വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമുക്ക്‌ പ്രത്യാശ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

നമുക്ക്‌ പ്രത്യാശ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

നമുക്ക്‌ പ്രത്യാശ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

മുൻ ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ പരാമർശിച്ച, കാൻസ​റിന്‌ ഇരയായ കൊച്ചു​ഡാ​നി​യേൽ തന്റെ പ്രതീ​ക്ഷകൾ കൈവി​ടാ​തി​രു​ന്നെ​ങ്കി​ലോ? അവൻ കാൻസ​റി​നെ ചെറുത്തു തോൽപ്പി​ക്കു​മാ​യി​രു​ന്നോ? അവൻ ഇന്നും ജീവ​നോ​ടെ ഇരിക്കു​മാ​യി​രു​ന്നോ? പ്രത്യാ​ശ​യു​ടെ ഏറ്റവും തീക്ഷ്‌ണ​രായ പ്രയോ​ക്താ​ക്കൾ പോലും ഇത്തരം അവകാ​ശ​വാ​ദങ്ങൾ ഉന്നയി​ക്കു​മെന്നു തോന്നു​ന്നില്ല. അതേ, പ്രത്യാ​ശ​യു​ടെ പ്രയോ​ജ​ന​ങ്ങളെ പെരു​പ്പി​ച്ചു​കാ​ണു​ന്നത്‌ ഒഴിവാ​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. അത്‌ ഒരു സർവ​രോ​ഗ​സം​ഹാ​രി​യോ ഒറ്റമൂ​ലി​യോ അല്ല.

ഗുരു​ത​ര​മാ​യ രോഗാ​വ​സ്ഥ​യിൽ ആയിരി​ക്കുന്ന വ്യക്തി​ക​ളോട്‌ ഇടപെ​ടു​മ്പോൾ പ്രത്യാ​ശ​യു​ടെ ശക്തി പെരു​പ്പി​ച്ചു കാണി​ക്കു​ന്ന​തി​ന്റെ അപകടത്തെ കുറിച്ച്‌ ഡോ. നേഥൻ ചെർനി, സിബി​എസ്‌ ന്യൂസു​മാ​യുള്ള ഒരു അഭിമു​ഖ​ത്തിൽ മുന്നറി​യി​പ്പു നൽകി. അദ്ദേഹം ഇപ്രകാ​രം പറഞ്ഞു: “ആവശ്യ​ത്തിന്‌ ധ്യാനി​ക്കു​ന്നില്ല, ക്രിയാ​ത്മ​ക​മായ വിധത്തിൽ ചിന്തി​ക്കു​ന്നില്ല എന്നൊക്കെ പറഞ്ഞ്‌ തങ്ങളുടെ ഭാര്യ​മാ​രെ കുറ്റ​പ്പെ​ടു​ത്തുന്ന ഭർത്താ​ക്ക​ന്മാ​രെ ഞങ്ങൾ കണ്ടിട്ടുണ്ട്‌.” അദ്ദേഹം തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “ഈ ചിന്താ​രീ​തി കാൻസർ നിയ​ന്ത്രണം സംബന്ധിച്ച്‌ തെറ്റായ ഒരു ധാരണ ഉളവാ​ക്കി​യി​രി​ക്കു​ന്നു. രോഗി​യു​ടെ അവസ്ഥ വഷളാ​കു​ന്നത്‌ അയാളു​ടെ കുറ്റം കൊണ്ടാണ്‌, അതായത്‌ അയാൾ തന്റെ അർബുദ വളർച്ചയെ വേണ്ടവി​ധം നിയ​ന്ത്രി​ക്കാ​ത്ത​തു​കൊ​ണ്ടാണ്‌ എന്നാണു ചിലരു​ടെ വിചാരം, അത്‌ ശരിയല്ല.”

