വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ സ്‌നേഹിക്കാൻ ക്രിസ്റ്റിയെ പഠിപ്പിച്ച വിധം

ദൈവത്തെ സ്‌നേഹിക്കാൻ ക്രിസ്റ്റിയെ പഠിപ്പിച്ച വിധം

ദൈവത്തെ സ്‌നേ​ഹി​ക്കാൻ ക്രിസ്റ്റി​യെ പഠിപ്പിച്ച വിധം

ഞങ്ങളുടെ മകൾ ക്രിസ്റ്റി ജനിച്ചത്‌ 1977-ൽ ആയിരു​ന്നു. കുഞ്ഞു ജനിച്ച്‌ അധികം താമസി​യാ​തെ, ഞങ്ങളെ ദുഃഖ​ത്തി​ലാ​ഴ്‌ത്തിയ ഒരു വാർത്ത ഡോക്ടർ ഞങ്ങളോ​ടു പറഞ്ഞു: ക്രിസ്റ്റിക്ക്‌ ജന്മനാ​തന്നെ ഗുരു​ത​ര​മായ കേൾവി​ത്ത​ക​രാ​റുണ്ട്‌, അതു​പോ​ലെ നേരിയ തോതിൽ സെറി​ബ്രൽ പാൾസി​യും (തലച്ചോ​റി​നെ ബാധി​ക്കു​ന്നത്‌). ഇത്‌ തുടർന്നുള്ള ഞങ്ങളുടെ ജീവി​തത്തെ എത്രമാ​ത്രം ബാധി​ക്കു​മെന്ന്‌ ഞങ്ങൾ അപ്പോൾ അറിഞ്ഞി​രു​ന്നില്ല.

ഏതാനും മാസങ്ങൾക്കു ശേഷം, ഞാനും ഭർത്താവ്‌ ഗാരി​യും ഓസ്‌​ട്രേ​ലി​യ​യി​ലെ മെൽബൺ നഗരത്തിൽ ഒരു പ്രത്യേക ക്ലാസ്സിൽ സംബന്ധി​ക്കാൻ തുടങ്ങി. ഞങ്ങളുടെ മകളോട്‌ ആശയവി​നി​മയം നടത്തു​ക​യും അവളെ പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്യേണ്ട വിധത്തെ കുറി​ച്ചു​ള്ള​താ​യി​രു​ന്നു ക്ലാസ്സ്‌. മെൽബ​ണി​ലുള്ള ദേശീയ ശബ്ദശാ​സ്‌ത്ര ലബോ​റ​ട്ട​റി​യും ഞങ്ങൾ സന്ദർശി​ച്ചു. പത്തുമാ​സം പ്രായ​മു​ണ്ടാ​യി​രുന്ന ക്രിസ്റ്റിക്ക്‌ കൊച്ചു ശ്രവണ​സ​ഹാ​യി​കൾ ലഭിച്ചത്‌ അവി​ടെ​വെ​ച്ചാണ്‌. ഈ ഉപകരണം അവൾക്ക്‌ തീരെ ഇഷ്ടമി​ല്ലാ​യി​രു​ന്നു. അവയിൽ വയറുകൾ ഉണ്ടായി​രു​ന്ന​തി​നാൽ ഞങ്ങൾ അവളുടെ കുഞ്ഞി​ച്ചെ​വി​യിൽ ഉപകരണം തിരു​കി​വെ​ക്കുന്ന മാത്ര​യിൽത്തന്നെ അവൾ അതു വലിച്ചൂ​രു​മാ​യി​രു​ന്നു! കൂടാതെ ശ്രവണ​സ​ഹാ​യി​ക​ളു​ടെ ബാറ്ററി​കൾ അവളുടെ ശരീര​ത്തിൽ സ്‌ട്രാ​പ്പിട്ട്‌ കെട്ടി​മു​റു​ക്കി​യി​രു​ന്നു, അവയ്‌ക്കാ​ണെ​ങ്കിൽ ഒരുവി​ധം നല്ല കനവും ഉണ്ടായി​രു​ന്നു.

