വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അശുഭാപ്‌തിവിശ്വാസത്തെ തരണം ചെയ്യാനാകും

നിങ്ങൾക്ക്‌ അശുഭാപ്‌തിവിശ്വാസത്തെ തരണം ചെയ്യാനാകും

നിങ്ങൾക്ക്‌ അശുഭാ​പ്‌തി​വി​ശ്വാ​സത്തെ തരണം ചെയ്യാ​നാ​കും

ജീവി​ത​ത്തിൽ നേരി​ടേ​ണ്ടി​വ​രുന്ന തിരിച്ചടികളെ നിങ്ങൾ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? ഈ ചോദ്യ​ത്തി​നുള്ള ഉത്തരം, നിങ്ങൾക്ക്‌ ശുഭാ​പ്‌തി​വി​ശ്വാ​സ​മാ​ണോ അശുഭാ​പ്‌തി​വി​ശ്വാ​സ​മാ​ണോ ഉള്ളത്‌ എന്നു നിർണ​യി​ക്കാൻ വളരെ സഹായി​ക്കു​മെന്ന്‌ അനേകം വിദഗ്‌ധ​രും ഇപ്പോൾ വിശ്വ​സി​ക്കു​ന്നു. നമു​ക്കെ​ല്ലാം ജീവി​ത​ത്തിൽ വിവി​ധ​തരം ക്ലേശങ്ങൾ സഹി​ക്കേ​ണ്ടി​വ​രു​ന്നു, ചിലരു​ടെ കാര്യ​ത്തിൽ ഇതു മറ്റുള്ള​വ​രു​ടേ​തി​നെ​ക്കാൾ കൂടു​ത​ലാ​യി​രി​ക്കും. എന്നാൽ ചിലയാ​ളു​കൾ കഠിന​മായ പ്രാതി​കൂ​ല്യ​ങ്ങ​ളെ​പ്പോ​ലും തോൽപ്പി​ച്ചു ജീവി​ത​ത്തി​ലേക്കു മടങ്ങി​വ​രു​മ്പോൾ മറ്റു ചിലർ താരത​മ്യേന നിസ്സാര വിഷമ​ത​ക​ളു​ടെ മുന്നിൽ നിസ്സഹാ​യ​രാ​യി പകച്ചു​നിൽക്കു​ന്നു. ഇത്‌ എന്തു​കൊ​ണ്ടാണ്‌?

ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ഒരു ജോലി അന്വേ​ഷി​ക്കു​ക​യാണ്‌ എന്നിരി​ക്കട്ടെ. നിങ്ങൾ ഒരു ഇന്റർവ്യൂ​വി​നു പോകു​ന്നു, പക്ഷേ ജോലിക്ക്‌ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നില്ല. ഇതേക്കു​റിച്ച്‌ പിന്നീടു നിങ്ങളു​ടെ മനസ്സി​ലൂ​ടെ കടന്നു​പോ​കുന്ന ചിന്തകൾ എന്തൊ​ക്കെ​യാ​യി​രി​ക്കും? ഒരുപക്ഷേ ഈ സംഭവത്തെ തികച്ചും വ്യക്തി​പ​ര​മാ​യെ​ടു​ക്കു​ക​യും അതിനെ സ്ഥായി​യായ ഒരു പ്രശ്‌ന​മാ​യി കണക്കാ​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നിങ്ങൾ ഇപ്രകാ​രം ആത്മഗതം ചെയ്‌തേ​ക്കാം: ‘എന്നെ​പ്പോ​ലെ ഒരാളെ ആരു ജോലി​ക്കെ​ടു​ക്കാ​നാണ്‌? എനിക്ക്‌ ഒരിക്ക​ലും ഒരു ജോലി കിട്ടാൻ പോകു​ന്നില്ല.’ അല്ലെങ്കിൽ, കൂടുതൽ മോശ​മാ​യി, ‘എന്നെ ഒന്നിനും കൊള്ളില്ല. ആർക്കും ഉപകാ​ര​മി​ല്ലാത്ത ഒരു പാഴ്‌ജന്മം’ എന്നു സ്വയം പഴിച്ചു​കൊണ്ട്‌ ഈ ഒരൊറ്റ സംഭവ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ നിങ്ങൾ ജീവി​ത​ത്തി​ന്റെ സമസ്‌ത​ത​ല​ങ്ങ​ളെ​യും വിലയി​രു​ത്താൻ തുടങ്ങി​യേ​ക്കാം. ഇതു​പോ​ലുള്ള ഓരോ ചിന്തയും തികഞ്ഞ അശുഭാ​പ്‌തി​വി​ശ്വാ​സ​ത്തിൽനി​ന്നു മുള​പൊ​ട്ടു​ന്ന​താണ്‌.

അശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടു പോരാ​ടൽ

നിങ്ങൾക്ക്‌ എങ്ങനെ​യാണ്‌ ഇതി​നോ​ടു പോരാ​ടാൻ കഴിയു​ന്നത്‌? ഇത്തരം നിഷേ​ധാ​ത്മക ചിന്തകളെ തിരി​ച്ച​റി​യാൻ പഠിക്കു​ന്ന​താണ്‌ സുപ്ര​ധാ​ന​മായ ആദ്യപടി. അടുത്ത​പടി അവയോ​ടു പോരാ​ടുക എന്നതും. ഒരു സംഭവ​ത്തിന്‌ ന്യായ​മായ മറ്റെ​ന്തെ​ല്ലാം കാരണങ്ങൾ ഉണ്ടായി​രി​ക്കാം എന്നതിനെ കുറിച്ചു ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌ നിങ്ങൾക്കു ജോലി ലഭിക്കാ​തെ പോയത്‌ വാസ്‌ത​വ​ത്തിൽ ആർക്കും നിങ്ങളെ ജോലി​ക്കെ​ടു​ക്കാൻ ഇഷ്ടമി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോ? ഒരുപക്ഷേ ആ തൊഴി​ലു​ടമ മറ്റു യോഗ്യ​ത​ക​ളുള്ള ആരെ​യെ​ങ്കി​ലും തേടു​ക​യാ​യി​രു​ന്നി​രി​ക്കി​ല്ലേ?

വസ്‌തു​ത​കൾക്കു ശ്രദ്ധ​കൊ​ടു​ത്തു​കൊണ്ട്‌ അമിത വൈകാ​രിക പ്രതി​ക​ര​ണ​ങ്ങ​ളാ​കുന്ന അശുഭ​ചി​ന്ത​കളെ പുറത്തു​കൊ​ണ്ടു​വ​രിക. ഒരിക്കൽ തിരസ്‌ക​രി​ക്ക​പ്പെട്ടു എന്ന സംഗതി, നിങ്ങൾ ഒരു സമ്പൂർണ പരാജ​യ​മാ​ണെന്ന്‌ അർഥമാ​ക്കു​ന്നു​ണ്ടോ? നിങ്ങൾ ഒരള​വോ​ളം വിജയം നേടി​യി​രി​ക്കുന്ന, ജീവി​ത​ത്തി​ന്റെ മറ്റു വശങ്ങളെ കുറിച്ച്‌—അതായത്‌ ആത്മീയ ഉദ്യമങ്ങൾ, കുടും​ബ​ബ​ന്ധങ്ങൾ, സുഹൃ​ദ്‌ബ​ന്ധങ്ങൾ തുടങ്ങി​യ​വയെ കുറിച്ച്‌—നിങ്ങൾക്കു ചിന്തി​ക്കാൻ കഴിയു​മോ? എന്തുതന്നെ ചെയ്‌താ​ലും വരുന്ന​തെ​ല്ലാം “അനർഥ​ങ്ങ​ളാ​യി​രി​ക്കും” എന്ന ചിന്താ​ഗ​തി​യെ മനസ്സിൽനി​ന്നു തൂത്തെ​റി​യാൻ പഠിക്കുക. വാസ്‌ത​വ​ത്തിൽ, ഒരിക്ക​ലും ഒരു ജോലി കണ്ടെത്താൻ കഴിയി​ല്ലെന്ന്‌ ഉറപ്പാ​യി​ട്ടും നിങ്ങൾക്ക്‌ പറയാൻ കഴിയു​മോ? നിഷേ​ധാ​ത്മക ചിന്തകളെ പിഴു​തെ​റി​യാൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കൂടുതൽ കാര്യ​ങ്ങ​ളുണ്ട്‌.

