാ​വം ഇല്ലാത്ത ഒരു വ്യക്തി​യു​മാ​യി തങ്ങൾ ബിസി​നസ്‌ ഇടപാ​ടു​കൾ നടത്തു​ക​യി​ല്ലെന്നു പറഞ്ഞു. പ്രത്യേ​കി​ച്ചും വനിതാ മാനേ​ജർമാർ, പുഞ്ചി​രി​ക്കുന്ന തൊഴി​ലാ​ളി​കൾക്ക്‌ സ്ഥാനക്ക​യറ്റം നൽകാ​നുള്ള സാധ്യ​ത​യു​ള്ള​താ​യി കണ്ടെത്തി. മനുഷ്യ മുഖം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ സഹരച​യി​താ​വായ ബ്രയൻ ബേറ്റ്‌സ്‌ പറയുന്നു: “പുഞ്ചി​രിക്ക്‌ നമ്മുടെ സമൂഹ​ത്തിൽ എത്ര വലിയ സ്ഥാനമാണ്‌ ഉള്ളതെന്ന്‌ ഈ ഗവേഷണം കാണി​ക്കു​ന്നു. നമ്മുടെ വിശ്വാ​സങ്ങൾ, പ്രതീ​ക്ഷകൾ, പണം എന്നിവ പുഞ്ചി​രി​ക്കു​ന്ന​വ​രു​മാ​യി പങ്കിടാ​നാണ്‌ നാം ആഗ്രഹി​ക്കുക.” പുഞ്ചിരി ശരീര​ത്തി​ലെ വേദനാ​സം​ഹാ​രി​ക​ളായ എൻഡോർഫി​നു​ക​ളു​ടെ ഉത്‌പാ​ദനം വർധി​പ്പി​ക്കു​ന്നു​വെ​ന്നും സ്വാഭാ​വി​ക​മാ​യി പുഞ്ചിരി തൂകു​ന്നവർ “വ്യക്തി​പ​ര​മായ ജീവി​ത​ത്തി​ലും തൊഴിൽ രംഗത്തും വിജയം വരിക്കാ​നുള്ള സാധ്യത കൂടു​ത​ലാ​ണെ​ന്നും” അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു. (g02 4/22)

ഏറ്റവും കൃത്യ​ത​യുള്ള ഘടികാ​രം

“ഒരു ഫെം​റ്റോ​സെ​ക്കൻഡി​ന്റെ—സമയം അളക്കാൻ ശാസ്‌ത്ര​ത്തിൽ ഉപയോ​ഗി​ക്കുന്ന ഏറ്റവും ചെറിയ യൂണിറ്റ്‌—പോലും കൃത്യത പുലർത്തുന്ന” ഒരു മെർക്കു​റി-അയോൺ ഘടികാ​രം ഒരു സംഘം യു.എസ്‌. ശാസ്‌ത്രജ്ഞർ വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​താ​യി ലണ്ടനിലെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. “ലോക പ്രമാണ സമയമായ സാർവ​ത്രിക സംയോ​ജിത സമയം (കോ-ഓർഡി​നേ​റ്റഡ്‌ യൂണി​വേ​ഴ്‌സൽ ടൈം) കണക്കാ​ക്കാൻ ഉപയോ​ഗി​ക്കുന്ന ആറ്റോ​മിക ഘടികാ​ര​ങ്ങ​ളെ​ക്കാൾ ഏതാണ്ട്‌ 1,000 മടങ്ങ്‌ കൃത്യ​ത​യു​ള്ള​താണ്‌” ഈ ഘടികാ​രം എന്നു പറയ​പ്പെ​ടു​ന്നു. “അടിസ്ഥാന ഭൗതി​ക​ശാ​സ്‌ത്ര രംഗത്താണ്‌ ഉടനെ ഇതു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ ഉണ്ടാകാൻ പോകു​ന്നത്‌, പ്രപഞ്ചത്തെ കുറി​ച്ചുള്ള കൂടുതൽ വിശദ​മായ ഗ്രാഹ്യം നേടാൻ ഇതു സഹായി​ക്കും” എന്ന്‌ ഭൗതി​ക​ശാ​സ്‌ത്ര​ജ്ഞ​നായ സ്‌കോട്ട്‌ ഡിഡംസ്‌ വിശദീ​ക​രി​ക്കു​ന്നു. ഭാവി​യിൽ ടെലി​ഫോൺ ശൃംഖ​ല​ക​ളും നാവിക ഉപഗ്ര​ഹ​ങ്ങ​ളു​മെ​ല്ലാം ഇതിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കും. ഇത്‌ “ലോക​ത്തി​ലെ ഏറ്റവും കൃത്യ​ത​യുള്ള ഘടികാ​രം” ആണെന്ന്‌ അവകാ​ശ​പ്പെ​ടു​മ്പോൾത്തന്നെ ഇത്‌ ഇനിയും മെച്ച​പ്പെ​ടു​ത്താ​നാ​വു​മെ​ന്നും ഡിഡംസ്‌ പറയുന്നു. (g02 4/22)