സെറി​ബ്രൽ പാൾസി ഉള്ളതി​നാൽ നടക്കാൻ പഠിക്കു​ന്ന​തിന്‌ ക്രിസ്റ്റി​ക്കു ബുദ്ധി​മുട്ട്‌ ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌ അവൾക്ക്‌ ആഴ്‌ച​തോ​റും ഫിസി​യോ​തെ​റാ​പ്പി​സ്റ്റി​ന്റെ സഹായം ആവശ്യ​മാ​യി​വന്നു. എന്നാൽ മൂന്നു​വ​യ​സ്സാ​യ​പ്പോൾ അവൾ തനിയെ നടക്കാൻ തുടങ്ങി, ഒരുപാ​ടു തവണ വീഴു​മാ​യി​രു​ന്നെ​ങ്കി​ലും. അവൾക്ക്‌ അഞ്ചുവ​യസ്സ്‌ ആകുന്ന​തു​വരെ ഫിസി​യോ​തെ​റാ​പ്പി തുടർന്നു. അതിനി​ടെ, ഞങ്ങൾ ഗാരി ബിസി​നസ്‌ നടത്തി​യി​രുന്ന അടുത്തുള്ള ബെനാല്ല പട്ടണത്തി​ലേക്കു താമസം മാറി.

ക്രിസ്റ്റി​യു​ടെ വിദ്യാ​ഭ്യാ​സം

ക്രിസ്റ്റിക്ക്‌ പ്രത്യേക വിദ്യാ​ഭ്യാ​സം കൊടു​ക്കേ​ണ്ട​തു​ണ്ടെ​ന്നുള്ള കാര്യം, ബധിരരെ പഠിപ്പി​ക്കുന്ന ഒരു അധ്യാ​പകൻ ഞങ്ങളുടെ ശ്രദ്ധയിൽപ്പെ​ടു​ത്തി. അതിന്റെ അർഥം ഞങ്ങൾ വീണ്ടും താമസം മാറണ​മെ​ന്നാ​യി​രു​ന്നു. ഇത്തവണ ബധിരർക്കാ​യി പ്രവർത്തി​ക്കുന്ന ഒരു സ്‌കൂ​ളുള്ള ബെൻഡി​ഗോ​യി​ലേ​ക്കാ​ണു പോ​കേ​ണ്ടി​യി​രു​ന്നത്‌. എന്നാൽ ആ സമയത്ത്‌ ഞാൻ ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചി​രി​ക്കു​ക​യാ​യി​രു​ന്ന​തി​നാൽ സ്ഥലംമാ​റ്റം നീട്ടി​വെച്ചു. ക്രിസ്റ്റി​ക്കു നാലു വയസ്സും ഞങ്ങളുടെ മകൻ സ്‌കോ​ട്ടിന്‌ അഞ്ചുമാ​സ​വും ഉള്ളപ്പോ​ഴാണ്‌ ഞങ്ങൾ പുതിയ സ്ഥലത്തേക്കു പോയത്‌. ബെൻഡി​ഗോ​യി​ലെ ഒരു ആശുപ​ത്രി​യിൽ, സ്‌പീച്ച്‌ തെറാപ്പി (സംസാര വൈക​ല്യ​ങ്ങൾ തിരു​ത്താ​നുള്ള ചികിത്സ) സെഷനു​കൾ ആരംഭി​ച്ചു. ഈ ചികിത്സ അടുത്ത പത്തുവർഷ​ത്തേക്കു തുടരു​മാ​യി​രു​ന്നു. ഗാരി​യും ഞാനും ആംഗ്യ​ഭാഷ പഠിക്കാ​നും തുടങ്ങി.