വാസ്‌ത​വ​ത്തിൽ, ഒരു മാരക രോഗ​ത്തോ​ടു മല്ലിട്ടു​കൊ​ണ്ടി​രി​ക്കു​ന്നവർ തങ്ങളുടെ ശക്തി മുഴു​വ​നും ചോർത്തി​ക്ക​ള​യുന്ന പ്രയാ​സ​ക​ര​മായ ഒരു പോരാ​ട്ട​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാണ്‌. കനത്ത ഭാരവു​മാ​യി കഴിയുന്ന അങ്ങനെ​യു​ള്ള​വ​രു​ടെ​മേൽ കുറ്റ​ബോ​ധ​വും​കൂ​ടെ അടി​ച്ചേൽപ്പിച്ച്‌ കഷ്ടപ്പെ​ടു​ത്താൻ പ്രിയ​പ്പെ​ട്ടവർ തീർച്ച​യാ​യും ആഗ്രഹി​ക്കു​ക​യില്ല. ഇതിന്റെ അർഥം പ്രത്യാ​ശ​യ്‌ക്ക്‌ യാതൊ​രു മൂല്യ​വു​മി​ല്ലെ​ന്നാ​ണോ?

ഒരിക്ക​ലു​മല്ല. ഉദാഹ​ര​ണ​ത്തിന്‌, മേൽ പരാമർശിച്ച ഡോക്ടർതന്നെ വേദന ലഘൂക​രി​ക്കു​ന്ന​തി​നുള്ള ചികി​ത്സ​യിൽ പ്രത്യേക വൈദ​ഗ്‌ധ്യം നേടി​യി​ട്ടുള്ള വ്യക്തി​യാണ്‌. രോഗത്തെ കീഴ്‌പെ​ടു​ത്തു​ന്ന​തി​ലോ ആയുസ്സു നീട്ടി​ക്കൊ​ടു​ക്കു​ന്ന​തി​ലോ അല്ല, മറിച്ച്‌ ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം രോഗി​യു​ടെ ജീവിതം കൂടുതൽ സുഖ​പ്ര​ദ​വും സന്തോ​ഷ​ക​ര​വും ആക്കുന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചി​ട്ടുള്ള ഒരു ചികിത്സാ രീതി​യാണ്‌ ഇത്‌. ഗുരു​ത​രാ​വ​സ്ഥ​യി​ലുള്ള രോഗി​യിൽ പോലും ഒരു പ്രസന്ന​ഭാ​വം സൃഷ്ടി​ക്കാൻ കഴിയുന്ന ചികി​ത്സ​ക​ളു​ടെ മൂല്യ​ത്തിൽ ഇത്തരം ചികി​ത്സകർ ഉറച്ചു വിശ്വ​സി​ക്കു​ന്നു. രോഗി​യെ സന്തുഷ്ട​ചി​ത്ത​നാ​ക്കാൻ, ഒരുപക്ഷേ അതിലും കൂടുതൽ ചെയ്യാൻ പ്രത്യാ​ശ​യ്‌ക്കു കഴിയും എന്നതിനു മതിയായ തെളി​വു​ക​ളുണ്ട്‌.

