വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുൻവിധിയുടെ മുഖം

മുൻവിധിയുടെ മുഖം

മുൻവി​ധി​യു​ടെ മുഖം

“മുൻവി​ധി​കളെ വാതി​ലി​ലൂ​ടെ വെളി​യിൽ ചാടി​ച്ചാൽ അവ തിരിച്ച്‌ ജനലി​ലൂ​ടെ കയറി​വ​രും.”—പ്രഷ്യ​യി​ലെ രാജാ​വാ​യി​രുന്ന മഹാനായ ഫ്രെഡ​റിക്‌.

ഇന്ത്യയി​ലെ ഒരു ഗ്രാമ​മായ പാലി​യാ​ഡി​ലാണ്‌ രാജേഷ്‌ താമസി​ക്കു​ന്നത്‌, തൊട്ടു​കൂ​ടാ​യ്‌മ​യു​ടെ കയ്‌പേ​റിയ അനുഭ​വങ്ങൾ പേറുന്ന മറ്റാളു​ക​ളെ​പ്പോ​ലെ​തന്നെ അയാൾക്കും 15 മിനിട്ട്‌ നടന്നു​പോ​യി വേണം വീട്ടി​ലേക്ക്‌ ആവശ്യ​മായ വെള്ളം കൊണ്ടു​വ​രാൻ. “ഗ്രാമ​ത്തി​ലെ ഉയർന്ന ജാതി​ക്കാർ ഉപയോ​ഗി​ക്കുന്ന ടാപ്പു​ക​ളിൽനി​ന്നു വെള്ളം എടുക്കാൻ ഞങ്ങൾക്ക്‌ അനുവാ​ദ​മില്ല,” അയാൾ വിശദീ​ക​രി​ക്കു​ന്നു. സ്‌കൂ​ളിൽ പഠിച്ചി​രുന്ന കാലത്ത്‌, രാജേ​ഷി​നും കൂട്ടു​കാർക്കും മറ്റു കുട്ടികൾ കളിക്കാൻ ഉപയോ​ഗി​ച്ചി​രുന്ന പന്ത്‌ ഒന്നു തൊടാൻപോ​ലും അനുവാ​ദം ഇല്ലായി​രു​ന്നു. “അതിനു പകരം ഞങ്ങൾ കല്ലു​കൊ​ണ്ടാണ്‌ കളിച്ചത്‌,” അയാൾ പറയുന്നു.

“ആളുകൾ എന്നെ വെറു​ക്കു​ന്നു​വെന്ന്‌ എനിക്ക​റി​യാം, എന്നാൽ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയില്ല,” ഏഷ്യയിൽനിന്ന്‌ യൂറോ​പ്പിൽ വന്നു താമസി​ക്കുന്ന കൗമാ​ര​പ്രാ​യ​ക്കാ​രി​യായ ക്രിസ്റ്റീന പറയുന്നു. “അത്‌ വളരെ നിരാശ ഉളവാ​ക്കുന്ന ഒരു കാര്യ​മാണ്‌,” അവൾ കൂട്ടി​ച്ചേർക്കു​ന്നു. “സാധാ​ര​ണ​ഗ​തി​യിൽ എന്നെത്തന്നെ ഒറ്റപ്പെ​ടു​ത്തി​ക്കൊ​ണ്ടാണ്‌ ഞാൻ അതി​നോ​ടു പ്രതി​ക​രി​ക്കു​ന്നത്‌. എന്നാൽ അതു​കൊ​ണ്ടും പ്രയോ​ജ​ന​മൊ​ന്നു​മില്ല.”

