വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

സൗഹൃദ മനസ്‌ക​രായ കുട്ടികൾ ഏറെ പ്രിയ​ങ്ക​രർ

“ബ്രാൻഡ്‌ നെയി​മുള്ള ജീൻസ്‌ ധരിക്കു​ന്ന​തി​നാ​ലോ അത്യാ​ധു​നിക സാങ്കേ​തിക ഉപകര​ണങ്ങൾ കൊണ്ടു​ന​ട​ക്കു​ന്ന​തി​നാ​ലോ ഒന്നും മറ്റുള്ള​വ​രു​ടെ പ്രീതി ഉറപ്പാ​ക്കാ​നാ​വില്ല. കുട്ടി​യു​ടെ സാമൂ​ഹിക നിലയല്ല മറിച്ച്‌ അവന്റെ സൗഹാർദ സ്വഭാ​വ​മാണ്‌ സമപ്രാ​യ​ക്കാർക്കി​ട​യിൽ അവനെ കൂടുതൽ പ്രിയ​ങ്ക​ര​നാ​ക്കു​ന്നത്‌” എന്ന്‌ ജർമൻ മാസി​ക​യായ സ്യൂഹി​യോ​ളൊ​ജീ ഹൊയ്‌റ്റെ പറയുന്നു. ബെർലി​നി​ലെ മാനവ വികസ​ന​ത്തി​നാ​യുള്ള മാക്‌സ്‌ പ്ലാങ്ക്‌ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ലെ മനശ്ശാ​സ്‌ത്ര​ജ്ഞ​രായ യൂഡിറ്റ്‌ ഷ്രെങ്കും ക്രിസ്റ്റീൻ ഗുവെർട്ട്‌ല​റും പത്തു പ്രൈ​മറി വിദ്യാ​ല​യ​ങ്ങ​ളിൽ നിന്ന്‌ മൂന്നും അഞ്ചും തരത്തിൽ പഠിക്കുന്ന 234 കുട്ടി​കളെ ഉൾപ്പെ​ടു​ത്തി സർവേ നടത്തു​ക​യു​ണ്ടാ​യി. മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധം സ്ഥാപി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രും സൗഹാർദ​രും തുറന്നി​ട​പെ​ടു​ന്ന​വ​രു​മായ കുട്ടി​കൾക്കാണ്‌ തങ്ങളുടെ സമപ്രാ​യ​ക്കാ​രു​ടെ​മേൽ കൂടുതൽ സ്വാധീ​നം ചെലു​ത്താൻ കഴിഞ്ഞ​തെന്ന്‌ അവർ കണ്ടെത്തി. മറ്റുള്ള​വരെ കളിയാ​ക്കു​ക​യോ അവരെ തല്ലുക​യോ ചെയ്യു​ന്ന​വർക്ക്‌ കുറഞ്ഞ സ്വാധീ​നമേ ചെലു​ത്താ​നാ​യു​ള്ളൂ. “സൗന്ദര്യം ഉള്ളതോ ഇഷ്ടം പോലെ പോക്കറ്റ്‌ മണി ഉള്ളതോ പോലും ഒരു കുട്ടിയെ സഹപാ​ഠി​കൾക്ക്‌ അത്ര പ്രിയ​ങ്ക​ര​നാ​ക്കു​ന്നില്ല” എന്ന്‌ റിപ്പോർട്ടു പറയുന്നു.(g04 3/22)

