വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുഞ്ഞുങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും

കുഞ്ഞുങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും

കുഞ്ഞു​ങ്ങ​ളു​ടെ ആവശ്യ​ങ്ങ​ളും ആഗ്രഹ​ങ്ങ​ളും

ജനന സമയം മുതൽ നവജാ​ത​ശി​ശു​വിന്‌ ആർദ്ര​മായ പരിപാ​ലനം ആവശ്യ​മാണ്‌. മൃദു​വാ​യി തലോ​ടു​ന്ന​തും അമ്മയു​ടെ​യും കുഞ്ഞി​ന്റെ​യും ത്വക്കുകൾ തമ്മിൽ സമ്പർക്ക​ത്തിൽ വരത്തക്ക​വണ്ണം ചേർത്തു​പി​ടി​ക്കു​ന്ന​തും ഇതിൽ ഉൾപ്പെ​ടു​ന്നു. ജനന​ശേ​ഷ​മുള്ള ആദ്യത്തെ 12 മണിക്കൂർ നിർണാ​യ​ക​മാ​ണെന്ന്‌ ചില ഡോക്ടർമാർ വിശ്വ​സി​ക്കു​ന്നു. പ്രസവ​ശേഷം ഉടൻതന്നെ അമ്മയ്‌ക്കും കുഞ്ഞി​നും ഏറ്റവും ആവശ്യ​മു​ള്ളത്‌ “ഉറക്കമോ ആഹാര​മോ ഒന്നുമല്ല, മറിച്ച്‌ തലോ​ടു​ന്ന​തും ചേർത്തു​പി​ടി​ക്കു​ന്ന​തും പരസ്‌പരം നോക്കു​ന്ന​തും ശ്രദ്ധി​ക്കു​ന്ന​തും” ആണ്‌ എന്ന്‌ അവർ പറയുന്നു. a

നൈസർഗി​ക​മാ​യി​ത്തന്നെ മാതാ​പി​താ​ക്കൾ തങ്ങളുടെ പിഞ്ചോ​മ​നയെ എടുക്കു​ക​യും ആർദ്ര​ത​യോ​ടെ ആശ്ലേഷി​ക്കു​ക​യും തലോ​ടു​ക​യും ചേർത്തു​പി​ടി​ക്കു​ക​യും ചെയ്യും. അതിന്റെ ഫലമായി അവൻ സുരക്ഷി​ത​ത്വ​ബോ​ധ​ത്തോ​ടെ അവരോട്‌ അടുക്കു​ക​യും അവർ കാണി​ക്കുന്ന ശ്രദ്ധ​യോ​ടു പ്രതി​ക​രി​ക്കു​ക​യും ചെയ്യുന്നു. തങ്ങളുടെ പിഞ്ചു​പൈ​ത​ലിന്‌ ഇടവി​ടാ​തെ ശ്രദ്ധ നൽകാ​നാ​യി ത്യാഗങ്ങൾ ചെയ്യാൻ മാതാ​പി​താ​ക്കൾ സന്നദ്ധരാ​കും​വി​ധം അത്ര ശക്തമാണ്‌ ഈ സ്‌നേ​ഹ​ബന്ധം.

നേരെ മറിച്ച്‌, മാതാ​പി​താ​ക്ക​ളു​ടെ സ്‌നേ​ഹ​ത്തി​ന്റെ മധുരം നുകരാത്ത കുഞ്ഞുങ്ങൾ അക്ഷരാർഥ​ത്തിൽത്തന്നെ വാടി​ത്ത​ളർന്ന്‌ മരിച്ചു​പോ​യേ​ക്കാം. അതു​കൊണ്ട്‌, പിറന്നു​വീണ ഉടൻതന്നെ കുഞ്ഞിനെ അവന്റെ അമ്മയ്‌ക്കു നൽകേ​ണ്ടതു പ്രധാ​ന​മാ​ണെന്ന്‌ ചില ഡോക്ടർമാർ വിശ്വ​സി​ക്കു​ന്നു. പ്രസവ​ശേഷം ഉടൻതന്നെ അമ്മയും കുഞ്ഞും കുറഞ്ഞത്‌ 30 മുതൽ 60 വരെ മിനിട്ടു നേര​ത്തേ​ക്കെ​ങ്കി​ലും സമ്പർക്ക​ത്തിൽ വരാൻ അനുവ​ദി​ക്കേ​ണ്ട​താ​ണെന്ന്‌ അവർ നിർദേ​ശി​ക്കു​ന്നു.

ഇത്തരം സമ്പർക്കം അനുവ​ദി​ക്കേ​ണ്ട​താ​ണെന്ന്‌ ചിലർ ഊന്നി​പ്പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ചില ആശുപ​ത്രി​ക​ളിൽ ഇതു ബുദ്ധി​മു​ട്ടോ അസാധ്യം പോലു​മോ ആയിരു​ന്നേ​ക്കാം. പലപ്പോ​ഴും കുഞ്ഞിന്‌ രോഗ​ബാധ ഉണ്ടാകാ​തി​രി​ക്കു​ന്ന​തിന്‌ അവനെ അമ്മയിൽനി​ന്നും മാറ്റി​ക്കി​ട​ത്തു​ക​യാ​ണു ചെയ്യു​ന്നത്‌. എന്നിരു​ന്നാ​ലും, നവജാ​ത​ശി​ശു​ക്കൾ അമ്മമാ​രോ​ടൊ​പ്പം ആയിരി​ക്കു​ന്നെ​ങ്കിൽ മാരക​മാ​യേ​ക്കാ​വുന്ന രോഗ​ബാ​ധ​ക​ളു​ടെ നിരക്ക്‌ കുറയാൻ ഇടയു​ണ്ടെന്ന്‌ ചില തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. ഇതിന്റെ വെളി​ച്ച​ത്തിൽ കൂടുതൽ ആശുപ​ത്രി​കൾ ജനിക്കുന്ന ഉടനെ അമ്മയു​മാ​യി ഏറെ നേരം സമ്പർക്ക​ത്തിൽ വരാൻ കുഞ്ഞിനെ അനുവ​ദി​ക്കാൻ തയ്യാറാ​കു​ന്നുണ്ട്‌.