പ്രത്യാ​ശ​യു​ടെ മൂല്യം

“പ്രത്യാശ അതിശ​ക്ത​മാ​യൊ​രു ചികി​ത്സാ​വി​ധി​യാണ്‌” എന്ന്‌ മെഡിക്കൽ ജേർണ​ലി​സ്റ്റായ ഡോ. ഡബ്ലിയു. ഗിഫർഡ്‌-ജോൺസ്‌ പ്രസ്‌താ​വി​ക്കു​ന്നു. മാരക​രോ​ഗങ്ങൾ ഗ്രസിച്ച രോഗി​കൾക്കു വൈകാ​രിക പിന്തുണ നൽകു​ന്ന​തി​ന്റെ മൂല്യം നിർണ​യി​ക്കാൻ ചെയ്‌ത നിരവധി പഠനങ്ങ​ളു​ടെ ഫലങ്ങൾ അദ്ദേഹം പരി​ശോ​ധി​ക്കു​ക​യു​ണ്ടാ​യി. ഇത്തരത്തി​ലുള്ള പിന്തുണ നൽകു​ന്നത്‌ കൂടുതൽ ശുഭാ​പ്‌തി​വി​ശ്വാ​സ​വും പ്രത്യാ​ശ​യും ഉള്ളവരാ​യി​രി​ക്കാൻ ആളുകളെ സഹായി​ക്കു​മെന്ന്‌ അനുമാ​നി​ക്ക​പ്പെ​ടു​ന്നു. അത്തരം വൈകാ​രിക പിന്തുണ ലഭിക്കുന്ന രോഗി​കൾ കൂടുതൽ കാലം ജീവി​ക്കു​ന്നു എന്നാണ്‌ 1989-ലെ ഒരു പഠനം കാണി​ക്കു​ന്നത്‌. എന്നാൽ അടുത്ത​കാ​ലത്തെ ഗവേഷ​ണങ്ങൾ ഇക്കാര്യം സംബന്ധിച്ച്‌ അത്ര ആധികാ​രി​ക​മായ നിഗമ​നങ്ങൾ നടത്തു​ന്നില്ല. എന്നിരു​ന്നാ​ലും, വൈകാ​രിക പിന്തുണ ലഭിക്കുന്ന രോഗി​കൾ അതു ലഭിക്കാ​ത്ത​വരെ അപേക്ഷിച്ച്‌ വേദന​യും വിഷാ​ദ​വും കുറച്ചേ അനുഭ​വി​ക്കു​ന്നു​ള്ളു എന്ന്‌ പഠനങ്ങൾ സ്ഥിരീ​ക​രി​ച്ചി​ട്ടുണ്ട്‌.

ഹൃദയ​ധ​മ​നീ രോഗം (coronary heart disease) ഉണ്ടാകു​ന്ന​തിൽ ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തി​നും അശുഭാ​പ്‌തി​വി​ശ്വാ​സ​ത്തി​നും ഉള്ള പങ്കിനെ സംബന്ധിച്ച്‌ നടത്തിയ മറ്റൊരു പഠനത്തെ കുറിച്ചു പരിചി​ന്തി​ക്കുക. 1,300-ലധികം പുരു​ഷ​ന്മാർ ഉൾപ്പെട്ട ഒരു കൂട്ട​ത്തെ​യാണ്‌ അവധാ​ന​പൂർവ​മുള്ള പഠനത്തി​നു വിധേ​യ​രാ​ക്കി​യത്‌. അവർക്കു ജീവി​തത്തെ കുറിച്ച്‌ ശുഭാ​പ്‌തി​വി​ശ്വാ​സ​മാ​ണോ അശുഭാ​പ്‌തി​വി​ശ്വാ​സ​മാ​ണോ ഉള്ളത്‌ എന്നതു സംബന്ധിച്ച്‌ പഠനം നടത്തി. പത്തുവർഷം കഴിഞ്ഞ്‌ ആ പുരു​ഷ​ന്മാ​രിൽ 12 ശതമാ​ന​ത്തി​ല​ധി​കം പേർക്ക്‌ ഏതെങ്കി​ലും തരത്തി​ലുള്ള ഹൃദയ​ധ​മനീ രോഗം പിടി​പെ​ട്ട​താ​യി കണ്ടെത്തി. 1,300-ലധികം പേരട​ങ്ങിയ ഈ കൂട്ടത്തിൽ അശുഭാ​പ്‌തി​വി​ശ്വാ​സം ഉള്ളവർ ശുഭാ​പ്‌തി​വി​ശ്വാ​സം ഉള്ളവ​രെ​ക്കാൾ കൂടു​ത​ലാ​യി​രു​ന്നു, ഏതാണ്ട്‌ 2:1 എന്ന അനുപാ​ത​ത്തിൽ. പൊതു​ജ​നാ​രോ​ഗ്യ​ത്തി​നാ​യുള്ള ഹാർവാഡ്‌ സ്‌കൂ​ളി​ലെ, ആരോഗ്യ-സാമൂ​ഹിക പെരു​മാറ്റ വിഭാ​ഗ​ത്തി​ന്റെ അസിസ്റ്റന്റ്‌ പ്രൊ​ഫ​സ​റായ ലോറാ കുബ്‌സാൻസ്‌കി ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “‘ക്രിയാ​ത്മക ചിന്ത’ നിങ്ങളു​ടെ ആരോ​ഗ്യ​ത്തി​നു നല്ലതാണ്‌ എന്ന അഭി​പ്രാ​യം ഇതുവരെ, കേട്ടറിഞ്ഞ വിവര​ങ്ങളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ളത്‌ മാത്ര​മാ​യി​രു​ന്നു. എന്നാൽ ഈ പഠനം ഹൃ​ദ്രോഗ രംഗത്ത്‌ പ്രസ്‌തുത ആശയത്തിന്‌ ചില ഈടുറ്റ വൈദ്യ​ശാ​സ്‌ത്ര തെളി​വു​കൾ നിരത്തുന്ന ആദ്യ പഠനങ്ങ​ളിൽ ഒന്നാണ്‌.”

