വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പച്ചമരുന്നുകൾ അവയ്‌ക്കു നിങ്ങളെ സഹായിക്കാൻ കഴിയുമോ?

പച്ചമരുന്നുകൾ അവയ്‌ക്കു നിങ്ങളെ സഹായിക്കാൻ കഴിയുമോ?

പച്ചമരു​ന്നു​കൾ അവയ്‌ക്കു നിങ്ങളെ സഹായി​ക്കാൻ കഴിയു​മോ?

പുരാതന കാലം മുതൽതന്നെ ചികി​ത്സ​യ്‌ക്കു പച്ചമരു​ന്നു​കൾ ഉപയോ​ഗി​ച്ചി​രു​ന്നു. പൊ.യു.മു. 16-ാം നൂറ്റാ​ണ്ടിൽ ഈജി​പ്‌തിൽ വിരചി​ത​മായ എയ്‌ബർസ്‌ പപ്പൈ​റസ്‌ വ്യത്യസ്‌ത വ്യാധി​കൾക്കുള്ള നൂറു​ക​ണ​ക്കിന്‌ നാട്ടു​ചി​കി​ത്സകൾ ഉൾക്കാ​ള്ളു​ന്നു. എന്നാൽ സാധാ​ര​ണ​ഗ​തി​യിൽ ഈ ചികി​ത്സാ​രീ​തി തലമു​റ​ക​ളിൽ നിന്നു തലമു​റ​ക​ളി​ലേക്കു വാമൊ​ഴി​യാ​യി കൈമാ​റു​ക​യാ​ണു ചെയ്‌തി​രു​ന്നത്‌.

ഒന്നാം നൂറ്റാ​ണ്ടി​ലെ ഗ്രീക്കു ഭിഷഗ്വ​ര​നായ ഡയസ്‌ക്കോ​റി​ഡിസ്‌ ആണ്‌ പാശ്ചാത്യ പച്ചമരു​ന്നു ചികി​ത്സ​യ്‌ക്കു തുടക്ക​മി​ട്ടത്‌. അദ്ദേഹം രചിച്ച ഡെ മാറ്റെ​ര്യാ മെയ്‌ഡി​ക്കാ എന്ന ഗ്രന്ഥം അടുത്ത 1,600 വർഷത്തെ മുഖ്യ ഔഷധ വിജ്ഞാ​നീ​യ​ഗ്രന്ഥം ആയിരു​ന്നു. ലോക​ത്തി​ന്റെ വ്യത്യസ്‌ത ഭാഗങ്ങ​ളിൽ പരമ്പരാ​ഗത പച്ചമരു​ന്നു ചികിത്സ ഇപ്പോ​ഴും പ്രചാ​ര​ത്തി​ലി​രി​ക്കു​ന്നു. ജർമനി​യിൽ, പച്ചമരു​ന്നു ചികി​ത്സ​യ്‌ക്ക്‌ മുടക്കുന്ന പണം തിരികെ കൊടു​ക്കു​ന്ന​തി​നുള്ള ചില വ്യവസ്ഥകൾ പോലും ഗവൺമെ​ന്റി​ന്റെ ആരോഗ്യ പരിപാ​ടി​യിൽ ഉണ്ട്‌.

പരമ്പരാ​ഗത, നാട്ടു​ചി​കി​ത്സ​ക​ളിൽ ഉപയോ​ഗി​ക്കുന്ന ഔഷധ സസ്യങ്ങൾ ആധുനിക ഔഷധ നിർമാണ കമ്പനി​ക​ളു​ടെ മരുന്നു​കളെ അപേക്ഷിച്ച്‌ കൂടുതൽ സുരക്ഷി​ത​മാ​ണെന്ന്‌ പൊതു​വേ കരുതാ​റു​ണ്ടെ​ങ്കി​ലും അവ അപകട​വി​മു​ക്ത​മാ​ണെന്ന്‌ പറയാൻ കഴിയില്ല. ഇതു പിൻവ​രുന്ന ചോദ്യ​ങ്ങൾ ഉയർത്തു​ന്നു: പച്ചമരു​ന്നു ചികിത്സ സംബന്ധിച്ച്‌ എന്തു മുൻക​രു​ത​ലു​ക​ളും ശുപാർശ​ക​ളും മനസ്സിൽ പിടി​ക്കേ​ണ്ട​തുണ്ട്‌? ഒരു പ്രത്യേക ചികിത്സാ സമ്പ്രദാ​യം കൂടുതൽ മെച്ചമാ​യി​രു​ന്നേ​ക്കാ​വുന്ന ഏതെങ്കി​ലും സാഹച​ര്യം ഉണ്ടോ? a