യുവജ​ന​ങ്ങൾക്കി​ട​യി​ലെ ഡയറ്റിങ്‌

പന്ത്രണ്ടു മുതൽ പതി​നെട്ടു വരെ വയസ്സുള്ള, കാനഡ​ക്കാ​രായ 1,739 പെൺകു​ട്ടി​കളെ ഉൾപ്പെ​ടു​ത്തി അടുത്ത​കാ​ലത്തു നടത്തിയ ഒരു സർവേ അവരിൽ 27 ശതമാനം ആഹാര​ശീല വൈക​ല്യ​ങ്ങ​ളു​ടെ ലക്ഷണങ്ങൾ പ്രകടി​പ്പി​ക്കു​ന്ന​വ​രാ​ണെന്നു കണ്ടെത്തി​യ​താ​യി ഗ്ലോബ്‌ ആൻഡ്‌ മെയിൽ വർത്തമാ​ന​പ്പ​ത്രം പറയുന്നു. നഗരങ്ങ​ളിൽനി​ന്നും നഗരങ്ങ​ളു​ടെ പ്രാന്ത​പ്ര​ദേ​ശ​ങ്ങ​ളിൽനി​ന്നും ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽനി​ന്നു​മു​ള്ളവർ ഈ സർവേ​യിൽ പങ്കെടു​ത്തു. ആഹാര​ത്തോ​ടുള്ള മനോ​ഭാ​വ​വും സ്വന്തം ആകാര​ത്തി​ലുള്ള അസംതൃ​പ്‌തി​യും സംബന്ധിച്ച ചോദ്യ​ങ്ങൾക്ക്‌ അവർ ഉത്തരം നൽകി. ലഭിച്ച വിവര​ങ്ങ​ളിൽനിന്ന്‌ 12 വയസ്സു മാത്ര​മുള്ള ചില കുട്ടികൾ പോലും ഭക്ഷണം വാരി​വ​ലി​ച്ചു തിന്നിട്ട്‌ പുറത്തു കളയുന്ന ശീലം (മനഃപൂർവം ഛർദി​പ്പി​ക്കൽ) ഉള്ളവരാ​ണെ​ന്നും തൂക്കം കുറയ്‌ക്കു​ന്ന​തിന്‌ ഡയറ്റ്‌ ഗുളി​ക​ക​ളും വിരേ​ച​നൗ​ഷ​ധ​ങ്ങ​ളും മൂത്ര​വർധി​നി​ക​ളും ഉപയോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നും വെളി​പ്പെ​ടു​ത്തി. ടൊറ​ന്റോ സർവക​ലാ​ശാ​ല​യു​ടെ ആരോഗ്യ ശൃംഖ​ല​യി​ലെ ഗവേഷക ശാസ്‌ത്ര​ജ്ഞ​യായ ഡോ. ജെന്നിഫർ ജോൺസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ വിശേ​ഷി​ച്ചും പെൺകു​ട്ടി​കൾ “ഭക്ഷണ​ത്തോ​ടും വ്യായാ​മ​ത്തോ​ടും ആരോ​ഗ്യാ​വ​ഹ​മായ ഒരു മനോ​ഭാ​വം വളർത്തി​യെ​ടു​ക്കേ​ണ്ട​താണ്‌. സ്വന്തം ശരീരത്തെ കുറിച്ച്‌ അവർ മനസ്സി​ലാ​ക്കു​ക​യും പോസ്റ്റ​റു​ക​ളി​ലും മാസി​ക​ക​ളി​ലും റോക്ക്‌ വീഡി​യോ​ക​ളി​ലു​മൊ​ക്കെ കാണുന്ന ശരീരങ്ങൾ അസ്വാ​ഭാ​വി​ക​മാ​യ​വ​യാ​ണെന്നു തിരി​ച്ച​റി​യു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌.” “താരു​ണ്യ​ത്തിൽ ശരീര​ത്തിൽ കൊഴുപ്പ്‌ അടിയു​ന്നത്‌ സ്വാഭാ​വി​ക​മാ​ണെ​ന്നും അത്‌ സ്വാഭാ​വിക വളർച്ച​യ്‌ക്കു പ്രധാ​ന​മാ​ണെ​ന്നും കൗമാ​ര​പ്രാ​യ​ക്കാ​രായ പല പെൺകു​ട്ടി​ക​ളും തിരി​ച്ച​റി​യു​ന്നില്ല” എന്നും ഗ്ലോബ്‌ പറയുന്നു. (g02 4/22)