ഇനി, തങ്ങളുടെ ആരോ​ഗ്യം ഒട്ടും മെച്ചമല്ല എന്നു കരുതു​ന്നവർ, തങ്ങൾക്കു മെച്ചപ്പെട്ട ആരോ​ഗ്യം ഉണ്ടെന്നു ചിന്തി​ക്കു​ന്ന​വരെ അപേക്ഷിച്ച്‌ ശസ്‌ത്ര​ക്രി​യ​യ്‌ക്കു ശേഷം സാവധാ​നമേ സുഖം പ്രാപി​ക്കാ​റു​ള്ളു എന്നു ചില പഠനങ്ങൾ വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. എന്തിന്‌, ദീർഘാ​യു​സ്സി​നെ​പ്പോ​ലും ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടു ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വാർധ​ക്യം സംബന്ധിച്ച ക്രിയാ​ത്മ​ക​വും നിഷേ​ധാ​ത്മ​ക​വു​മായ വീക്ഷണങ്ങൾ പ്രായ​മാ​യ​വരെ എങ്ങനെ ബാധി​ക്കു​ന്നു​വെന്ന്‌ ഒരു പഠനം നിരീ​ക്ഷി​ക്കു​ക​യു​ണ്ടാ​യി. വാർധ​ക്യം ചെല്ലു​ന്ന​തി​നെ ജ്ഞാന​ത്തോ​ടും അനുഭ​വ​പ​രി​ച​യ​ത്തോ​ടും ബന്ധപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള സന്ദേശങ്ങൾ കമ്പ്യൂട്ടർ സ്‌ക്രീ​നിൽ മിന്നി​മ​റ​യു​ന്നത്‌ പ്രായ​മാ​യവർ കാണാ​നി​ട​യാ​യ​പ്പോൾ അവരുടെ നടപ്പിന്‌ കൂടുതൽ ഊർജ​സ്വ​ല​ത​യും ഉത്സാഹ​വും കൈവ​ന്ന​താ​യി നിരീ​ക്ഷി​ക്കാൻ കഴിഞ്ഞു. 12 ആഴ്‌ച വ്യായാ​മം ചെയ്യു​ന്ന​തി​നു തുല്യ​മായ നേട്ടം വാസ്‌ത​വ​ത്തിൽ ഇതു​കൊണ്ട്‌ ഉണ്ടായി!