ഔഷധി​കൾക്കു സഹായി​ക്കാ​നാ​കുന്ന വിധം

ഔഷധി​കൾക്ക്‌ ചികി​ത്സാ​പ​ര​മായ ധാരാളം ഗുണങ്ങൾ ഉള്ളതായി പറയ​പ്പെ​ടു​ന്നു. ചില ചെടികൾ അണുബാ​ധയെ ചെറു​ക്കാൻ ശരീരത്തെ സഹായി​ക്കു​ന്ന​താ​യി കരുത​പ്പെ​ടു​ന്നു. മറ്റു ചിലതാ​കട്ടെ ദഹനക്കു​റവ്‌, മലബന്ധം എന്നിവ സുഖ​പ്പെ​ടു​ത്തു​ന്ന​താ​യും ശാന്തത കൈവ​രി​ക്കാൻ സഹായി​ക്കു​ന്ന​താ​യും ഗ്രന്ഥി​ക​ളു​ടെ പ്രവർത്ത​നത്തെ ക്രമ​പ്പെ​ടു​ത്തു​ന്ന​താ​യും പറയ​പ്പെ​ട്ടി​രി​ക്കു​ന്നു.

പച്ചമരു​ന്നു​കൾക്ക്‌ പോഷ​ക​മൂ​ല്യ​വും ഔഷധ​മൂ​ല്യ​വും ഉണ്ടാകാം. ഉദാഹ​ര​ണ​ത്തിന്‌, പാർസ്‌ലേ പോലുള്ള ചെടികൾ മൂത്ര​വർധ​ക​ങ്ങ​ളാ​യി പ്രയോ​ജ​ന​പ്പെ​ടു​ന്നു. ഇവ പൊട്ടാ​സ്യ​ത്തി​ന്റെ വലിയ ശേഖര​ങ്ങ​ളു​മാണ്‌. ഈ പൊട്ടാ​സ്യം ശേഖരം മൂത്ര​ത്തി​ലൂ​ടെ നഷ്ടപ്പെ​ടുന്ന നിർണാ​യ​ക​മായ ഈ മൂലക​ത്തി​ന്റെ കുറവ്‌ പരിഹ​രി​ക്കു​ന്നു. സമാന​മാ​യി, ശമനൗ​ഷധം എന്ന നിലയിൽ ഏറെക്കാ​ല​മാ​യി ഉപയോ​ഗി​ച്ചു​വ​രുന്ന വലേറി​യൻ ചെടി (വലേറി​യാന ഒഫീഷ്യ​ന​ലിസ) കാൽസ്യ​ത്താൽ സമ്പുഷ്ട​മാണ്‌. ഇവയിലെ കാൽസ്യം നാഡി​കളെ ശാന്തമാ​ക്കാ​നുള്ള ഇതിന്റെ കഴിവിന്‌ ആക്കംകൂ​ട്ടു​ന്ന​താ​യി കരുത​പ്പെ​ടു​ന്നു.

പച്ചമരു​ന്നു​കൾ ഉപയോ​ഗി​ക്കാ​വുന്ന വിധങ്ങൾ

ഔഷധ​പാ​നീ​യങ്ങൾ, കഷായം, റ്റിങ്‌ക്‌ചർ, ലേപനൗ​ഷധം തുടങ്ങി പല വിധങ്ങ​ളിൽ ഔഷധി​കൾ ഉപയോ​ഗി​ക്കാം. ഔഷധി​യു​ടെ​മേൽ തിളച്ച വെള്ളം പകർന്നാണ്‌ ഔഷധ​പാ​നീ​യങ്ങൾ നിർമി​ക്കു​ന്നത്‌. എന്നാൽ ഈ ചെടികൾ വെള്ളത്തി​ലി​ട്ടു തിളപ്പി​ക്ക​രു​തെ​ന്നാണ്‌ അധികൃ​തർ പറയു​ന്നത്‌. ഔഷധ​ച്ചെ​ടി​ക​ളു​ടെ വേരും തൊലി​യും മറ്റും വെള്ളത്തി​ലി​ട്ടു തിളപ്പിച്ച്‌ അവയിലെ സജീവ ഘടകങ്ങളെ വേർതി​രി​ച്ചാണ്‌ കഷായങ്ങൾ ഉണ്ടാക്കു​ന്നത്‌.

