വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആണവ യുദ്ധം ഇന്നും ഒരു ഭീഷണിയോ?

ആണവ യുദ്ധം ഇന്നും ഒരു ഭീഷണിയോ?

ആണവ യുദ്ധം ഇന്നും ഒരു ഭീഷണി​യോ?

ജപ്പാനിലെ ഉണരുക! ലേഖകൻ

“ചിന്തി​ക്കുന്ന ഏതൊ​രാ​ളും ആണവ യുദ്ധത്തെ ഭയപ്പെ​ടു​ന്നു, സാങ്കേ​തി​ക​വി​ദ്യ കൈവ​ശ​മുള്ള ഏതൊരു രാജ്യ​വും അതിനാ​യി ഒരുക്കങ്ങൾ നടത്തുന്നു. അതു വെറും ഭ്രാന്താ​ണെന്ന്‌ എല്ലാവർക്കും അറിയാം, എന്നാൽ ഓരോ രാജ്യ​ത്തി​നും നിരത്താൻ എന്തെങ്കി​ലും ന്യായ​മുണ്ട്‌.” —ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​നായ കാൾ സേഗാൻ.

1945 ആഗസ്റ്റ്‌ 6, ഒരു അമേരി​ക്കൻ പോർവി​മാ​നം ജപ്പാനി​ലെ ഹിരോ​ഷി​മ​യിൽ അണു​ബോം​ബി​ട്ടു. നൊടി​യി​ട​യിൽ അത്‌ ആ നഗരത്തെ ഒരു ശവപ്പറ​മ്പാ​ക്കി മാറ്റി. വസ്‌തു​വ​ക​കൾക്കു വൻനാശം സംഭവി​ച്ചു. യുദ്ധത്തിൽ ഉപയോ​ഗിച്ച ആദ്യത്തെ അണു​ബോം​ബാ​യി​രു​ന്നു ഇത്‌. 3,43,000 നിവാ​സി​കൾ ഉണ്ടായി​രുന്ന നഗരത്തി​ന്റെ 13 ചതുരശ്ര കിലോ​മീ​റ്റർ ഭാഗം സ്‌ഫോ​ട​ന​ത്തിൽ നിശ്ശേഷം തകർന്നു. നഗരത്തി​ലെ നിർമി​തി​ക​ളു​ടെ മൂന്നിൽ രണ്ടു ഭാഗത്തി​ല​ധി​ക​വും നശിപ്പി​ക്ക​പ്പെട്ടു. കുറഞ്ഞ​പക്ഷം 70,000 പേർ മരിച്ചു, 69,000 പേർക്കു പരി​ക്കേറ്റു. മൂന്നു ദിവസ​ത്തി​നു ശേഷം മറ്റൊരു അണു​ബോംബ്‌ നാഗസാ​ക്കി​യിൽ പതിച്ചു. ഏകദേശം 39,000 പേർ കൊല്ല​പ്പെ​ടു​ക​യും 25,000 പേർക്കു പരി​ക്കേൽക്കു​ക​യും ചെയ്‌തു. നഗരത്തി​ലെ പകുതി​യോ​ളം നിർമി​തി​കൾ പൂർണ​മാ​യോ ഭാഗി​ക​മാ​യോ നശിച്ചു. മനുഷ്യ ചരി​ത്ര​ത്തിൽ അതിനു മുമ്പ്‌ ഒരിക്ക​ലും അത്ര ശക്തമായ ഒരു ആയുധം പ്രയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നില്ല. ലോകം മാറി​ക്ക​ഴി​ഞ്ഞി​രു​ന്നു. അത്‌ ആണവ യുഗത്തി​ലേക്കു പ്രവേ​ശി​ച്ചി​രു​ന്നു. ഏതാനും വർഷങ്ങൾക്കു​ള്ളിൽ ഐക്യ​നാ​ടു​കൾ, മുൻ സോവി​യറ്റ്‌ യൂണിയൻ, ഗ്രേറ്റ്‌ ബ്രിട്ടൻ, ഫ്രാൻസ്‌, ചൈന എന്നീ രാജ്യങ്ങൾ കുറെ​ക്കൂ​ടെ നശീക​ര​ണ​ശേ​ഷി​യുള്ള ഹൈ​ഡ്രജൻ ബോം​ബു​കൾ വികസി​പ്പി​ച്ചെ​ടു​ത്തു.