“മുൻവി​ധി​യെ കുറിച്ച്‌ ഞാൻ ആദ്യമാ​യി മനസ്സി​ലാ​ക്കു​ന്നത്‌ 16-ാം വയസ്സി​ലാണ്‌” എന്ന്‌ പശ്ചിമാ​ഫ്രി​ക്ക​യിൽനി​ന്നുള്ള സ്റ്റാൻലി പറയുന്നു. “തികച്ചും അപരി​ചി​ത​രായ കുറെ​പ്പേർ വന്ന്‌ എന്നോട്‌ പട്ടണം വിട്ടു​പോ​കാൻ ആവശ്യ​പ്പെട്ടു. എതിർഗോ​ത്ര​ക്കാർ എന്റെ ഗോ​ത്ര​ത്തിൽപ്പെട്ട ചിലയാ​ളു​ക​ളു​ടെ വീടുകൾ ചുട്ടു ചാമ്പലാ​ക്കി. എന്റെ പിതാ​വി​ന്റെ ബാങ്കു നിക്ഷേപം അവർ മരവി​പ്പി​ച്ചു. ഇതൊക്കെ കാരണം, ഞങ്ങളോ​ടു വേർതി​രി​വു കാണി​ക്കുന്ന ആ ഗോ​ത്രത്തെ ഞാൻ വെറു​ക്കാൻ തുടങ്ങി.”

രാജേഷ്‌, ക്രിസ്റ്റീന, സ്റ്റാൻലി എന്നിവർ മുൻവി​ധി​യു​ടെ ഇരകളാണ്‌. എന്നാൽ അവർ മാത്രമല്ല അതിന്റെ ഇരകൾ. “വർഗീയത, വിവേ​ചനം, വിദേ​ശീ​വി​ദ്വേ​ഷം, മുഖ്യ​ധാ​രാ സമൂഹ​ത്തിൽനി​ന്നും അതിന്റെ ആനുകൂ​ല്യ​ങ്ങ​ളിൽനി​ന്നു​മുള്ള അകറ്റി​നി​റു​ത്തൽ എന്നിവ​യു​ടെ ഫലമായി കോടി​ക്ക​ണ​ക്കിന്‌ മനുഷ്യർ ഇന്ന്‌ ദുരിതം അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു” എന്ന്‌ ഐക്യ​രാ​ഷ്‌ട്ര വിദ്യാ​ഭ്യാ​സ ശാസ്‌ത്രീയ സാംസ്‌കാ​രിക സംഘട​ന​യു​ടെ (യുനെ​സ്‌കോ) ഡയറക്ടർ ജനറലായ കോയി​ച്ചി​റോ മാറ്റ്‌സൂ​ഊ​റാ വിശദീ​ക​രി​ക്കു​ന്നു. “മനുഷ്യ​ത്വ​മി​ല്ലാത്ത അത്തരം നടപടി​കളെ ഊട്ടി​വ​ളർത്തു​ന്നത്‌ അജ്ഞതയും മുൻവി​ധി​യും ആണ്‌. ഇത്തരം ചെയ്‌തി​കൾ പല രാജ്യ​ങ്ങ​ളി​ലും ആഭ്യന്തര കലഹം ഇളക്കി​വി​ടു​ക​യും മനുഷ്യ​രെ ദുരി​ത​ക്ക​യ​ത്തിൽ ആഴ്‌ത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”

ഒരിക്ക​ലും മുൻവി​ധിക്ക്‌ ഇരയാ​യി​ട്ടി​ല്ലാത്ത ഒരാളാണ്‌ നിങ്ങ​ളെ​ങ്കിൽ അത്‌ എത്ര വേദനാ​ജ​ന​ക​മാ​ണെന്ന്‌ മനസ്സി​ലാ​ക്കുക ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. “ചിലയാ​ളു​കൾ മുൻവി​ധി നിശ്ശബ്ദം സഹിക്കു​മ്പോൾ മറ്റുചി​ലർ കൂടുതൽ മുൻവി​ധി​കൊണ്ട്‌ അതിനെ നേരി​ടു​ന്നു” എന്ന്‌ മുൻവി​ധി​യു​മാ​യി മുഖാ​മു​ഖം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ മുൻവി​ധി ആളുക​ളു​ടെ ജീവി​ത​ത്തി​നു മുറി​വു​കൾ ഏൽപ്പി​ക്കു​ന്നത്‌?

