വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദ്യവർഷങ്ങളിലെ പരിശീലനം എത്ര പ്രധാനമാണ്‌?

ആദ്യവർഷങ്ങളിലെ പരിശീലനം എത്ര പ്രധാനമാണ്‌?

ആദ്യവർഷ​ങ്ങ​ളി​ലെ പരിശീ​ലനം എത്ര പ്രധാ​ന​മാണ്‌?

ഫ്‌ളോ​റൻസ്‌ ഒരു കുഞ്ഞി​നു​വേണ്ടി അതിയാ​യി ആഗ്രഹി​ച്ചി​രു​ന്നു. 40 വയസ്സു​ള്ള​പ്പോൾ അവൾ ഗർഭി​ണി​യാ​യി. പക്ഷേ ജനിക്കുന്ന കുഞ്ഞിന്‌ ഏതെങ്കി​ലും തരത്തി​ലുള്ള പഠന​വൈ​ക​ല്യം ഉണ്ടാകാൻ സാധ്യ​ത​യു​ണ്ടെന്ന്‌ അവളുടെ ഡോക്ടർ മുന്നറി​യി​പ്പു നൽകി. എന്നാൽ അതിന്റെ പേരിൽ ഗർഭച്ഛി​ദ്രം നടത്താൻ അവൾ തയ്യാറാ​യില്ല. ഒടുവിൽ അവൾ ആരോ​ഗ്യ​വാ​നായ ഒരു ആൺകു​ഞ്ഞി​നു ജന്മം നൽകി.

തന്റെ കുഞ്ഞ്‌, സ്റ്റീഫൻ, ജനിച്ചു​ക​ഴിഞ്ഞ്‌ താമസി​യാ​തെ​തന്നെ ഫ്‌ളോ​റൻസ്‌ അവനെ വായി​ച്ചു​കേൾപ്പി​ക്കാ​നും ഒരു അവസര​വും പാഴാ​ക്കാ​തെ അവനോ​ടു സംസാ​രി​ക്കാ​നും തുടങ്ങി. അവൻ വളർന്നു​വ​രവേ, അവൾ അവനോ​ടൊ​പ്പം പലതരം കളിക​ളിൽ ഏർപ്പെട്ടു, പുറ​ത്തൊ​ക്കെ ചുറ്റി​ക്ക​റ​ങ്ങാൻ പോയി, എണ്ണാൻ പരിശീ​ലി​ച്ചു, പാട്ടുകൾ പാടി. “അവനെ കുളി​പ്പി​ക്കു​മ്പോൾപ്പോ​ലും ഞാനും അവനും എന്തെങ്കി​ലും കളിക​ളിൽ ഏർപ്പെ​ടു​മാ​യി​രു​ന്നു,” അവൾ ഓർക്കു​ന്നു. അവളുടെ ഈ പ്രയത്‌ന​ങ്ങൾക്കെ​ല്ലാം ഫലമു​ണ്ടാ​യി.

പതിന്നാ​ലു വയസ്സു​ള്ള​പ്പോൾ സ്റ്റീഫൻ മിയാമി സർവക​ലാ​ശാ​ല​യിൽനിന്ന്‌ ഉയർന്ന റാങ്കോ​ടെ വിജയം നേടി. രണ്ടു വർഷം കഴിഞ്ഞ്‌, 16-ാമത്തെ വയസ്സിൽ അവൻ നിയമ പഠനം പൂർത്തി​യാ​ക്കി, അവൻ പിന്നീട്‌ ഐക്യ​നാ​ടു​ക​ളി​ലെ ഏറ്റവും പ്രായം കുറഞ്ഞ അഭിഭാ​ഷ​ക​നാ​യി​ത്തീർന്ന​താ​യി അവന്റെ ജീവച​രി​ത്രം കാണി​ക്കു​ന്നു. ഒരു മുൻ അധ്യാ​പി​ക​യും കൗൺസി​ല​റും ആയിരുന്ന അവന്റെ അമ്മ ഡോ. ഫ്‌ളോ​റൻസ്‌ ബാക്കസ്‌, കുഞ്ഞു​ങ്ങൾക്ക്‌ അവരുടെ ആദ്യവർഷ​ങ്ങ​ളിൽത്തന്നെ പരിശീ​ലനം നൽകേ​ണ്ട​തി​ന്റെ ആവശ്യ​ക​തയെ കുറിച്ചു പഠിക്കാൻ ധാരാളം സമയം ചെലവ​ഴി​ച്ചി​ട്ടുണ്ട്‌. തന്റെ മകന്‌ ശൈശ​വം​മു​തൽ താൻ നൽകി​പ്പോന്ന ശ്രദ്ധയും പ്രചോ​ദ​ന​വു​മാണ്‌ അവന്റെ ഭാവിയെ മാറ്റി​മ​റി​ച്ചത്‌ എന്ന്‌ അവർ ഉറച്ചു വിശ്വ​സി​ക്കു​ന്നു.

