വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ പ്രത്യാശ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താനാകും?

യഥാർഥ പ്രത്യാശ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താനാകും?

യഥാർഥ പ്രത്യാശ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താ​നാ​കും?

നിങ്ങളു​ടെ വാച്ച്‌ നിന്നു​പോ​യി, അത്‌ പൊട്ടി​യി​ട്ടു​മുണ്ട്‌. വാച്ച്‌ നന്നാക്കി​ക്കൊ​ടു​ക്കുന്ന ധാരാളം സ്ഥലങ്ങൾ നിങ്ങളു​ടെ ചുറ്റു​വ​ട്ട​ത്തു​തന്നെ ഉണ്ട്‌. വാച്ച്‌ നന്നാക്കി​ത്ത​രാ​മെന്ന്‌ അവരെ​ല്ലാം നിങ്ങൾക്ക്‌ ഉറപ്പു നൽകു​ന്നെ​ങ്കി​ലും അവർ പറയുന്ന പല കാര്യ​ങ്ങ​ളും തമ്മിൽ ഒരു പൊരു​ത്ത​മില്ല. അപ്പോ​ഴാണ്‌ നിങ്ങൾ ഒരു കാര്യം അറിയു​ന്നത്‌, വർഷങ്ങൾക്കു മുമ്പ്‌ നിങ്ങളു​ടെ വാച്ച്‌ നിർമിച്ച വിദഗ്‌ധ വാച്ച്‌ നിർമാ​താവ്‌ നിങ്ങളു​ടെ അയൽപ​ക്ക​ത്തു​ത​ന്നെ​യുണ്ട്‌. അയാൾ സൗജന്യ​മാ​യി അതു നന്നാക്കി​ത്ത​രാ​നും തയ്യാറാണ്‌. ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ എന്തു ചെയ്യണം എന്നതിനെ കുറിച്ച്‌ നിങ്ങൾക്ക്‌ രണ്ടാമ​തൊ​ന്നു ചിന്തി​ക്കേണ്ടി വരുമോ?

ഇനി, ആ വാച്ചിനെ പ്രത്യാശ വെച്ചു​പു​ലർത്താ​നുള്ള നിങ്ങളു​ടെ പ്രാപ്‌തി​യോ​ടു താരത​മ്യ​പ്പെ​ടു​ത്തുക. ഈ ദുർഘ​ട​നാ​ളു​ക​ളി​ലെ അനേക​രെ​യും പോലെ, പ്രത്യാശ കൈവി​ട്ടു​പോ​കു​ക​യാ​ണെന്നു നിങ്ങൾ മനസ്സി​ലാ​ക്കു​ന്നു എന്നിരി​ക്കട്ടെ. സഹായ​ത്തി​നാ​യി നിങ്ങൾ എങ്ങോട്ടു തിരി​യും? ഈ പ്രശ്‌നം പരിഹ​രി​ക്കാ​മെ​ന്നുള്ള അവകാ​ശ​വാ​ദ​വു​മാ​യി പലരും മുന്നോ​ട്ടു വരുന്നുണ്ട്‌. പക്ഷേ അവരുടെ എണ്ണമറ്റ നിർദേ​ശങ്ങൾ കുഴപ്പി​ക്കു​ന്ന​തും പരസ്‌പ​ര​വി​രു​ദ്ധ​വും ആയിരു​ന്നേ​ക്കാം. അതു​കൊണ്ട്‌ പ്രത്യാശ വെച്ചു​പു​ലർത്താ​നുള്ള കഴി​വോ​ടെ മനുഷ്യ​വർഗത്തെ രൂപകൽപ്പന ചെയ്‌ത സ്രഷ്ടാ​വി​നെ സമീപി​ക്കു​ന്ന​താ​യി​രി​ക്കി​ല്ലേ ഏറ്റവും മെച്ചം? “അവൻ നമ്മിൽ ആർക്കും അകന്നി​രി​ക്കു​ന്ന​വനല്ല” എന്നു ബൈബിൾ പറയുന്നു. മാത്ര​വു​മല്ല, അവൻ നമ്മെ സഹായി​ക്കാൻ തികച്ചും മനസ്സൊ​രു​ക്കം ഉള്ളവനു​മാണ്‌.—പ്രവൃ​ത്തി​കൾ 17:27; 1 പത്രൊസ്‌ 5:7.