കളനാ​ശി​നി ഉണ്ടാക്കുന്ന ഉറുമ്പു​കൾ

“ആഹാര​ത്തി​നാ​യി ഫംഗസു​കളെ വളർത്തുന്ന ചില ഉറുമ്പു​കൾ ഒരു പരാദ​ത്തിൽനി​ന്നു രക്ഷനേ​ടാ​നാ​യി കളനാ​ശി​നി​യും നിർമി​ക്കു​ന്നു” എന്ന്‌ ബ്ലൂംബർഗ്‌ ന്യൂസ്‌ സർവീസ്‌ റിപ്പോർട്ടു ചെയ്യുന്നു. അറ്റൈൻ ഉറുമ്പു​കൾക്ക്‌ അവ മാളത്തിൽ കൊണ്ടു​വ​രുന്ന ഇലകളും ജൈവ അവശി​ഷ്ട​ങ്ങ​ളും അതേപടി ദഹിപ്പി​ക്കാൻ കഴിയു​ക​യില്ല. ഈ ഉറുമ്പു​കൾ അഴുകി​ത്തു​ട​ങ്ങിയ സസ്യഭാ​ഗങ്ങൾ ശേഖരിച്ച്‌ അറകളിൽ സൂക്ഷി​ക്കു​ക​യും അവ ഫംഗസ്‌ തോട്ടങ്ങൾ വളർത്താൻ ഉപയോ​ഗി​ക്കു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും, ഉറുമ്പു​ക​ളു​ടെ ഫംഗസ്‌ വിളകളെ ആക്രമി​ക്കുന്ന ഒരു അതിസൂക്ഷ്‌മ പരാദ​ത്തിന്‌ അവയുടെ ഭക്ഷ്യ​ശേ​ഖരം മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ നശിപ്പി​ക്കാൻ കഴിയും. അതിനാൽ ഫംഗസു​കളെ സംരക്ഷി​ക്കു​ന്ന​തി​നാ​യി ഉറുമ്പു​കൾ തങ്ങളുടെ ശരീര​ത്തിൽ ഒരു ബാക്ടീ​രി​യയെ വളർത്തു​ന്നു. “പ്രശ്‌ന​ക്കാ​രൻ ഫംഗസ്‌ [പരാദം] പ്രത്യ​ക്ഷ​പ്പെ​ടു​മ്പോൾ അറ്റൈൻ ഉറുമ്പു​കൾ തങ്ങളുടെ ശരീരം പരാദ​ത്തി​ന്മേൽ ഉരസി, കളനാ​ശി​നി നിക്ഷേ​പി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌” എന്ന്‌ റിപ്പോർട്ടു പറയുന്നു.(g04 3/8)

വെനെ​സ്വേ​ല​യി​ലെ മിന്നൽ ഓസോൺ പാളിക്കു തുണയാ​കു​ന്നു

ഭൂമിക്കു ചുറ്റു​മുള്ള ഓസോൺ വലയത്തിൽ 90 ശതമാ​ന​വും സൂര്യ​നിൽനി​ന്നുള്ള അൾട്രാ​വ​യ​ലറ്റ്‌ വികി​ര​ണ​ങ്ങൾകൊണ്ട്‌ രൂപീ​കൃ​ത​മാ​കു​ന്ന​താ​ണെ​ങ്കി​ലും അതിൽ 10 ശതമാനം രൂപം​കൊ​ള്ളു​ന്നത്‌ അന്തരീ​ക്ഷ​ത്തിൽ അതിശ​ക്ത​മായ വൈദ്യു​ത പ്രവാ​ഹ​ത്തി​നി​ട​യാ​ക്കുന്ന മിന്നൽപ്പി​ണ​രു​ക​ളു​ടെ ഫലമാ​യാണ്‌. വെനെ​സ്വേ​ല​യി​ലെ സുളിയാ സംസ്ഥാ​ന​ത്തുള്ള കാറ്റാ​റ്റൂം​ബോ ദേശീയ പാർക്കി​ലെ ചതുപ്പു പ്രദേ​ശത്ത്‌ ശക്തമായ മിന്നൽപ്പി​ണ​രു​കൾ ധാരാ​ള​മാ​യി ഉണ്ടാകു​ന്നു. കാരക്കാ​സി​ലെ ദ ഡെയ്‌ലി ജേർണൽ റിപ്പോർട്ടു ചെയ്യു​ന്ന​ത​നു​സ​രിച്ച്‌, കാറ്റാ​റ്റൂം​ബോ നദീതട പ്രദേ​ശത്ത്‌ വർഷത്തിൽ “140 മുതൽ 160 വരെ ദിവസം അതിശ​ക്ത​മായ മിന്നൽപ്പി​ണ​രു​കൾ ഉണ്ടാകു​ന്നു.” ജീർണി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സസ്യങ്ങ​ളിൽനി​ന്നുള്ള ഒരു ഉപോ​ത്‌പ​ന്ന​മായ മീഥേ​നും ചുറ്റപാ​ടു​മുള്ള കായലു​കൾ, ചതുപ്പു​കൾ എന്നിവ​യിൽനി​ന്നുള്ള പദാർഥ​ങ്ങ​ളും താഴ്‌ന്നു സ്ഥിതി​ചെ​യ്യുന്ന മേഘങ്ങ​ളും രൂക്ഷമായ കാലാ​വ​സ്ഥ​യും ആണ്‌ മിന്നൽപ്പി​ണ​രു​ക​ളു​ടെ ആധിക്യ​ത്തി​നു കാരണ​മെന്നു വിശ്വ​സി​ക്ക​പ്പെ​ടു​ന്നു. കാറ്റാ​റ്റൂം​ബോ​യി​ലെ മിന്നലിന്‌ മറ്റൊരു സവി​ശേ​ഷ​ത​യുണ്ട്‌, ഇടിയു​ടെ ശബ്ദം കേൾക്കാൻ കഴിയാ​ത്തത്ര ദൂരത്തി​ലാണ്‌ അത്‌ ഉണ്ടാകു​ന്നത്‌. “ഭൂഗോ​ള​ത്തിൽ മറ്റൊ​രി​ട​ത്തും കാണാൻ കഴിയാത്ത പ്രകൃ​തി​യി​ലെ ഒരു പ്രതി​ഭാ​സ​മാ​ണിത്‌” എന്ന്‌ ലോസ്റ്റ്‌ വേൾഡ്‌ അഡ്വെൻച്ചേ​ഴ്‌സ്‌ വെബ്‌ സൈറ്റ്‌ പറയുന്നു. (g04 3/8)