സഹജമോ ആർജി​ത​മോ

അടുത്ത​കാ​ലത്ത്‌, കുട്ടി​ക​ളു​ടെ മനശ്ശാ​സ്‌ത്രത്തെ കുറിച്ചു പഠിക്കു​ന്ന​വർക്കി​ട​യിൽ വലിയ തർക്കത്തി​നു വഴി​തെ​ളി​ച്ചി​രി​ക്കുന്ന ഒരു വിഷയ​മുണ്ട്‌. ഒരു കുട്ടി​യു​ടെ വ്യക്തി​ത്വ​വി​കാ​സ​ത്തിൽ സുപ്ര​ധാന പങ്കു വഹിക്കു​ന്നത്‌ അവനു ജന്മസി​ദ്ധ​മാ​യി കിട്ടി​യി​ട്ടുള്ള “സഹജ” ഘടകമാ​ണോ അതോ വളർന്നു​വ​രവേ അവനു കിട്ടുന്ന പരിപാ​ല​ന​വും പരിശീ​ല​ന​വും ഉൾപ്പെ​ടുന്ന “ആർജിത” ഘടകമാ​ണോ എന്നതാണ്‌ അത്‌. ഒരു കുട്ടി​യു​ടെ വ്യക്തി​ത്വ​വി​കാ​സത്തെ ഈ രണ്ടു ഘടകങ്ങ​ളും സ്വാധീ​നി​ക്കു​ന്നുണ്ട്‌ എന്നു മിക്ക ഗവേഷ​കർക്കും ബോധ്യ​മാ​യി​രി​ക്കു​ന്നു.

കുട്ടി​ക​ളു​ടെ വ്യക്തി​ത്വ​വി​കാ​സ​ത്തെ​ക്കു​റി​ച്ചു പഠിക്കുന്ന വിദഗ്‌ധ​നായ ഡോ. ജെ. ഫ്രേസർ മസ്റ്റാഡ്‌ ഇങ്ങനെ പറയുന്നു: “ഒരു കുട്ടി​യു​ടെ ആദ്യവർഷ​ങ്ങ​ളിൽ അവന്റെ ജീവി​ത​ത്തി​ലു​ണ്ടാ​കുന്ന അനുഭ​വങ്ങൾ അവന്റെ മസ്‌തി​ഷ്‌കം വികസി​ക്കുന്ന വിധത്തെ സ്വാധീ​നി​ക്കും എന്ന്‌ നിരീക്ഷണ പഠനത്തിൽനി​ന്നു ഞങ്ങൾക്കു മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു.” പ്രൊ​ഫസർ സൂസൻ ഗ്രീൻഫീൽഡും ഈ അഭി​പ്രാ​യ​ത്തോ​ടു യോജി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറയുന്നു: “അതേ, ഉദാഹ​ര​ണ​ത്തിന്‌, വയലിൻ വായന​ക്കാ​രു​ടെ കാര്യ​ത്തിൽ ഇടതു​കൈ​വി​ര​ലു​ക​ളു​ടെ ചലനങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കുന്ന മസ്‌തി​ഷ്‌ക​ത്തി​ന്റെ ഭാഗം മറ്റുള്ള​വ​രു​ടേ​തി​നെ അപേക്ഷിച്ച്‌ കൂടുതൽ വികാ​സം​പ്രാ​പി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും.”

ഏതുതരം പരിശീ​ലനം നൽകണം?