പ്രത്യാശ, ശുഭാ​പ്‌തി​വി​ശ്വാ​സം, ക്രിയാ​ത്മക വീക്ഷണം എന്നീ വികാ​രങ്ങൾ ആരോ​ഗ്യ​ത്തി​നു പ്രയോ​ജനം ചെയ്യു​ന്ന​താ​യി കാണു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഇതിനു വ്യക്തമായ ഉത്തരം നൽകാൻ തക്കവണ്ണം ഒരുപക്ഷേ ശാസ്‌ത്ര​ജ്ഞ​ന്മാ​രും ഡോക്ടർമാ​രും ഇതുവരെ മനുഷ്യ മനസ്സി​നെ​യും ശരീര​ത്തെ​യും വേണ്ടവി​ധം മനസ്സി​ലാ​ക്കി​യി​ട്ടി​ല്ലാ​യി​രി​ക്കാം. എന്നിരു​ന്നാ​ലും, പ്രസ്‌തുത വിഷയത്തെ കുറിച്ചു പഠിക്കുന്ന വിദഗ്‌ധർക്ക്‌ ചില വസ്‌തു​ത​ക​ളും വിവര​ങ്ങ​ളും അപഗ്ര​ഥിച്ച്‌ അനുമാ​ന​ങ്ങ​ളി​ലെ​ത്താൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, ഒരു നാഡീ​ശാ​സ്‌ത്ര പ്രൊ​ഫസർ ഇപ്രകാ​രം പറയുന്നു: “സന്തുഷ്ട​രും പ്രത്യാ​ശ​യു​ള്ള​വ​രും ആയിരി​ക്കു​ന്നത്‌ സുഖമുള്ള ഒരു അനുഭ​വ​മാണ്‌. സമ്മർദം വളരെ​ക്കു​റഞ്ഞ ആനന്ദക​ര​മായ അവസ്ഥയാ​ണത്‌. ആ അവസ്ഥക​ളിൽ ശരീരം പുഷ്ടി​പ്പെ​ടു​ന്നു. ആരോ​ഗ്യ​ത്തോ​ടെ​യി​രി​ക്കാൻ ആളുകൾക്കു സ്വയം ചെയ്യാ​വുന്ന കാര്യ​ങ്ങ​ളു​ടെ പട്ടിക​യിൽ വരുന്ന ഒരു സംഗതി കൂടെ ആണിത്‌.”

ഈ ആശയം ചില ഡോക്ടർമാർ, മനശ്ശാ​സ്‌ത്രജ്ഞർ, ശാസ്‌ത്രജ്ഞർ എന്നിവർക്ക്‌ തികച്ചും പുതു​മ​യാ​യി തോന്നി​യേ​ക്കാം. എന്നാൽ ബൈബി​ളി​ന്റെ പഠിതാ​ക്കൾക്ക്‌ ഇതു പുതു​മയല്ല. ഏകദേശം 3,000 വർഷങ്ങൾക്കു മുമ്പ്‌, ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ പിൻവ​രുന്ന ദിവ്യ​നി​ശ്വസ്‌ത വചനങ്ങൾ രേഖ​പ്പെ​ടു​ത്തി: “സന്തുഷ്ട​ഹൃ​ദയം നല്ലോരു ഔഷധ​മാ​കു​ന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 17:22) ബൈബി​ളി​ന്റെ സമനി​ല​യോ​ടു​കൂ​ടിയ വീക്ഷണം ശ്രദ്ധി​ക്കുക. സന്തുഷ്ട ഹൃദയം ഏതു രോഗ​ത്തി​നു​മുള്ള പ്രതി​വി​ധി​യാ​ണെന്ന്‌ ഈ വാക്യം പറയു​ന്നില്ല. മറിച്ച്‌ അത്‌ “നല്ലോരു ഔഷധ​മാ​കു​ന്നു” എന്നാണു പറഞ്ഞി​രി​ക്കു​ന്നത്‌.

അപ്പോൾ ന്യായ​മായ ഒരു ചോദ്യം ഇതാണ്‌: പ്രത്യാശ ഒരു ഔഷധ​മാ​ണെ​ങ്കിൽ ഏതു ഡോക്ടർമാ​രാണ്‌ അതു നിർദേ​ശി​ക്കാ​തി​രി​ക്കുക? അതിലു​മു​പരി, പ്രത്യാ​ശ​യു​ടെ പ്രയോ​ജ​നങ്ങൾ ആരോ​ഗ്യ​ത്തി​ന്റെ മണ്ഡലത്തിൽ മാത്രം ഒതുങ്ങി​നിൽക്കു​ന്നില്ല.

