വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്നെ കൂടുതൽ ആകർഷകമാക്കാൻ എന്തു ചെയ്യാനാകും?

എന്നെ കൂടുതൽ ആകർഷകമാക്കാൻ എന്തു ചെയ്യാനാകും?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

എന്നെ കൂടുതൽ ആകർഷ​ക​മാ​ക്കാൻ എന്തു ചെയ്യാ​നാ​കും?

“പെൺകു​ട്ടി​ക​ളു​മാ​യി സംഭാ​ഷണം തുടർന്നു​കൊ​ണ്ടു​പോ​കുക എളുപ്പ​മാ​യി​രു​ന്നില്ല, എന്തോ ഒരു അസ്വസ്ഥത തോന്നി​യി​രു​ന്നു. അവർ എന്തു ചിന്തി​ക്കു​ന്നു, എന്തു വിചാ​രി​ക്കു​ന്നു, അല്ലെങ്കിൽ കാര്യ​ങ്ങളെ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നതിനെ കുറി​ച്ചൊ​ന്നും എനിക്ക്‌ ഒരു പിടി​യും ഇല്ലായി​രു​ന്നു.”—ടൈലർ.

പെൺകു​ട്ടി​കൾ ആൺകു​ട്ടി​ക​ളിൽ ഏറ്റവു​മ​ധി​കം ഇഷ്ടപ്പെ​ടുന്ന ഗുണങ്ങൾ ഏവയാണ്‌? “ആത്മവി​ശ്വാ​സം” ആണെന്നാണ്‌ കൗമാ​ര​പ്രാ​യ​ക്കാ​രി​യായ എമിലി​യു​ടെ അഭി​പ്രാ​യം. മറ്റൊരു കൗമാ​ര​പ്രാ​യ​ക്കാ​രി​യായ റോബിൻ ആൺകു​ട്ടി​ക​ളിൽ തെരയുന്ന ഏറ്റവും പ്രധാന ഗുണങ്ങ​ളി​ലൊന്ന്‌ മറ്റുള്ള​വരെ രസിപ്പി​ക്കാ​നുള്ള കഴിവാണ്‌. ഇനി ആൺകു​ട്ടി​കൾ, പെൺകു​ട്ടി​ക​ളിൽ ഏറ്റവു​മ​ധി​കം ഇഷ്ടപ്പെ​ടുന്ന ഗുണങ്ങ​ളോ? അവരുടെ പട്ടിക​യിൽ ഒന്നാം സ്ഥാനം കയ്യടക്കി​യി​രി​ക്കു​ന്നത്‌ സൗന്ദര്യ​മാ​ണെന്ന്‌ ഒരു സർവേ വെളി​പ്പെ​ടു​ത്തി​യ​തിൽ തെല്ലും അതിശ​യ​മില്ല. സമാന​മായ താത്‌പ​ര്യ​ങ്ങൾക്കും മൂല്യ​ങ്ങൾക്കും അവർ ആറാം സ്ഥാനമാ​ണു നൽകി​യത്‌.

ആൺകു​ട്ടി​ക​ളും പെൺകു​ട്ടി​ക​ളും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്ന ലേഖന​ങ്ങ​ളും സർവേ​ക​ളും യുവജന മാസി​ക​ക​ളി​ലെ ഒരു സ്ഥിരം പംക്തി​യാണ്‌. എതിർലിം​ഗ​ത്തിൽ പെട്ടവർ തങ്ങളെ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നതിനെ കുറിച്ചു വളരെ​യേറെ ചിന്തി​ക്കു​ന്ന​വ​രാണ്‌ അല്ലെങ്കിൽ ഒരുപക്ഷേ അതിനെ കുറി​ച്ചോർത്തു വ്യാകു​ല​പ്പെ​ടുക പോലും ചെയ്യു​ന്ന​വ​രാണ്‌ പല യുവജ​ന​ങ്ങ​ളും എന്നു വ്യക്തം. ഒരുപക്ഷേ, നിങ്ങൾതന്നെ ചില​പ്പോ​ഴൊ​ക്കെ അതേക്കു​റി​ച്ചോർത്തു വ്യാകു​ല​പ്പെ​ടുന്ന കൂട്ടത്തി​ലാ​യി​രി​ക്കാം. ഉടനെ കല്യാണം കഴിക്കാൻ നിങ്ങൾ തയ്യാറാണ്‌ എന്നല്ല അതിന്റെ അർഥം. ആരും മറ്റുള്ള​വ​രു​ടെ മുന്നിൽ അനാകർഷകർ ആയിരി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല എന്നതു മാത്ര​മാണ്‌ അതിനു കാരണം! “കൗമാ​ര​പ്രാ​യ​ത്തിൽ, എല്ലാവ​രു​ടെ​യും മുന്നിൽ ആകർഷ​ണീ​യ​രാ​യി കാണ​പ്പെ​ടാ​നാ​ണു നിങ്ങളു​ടെ താത്‌പ​ര്യം. ആണുങ്ങ​ളും പെണ്ണു​ങ്ങ​ളു​മായ തരപ്പടി​ക്കാ​രു​ടെ ഇടയിൽ സുസമ്മ​ത​രാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു,” ടൈലർ പറയുന്നു. മാത്രമല്ല, ഒരുനാൾ നല്ല ഒരാളെ ജീവി​ത​പ​ങ്കാ​ളി ആക്കാൻ നിങ്ങൾ ഉദ്ദേശി​ക്കു​ന്നു​ണ്ടാ​യി​രി​ക്കാം. ആ സമയം വന്നെത്തു​മ്പോൾ, ആ വ്യക്തിയെ ആകർഷി​ക്കാ​നുള്ള കഴിവ്‌ ഉണ്ടായി​രി​ക്കാൻ സ്വാഭാ​വി​ക​മാ​യും നിങ്ങൾ ആഗ്രഹി​ക്കും.