എങ്ങനെ​യാണ്‌ റ്റിങ്‌ക്‌ച​റു​കൾ നിർമി​ക്കു​ന്നത്‌? ഒരു പുസ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്‌ ഇവ “ബ്രാണ്ടി​യും വോഡ്‌ക​യും പോലുള്ള മദ്യത്തി​ന്റെ—അത്‌ ശുദ്ധമോ നേർപ്പി​ച്ച​തോ ആകാം—സഹായ​ത്താൽ തയ്യാറാ​ക്കുന്ന ഔഷധ​സ​ത്താണ്‌.” ലേപനൗ​ഷ​ധങ്ങൾ പല വിധങ്ങ​ളിൽ തയ്യാറാ​ക്കാം. അണുബാ​ധ​യോ വേദന​യോ ഉള്ള ശരീര​ഭാ​ഗ​ങ്ങ​ളിൽ പുരട്ടാ​നാണ്‌ അവ ഉപയോ​ഗി​ക്കാ​റു​ള്ളത്‌.

പല ജീവക​ങ്ങ​ളിൽ നിന്നും ഔഷധ​ങ്ങ​ളിൽ നിന്നും വ്യത്യ​സ്‌ത​മാ​യി, മിക്ക ഔഷധി​ക​ളും ഭക്ഷണമാ​യാണ്‌ പരിഗ​ണി​ക്ക​പ്പെ​ടു​ന്നത്‌, മിക്ക​പ്പോ​ഴും വെറും വയറ്റിൽ കഴിക്കാ​റു​മുണ്ട്‌. കൂടുതൽ സൗകര്യ​പ്ര​ദ​മാ​യി അവ ക്യാപ്‌സൂ​ളു​ക​ളാ​യും ഉപയോ​ഗി​ക്കാം. അങ്ങനെ​യാ​കു​മ്പോൾ ഉള്ളി​ലേക്ക്‌ ഇറക്കാ​നുള്ള വലിയ ബുദ്ധി​മു​ട്ടും ഒഴിവാ​യി കിട്ടും. നിങ്ങൾ പച്ചമരു​ന്നു കഴിക്കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ വിദഗ്‌ധ മാർഗ​നിർദേശം തേടു​ന്നതു ജ്ഞാനമാ​യി​രി​ക്കും.

പരമ്പരാ​ഗ​ത​മാ​യി ജലദോ​ഷം, ദഹന​ക്കേട്‌, മലബന്ധം, ഉറക്കമി​ല്ലായ്‌മ, മനംപി​രട്ടൽ എന്നിവ​യ്‌ക്കു പ്രതി​വി​ധി​യാ​യി പച്ചമരു​ന്നു​കൾ നിർദേ​ശി​ക്കാ​റുണ്ട്‌. എന്നാൽ ചില​പ്പോൾ ഗുരു​ത​ര​മായ രോഗങ്ങൾ ചികി​ത്സി​ക്കാ​നും ഇവ ഉപയോ​ഗി​ക്കു​ന്നു—രോഗ​ശ​മ​ന​ത്തി​നു മാത്രമല്ല, പ്രതി​രോ​ധ​ത്തി​നും. ഉദാഹ​ര​ണ​ത്തിന്‌, ജർമനി​യി​ലും ഓസ്‌ട്രി​യ​യി​ലും പ്രോ​സ്റ്റെ​യ്‌റ്റ്‌ ഗ്രന്ഥി​യു​ടെ നിർദോ​ഷ​ക​ര​മായ വീക്കത്തിന്‌ പ്രാഥ​മിക ചികി​ത്സ​യാ​യി സോ പാൽമെ​റ്റോ (സെറെ​നോവ റെപെൻസ്‌) എന്ന പച്ചമരുന്ന്‌ ഉപയോ​ഗി​ച്ചു​വ​രു​ന്നു. ചില രാജ്യ​ങ്ങ​ളിൽ 50 മുതൽ 60 വരെ ശതമാനം പുരു​ഷ​ന്മാ​രെ​യും ഈ രോഗം ബാധി​ക്കാ​റുണ്ട്‌. എന്നിരു​ന്നാ​ലും കാൻസ​റി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ കൂടുതൽ തീവ്ര​മായ ചികിത്സ ആവശ്യ​മി​ല്ലെന്ന്‌ ഉറപ്പാ​ക്കാൻ വീക്കത്തി​ന്റെ കാരണം ഒരു ഡോക്ട​റെ​ക്കൊ​ണ്ടു പരി​ശോ​ധി​പ്പി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌.