ശല്യകാ​രി​ക​ളായ കളകൾക്ക്‌ ഉപയോ​ഗം

“കുളവാഴ, ലൻറ്റാന, പാർത്തി​നി​യം എന്നിങ്ങ​നെ​യുള്ള കളകളു​ടെ അപാര​മായ അതിജീ​വ​ന​പ്രാ​പ്‌തി വികസന പ്രവർത്ത​കരെ വട്ടംചു​റ്റി​ക്കു​ക​യാണ്‌” എന്ന്‌ ഇന്ത്യാ ടുഡേ പറയുന്നു. വേലി​ച്ചെ​ടി​യാ​യി ഉപയോ​ഗി​ക്കു​ന്ന​തിന്‌ 1941-ൽ ബ്രിട്ടീ​ഷു​കാർ ഇന്ത്യയി​ലേക്കു കൊണ്ടു​വന്ന ലൻറ്റാന കാമാരാ 2,00,000 ഏക്കറി​ല​ധി​കം ഭൂമി കൈയ​ട​ക്കി​യി​രി​ക്കു​ന്നു. കായി​ക​മാ​യോ രാസപ​ര​മാ​യോ ജൈവ​പ​ര​മാ​യോ ഇവയെ ഉന്മൂലനം ചെയ്യാ​നുള്ള എല്ലാ ശ്രമങ്ങ​ളും പരാജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. ഈ കള പുറ​പ്പെ​ടു​വി​ക്കുന്ന വിഷങ്ങൾ മറ്റു ചെടി​ക​ളു​ടെ വളർച്ചയെ തടയു​ന്ന​തി​നാൽ ഗ്രാമങ്ങൾ അപ്പാ​ടെ​തന്നെ മാറ്റി സ്ഥാപി​ക്കേ​ണ്ട​താ​യി വന്നിട്ടുണ്ട്‌. എന്നാൽ ലാച്ചീ​വാ​ല​യി​ലെ ഗ്രാമീ​ണരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഈ കള സാമ്പത്തി​ക​മാ​യി ഗുണമു​ള്ള​തെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. മണ്ണും ലൻറ്റാ​ന​യും ഉപയോ​ഗിച്ച്‌ ഇവർ വീടു​ക​ളും കോഴി​ക്കൂ​ടു​ക​ളും മറ്റും പണിയു​ന്നു. കീടങ്ങൾക്കു നശിപ്പി​ക്കാൻ കഴിയാത്ത ഈ കളയുടെ പുറം​തൊ​ലി നീക്കി​യാൽ ഒന്നാന്തരം ഫർണി​ച്ച​റു​ക​ളും കുട്ടക​ളു​മൊ​ക്കെ നിർമി​ക്കാൻ കഴിയും. ലൻറ്റാന ഇലകൾ കൊതു​കു നിവാ​ര​ണി​യും സാമ്പ്രാ​ണി തിരി​യു​മൊ​ക്കെ​യാ​യി ഉപയോ​ഗി​ക്കു​ന്നു. ചെടി​യു​ടെ വേരുകൾ പൊടിച്ച്‌ ദന്ത അണുബാ​ധ​കളെ ചെറു​ക്കാൻ ഉപയോ​ഗി​ച്ചു​വ​രു​ന്നു. (g02 4/22)