ഞങ്ങളുടെ ഏറ്റവും വലിയ ഉത്‌കണ്‌ഠ ക്രിസ്റ്റി​യു​ടെ ആത്മീയ വിദ്യാ​ഭ്യാ​സത്തെ കുറി​ച്ചാ​യി​രു​ന്നു. ഞാനും ഗാരി​യും യഹോ​വ​യു​ടെ സാക്ഷികൾ ആയതി​നാൽ, ഞങ്ങൾ ക്രിസ്റ്റി​യെ ‘യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും മാനസിക ക്രമവ​ത്‌ക​ര​ണ​ത്തി​ലും വളർത്തി​ക്കൊ​ണ്ടു​വ​രാൻ’ തീരു​മാ​നി​ച്ചി​രു​ന്നു. (എഫെസ്യർ 6:4, NW) പക്ഷേ അത്‌ എങ്ങനെ ചെയ്യും? ക്രിസ്റ്റി പഠിച്ചി​രുന്ന സ്‌കൂ​ളി​ലെ പ്രിൻസി​പ്പാൾ ഇപ്രകാ​രം പറഞ്ഞു: “ദൈവത്തെ കുറിച്ച്‌ ക്രിസ്റ്റി​യെ പഠിപ്പി​ക്കു​ന്നത്‌ ഏറ്റവും ബുദ്ധി​മു​ട്ടുള്ള കാര്യ​മാ​യി​രി​ക്കും. ദൈവത്തെ കാണാൻ കഴിയില്ല, അപ്പോൾപ്പി​ന്നെ അവനെ കുറിച്ച്‌ നിങ്ങൾ എങ്ങനെ അവളോട്‌ വിശദീ​ക​രി​ക്കും?” ഞങ്ങളുടെ മുമ്പിൽ ഇത്‌ എത്ര വലി​യൊ​രു വെല്ലു​വി​ളി​യാ​യി​രു​ന്നു! ക്രിസ്റ്റി​യെ പഠിപ്പി​ക്കാൻ ഒരുപാ​ടു സമയവും ക്ഷമയും ആവശ്യ​മാ​യി വരു​മെന്ന്‌ ഞങ്ങൾ പെട്ടെ​ന്നു​തന്നെ തിരി​ച്ച​റി​ഞ്ഞു. അതു​പോ​ലെ പല കാര്യ​ങ്ങ​ളും ഞങ്ങൾ പുതു​താ​യി പഠിക്കു​ക​യും ചെയ്യേ​ണ്ടി​യി​രു​ന്നു.

തുടക്ക​ത്തിൽ, ഞങ്ങൾ ചിത്ര​ങ്ങ​ളും ഡയഗ്രാ​മു​ക​ളും ഉപയോ​ഗി​ച്ചു. ഉപയോ​ഗി​ക്കുന്ന ഭാഷ ആവുന്നത്ര ലളിത​മാ​ക്കാ​നും ഞങ്ങൾ ശ്രദ്ധിച്ചു. ഞങ്ങൾ അവളെ ക്രിസ്‌തീയ യോഗ​ങ്ങൾക്കും പ്രസം​ഗ​വേ​ല​യ്‌ക്കും കൊണ്ടു​പോ​യി, എന്താണു സംഭവി​ക്കു​ന്നത്‌ എന്നതിനെ കുറിച്ച്‌ അവൾക്ക്‌ ഒന്നും മനസ്സി​ലാ​യി​രു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും. ആംഗ്യ​ഭാഷ പഠി​ച്ചെ​ടു​ത്ത​തോ​ടെ ക്രിസ്റ്റിക്ക്‌ പുതി​യൊ​രു ലോകം തുറന്നു​കി​ട്ടി! എന്നാൽ അപ്പോ​ഴും ബൈബി​ളി​ലെ ഒട്ടനവധി വാക്കു​ക​ളും പദപ്ര​യോ​ഗ​ങ്ങ​ളും ആശയങ്ങ​ളും വിവരി​ച്ചു​കൊ​ടു​ക്കുക ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അവളുടെ പ്രിയ​പ്പെട്ട പുസ്‌ത​ക​ങ്ങ​ളിൽ ഒന്ന്‌ കുട്ടി​കൾക്കു​വേണ്ടി തയ്യാർ ചെയ്‌ത എന്റെ ബൈബിൾ കഥാ പുസ്‌തകം a ആയിരു​ന്നു. അതിലെ നിറപ്പ​കി​ട്ടാർന്ന ചിത്ര​ങ്ങ​ളും അതോ​ടൊ​പ്പം ഞങ്ങൾ അവൾക്കു​വേണ്ടി തയ്യാറാ​ക്കിയ ചില ഡയഗ്രാ​മു​ക​ളും വളരെ വില​പ്പെ​ട്ട​തെന്നു തെളിഞ്ഞു. കാലാ​ന്ത​ര​ത്തിൽ, ക്രിസ്റ്റി​യു​ടെ ഹൃദയ​ത്തിൽ ദൈവ​ത്തോ​ടുള്ള സ്‌നേഹം മുള​പൊ​ട്ടി​ത്തു​ടങ്ങി.