പ്രത്യാ​ശ​യു​ടെ കൂടുതൽ ഗഹനമായ നിർവ​ച​നം

പ്രത്യാ​ശയെ കുറി​ച്ചുള്ള ബൈബി​ളി​ന്റെ വീക്ഷണം ഇന്നത്തെ ഡോക്ടർമാർ, ശാസ്‌ത്രജ്ഞർ, മനശ്ശാ​സ്‌ത്രജ്ഞർ എന്നിവ​രു​ടേ​തി​നെ​ക്കാൾ ആഴവും പരപ്പു​മു​ള്ള​താണ്‌. “പ്രത്യാശ” എന്നു പരിഭാഷ ചെയ്‌തി​രി​ക്കുന്ന, ബൈബി​ളി​ലെ മൂലഭാ​ഷാ പദങ്ങളു​ടെ അർഥം അതിവാ​ഞ്‌ഛ​യോ​ടെ കാത്തി​രി​ക്കു​ക​യും നല്ലതു പ്രതീ​ക്ഷി​ക്കു​ക​യും ചെയ്യുക എന്നാണ്‌. അടിസ്ഥാ​ന​പ​ര​മാ​യി പ്രത്യാശ രണ്ടു ഘടകങ്ങൾ ചേർന്ന​താണ്‌. നല്ല എന്തോ ഒന്നിനാ​യുള്ള അഭിവാ​ഞ്‌ഛ​യും അതു സംഭവി​ക്കും എന്നു വിശ്വ​സി​ക്കാ​നുള്ള അടിസ്ഥാ​ന​വും അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്ന പ്രത്യാശ വെറും അടിസ്ഥാ​ന​ര​ഹി​ത​മായ ആഗ്രഹ​ങ്ങളല്ല. അത്‌ വസ്‌തു​ത​യി​ലും തെളി​വി​ലും അധിഷ്‌ഠി​ത​മാണ്‌.

ഈ കാര്യ​ത്തിൽ, പ്രത്യാശ വിശ്വാ​സ​ത്തോ​ടു സമാനത പുലർത്തു​ന്നു. വിശ്വാ​സം തെളി​വിൽ അടിസ്ഥാ​ന​പ്പെ​ട്ട​താ​യി​രി​ക്കണം, അല്ലാതെ അന്ധമായ ഒന്നായി​രി​ക്ക​രുത്‌. (എബ്രായർ 11:1, NW) എങ്കിലും, ബൈബിൾ വിശ്വാ​സ​വും പ്രത്യാ​ശ​യും തമ്മിൽ വ്യത്യാ​സം കൽപ്പി​ക്കു​ന്നുണ്ട്‌.—1 കൊരി​ന്ത്യർ 13:13.

ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ഒരു പ്രിയ സുഹൃ​ത്തി​നോട്‌ ഒരു സഹായം ചോദി​ക്കു​ന്നു എന്നിരി​ക്കട്ടെ. സുഹൃത്തു നിങ്ങളെ സഹായി​ക്കു​മെന്ന്‌ നിങ്ങൾ പ്രത്യാ​ശി​ക്കു​ന്നു. ആ പ്രത്യാശ അടിസ്ഥാ​ന​ര​ഹി​തമല്ല, കാരണം നിങ്ങൾക്ക്‌ ആ വ്യക്തി​യിൽ വിശ്വാ​സ​മുണ്ട്‌. നിങ്ങൾക്ക്‌ അയാളെ നന്നായി അറിയാം, ഔദാ​ര്യ​ത്തോ​ടും ദയയോ​ടും കൂടിയ അയാളു​ടെ പ്രവർത്ത​നങ്ങൾ നിങ്ങൾ മുമ്പ്‌ കണ്ടിട്ടു​മുണ്ട്‌. നിങ്ങളു​ടെ വിശ്വാ​സ​വും പ്രത്യാ​ശ​യും അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു, അവ പരസ്‌പ​രാ​ശ്രി​തങ്ങൾ പോലു​മാണ്‌, എന്നാൽ അതേസ​മയം അവ ഒന്നല്ല. നിങ്ങൾക്കു ദൈവ​ത്തിൽ അത്തരം പ്രത്യാശ ഉണ്ടായി​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യാണ്‌?