നിരാ​ശ​യു​ടെ ഫലം

“ചില ആളുകൾ മരിക്കു​മ്പോൾ അവരോ​ളം തന്നെ ഗുരു​ത​ര​മായ രോഗാ​വ​സ്ഥ​യി​ലുള്ള മറ്റു ചിലർ തുടർന്നു ജീവി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?” എന്ന്‌ സാൻ അന്റോ​ണി​യോ​യി​ലുള്ള ടെക്‌സസ്‌ സർവക​ലാ​ശാല ആരോഗ്യ ശാസ്‌ത്ര കേന്ദ്ര​ത്തി​ലെ മനോ​രോഗ വിഭാഗം ഡോക്ടർ സ്റ്റീവൻ എൽ. സ്റ്റേൺ ചോദി​ക്കു​ന്നു. “പ്രത്യാ​ശ​യി​ല്ലായ്‌മ ആയിരി​ക്കാം ഈ ചോദ്യ​ത്തി​നുള്ള ഒരു ഉത്തരം.” പ്രായം​ചെന്ന 800 അമേരി​ക്ക​ക്കാ​രിൽ നടത്തിയ പഠനം നിരാശ പലപ്പോ​ഴും മരണത്തെ ത്വരി​ത​പ്പെ​ടു​ത്തു​ന്നു​വെന്നു സൂചി​പ്പി​ച്ചു. എന്നാൽ ബാല്യ​കാല അനുഭ​വങ്ങൾ, വിഷാദം, സാംസ്‌കാ​രിക പശ്ചാത്തലം, സാമ്പത്തിക ഭദ്രത എന്നീ ഘടകങ്ങൾ ഓരോ വ്യക്തി​യു​ടെ​യും മേൽ നിരാ​ശ​യ്‌ക്കുള്ള ഫലത്തെ സ്വാധീ​നി​ക്കു​ന്നു​ണ്ടെന്ന്‌ ഗവേഷകർ ചൂണ്ടി​ക്കാ​ട്ടു​ന്നു. (g02 4/22)