ബധിര​രാ​യ കുട്ടി​ക​ളുള്ള മറ്റു ചില സാക്ഷി​കളെ കുറി​ച്ചുള്ള വിവരം ക്രിസ്റ്റി​യു​ടെ പ്രിൻസി​പ്പാൾ ദയാപൂർവം ഞങ്ങൾക്കു തന്നു. ശ്രവണ​പ്രാ​പ്‌തി ഇല്ലാത്ത​വർക്ക്‌ അത്‌ ഉള്ളവ​രോ​ടു പ്രസം​ഗി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യെന്ന്‌ ആ സാക്ഷികൾ വിശദീ​ക​രി​ച്ചത്‌ തികച്ചും ഒരു വഴിത്തി​രി​വാ​യി​രു​ന്നു. തിരു​വെ​ഴു​ത്തു സന്ദേശം എഴുതിയ ഒരു കാർഡ്‌ ആളുകൾക്കു കൊടു​ക്കുക എന്നതാ​യി​രു​ന്നു ഒരുവി​ധം. അങ്ങനെ, ബൈബിൾ സത്യം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​റാ​യ​പ്പോൾ അതു ചെയ്യാൻ അവൾക്കൊ​രു ബുദ്ധി​മു​ട്ടും ഉണ്ടായില്ല! 14-ാം വയസ്സിൽ അവൾ സുവാർത്ത​യു​ടെ സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധി​ക​യാ​യി. 1994-ൽ അവൾക്കു 17 വയസ്സു​ള്ള​പ്പോൾ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു.