ശുഭാ​പ്‌തി​വി​ശ്വാ​സ​വും അശുഭാ​പ്‌തി​വി​ശ്വാ​സ​വും നിങ്ങളു​ടെ ജീവി​ത​വും

ശുഭാ​പ്‌തി​വി​ശ്വാ​സ​മു​ള്ളവർ തങ്ങളുടെ ക്രിയാ​ത്മക വീക്ഷണ​ഗതി മുഖാ​ന്തരം നിരവധി വിധങ്ങ​ളിൽ പ്രയോ​ജനം അനുഭ​വി​ക്കു​ന്നു​വെന്ന്‌ ഗവേഷകർ കണ്ടെത്തി​യി​ട്ടുണ്ട്‌. സ്‌കൂ​ളി​ലും, തൊഴി​ലി​ലും, കായി​ക​രം​ഗ​ത്തും അവർ വിളങ്ങാ​നുള്ള സാധ്യ​ത​യുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു വനിതാ അത്‌ല​റ്റിക്‌ ടീമിനെ കുറിച്ച്‌ നടത്തിയ ഒരു പഠനത്തെ സംബന്ധി​ച്ചു പരിചി​ന്തി​ക്കുക. പരിശീ​ലകർ വനിത​ക​ളു​ടെ കായിക പ്രാപ്‌തി​കളെ കുറിച്ചു മാത്രം സമഗ്ര​മായ ഒരു വിലയി​രു​ത്തൽ നടത്തി റിപ്പോർട്ടു നൽകി. അതേസ​മയം താരങ്ങളെ സർവേ ചെയ്‌ത്‌ അവർക്ക്‌ എത്രമാ​ത്രം പ്രത്യാ​ശ​യുണ്ട്‌ എന്നത്‌ സൂക്ഷ്‌മ​മാ​യി വിലയി​രു​ത്തു​ക​യും ചെയ്‌തു. പരിശീ​ല​ക​രു​ടെ വിലയി​രു​ത്ത​ലി​നെ​ക്കാൾ വനിത​കൾക്ക്‌ ഉണ്ടായി​രുന്ന പ്രത്യാ​ശ​യു​ടെ അളവാണ്‌ അവരുടെ പ്രകടനം സംബന്ധി​ച്ചു കൂടുതൽ കൃത്യ​മാ​യി പ്രവചി​ക്കാൻ സഹായി​ച്ചത്‌ എന്നു പഠനം വെളി​പ്പെ​ടു​ത്തി. പ്രത്യാ​ശ​യ്‌ക്ക്‌ ഇത്ര ശക്തമായ സ്വാധീ​നം ചെലു​ത്താൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തി​ന്റെ വിപരീ​ത​മായ അശുഭാ​പ്‌തി​വി​ശ്വാ​സത്തെ കുറിച്ചു പഠിക്കു​ക​വഴി വളരെ​യ​ധി​കം സംഗതി​കൾ മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌. 1960-കളിലെ ഗവേഷ​ണ​ങ്ങ​ളിൽ ജന്തുക്ക​ളു​ടെ പെരു​മാ​റ്റ​രീ​തി സംബന്ധിച്ച്‌ ഒരു അപ്രതീ​ക്ഷിത കണ്ടുപി​ടി​ത്ത​മു​ണ്ടാ​യി. അതു ശാസ്‌ത്രജ്ഞർ, “ആർജിത നിസ്സഹാ​യത” എന്ന ഒരു പദപ്ര​യോ​ഗ​ത്തി​നു​തന്നെ രൂപം നൽകു​ന്ന​തി​ലേക്കു നയിച്ചു. ഈ സിൻ​ഡ്രോ​മി​ന്റെ ഒരു രൂപം മനുഷ്യർക്കും ഉണ്ടാകാ​മെന്ന്‌ അവർ കണ്ടെത്തി. ഉദാഹ​ര​ണ​ത്തിന്‌, പഠനത്തി​നാ​യി തിര​ഞ്ഞെ​ടുത്ത ഒരു കൂട്ടം ആളുകളെ അരോ​ച​ക​മായ ഒരു ശബ്ദം കേൾപ്പി​ച്ചു, എന്നിട്ട്‌ ഏതാനും ബട്ടണുകൾ അമർത്തി അതു നിറു​ത്തു​ന്നത്‌ എങ്ങനെ​യെന്ന്‌ അവർക്കു​തന്നെ പഠി​ച്ചെ​ടു​ക്കാ​മെ​ന്നും പറഞ്ഞു. അവർ ശബ്ദം നിറു​ത്തു​ന്ന​തിൽ വിജയി​ച്ചു.