ഏറ്റവും ജീവി​ത​ച്ചെ​ല​വേ​റിയ നഗരങ്ങൾ

ടോക്കി​യോ, മോസ്‌കോ, ഒസാക്ക എന്നിവ​യാണ്‌ ഏറ്റവും ജീവി​ത​ച്ചെ​ല​വേ​റിയ നഗരങ്ങൾ. മെഴ്‌സർ മാനവ​ശേഷി ഉപദേ​ശ​ക​സ​മി​തി​യു​ടെ ഒരു പഠനമാണ്‌ ഈ നിഗമ​ന​ത്തി​ലെ​ത്തി​യത്‌. 144 നഗരങ്ങളെ ഉൾപ്പെ​ടു​ത്തിയ ഈ സർവേ​യിൽ, വീട്ടു​സാ​മാ​നങ്ങൾ, ഫർണിച്ചർ, വിനോ​ദം, ഗതാഗതം, വസ്‌ത്രം, പാർപ്പി​ടം എന്നിവ​യെ​ല്ലാം ഉൾപ്പെട്ട 200 സേവന​ങ്ങ​ളു​ടെ​യും ഉത്‌പ​ന്ന​ങ്ങ​ളു​ടെ​യും വില താരത​മ്യം ചെയ്യു​ക​യു​ണ്ടാ​യി. ഏറ്റവും ജീവി​ത​ച്ചെ​ല​വേ​റിയ 20 നഗരങ്ങ​ളിൽ പകുതി​യും ഏഷ്യയി​ലാണ്‌. മോസ്‌കോ കഴിഞ്ഞാൽ ഏറ്റവും ചെല​വേ​റിയ യൂറോ​പ്യൻ നഗരങ്ങൾ ജനീവ, ലണ്ടൻ, സൂറിച്ച്‌ എന്നിവ​യാണ്‌. ആദ്യത്തെ 100 സ്ഥാനങ്ങ​ളിൽ കാനഡ​യി​ലെ നഗരങ്ങൾ ഒന്നും ഉൾപ്പെ​ട്ടി​ട്ടില്ല. ഇക്കാര്യ​ത്തിൽ പത്താം സ്ഥാനത്തു നിൽക്കു​ന്നത്‌ ന്യൂ​യോർക്കാണ്‌. ഏറ്റവും ജീവി​ത​ച്ചെ​ലവു കുറഞ്ഞ നഗരമെന്ന സ്ഥാനത്തു വിരാ​ജി​ക്കു​ന്നത്‌ പരാ​ഗ്വേ​യി​ലെ അസുൻസി​യോൺ ആണ്‌. (g04 3/8)