എന്നിരു​ന്നാ​ലും, ക്രിസ്റ്റിക്ക്‌ ആരോ​ഗ്യ​ക​ര​മായ സഹവാസം കൂടുതൽ ആവശ്യ​മാ​യി​രു​ന്നു, ശ്രവണ​പ്രാ​പ്‌തി ഉള്ള സാക്ഷി​ക​ളു​മാ​യി സുഹൃ​ദ്‌ബ​ന്ധങ്ങൾ വളർത്തി​യെ​ടു​ക്കു​ന്ന​തിൽ അവൾക്കു ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെട്ടു. അതു​കൊണ്ട്‌, ബധിരരെ സഹായി​ക്കാൻ താത്‌പ​ര്യ​മുള്ള ഞങ്ങളുടെ സഭയിലെ സഹോ​ദ​ര​ങ്ങൾക്കാ​യി ഞാനും ഗാരി​യും ആംഗ്യ​ഭാ​ഷാ ക്ലാസ്സുകൾ എടുക്കാൻ തുടങ്ങി. ഞങ്ങളുടെ ആംഗ്യ​ഭാ​ഷാ ക്ലാസ്സിൽ പങ്കെടുത്ത ചിലർക്ക്‌ പിന്നീട്‌ ബധിരർക്കു​വേണ്ടി ദ്വിഭാ​ഷി​ക​ളാ​യി വർത്തി​ക്കുന്ന ഉദ്യോ​ഗം കിട്ടി. എന്നാൽ ഏറെ പ്രധാ​ന​മാ​യി, ആംഗ്യ​ഭാഷ പഠിച്ച പലരും ക്രിസ്റ്റി​യു​മാ​യി കൂടുതൽ ആശയവി​നി​മയം നടത്താ​നും അത്‌ ആസ്വദി​ക്കാ​നും തുടങ്ങി. അങ്ങനെ, ക്രിസ്റ്റിക്ക്‌ നമ്മുടെ യോഗ​ങ്ങ​ളിൽനി​ന്നും സമ്മേള​ന​ങ്ങ​ളിൽനി​ന്നും കൂടു​ത​ലായ പ്രയോ​ജനം ലഭിച്ചു. ഇന്നുവരെ അവൾ അവയിൽ സജീവ​മാ​യി പങ്കെടു​ക്കു​ന്ന​തിൽ തുടർന്നി​രി​ക്കു​ന്നു. സഹോ​ദ​രങ്ങൾ അവളിൽ സ്‌നേ​ഹ​പൂർവം താത്‌പ​ര്യ​മെ​ടു​ക്കു​ന്ന​തിന്‌ അവൾക്ക്‌ ആഴമായ നന്ദിയുണ്ട്‌.

ഒരു ദിവസം ക്രിസ്റ്റി ഞങ്ങളോട്‌ ഒരു ആഗ്രഹം പറഞ്ഞു, അവൾക്കൊ​രു സാധാരണ പയനിയർ അഥവാ മുഴു​സമയ സുവി​ശേഷക ആയിത്തീ​ര​ണ​മെന്ന്‌. ഗാരി അവൾക്ക്‌ വാഹനം ഓടി​ക്കു​ന്ന​തി​നുള്ള ലൈസൻസ്‌ ശരിയാ​ക്കി കൊടു​ത്തു, അതോ​ടൊ​പ്പം മറ്റു കാര്യ​ങ്ങ​ളും ക്രമീ​ക​രി​ച്ച​ശേഷം 1995-ൽ ക്രിസ്റ്റി ഒരു സാധാരണ പയനി​യ​റാ​യി നിയമി​ത​യാ​യി. 2000-ത്തിൽ അവൾക്ക്‌ ഒരു പ്രൈ​മറി സ്‌കൂ​ളിൽ ഒരു അംശകാല ജോലി​യും കിട്ടി. അവിടെ അവൾ ബധിര​രായ കുട്ടി​ക​ളു​ടെ വിദ്യാ​ഭ്യാ​സ കാര്യ​ങ്ങ​ളിൽ സഹായി​ക്കു​ന്നു.

ഇന്ന്‌ ക്രിസ്റ്റി​യും, ഗാരി​യും ഞങ്ങളുടെ മകൻ സ്‌കോ​ട്ടും ഞാനും സാധാരണ പയനി​യർമാ​രാ​യി സേവി​ക്കു​ന്നു. നമ്മുടെ ദൈവ​മായ യഹോ​വയെ കുറിച്ച്‌ ആളുകളെ പഠിപ്പി​ക്കാൻ സമയം ചെലവ​ഴി​ക്കു​ന്ന​തിൽ ഞങ്ങൾക്ക്‌ ഒരുപാ​ടു സന്തോ​ഷ​മുണ്ട്‌.