ശീതയു​ദ്ധം—കമ്മ്യൂ​ണിസ്റ്റ്‌, കമ്മ്യൂ​ണി​സ്റ്റേതര രാജ്യങ്ങൾ തമ്മിൽ നിലനിന്ന ശത്രുത—അത്യു​ഗ്ര​ശേ​ഷി​യുള്ള ആണവാ​യു​ധ​ങ്ങ​ളും വിക്ഷേപണ സംവി​ധാ​ന​ങ്ങ​ളും വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നു വഴി​തെ​ളി​ച്ചു. ഐസി​ബി​എം-കളുടെ (ഭൂഖണ്ഡാ​ന്തര ബാലി​സ്റ്റിക്‌ മി​സൈ​ലു​കൾ) വരവോ​ടെ മുഴു​ലോ​ക​ത്തെ​യും ഭീതി ഗ്രസിച്ചു. 5,600 കിലോ​മീ​റ്റ​റി​ലും അകലെ സ്ഥിതി​ചെ​യ്യുന്ന രാജ്യ​ങ്ങ​ളി​ലെ ലക്ഷ്യസ്ഥാ​ന​ങ്ങ​ളിൽ ആണവ ആക്രമണം നടത്താൻ കെൽപ്പു​ള്ള​വ​യാ​യി​രു​ന്നു അവ, ലക്ഷ്യം കാണാൻ അവയ്‌ക്കു മണിക്കൂ​റു​കൾ വേണ്ട മിനി​ട്ടു​കൾ മതി. 192 വ്യത്യസ്‌ത ലക്ഷ്യസ്ഥാ​നങ്ങൾ തകർക്കാൻ ആവശ്യ​മായ ആണവ മി​സൈ​ലു​കൾ സജ്ജീക​രിച്ച അന്തർവാ​ഹി​നി​കൾ നിർമി​ക്ക​പ്പെട്ടു. ഒരു സമയത്ത്‌, 50,000-ത്തോളം പോർമു​നകൾ വരെ ആണവാ​യു​ധ​പ്പു​ര​ക​ളിൽ സംഭരി​ക്ക​പ്പെട്ടു! ഒരു ആണവ അർമ​ഗെ​ദോൻ എന്നു ചില ആളുകൾ വിശേ​ഷി​പ്പിച്ച, വിജയി​കൾ ഉണ്ടായി​രി​ക്കു​ക​യി​ല്ലാത്ത ഒരു യുദ്ധത്തി​ന്റെ വക്കിലാ​യി​രു​ന്നു ശീതയു​ദ്ധ​കാ​ലത്ത്‌ ലോകം.

ശീതയു​ദ്ധ​ത്തി​ന്റെ അന്ത്യം

“ഇരു വൻശക്തി​ക​ളും തങ്ങളുടെ ആന്റിബാ​ലി​സ്റ്റിക്‌ മി​സൈ​ലു​കൾക്കും അണ്വാ​യുധ വാഹക​ശേ​ഷി​യുള്ള തന്ത്ര​പ്ര​ധാന മി​സൈ​ലു​കൾക്കും പരിധി​കൾ ഏർപ്പെ​ടു​ത്തി​ക്കൊണ്ട്‌ ഉണ്ടാക്കിയ സാൾട്ട്‌ (SALT) [സ്‌ട്രാറ്റജിക്‌ ആംസ്‌ ലിമി​റ്റേഷൻ ടോക്‌സ്‌]1, സാൾട്ട്‌ 2 കരാറു​ക​ളിൽ വ്യക്തമാ​കു​ന്ന​തു​പോ​ലെ” 1970-കളിൽ ശീതയു​ദ്ധ​ത്തി​ന്റെ പിരി​മു​റു​ക്ക​ത്തിന്‌ അയവു​വന്നു എന്ന്‌ ദി എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക വിശദീ​ക​രി​ക്കു​ന്നു. തുടർന്ന്‌, 1980-കളുടെ അവസാ​ന​ത്തോ​ടെ ശീതയു​ദ്ധ​ത്തി​ന്റെ മഞ്ഞുരു​കു​ക​യും ഒടുവിൽ അത്‌ അലിഞ്ഞി​ല്ലാ​താ​വു​ക​യും ചെയ്‌തു.