ജലദോ​ഷ​ത്തി​ന്റെ കാരണം

“തണുപ്പ​ടി​ച്ചാൽ ജലദോ​ഷം പിടി​ക്കും” എന്ന്‌ ആളുകൾ സാധാരണ പറയാ​റുണ്ട്‌. എന്നിരു​ന്നാ​ലും, “ഒരു നൂറ്റാ​ണ്ടി​ല​ധി​ക​മാ​യി, ശാസ്‌ത്രജ്ഞർ ഈ ചൊല്ലിൽ പതിരു​ണ്ടെന്നു തെളി​യി​ക്കാ​നാ​യി അസാധാ​രണ അളവിൽ സമയവും ശ്രമവും ചെലവ​ഴി​ച്ചി​ട്ടുണ്ട്‌” എന്ന്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ പറയുന്നു. “എന്നാൽ അവർ ഈ ഉദ്യമങ്ങൾ എല്ലാം നടത്തി​യി​ട്ടും ജലദോ​ഷ​വും കാലാ​വ​സ്ഥ​യും തമ്മിൽ ബന്ധമി​ല്ലെന്നു പൂർണ​മാ​യി തെളി​യി​ക്കാ​നാ​കാ​ത്ത​തി​നാൽഗ​വേ​ഷണം തുടരു​ക​യാണ്‌.” ജലദോ​ഷം പിടി​ക്കു​ന്ന​തും ശരീരത്തു തണുപ്പ​ടി​ക്കു​ന്ന​തും തമ്മിൽ എന്തു ബന്ധമാ​ണു​ള്ളത്‌—എന്തെങ്കി​ലും ഉണ്ടെങ്കിൽ—എന്നു മനസ്സി​ലാ​ക്കാൻ 1878-ൽ ലൂയി പാസ്‌ച​റി​ന്റെ കാലം മുതൽ ആയിര​ക്ക​ണ​ക്കി​നു പരീക്ഷ​ണങ്ങൾ നടത്തി​യി​ട്ടുണ്ട്‌. ഗവേഷ​കർക്ക്‌ ഇന്നും തൃപ്‌തി​ക​ര​മായ ഉത്തരം ലഭിക്കാ​ത്ത​തിൽ അതിശ​യി​ക്കാ​നില്ല. ജലദോ​ഷത്തെ കുറി​ച്ചുള്ള ഗവേഷ​ണ​രം​ഗത്തെ അഗ്രഗ​ണ്യ​രിൽ ഒരാളായ ഡോ. ഗ്വാൾട്ട്‌നി ജൂനിയർ പറയു​ന്നത്‌ തണുത്ത കാലാ​വ​സ്ഥയല്ല മറിച്ച്‌ ഈർപ്പ​മാണ്‌ ജലദോ​ഷം ഉണ്ടാകാൻ കാരണ​മാ​കു​ന്നത്‌ എന്നാണ്‌. “ജലദോ​ഷം ഒരൊറ്റ രോഗമല്ല, സമാന​ത​യുള്ള നിരവധി രോഗ​ങ്ങ​ളു​ടെ ഒരു സങ്കീർണ സമ്മി​ശ്ര​മാണ്‌” എന്നതാണ്‌ ശ്രദ്ധാർഹ​മായ സംഗതി. “ഒന്നിനു​പി​റകെ ഒന്നായി ഇവ ഓരോ​ന്നും കാലാ​വ​സ്ഥ​യോ​ടു പ്രതി​ക​രി​ക്കുന്ന വിധമാണ്‌ ഇതുവ​രെ​യും മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​ട്ടി​ല്ലാ​ത്തത്‌” എന്നു ടൈംസ്‌ പറയുന്നു. (g04 3/8)

ബിസി​നസ്സ്‌ കാർഡു​ക​ളു​ടെ കാലം കഴിയു​ക​യാ​ണോ?