സ്‌നേ​ഹ​ബന്ധം സംബന്ധി​ച്ചുള്ള ആശങ്ക

ചില അമ്മമാർക്ക്‌ തങ്ങളുടെ കുഞ്ഞിനെ ആദ്യം കാണു​മ്പോൾ അവനോട്‌ വൈകാ​രി​ക​മാ​യി അടുപ്പം വരുന്നില്ല. അതു​കൊണ്ട്‌, കുഞ്ഞു​മാ​യി ‘അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാൻ എനിക്കു കഴിയാ​തെ വരുമോ?’ എന്ന്‌ ചിലർ ചിന്തി​ക്കു​ന്നു. പ്രഥമ​ദർശ​ന​ത്തിൽത്തന്നെ തന്റെ കുഞ്ഞു​മാ​യി എല്ലാ അമ്മമാ​രും സ്‌നേ​ഹ​ബ​ന്ധ​ത്തി​ലാ​കു​ന്നില്ല എന്നു സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും ഇതിൽ ഉത്‌ക​ണ്‌ഠ​പ്പെ​ടാൻ ഒന്നുമില്ല.

കുഞ്ഞു ജനിച്ച ഉടൻതന്നെ മാതാ​വിന്‌ വാത്സല്യം തോന്നു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും പിന്നീട്‌ അതു പൂർണ​മാ​യി വികാസം പ്രാപി​ക്കുക സാധ്യ​മാണ്‌. “ജനനവു​മാ​യി ബന്ധപ്പെട്ട ഒറ്റപ്പെട്ട ഒരു സാഹച​ര്യം കുട്ടി​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധത്തെ സ്ഥാപി​ക്കു​ക​യോ വിച്ഛേ​ദി​ക്കു​ക​യോ ചെയ്യു​ന്നില്ല” എന്ന്‌ അനുഭ​വ​സ്ഥ​യായ ഒരു മാതാവ്‌ പറയുന്നു. എന്നിരു​ന്നാ​ലും, നിങ്ങൾ ഗർഭവ​തി​യാ​ണെ​ങ്കിൽ, നിങ്ങൾക്ക്‌ ഇത്തരം ഭയാശ​ങ്കകൾ ഉണ്ടെങ്കിൽ നിങ്ങളു​ടെ പ്രസവ ചികി​ത്സാ​വി​ദ​ഗ്‌ധ​നു​മാ​യി ഇക്കാര്യം മുന്നമേ ചർച്ച ചെയ്യു​ന്നത്‌ നന്നായി​രി​ക്കും. നിങ്ങളു​ടെ നവജാത ശിശു​വു​മാ​യി എപ്പോൾ, എത്ര​നേരം ഇടപഴ​കാൻ ആഗ്രഹി​ക്കു​ന്നു​വെന്നു വ്യക്തമാ​യി അറിയി​ക്കുക.

“എന്നോ​ടൊ​ന്നു സംസാ​രി​ക്കൂ!”

ചില പ്രത്യേക ഉദ്ദീപ​ന​ങ്ങ​ളോ​ടു ശിശുക്കൾ പ്രത്യേ​കാൽ സംവേ​ദ​ക​ത്വം പുലർത്തുന്ന ക്ലിപ്‌ത കാലയ​ള​വു​കൾ ഉള്ളതായി കാണ​പ്പെ​ടു​ന്നു. ഈ നിശ്ചിത കാലയ​ള​വു​കൾ കുറച്ചു കഴിയു​മ്പോൾ അവസാ​നി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, കുഞ്ഞിന്റെ പിഞ്ചു തലച്ചോ​റിന്‌ ഒരു ഭാഷ അനായാ​സേന പഠി​ച്ചെ​ടു​ക്കാൻ കഴിയും. ചില​പ്പോൾ ഒന്നിൽ കൂടുതൽ ഭാഷ​പോ​ലും. പക്ഷേ ഭാഷ പഠിക്കാൻ ഏറ്റവും അഭികാ​മ്യ​മായ കാലം കുഞ്ഞിന്‌ ഏതാണ്ട്‌ അഞ്ചുവ​യസ്സ്‌ ആകുന്ന​തോ​ടെ അസ്‌ത​മി​ക്കാൻ തുടങ്ങു​ന്ന​താ​യി കാണുന്നു.

അവന്‌ 12 മുതൽ 14 വരെ വയസ്സാ​കു​മ്പോ​ഴേ​ക്കും ഭാഷ പഠിക്കു​ക​യെ​ന്നത്‌ ഭാരിച്ച ചുമടാ​യി മാറുന്നു. ഈ സമയത്താണ്‌ “തലച്ചോ​റി​ലെ ഭാഷ കൈകാ​ര്യം ചെയ്യുന്ന ഭാഗങ്ങ​ളി​ലുള്ള സിനാ​പ്‌സു​ക​ളു​ടെ എണ്ണവും സാന്ദ്ര​ത​യും കുറയു​ന്നത്‌” എന്ന്‌ ബാല-നാഡീ​രോഗ വിദഗ്‌ധ​നായ പീറ്റർ ഹുട്ടൻലോ​ച്ചർ പറയുന്നു. വ്യക്തമാ​യും ജീവി​ത​ത്തി​ന്റെ ആദ്യത്തെ ഏതാനും വർഷങ്ങൾ ഭാഷാ​പ്രാ​വീ​ണ്യം നേടാൻ പറ്റിയ സമയമാണ്‌!