പ്രത്യാ​ശ​യ്‌ക്കുള്ള അടിസ്ഥാ​നം

യഥാർഥ പ്രത്യാ​ശ​യു​ടെ അടിസ്ഥാ​നം ദൈവ​മാണ്‌. ബൈബിൾ കാലങ്ങ​ളിൽ യഹോ​വയെ “യിസ്രാ​യേ​ലി​ന്റെ പ്രത്യാശ” എന്നു വിളി​ച്ചി​രു​ന്നു. (യിരെ​മ്യാ​വു 14:8) അവന്റെ ജനത്തിന്‌ ഉണ്ടായി​രുന്ന ആശ്രയ​യോ​ഗ്യ​മായ ഏതു പ്രത്യാ​ശ​യും അവനിൽനി​ന്നാ​യി​രു​ന്നു വന്നത്‌. അതിനാൽ അവൻ ആയിരു​ന്നു അവരുടെ പ്രത്യാശ. അത്തരം പ്രത്യാശ കേവലം എന്തെങ്കി​ലും ആശിക്കു​ന്ന​തി​നെയല്ല അർഥമാ​ക്കി​യത്‌. പ്രത്യാ​ശ​യ്‌ക്കുള്ള ഉറച്ച ഒരു അടിസ്ഥാ​നം ദൈവം അവർക്കു നൽകി. നൂറ്റാ​ണ്ടു​ക​ളിൽ ഉടനീ​ള​മുള്ള അവരു​മാ​യുള്ള ഇടപെ​ട​ലു​ക​ളി​ലൂ​ടെ വാഗ്‌ദാ​നങ്ങൾ നൽകു​ക​യും അതു നിവർത്തി​ക്കു​ക​യും ചെയ്യു​ന്നവൻ എന്ന കീർത്തി അവൻ സമ്പാദി​ച്ചു. ഇസ്രാ​യേ​ലി​ന്റെ നായക​നാ​യി​രുന്ന യോശുവ ആ ജനത​യോ​ടു പറഞ്ഞതു ശ്രദ്ധി​ക്കുക: “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളെ​ക്കു​റി​ച്ചു അരുളി​ച്ചെ​യ്‌തി​ട്ടുള്ള സകലന​ന്മ​ക​ളി​ലും​വെച്ചു ഒന്നിന്നും വീഴ്‌ച​വ​ന്നി​ട്ടി​ല്ലെന്നു നിങ്ങൾക്കു . . . ബോധ​മാ​യി​രി​ക്കു​ന്നു.”—യോശുവ 23:14.

ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു ശേഷം ഇന്നും ഈ കാര്യ​ത്തിൽ യാതൊ​രു മാറ്റവും വന്നിട്ടില്ല. ദൈവ​ത്തി​ന്റെ വിശി​ഷ്ട​മായ വാഗ്‌ദാ​ന​ങ്ങ​ളും അവ നിവൃ​ത്തി​യാ​യ​തി​ന്റെ കൃത്യ​മായ ചരിത്ര രേഖക​ളും​കൊ​ണ്ടു സമ്പുഷ്ട​മാണ്‌ ബൈബിൾ. എഴുത​പ്പെട്ട കാലത്തു​തന്നെ സംഭവി​ച്ചു കഴിഞ്ഞു എന്നതു​പോ​ലെ​യാണ്‌ ചില പ്രാവ​ച​നിക വാഗ്‌ദാ​നങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​തന്നെ. അത്രയ്‌ക്ക്‌ ആശ്രയ​യോ​ഗ്യ​മാ​ണവ.

അതു​കൊ​ണ്ടാണ്‌ ബൈബി​ളി​നെ പ്രത്യാ​ശ​യു​ടെ പുസ്‌തകം എന്നു വിളി​ക്കാൻ കഴിയു​ന്നത്‌. മനുഷ്യ​രു​മാ​യുള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​കളെ കുറി​ച്ചുള്ള ബൈബിൾ രേഖകൾ പഠിക്കു​ന്തോ​റും അവനിൽ പ്രത്യാശ അർപ്പി​ക്കു​ന്ന​തി​നുള്ള കാരണങ്ങൾ കൂടുതൽ ശക്തമാ​യി​ത്തീ​രും. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഇപ്രകാ​രം എഴുതി: “എന്നാൽ മുന്നെ​ഴു​തി​യി​രി​ക്കു​ന്നതു ഒക്കെയും നമ്മുടെ ഉപദേ​ശ​ത്തി​ന്നാ​യി​ട്ടു, നമുക്കു തിരു​വെ​ഴു​ത്തു​ക​ളാൽ ഉളവാ​കുന്ന സ്ഥിരത​യാ​ലും ആശ്വാ​സ​ത്താ​ലും പ്രത്യാശ ഉണ്ടാ​കേ​ണ്ട​തി​ന്നു തന്നേ എഴുതി​യി​രി​ക്കു​ന്നു.”—റോമർ 15:4.

ദൈവം നമുക്കു നൽകുന്ന പ്രത്യാശ എന്താണ്‌?

പ്രത്യാശ ഏറ്റവും ആവശ്യ​മാ​യി നമുക്കു തോന്നുന്ന സന്ദർഭം ഏതാണ്‌? നാം മരണത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോ​ഴല്ലേ? എന്നാൽ അനേക​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം അത്തര​മൊ​രു സന്ദർഭ​ത്തി​ലാണ്‌—ഉദാഹ​ര​ണ​ത്തിന്‌, മരണം പ്രിയ​പ്പെട്ട ഒരാളെ തട്ടി​യെ​ടു​ക്കു​മ്പോ​ഴാണ്‌—തങ്ങളുടെ പ്രത്യാശ ഏറ്റവും ചോർന്നു പോകു​ന്ന​താ​യി തോന്നു​ന്നത്‌. അതേ, മരണ​ത്തെ​ക്കാൾ നിരാശ ജനിപ്പി​ക്കു​ന്ന​താ​യി മറ്റെന്താ​ണു​ള്ളത്‌? അതു നമ്മെ ഓരോ​രു​ത്ത​രെ​യും വിടാതെ പിന്തു​ട​രു​ന്നു. അതിൽനിന്ന്‌ എന്നേക്കു​മാ​യി ഒഴിഞ്ഞു​മാ​റാൻ നമുക്കു കഴിയില്ല, അതു സംഭവി​ച്ചു കഴിഞ്ഞാൽ ഒരു വ്യക്തിയെ ജീവനി​ലേക്കു മടക്കി​വ​രു​ത്താൻ നാം അപ്രാ​പ്‌ത​രാണ്‌. ഉചിത​മാ​യി, മരണത്തെ ബൈബിൾ “ഒടുക്കത്തെ ശത്രു” എന്നു വിളി​ക്കു​ന്നു.—1 കൊരി​ന്ത്യർ 15:26.