ചില മുന്നറി​യി​പ്പു​കൾ

ഒരു പച്ചമരുന്ന്‌ അപകട​കാ​രി​യ​ല്ലെന്ന്‌ പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നെ​ങ്കിൽ പോലും മുൻക​രു​തൽ ആവശ്യ​മാണ്‌. ഒരു ഉത്‌പ​ന്ന​ത്തി​ന്മേൽ “പ്രകൃ​തി​ദത്തം” എന്ന ലേബൽ ഉണ്ടെന്ന കാരണ​ത്താൽ ജാഗ്രത വെടി​യ​രുത്‌. ഔഷധി​ക​ളെ​ക്കു​റി​ച്ചുള്ള ഒരു വിജ്ഞാ​ന​കോ​ശം പറയുന്നു: “ചില പച്ചമരു​ന്നു​കൾ തീർത്തും ഹാനി​ക​ര​മാണ്‌ എന്നതാണ്‌ ഇതു സംബന്ധിച്ച അസുഖ​ക​ര​മായ വസ്‌തുത. [ഖേദക​ര​മെന്നു പറയട്ടെ] ചില ആളുകൾ യാതൊ​രു പച്ചമരു​ന്നി​ന്റെ​യും—അവ ഹാനി​ക​ര​മോ ഹാനി​ര​ഹി​ത​മോ ആയി​ക്കൊ​ള്ളട്ടെ—ഉപയോ​ഗം സംബന്ധി​ച്ചു വേണ്ടത്ര ശ്രദ്ധയു​ള്ള​വരല്ല.” ഔഷധി​ക​ളി​ലെ രാസസം​യു​ക്ത​ങ്ങൾക്ക്‌ ഹൃദയ​മി​ടിപ്പ്‌, രക്തസമ്മർദം, ഗ്ലൂക്കോ​സി​ന്റെ അളവ്‌ എന്നിവ​യിൽ മാറ്റം വരുത്താൻ കഴിയും. തന്നിമി​ത്തം ഹൃദയ സംബന്ധ​മായ പ്രശ്‌ന​ങ്ങ​ളോ ഉയർന്ന രക്തസമ്മർദ​മോ പ്രമേഹം പോലെ രക്തത്തിലെ പഞ്ചസാ​ര​യു​ടെ അളവു സംബന്ധിച്ച ക്രമ​ക്കേ​ടു​ക​ളോ ഉള്ളവർ വിശേ​ഷി​ച്ചും ശ്രദ്ധയു​ള്ളവർ ആയിരി​ക്കണം.

എന്നാൽ മിക്ക​പ്പോ​ഴും പച്ചമരു​ന്നു​ക​ളു​ടെ പാർശ്വ​ഫ​ലങ്ങൾ അലർജി​ജന്യ രോഗ​ങ്ങ​ളിൽ പരിമി​ത​പ്പെ​ടു​ന്നു. ഇവയിൽ തലവേദന, തലചുറ്റൽ, മനംപി​രട്ടൽ, ചൊറി​ഞ്ഞു​ത​ടി​ക്കൽ തുടങ്ങി​യവ ഉൾപ്പെ​ടു​ന്നു. പനിയോ മറ്റു രോഗ​ല​ക്ഷ​ണ​ങ്ങ​ളോ ഉളവാ​ക്കി​ക്കൊണ്ട്‌ പച്ചമരു​ന്നു​കൾ ഒരു “സൗഖ്യ​മാ​ക്കൽ പ്രതി​സന്ധി” സൃഷ്ടി​ക്കു​ന്നു എന്നും പറയ​പ്പെ​ടു​ന്നു. അവ കഴിക്കുന്ന ഒരാളു​ടെ രോഗം ശമിക്കു​ന്ന​തി​നു മുമ്പ്‌ വഷളാ​കു​ന്ന​താ​യി കാണ​പ്പെ​ട്ടേ​ക്കാം. പച്ചമരു​ന്നു ചികി​ത്സ​യു​ടെ ആദ്യഘ​ട്ട​ത്തിൽ ശരീര​ത്തി​ലെ വിഷമാ​ലി​ന്യ​ങ്ങൾ നീക്കം ചെയ്യ​പ്പെ​ടു​ന്ന​തു​കൊ​ണ്ടാണ്‌ ഈ പ്രതി​പ്ര​വർത്തനം ഉണ്ടാകു​ന്ന​തെ​ന്നാണ്‌ പൊതു​വേ​യുള്ള നിഗമനം.