കാര്യങ്ങൾ നീട്ടി​വെ​ക്കു​ന്നത്‌ ആരോ​ഗ്യ​ത്തി​നു ഹാനി​ക​രം

“കാര്യങ്ങൾ നീട്ടി​വെ​ക്കു​ന്നത്‌ ആരോ​ഗ്യ​ത്തെ പ്രതി​കൂ​ല​മാ​യി ബാധി​ച്ചേ​ക്കാം” എന്ന്‌ വാൻകൂ​വർ സൺ വർത്തമാ​ന​പ്പ​ത്ര​ത്തിൽ വന്ന ഒരു പഠന റിപ്പോർട്ടു പറയുന്നു. അടുത്ത​കാ​ലത്ത്‌ കാനഡ​യി​ലെ ടൊറ​ന്റോ​യിൽ നടന്ന ‘അമേരി​ക്കൻ മനശ്ശാ​സ്‌ത്ര സംഘടന’യുടെ ഒരു കോൺഫ​റൻസിൽ പരാമർശി​ക്ക​പ്പെ​ട്ട​ത​നു​സ​രിച്ച്‌ കനേഡി​യൻ സർവക​ലാ​ശാ​ല​യി​ലെ 200 വിദ്യാർഥി​ക​ളിൽ നടത്തിയ ഒരു പഠനം “കാര്യങ്ങൾ നീട്ടി​വെ​ക്കുന്ന സ്വഭാ​വ​മു​ള്ളവർ തങ്ങൾക്കു​തന്നെ അങ്ങേയ​റ്റത്തെ സമ്മർദം വരുത്തി​വെ​ക്കു​ന്ന​താ​യും തത്‌ഫ​ല​മാ​യി മറ്റുള്ള​വരെ അപേക്ഷിച്ച്‌ സമ്മർദ​വു​മാ​യി ബന്ധപ്പെട്ട രോഗങ്ങൾ കൂടു​ത​ലാ​യി അനുഭ​വി​ക്കു​ന്ന​താ​യും കണ്ടെത്തി. . . . പരീക്ഷാ​ദി​നം അടുത്ത​വ​രവേ, ഈ ശീലമു​ള്ള​വർക്കി​ട​യി​ലെ സമ്മർദ​നി​രക്കു കുത്തനെ ഉയർന്നു. അതുവരെ യാതൊ​രു വിചാ​ര​വു​മി​ല്ലാ​തെ നടന്നി​രുന്ന അവരുടെ ആ അവസ്ഥ മാറു​ക​യും തലവേദന, നടു​വേദന, ജലദോ​ഷം, ഉറക്കമി​ല്ലായ്‌മ, അലർജി​കൾ എന്നിവ അവരെ അലട്ടാൻ തുടങ്ങു​ക​യും ചെയ്‌തു. അതു​പോ​ലെ ശ്വസന​സം​ബ​ന്ധ​മായ പ്രശ്‌നങ്ങൾ, അണുബാ​ധകൾ, കൊടി​ഞ്ഞി എന്നിവ​യും ഇവർക്കി​ട​യിൽ കൂടു​ത​ലാ​ണെന്നു വെളിപ്പെട്ടു.”(g02 4/8)