അങ്ങനെ​യെ​ങ്കിൽ, മരണത്തി​ന്റെ മുന്നി​ലും നമുക്ക്‌ പ്രത്യാ​ശ​യു​ള്ള​വ​രാ​യി​രി​ക്കാൻ എങ്ങനെ കഴിയും? മരണത്തെ ഒടുവി​ലത്തെ ശത്രു എന്നു വിളി​ക്കുന്ന അതേ ബൈബിൾ വാക്യ​ത്തിൽ ഈ ശത്രു “നീങ്ങി​പ്പോ​കും” എന്നും പറഞ്ഞി​രി​ക്കു​ന്നു. യഹോ​വ​യാം ദൈവം മരണ​ത്തെ​ക്കാൾ ശക്തനാണ്‌. അനവധി സന്ദർഭ​ങ്ങ​ളിൽ അവൻ അതു തെളി​യി​ച്ചി​ട്ടുണ്ട്‌. ഏതു വിധത്തിൽ? മരിച്ചു​പോ​യ​വരെ ഉയിർപ്പി​ച്ചു​കൊണ്ട്‌. മരിച്ചു​പോ​യ​വരെ തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രാൻ അവൻ തന്റെ ശക്തി ഉപയോ​ഗിച്ച ഒമ്പതു സന്ദർഭ​ങ്ങളെ കുറിച്ചു ബൈബിൾ വിവരി​ക്കു​ന്നുണ്ട്‌.

അത്തരം ഒരു സവിശേഷ സംഭവ​ത്തിൽ, തന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വിന്‌, മരിച്ചിട്ട്‌ നാലു ദിവസ​മാ​യി​രുന്ന അവന്റെ പ്രിയ സുഹൃ​ത്തായ ലാസറി​നെ ഉയിർപ്പി​ക്കാൻ യഹോവ ശക്തി നൽകു​ക​യു​ണ്ടാ​യി. യേശു ഇതു രഹസ്യ​മാ​യി​ട്ടല്ല, കാഴ്‌ച​ക്കാ​രു​ടെ ഒരു വലിയ കൂട്ടത്തി​നു മുമ്പാകെ പരസ്യ​മാ​യി​ട്ടാ​ണു ചെയ്‌തത്‌.—യോഹ​ന്നാൻ 11:38-48, 53; 12:9, 10.

അങ്ങനെ​യെ​ങ്കിൽ നിങ്ങൾ ഇപ്രകാ​രം ചോദി​ച്ചേ​ക്കാം, ‘എന്തിനാണ്‌ അവരെ ഉയിർപ്പി​ച്ചത്‌? അവർ എന്തായാ​ലും വാർധ​ക്യം പ്രാപി​ക്കു​ക​യും വീണ്ടും മരിക്കു​ക​യും ചെയ്‌തി​ല്ലേ?’ അതേ, അവർ എല്ലാവ​രും വീണ്ടും മരിച്ചു. എന്നാൽ, പുനരു​ത്ഥാ​നത്തെ കുറി​ച്ചുള്ള ഇത്തരം ആശ്രയ​യോ​ഗ്യ​മായ വിവര​ണങ്ങൾ, മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ടവർ വീണ്ടും ജീവനി​ലേക്കു വന്നിരു​ന്നെ​ങ്കിൽ എന്നു വെറുതെ ആശിക്കു​ന്ന​തി​നെ​ക്കാൾ അവർ തീർച്ച​യാ​യും ജീവനി​ലേക്കു വരും എന്നു വിശ്വ​സി​ക്കാ​നുള്ള അടിസ്ഥാ​നം പ്രദാനം ചെയ്യുന്നു. മറ്റുവാ​ക്കു​ക​ളിൽ പറഞ്ഞാൽ, ഇവ നമുക്ക്‌ യഥാർഥ പ്രത്യാശ പകർന്നു​ത​രു​ന്നു.