‘ഹൃദയ​ത്തി​ലെ ആഗ്രഹങ്ങൾ’

ക്രിസ്റ്റി​യു​ടെ ബധിരത ഞങ്ങൾക്കെ​ല്ലാം ഒരു വെല്ലു​വി​ളി​യാ​യി തുടരു​ന്നു. അവൾ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടുന്ന ചില സമയങ്ങ​ളിൽ അവൾക്കു​വേണ്ടി ആശയവി​നി​മയം നടത്താ​നോ അവൾക്കു തന്റെ ചിന്തക​ളും വികാ​ര​ങ്ങ​ളും പങ്കു​വെ​ക്കാ​നോ ആരും ഉണ്ടാ​യെന്നു വരില്ല. അവൾ പറയുന്നു: “ഞാനൊ​ഴി​കെ എല്ലാവ​രും മറ്റേതോ ഭാഷ സംസാ​രി​ക്കുന്ന ഒരു രാജ്യത്ത്‌ ജീവി​ക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നു​ന്നു.” എങ്കിൽപ്പോ​ലും, ഞങ്ങൾ എല്ലാവ​രും അവളുടെ അവസ്ഥയു​മാ​യി ഇണങ്ങി​പ്പോ​കാൻ പഠിച്ചി​രി​ക്കു​ന്നു.

സങ്കീർത്ത​നം 37:4-ലെ പിൻവ​രുന്ന വാക്കു​ക​ളിൽ ഞങ്ങൾ ആശ്വാസം കണ്ടെത്തു​ന്നു: “യഹോ​വ​യിൽ തന്നേ രസിച്ചു​കൊൾക; അവൻ നിന്റെ ഹൃദയ​ത്തി​ലെ ആഗ്രഹ​ങ്ങളെ നിനക്കു തരും.” സംഗീതം ശ്രവി​ക്ക​ണ​മെ​ന്നും പ്രകൃ​തി​യി​ലെ ശബ്ദങ്ങൾ കേൾക്ക​ണ​മെ​ന്നും തന്റെ പ്രിയ​പ്പെ​ട്ട​വ​രു​മാ​യി സാധാരണ രീതി​യിൽ സംഭാ​ഷണം നടത്താൻ കഴിയ​ണ​മെ​ന്നും ഒക്കെയു​ള്ള​താണ്‌ ക്രിസ്റ്റി​യു​ടെ വലിയ ആഗ്രഹ​ങ്ങ​ളിൽ ചിലത്‌. ക്രിസ്റ്റിക്ക്‌ എന്റെ ശബ്ദം കേൾക്കാൻ കഴിയുന്ന നിമി​ഷ​ത്തി​നാ​യി ഞാൻ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു. ബൈബിൾ വാഗ്‌ദാ​നം ചെയ്യു​ന്ന​തു​പോ​ലെ​തന്നെ, ഞങ്ങളുടെ ഹൃദയ​ത്തി​ലെ ഈ ആഗ്രഹങ്ങൾ പെട്ടെ​ന്നു​തന്നെ സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടും എന്നു ഞങ്ങൾക്കു വിശ്വാ​സ​മുണ്ട്‌.—യെശയ്യാ​വു 35:5.—സംഭാവന ചെയ്യപ്പെട്ടത്‌.(g04 4/8)

[അടിക്കു​റിപ്പ്‌]

a യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌.

[18-ാം പേജിലെ ചിത്രം]

14 മാസം പ്രായം ഉള്ളപ്പോൾ ക്രിസ്റ്റി എന്റെ ബൈബിൾ കഥാ പുസ്‌തക”വുമായി

[19-ാം പേജിലെ ചിത്രം]

അച്ചടിച്ച കാർഡ്‌ ഉപയോ​ഗിച്ച്‌ ക്രിസ്റ്റി സുവാർത്ത അവതരി​പ്പി​ക്കു​ന്നു

[19-ാം പേജിലെ ചിത്രം]

ഫോർബ്‌സ്‌ കുടും​ബം ഇന്ന്‌: സ്‌കോട്ട്‌, ക്രിസ്റ്റി, ഗാരി, ഹെതർ എന്നിവർ