കൊതു​കി​നെ കുടു​ക്കുന്ന യന്ത്രം

കീടനാ​ശി​നി​കൾ ഉപയോ​ഗി​ക്കാ​തെ കൊതു​കി​നെ നശിപ്പി​ക്കാൻ കഴിയുന്ന ഒരു യന്ത്രം സിംഗ​പ്പൂ​രി​ലെ ഒരു കമ്പനി വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്നു. 38 സെന്റി​മീ​റ്റർ പൊക്ക​മുള്ള ഒരു കറുത്ത പ്ലാസ്റ്റിക്‌ പെട്ടി​യാണ്‌ ഇത്‌. ഇതിൽനിന്ന്‌ “മനുഷ്യ ശരീര​ത്തിൽനി​ന്നെ​ന്ന​പോ​ലെ താപവും കാർബൺഡ​യോ​ക്‌​സൈ​ഡും പുറ​പ്പെ​ടു​ന്നു” എന്ന്‌ ലണ്ടനിലെ ദി ഇക്കോ​ണ​മിസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. ശരീര​താ​പ​വും ശ്വാസ​ത്തി​ലെ കാർബൺഡ​യോ​ക്‌​സൈ​ഡു​മാണ്‌ കൊതു​കി​നെ ഇരയി​ലേക്ക്‌ ആകർഷി​ക്കു​ന്നത്‌ എന്നതി​നാൽ “തനിക്ക്‌ ഒരുഗ്രൻ ശാപ്പാട്‌ തരപ്പെ​ട്ടി​രി​ക്കു​ക​യാ​ണെന്നു കരുതി കൊതുക്‌ ഈ യന്ത്രത്തി​ന്റെ അടുത്ത്‌ എത്തുന്നു.” ചൂട്‌ ഉത്‌പാ​ദി​പ്പി​ക്കാൻ ഈ പെട്ടി വൈദ്യു​തി ഉപയോ​ഗി​ക്കു​ന്നു. അതിനു​ള്ളി​ലെ ചെറി​യൊ​രു അറയിൽനിന്ന്‌ കാർബൺഡ​യോ​ക്‌​സൈ​ഡും പുറ​പ്പെ​ടു​ന്നു. തിളങ്ങുന്ന ദീപങ്ങ​ളാൽ ആകർഷി​ക്ക​പ്പെട്ട്‌ കൊതുക്‌ ഒരു ചെറിയ വിടവി​ലൂ​ടെ പെട്ടി​യു​ടെ ഉള്ളി​ലേക്കു കടക്കുന്നു. അതിനു​ള്ളി​ലെ ഫാനിന്റെ കാറ്റിൽപ്പെട്ട്‌ അത്‌ താഴെ​യുള്ള വെള്ളത്തിൽ ചെന്നു വീണ്‌ മുങ്ങി​ച്ചാ​കു​ന്നു. ഒരു രാത്രി​യിൽ 1,200 കൊതു​കു​കളെ വരെ പിടി​ക്കാൻ ഈ യന്ത്രത്തി​നാ​കും. അതു​പോ​ലെ രാത്രി​കാ​ലത്ത്‌ ഇരകളെ തേടി​യി​റ​ങ്ങുന്ന മലമ്പനി വാഹക അനോ​ഫി​ലസ്‌ കൊതു​കി​നെ​യോ പകൽസ​മ​യത്ത്‌ കർമനി​ര​ത​രാ​കുന്ന മഞ്ഞപ്പനി​യു​ടെ​യും ഡെംഗി​യു​ടെ​യും വാഹക​രായ ഏയിഡിസ്‌ കൊതു​കി​നെ​യോ പിടി​ക്കാൻ തക്കവണ്ണം അതു ക്രമ​പ്പെ​ടു​ത്തി​വെ​ക്കാൻ കഴിയും. ചിത്ര​ശ​ല​ഭ​ങ്ങളെ പോലെ നിരു​പ​ദ്ര​വ​കാ​രി​ക​ളായ ഷഡ്‌പ​ദ​ങ്ങ​ളെ​യും പ്രാണി​ക​ളെ​യു​മൊ​ന്നും അതു നശിപ്പി​ക്കു​ന്നില്ല എന്നതാണ്‌ കൂടു​ത​ലായ ഒരു നേട്ടം. (g02 4/8)

മത്സ്യം കഴിക്കാൻ പുരു​ഷ​ന്മാർക്കു പ്രോ​ത്സാ​ഹ​നം

മത്സ്യം വിരള​മാ​യി മാത്രം കഴിക്കുന്ന പുരു​ഷ​ന്മാ​രെ അപേക്ഷിച്ച്‌ മത്തി, അയല, സാൽമൺ തുടങ്ങിയ നെയ്യുള്ള മത്സ്യങ്ങൾ ധാരാളം കഴിക്കു​ന്ന​വർക്ക്‌ പ്രോ​സ്റ്റേറ്റ്‌ കാൻസർ (പുരുഷ പ്രജന​ന​വ്യൂ​ഹ​ത്തി​ലെ ഗ്രന്ഥി​യു​ടെ കാൻസർ) വരാനുള്ള സാധ്യത രണ്ടു മുതൽ മൂന്നു വരെ തവണ കുറവാ​ണെന്ന്‌ സ്റ്റോക്‌ഹോ​മി​ലെ കാരോ​ലിൻസ്‌കേ ഇൻസ്റ്റി​റ്റ്യൂ​ട്ടിൽനി​ന്നുള്ള ഗവേഷകർ പറയുന്നു. 6,272 പുരു​ഷ​ന്മാ​രെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടു നടത്തിയ 30 വർഷത്തെ പഠനം രോഗ​സാ​ധ്യത വർധി​പ്പി​ക്കുന്ന പുകവലി പോലുള്ള ഘടകങ്ങ​ളും കണക്കി​ലെ​ടു​ക്കു​ക​യു​ണ്ടാ​യി. വിശേ​ഷി​ച്ചും നെയ്യുള്ള മത്സ്യങ്ങ​ളിൽ കാണ​പ്പെ​ടുന്ന “ഒമേഗ-3 ഫാറ്റി ആസിഡു​കൾ (സ്‌നേ​ഹാ​മ്ലങ്ങൾ) പ്രോ​സ്റ്റേറ്റ്‌ കാൻസ​റി​ന്റെ വളർച്ചയെ തടയുന്നു” എന്ന നിഗമ​ന​ത്തിൽ ഗവേഷകർ എത്തി. ഈ ഫാറ്റി ആസിഡു​കൾ “ഹൃദയാ​ഘാ​ത​ത്തി​നുള്ള സാധ്യ​ത​യും കുറയ്‌ക്കു​ന്നു” എന്ന്‌ റിപ്പോർട്ടു പറയുന്നു. അതു​കൊണ്ട്‌ “ആഴ്‌ച​യിൽ ഒന്നോ രണ്ടോ തവണ” മത്സ്യം കഴിക്കാൻ വിദഗ്‌ധർ ആളുകളെ ഉപദേ​ശി​ക്കു​ന്നു. (g02 4/8)