അടുത്ത​താ​യി, രണ്ടാമ​തൊ​രു കൂട്ട​ത്തോ​ടും ഇതേ സംഗതി​കൾ തന്നെ ആവർത്തി​ച്ചു. പക്ഷേ അവർ ബട്ടണുകൾ അമർത്തി​യെ​ങ്കി​ലും യാതൊ​രു ഫലവും ഉണ്ടായില്ല. നിങ്ങൾക്ക്‌ ഊഹി​ക്കാ​വു​ന്ന​തു​പോ​ലെ, രണ്ടാമത്തെ കൂട്ടത്തി​ലെ അനേക​രു​ടെ​യും മനസ്സിൽ ഒരുതരം നിസ്സഹാ​യതാ ബോധം ഉടലെ​ടു​ത്തു. തുടർന്നു നടത്തിയ മറ്റു പരീക്ഷ​ണ​ങ്ങ​ളിൽ എന്തെങ്കി​ലും ശ്രമം ചെലു​ത്താൻ പോലും അവർ മടിച്ചു. തങ്ങൾ എന്തു ചെയ്‌താ​ലും അത്‌ യാതൊ​രു വ്യത്യാ​സ​വും വരുത്താൻ പോകു​ന്നില്ല എന്ന ചിന്തയാ​യി​രു​ന്നു അവർക്ക്‌. എന്നിരു​ന്നാ​ലും, രണ്ടാമത്തെ കൂട്ടത്തിൽ പോലും, ശുഭാ​പ്‌തി​വി​ശ്വാ​സം ഉണ്ടായി​രുന്ന ചിലർ നിസ്സഹാ​യ​ത​യ്‌ക്കു കീഴ്‌പെ​ടാൻ വിസമ്മ​തി​ച്ചു.