യേശു ഇപ്രകാ​രം പറഞ്ഞു: “ഞാൻ തന്നേ പുനരു​ത്ഥാ​ന​വും ജീവനും ആകുന്നു.” (യോഹ​ന്നാൻ 11:25) ഗോള​മെ​മ്പാ​ടു​മുള്ള ആളുകളെ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​രാൻ യഹോവ നിയോ​ഗി​ക്കു​ന്നത്‌ യേശു​ക്രി​സ്‌തു​വി​നെ​യാണ്‌. യേശു ഇങ്ങനെ പറഞ്ഞു: “കല്ലറക​ളിൽ [“സ്‌മാരക കല്ലറക​ളിൽ,” NW] ഉള്ളവർ എല്ലാവ​രും അവന്റെ [ക്രിസ്‌തു​വി​ന്റെ] ശബ്ദം കേട്ടു, . . . പുനരു​ത്ഥാ​നം ചെയ്‌വാ​നുള്ള നാഴിക വരുന്നു.” (യോഹ​ന്നാൻ 5:28, 29) തീർച്ച​യാ​യും, ശവക്കു​ഴി​ക​ളിൽ നിദ്ര​യി​ലാ​യി​രി​ക്കുന്ന എല്ലാവർക്കും ഒരു പറുദീസ ഭൂമി​യി​ലേക്ക്‌ പുനരു​ത്ഥാ​നം ചെയ്യാ​നുള്ള പ്രത്യാ​ശ​യുണ്ട്‌.

പുനരു​ത്ഥാ​നത്തെ കുറി​ച്ചുള്ള ഹൃദയ​സ്‌പർശി​യായ ഒരു ചിത്രം യെശയ്യാ പ്രവാ​ചകൻ വരച്ചു​കാ​ട്ടു​ക​യു​ണ്ടാ​യി: “നിന്റെ മൃതന്മാർ ജീവി​ക്കും; എന്റെ ശവങ്ങൾ എഴു​ന്നേ​ല്‌ക്കും; പൊടി​യിൽ കിടക്കു​ന്ന​വരേ, ഉണർന്നു ഘോഷി​പ്പിൻ; നിന്റെ മഞ്ഞു പ്രഭാ​ത​ത്തി​ലെ മഞ്ഞു​പോ​ലെ ഇരിക്കു​ന്നു; ഭൂമി പ്രേത​ന്മാ​രെ [“മൃതന്മാ​രെ”, NW] പ്രസവി​ക്കു​മ​ല്ലോ.”—യെശയ്യാ​വു 26:19.

ഇത്‌ സാന്ത്വനം പകരു​ന്നി​ല്ലേ? മരിച്ചു​പോ​യവർ സങ്കൽപ്പി​ക്കാ​വു​ന്ന​തിൽ വെച്ച്‌ ഏറ്റവും സുരക്ഷി​ത​മായ സ്ഥലത്താണ്‌, അമ്മയുടെ ഉദരത്തിൽ സുരക്ഷി​ത​നാ​യി​രി​ക്കുന്ന കുഞ്ഞി​നെ​പ്പോ​ലെ. അതേ, ശവകു​ടീ​ര​ങ്ങ​ളിൽ നിദ്ര​കൊ​ള്ളു​ന്നവർ സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ അപരി​മേ​യ​മായ ഓർമ​യിൽ സുരക്ഷി​ത​രാണ്‌ എന്നതിൽ സംശയ​മില്ല. (ലൂക്കൊസ്‌ 20:37, 38) വളരെ​പ്പെ​ട്ടെന്ന്‌ അവൻ അവരെ ജീവനി​ലേക്ക്‌ കൊണ്ടു​വ​രും. സ്‌നേ​ഹം​കൊ​ണ്ടു മൂടാൻ കാത്തി​രി​ക്കുന്ന ഒരു കുടും​ബാ​ന്ത​രീ​ക്ഷ​ത്തി​ലേക്ക്‌ ഒരു ശിശു പിറക്കു​ന്ന​തു​പോ​ലെ സന്തോ​ഷ​ഭ​രി​ത​വും അവരെ എതി​രേൽക്കാൻ കാത്തി​രി​ക്കു​ക​യും ചെയ്യുന്ന ഒരു ലോക​ത്തി​ലേക്ക്‌ അവർ ജീവ​നോ​ടെ തിരി​ച്ചു​വ​രും! അതു​കൊണ്ട്‌, മരണത്തി​ന്റെ മുന്നി​ലും നമുക്കു പ്രത്യാ​ശ​യുണ്ട്‌.