“തട്ടി​ക്കൊ​ണ്ടു​പോ​കൽ ഒരു തുടർക്ക​ഥ​യാ​യി മാറി​യി​രി​ക്കുന്ന ബ്രസീ​ലിൽ എക്‌സി​ക്യൂ​ട്ടി​വു​കൾ തങ്ങളുടെ ഉദ്യോ​ഗ​നാ​മ​വും പദവി​യും വെളി​പ്പെ​ടു​ത്തുന്ന കാർഡു​കൾ കൊണ്ടു​ന​ട​ക്കാ​തി​രി​ക്കു​ന്ന​താണ്‌ ഏറെ സുരക്ഷി​തം” എന്ന്‌ സുരക്ഷാ ഉപദേ​ശ​ക​നായ കാൾ പലാഡീ​നി പറയു​ന്ന​താ​യി ബ്രസീ​ലി​യൻ ബിസി​നസ്സ്‌ പത്രി​ക​യായ എസാമി റിപ്പോർട്ടു ചെയ്‌തു. അത്തരം വ്യക്തി​പ​ര​മായ വിവരങ്ങൾ ഒരുവന്റെ സാമ്പത്തിക നില മനസ്സി​ലാ​ക്കാൻ കുറ്റവാ​ളി​കളെ സഹായി​ക്കു​ന്നു. ഒരു വലിയ സുരക്ഷാ കമ്പനി​യായ ക്രോ​ളി​ന്റെ ഡയറക്ട​റായ വാഗ്നർ ഡാൻജെ​ലോ “നിങ്ങളു​ടെ പേഴ്‌സി​ലെ വിവര​ങ്ങൾക്ക്‌ നിങ്ങളു​ടെ ജീവിതം നശിപ്പി​ക്കാൻ കഴിയും” എന്നു​പോ​ലും പറയാൻ പ്രേരി​ത​നാ​യി. തട്ടി​ക്കൊ​ണ്ടു​പോ​ക​ലും മറ്റും സാധാ​ര​ണ​മാ​യി​ത്തീർന്നി​രി​ക്കുന്ന രാജ്യ​ങ്ങ​ളി​ലെ ബിസി​ന​സ്സു​കാ​രോട്‌ അവരുടെ ഉദ്യോ​ഗ​നാ​മം, പദവി തുടങ്ങിയ എല്ലാ പരാമർശ​ങ്ങ​ളും കാർഡിൽനി​ന്നു മാറ്റാ​നും “വിലകൂ​ടിയ കടലാസ്‌ ഉപയോ​ഗി​ക്കു​ന്ന​തും വിവരങ്ങൾ വളരെ ആകർഷ​ക​മായ വിധത്തിൽ എഴുതു​ന്ന​തു​മൊ​ക്കെ നിറു​ത്താ​നും” അദ്ദേഹം ഉപദേ​ശി​ക്കു​ന്നു. ഈ അടവും കുറ്റവാ​ളി​കൾ പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​ക്കാൻ ഇടയു​ണ്ടെന്നു ഭയന്ന്‌ ചില എക്‌സി​ക്യൂ​ട്ടി​വു​കൾ ബിസി​നസ്സ്‌ കാർഡ്‌തന്നെ ഉപയോ​ഗി​ക്കു​ന്നതു നിറു​ത്തി​യി​രി​ക്കു​ന്നു. (g04 3/22)

കുട്ടി​യു​ടെ മരണം മാതാ​പി​താ​ക്കളെ ബാധി​ക്കുന്ന വിധം

“ഹൃദയം പൊട്ടി മരിക്കുക എന്നത്‌ വെറു​മൊ​രു ആലങ്കാ​രിക പ്രയോ​ഗം ആയിരി​ക്ക​ണ​മെ​ന്നില്ല” എന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ പറയുന്നു. ഡെൻമാർക്കി​ലെ ഒർഹൂസ്‌ സർവക​ലാ​ശാ​ല​യി​ലെ ഗവേഷകർ, “അവിടത്തെ 21,062 മാതാ​പി​താ​ക്ക​ളു​ടെ ജീവിതം പഠനവി​ധേ​യ​മാ​ക്കി. രോഗം, അപകടം, കൊല​പാ​തകം, ആത്മഹത്യ എന്നീ കാരണ​ങ്ങ​ളാൽ 18 വയസ്സിൽ താഴെ​യുള്ള കുട്ടി​കളെ മരണത്തിൽ നഷ്ടപ്പെ​ട്ട​വ​രാ​യി​രു​ന്നു അവർ.” കുട്ടി​കളെ മരണത്തിൽ നഷ്ടപ്പെ​ടാത്ത 3,00,000 മാതാ​പി​താ​ക്ക​ളു​മാ​യി ഗവേഷകർ ഇവരെ താരത​മ്യ​പ്പെ​ടു​ത്തി. “കുട്ടി​യു​ടെ മരണത്തി​ന്റെ ആദ്യ മൂന്നു വർഷത്തി​നു​ള്ളിൽ അസ്വാ​ഭാ​വി​ക​മായ കാരണ​ങ്ങ​ളാൽ—സാധാ​ര​ണ​മാ​യി അപകടം, ആത്മഹത്യ—മാതാവ്‌ മരണമ​ട​യാ​നുള്ള സാധ്യത നാലി​ര​ട്ടി​യാണ്‌. പിതാ​വി​ന്റെ കാര്യ​ത്തിൽ അപകട​സാ​ധ്യത 57 ശതമാനം വർധിച്ചു.” വർധിച്ച സമ്മർദം ആയിരി​ക്കാം ഉയർന്ന മരണനി​ര​ക്കി​നുള്ള മുഖ്യ കാരണ​മെന്നു ഗവേഷകർ കരുതു​ന്നു. (g04 3/22)