ആദ്യകാ​ല​ങ്ങ​ളി​ലെ ഇത്തരം പരീക്ഷ​ണ​ങ്ങൾക്കു രൂപം നൽകാൻ സഹായിച്ച ഡോ. മാർട്ടിൻ സെലി​ഗ്‌മൻ ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തെ​യും അശുഭാ​പ്‌തി​വി​ശ്വാ​സ​ത്തെ​യും കുറിച്ചു പഠിക്കു​ന്നതു തന്റെ ജീവിത വൃത്തി​യാ​ക്കാൻ പ്രചോ​ദി​ത​നാ​യി. നിസ്സഹാ​യ​രാ​യി സ്വയം വീക്ഷി​ക്കാൻ ചായ്‌വു​ള്ളവർ ഏതുതരം ചിന്താ​ഗതി പ്രതി​ഫ​ലി​പ്പി​ക്കും എന്നതിനെ പറ്റി അദ്ദേഹം അവധാ​ന​പൂർവം പഠിച്ചു. അദ്ദേഹ​ത്തി​ന്റെ നിഗമ​ന​ത്തിൽ, അശുഭാ​പ്‌തി​വി​ശ്വാ​സം നിഴലി​ക്കുന്ന ചിന്തകൾ ആളുക​ളു​ടെ പല ജീവി​തോ​ദ്യ​മ​ങ്ങൾക്കും പ്രതി​ബന്ധം സൃഷ്ടി​ക്കു​ക​യും ജീവി​ത​ത്തി​ലെ സാധാരണ പ്രവർത്ത​ന​ങ്ങൾക്കു​വരെ തടസ്സമാ​കു​ക​യും ചെയ്യുന്നു. അശുഭാ​പ്‌തി​വി​ശ്വാ​സ​ത്തെ​യും അതിന്റെ ഫലങ്ങ​ളെ​യും അദ്ദേഹം ഇപ്രകാ​രം സംഗ്ര​ഹി​ക്കു​ന്നു: “ഒരു അശുഭാ​പ്‌തി​വി​ശ്വാ​സി​യെ​പ്പോ​ലെ, അനർഥങ്ങൾ സംഭവി​ക്കു​ന്നത്‌ നമ്മുടെ കുറ്റമാ​ണെ​ന്നും അതു നമ്മു​ടെ​മേൽ പിടി​മു​റു​ക്കി​യി​രി​ക്കു​ന്നു​വെ​ന്നും നാം ചെയ്യുന്ന എന്തിനും അതു തുരങ്കം വെക്കു​മെ​ന്നും വിശ്വ​സി​ക്കു​ന്നത്‌ നാം ഒരു ശീലമാ​ക്കു​ന്നെ​ങ്കിൽ ഇങ്ങനെ വിശ്വ​സി​ക്കാ​ത്ത​വ​രെ​ക്കാൾ കൂടുതൽ അനർഥങ്ങൾ നമുക്കു വന്നുഭ​വി​ക്കു​ക​തന്നെ ചെയ്യും എന്ന്‌ 25 വർഷത്തെ പഠനം​കൊണ്ട്‌ എനിക്കു ബോധ്യ​മാ​യി​രി​ക്കു​ന്നു.”

ഇതും ഇന്നു ചിലർക്ക്‌ ഒരു നവീന ആശയമാ​യി തോന്നി​യേ​ക്കാം. എന്നാൽ ബൈബിൾ പഠിതാ​ക്കൾക്ക്‌ ഇതു സുപരി​ചി​ത​മാണ്‌. പിൻവ​രുന്ന സദൃശ​വാ​ക്യം ശ്രദ്ധി​ക്കുക: “കഷ്ടകാ​ലത്തു നീ കുഴഞ്ഞു​പോ​യാൽ [“നിരു​ത്സാ​ഹി​ത​നാ​യാൽ,” NW] നിന്റെ ബലം നഷ്ടം തന്നേ.” (സദൃശ​വാ​ക്യ​ങ്ങൾ 24:10) അതേ, നിരു​ത്സാ​ഹ​വും അതിന്റെ ഫലമായി ഉണ്ടാകുന്ന നിഷേ​ധാ​ത്മക ചിന്തക​ളും, പ്രവർത്തി​ക്കാ​നുള്ള നിങ്ങളു​ടെ ബലം കെടു​ത്തി​ക്ക​ള​യും എന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ, അശുഭാ​പ്‌തി​വി​ശ്വാ​സത്തെ തരണം ചെയ്യാ​നും കൂടുതൽ ശുഭാ​പ്‌തി​വി​ശ്വാ​സ​വും പ്രത്യാ​ശ​യും ജീവി​ത​ത്തി​ലേക്ക്‌ ആനയി​ക്കാ​നും നിങ്ങൾക്ക്‌ എന്തു​ചെ​യ്യാൻ കഴിയും? (g04  4/22)

[4, 5 പേജു​ക​ളി​ലെ ചിത്രം]

പ്രത്യാ​ശ​യ്‌ക്ക്‌ വളരെ​യ​ധി​കം പ്രയോ​ജനം ചെയ്യാൻ കഴിയും