യുക്തി​ബോ​ധം, തിരി​ച്ച​റിവ്‌ എന്നിവ ഉപയോ​ഗിച്ച്‌ അറിവ്‌ ആർജി​ക്കുന്ന പ്രക്രി​യ​യു​ടെ വികാ​സ​ത്തോ​ടു ബന്ധപ്പെട്ട്‌ വളരെ പ്രാധാ​ന്യ​മുള്ള, സംസാ​രി​ക്കാൻ പഠിക്കു​ക​യെന്ന വൈദ​ഗ്‌ധ്യം കുഞ്ഞുങ്ങൾ നേടി​യെ​ടു​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? പ്രാഥ​മി​ക​മാ​യി ഇത്‌ നേടു​ന്നത്‌ മാതാ​പി​താ​ക്ക​ളു​മാ​യുള്ള വാചി​ക​മായ ഇടപെ​ട​ലു​ക​ളി​ലൂ​ടെ​യാണ്‌. മനുഷ്യ​രിൽനി​ന്നുള്ള ഉദ്ദീപ​ന​ങ്ങ​ളോട്‌ കുഞ്ഞുങ്ങൾ വിശേ​ഷാൽ പ്രതി​ക​രി​ക്കു​ന്നു. “ഒരു ശിശു . . . അതിന്റെ അമ്മയുടെ ശബ്ദം അനുക​രി​ക്കു​ന്നു” എന്ന്‌ മസാച്ചു​സെ​റ്റ്‌സ്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോ​ള​ജി​യി​ലെ ബാരി ആരൻസ്‌ പറയുന്നു. എന്നിരു​ന്നാ​ലും, കുഞ്ഞുങ്ങൾ എല്ലാ ശബ്ദവും അനുക​രി​ക്കി​ല്ലെ​ന്നു​ള്ളത്‌ രസാവ​ഹ​മാണ്‌. “അമ്മയുടെ സംസാ​ര​ത്തി​നൊ​പ്പം​തന്നെ കേൾക്കുന്ന തൊട്ടി​ലി​ന്റെ കിറു​കി​റു ശബ്ദം അവൻ അനുക​രി​ക്കു​ന്നില്ല” എന്ന്‌ ആരൻസ്‌ പറയുന്നു.

മാതാ​പി​താ​ക്കൾ തങ്ങളുടെ കുഞ്ഞു​ങ്ങ​ളോട്‌ ഒരു പ്രത്യേക ശൈലി​യിൽ സംസാ​രി​ക്കുക പതിവാണ്‌. മിക്ക സാംസ്‌കാ​രിക പശ്ചാത്ത​ല​ത്തിൽനി​ന്നു​ള്ള​വ​രും ഇതിന്‌ ഒരേ താളാത്മക രീതി​ത​ന്നെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. മാതാ​വോ പിതാ​വോ സ്‌നേ​ഹ​പൂർവം ശിശു​വി​നോ​ടു സംസാ​രി​ക്കു​മ്പോൾ അവന്റെ ഹൃദയ​മി​ടിപ്പ്‌ വർധി​ക്കു​ന്നു. ഇങ്ങനെ സംസാ​രി​ക്കു​ന്നത്‌ വാക്കു​ക​ളും അവ പ്രതി​നി​ധാ​നം ചെയ്യുന്ന വസ്‌തു​ക്ക​ളും തമ്മിലുള്ള ബന്ധം എളുപ്പം മനസ്സി​ലാ​കാൻ സഹായി​ക്കു​ന്നു​വെന്ന്‌ കരുത​പ്പെ​ടു​ന്നു. ഒരു വാക്കു​പോ​ലും ഉരിയാ​ടാ​തെ കുഞ്ഞ്‌ വിളിച്ചു പറയു​ക​യാണ്‌ “എന്നോ​ടൊ​ന്നു സംസാ​രി​ക്കൂ!” എന്ന്‌.

“എന്നെ​യൊ​ന്നു നോക്കൂ!”

ഒരു ശിശു പിറന്ന​ശേ​ഷ​മുള്ള ആദ്യ വർഷത്തി​ലോ മറ്റോ അവൻ തന്നെ പോറ്റി​വ​ളർത്തുന്ന പ്രായ​പൂർത്തി​യായ ഒരു വ്യക്തി​യു​മാ​യി, സാധാ​ര​ണ​ഗ​തി​യിൽ അമ്മയു​മാ​യി, വൈകാ​രിക അടുപ്പം വളർത്തി​യെ​ടു​ക്കു​ന്ന​താ​യി കണ്ടെത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ വൈകാ​രിക ബന്ധത്തിൽ സുരക്ഷി​ത​ത്വം തോന്നുന്ന ഒരു ശിശു, മാതാ​വു​മാ​യി അല്ലെങ്കിൽ പിതാ​വു​മാ​യി ഉള്ള സ്‌നേ​ഹ​ബ​ന്ധ​ത്തി​ന്റെ സുരക്ഷി​ത​ത്വം ആസ്വദി​ക്കാത്ത കുഞ്ഞു​ങ്ങളെ അപേക്ഷിച്ച്‌ മറ്റുള്ള​വ​രു​മാ​യി ഇണക്കമു​ള്ള​വ​നാ​യി​രി​ക്കും. കുഞ്ഞിന്‌ അമ്മയോ​ടുള്ള ഇത്തരം ആർദ്ര​ബന്ധം മൂന്നു വയസ്സാ​കു​മ്പോ​ഴേ​ക്കും സ്ഥാപി​ച്ചെ​ടു​ത്തി​രി​ക്കേ​ണ്ട​താണ്‌ എന്ന്‌ കരുത​പ്പെ​ടു​ന്നു.