പച്ചമരു​ന്നു​ക​ളു​ടെ ഉപയോ​ഗം ചില​പ്പോ​ഴൊ​ക്കെ ആളുക​ളു​ടെ മരണത്തി​നി​ട​യാ​ക്കി​യി​ട്ടുണ്ട്‌ എന്ന വസ്‌തുത മുൻക​രു​ത​ലി​ന്റെ​യും ശരിയായ മാർഗ​നിർദേ​ശ​ത്തി​ന്റെ​യും ആവശ്യ​ക​ത​യ്‌ക്ക്‌ അടിവ​ര​യി​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, തൂക്കം കുറയ്‌ക്കു​ന്ന​തിന്‌ സാധാ​ര​ണ​മാ​യി ഉപയോ​ഗി​ക്കുന്ന എഫെഡ്ര രക്തസമ്മർദം ഉയർത്തു​ന്നു. സാൻഫ്രാൻസി​സ്‌കോ​യി​ലെ ഒരു പതോ​ള​ജി​സ്റ്റായ സ്റ്റീവൻ കാർച്ച്‌ പറയു​ന്നത്‌, “എന്റെ അറിവിൽ [എഫെഡ്ര കഴിച്ച​തി​നെ തുടർന്നു] മരിച്ചി​ട്ടു​ള്ളവർ എല്ലാം​തന്നെ ഒന്നുകിൽ ഗുരു​ത​ര​മായ ഹൃദയ​ധ​മ​നീ​രോ​ഗം ബാധി​ച്ച​വ​രാ​യി​രു​ന്നു അല്ലെങ്കിൽ മരുന്ന്‌ കണക്കി​ല​ധി​കം കഴിച്ചി​രു​ന്നു” എന്നാണ്‌. എന്നിരു​ന്നാ​ലും ഐക്യ​നാ​ടു​ക​ളിൽ എഫെഡ്ര ഉത്‌പ​ന്ന​ങ്ങ​ളോ​ടു ബന്ധപ്പെട്ട്‌ നൂറി​ല​ധി​കം മരണങ്ങൾ റിപ്പോർട്ടു ചെയ്യ​പ്പെ​ട്ടി​ട്ടുണ്ട്‌.

പച്ചമരു​ന്നു പോഷ​ക​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു ഗ്രന്ഥം രചിച്ചി​ട്ടുള്ള ഡോ. ലോഗൻ ചേംബർലെയ്‌ൻ പറയുന്നു: “പച്ചമരുന്ന്‌ ഉപയോ​ഗ​ത്തി​ന്റെ ദോഷ​ഫ​ല​ങ്ങ​ളെ​ക്കു​റിച്ച്‌ സമീപ വർഷങ്ങ​ളിൽ റിപ്പോർട്ടു​ചെ​യ്‌തി​ട്ടുള്ള മിക്കവാ​റും എല്ലാ സംഭവ​ങ്ങ​ളും മാർഗ​നിർദേ​ശങ്ങൾ അനുവർത്തി​ക്കാ​തി​രു​ന്നതു കൊണ്ട്‌ ഉണ്ടായ​താണ്‌. . . . ആശ്രയ​യോ​ഗ്യ​മായ ഉത്‌പ​ന്ന​ങ്ങ​ളു​ടെ​മേൽ കൊടു​ക്കുന്ന ഡോ​സേജ്‌ നിർദേ​ശങ്ങൾ സുരക്ഷി​ത​വും ഭദ്രവു​മാണ്‌. യോഗ്യ​ത​യുള്ള ഒരു പച്ചമരു​ന്നു ചികി​ത്സ​കന്റെ നിർദേ​ശ​പ്ര​കാ​രമേ അവയ്‌ക്ക്‌ എന്തെങ്കി​ലും വ്യത്യാ​സം വരുത്താ​വൂ.”

പച്ചമരു​ന്നു ചികി​ത്സ​ക​യായ ലിൻഡാ പേയ്‌ജ്‌ ഈ മുന്നറി​യിപ്പ്‌ നൽകുന്നു: “ഗുരു​ത​ര​മായ അവസ്ഥയിൽ പോലും മിതമായ അളവിലേ കഴിക്കാ​വൂ. കൂടുതൽ സമയ​മെ​ടു​ത്തു ചെയ്യുന്ന ചികി​ത്സ​യിൽ നിന്നാണു കൂടുതൽ അഭികാ​മ്യ​മായ ഫലം ലഭിക്കു​ന്നത്‌. ആരോ​ഗ്യം പുനഃ​സ്ഥി​തീ​ക​രി​ക്കാൻ തീർച്ച​യാ​യും സമയ​മെ​ടു​ക്കും.”