എന്നിരു​ന്നാ​ലും, ഒരു ക്രിസ്‌തീയ യുവവ്യ​ക്തി എന്ന നിലയിൽ നിങ്ങൾക്ക്‌ എതിർലിം​ഗ​ത്തിൽ പെട്ടവ​രു​മാ​യി ഇടപെട്ട്‌ വലിയ പരിച​യ​മി​ല്ലാ​യി​രി​ക്കാം. തന്നെയു​മല്ല, ശാരീ​രിക ആകർഷ​ക​ത്വം ഉള്ളവരാ​യി​രി​ക്കാൻ തരപ്പടി​ക്കാർ നിങ്ങളു​ടെ​മേൽ സമ്മർദം ചെലു​ത്തു​ന്നു​മു​ണ്ടാ​കാം. ടിവി-യിലും മാസി​ക​ക​ളി​ലും സൂപ്പർമോ​ഡ​ലു​ക​ളു​ടെ​യും അസാമാ​ന്യ പേശീ​പു​ഷ്ടി​യുള്ള അഭി​നേ​താ​ക്ക​ളു​ടെ​യും പ്രളയ​മാണ്‌. അതു കാണുന്ന യുവജ​ന​ങ്ങൾക്ക്‌ അരക്ഷി​ത​ബോ​ധ​വും പ്രതീ​ക്ഷി​ക്ക​പ്പെ​ടുന്ന നിലവാ​ര​ത്തിൽ തങ്ങൾ എത്തി​ച്ചേ​രു​ന്നില്ല എന്ന തോന്ന​ലും ഉണ്ടാകു​ന്ന​തിൽ തെല്ലും അതിശ​യി​ക്കാ​നില്ല! അങ്ങനെ​യെ​ങ്കിൽ എതിർലിം​ഗ​ത്തിൽ പെട്ടവർ ഉൾപ്പെടെ മറ്റുള്ള​വ​രു​ടെ മുന്നിൽ സന്തുലി​ത​വും ക്രിയാ​ത്മ​ക​വു​മായ ഒരു വിധത്തിൽ ആകർഷ​ണീ​യ​രാ​യി കാണ​പ്പെ​ടു​ന്ന​തിന്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌?