ക്രിയാ​ത്മ​ക​വും ലക്ഷ്യോ​ന്മു​ഖ​വു​മായ ചിന്തകൾ

അടുത്ത കാലത്ത്‌, ഗവേഷകർ പ്രത്യാ​ശ​യ്‌ക്ക്‌ ഏറെക്കു​റെ സങ്കുചി​ത​മെ​ങ്കി​ലും താത്‌പ​ര്യ​ജ​ന​ക​മായ ഒരു നിർവ​ചനം രൂപ​പ്പെ​ടു​ത്തി​യെ​ടു​ത്തി​രി​ക്കു​ന്നു. നിങ്ങൾക്ക്‌ ലക്ഷ്യ​പ്രാ​പ്‌തി​യിൽ എത്തി​ച്ചേ​രാ​നാ​കും എന്ന വിശ്വാ​സ​മാണ്‌ പ്രത്യാ​ശ​യിൽ ഉൾപ്പെ​ടു​ന്ന​തെന്ന്‌ അവർ പറയുന്നു. അടുത്ത ലേഖനം വിശദീ​ക​രി​ക്കു​ന്ന​തു​പോ​ലെ പ്രത്യാ​ശ​യിൽ ഇതി​നെ​ക്കാൾ അധികം ഉൾപ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും മേൽപ്പറഞ്ഞ നിർവ​ചനം ഒട്ടനവധി വിധങ്ങ​ളിൽ പ്രയോ​ജ​ന​ക​ര​മെന്നു കാണുന്നു. വ്യക്തിഗത പ്രത്യാ​ശ​യു​ടെ ഈ വശത്ത്‌ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നത്‌ നമ്മിൽ കൂടുതൽ ക്രിയാ​ത്മ​ക​വും ലക്ഷ്യോ​ന്മു​ഖ​വു​മായ ചിന്തകൾ ഉരുത്തി​രി​യാൻ സഹായി​ക്കും.

ലക്ഷ്യങ്ങൾ വെക്കു​ക​യും അതിൽ എത്തി​ച്ചേ​രു​ക​യും ചെയ്‌ത​തി​ന്റെ ചരിത്രം നമുക്ക്‌ ഉണ്ടെങ്കിൽ മാത്രമേ ഭാവി ലക്ഷ്യങ്ങ​ളും നിറ​വേ​റ്റാൻ കഴിയു​മെന്ന ഒരു വിശ്വാ​സം നമ്മിൽ ഉണ്ടാകു​ക​യു​ള്ളൂ. അത്തര​മൊ​രു ചരിത്രം നിങ്ങൾക്കി​ല്ലെന്നു തോന്നു​ന്നെ​ങ്കിൽ, സ്വന്തം ലക്ഷ്യങ്ങളെ കുറിച്ചു നിങ്ങൾ ഗൗരവ​പൂർവം ചിന്തി​ക്കു​ന്നത്‌ മൂല്യ​വ​ത്താ​യി​രു​ന്നേ​ക്കാം. അതിരി​ക്കട്ടെ, നിങ്ങൾക്ക്‌ എന്തെങ്കി​ലും ലക്ഷ്യമു​ണ്ടോ? വാസ്‌ത​വ​ത്തിൽ നാം ജീവി​ത​ത്തിൽനിന്ന്‌ എന്ത്‌ ആഗ്രഹി​ക്കു​ന്നു​വെ​ന്നോ നമുക്ക്‌ ഏറ്റവും പ്രധാ​ന​പ്പെ​ട്ടത്‌ എന്താ​ണെ​ന്നോ ചിന്തി​ക്കാൻപോ​ലും സമയമി​ല്ലാത്ത യാന്ത്രി​ക​മായ ഒരു ജീവി​ത​ച​ര്യ​യി​ലേക്കു വഴുതി​വീ​ഴാൻ വളരെ എളുപ്പ​മാണ്‌. ഈ കാര്യ​ത്തി​ലും ബൈബിൾ പ്രാ​യോ​ഗി​ക​മായ ഒരു തത്ത്വം നൽകി​യി​രി​ക്കു​ന്ന​താ​യി കാണാം. വ്യക്തമായ മുൻഗ​ണ​നകൾ ഉണ്ടായി​രി​ക്കു​ന്നതു സംബന്ധിച്ച്‌ ദീർഘ​നാൾ മുമ്പു ബൈബി​ളിൽ ഇപ്രകാ​രം രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു: ‘കൂടുതൽ പ്രാധാ​ന്യ​മുള്ള സംഗതി​കൾ തിട്ട​പ്പെ​ടു​ത്തുക.’—ഫിലി​പ്പി​യർ 1:10, NW.