ഔഷധ​സ​സ്യ ശാസ്‌ത്ര​ത്തെ​ക്കു​റി​ച്ചുള്ള ഒരു ഗ്രന്ഥം പറയു​ന്ന​ത​നു​സ​രിച്ച്‌ ചില പച്ചമരു​ന്നു​കൾ കൂടു​ത​ലാ​യി ഉള്ളിൽച്ചെ​ന്നാൽ അവ സ്വയം പ്രതി​പ്ര​വർത്തി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ശരീര​ത്തിന്‌ അയവു കിട്ടാൻ കഴിക്കുന്ന ഒരു പച്ചമരുന്ന്‌ ആവശ്യ​ത്തി​ല​ധി​കം ഉള്ളിൽച്ചെ​ന്നാൽ അതു ഛർദിച്ചു പൊയ്‌ക്കൊ​ള്ളും. എന്നാൽ എല്ലാ പച്ചമരു​ന്നു​കൾക്കും ഈ സവി​ശേഷത ഇല്ല എന്നത്‌ സുരക്ഷി​ത​മായ അളവിന്റെ ആവശ്യകത എടുത്തു​കാ​ട്ടു​ന്നു.

എന്നിരു​ന്നാ​ലും, ഒരു ഔഷധി ഫലിക്ക​ണ​മെ​ങ്കിൽ ശരിയായ രൂപത്തിൽ, മതിയായ അളവിൽ കഴി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ പലരും വിശ്വ​സി​ക്കു​ന്നു. ചില​പ്പോൾ അതിനുള്ള ഒരേ​യൊ​രു മാർഗം മരുന്നു​സത്ത്‌ കഴിക്കു​ക​യാണ്‌. ഓർമ​ശക്തി മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നും രക്തചം​ക്ര​മണം വർധി​പ്പി​ക്കു​ന്ന​തി​നും ദീർഘ​കാ​ല​മാ​യി ഉപയോ​ഗ​ത്തി​ലുള്ള ജിങ്കോ ബൈ​ലോബ അത്തരത്തി​ലാണ്‌ ഉപയോ​ഗി​ക്കാ​റു​ള്ളത്‌. കാരണം ഫലകര​മായ ഒരൊറ്റ ഡോസി​നു​തന്നെ പൗണ്ട്‌ കണക്കിന്‌ ഇല വേണ്ടി​വ​രും.

അപകട​ക​ര​മാ​യേ​ക്കാ​വുന്ന മിശ്രി​തം

പച്ചമരു​ന്നു​കൾക്ക്‌ മറ്റ്‌ ഔഷധ​ങ്ങ​ളു​മാ​യി വ്യത്യസ്‌ത വിധങ്ങ​ളിൽ പ്രതി​പ്ര​വർത്തി​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, സാധാ​ര​ണ​യിൽ കവിഞ്ഞ വേഗത്തിൽ ശരീര​ത്തിൽനി​ന്നു പുറന്ത​ള്ള​പ്പെ​ടു​ന്ന​തിന്‌ ഇടയാ​ക്കി​ക്കൊ​ണ്ടോ പാർശ്വ​ഫല സാധ്യ​തകൾ വർധി​പ്പി​ച്ചു​കൊ​ണ്ടോ ഇതര ഔഷധ​ങ്ങ​ളു​ടെ വീര്യം കൂട്ടാ​നോ കുറയ്‌ക്കാ​നോ അവയ്‌ക്കു കഴിയും. ജർമനി​യിൽ, ചെറിയ തോതി​ലുള്ള വിഷാ​ദ​രോ​ഗ​ത്തിന്‌ നിർദേ​ശി​ക്കാ​റുള്ള സെന്റ്‌ ജോൺസ്‌ വോർട്ട്‌ എന്ന മൂലിക ഇതര ഔഷധങ്ങൾ ഇരട്ടി വേഗത്തിൽ പുറന്ത​ള്ള​പ്പെ​ടാൻ ഇടയാ​ക്കി​ക്കൊണ്ട്‌ അവയുടെ ശേഷി കുറയ്‌ക്കു​ന്നു. അതു​കൊണ്ട്‌, നിങ്ങൾ ജനന നിയന്ത്രണ ഗുളി​കകൾ ഉൾപ്പെ​ടെ​യുള്ള ആധുനിക മരുന്നു​കൾ കഴിക്കു​ന്നു​ണ്ടെ​ങ്കിൽ പച്ചമരു​ന്നു​കൾ ഉപയോ​ഗി​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങളു​ടെ ഡോക്ട​റു​ടെ നിർദേശം തേടേ​ണ്ട​താണ്‌.