കുഞ്ഞിന്റെ പിഞ്ചു​മ​നസ്സ്‌ ബാഹ്യ​മായ സ്വാധീ​ന​ങ്ങ​ളാൽ ബാധി​ക്ക​പ്പെ​ടാൻ വളരെ​യേറെ സാധ്യ​ത​യുള്ള നിർണാ​യ​ക​മായ ഈ കാലയ​ള​വിൽ അവൻ അവഗണി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കിൽ എന്തു സംഭവി​ച്ചേ​ക്കാം? 267 അമ്മമാ​രെ​യും അവരുടെ കുട്ടി​ക​ളെ​യും 20 വർഷം നിരീ​ക്ഷിച്ച മാർത്ത ഫാരെൽ എറിക്‌സൺ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “കുട്ടി മറ്റുള്ള​വ​രു​മാ​യി ബന്ധം സ്ഥാപി​ക്കു​ന്ന​തി​നോ ലോക പരിചയം നേടു​ന്ന​തി​നോ ഒട്ടും​തന്നെ ആഗ്രഹ​മി​ല്ലാ​ത്ത​വ​നാ​യി തീരുന്ന അളവോ​ളം അവഗണന സാവധാ​നം, തുടർച്ച​യാ​യി അവന്റെ ഊർജ​വും ഉത്സാഹ​വും കാർന്നു​തി​ന്നു​ന്നു.”

കുഞ്ഞുങ്ങൾ വൈകാ​രിക അവഗണന നേരി​ടു​ന്ന​തി​ന്റെ ഗുരു​ത​ര​മായ തിക്തഫ​ല​ങ്ങളെ കുറി​ച്ചുള്ള തന്റെ വീക്ഷണം വിശദീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാഗമാ​യി ടെക്‌സാസ്‌ ചിൽഡ്രൻസ്‌ ഹോസ്‌പി​റ്റ​ലി​ലെ ഡോ. ബ്രൂസ്‌ പെറി ഇപ്രകാ​രം പറയുന്നു: “ആറുമാ​സം പ്രായ​മുള്ള ഒരു ശിശു​വി​നെ എടുത്തിട്ട്‌ ഒന്നുകിൽ അവന്റെ എല്ലുകൾ മുഴു​വ​നും ഒടിക്കുക അല്ലെങ്കിൽ രണ്ടു മാസ​ത്തേക്ക്‌ അവനെ വൈകാ​രി​ക​മാ​യി അവഗണി​ക്കുക ഇതിൽ ഏതെങ്കി​ലും ഒന്നു തിര​ഞ്ഞെ​ടു​ക്കാം എന്ന്‌ നിങ്ങൾ എന്നോടു പറയു​ക​യാ​ണെ​ങ്കിൽ എന്റെ അഭി​പ്രാ​യ​ത്തിൽ അവന്റെ ശരീര​ത്തി​ലെ എല്ലുകൾ മുഴു​വ​നും ഒടിക്കു​ന്ന​താണ്‌ മെച്ചം.” എന്തു​കൊണ്ട്‌? പെറി​യു​ടെ അഭി​പ്രാ​യ​ത്തിൽ, “എല്ലുക​ളു​ടെ പരിക്ക്‌ സുഖ​പ്പെ​ടും. പക്ഷേ രണ്ടുമാ​സം തലച്ചോ​റിന്‌ നിർണാ​യ​ക​മായ ഉദ്ദീപനം കിട്ടാതെ ഒരു ശിശു കഴിയു​ക​യാ​ണെ​ങ്കിൽ അവന്‌ ശരിയാ​യി പ്രവർത്തി​ക്കാത്ത ഒരു തലച്ചോ​റു​മാ​യി എക്കാല​വും ജീവി​ക്കേ​ണ്ടി​വ​രും.” ഇത്തരം ക്ഷതം കേടു​പോ​ക്കാൻ കഴിയാ​ത്ത​താണ്‌ എന്നതി​നോട്‌ എല്ലാവ​രു​മൊ​ന്നും യോജി​ക്കു​ന്നില്ല. എന്നിരു​ന്നാ​ലും, കുഞ്ഞു​മ​ന​സ്സി​ന്റെ വളർച്ച​യ്‌ക്ക്‌ വൈകാ​രി​ക​മാ​യി പരിപു​ഷ്ടി​ദാ​യ​ക​മായ ഒരു ചുറ്റു​പാട്‌ അതി​പ്ര​ധാ​ന​മാ​ണെന്ന്‌ ശാസ്‌ത്രീയ പഠനങ്ങൾ സൂചി​പ്പി​ക്കു​ക​തന്നെ ചെയ്യുന്നു.