ഒരു ന്യൂനപക്ഷ വിഭാ​ഗ​ത്തിൽപ്പെട്ട വ്യക്തി​യാ​ണു നിങ്ങ​ളെ​ങ്കിൽ, ആളുകൾ നിങ്ങളെ ഒഴിവാ​ക്കു​ന്ന​താ​യോ വിദ്വേ​ഷ​ത്തോ​ടെ നോക്കു​ന്ന​താ​യോ നിങ്ങളു​ടെ സംസ്‌കാ​രത്തെ കുറിച്ച്‌ തരംതാ​ഴ്‌ത്തി സംസാ​രി​ക്കു​ന്ന​താ​യോ നിങ്ങൾ കണ്ടെത്തി​യേ​ക്കാം. തൊഴിൽ അവസര​ങ്ങ​ളു​ടെ വാതി​ലു​കൾ നിങ്ങളു​ടെ മുന്നിൽ കൊട്ടി​യ​ട​യ്‌ക്ക​പ്പെ​ട്ടേ​ക്കാം. മറ്റാർക്കും വേണ്ടാത്ത താഴ്‌ന്ന ജോലി​ക​ള​ല്ലാ​തെ കാര്യ​മായ ജോലി​സാ​ധ്യ​ത​യൊ​ന്നും നിങ്ങളു​ടെ മുന്നിൽ കണ്ടെന്നു വരില്ല. അനു​യോ​ജ്യ​മായ ഒരു താമസ​സ്ഥലം കിട്ടുക ഒരുപക്ഷേ ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. സ്‌കൂ​ളി​ലെ മറ്റു കുട്ടികൾ ഒറ്റപ്പെ​ടു​ത്തു​ന്ന​താ​യും കൂടെ​ക്കൂ​ട്ടാ​തി​രി​ക്കു​ന്ന​താ​യും നിങ്ങളു​ടെ കുട്ടി​കൾക്കു തോന്നി​യേ​ക്കാം.

മുൻവി​ധിക്ക്‌ ആളുക​ളെ​ക്കൊണ്ട്‌ അതിലും ക്രൂര​മായ കാര്യങ്ങൾ ചെയ്യി​ക്കാ​നാ​കും. അക്രമ​ത്തി​ന്റെ​യോ കൊല​പാ​ത​ക​ത്തി​ന്റെ പോലു​മോ പാത തേടാൻ അത്‌ ആളുകളെ പ്രേരി​പ്പി​ച്ചേ​ക്കാം. കൂട്ട​ക്കൊ​ലകൾ, വർഗീയ കശാപ്പു​കൾ, വംശീയ വെടി​പ്പാ​ക്ക​ലു​കൾ തുടങ്ങി മുൻവി​ധിക്ക്‌ തിരി​കൊ​ളു​ത്താൻ കഴിയുന്ന അക്രമ​ത്തി​ന്റെ കിടി​ലം​കൊ​ള്ളി​ക്കുന്ന ഉദാഹ​ര​ണ​ങ്ങൾകൊണ്ട്‌ ചരി​ത്ര​ത്തി​ന്റെ ഏടുകൾ നിറഞ്ഞി​രി​ക്കു​ന്നു.

മുൻവി​ധി—നൂറ്റാ​ണ്ടു​ക​ളി​ലൂ​ടെ

ഒരു കാലത്ത്‌ മുൻവി​ധി​യു​ടെ പ്രധാന ഇരകളാ​യി​രു​ന്നു ക്രിസ്‌ത്യാ​നി​കൾ. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്റെ മരണത്തിന്‌ അൽപ്പനാ​ളു​കൾക്കു ശേഷം ക്രൂര​മായ പീഡന​ത്തി​ന്റെ തിര അവർക്കെ​തി​രെ ആഞ്ഞടിച്ചു. (പ്രവൃ​ത്തി​കൾ 8:3; 9:1, 2; 26:10, 11) രണ്ടു നൂറ്റാ​ണ്ടു​കൾക്കു ശേഷം, ക്രിസ്‌ത്യാ​നി​കൾ എന്ന്‌ അറിയ​പ്പെ​ട്ടി​രു​ന്നവർ നിഷ്‌ഠു​ര​മായ ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയായി. “മാരക​മായ ഒരു പകർച്ച​വ്യാ​ധി ഉണ്ടായാൽ ഉടനെ, ‘ആ ക്രിസ്‌ത്യാ​നി​കളെ സിംഹ​ങ്ങ​ളു​ടെ മുന്നി​ലേക്കു വലി​ച്ചെ​റി​യൂ’ എന്നു വിളി​ച്ചു​കൂ​വു​ക​യാ​യി ജനം,” മൂന്നാം നൂറ്റാ​ണ്ടി​ലെ എഴുത്തു​കാ​ര​നായ തെർത്തു​ല്യൻ പ്രസ്‌താ​വി​ക്കു​ന്നു.