പ്രത്യാ​ശ​യ്‌ക്ക്‌ നിങ്ങൾക്കു​വേണ്ടി ചെയ്യാൻ കഴിയു​ന്നത്‌

പ്രത്യാ​ശ​യു​ടെ മൂല്യത്തെ കുറിച്ച്‌ പൗലൊസ്‌ നമ്മെ ഏറെ കാര്യങ്ങൾ പഠിപ്പി​ക്കു​ന്നുണ്ട്‌. ആത്മീയ പടച്ചട്ട​യി​ലെ ഒരു സുപ്ര​ധാന ഭാഗമായ ശിരസ്‌ത്ര​മെന്ന നിലയിൽ പ്രത്യാ​ശയെ കുറിച്ച്‌ അവൻ സംസാ​രി​ക്കു​ക​യു​ണ്ടാ​യി. (1 തെസ്സ​ലൊ​നീ​ക്യർ 5:8) അവൻ എന്താണ്‌ അർഥമാ​ക്കി​യത്‌? ബൈബിൾ കാലങ്ങ​ളിൽ യുദ്ധത്തിൽ ഏർപ്പെ​ടുന്ന പടയാളി, രോമ​മോ തോലോ ഉപയോ​ഗിച്ച്‌ ഉണ്ടാക്കിയ തൊപ്പി​ക്കു മീതെ ലോഹം​കൊ​ണ്ടുള്ള ശിരസ്‌ത്രം ധരിക്കു​മാ​യി​രു​ന്നു. പടയാ​ളി​യു​ടെ തലയ്‌ക്കു നേരെ വരുന്ന ആക്രമ​ണങ്ങൾ, മാരക​മായ ക്ഷതം ഏൽപ്പി​ക്കാ​തെ പാളി​പ്പോ​കാൻ ശിരസ്‌ത്രം ഇടയാ​ക്കു​മാ​യി​രു​ന്നു. പൗലൊസ്‌ പറയാൻ ഉദ്ദേശിച്ച ആശയം എന്തായി​രു​ന്നു? ശിരസ്‌ത്രം തലയെ സംരക്ഷി​ക്കുന്ന അതേവി​ധ​ത്തിൽ പ്രത്യാശ മനസ്സിനെ, ചിന്താ​പ്രാ​പ്‌തി​കളെ, സംരക്ഷി​ക്കു​ന്നു. നിങ്ങൾക്ക്‌ ദൈ​വോ​ദ്ദേ​ശ്യ​ങ്ങൾക്കു ചേർച്ച​യി​ലുള്ള ഉറച്ച പ്രത്യാശ ഉണ്ടെങ്കിൽ കഷ്ടതക​ളു​ടെ മുന്നിൽ പരി​ഭ്രാ​ന്ത​രോ ഹതാശ​രോ ആയിത്തീർന്ന്‌ നിങ്ങളു​ടെ മനസ്സമാ​ധാ​നം തകരു​ക​യില്ല. നമ്മിലാർക്കാണ്‌ അത്തര​മൊ​രു ശിരസ്‌ത്രം ആവശ്യ​മി​ല്ലാ​ത്തത്‌?

ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യി​ലുള്ള പ്രത്യാ​ശയെ വിവരി​ക്കാൻ പൗലൊസ്‌ മനസ്സിൽ പതിയുന്ന മറ്റൊരു ദൃഷ്ടാന്തം ഉപയോ​ഗി​ക്കു​ക​യു​ണ്ടാ​യി. അവൻ ഇപ്രകാ​രം എഴുതി: ‘ആ പ്രത്യാശ നമുക്കു ആത്മാവി​ന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയ​വും സ്ഥിരവും ആകുന്നു.’ (എബ്രായർ 6:19) ഒന്നി​ലേറെ തവണ കപ്പൽച്ചേ​ത​ത്തിൽനിന്ന്‌ തലനാ​രി​ഴ​യ്‌ക്ക്‌ രക്ഷപ്പെട്ട പൗലൊ​സിന്‌ ഒരു നങ്കൂര​ത്തി​ന്റെ മൂല്യം വളരെ നന്നായി അറിയാ​മാ​യി​രു​ന്നു. കൊടു​ങ്കാറ്റ്‌ ഉണ്ടാകു​മ്പോൾ നാവികർ കപ്പലിന്റെ നങ്കൂരം വെള്ളത്തി​ലേ​ക്കി​ടും. നങ്കൂരം കടൽത്ത​ട്ടിൽ ചെന്ന്‌ ഉറച്ചാൽ കപ്പലിനെ കൊടു​ങ്കാറ്റ്‌ തീര​ത്തേക്ക്‌ ഒഴുക്കി​ക്കൊ​ണ്ടു​പോ​യി അതു പാറ​ക്കെ​ട്ടിൽ ഇടിച്ചു തകരു​ന്നത്‌ ഒഴിവാ​ക്കാൻ കഴിയു​മാ​യി​രു​ന്നു.