നെല്ലിന്റെ തവിട്‌ മരങ്ങളെ രക്ഷിക്കു​ന്നു

വടക്കൻ പെറു​വി​ലെ ഇഷ്ടിക ഫാക്ടറി​ക​ളിൽ പകര ഇന്ധനമെന്ന നിലയിൽ നെല്ലിന്റെ തവിട്‌ ഉപയോ​ഗി​ക്കു​ന്നത്‌ വംശനാ​ശ​ഭീ​ഷണി നേരി​ടുന്ന കാരബ്‌ മരങ്ങൾ വിറകി​നാ​യി വെട്ടി​ന​ശി​പ്പി​ക്കു​ന്നത്‌ തടയാൻ സഹായി​ച്ചി​രി​ക്കു​ന്നു എന്ന്‌ പെറു​വി​ലെ വർത്തമാ​ന​പ്പ​ത്രം എൽ കോ​മേ​ഴ്‌സ്യോ റിപ്പോർട്ടു ചെയ്യുന്നു. 21 ഇഷ്ടിക നിർമാ​താ​ക്കൾ കാർഷിക പാഴു​ത്‌പ​ന്ന​മായ തവിട്‌ ഉപയോ​ഗി​ക്കാൻ തുടങ്ങി​യ​തോ​ടെ കാർബൺഡ​യോ​ക്‌​സൈ​ഡി​ന്റെ പുറന്തള്ളൽ കുറഞ്ഞി​രി​ക്കു​ന്നു. പൂഴി, കളിമണ്ണ്‌, പാവ്‌ എന്നിവ കുഴച്ച്‌ ചൂളക​ളു​ടെ ഭിത്തി​ക​ളിൽ തേച്ചു​കൊണ്ട്‌—ഇത്‌ താപനഷ്ടം കുറയ്‌ക്കു​ന്നു—അവയുടെ കാര്യ​ക്ഷമത 15 ശതമാ​ന​ത്തോ​ളം വർധി​പ്പി​ക്കാൻ സാധി​ച്ചി​ട്ടുണ്ട്‌. തവിട്‌ കത്തിച്ച്‌ ഇഷ്ടിക​ക്കൂ​ട്ടിൽ ചേർത്തു​കൊ​ണ്ടുള്ള പരീക്ഷ​ണ​ങ്ങ​ളും നടക്കു​ന്നുണ്ട്‌. ഇത്‌ ഇഷ്ടിക​യു​ടെ ഉറപ്പു കൂട്ടു​മെ​ന്നാ​ണു പ്രതീക്ഷ. തവിടി​ന്റെ “ഈ ഉപയോ​ഗം മലിനീ​ക​ര​ണ​വും പാഴു​ത്‌പന്ന സൂക്ഷി​പ്പി​നോ​ട​നു​ബ​ന്ധിച്ച പ്രശ്‌ന​ങ്ങ​ളും കുറയ്‌ക്കു​ന്നു” എന്ന്‌ എൽ കോ​മേ​ഴ്‌സ്യോ പറയുന്നു. (g02 4/8)