“ചുരു​ക്ക​ത്തിൽ, [പൈതങ്ങൾ] സ്‌നേ​ഹി​ക്കാ​നും സ്‌നേ​ഹി​ക്ക​പ്പെ​ടാ​നും” ഉള്ളവരാണ്‌ എന്ന്‌ ശിശുക്കൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. ഒരു കുഞ്ഞു കരയു​മ്പോൾ പലപ്പോ​ഴും അവൻ മാതാ​പി​താ​ക്ക​ളോട്‌ അഭ്യർഥി​ക്കു​ക​യാണ്‌: “എന്നെ​യൊ​ന്നു നോക്കൂ!” എന്ന്‌. മാതാ​പി​താ​ക്കൾ ആർദ്ര​ത​യോ​ടെ ആ വിളി​യോ​ടു പ്രതി​ക​രി​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌. അതി​നോ​ടു പ്രതി​ക​രണം ഉണ്ടാകു​മ്പോൾ തന്റെ ആവശ്യങ്ങൾ മറ്റുള്ള​വരെ അറിയി​ക്കാൻ തനിക്കു കഴിയു​മെന്ന്‌ കുഞ്ഞിനു മനസ്സി​ലാ​കു​ന്നു. അങ്ങനെ അവൻ മറ്റുള്ള​വ​രു​മാ​യി സാമൂ​ഹിക ബന്ധങ്ങൾ രൂപ​പ്പെ​ടു​ത്താൻ പഠിക്കു​ന്നു.

‘ഞാൻ കുഞ്ഞിനെ വഷളാ​ക്കു​ക​യല്ലേ?’

‘കുഞ്ഞു കരയു​മ്പോ​ഴെ​ല്ലാം ഞാൻ പ്രതി​ക​രി​ച്ചാൽ ഞാൻ അവനെ വഷളാ​ക്കു​ക​യല്ലേ?’ ചെയ്യു​ന്നത്‌ എന്നു നിങ്ങൾ ചോദി​ച്ചേ​ക്കാം. ഒരുപക്ഷേ ആയിരി​ക്കാം. ഈ ചോദ്യ​ത്തെ കുറിച്ച്‌ നാനാ​വിധ അഭി​പ്രാ​യ​ങ്ങ​ളുണ്ട്‌. ഓരോ ശിശു​വും വ്യത്യ​സ്‌ത​നാ​യ​തി​നാൽ ഏതു സമീപ​ന​മാണ്‌ ഏറ്റവും ഫലപ്ര​ദ​മെന്ന്‌ സാധാ​ര​ണ​ഗ​തി​യിൽ മാതാ​പി​താ​ക്കൾ തീരു​മാ​നി​ക്കേ​ണ്ട​തുണ്ട്‌. എന്നിരു​ന്നാ​ലും, ഒരു നവജാ​ത​ശി​ശു​വിന്‌ വിശപ്പോ അസുഖ​മോ അസ്വസ്ഥ​ത​യോ അനുഭ​വ​പ്പെ​ടു​മ്പോൾ അവന്റെ ശരീര​ത്തി​ലെ സമ്മർദ​ത്തോ​ടു പ്രതി​ക​രി​ക്കുന്ന സംവി​ധാ​നങ്ങൾ സമ്മർദ ഹോർമോ​ണു​കൾ പുറ​പ്പെ​ടു​വി​ക്കു​ന്നു​വെന്ന്‌ അടുത്ത​കാ​ലത്തെ ചില ഗവേഷ​ണങ്ങൾ സൂചി​പ്പി​ക്കു​ന്നു. അവൻ തന്റെ അസ്വസ്ഥത കരച്ചി​ലി​ലൂ​ടെ പ്രകടി​പ്പി​ക്കു​ന്നു. എന്നാൽ മാതാ​വോ പിതാ​വോ അതി​നോ​ടു പ്രതി​ക​രി​ക്കു​ക​യും അവന്റെ ആവശ്യം സാധി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്യു​മ്പോൾ, സ്വയം ആശ്വാസം കണ്ടെത്താൻ പഠിക്കു​ന്ന​തിന്‌ കുഞ്ഞിനെ സഹായി​ക്കുന്ന കോശ​ശൃം​ഖ​ലകൾ അവന്റെ തലച്ചോ​റിൽ രൂപം​കൊ​ള്ളു​ന്ന​തി​നു തുടക്ക​മി​ടു​ക​യാ​യി​രി​ക്കും അവർ ചെയ്യു​ന്നത്‌ എന്നു പറയ​പ്പെ​ടു​ന്നു. കൂടാതെ, അത്തരം പരിച​രണം ലഭിച്ച ഒരു ശിശു കോർട്ടി​സോൾ എന്ന സമ്മർദ ഹോർമോൺ കുറച്ചേ പുറ​പ്പെ​ടു​വി​ക്കു​ന്നു​ള്ളൂ എന്ന്‌ ഡോ. മഗൻ ഗുന്നർ പറയുന്നു. മാത്രമല്ല, അവൻ അസ്വസ്ഥ​നാ​കു​ന്നെ​ങ്കിൽത്തന്നെ സമ്മർദ പ്രതി​കരണ സംവി​ധാ​ന​ത്തി​ന്റെ പ്രവർത്തനം അവൻ പെട്ടെ​ന്നു​തന്നെ നിറു​ത്തു​ന്നു.