പച്ചമരു​ന്നു​ക​ളു​ടെ സൗഖ്യ​മാ​ക്കൽ പ്രാപ്‌തി​യെ കുറി​ച്ചുള്ള ഒരു ഗ്രന്ഥം ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ലഹരി പാനീ​യങ്ങൾ, മാരി​ഹ്വാ​ന, കൊ​ക്കെയ്‌ൻ, വികാ​ര​മാ​റ്റം വരുത്തുന്ന മറ്റു മയക്കു​മ​രു​ന്നു​കൾ, പുകയില എന്നിവ ചില ഔഷധ സസ്യങ്ങ​ളു​മാ​യി മിശ്രണം ചെയ്‌താൽ ഉണ്ടാകുന്ന പ്രതി​പ്ര​വർത്തനം ജീവനു​തന്നെ ഭീഷണി ഉയർത്താൻ പോന്ന​താണ്‌. . . . സാമാ​ന്യ​ബോ​ധ​മുള്ള ഒരു വ്യക്തി [അത്തരം മയക്കു​മ​രു​ന്നു​കൾ] ഒഴിവാ​ക്കും, വിശേ​ഷിച്ച്‌ രോഗാ​വ​സ്ഥ​യിൽ.” മാത്രമല്ല, ഗർഭി​ണി​ക​ളും മുലയൂ​ട്ടുന്ന അമ്മമാ​രും ഈ ഉപദേശം ഗൗരവ​ബു​ദ്ധ്യാ പരിഗ​ണി​ക്കേ​ണ്ട​താണ്‌. തീർച്ച​യാ​യും, പുകയി​ല​യു​ടെ​യും ആസക്തി ഉളവാ​ക്കുന്ന മയക്കു​മ​രു​ന്നി​ന്റെ​യും സംഗതി​യിൽ ‘ജഡത്തി​ലെ​യും ആത്മാവി​ലെ​യും സകല കന്മഷവും നീക്കി [നിങ്ങ​ളെ​ത്തന്നെ] വെടി​പ്പാ​ക്കി’ സൂക്ഷി​ക്കാ​നുള്ള ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം പിൻപ​റ്റു​ന്ന​തി​ലൂ​ടെ ക്രിസ്‌ത്യാ​നി​കൾ സംരക്ഷി​ക്ക​പ്പെ​ടു​ന്നു.—2 കൊരി​ന്ത്യർ 7:1.

ഒരു പരാമർശ ഗ്രന്ഥം പച്ചമരു​ന്നു​കളെ കുറിച്ച്‌ ഈ മുന്നറി​യി​പ്പു നൽകുന്നു: “നിങ്ങൾ പച്ചമരു​ന്നു കഴിക്കുന്ന കാലത്താണ്‌ ഗർഭി​ണി​യാ​കു​ന്ന​തെ​ങ്കിൽ അത്‌ ഡോക്ടറെ അറിയി​ക്കുക, അതേക്കു​റിച്ച്‌ ഡോക്ട​റോ​ടു ചർച്ച ചെയ്യു​ന്ന​തു​വരെ മരുന്നു​പ​യോ​ഗം നിറു​ത്തുക. എത്രകാ​ലം അതു കഴി​ച്ചെ​ന്നും ഏതളവി​ലാണ്‌ കഴിച്ച​തെ​ന്നും ഓർക്കാൻ ശ്രമി​ക്കുക.”

“[പച്ചമരു​ന്നു​കൾ ഉപയോ​ഗി​ച്ചുള്ള] സ്വയം ചികി​ത്സ​യു​ടെ അപകടങ്ങൾ പലതാണ്‌,” ഔഷധ​സ​സ്യ​ങ്ങളെ കുറി​ച്ചുള്ള ഒരു വിജ്ഞാ​ന​കോ​ശം പറയുന്നു. ഇതോ​ടൊ​പ്പ​മുള്ള “സ്വയം ചികി​ത്സ​യു​ടെ അപകടങ്ങൾ” എന്ന ചതുര​ത്തിൽ, പച്ചമരുന്ന്‌ ഉപയോ​ഗം നിമിത്തം ഉണ്ടാകാ​നി​ട​യുള്ള അപകട​ങ്ങളെ കുറിച്ച്‌ നിങ്ങൾക്കു കാണാം.