ഒരിക്കൽ നാം നമ്മുടെ മുൻഗ​ണ​നകൾ തിട്ട​പ്പെ​ടു​ത്തി കഴിഞ്ഞാൽ, നമ്മുടെ ആത്മീയ​വും കുടും​ബ​പ​ര​വും ലൗകി​ക​വു​മായ ജീവി​ത​ത്തി​ന്റെ വിവിധ മേഖല​ക​ളിൽ ചില പ്രധാ​ന​പ്പെട്ട ലക്ഷ്യങ്ങൾ വെക്കാൻ നമുക്ക്‌ എളുപ്പ​മാ​യി​ത്തീ​രു​ന്നു. എന്നിരു​ന്നാ​ലും, തുടക്ക​ത്തിൽത്തന്നെ നിരവധി ലക്ഷ്യങ്ങൾ വെക്കാ​തി​രി​ക്കാൻ നാം ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. അതു​പോ​ലെ, അനായാ​സേന നേടി​യെ​ടു​ക്കാൻ കഴിയുന്ന തരത്തി​ലു​ള്ള​താ​യി​രി​ക്കണം നമ്മുടെ ഓരോ ലക്ഷ്യവും. നാം വെച്ചി​രി​ക്കുന്ന ലക്ഷ്യം, കൈവ​രി​ക്കാൻ ഏറെ ബുദ്ധി​മു​ട്ടു​ള്ള​താ​ണെ​ങ്കിൽ അത്‌ ഉത്‌ക​ണ്‌ഠ​യ്‌ക്കു വഴി​തെ​ളി​ക്കു​ക​യും നാം അതിൽ എത്തി​ച്ചേ​രാ​നുള്ള ശ്രമം ഉപേക്ഷി​ക്കു​ക​യും ചെയ്‌തേ​ക്കാം. അതു​കൊണ്ട്‌, വലിയ, ദീർഘ​കാല ലക്ഷ്യങ്ങളെ ചുരു​ങ്ങിയ കാലം കൊണ്ടു നേടി​യെ​ടു​ക്കാൻ പറ്റുന്ന ചെറി​യ​വ​യാ​ക്കി വിഭജി​ക്കു​ന്ന​താണ്‌ പലപ്പോ​ഴും നല്ലത്‌.

“വേണ​മെ​ങ്കിൽ ചക്ക വേരി​ലും കായ്‌ക്കും” എന്ന ചൊല്ല്‌ കേട്ടി​ട്ടി​ല്ലേ? മനസ്സു​ണ്ടെ​ങ്കിൽ മാർഗ​വു​മുണ്ട്‌ എന്ന്‌ അർഥം. അതിൽ അൽപ്പം കഴമ്പു​ള്ള​താ​യി തോന്നു​ന്നു. പ്രധാന ലക്ഷ്യങ്ങൾ വെച്ചു​ക​ഴി​ഞ്ഞാൽ അതു കൈവ​രി​ക്കാ​നുള്ള ഇച്‌ഛാ​ശക്തി—തീവ്ര​മായ ആഗ്രഹ​വും നിശ്ചയ​ദാർഢ്യ​വും—നമുക്ക്‌ ഉണ്ടായി​രി​ക്കണം. നമ്മൾ വെച്ച ലക്ഷ്യങ്ങ​ളു​ടെ മൂല്യ​ത്തെ​യും അവ നമുക്കു നൽകുന്ന പ്രതി​ഫ​ല​ങ്ങ​ളെ​യും കുറിച്ചു പരിചി​ന്തി​ച്ചു​കൊണ്ട്‌ നമുക്ക്‌ ആ നിശ്ചയ​ദാർഢ്യം ബലിഷ്‌ഠ​മാ​ക്കാ​നാ​കും. പ്രതി​ബ​ന്ധങ്ങൾ തീർച്ച​യാ​യും ഉണ്ടാകും, എന്നാൽ അവയുടെ മുന്നിൽ വഴിമു​ട്ടി​യ​തു​പോ​ലെ പകച്ചു​നിൽക്കാ​തെ അവയെ വെല്ലു​വി​ളി​ക​ളാ​യി വീക്ഷി​ക്കാൻ പഠി​ക്കേ​ണ്ട​തുണ്ട്‌.

എന്നിരു​ന്നാ​ലും, നമ്മുടെ ലക്ഷ്യങ്ങൾ നേടു​ന്ന​തി​നുള്ള പ്രാ​യോ​ഗിക മാർഗ​ങ്ങളെ കുറി​ച്ചും നാം ചിന്തി​ക്കേ​ണ്ട​തുണ്ട്‌. പ്രത്യാ​ശ​യു​ടെ മൂല്യത്തെ കുറിച്ച്‌ വിപു​ല​മായ പഠനങ്ങൾ നടത്തിയ എഴുത്തു​കാ​ര​നായ സി. ആർ. സ്‌​നൈ​ഡ​റു​ടെ നിർദേശം, ഒരു ലക്ഷ്യത്തിൽ എത്തി​ച്ചേ​രു​ന്ന​തി​നുള്ള വ്യത്യ​സ്‌ത​ങ്ങ​ളായ നിരവധി മാർഗ​ങ്ങളെ കുറിച്ചു ചിന്തി​ക്കേ​ണ്ട​തുണ്ട്‌ എന്നാണ്‌. അങ്ങനെ​യാ​കു​മ്പോൾ ഒരു മാർഗം വിഫല​മാ​യാൽത്ത​ന്നെ​യും മറ്റൊന്ന്‌ പരീക്ഷി​ക്കാ​നാ​കും.

ഒരു ലക്ഷ്യം ഉപേക്ഷിച്ച്‌ മറ്റൊന്നു വെക്കേ​ണ്ടത്‌ എപ്പോ​ഴാ​ണെന്നു മനസ്സി​ലാ​ക്കി​യി​രി​ക്കാ​നും സ്‌​നൈഡർ നിർദേ​ശി​ക്കു​ന്നുണ്ട്‌. ലക്ഷ്യ​പ്രാ​പ്‌തി തീർത്തും അസാധ്യ​മാ​യി​ത്തീ​രുന്ന അവസര​ങ്ങ​ളിൽ അതേപ്പറ്റി ചിന്തി​ച്ചു​വ​ശാ​കു​ന്നത്‌ നമ്മെ നിരു​ത്സാ​ഹി​ത​രാ​ക്കു​കയേ ഉള്ളൂ. മറിച്ച്‌, കൂടുതൽ യാഥാർഥ്യ​ബോ​ധ​ത്തോ​ടെ​യുള്ള മറ്റൊരു ലക്ഷ്യം നാം പകരം വെക്കു​ന്നെ​ങ്കിൽ തുടർന്നും നമുക്കു പ്രത്യാ​ശ​യ്‌ക്കു വക ഉണ്ടായി​രി​ക്കും.

ഈ വസ്‌തുത കൂടുതൽ വ്യക്തമാ​ക്കുന്ന ഒരു ദൃഷ്ടാന്തം ബൈബി​ളി​ലുണ്ട്‌. തന്റെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു ആലയം പണിയു​ക​യെ​ന്നത്‌ ദാവീദ്‌ രാജാ​വി​ന്റെ വലി​യൊ​രു ആഗ്രഹ​മാ​യി​രു​ന്നു. അവൻ അതിനു ലക്ഷ്യവും വെച്ചു. എന്നാൽ ആ പദവി ദാവീ​ദി​നാ​യി​രി​ക്കില്ല മറിച്ച്‌, അവന്റെ പുത്ര​നായ ശലോ​മോ​നാ​യി​രി​ക്കും ലഭിക്കുക എന്നു ദൈവം ദാവീ​ദി​നോ​ടു പറഞ്ഞു. അത്‌ ഇച്ഛാഭം​ഗ​ത്തി​നി​ട​യാ​ക്കി​യെ​ങ്കി​ലും അതിൽ നീരസ​പ്പെ​ടു​ക​യോ യഹോ​വ​യു​ടെ തീരു​മാ​നത്തെ എതിർക്കാൻ തുനി​ഞ്ഞി​റ​ങ്ങു​ക​യോ ചെയ്യു​ന്ന​തി​നു പകരം ദാവീദ്‌ തന്റെ ലക്ഷ്യങ്ങൾ മാറ്റു​ക​യാ​ണു ചെയ്‌തത്‌. തന്റെ പുത്രന്‌ ആലയം പണി പൂർത്തി​യാ​ക്കാൻ ആവശ്യ​മായ നിർമാ​ണ​വ​സ്‌തു​ക്ക​ളും മൂലധ​ന​വും സ്വരു​ക്കൂ​ട്ടു​ന്ന​തി​ലേക്ക്‌ അവൻ തന്റെ മുഴു ശ്രദ്ധയും തിരി​ച്ചു​വി​ട്ടു.—1 രാജാ​ക്ക​ന്മാർ 8:17-19; 1 ദിനവൃ​ത്താ​ന്തം 29:3-7.

അശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടു പൊരു​തു​ക​യും ക്രിയാ​ത്മ​ക​വും ലക്ഷ്യോ​ന്മു​ഖ​വു​മായ ചിന്താ​ഗതി വികസി​പ്പി​ച്ചെ​ടു​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ വ്യക്തിഗത പ്രത്യാ​ശ​യു​ടെ നിലവാ​രം വർധി​പ്പി​ക്കു​ന്ന​തിൽ വിജയി​ക്കു​ന്നെ​ങ്കിൽപ്പോ​ലും വലിയ അളവി​ലുള്ള നിരാശ അപ്പോ​ഴും ബാക്കി​നി​ന്നേ​ക്കാം. അത്‌ എന്തു​കൊ​ണ്ടാണ്‌? ഈ ലോക​ത്തിൽ നിരാ​ശ​യ്‌ക്ക്‌ ഇടയാ​ക്കുന്ന പല കാര്യ​ങ്ങ​ളും നമ്മുടെ വരുതി​ക്കു​ള്ളിൽ നിൽക്കു​ന്ന​വയല്ല. ദാരി​ദ്ര്യം, യുദ്ധങ്ങൾ, അനീതി, രോഗ​ത്തി​ന്റെ​യും മരണത്തി​ന്റെ​യും നിരന്തര ഭീഷണി എന്നിങ്ങനെ മനുഷ്യ​രാ​ശി​യെ വരിഞ്ഞു​മു​റു​ക്കുന്ന ദുരി​ത​ങ്ങ​ളെ​പ്പറ്റി ചിന്തി​ക്കു​മ്പോൾ നമു​ക്കെ​ങ്ങനെ പ്രത്യാശ നിലനി​റു​ത്താ​നാ​കും? (g04 4/22)

[7-ാം പേജിലെ ചിത്രം]

ഒരു ജോലി​ക്കു ശ്രമി​ച്ചിട്ട്‌ അതു കിട്ടാ​തെ​പോ​യാൽ ‘എനിക്ക്‌ ഒരിക്ക​ലും ഒരു ജോലി കിട്ടു​ക​യില്ല’ എന്നു നിങ്ങൾ നിഗമനം ചെയ്യു​മോ?

[8-ാം പേജിലെ ചിത്രം]

ലക്ഷ്യങ്ങൾ വെക്കുന്ന കാര്യ​ത്തിൽ ദാവീദ്‌ രാജാവ്‌ വഴക്കം പ്രകട​മാ​ക്കി