എറിക്‌സൺ ഇപ്രകാ​രം പറയുന്നു. “പ്രത്യേ​കി​ച്ചും ആദ്യത്തെ 6 മുതൽ 8 വരെയുള്ള മാസങ്ങ​ളിൽ സ്ഥിരമാ​യി പ്രതി​ക​രണം ലഭിക്കുന്ന—അതും പെട്ടെ​ന്നു​തന്നെ—കുഞ്ഞുങ്ങൾ വാസ്‌ത​വ​ത്തിൽ, കരയു​മ്പോൾ ശ്രദ്ധി​ക്കാ​തെ വിട്ടേ​ക്കുന്ന കുഞ്ഞു​ങ്ങളെ അപേക്ഷിച്ച്‌ കുറച്ചേ കരയാ​റു​ള്ളൂ.” ഇനി, നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു എന്നതിൽ വ്യത്യാ​സങ്ങൾ വരുത്തു​ന്നത്‌ പ്രധാ​ന​മാണ്‌. കുഞ്ഞു കരയുന്ന എല്ലാ സന്ദർഭ​ങ്ങ​ളി​ലും നിങ്ങൾ ഒരേ രീതി​യി​ലാ​ണു പ്രതി​ക​രി​ക്കു​ന്ന​തെ​ങ്കിൽ, അതായത്‌ അവനെ മുലയൂ​ട്ടു​ക​യോ എടുക്കു​ക​യോ മറ്റോ ചെയ്യു​ന്നെ​ങ്കിൽ, അവൻ വഷളാ​യി​പ്പോ​യേ​ക്കാം. ചില​പ്പോ​ഴൊ​ക്കെ, അവന്റെ കരച്ചിൽ നിങ്ങൾ കേട്ടു എന്ന്‌ നിങ്ങളു​ടെ ശബ്ദം കൊണ്ട്‌ വ്യക്തമാ​ക്കി​യാൽ മതിയാ​യി​രി​ക്കാം. അല്ലെങ്കിൽ കുഞ്ഞിന്റെ അടുത്തു​ചെന്ന്‌ അവന്റെ ചെവി​യിൽ എന്തെങ്കി​ലും മൃദു​വാ​യി മന്ത്രി​ക്കു​ന്നത്‌ ഫലപ്ര​ദ​മാ​യി​രു​ന്നേ​ക്കാം. അതുമ​ല്ലെ​ങ്കിൽ, അവന്റെ പുറത്തോ വയറ്റത്തോ സ്‌പർശി​ക്കു​ന്നത്‌ അവനെ ആശ്വസി​പ്പി​ച്ചേ​ക്കാം.

“കരയുക എന്നത്‌ ഒരു കുഞ്ഞിന്റെ ജോലി​യാണ്‌” പൗരസ്‌ത്യ​ദേ​ശ​ങ്ങ​ളി​ലെ ഒരു പല്ലവി​യാ​ണിത്‌. അതേ, കുഞ്ഞിനെ സംബന്ധി​ച്ചാ​ണെ​ങ്കിൽ അവന്റെ ആഗ്രഹങ്ങൾ അറിയി​ക്കാ​നുള്ള മുഖ്യ മാർഗ​മാണ്‌ കരച്ചിൽ. എന്തെങ്കി​ലും സംഗതി​ക്കാ​യി ആവശ്യ​പ്പെ​ടു​മ്പോ​ഴൊ​ക്കെ നിങ്ങൾ അവഗണി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു​തോ​ന്നും? അപ്പോൾ പരിച​രി​ക്കാൻ ആരുമി​ല്ലെ​ങ്കിൽ തികച്ചും നിസ്സഹാ​യ​നാ​യി​രി​ക്കുന്ന നിങ്ങളു​ടെ കുഞ്ഞിന്‌, അവൻ ശ്രദ്ധകി​ട്ടാ​നാ​യി അതിയാ​യി ആഗ്രഹിച്ച ഓരോ അവസര​ത്തി​ലും ലഭിക്കു​ന്നത്‌ അവഗണന ആണെങ്കി​ലോ? അങ്ങനെ​യെ​ങ്കിൽ, കുഞ്ഞിന്റെ കരച്ചി​ലി​നോ​ടു പ്രതി​ക​രി​ക്കേ​ണ്ടത്‌ ആരായി​രി​ക്കണം?

ശിശു​വി​നെ ആർ പരിച​രി​ക്കണം?

ഐക്യ​നാ​ടു​ക​ളിൽ 54 ശതമാനം കുട്ടി​കൾക്ക്‌ ജനനം​മു​തൽ മൂന്നാം ഗ്രേഡിൽ പഠിക്കുന്ന സമയം​വരെ മാതാ​പി​താ​ക്ക​ള​ല്ലാ​ത്ത​വ​രിൽനിന്ന്‌ ക്രമമാ​യി ഏതെങ്കി​ലും തരത്തി​ലുള്ള പരിച​രണം കിട്ടി​ക്കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌ എന്ന്‌ അടുത്ത​കാ​ലത്തു നടന്ന ഒരു സെൻസസ്‌ വെളി​പ്പെ​ടു​ത്തി. അനേക കുടും​ബ​ങ്ങ​ളിൽ നിത്യ​നി​ദാ​ന​ച്ചെ​ല​വു​കൾക്കാ​യി മാതാ​വി​നും പിതാ​വി​നും ജോലി ചെയ്യേണ്ടി വന്നേക്കാം. അനേകം അമ്മമാർ തങ്ങളുടെ നവജാ​ത​ശി​ശു​വി​നെ ഏതാനും ആഴ്‌ച​ത്തേ​ക്കോ മാസ​ത്തേ​ക്കോ പരിച​രി​ക്കാ​നാ​യി സാധ്യ​മെ​ങ്കിൽ പ്രസവാ​വധി എടുക്കാ​റുണ്ട്‌. എന്നാൽ അതിനു​ശേഷം കുഞ്ഞിനെ ആരാണു പരിച​രി​ക്കാൻ പോകു​ന്നത്‌?