ഏത്‌ ആരോഗ്യ രക്ഷാ ഉത്‌പ​ന്ന​വു​മെ​ന്ന​പോ​ലെ പച്ചമരു​ന്നു​ക​ളും ശ്രദ്ധ​യോ​ടും പരിജ്ഞാ​ന​ത്തോ​ടും സമനി​ല​യോ​ടും കൂടി കൈകാ​ര്യം ചെയ്യേ​ണ്ട​താണ്‌—ചില രോഗങ്ങൾ ഇപ്പോൾ യാതൊ​രു വിധത്തി​ലും സുഖ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും ഓർക്കുക. ദൈവ​രാ​ജ്യ​ത്തി​ലെ നന്മനിറഞ്ഞ ഭരണത്തിൻകീ​ഴിൽ രോഗ​ത്തി​ന്റെ​യും മരണത്തി​ന്റെ​യും കാരണം​തന്നെ—ആദ്യമാ​താ​പി​താ​ക്ക​ളിൽനി​ന്നു നമുക്കു ലഭിച്ചി​രി​ക്കുന്ന അപൂർണത—പൂർണ​മാ​യും തുടച്ചു നീക്ക​പ്പെ​ടുന്ന സമയത്തി​നാ​യി സത്യ​ക്രി​സ്‌ത്യാ​നി​കൾ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു.—റോമർ 5:12; വെളി​പ്പാ​ടു 21:3-5. (g03 12/22)

[അടിക്കു​റിപ്പ്‌]

a ഉണരുക! ഒരു വൈദ്യ​ശാ​സ്‌ത്ര പത്രിക അല്ലാത്ത​തു​കൊണ്ട്‌ ഏതെങ്കി​ലും പ്രത്യേക ചികി​ത്സ​യോ, ഭക്ഷണ​ക്ര​മ​മോ ശുപാർശ ചെയ്യു​ന്നില്ല, അവ പച്ചമരു​ന്നു​ക​ളാ​ണെ​ങ്കി​ലും അല്ലെങ്കി​ലും. ഈ ലേഖന​ത്തി​ലെ വിവരങ്ങൾ പൊതു​വി​ജ്ഞാ​ന​ത്തി​നു വേണ്ടി മാത്ര​മു​ള്ള​താണ്‌. ആരോ​ഗ്യ​പ​ര​വും ചികിത്സാ സംബന്ധ​വു​മായ കാര്യങ്ങൾ വായന​ക്കാർ സ്വയം തീരു​മാ​നി​ക്കേ​ണ്ട​താണ്‌.

[26-ാം പേജിലെ ചതുരം]

സ്വയം ചികി​ത്സ​യു​ടെ അപകടങ്ങൾ

യോഗ്യ​രായ വിദഗ്‌ധ​രു​ടെ സഹായം കൂടാ​തെ​യുള്ള പച്ചമരുന്ന്‌ ഉപയോ​ഗം നിമിത്തം ഉണ്ടാകുന്ന അപകട​ങ്ങ​ളാണ്‌ തുടർന്നു പ്രതി​പാ​ദി​ക്കു​ന്നത്‌.

രോഗത്തിന്റെ യഥാർഥ കാരണം തിരി​ച്ച​റി​യാൻ കഴിയാ​തെ പോ​യേ​ക്കാം.

ശരിയായി രോഗ​നിർണയം നടത്തി​യി​ട്ടു​ണ്ടെ​ങ്കിൽ പോലും അനുവർത്തി​ക്കുന്ന ചികി​ത്സാ​ക്രമം രോഗ​ത്തി​നു യോജി​ച്ച​ത​ല്ലാ​യി​രി​ക്കാം.

രോഗകാരണം കണ്ടെത്തി ഇല്ലായ്‌മ ചെയ്യു​ന്ന​തുൾപ്പെ​ടെ​യുള്ള അവശ്യ ചികി​ത്സകൾ സ്വയം ചികിത്സ നിമിത്തം വൈകി​പ്പോ​യേ​ക്കാം.

അലർജി, രക്തസമ്മർദം തുടങ്ങിയ രോഗ​ങ്ങൾക്ക്‌ ഡോക്ടർ നിർദേ​ശി​ക്കുന്ന മരുന്നു​കൾ നിങ്ങൾ ഉപയോ​ഗി​ക്കുന്ന പച്ചമരു​ന്നു​മാ​യി ചേരാതെ വന്നേക്കാം.

സ്വയം ചികിത്സ നിസ്സാര രോഗങ്ങൾ ശമിപ്പി​ച്ചേ​ക്കാം, പക്ഷേ അത്‌ ഉയർന്ന രക്തസമ്മർദം പോ​ലെ​യുള്ള മറ്റു പ്രശ്‌നങ്ങൾ വഷളാ​ക്കാ​നി​ട​യുണ്ട്‌.

[കടപ്പാട്‌]

ഉറവിടം: റോഡാ​ലി​ന്റെ സചിത്ര ഔഷധ​സസ്യ വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌)