സോപ്പ് ‘സ്വയമായി ഒരു വാക്സിനേഷൻ!’
സോപ്പ് ‘സ്വയമായി ഒരു വാക്സിനേഷൻ!’
“ലോകത്തിൽ കുട്ടികളുടെ മരണത്തിനുള്ള രണ്ടാമത്തെ വലിയ കാരണം മലമ്പനിയോ ക്ഷയരോഗമോ എയ്ഡ്സോ അല്ല. അത് . . . അതിസാരമാണ്” എന്ന് ദി ഇക്കണോമിസ്റ്റ് മാസിക പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോർട്ടു പറയുന്നു. എങ്കിലും ഈ കുട്ടികളും അവരുടെ വീട്ടുകാരും സോപ്പ് ഉപയോഗിച്ചു കൈകഴുകുന്നത് ഒരു ശീലമാക്കിയിരുന്നെങ്കിൽ ഈ മരണങ്ങളിൽ മിക്കതും ഒഴിവാക്കാനാകുമായിരുന്നു.
“ശരിയായ രീതിയിൽ കൈകഴുകുന്നത് അതിസാര രോഗങ്ങൾ 43% വരെ കുറച്ചേക്കും” എന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ഗവേഷകർ കണ്ടെത്തിയതായി ദി ഇക്കണോമിസ്റ്റ് പറയുന്നു. “കുട്ടികളുടെ മരണത്തിനുള്ള ഒന്നാമത്തെ കാരണമായ ശ്വാസകോശ രോഗങ്ങൾ കുറയ്ക്കുന്നതിലും ഇത് വലിയ പങ്കുവഹിച്ചേക്കാം. അമേരിക്കൻ സേനയ്ക്കുവേണ്ടി നടത്തപ്പെട്ട വിപുലമായ ഒരു പഠനം, സൈനികർ ദിവസവും അഞ്ചു പ്രാവശ്യം കൈ കഴുകിയപ്പോൾ ചുമയും തുമ്മലും 45% കുറഞ്ഞതായി കണ്ടെത്തി.” വികസ്വര രാജ്യങ്ങളിൽ പോലും സോപ്പ് വാങ്ങാൻ കഴിവില്ലാത്ത കുടുംബങ്ങൾ ചുരുക്കമാണ്. അതുകൊണ്ട് അതിനെ “സ്വയം എടുക്കാവുന്ന ഒരു വാക്സിൻ” എന്നു വിശേഷിപ്പിച്ചിരിക്കുന്നത് ഉചിതംതന്നെ. മാത്രമോ, ഈ വാക്സിൻ എടുക്കാൻ ഒട്ടും വേദന സഹിക്കേണ്ടതുമില്ല!
ബൈബിളും ശുചിത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. ‘നമുക്കു ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ അശുദ്ധിയിലുംനിന്നു നമ്മെത്തന്നെ ശുചീകരിക്കാം’ എന്ന് 2 കൊരിന്ത്യർ 7:1 പറയുന്നു. (പി.ഒ.സി ബൈബിൾ) ആത്മീയ ശുദ്ധിക്കാണ് ദൈവമുമ്പാകെ ഏറ്റവും പ്രാധാന്യമുള്ളതെങ്കിലും ശാരീരിക ശുചിത്വത്തെയും അവൻ ഗൗരവമുള്ളതായി വീക്ഷിക്കുന്നു. (ലേവ്യപുസ്തകം 12-15 അധ്യായങ്ങൾ) ഈ കാര്യത്തിൽ, നാം സമനില കൈവിടാൻ ദൈവം തീർച്ചയായും പ്രതീക്ഷിക്കുന്നില്ല. എങ്കിലും, കക്കൂസിൽ പോയതിനു ശേഷവും കുഞ്ഞിന്റെ തുണിയോ ഡയപ്പറോ മാറ്റി കഴുകിച്ചതിനു ശേഷവും ഭക്ഷണം പാകംചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നതിനു മുമ്പും കൈ കഴുകുന്ന ശീലം നാം വളർത്തിയെടുക്കണം. രോഗാണുക്കൾ മറ്റുള്ളവരിലേക്കു സംക്രമിക്കാൻ സാധ്യതയുള്ള എല്ലാ അവസരങ്ങളിലും ഇതു ബാധകമാണ്. അങ്ങനെയൊരു ശുചിത്വശീലം വളർത്തിയെടുക്കുമ്പോൾ നാം സ്വന്ത കുടുംബത്തോടും നാം ഇടപെടുന്ന മറ്റെല്ലാവരോടും ക്രിസ്തീയ സ്നേഹം പ്രകടമാക്കുകയായിരിക്കും.—മർക്കൊസ് 12:31. (g03 11/22)