എന്നാൽ, 11-ാം നൂറ്റാ​ണ്ടിൽ തുടങ്ങിയ കുരി​ശു​യു​ദ്ധ​ങ്ങ​ളോ​ടെ യഹൂദർ യൂറോ​പ്പി​ലെ ജനസമ്മ​തി​യി​ല്ലാത്ത ന്യൂന​പക്ഷം ആയിത്തീർന്നു. ബ്യൂ​ബോ​ണിക്‌ പ്ലേഗ്‌ എന്ന മഹാവ്യാ​ധി, ആ ഭൂഖണ്ഡ​ത്തി​ലെ 25 ശതമാ​ന​ത്തോ​ളം പേരെ ഏതാനും വർഷങ്ങൾക്കു​ള്ളിൽ കൊ​ന്നൊ​ടു​ക്കി​ക്കൊണ്ട്‌ അവിടെ സംഹാ​ര​താ​ണ്ഡവം ആടിയ​പ്പോൾ, അപ്പോൾത്തന്നെ അനേക​രു​ടെ​യും വെറു​പ്പി​നു പാത്ര​മാ​യി​രുന്ന യഹൂദരെ അതിന്റെ പേരിൽ കുറ്റ​പ്പെ​ടു​ത്താൻ എളുപ്പ​മാ​യി​രു​ന്നു. “പ്ലേഗിന്റെ വരവ്‌ ഈ വെറു​പ്പി​നുള്ള ഒരു ന്യായീ​ക​ര​ണ​മാ​യി ഉതകി. ഈ വെറു​പ്പാ​കട്ടെ, [യഹൂദരെ] പ്ലേഗിന്റെ കാരണ​ക്കാ​രാ​യി കാണാൻ അതിനെ കുറി​ച്ചുള്ള ഭയത്തിന്റെ നിഴലിൽ കഴിഞ്ഞി​രുന്ന ആളുകളെ പ്രേരി​പ്പി​ച്ചു” എന്ന്‌ അദൃശ്യ ശത്രുക്കൾ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ജാനെറ്റ്‌ ഫാറെൽ എഴുതു​ന്നു.

ഒടുവിൽ, ഫ്രാൻസി​ന്റെ തെക്കു​ഭാ​ഗത്ത്‌ താമസി​ച്ചി​രുന്ന ഒരു യഹൂദൻ പീഡനം സഹിക്ക​വ​യ്യാ​താ​യ​പ്പോൾ, യഹൂദർ കിണറു​ക​ളിൽ വിഷം കലർത്തി പകർച്ച​വ്യാ​ധിക്ക്‌ ഇടയാ​ക്കി​യ​താ​യി “ഏറ്റുപ​റഞ്ഞു.” അയാൾ പറഞ്ഞതിൽ യാതൊ​രു വാസ്‌ത​വ​വും ഇല്ലായി​രു​ന്നെ​ങ്കി​ലും ഈ വിവരം ഒരു വസ്‌തു​ത​യാ​യി കൊട്ടി​ഘോ​ഷി​ക്ക​പ്പെട്ടു. പിന്നെ താമസ​മു​ണ്ടാ​യില്ല. സ്‌പെ​യിൻ, ഫ്രാൻസ്‌, ജർമനി എന്നിവി​ട​ങ്ങ​ളിൽ യഹൂദ​രു​ടെ സമൂഹങ്ങൾ മുഴു​വ​നാ​യി​ത്തന്നെ കശാപ്പു​ചെ​യ്യ​പ്പെട്ടു. എന്നാൽ പ്ലേഗിനു പിന്നിലെ യഥാർഥ വില്ലന്മാർ—എലികൾ—ആരു​ടെ​യും ശ്രദ്ധയിൽ പെട്ടി​ല്ലെന്നു തോന്നു​ന്നു. മറ്റെല്ലാ​വ​രെ​യും പോ​ലെ​തന്നെ യഹൂദ​രും പ്ലേഗ്‌ ബാധിച്ചു മരിച്ചി​രു​ന്നു എന്ന വസ്‌തു​ത​യും അധിക​മാ​രും ശ്രദ്ധി​ച്ചില്ല!

ഒരിക്കൽ മുൻവി​ധി​ക്കു തിരി​കൊ​ളു​ത്ത​പ്പെട്ടു കഴിഞ്ഞാൽ അത്‌ നൂറ്റാ​ണ്ടു​ക​ളോ​ളം എരിഞ്ഞു​കൊ​ണ്ടി​രു​ന്നേ​ക്കാം. 20-ാം നൂറ്റാ​ണ്ടി​ന്റെ മധ്യത്തിൽ, അഡോൾഫ്‌ ഹിറ്റ്‌ലർ ഒന്നാം ലോക​യു​ദ്ധ​ത്തി​ലെ ജർമനി​യു​ടെ തോൽവിക്ക്‌ യഹൂദരെ പഴിചാ​രി​ക്കൊണ്ട്‌ ശേമ്യ​വി​രോ​ധ​ത്തി​ന്റെ കനലുകൾ ആളിക്ക​ത്തി​ച്ചു. ഔഷ്‌വി​റ്റ്‌സ്‌ തടങ്കൽപ്പാ​ള​യ​ത്തി​ന്റെ നാസി കമാൻഡ​റായ റൂഡോൾഫ്‌ ഹോസ്‌ രണ്ടാം ലോക​യു​ദ്ധ​ത്തിന്‌ ഒടുവിൽ ഇപ്രകാ​രം സമ്മതി​ച്ചു​പ​റഞ്ഞു: “സൈനി​ക​വും പ്രത്യ​യ​ശാ​സ്‌ത്ര​പ​ര​വു​മായ ഞങ്ങളുടെ പരിശീ​ലനം യഹൂദ​രിൽനി​ന്നു ജർമനി​യെ എങ്ങനെ​യും സംരക്ഷി​ച്ചേ മതിയാ​കൂ എന്ന ധാരണ ഞങ്ങളിൽ ഉളവാക്കി.” ‘ജർമനി​യെ സംരക്ഷി​ക്കാ​നാ​യി’ ഹോസ്‌ 20,00,000-ത്തോളം ആളുക​ളു​ടെ ഉന്മൂല​ന​ത്തി​നു മേൽനോ​ട്ടം വഹിച്ചു, അവരിൽ മിക്കവ​രും യഹൂദ​രാ​യി​രു​ന്നു.

പതിറ്റാ​ണ്ടു​കൾ പിന്നെ​യും കടന്നു​പോ​യി​രി​ക്കു​ന്നു. സങ്കടക​ര​മെന്നു പറയട്ടെ, കൊടും​ക്രൂ​ര​ത​കൾക്ക്‌ അവസാ​ന​മാ​യി​ട്ടില്ല. ഉദാഹ​ര​ണ​ത്തിന്‌, 1994-ൽ പൂർവാ​ഫ്രി​ക്ക​യിൽ ടൂട്‌സി​ക്കും ഹൂട്ടു​വി​നും ഇടയിൽ ഗോത്ര വിദ്വേ​ഷം പൊട്ടി​പ്പു​റ​പ്പെട്ടു. കുറഞ്ഞത്‌ അഞ്ചു ലക്ഷം പേരു​ടെ​യെ​ങ്കി​ലും ജീവൻ ആ വിദ്വേ​ഷ​ത്തി​ന്റെ ബലിക്ക​ല്ലിൽ ഹോമി​ക്ക​പ്പെട്ടു. ടൈം മാസിക അതിനെ കുറിച്ച്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “അഭയസ​ങ്കേ​ത​ങ്ങ​ളൊ​ന്നും ഇല്ലായി​രു​ന്നു. അനേക​രും പള്ളിക​ളിൽ അഭയം തേടി. ആ പള്ളികൾക്കു​ള്ളി​ലൂ​ടെ നിണച്ചാ​ലു​കൾ ഒഴുകി. . . . പോരാ​ട്ടം മുഖാ​മു​ഖം ഉള്ളതും അങ്ങേയറ്റം വ്യക്തിഗത സ്വഭാവം പുലർത്തി​യ​തും അതിഭ​യാ​ന​ക​വും ആയിരു​ന്നു. രക്ഷപ്പെ​ടാൻ കഴിഞ്ഞ​വരെ നിർവി​കാര സ്‌തബ്ധ​രാ​ക്കി​ത്തീർത്ത ഒരുതരം രക്തദാ​ഹ​മാ​യി​രു​ന്നു അത്‌.” ബീഭത്സ​മായ ആ അക്രമ​ത്തിൽനിന്ന്‌ കുട്ടി​കൾപോ​ലും ഒഴിവാ​യില്ല. “റുവാണ്ട ഒരു കൊച്ചു സ്ഥലമാണ്‌, എന്നാൽ ലോക​ത്തി​ലെ മുഴുവൻ വിദ്വേ​ഷ​വും ഇവിടെ തളം​കെട്ടി നിൽക്കു​ന്ന​തു​പോ​ലെ​യുണ്ട്‌” എന്ന്‌ ഒരു പൗരൻ അഭി​പ്രാ​യ​പ്പെട്ടു.

മുൻ യൂഗോ​സ്ലാ​വി​യ​യു​ടെ വിഭജ​നത്തെ ചുറ്റി​പ്പ​റ്റി​യുള്ള സംഘട്ട​നങ്ങൾ 2,00,000-ത്തിലേറെ ആളുക​ളു​ടെ ജീവൻ അപഹരി​ച്ചു. വർഷങ്ങ​ളോ​ളം സമാധാ​ന​പ​ര​മാ​യി കഴിഞ്ഞി​രുന്ന അയൽക്കാർ അന്യോ​ന്യം കൊ​ന്നൊ​ടു​ക്കി. ആയിര​ക്ക​ണ​ക്കി​നു സ്‌ത്രീ​കൾ ബലാത്സം​ഗ​ത്തിന്‌ ഇരകളാ​യി. വംശീയ വെടി​പ്പാ​ക്കൽ എന്ന മൃഗീയ നയത്തിന്റെ ഭാഗമാ​യി ലക്ഷക്കണ​ക്കിന്‌ ആളുകൾ സ്വന്തം ഭവനങ്ങ​ളിൽനി​ന്നു ബലമായി പറി​ച്ചെ​റി​യ​പ്പെട്ടു.

മുൻവി​ധി​യിൽ അധിക​പ​ങ്കും കൊല​പാ​ത​ക​ത്തിൽ കലാശി​ക്കു​ന്നി​ല്ലെ​ങ്കി​ലും അത്‌ എല്ലായ്‌പോ​ഴും ആളുകളെ ഭിന്നി​പ്പി​ക്കു​ക​യും നീരസം ഊട്ടി​വ​ളർത്തു​ക​യും ചെയ്യുന്നു. ആഗോ​ള​വ​ത്‌ക​ര​ണ​ത്തി​ന്റെ ഒരു കാലത്താണ്‌ നാം ജീവി​ക്കു​ന്ന​തെ​ങ്കി​ലും വർഗീ​യ​ത​യും വർഗ വിവേ​ച​ന​വും “ലോക​ത്തി​ന്റെ മിക്ക ഭാഗങ്ങ​ളി​ലും വർധി​ച്ചു​വ​രു​ന്ന​താ​യി കാണുന്നു” എന്ന്‌ അടുത്ത​കാ​ലത്തെ ഒരു യുനെ​സ്‌കോ റിപ്പോർട്ട്‌ പറയുന്നു.

മുൻവി​ധി​യെ വേരോ​ടെ പിഴു​തെ​റി​യാ​നാ​യി എന്തെങ്കി​ലും ചെയ്യുക സാധ്യ​മാ​ണോ? ആ ചോദ്യ​ത്തിന്‌ ഉത്തരം ലഭിക്കു​ന്ന​തിന്‌, മുൻവി​ധി മനസ്സി​ലും ഹൃദയ​ത്തി​ലും വേരു​പി​ടി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ നാം കണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. (g04 9/8)

[5-ാം പേജിലെ ചതുരം]

മുൻവിധിയുടെ ലക്ഷണങ്ങൾ

മുൻവി​ധി​യു​ടെ സ്വഭാവം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഗോർഡൻ ഡബ്ലിയു. ഓൾപോർട്ട്‌ മുൻവി​ധി​യിൽനിന്ന്‌ ഉരുത്തി​രി​യുന്ന അഞ്ചു തരം പെരു​മാ​റ്റ​ങ്ങളെ കുറിച്ചു പറയുന്നു. ഉള്ളിൽ മുൻവി​ധി നാമ്പെ​ടു​ത്തി​ട്ടുള്ള ഒരാൾ സാധാ​ര​ണ​ഗ​തി​യിൽ ഇവയിൽ ഒന്നോ അധിക​മോ രീതി​യിൽ പെരു​മാ​റു​ന്ന​താ​യി​രി​ക്കും.

1. നിഷേ​ധാ​ത്മക അഭി​പ്രാ​യങ്ങൾ. ഒരു വ്യക്തി തനിക്ക്‌ ഇഷ്ടമി​ല്ലാത്ത വിഭാ​ഗത്തെ കുറിച്ച്‌ തരംതാ​ഴ്‌ത്തി സംസാ​രി​ക്കു​ന്നു.

2. ഒഴിവാ​ക്കൽ. ആ വിഭാ​ഗ​ത്തിൽപ്പെട്ട എല്ലാവ​രെ​യും ഒഴിവാ​ക്കു​ന്നു.

3. വിവേ​ചനം. താൻ വെറു​ക്കുന്ന വിഭാ​ഗ​ത്തിൽപ്പെട്ട ആളുകളെ ചില പ്രത്യേ​ക​തരം ജോലി​യിൽനി​ന്നോ താമസ​സ്ഥ​ല​ങ്ങ​ളിൽനി​ന്നോ സാമൂ​ഹിക ആനുകൂ​ല്യ​ങ്ങ​ളിൽനി​ന്നോ ഒഴിച്ചു​നി​റു​ത്തു​ന്നു.

4. ശാരീ​രിക ആക്രമണം. താൻ വെറു​ക്കുന്ന ആളുകളെ ഭയപ്പെ​ടു​ത്താ​നാ​യി ആസൂ​ത്രണം ചെയ്‌ത അക്രമ​ത്തിൽ ഭാഗഭാ​ക്കാ​കു​ന്നു.

5. ഉന്മൂലനം. വിചാരണ കൂടാതെ അനധി​കൃ​ത​മാ​യി നടത്തുന്ന വധങ്ങളി​ലോ കൂട്ട​ക്കൊ​ല​ക​ളി​ലോ ഉന്മൂലന പരിപാ​ടി​ക​ളി​ലോ പങ്കെടു​ക്കു​ന്നു.

[4-ാം പേജിലെ ചിത്രം]

ടാൻസാനിയയിലെ ബെനാ​ക്കോ അഭയാർഥി ക്യാമ്പ്‌, 1994 മേയ്‌ 11

ഒരു സ്‌ത്രീ ജലപാ​ത്ര​ങ്ങൾക്ക​രി​കെ വിശ്ര​മി​ക്കു​ന്നു. 3,00,000-ത്തിലധി​കം അഭയാർഥി​കൾ ടാൻസാ​നി​യ​യി​ലേക്കു വരിക​യു​ണ്ടാ​യി. അവരിൽ അധിക​വും റുവാ​ണ്ട​യി​ലെ ഹൂട്ടു ഗോ​ത്ര​ക്കാ​രാ​യി​രു​ന്നു

[കടപ്പാട്‌]

Photo by Paula Bronstein/Liaison