തീർച്ച​യാ​യും, ഇത്തരം തീരു​മാ​ന​ങ്ങളെ ഭരിക്കു​ന്ന​തിന്‌ ഖണ്ഡിത​മായ നിയമങ്ങൾ ഒന്നുമില്ല. എന്നിരു​ന്നാ​ലും, കുഞ്ഞിന്റെ ജീവി​ത​ത്തി​ലെ ഈ നിർണാ​യ​ക​മായ സമയത്ത്‌ അവൻ അപകട​ത്തി​ലാ​കാൻ സാധ്യ​ത​യു​ണ്ടെന്ന്‌ ഓർമ​യിൽ വെക്കു​ന്നതു നല്ലതാണ്‌. മാതാ​വും പിതാ​വും ഒരുമി​ച്ചി​രുന്ന്‌ ഈ സംഗതിക്ക്‌ ഗൗരവ​മായ പരിഗണന നൽകേ​ണ്ട​തുണ്ട്‌. എന്തു​ചെ​യ്യണം എന്നത്‌ തീരു​മാ​നി​ക്കു​മ്പോൾ അവർ സാധ്യ​തകൾ ശ്രദ്ധാ​പൂർവം വിലയി​രു​ത്തണം.

“കുഞ്ഞു​ങ്ങളെ വളർത്താൻ, കിട്ടാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും നല്ല ശിശു​പ​രി​പാ​ലന സംവി​ധാ​നം ഉപയോ​ഗ​പ്പെ​ടു​ത്തി​യാ​ലും മാതാ​വിൽനി​ന്നും പിതാ​വിൽനി​ന്നും അവർക്ക്‌ ആവശ്യ​മാ​യി​രി​ക്കുന്ന സമയത്തിന്‌ അത്‌ പകരമാ​കു​ന്നില്ല എന്ന വസ്‌തുത കൂടുതൽ വ്യക്തമാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌” എന്ന്‌ അമേരി​ക്കൻ ബാലചി​കി​ത്സാ അക്കാദ​മി​യി​ലെ ഡോ. ജോസഫ്‌ സാങ്‌ഗാ പറയുന്നു. ഡേ-കെയർ സെന്ററു​ക​ളി​ലെ ശിശു​ക്കൾക്ക്‌ അവരെ പരിച​രി​ക്കു​ന്ന​വ​രോട്‌ വേണ്ടത്ര ഇടപഴ​കാൻ അവസരം കിട്ടു​ന്നി​ല്ലെന്ന്‌ ചില വിദഗ്‌ധർ ആശങ്ക പ്രകടി​പ്പി​ക്കു​ന്നു.

തങ്ങളുടെ കുഞ്ഞിന്റെ അതി​പ്ര​ധാന ആവശ്യ​ങ്ങളെ കുറിച്ചു ബോധ​മുള്ള ജോലി​ക്കാ​രായ ചില അമ്മമാർ അവന്റെ വൈകാ​രിക പരിപാ​ലനം മറ്റാ​രെ​യെ​ങ്കി​ലും ഏൽപ്പി​ക്കാ​തെ സ്വയം നിർവ​ഹി​ക്കാ​നാ​യി കുട്ടി​യോ​ടൊ​പ്പം വീട്ടി​ലി​രി​ക്കാൻ തീരു​മാ​നി​ച്ചി​ട്ടുണ്ട്‌. ഒരു സ്‌ത്രീ ഇപ്രകാ​രം പറഞ്ഞു: “മറ്റൊരു ജോലി​ക്കും നൽകാൻ കഴിയു​ക​യി​ല്ലെന്ന്‌ ഞാൻ ഉറച്ചു വിശ്വ​സി​ക്കു​ന്ന​തരം സംതൃ​പ്‌തി എനിക്ക്‌ പ്രതി​ഫ​ല​മാ​യി ലഭിച്ചി​രി​ക്കു​ന്നു.” എന്നാൽ സാമ്പത്തിക ബുദ്ധി​മു​ട്ടു​കൾ നിമിത്തം എല്ലാ അമ്മമാർക്കും അത്തരം തീരു​മാ​നങ്ങൾ എടുക്കാൻ കഴിയു​ക​യില്ല എന്നത്‌ ശരിതന്നെ. നിരവധി മാതാ​പി​താ​ക്കൾക്ക്‌ തങ്ങളുടെ കുഞ്ഞു​ങ്ങളെ ഡേ-കെയർ സെന്ററിൽ ആക്കുകയേ നിവൃ​ത്തി​യു​ള്ളൂ. അതു​കൊണ്ട്‌ അവർ കുഞ്ഞു​ങ്ങ​ളു​മാ​യി ഒന്നിച്ചാ​യി​രി​ക്കുന്ന സമയത്ത്‌ അവർക്ക്‌ ശ്രദ്ധയും വാത്സല്യ​വും നൽകാ​നാ​യി അധിക ശ്രമം ചെയ്യുന്നു. അതു​പോ​ലെ​തന്നെ, ജോലി​ക്കാ​രായ, ഒറ്റയ്‌ക്കുള്ള മാതാ​വോ പിതാ​വോ ആയിരി​ക്കുന്ന അനേകർക്ക്‌ ഇക്കാര്യ​ത്തിൽ അധികം തിര​ഞ്ഞെ​ടു​പ്പു​കൾ ഇല്ല. എന്നാൽ, അവർ തങ്ങളുടെ കുട്ടി​കളെ വളരെ​യേറെ ശ്രമം ചെയ്‌ത്‌ വളർത്തി​ക്കൊ​ണ്ടു വരിക​യും നല്ല ഫലങ്ങൾ ആസ്വദി​ക്കു​ക​യും ചെയ്യുന്നു.