ലോക​ത്തി​ലെ ഏററവും ഉയരം കൂടിയ കെട്ടിടം നിർമി​ക്കാ​നുള്ള മത്സരം വീണ്ടും

“ലോക​ത്തെ​മ്പാ​ടു​മുള്ള നഗരാ​സൂ​ത്രണ വിദഗ്‌ധർ ലോക​ത്തി​ലെ ഏറ്റവും ഉയരമുള്ള കെട്ടിടം നിർമി​ക്കാൻ വീണ്ടും മത്സരി​ക്കു​ക​യാണ്‌,” ദ വാൾസ്‌ട്രീറ്റ്‌ ജേർണൽ പ്രസ്‌താ​വി​ക്കു​ന്നു. തായ്‌വാ​നി​ലെ തായ്‌പെ​യിൽ 508 മീറ്റർ ഉയരം പ്രതീ​ക്ഷി​ക്കുന്ന ഒരു അംബര​ചും​ബി നിർമാ​ണ​ദ​ശ​യി​ലാണ്‌. ന്യൂ​യോർക്ക്‌ നഗരത്തിൽ ഉണ്ടായി​രുന്ന ഇരട്ട ഗോപു​ര​ങ്ങ​ളെ​ക്കാൾ ഏതാണ്ട്‌ 90 മീറ്റർ കൂടുതൽ ഉയരമാണ്‌ ഇത്‌. അതേസ​മയം, ചൈന ഷാങ്‌ഹാ​യി​യിൽ 492 മീറ്റർ ഉയരമുള്ള ലോക സാമ്പത്തിക കേന്ദ്രം നിർമി​ക്കാ​നുള്ള പദ്ധതി​യു​മാ​യി മുമ്പോ​ട്ടു പോവു​ക​യാണ്‌. തായ്‌വാ​നി​ലെ കെട്ടി​ട​ത്തി​ന്റെ 50 മീറ്റർ ഉയരം ടെലി​വി​ഷൻ ആന്റിന​യു​ടേ​താ​ണെ​ന്നും അതിനാൽ തങ്ങളുടെ കെട്ടി​ട​ത്തി​നാണ്‌ യഥാർഥ​ത്തിൽ അതി​നെ​ക്കാൾ ഉയരമു​ള്ള​തെ​ന്നും ഷാങ്‌ഹായ്‌ അധികൃ​തർ അവകാ​ശ​പ്പെ​ടു​ന്നു. സോൾ നഗരത്തിൽ അതി​നെ​ക്കാൾ ഉയരത്തിൽ, 540 മീറ്റർ പൊക്ക​മുള്ള അന്താരാ​ഷ്‌ട്ര വ്യാപാ​ര​കേ​ന്ദ്രം നിർമി​ക്കാൻ ദക്ഷിണ കൊറിയ ആഗ്രഹി​ക്കു​ന്നു. എന്നാൽ പിന്തള്ള​പ്പെ​ടാൻ താത്‌പ​ര്യ​മി​ല്ലാ​ത്ത​തി​നാൽ, സെപ്‌റ്റം​ബർ 11-ലെ ഭീകരാ​ക്ര​മ​ണ​ത്തിൽ നഷ്ടപ്പെ​ട്ട​തിന്‌ പകരമാ​യി ലോക​ത്തി​ലെ ഏറ്റവും ഉയരമുള്ള കെട്ടിടം ന്യൂ​യോർക്ക്‌ നഗരത്തിൽ നിർമി​ക്കാ​നുള്ള നിർദേശം ചിലർ മുന്നോ​ട്ടു വെച്ചി​രി​ക്കു​ന്നു. “2001-ലെ ആക്രമ​ണ​ത്തി​നു ശേഷം ഇത്ര പെട്ടെന്ന്‌ ഏറ്റവും ഉയരമുള്ള കെട്ടിടം നിർമി​ക്കാ​നുള്ള മത്സരം പുനരാ​രം​ഭി​ക്കു​മെന്ന്‌ അധിക​മാ​രും വിചാ​രി​ച്ചി​രി​ക്കില്ല,” ജേർണൽ പറയുന്നു. (g04 2/8)