അതു​പോ​ലെ​ത​ന്നെ, ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ നമുക്ക്‌ “നിശ്ചയ​വും സ്ഥിരവും” ആയ പ്രത്യാശ ആണെങ്കിൽ, പ്രക്ഷു​ബ്ധ​മായ ഈ നാളു​കളെ വിജയ​പൂർവം നേരി​ടാൻ ആ പ്രത്യാശ നമ്മെ സഹായി​ക്കും. മാനവ​രാ​ശി​യെ ഗ്രസി​ച്ചി​രി​ക്കുന്ന യുദ്ധം, കുറ്റകൃ​ത്യം, ദുഃഖം, എന്തിന്‌ മരണം​പോ​ലും ഇല്ലാത്ത ഒരു കാലം സമീപി​ച്ചി​രി​ക്കു​ക​യാ​ണെന്ന്‌ യഹോവ ഉറപ്പു നൽകുന്നു. (10-ാം പേജിലെ ചതുരം കാണുക.) ഈ പ്രത്യാശ മുറു​കെ​പ്പി​ടി​ക്കു​ന്നത്‌ അപകട​ങ്ങ​ളു​ടെ പാതയിൽനിന്ന്‌ അകന്നു​മാ​റാൻ നമ്മെ സഹായി​ക്കും. അതു​പോ​ലെ ഈ പ്രത്യാശ, ഇന്നത്തെ ലോക​ത്തിൽ പ്രബല​മായ കുത്തഴിഞ്ഞ അധാർമിക ചിന്താ​ഗ​തിക്ക്‌ വശംവ​ദ​രാ​കാ​തെ ദൈവിക നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ ആവശ്യ​മായ പ്രചോ​ദനം നമുക്കു നൽകു​ക​യും ചെയ്യുന്നു.

വ്യക്തി​പ​ര​മാ​യും നിങ്ങൾ യഹോവ നൽകുന്ന പ്രത്യാ​ശ​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. അവൻ ഉദ്ദേശി​ച്ച​തു​പോ​ലുള്ള ഒരു ജീവിതം നിങ്ങൾ ആസ്വദി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. ‘സകലമ​നു​ഷ്യ​രും രക്ഷപ്രാ​പി​പ്പാൻ’ അവൻ അതിയാ​യി വാഞ്‌ഛി​ക്കു​ന്നു. രക്ഷപ്രാ​പി​ക്കാൻ എങ്ങനെ കഴിയും? ആദ്യം​തന്നെ, ഓരോ വ്യക്തി​യും “സത്യത്തി​ന്റെ പരിജ്ഞാ​ന​ത്തിൽ എത്തേണ്ട​തുണ്ട്‌.’ (1 തിമൊ​ഥെ​യൊസ്‌ 2:4) ദൈവ​വ​ച​ന​ത്തി​ലെ സത്യത്തെ കുറി​ച്ചുള്ള ജീവദാ​യ​ക​മായ പരിജ്ഞാ​നം കൈ​ക്കൊ​ള്ളാൻ ഈ ലേഖന​ത്തി​ന്റെ പ്രസാ​ധകർ നിങ്ങ​ളോട്‌ അഭ്യർഥി​ക്കു​ക​യാണ്‌. അതിലൂ​ടെ ദൈവം നിങ്ങൾക്കു നൽകുന്ന പ്രത്യാശ, ഈ ലോക​ത്തിൽ നിങ്ങൾക്കു കണ്ടെത്താൻ കഴിയുന്ന ഏതുതരം പ്രത്യാ​ശ​യെ​ക്കാ​ളും വളരെ​യേറെ ഉദാത്ത​മാ​യി​രി​ക്കും.

അത്തരം പ്രത്യാ​ശ​യു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ ഒരിക്ക​ലും നിസ്സഹാ​യത അനുഭ​വ​പ്പെ​ടില്ല. കാരണം ദൈ​വേ​ഷ്ട​ത്തോ​ടുള്ള ചേർച്ച​യിൽ നിങ്ങൾക്ക്‌ ഉണ്ടായി​രു​ന്നേ​ക്കാ​വുന്ന ഏതു ലക്ഷ്യങ്ങ​ളും നിവർത്തി​ക്കാ​നുള്ള ശക്തി നൽകാൻ ദൈവ​ത്തി​നു കഴിയും. (2 കൊരി​ന്ത്യർ 4:7; ഫിലി​പ്പി​യർ 4:13) വാസ്‌ത​വ​ത്തിൽ ഇത്തരത്തി​ലുള്ള പ്രത്യാ​ശ​യല്ലേ നിങ്ങൾക്കു വേണ്ടത്‌? അതു​കൊണ്ട്‌, നിങ്ങൾക്ക്‌ പ്രത്യാ​ശ​യു​ടെ ആവശ്യ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ അതിനാ​യി തിരഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കിൽ ധൈര്യ​പ്പെ​ടുക. അത്‌ കൈ​യെ​ത്തും ദൂരത്താണ്‌. നിങ്ങൾക്ക്‌ അതു കണ്ടെത്താൻ കഴിയും! (g04 4/22)

[10-ാം പേജിലെ ചതുരം/ചിത്രം]

പ്രത്യാശയ്‌ക്കുള്ള കാരണങ്ങൾ

നിങ്ങളു​ടെ പ്രത്യാശ ദൃഢമാ​ക്കാൻ ഈ തിരു​വെ​ഴു​ത്തു വിവരങ്ങൾ നിങ്ങളെ സഹായി​ക്കും:

◼ ദൈവം ഒരു സന്തുഷ്ട​ഭാ​വി വാഗ്‌ദാ​നം ചെയ്യുന്നു.

