നിങ്ങളുടെ കുട്ടിക്ക് പനി വരുമ്പോൾ
നിങ്ങളുടെ കുട്ടിക്ക് പനി വരുമ്പോൾ
മകനോ മകൾക്കോ സുഖമില്ല എന്നു കാണുമ്പോൾ സാധാരണഗതിയിൽ എന്താണു നിങ്ങൾ ആദ്യം ചെയ്യുക? പനിയുണ്ടോ എന്നു നോക്കും, അല്ലേ? ഉണ്ടെന്നു കണ്ടാൽ ഉത്കണ്ഠ തോന്നുന്നത് സ്വാഭാവികം.
“ഒരു സാധാരണ പനി പോലും, അപസ്മാരമോ മസ്തിഷ്ക തകരാറോ പോലുള്ള ഒരു ദോഷഫലമെങ്കിലും വരുത്തിവെച്ചേക്കാം” എന്ന് മാതാപിതാക്കളിൽ 91 ശതമാനവും വിശ്വസിക്കുന്നതായി മേരിലൻഡിലെ ബാൾട്ടിമോറിലുള്ള (യു.എസ്.എ.) ജോൺസ് ഹോപ്കിൻസ് ശിശുകേന്ദ്രം നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. “102 ഡിഗ്രി ഫാരൻഹൈറ്റ് (38.9 ഡിഗ്രി സെൽഷ്യസ്) ആകുന്നതിനു മുമ്പുതന്നെ 89% മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്കു പനി കുറയാൻ മരുന്നു കൊടുക്കുന്നതായി” അതേ പഠനം കാണിക്കുന്നു.
എന്നാൽ നിങ്ങളുടെ കുട്ടിയുടെ പനിയെ കുറിച്ച് ന്യായമായും എത്രമാത്രം ഉത്കണ്ഠപ്പെടേണ്ടതുണ്ട്? ഏറ്റവും മെച്ചമായ ചികിത്സാരീതികൾ എന്തൊക്കെയാണ്?
പനിയുടെ പ്രധാനപ്പെട്ട ധർമം
പനി വരുന്നത് എപ്പോഴാണ്? ശരീരത്തിന്റെ സ്വാഭാവിക ഊഷ്മാവ് (തെർമോമീറ്റർ വായിൽവെച്ചു നോക്കുമ്പോൾ കാണിക്കുന്ന റീഡിങ്) ഏതാണ്ട് 98.6 ഡിഗ്രി ഫാരൻഹൈറ്റ് ആണെങ്കിലും സാധാരണമായി ഇതിൽ നേരിയ വ്യതിയാനം സംഭവിക്കാറുണ്ട്. a രാവിലെ നിങ്ങളുടെ ശരീരത്തിന്റെ ഊഷ്മാവ് കുറവും വൈകുന്നേരം ഒന്നോ രണ്ടോ ഡിഗ്രി കൂടുതലും ആയിരിക്കാം. ഒരു തെർമോസ്റ്റാറ്റ് പോലെ പ്രവർത്തിച്ചുകൊണ്ട് മസ്തിഷ്കത്തിന്റെ കീഴ്ഭാഗത്തുള്ള ഹൈപ്പോതലാമസ് ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കുന്നു. ബാക്ടീരിയയോ വൈറസുകളോ ശരീരത്തിൽ കടന്നാക്രമണം നടത്തുമ്പോൾ പ്രതിരോധവ്യവസ്ഥ, പൈറോജനുകൾ എന്നറിയപ്പെടുന്ന ചില വസ്തുക്കൾ രക്തത്തിൽ ഉത്പാദിപ്പിക്കുന്നു. ഇതു സംഭവിക്കുമ്പോൾ ഹൈപ്പോതലാമസ് ശരീര ഊഷ്മാവ് വർധിപ്പിക്കുന്നു. ഇതിനെയാണ് നമ്മൾ പനി എന്നു വിളിക്കുന്നത്.