കുഞ്ഞു​ങ്ങ​ളെ വളർത്തുക എന്നത്‌ ആവേശ​വും സന്തോ​ഷ​വും നിറഞ്ഞ ഒരു ജോലി ആയിരി​ക്കാൻ കഴിയും. അതേസ​മയം അത്‌ വെല്ലു​വി​ളി നിറഞ്ഞ​തും ധാരാളം സമയവും ശ്രദ്ധയും ആവശ്യ​മു​ള്ള​തു​മായ ഒന്നാണ്‌. നിങ്ങൾക്ക്‌ ഇതിൽ എങ്ങനെ വിജയി​ക്കാൻ കഴിയും? (g03 12/22)

[അടിക്കു​റിപ്പ്‌]

a ഈ ലേഖന പരമ്പര​യിൽ ആദരണീ​യ​രായ ശിശു​പ​രി​പാ​ലന വിദഗ്‌ധ​രു​ടെ വീക്ഷണ​ങ്ങ​ളാണ്‌ ഉണരുക! അവതരി​പ്പി​ക്കു​ന്നത്‌. കാരണം ഇത്തരത്തി​ലുള്ള കണ്ടെത്ത​ലു​കൾ മാതാ​പി​താ​ക്കൾക്ക്‌ പ്രയോ​ജ​ന​പ്ര​ദ​വും വിജ്ഞാ​ന​പ്ര​ദ​വും ആയിരു​ന്നേ​ക്കാം. എന്നിരു​ന്നാ​ലും, ഉണരുക! സംശയ​ലേ​ശ​മെ​ന്യേ ഉയർത്തി​പ്പി​ടി​ക്കുന്ന ബൈബിൾ നിലവാ​ര​ങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ഇത്തരം വീക്ഷണങ്ങൾ പലപ്പോ​ഴും മാറ്റത്തി​നും പുനഃ​പ​രി​ശോ​ധ​ന​യ്‌ക്കും വിധേ​യ​മാ​ണെന്നു മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌.

[6-ാം പേജിലെ ചതുരം/ചിത്രം]

നിശ്ശബ്ദരായ ശിശുക്കൾ

കരയു​ക​യോ ചിരി​ക്കു​ക​യോ ചെയ്യാത്ത ശിശു​ക്ക​ളു​ടെ എണ്ണം വർധിച്ചു വരിക​യാ​ണെന്ന്‌ ജപ്പാനി​ലെ ചില ഡോക്ടർമാർ പറയുന്നു. ശിശു​രോ​ഗ​വി​ദ​ഗ്‌ധ​നായ സാതോ​ഷി യാനാ​ഗി​സാ​വാ അവരെ നിശ്ശബ്ദ​രായ ശിശുക്കൾ എന്നു വിളി​ക്കു​ന്നു. ശിശുക്കൾ തങ്ങളുടെ വികാ​രങ്ങൾ പ്രകടി​പ്പി​ക്കു​ന്നതു നിറു​ത്തു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അവർക്ക്‌ മാതാ​പി​താ​ക്ക​ളു​മാ​യുള്ള സമ്പർക്കം ഇല്ലാതെ വരു​മ്പോ​ഴാണ്‌ ഇത്തര​മൊ​രു അവസ്ഥ സംജാ​ത​മാ​കു​ന്ന​തെന്ന്‌ ചില ഡോക്ടർമാർ വിശ്വ​സി​ക്കു​ന്നു. ഈ അവസ്ഥയെ നിർബ​ന്ധിത നിസ്സഹാ​യത എന്നു വിളി​ക്കു​ന്നു. ആശയവി​നി​മയം നടത്താ​നുള്ള ആവശ്യം സ്ഥിരമാ​യി അവഗണി​ക്ക​പ്പെ​ടു​ക​യോ തെറ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ക​യോ ചെയ്യു​മ്പോൾ ശിശുക്കൾ അതിനാ​യുള്ള പരി​ശ്രമം ക്രമേണ ഉപേക്ഷി​ക്കു​ന്ന​താ​യി ഒരു സിദ്ധാന്തം അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ശിശു​വി​നു തക്കസമ​യത്ത്‌ ഉചിത​മായ ഉദ്ദീപനം നൽകി​യി​ല്ലെ​ങ്കിൽ, മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളും വിഷമ​ങ്ങ​ളും മനസ്സി​ലാ​ക്കാൻ അവനെ പ്രാപ്‌ത​നാ​ക്കുന്ന തലച്ചോ​റി​ന്റെ ഭാഗം വികസി​ക്കാ​തി​രു​ന്നേ​ക്കാം എന്ന്‌ ടെക്‌സാസ്‌ ചിൽഡ്രൻസ്‌ ഹോസ്‌പി​റ്റ​ലി​ലെ മനോ​രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. ബ്രൂസ്‌ പെറി പറയുന്നു. അങ്ങേയ​റ്റത്തെ വൈകാ​രിക അവഗണന സഹി​ക്കേണ്ടി വരു​മ്പോൾ, സമാനു​ഭാ​വം തോന്നാ​നുള്ള പ്രാപ്‌തി പുനഃ​സ്ഥാ​പി​ക്കാൻ കഴിയാ​ത​വണ്ണം നഷ്ടപ്പെട്ടു പോ​യേ​ക്കാം. ചില കേസു​ക​ളിൽ ലഹരി പദാർഥ​ങ്ങൾക്ക്‌ അടിമ​യാ​കു​ന്ന​തും കൗമാ​ര​പ്രാ​യ​ക്കാ​രി​ലെ അക്രമ​മ​നോ​ഭാ​വ​വും ശൈശ​വ​ത്തി​ലെ വൈകാ​രിക അവഗണ​ന​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ ഡോ. പെറി വിശ്വ​സി​ക്കു​ന്നു.

[7-ാം പേജിലെ ചിത്രം]

മാതാപിതാക്കളും കുഞ്ഞും തമ്മിലുള്ള ബന്ധം ആശയവി​നി​മ​യ​ത്തി​ലൂ​ടെ ശക്തമാ​കു​ന്നു