“ശീതയു​ദ്ധ​ത്തി​ന്റെ സമാപനം ഐക്യ​നാ​ടു​ക​ളും റഷ്യയും തമ്മിലുള്ള ആണവാ​യുധ പന്തയത്തി​ന്റെ​യും ഏറ്റുമു​ട്ട​ലു​ക​ളു​ടെ​യും ദീർഘ​കാല ചരിത്രം അവസാ​നി​ക്കു​ക​യാ​ണെന്ന പ്രത്യാശ ഉണർത്തി” എന്ന്‌ കാർണെഗി എൻഡോ​വ്‌മെന്റ്‌ ഫോർ ഇന്റർനാ​ഷണൽ പീസ്‌ എന്ന സംഘട​ന​യു​ടെ ഒരു റിപ്പോർട്ടു പറയുന്നു. ആണവ നിരാ​യു​ധീ​കരണ ശ്രമങ്ങ​ളു​ടെ ഫലമായി, അടുത്ത​കാ​ലത്ത്‌ നൂറു​ക​ണ​ക്കിന്‌ അണ്വാ​യു​ധ​പ്പു​രകൾ പൊളി​ച്ചു​നീ​ക്കു​ക​യു​ണ്ടാ​യി. 1991-ൽ സോവി​യറ്റ്‌ യൂണി​യ​നും ഐക്യ​നാ​ടു​ക​ളും തന്ത്ര​പ്ര​ധാ​ന​മായ ആക്രമ​ണാ​യു​ധ​ങ്ങ​ളു​ടെ വെട്ടി​ച്ചു​രു​ക്ക​ലും നിയ​ന്ത്ര​ണ​വും സംബന്ധി​ച്ചുള്ള ഒരു ഉടമ്പടി​യിൽ ഒപ്പു​വെച്ചു. ഇത്‌ ചരി​ത്ര​ത്തിൽ ആദ്യമാ​യി ഇരു ആണവശ​ക്തി​ക​ളെ​യും തങ്ങളുടെ തന്ത്ര​പ്ര​ധാന പോർമു​ന​ക​ളു​ടെ എണ്ണം പരിമി​ത​പ്പെ​ടു​ത്താൻ മാത്രമല്ല യുദ്ധസ​ജ്ജ​മാ​യി വിന്യ​സി​ച്ചി​രി​ക്കു​ന്ന​വ​യു​ടെ എണ്ണം 6,000 വീതമാ​യി വെട്ടി​ച്ചു​രു​ക്കാ​നു​മുള്ള ബാധ്യ​ത​യിൻ കീഴിൽ കൊണ്ടു​വന്നു. പരസ്‌പരം സമ്മതി​ച്ചി​രു​ന്ന​തു​പോ​ലെ​തന്നെ തന്ത്ര​പ്ര​ധാന ആണവ പോർമു​ന​ക​ളു​ടെ എണ്ണം വെട്ടി​ച്ചു​രു​ക്കി​ക്കൊണ്ട്‌ തങ്ങൾ ഉടമ്പടി അനുസ​രി​ച്ചു പ്രവർത്തി​ച്ചി​രി​ക്കു​ന്നു എന്ന്‌ 2001-ന്റെ അവസാ​ന​ത്തോ​ടെ ഇരു കക്ഷിക​ളും പ്രഖ്യാ​പി​ച്ചു. തുടർന്ന്‌ 2002-ൽ, അടുത്ത പത്തു വർഷങ്ങ​ളിൽ പോർമു​ന​ക​ളു​ടെ എണ്ണം വീണ്ടും വെട്ടി​ച്ചു​രു​ക്കി 1,700-നും 2,200-നും മധ്യേ ആക്കാൻ കടപ്പാ​ടി​ലാ​ക്കുന്ന മോസ്‌കോ ഉടമ്പടി അംഗീ​ക​രി​ക്ക​പ്പെട്ടു.

അത്തരം സംഭവ​വി​കാ​സങ്ങൾ എല്ലാം ഉണ്ടാ​യെ​ങ്കി​ലും “ആണവ യുദ്ധ ഭീഷണി​യു​ടെ കാര്യ​ത്തിൽ ആശ്വസി​ക്കാൻ ഇനിയും സമയമാ​യി​ട്ടില്ല” എന്നാണ്‌ യുഎൻ സെക്ര​ട്ടറി ജനറൽ കോഫി ആന്നന്റെ പക്ഷം. “21-ാം നൂറ്റാ​ണ്ടി​ന്റെ പ്രാരം​ഭ​ത്തിൽ ആണവ സംഘട്ടനം വളരെ യഥാർഥ​വും അതിഭ​യാ​ന​ക​വു​മായ ഒരു സാധ്യ​ത​യാ​യി നിലനിൽക്കു​ന്നു” എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു. സങ്കടക​ര​മെന്നു പറയട്ടെ, ഒരു ആണവ വിപത്ത്‌—ഹിരോ​ഷി​മ​യി​ലും നാഗസാ​ക്കി​യി​ലും സംഭവി​ച്ച​തി​നെ​ക്കാൾ ഏറെ ഭീകര​മായ ഒന്ന്‌—ഇന്നും ഒരു ഭീഷണി തന്നെയാണ്‌. ആരാണ്‌ ഭീഷണി ഉയർത്തു​ന്നത്‌? അതിലും പ്രധാ​ന​മാ​യി, അത്‌ ഒഴിവാ​ക്കാ​നാ​കു​മോ? (g04 3/8)