പനി അസ്വസ്ഥതയ്ക്കും നിർജ്ജലീകരണത്തിനും കാരണമായേക്കാമെങ്കിലും അതു തീർത്തും ഹാനികരമായ ഒരു സംഗതിയാണെന്നു പറയാൻ കഴിയില്ല. ‘വൈദ്യശാസ്ത്ര പഠനത്തിനും ഗവേഷണത്തിനുമുള്ള മേയോ ഫൗണ്ടേഷൻ’ പറയുന്നപ്രകാരം
ശരീരത്തിൽ കടന്നുകൂടിയിട്ടുള്ള ബാക്ടീരിയയെയോ വൈറസിനെയോ പുറന്തള്ളുന്നതിൽ പനി വാസ്തവത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നതായി കാണപ്പെടുന്നു. “ജലദോഷത്തിനും ശ്വസനവ്യൂഹസംബന്ധിയായ മറ്റു രോഗബാധകൾക്കും കാരണമായ വൈറസുകൾക്ക് ഊഷ്മാവ് കുറഞ്ഞ അവസ്ഥയാണ് ഇഷ്ടം. അപ്പോൾ, ചെറിയ പനി ഉളവാക്കുന്നതു മൂലം ശരീരം വാസ്തവത്തിൽ വൈറസുകളെ തുരത്താൻ നടപടി സ്വീകരിക്കുകയായിരിക്കാം.” അതുകൊണ്ട് “ചെറിയ പനി കുറയ്ക്കാൻ ശ്രമിക്കേണ്ടതില്ല, അത് കുട്ടിയുടെ സ്വാഭാവിക രോഗനിവാരണ പ്രക്രിയയ്ക്കു തടസ്സം സൃഷ്ടിച്ചേക്കാം” എന്ന് മേയോ ഫൗണ്ടേഷൻ തുടർന്നു പറയുന്നു. മെക്സിക്കോയിലെ ഒരു ആശുപത്രിയിൽ ചില രോഗങ്ങൾക്കുള്ള ചികിത്സയുടെ ഭാഗമായി ശരീരത്തിന്റെ ഊഷ്മാവ് വർധിപ്പിക്കുന്ന ഒരു രീതി പോലുമുണ്ട്. ഹൈപ്പർതെർമിയ എന്നാണ് ഈ ചികിത്സാസമ്പ്രദായം അറിയപ്പെടുന്നത്.‘അമേരിക്കൻ കോളേജ് ഓഫ് എമർജൻസി ഫിസിഷ്യൻസി’ലെ ഡോ. അൽ സാക്കേറ്റി ഇപ്രകാരം പറയുന്നു: “സാധാരണഗതിയിൽ പനി അതിൽത്തന്നെ ഒരു പ്രശ്നമല്ല. എന്നാൽ അത് അണുബാധ ഉണ്ടായിരിക്കാം എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് കുട്ടിക്ക് പനി ഉള്ളപ്പോൾ കുട്ടിയിലും അവന് ഉണ്ടായിരുന്നേക്കാവുന്ന രോഗബാധയിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, അല്ലാതെ തെർമോമീറ്ററിലെ റീഡിങ്ങിലല്ല.” അമേരിക്കൻ ബാലചികിത്സാ അക്കാദമി ഇങ്ങനെ പറയുന്നു: “കുട്ടിക്ക് അസ്വസ്ഥതയോ പനിയോടൊപ്പം സന്നി വരുന്ന രീതിയോ ഇല്ലെങ്കിൽ സാധാരണഗതിയിൽ 101 ഡിഗ്രി ഫാരൻഹൈറ്റിനു (38.3 ഡിഗ്രി സെൽഷ്യസ്) താഴെയുള്ള പനിക്ക് ചികിത്സയുടെ ആവശ്യമില്ല. അതിലും കൂടിയ പനി പോലും കുട്ടിക്ക് സന്നിയുടെ ചരിത്രമോ സ്ഥായിയായ മറ്റേതെങ്കിലും രോഗമോ ഇല്ലാത്തപക്ഷം അതിൽത്തന്നെ അപകടകരമോ ദോഷകരമോ അല്ല. കുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കുന്നതാണ് അതിലും പ്രധാനം. അവൻ നന്നായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ഇടയ്ക്കൊക്കെ ഉന്മേഷം പ്രകടിപ്പിക്കുകയും ചെയ്യുന്നെങ്കിൽ സാധ്യതയനുസരിച്ച് ചികിത്സയുടെ ആവശ്യമില്ല.”
ചെറിയ പനി ചികിത്സിക്കാവുന്ന വിധം
കുട്ടിയെ സഹായിക്കാനായി നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നല്ല ഇതിന്റെ b (കഫീൻ അടങ്ങിയ കോളാ പാനീയങ്ങളും കട്ടൻ ചായയും മറ്റും മൂത്രവിസർജനം വർധിപ്പിക്കുന്നതിനാൽ അവ കുടിക്കുന്നത് കൂടുതലായ നിർജ്ജലീകരണത്തിനു കാരണമായേക്കാം.) മുലകുടിക്കുന്ന കുഞ്ഞുങ്ങൾക്ക് തുടർന്നും മുലപ്പാൽ കൊടുക്കുക. പനി ഉള്ളപ്പോൾ ദഹനപ്രക്രിയ മന്ദഗതിയിലാകും എന്നതിനാൽ ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
അർഥം. ചെറിയ പനി ചികിത്സിക്കുന്നതിന് ചില വൈദ്യശാസ്ത്ര വിദഗ്ധർ പിൻവരുന്ന നിർദേശങ്ങൾ നൽകുന്നു: കുട്ടി കിടക്കുന്ന മുറി സുഖകരമായ തണുപ്പുള്ളതാണെന്ന് ഉറപ്പുവരുത്തുക. കട്ടികുറഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുക. (അമിത ചൂട് പനി കൂടാൻ കാരണമായേക്കാം.) പനി ശരീരത്തിലെ ജലാംശം നഷ്ടപ്പെടാൻ ഇടയാക്കിയേക്കാം എന്നതിനാൽ വെള്ളം, വെള്ളമൊഴിച്ചു നീട്ടിയ ഫ്രൂട്ട് ജ്യൂസ്, സൂപ്പ് എന്നിങ്ങനെയുള്ള പാനീയങ്ങൾ കൂടുതലായി കുടിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.കുട്ടിയുടെ പനി 102 ഡിഗ്രിയിലും കൂടുമ്പോൾ ഡോക്ടറുടെ കുറിപ്പില്ലാതെതന്നെ കിട്ടുന്ന പാരസീറ്റമോളോ ഐബ്യുപ്രൊഫെനോ കൊടുക്കുന്നത് സാധാരണമാണ്. എന്നാൽ കവറിൽ നിർദേശിച്ചിരിക്കുന്ന അളവിൽത്തന്നെ മരുന്ന് കൊടുക്കുന്നതു പ്രധാനമാണ്. (രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്കു ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്നൊന്നും കൊടുക്കരുത്.) പനി കുറയാനുള്ള മരുന്നുകൾ വൈറസിനെ പ്രതിരോധിക്കുന്നില്ല. അതുകൊണ്ട് അവ കുട്ടിയുടെ അസ്വസ്ഥത കുറയ്ക്കുമെന്നല്ലാതെ ജലദോഷവും അതുപോലുള്ള മറ്റു രോഗങ്ങളും വിട്ടുമാറാൻ ഇടയാക്കുകയില്ല. ചില വിദഗ്ധർ 16 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പനി കുറയാനായി ആസ്പിരിൻ കൊടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു. ജീവനു ഭീഷണി ആയേക്കാവുന്ന റേയ്സ് സിൻഡ്രോമുമായി അതിനെ ബന്ധപ്പെടുത്തിയിരിക്കുന്നതിനാലാണ് അത്. c
സ്പഞ്ച് ബാത്ത് നൽകുന്നതും പനി കുറയാൻ സഹായിച്ചേക്കാം: തൊട്ടിയിൽ ഏതാനും സെന്റിമീറ്റർ ചെറുചൂടുവെള്ളം നിറച്ച് കുട്ടിയെ അതിൽ ഇരുത്തുക, എന്നിട്ട് ദേഹം വെള്ളം മുക്കി തുടയ്ക്കുക.
കുട്ടിയെ എപ്പോൾ ഡോക്ടറെ കാണിക്കണം എന്നതു സംബന്ധിച്ച് സഹായകമായ വിവരങ്ങൾ ഒപ്പമുള്ള ചതുരത്തിൽ ഉണ്ട്. വൈറസ് മൂലമുണ്ടാകുന്ന ഡെംഗി, ഇബോള, ടൈഫോയ്ഡ്, മഞ്ഞപ്പനി എന്നിങ്ങനെയുള്ള പനികൾ സാധാരണമായി കാണപ്പെടുന്ന പ്രദേശങ്ങളിൽ വൈദ്യസഹായം തേടുന്നത് വിശേഷിച്ചും പ്രധാനമാണ്.
അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ സാധാരണഗതിയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി കുട്ടിയുടെ അസ്വാസ്ഥ്യങ്ങൾ കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ്. നാഡീ തകരാറോ മരണമോ വരുത്തിവെക്കും വിധം കൂടിയ പനി വളരെ വിരളമായേ വരാറുള്ളു എന്ന് ഓർക്കുക. ഭയപ്പെടുത്തുന്നതെങ്കിലും, പനിയുമായി ബന്ധപ്പെട്ട് വരുന്ന സന്നി പോലും സാധാരണഗതിയിൽ സ്ഥായിയായ ഭവിഷ്യത്തുകൾ വരുത്തിവെക്കുകയില്ല.
തീർച്ചയായും പ്രതിരോധം തന്നെയാണ് ഏറ്റവും ഉത്തമം. രോഗബാധയിൽനിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ രീതികളിൽ ഒന്ന് അടിസ്ഥാന ശുചിത്വം പാലിക്കാൻ അവനെ പഠിപ്പിക്കുക എന്നതാണ്. കൂടെക്കൂടെ കൈകഴുകാൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്—വിശേഷിച്ചും ഭക്ഷണത്തിനു മുമ്പും കക്കൂസിൽ പോയതിനു ശേഷവും ആൾക്കൂട്ടത്തിനിടയിൽ പോകുകയോ വളർത്തു മൃഗങ്ങളെ താലോലിക്കുകയോ ഒക്കെ ചെയ്ത ശേഷവും. എത്രയൊക്കെ സൂക്ഷിച്ചിട്ടും കുട്ടിക്ക് ചെറിയൊരു പനി വരുന്നെങ്കിലോ? അമിതമായി ഉത്കണ്ഠപ്പെടരുത്. നാം കണ്ടുകഴിഞ്ഞതുപോലെ, സുഖം പ്രാപിക്കാൻ കുട്ടിയെ സഹായിക്കുന്നതിന് നിങ്ങൾക്ക് അനവധി കാര്യങ്ങൾ ചെയ്യാനാകും. (g03 12/08)
[അടിക്കുറിപ്പുകൾ]
a ഉപയോഗിക്കുന്ന തെർമോമീറ്റർ ഏതു തരത്തിലുള്ളതാണ് എന്നതിനെയും ശരീരത്തിന്റെ ഏതു ഭാഗത്തു വെച്ചാണ് റീഡിങ് എടുക്കുന്നത് എന്നതിനെയും ആശ്രയിച്ച് ഊഷ്മാവിൽ വ്യത്യാസം കണ്ടേക്കാം.
b പനിയോടൊപ്പം വയറിളക്കവും ഛർദിയും ഉണ്ടെങ്കിൽ നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ കൊടുക്കാവുന്ന ഒരു പാനീയം തയ്യാറാക്കുന്ന വിധം 1995 ഏപ്രിൽ 8 ഉണരുക!യുടെ 11-ാം പേജിൽ കൊടുത്തിട്ടുണ്ട്.
c വൈറസ് ബാധയെ തുടർന്ന് കുട്ടികളിൽ ഉണ്ടാകാവുന്ന ഗുരുതരമായ നാഡീരോഗമാണ് റേയ്സ് സിൻഡ്രോം.
[21-ാം പേജിലെ ചതുരം]
നിങ്ങളുടെ കുട്ടി പിൻവരുന്ന ഏതെങ്കിലും ഗണത്തിൽപ്പെടുന്നെങ്കിൽ ഡോക്ടറെ കാണിക്കുക
◼ മൂന്നു മാസമോ അതിൽ കുറവോ പ്രായം, മലദ്വാരത്തിലെ താപനില 100.4 ഡിഗ്രി ഫാരൻഹൈറ്റോ അതിലധികമോ
◼ പ്രായം മൂന്നു മാസത്തിനും ആറു മാസത്തിനും ഇടയ്ക്ക്, 101 ഡിഗ്രി ഫാരൻഹൈറ്റോ അതിലധികമോ പനി
◼ പ്രായം ആറ് മാസത്തിനു മേലെ, പനി 104 ഡിഗ്രി ഫാരൻഹൈറ്റോ അതിലധികമോ
◼ പാനീയങ്ങൾ കുടിക്കാൻ വിസമ്മതിക്കുകയും നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു
◼ സന്നി ഉണ്ടാകുകയോ കുട്ടി തീർത്തും നിരുന്മേഷവാനായി കാണപ്പെടുകയോ ചെയ്യുന്നു
◼ 72 മണിക്കൂറിനു ശേഷവും പനി വിട്ടുമാറുന്നില്ല
◼ എത്ര ശ്രമിച്ചിട്ടും കരച്ചിൽ അടക്കാനാവുന്നില്ല, കുട്ടി പിച്ചും പേയും പറയുന്നു
◼ ദേഹത്ത് തടിപ്പുകൾ, ശ്വസിക്കാൻ ബുദ്ധിമുട്ട്, വയറിളക്കം, തുടർച്ചയായ ഛർദി എന്നിവ ഉണ്ടെങ്കിൽ
◼ കഴുത്ത് അനക്കാൻ സാധിക്കാതാവുകയോ പെട്ടെന്ന് അതികഠിനമായ തലവേദന ഉണ്ടാകുകയോ ചെയ്യുന്നെങ്കിൽ
[കടപ്പാട്]
ഉറവിടം: അമേരിക്കൻ ബാലചികിത്സാ അക്കാദമി