“പൂർണ​ത​യുള്ള” ശരീര​ത്തി​നാ​യി ആശിക്കു​ന്നത്‌ വിഡ്‌ഢി​ത്തം

ക്ലിനിക്കൽ സൈ​ക്കോ​ള​ജി​സ്റ്റായ വില്യം എസ്‌. പോല്ല​ക്കി​ന്റെ അഭി​പ്രാ​യ​ത്തിൽ വിനോദ വ്യവസാ​യ​ത്തി​ന്റെ സ്വാധീ​ന​ത്തിൽ പെട്ട്‌, പല യുവജ​ന​ങ്ങ​ളും “ആഹാരം നിയ​ന്ത്രി​ച്ചും ഭാരോ​ധ്വ​ഹനം നടത്തി​യും എയ്‌റോ​ബിക്ക്‌ വ്യായാ​മ​മു​റ​ക​ളിൽ ഏർപ്പെ​ട്ടും​കൊ​ണ്ടു ചെലവ​ഴി​ക്കുന്ന സമയത്തിന്‌ കയ്യും കണക്കു​മില്ല. ശരീര​ത്തി​ന്റെ ആകാര​വ​ടി​വും വലിപ്പ​വും വ്യത്യാ​സ​പ്പെ​ടു​ത്താ​നുള്ള ശ്രമത്തി​ലാണ്‌ അവർ ഇതെല്ലാം ചെയ്യു​ന്നത്‌.” ചിലരാ​ണെ​ങ്കിൽ ആ “പൂർണ​ത​യുള്ള” ശരീര​ത്തി​ന്റെ ഉടമയാ​കാ​നാ​യി, ഫലത്തിൽ പട്ടിണി കിടക്കു​ന്നതു പോലുള്ള അപകടം ക്ഷണിച്ചു​വ​രു​ത്തുന്ന അങ്ങേയ​റ്റത്തെ പടികൾ പോലും കൈ​ക്കൊ​ള്ളു​ന്നു. എന്നിട്ടും, സാമൂ​ഹിക പ്രശ്‌ന​ങ്ങളെ കുറി​ച്ചുള്ള ഗവേഷണ കേന്ദ്രം ഇങ്ങനെ പറയുന്നു: “സ്‌ത്രീ​കൾക്കാ​യി ഇന്ന്‌ മാധ്യ​മങ്ങൾ മുന്നോ​ട്ടു​വെ​ക്കുന്ന സൗന്ദര്യ മാനദ​ണ്ഡ​ത്തിൽ എത്തി​ച്ചേ​രാൻ കഴിയു​ന്ന​വ​രു​ടെ എണ്ണം 5 ശതമാ​ന​ത്തി​ലും താഴെ​യാണ്‌—തൂക്കത്തി​ന്റെ​യും വലിപ്പ​ത്തി​ന്റെ​യും കാര്യ​ത്തിൽ മാത്ര​മാണ്‌ ഇത്‌. ആകാര​സൗ​ഷ്‌ഠ​വ​വും മുഖസൗ​ന്ദ​ര്യ​വും മറ്റും കണക്കി​ലെ​ടു​ക്കു​ന്നെ​ങ്കിൽ, അത്‌ ഒരുപക്ഷേ ഏതാണ്ട്‌ 1 ശതമാ​ന​മാ​യി ചുരു​ങ്ങി​യേ​ക്കാം.”

അതു​കൊണ്ട്‌, “ചുറ്റു​മുള്ള ലോകം നിങ്ങളെ അതിന്റെ മൂശയി​ലേക്കു തള്ളിക്ക​യ​റ്റാൻ അനുവ​ദി​ക്കാ​തി​രി​ക്കുക” എന്ന റോമർ 12:2-ലെ ബൈബിൾ ബുദ്ധി​യു​പ​ദേശം പ്രാ​യോ​ഗി​ക​മാണ്‌. (ഫിലി​പ്‌സ്‌) സൗന്ദര്യ​ത്തി​ന്റെ കാര്യം പാടേ അവഗണി​ച്ചു കളയണം എന്നല്ല അതിന്റെ അർഥം. മിതമായ വ്യായാ​മ​ത്തി​ലൂ​ടെ​യും സമീകൃത ആഹാര​ത്തി​ലൂ​ടെ​യും ശരീരം സംരക്ഷി​ക്കു​ന്നത്‌ തീർച്ച​യാ​യും നല്ല കാര്യ​മാണ്‌. (റോമർ 12:1; 1 തിമൊ​ഥെ​യൊസ്‌ 4:8) കൂടാതെ, ശരിയാ​യി വിശ്ര​മി​ക്കു​ന്ന​തും ഉറങ്ങു​ന്ന​തും നിങ്ങളു​ടെ അഴകും ആരോ​ഗ്യ​വും വർധി​പ്പി​ക്കും. അതോ​ടൊ​പ്പം വൃത്തി​യും വെടി​പ്പും ഉള്ളവരാ​യി​രി​ക്കു​ക​യും വേണം. ഡേവിഡ്‌ എന്നു പേരുള്ള ഒരു ബ്രിട്ടീഷ്‌ യുവാവ്‌ ഇങ്ങനെ പറയുന്നു: “കാണാൻ നല്ല ചന്തമുള്ള ഒരു പെൺകു​ട്ടി​യെ എനിക്ക​റി​യാം. പക്ഷേ അവൾ അടുത്തു വരു​മ്പോൾ വല്ലാത്ത നാറ്റമാണ്‌. അതു​കൊണ്ട്‌ ആളുകൾ അവളെ ഒഴിവാ​ക്കു​ന്നു.” അതു​കൊണ്ട്‌ കൂടെ​ക്കൂ​ടെ കുളി​ക്കുക. വൃത്തി​യുള്ള കൈക​ളും തലമു​ടി​യും നഖങ്ങളും നിങ്ങളു​ടെ ആകർഷ​ക​ത്വം വർധി​പ്പി​ക്കും.

വസ്‌ത്ര​ത്തിന്‌ അമിത ശ്രദ്ധ കൊടു​ക്കു​ന്ന​തി​നെ ബൈബിൾ നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്നെ​ങ്കി​ലും, ‘യോഗ്യ​മായ വസ്‌ത്രം ധരിച്ചു ലജ്ജാശീ​ല​ത്തോ​ടും സുബോ​ധ​ത്തോ​ടും​കൂ​ടെ തങ്ങളെ അലങ്കരി​ക്കാൻ’ അത്‌ ക്രിസ്‌ത്യാ​നി​കളെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ക​തന്നെ ചെയ്യുന്നു. (1 തിമൊ​ഥെ​യൊസ്‌ 2:9) നിങ്ങളു​ടെ അഴകു വർധി​പ്പി​ക്കു​ന്ന​തും അതേസ​മയം അടക്ക​മൊ​തു​ക്ക​മു​ള്ള​തും അതിരു​ക​ട​ന്ന​ത​ല്ലാ​ത്ത​തു​മായ വസ്‌ത്രം ധരിക്കുക. a നിങ്ങളു​ടെ വേഷവി​ധാ​ന​ത്തി​നും സൗന്ദര്യ​ത്തി​നും ന്യായ​മായ ശ്രദ്ധ നൽകു​ന്നത്‌ ആത്മവി​ശ്വാ​സം വർധി​പ്പി​ക്കും. അതേക്കു​റിച്ച്‌ പോൾ എന്ന ഒരു യുവാ​വിന്‌ പറയാ​നു​ള്ളത്‌ ഇതാണ്‌: “നിങ്ങൾക്ക്‌ കടഞ്ഞെ​ടുത്ത സൗന്ദര്യ​മൊ​ന്നും ഇല്ലായി​രി​ക്കാം, എന്നാൽ ഉള്ളത്‌ മെച്ച​പ്പെ​ടു​ത്താൻ സാധി​ക്കും.”

ആന്തരിക ഗുണങ്ങൾ

സുന്ദര​മായ ഒരു മുഖവും നല്ല ശരീര​ഘ​ട​ന​യും ശ്രദ്ധ ആകർഷി​ച്ചേ​ക്കാ​മെ​ങ്കി​ലും, ആത്യന്തി​ക​മാ​യി നോക്കു​മ്പോൾ “സൗന്ദര്യം ഒരു കുമി​ള​യാണ്‌.” (സദൃശ​വാ​ക്യ​ങ്ങൾ 31:30, ബയിങ്‌ടൺ) സൗന്ദര്യ​ത്തിന്‌ അൽപ്പാ​യു​സ്സേ ഉള്ളൂ. അവ ഒരിക്ക​ലും ആകർഷ​ക​മായ വ്യക്തി ഗുണങ്ങൾക്കു പകരമാ​കു​ന്നില്ല. (സദൃശ​വാ​ക്യ​ങ്ങൾ 11:22) “മനുഷ്യൻ കണ്ണിന്നു കാണു​ന്നതു നോക്കു​ന്നു; യഹോ​വ​യോ ഹൃദയത്തെ നോക്കു​ന്നു” എന്ന കാര്യ​വും ഓർമി​ക്കുക. (1 ശമൂവേൽ 16:7) അതു​കൊണ്ട്‌, ശ്രദ്ധ മുഴുവൻ ശരീര​വ​ടി​വി​നോ പേശീ​ബ​ല​ത്തി​നോ നൽകു​ന്ന​തി​നു പകരം ‘സൌമ്യ​ത​യും സാവധാ​ന​ത​യു​മുള്ള മനസ്സു എന്ന അക്ഷയഭൂ​ഷ​ണ​മായ ഹൃദയ​ത്തി​ന്റെ ഗൂഢമ​നു​ഷ്യ​നെ’ക്കൊണ്ട്‌ നിങ്ങ​ളെ​ത്തന്നെ അലങ്കരി​ക്കു​ന്ന​തിൽ മെച്ച​പ്പെ​ടുക. “അതു ദൈവ​സ​ന്നി​ധി​യിൽ വില​യേ​റി​യ​താ​കു​ന്നു.” (1 പത്രൊസ്‌ 3:3, 4; എഫെസ്യർ 4:24) ഇന്നത്തെ ലോക​ത്തിൽ പല യുവാ​ക്കൾക്കും പ്രശം​സാർഹ​മായ വ്യക്തിത്വ സവി​ശേ​ഷ​ത​ക​ളോട്‌ ഒട്ടും​തന്നെ വിലമ​തി​പ്പി​ല്ലെ​ന്നു​ള്ളതു സത്യം​തന്നെ—ആത്മീയ ഗുണങ്ങ​ളു​ടെ കാര്യ​മാ​ണെ​ങ്കിൽ പറയു​ക​യും വേണ്ട. b എന്നാൽ ആത്മീയ മൂല്യങ്ങൾ ഉള്ളവർ അവയെ വിലമ​തി​ക്കു​ക​യും ആകർഷ​ക​മാ​യി കണ്ടെത്തു​ക​യും ചെയ്യുന്നു!

അങ്ങനെ​യെ​ങ്കിൽ, ആത്മീയ മനസ്‌ക​രായ ക്രിസ്‌തീയ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ മുന്നിൽ ആകർഷ​ണീ​യ​രാ​യി കാണ​പ്പെ​ടാ​നുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾതന്നെ ആത്മീയ മനസ്‌ക​രാ​യി​രി​ക്കു​ന്ന​താണ്‌. പ്രാർഥന, വ്യക്തി​പ​ര​മായ ബൈബിൾ പഠനം, ക്രിസ്‌തീയ യോഗ​ങ്ങ​ളി​ലെ ഹാജരാ​കൽ എന്നിവ​യി​ലൂ​ടെ ആത്മീയത നട്ടുവ​ളർത്തുക. (സങ്കീർത്തനം 1:1-3) എന്നിരു​ന്നാ​ലും, നിങ്ങൾക്കു വളർത്തി​യെ​ടു​ക്കാൻ കഴിയുന്ന പ്രയോ​ജ​ന​ക​ര​മായ കഴിവു​ക​ളും ഗുണങ്ങ​ളും വേറെ​യു​മുണ്ട്‌. ഈ ഗുണങ്ങൾ നട്ടുവ​ളർത്തു​ന്ന​തിന്‌ നിങ്ങൾ ഡേറ്റി​ങ്ങിൽ ഏർപ്പെ​ടു​ക​യോ ആരെങ്കി​ലു​മാ​യി പ്രണയ​ത്തിൽ ആയിരി​ക്കു​ക​യോ ചെയ്യേ​ണ്ട​തില്ല. മറിച്ച്‌, മറ്റുള്ള​വ​രു​മാ​യുള്ള ദൈനം​ദിന ഇടപെ​ട​ലു​ക​ളിൽ നിങ്ങൾക്ക്‌ അവ അഭ്യസി​ക്കാ​വു​ന്ന​താണ്‌.

ഉദാഹ​ര​ണ​ത്തിന്‌, എതിർലിം​ഗ​ത്തിൽ പെട്ടവ​രോ​ടൊ​പ്പ​മാ​യി​രി​ക്കു​മ്പോൾ വിഷമ​വും ലജ്ജയും തോന്നി നിങ്ങളു​ടെ പെരു​മാ​റ്റം വികൃ​ത​മാ​യി​ത്തീ​രു​ന്നു​വോ? പോൾ എന്ന യുവാവ്‌ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ചില​പ്പോൾ എനിക്ക്‌ ആകെ ഒരു അസ്വസ്ഥത തോന്നും—കാരണം അവർ പെൺകു​ട്ടി​ക​ളല്ലേ. ആൺകു​ട്ടി​കളെ കുറിച്ച്‌ അറിയാ​വുന്ന അത്രയും എനിക്കു പെൺകു​ട്ടി​കളെ കുറിച്ച്‌ അറിയില്ല. സ്വയം നാണം​കെ​ടാൻ എനിക്ക്‌ ആഗ്രഹ​മില്ല.” മറ്റുള്ള​വർക്കു പിരി​മു​റു​ക്കം ഉണ്ടാകാത്ത രീതി​യിൽ ഇടപെ​ടാൻ നിങ്ങളെ സഹായി​ക്കുന്ന ആത്മവി​ശ്വാ​സ​വും സമനി​ല​യും നിങ്ങൾക്ക്‌ എങ്ങനെ വളർത്തി​യെ​ടു​ക്കാൻ കഴിയും? പലതര​ക്കാ​രു​മാ​യി സഹവസി​ക്കു​ന്ന​തിന്‌ ക്രിസ്‌തീയ സഭയിൽ ഉള്ള അവസരം പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്ന​താണ്‌ ഒരു മാർഗം. യോഗ​ങ്ങൾക്കു ചെല്ലു​മ്പോൾ മറ്റുള്ള​വ​രിൽ—നിങ്ങളു​ടെ പ്രായ​ത്തി​ലുള്ള എതിർലിം​ഗ​ക്കാ​രിൽ മാത്രമല്ല, കുട്ടി​ക​ളി​ലും മുതിർന്ന​വ​രി​ലും പ്രായ​മാ​യ​വ​രി​ലും ഒക്കെ—വ്യക്തി​പ​ര​മായ താത്‌പ​ര്യ​മെ​ടു​ക്കുക. (ഫിലി​പ്പി​യർ 2:4) നാനാ​ത​ര​ത്തിൽപ്പെട്ട അത്തരം ആളുക​ളു​മാ​യി നന്നായി ഇടപെ​ടാൻ പഠിക്കു​ന്നത്‌ ആത്മവി​ശ്വാ​സം വളർത്തി​യെ​ടു​ക്കാൻ നിങ്ങളെ സഹായി​ക്കും.

എന്നിരു​ന്നാ​ലും, ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കുക. “കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹിക്ക” എന്ന്‌ യേശു പറയു​ക​യു​ണ്ടാ​യി. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (മത്തായി 19:19) നിങ്ങൾക്ക്‌ നിങ്ങളെ കുറി​ച്ചു​തന്നെ മതിപ്പു​ണ്ടെ​ങ്കിൽ മറ്റുള്ള​വ​രോ​ടൊ​പ്പം ആയിരി​ക്കു​മ്പോൾ പെരു​മാറ്റ വൈകൃ​ത​ത്തി​നുള്ള സാധ്യത കുറവാ​യി​രി​ക്കും. c എന്നാൽ ഒരു കാര്യം, ആത്മാഭി​മാ​നം കുറ​ച്ചൊ​ക്കെ ആവശ്യ​മാ​ണെ​ങ്കിൽത്ത​ന്നെ​യും അത്‌ അങ്ങേയറ്റം പോകാ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക. ‘ഭാവി​ക്കേ​ണ്ട​തി​ന്നു മീതെ ഭാവി​ച്ചു​യ​രാ​തി​രി​ക്കാൻ . . . ഞാൻ . . . നിങ്ങളിൽ ഓരോ​രു​ത്ത​നോ​ടും പറയുന്നു’ എന്ന്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പറഞ്ഞു.—റോമർ 12:3.

കൂടാതെ, നിങ്ങളു​ടെ പെറു​മാ​റ്റ​രീ​തി​ക​ളും മറ്റുള്ള​വ​രു​മാ​യി ഇടപഴ​കാ​നുള്ള കഴിവു​ക​ളും സത്യസ​ന്ധ​മാ​യി വിലയി​രു​ത്തുക. ലിഡിയ എന്നു പേരുള്ള ബ്രിട്ടീ​ഷു​കാ​രി​യായ ഒരു പെൺകു​ട്ടി പറയുന്നു: “നിരവധി പെൺകു​ട്ടി​ക​ളു​ടെ ഇടയിൽ സുസമ്മ​ത​നായ ഒരു ആൺകു​ട്ടി​യുണ്ട്‌ എന്റെ സ്‌കൂ​ളിൽ. എന്നാൽ അടുത്ത​റി​ഞ്ഞു കഴിയു​മ്പോൾ അവർക്ക്‌ അവനെ ഇഷ്ടമി​ല്ലാ​താ​കു​ന്നു. കാരണം അവൻ പരുക്ക​നും തീരെ നയമി​ല്ലാ​ത്ത​വ​നു​മാണ്‌.” ദയാപു​ര​സ്സരം, നയത്തോ​ടെ സംസാ​രി​ക്കു​ക​യും മറ്റുള്ള​വ​രോ​ടു പരിഗണന കാട്ടു​ക​യും ചെയ്യു​ന്ന​വ​രി​ലേക്ക്‌ ആളുകൾ ആകർഷി​ക്ക​പ്പെ​ടു​ന്നു. (എഫെസ്യർ 4:29, 32; 5:3, 4) “ഹൃദ്യ​മായ ഒരു കൂട്ടം പെരു​മാ​റ്റ​ശീ​ലങ്ങൾ ഒരു പാസ്‌പോർട്ട്‌ പോ​ലെ​യാണ്‌. അത്‌ സ്വാത​ന്ത്ര്യം അനുവ​ദി​ക്കു​ന്നു, ആളുക​ളു​മാ​യി അടുക്കാ​നും സഹായി​ക്കു​ന്നു.” എന്ന്‌ ഡോ. റ്റി. ബെറി ബ്രേസൽട്ടൺ പറയുന്നു. നല്ല പെരു​മാ​റ്റ​ശീ​ലങ്ങൾ “മറ്റുള്ള​വ​രു​ടെ അംഗീ​കാ​രം നേടു​ന്ന​തിന്‌ അനിവാ​ര്യ​മാണ്‌.”

പെരു​മാ​റ്റ​മ​ര്യാ​ദ​യു​മാ​യി ബന്ധപ്പെട്ട നാട്ടു​ന​ട​പ്പു​ക​ളും നിയമ​ങ്ങ​ളും ലോക​മെ​മ്പാ​ടും വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. അതു​കൊണ്ട്‌, പക്വത​യുള്ള ക്രിസ്‌തീയ സ്‌ത്രീ​പു​രു​ഷ​ന്മാർ അന്യോ​ന്യം ഇടപെ​ടുന്ന വിധം നിങ്ങൾക്കു നിരീ​ക്ഷി​ക്കാ​വു​ന്ന​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു പുരുഷൻ ഒരു സ്‌ത്രീ​ക്കു വേണ്ടി വാതിൽ തുറന്നു​പി​ടി​ക്കു​ന്നത്‌ നിങ്ങളു​ടെ രാജ്യത്തു പതിവാ​ണോ? അങ്ങനെ​യെ​ങ്കിൽ അപ്രകാ​രം ചെയ്യാൻ പഠിക്കു​ന്നത്‌ സമനി​ല​യും നല്ല പെരു​മാ​റ്റ​ശീ​ല​വു​മുള്ള ഒരു വ്യക്തി എന്ന നിലയി​ലുള്ള നിങ്ങളു​ടെ സൽപ്പേ​രി​നു മാറ്റു കൂട്ടും.

അവസാ​ന​മാ​യി, സന്തുലി​ത​മായ നർമ​ബോ​ധം നട്ടുവ​ളർത്തു​ന്നത്‌ സഹായ​ക​മാ​യി നിങ്ങൾ കണ്ടെത്തി​യേ​ക്കാം. “ചിരി​പ്പാൻ ഒരു കാലം” ഉണ്ടെന്ന്‌ ബൈബിൾ പറയുന്നു. നർമ​ബോ​ധ​മുള്ള ഒരാൾ പലപ്പോ​ഴും എളുപ്പം സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കു​ന്നു.—സഭാ​പ്ര​സം​ഗി 3:1, 4.

സൗഹൃദം കാട്ടുക, ശൃംഗ​രി​ക്കാ​തെ

“ഡേറ്റിങ്‌ വിജയ​ത്തി​നുള്ള വഴികാ​ട്ടി” എന്ന്‌ സ്വയം അവകാ​ശ​പ്പെ​ടുന്ന ഒരു പ്രസി​ദ്ധീ​ക​രണം, എതിർലിം​ഗ​ത്തിൽ പെട്ടവരെ ആകർഷി​ക്കു​ന്ന​തി​ലെ രഹസ്യം ശൃംഗ​രി​ക്കു​ന്ന​താ​ണെന്ന്‌ ഉപദേ​ശി​ക്കു​ന്നു. പുഞ്ചി​രി​ച്ചും ദൃഷ്ടി​സ​മ്പർക്കം നടത്തി​യും പരിശീ​ലി​ക്കാ​നും ആമുഖ പ്രസ്‌താ​വ​നകൾ നടത്തു​ന്ന​തിൽ പൂർണത കൈവ​രി​ക്കാ​നും അതു വായന​ക്കാ​രോ​ടു പറയുന്നു. എതിർലിം​ഗ​ത്തിൽ പെട്ടവ​രോട്‌ “പൂർണ്ണ​നിർമ്മ​ല​ത​യോ​ടെ” ഇടപെ​ട​ണ​മെന്ന തിമൊ​ഥെ​യൊ​സി​നുള്ള പൗലൊ​സി​ന്റെ ഉപദേ​ശ​ത്തി​ന്റെ അന്തഃസ​ത്ത​യ്‌ക്കു നിരക്കാ​ത്ത​താണ്‌ അത്തരം ഉപദേശം.—1 തിമൊ​ഥെ​യൊസ്‌ 5:2.

ശൃംഗ​രി​ക്കു​ന്നത്‌ ഒരുവന്റെ ആത്മാഭി​മാ​നത്തെ ഊട്ടി​വ​ളർത്തു​മെ​ങ്കി​ലും അത്‌ ആത്മാർഥ​മോ സത്യസ​ന്ധ​മോ അല്ല. രസകര​മായ ഒരു സംഭാ​ഷണം നിർവ​ഹി​ക്കു​ന്ന​തിന്‌ നിങ്ങൾ ശൃംഗ​രി​ക്കു​ക​യോ നാണം കുണു​ങ്ങു​ക​യോ ചെയ്യേ​ണ്ട​തില്ല. എതിർലിം​ഗ​ത്തിൽ പെട്ടവ​രു​ടെ വികാ​ര​വി​ചാ​രങ്ങൾ മനസ്സി​ലാ​ക്കാൻ വിഷമി​പ്പി​ക്കു​ന്ന​തോ അനുചി​ത​മോ ആയ ചോദ്യ​ങ്ങൾ ചോദി​ക്കേ​ണ്ട​തു​മില്ല. എപ്പോ​ഴും ‘നീതി​യാ​യ​തും നിർമ്മ​ല​മാ​യ​തും രമ്യമാ​യ​തും [“സ്‌നേ​ഹാർഹ​വും,” പി.ഒ.സി. ബൈബിൾ]’ ആയ കാര്യങ്ങൾ മാത്രം സംസാ​രി​ക്കുക. അങ്ങനെ ചെയ്യു​ന്നത്‌ നിങ്ങൾ തീർച്ച​യാ​യും പക്വത​യും ആത്മീയ മനസ്‌ക​ത​യു​മുള്ള ഒരു പുരുഷൻ അല്ലെങ്കിൽ സ്‌ത്രീ ആയിത്തീ​രു​ന്ന​തി​നുള്ള പാതയി​ലാ​ണെന്നു കാണി​ച്ചു​കൊ​ടു​ക്കു​ന്ന​താ​യി​രി​ക്കും. (ഫിലി​പ്പി​യർ 4:8) ദൈവിക തത്ത്വങ്ങ​ളോ​ടുള്ള നിങ്ങളു​ടെ അനുസ​രണം എതിർലിം​ഗ​ത്തിൽ പെട്ടവർക്കു മാത്രമല്ല ദൈവ​ത്തി​നു തന്നെയും നിങ്ങളെ ആകർഷ​ക​രാ​ക്കി​ത്തീർക്കും. dസദൃശ​വാ​ക്യ​ങ്ങൾ 1:7-9. (g02 7/22)

[അടിക്കു​റി​പ്പു​കൾ]

a 1991 ഏപ്രിൽ 8 ലക്കത്തിൽ വന്ന “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ഉചിത​മായ വസ്‌ത്രങ്ങൾ തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്റെ രഹസ്യ​മെ​ന്താണ്‌?” എന്ന ലേഖനം കാണുക.

b ബുദ്ധിസാമർഥ്യമുള്ള യുവാക്കൾ പലപ്പോ​ഴും അവരുടെ കഴിവു​കളെ പ്രതി പരിഹ​സി​ക്ക​പ്പെ​ടു​ന്ന​താ​യി പഠനങ്ങൾ സൂചി​പ്പി​ക്കു​ന്നു​വെന്ന്‌ ഒരു ഗവേഷകൻ പറയുന്നു. ചില യുവാക്കൾ തങ്ങളുടെ ബുദ്ധി​സാ​മർഥ്യ​ത്തെ താഴ്‌ത്തി​ക്കാ​ട്ടി​ക്കൊണ്ട്‌ പ്രതി​ക​രി​ക്കു​ന്നു.

c യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌ത​ക​ത്തി​ന്റെ 12-ാം അധ്യാ​യ​ത്തിൽ, ആത്മാഭി​മാ​നം വളർത്തി​യെ​ടു​ക്കു​ന്ന​തി​നെ കുറി​ച്ചുള്ള ചില പ്രാ​യോ​ഗിക നിർദേ​ശങ്ങൾ കാണാം.

d നിങ്ങൾക്ക്‌ വിവാഹം കഴിക്കാൻ തക്ക പ്രായ​മാ​യി​ട്ടി​ല്ലെ​ങ്കിൽ എതിർലിം​ഗ​ത്തിൽ പെട്ടവ​രു​മാ​യുള്ള സഹവാസം, ഇരുലിം​ഗ​വർഗ​ക്കാ​രും അടങ്ങിയ ഒരു കൂട്ട​ത്തോ​ടൊ​പ്പം ആസ്വദി​ക്കു​ന്ന​താണ്‌ ബുദ്ധി. 2001 ഫെബ്രു​വരി 8 ലക്കം ഉണരുക!യിൽ വന്ന “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എനിക്കു ഡേറ്റി​ങ്ങി​നുള്ള പ്രായ​മാ​യി​ട്ടി​ല്ലെന്ന്‌ എന്റെ മാതാ​പി​താ​ക്കൾ കരുതു​ന്നു​വെ​ങ്കി​ലോ?” എന്ന ലേഖനം കാണുക.

[27-ാം പേജിലെ ചിത്രങ്ങൾ]

നിങ്ങളുടെ സൗന്ദര്യ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നു പകരം, ആത്മീയ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ ശ്രമി​ക്കു​ക

[27-ാം പേജിലെ ചിത്രങ്ങൾ]

നാനാതരക്കാരായ ആളുക​ളു​മാ​യി പിരി​മു​റു​ക്ക​മി​ല്ലാ​തെ ഇടപെ​ടാൻ പഠിക്കുക