ഭൂമി ഒരു ആഗോള പറുദീസ ആയിത്തീ​രു​മെ​ന്നും സന്തുഷ്ട​രും ഏകീകൃ​ത​രു​മായ ഒരു മാനവ കുടും​ബം അവിടെ അധിവ​സി​ക്കു​മെ​ന്നും അവന്റെ വചനം പറയുന്നു.—സങ്കീർത്തനം 37:11, 29; യെശയ്യാ​വു 25:8; വെളി​പ്പാ​ടു 21:3-5.

◼ ദൈവ​ത്തിന്‌ ഭോഷ്‌കു പറയാൻ കഴിയില്ല.

ഏതുതരത്തിലുമുള്ള നുണയെ അവൻ വെറു​ക്കു​ന്നു. യഹോവ അത്യന്തം വിശു​ദ്ധ​നും സകലവിധ മലിന​ത​ക​ളിൽനി​ന്നും വിമു​ക്ത​നു​മാണ്‌. അതിനാൽ ഭോഷ്‌കു പറയാൻ അവനു കഴിയില്ല.—സദൃശ​വാ​ക്യ​ങ്ങൾ 6:16-19; യെശയ്യാ​വു 6:2, 3; തീത്തൊസ്‌ 1:2; എബ്രായർ 6:18.

◼ ദൈവ​ത്തിന്‌ അപരി​മേ​യ​മായ ശക്തിയുണ്ട്‌.

യഹോവ മാത്ര​മാണ്‌ സർവശക്തൻ. വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കു​ന്ന​തിൽനിന്ന്‌ അവനെ തടയാൻ പ്രപഞ്ച​ത്തി​ലുള്ള യാതൊ​ന്നി​നും കഴിയില്ല.—പുറപ്പാ​ടു 15:11; യെശയ്യാ​വു 40:25, 26.

◼ നിങ്ങൾ എന്നേക്കും ജീവി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു.

യോഹ​ന്നാൻ 3:16; 1 തിമൊ​ഥെ​യൊസ്‌ 2:3, 4.

◼ ദൈവം നമ്മെ പ്രത്യാ​ശ​യോ​ടെ നോക്കു​ന്നു.

അവൻ നമ്മുടെ കുറ്റങ്ങ​ളി​ലും കുറവു​ക​ളി​ലും അല്ല നമ്മുടെ സൽഗു​ണ​ങ്ങ​ളി​ലും ശ്രമങ്ങ​ളി​ലു​മാണ്‌ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നത്‌. (സങ്കീർത്തനം 103:12-14; 130:3; എബ്രായർ 6:10) നാം ശരി ചെയ്യു​മെന്ന്‌ അവൻ പ്രത്യാ​ശി​ക്കു​ക​യും നാം അതു ചെയ്യു​മ്പോൾ അതിൽ പ്രസാ​ദി​ക്കു​ക​യും ചെയ്യുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 27:11.

◼ ദൈവിക ലക്ഷ്യങ്ങൾ കൈവ​രി​ക്കു​ന്ന​തിൽ സഹായി​ക്കാ​മെന്ന്‌ ദൈവം വാഗ്‌ദാ​നം ചെയ്യുന്നു.

അവന്റെ ദാസന്മാർക്ക്‌ ഒരിക്ക​ലും നിസ്സഹാ​യത തോ​ന്നേ​ണ്ട​തില്ല. നമ്മെ സഹായി​ക്കാൻ, ഏറ്റവും വലിയ ശക്തിയായ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ദൈവം ഉദാര​മാ​യി നൽകുന്നു.—ഫിലി​പ്പി​യർ 4:13.

◼ ദൈവ​ത്തിൽ അർപ്പി​ക്കുന്ന പ്രത്യാശ ഒരിക്ക​ലും അസ്ഥാന​ത്താ​കു​ക​യില്ല.

അവൻ പൂർണ​മാ​യും ആശ്രയ​യോ​ഗ്യ​നും വിശ്വ​സ്‌ത​നും ആയതി​നാൽ നിങ്ങളെ ഒരിക്ക​ലും നിരാ​ശ​പ്പെ​ടു​ത്തു​ക​യില്ല. —സങ്കീർത്തനം 25:3.

[12-ാം പേജിലെ ചിത്രം]

ശിരസ്‌ത്രം തലയെ സംരക്ഷി​ക്കു​ന്ന​തു​പോ​ലെ പ്രത്യാശ മനസ്സിനെ സംരക്ഷി​ക്കു​ന്നു

[12-ാം പേജിലെ ചിത്രം]

ഒരു നങ്കൂരം​പോ​ലെ, ഉറച്ച അടിസ്ഥാ​ന​മുള്ള പ്രത്യാ​ശ​യ്‌ക്ക്‌ സ്ഥിരത പ്രദാനം ചെയ്യാൻ കഴിയും

[കടപ്പാട്‌]

Courtesy René Seindal/Su concessione del Museo Archeologico Regionale A. Salinas di Palermo