ഇത്തരം ഗവേഷ​ണ​ഫ​ലങ്ങൾ കണ്ട്‌ പ്രചോ​ദി​ത​രാ​യി അനേകം മാതാ​പി​താ​ക്ക​ളും തങ്ങളുടെ കുട്ടി​കളെ ഏറ്റവും മികച്ച ഡേ-കെയർ സെന്ററു​ക​ളിൽ ചേർക്കാൻ നെട്ടോ​ട്ട​മോ​ടു​ക​യാണ്‌. മാത്രമല്ല, അവരെ സർവക​ലാ​വ​ല്ല​ഭ​രാ​ക്കുക എന്ന ഉദ്ദേശ്യ​ത്തോ​ടെ സംഗീ​ത​വും ചിത്ര​ക​ല​ക​ളും മറ്റും അഭ്യസി​പ്പി​ക്കാ​നാ​യി പണം വാരി​ക്കോ​രി ചെലവ​ഴി​ക്കു​ക​യും ചെയ്യുന്നു. ചെറു​പ്പ​ത്തി​ലേ​തന്നെ കുട്ടി സകലതും ചെയ്‌തു പരിശീ​ലി​ക്കു​ന്നെ​ങ്കിൽ മുതിർന്നു​വ​രു​മ്പോൾ അവനു ചെയ്യാൻ കഴിയാ​ത്ത​താ​യി യാതൊ​ന്നും ഉണ്ടാവു​ക​യില്ല എന്നാണു ചിലരു​ടെ വിശ്വാ​സം. പ്രത്യേക പഠനപ​രി​പാ​ടി​ക​ളും പ്രീസ്‌കൂ​ളു​ക​ളും കൂണു​പോ​ലെ മുളച്ചു​പൊ​ന്തു​ന്നത്‌ ഈ വിശ്വാ​സ​ത്തി​ന്റെ പ്രതി​ഫ​ല​ന​മാണ്‌. മറ്റു കുട്ടി​കൾക്കി​ല്ലാത്ത നേട്ടങ്ങൾ തങ്ങളുടെ മക്കൾക്കു ലഭ്യമാ​ക്കാൻ ഏതള​വോ​ളം പോകാ​നും ചില മാതാ​പി​താ​ക്കൾ തയ്യാറാണ്‌.

ഈ വിധത്തിൽ കുട്ടി​കൾക്കു​വേണ്ടി പ്രകട​മാ​ക്ക​പ്പെ​ടുന്ന അർപ്പണ​മ​നോ​ഭാ​വ​ത്തിന്‌ പറയു​ന്നത്ര പ്രയോ​ജ​ന​മു​ണ്ടോ? വളർന്നു​വ​രുന്ന കുട്ടി​കൾക്കു മുന്നിൽ ഇവ അവസര​ങ്ങ​ളു​ടെ കലവറ​തന്നെ തുറക്കു​മെന്നു തോന്നി​യേ​ക്കാ​മെ​ങ്കി​ലും പലപ്പോ​ഴും ഈ കുട്ടി​കൾക്കു നഷ്ടമാ​കുന്ന ഒരു നിർണാ​യക ഘടകമുണ്ട്‌; പട്ടാള​ച്ചി​ട്ട​ക​ളോ നിബന്ധ​ന​ക​ളോ ഒന്നുമി​ല്ലാ​തെ സ്വത​ന്ത്ര​മായ അവരുടെ കൊച്ചു​ലോ​ക​ത്തിൽ ഉരുത്തി​രി​യുന്ന സഹജമായ കളിക​ളി​ലൂ​ടെ അവർ സ്വായ​ത്ത​മാ​ക്കുന്ന അനുഭ​വ​ങ്ങ​ളാ​ണത്‌. അത്തരം സ്വതഃ​സി​ദ്ധ​മായ കളികൾ ഒരു കുട്ടി​യു​ടെ സർഗാ​ത്മ​ക​തയെ ഉണർത്തു​ക​യും അവന്റെ സാമൂ​ഹി​ക​വും മാനസി​ക​വും വൈകാ​രി​ക​വു​മായ പ്രാപ്‌തി​കളെ വികസി​പ്പി​ക്കു​ക​യും ചെയ്യു​ന്നു​വെന്ന്‌ വിദ്യാ​ഭ്യാ​സ വിചക്ഷണർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

കുട്ടി​കൾക്ക്‌ ഏതുതരം വിനോ​ദങ്ങൾ വേണ​മെന്നു മാതാ​പി​താ​ക്കൾ തീരു​മാ​നി​ക്കു​ക​യും അത്തരം കളിക​ളിൽ മാത്രം ഏർപ്പെ​ടാൻ അനുവ​ദി​ക്കു​ക​യും ചെയ്യു​ന്നത്‌ കുഴപ്പ​ക്കാ​രായ കുട്ടി​ക​ളു​ടെ ഒരു പുതിയ വിഭാ​ഗത്തെ സൃഷ്ടി​ക്കു​ന്നു​വെന്ന്‌ കുട്ടി​ക​ളു​ടെ വ്യക്തി​ത്വ​വി​കാ​സത്തെ കുറിച്ചു പഠിക്കുന്ന വിദഗ്‌ധർ ചൂണ്ടി​ക്കാ​ട്ടു​ന്നു. ഈ കുട്ടി​ക​ളു​ടെ ജീവി​ത​ത്തി​ലെ ഓരോ ചലനവും നിയ​ന്ത്രി​ക്കു​ന്നതു മാതാ​പി​താ​ക്ക​ളാ​യി​രി​ക്കും. തൊട്ട​തി​നും പിടി​ച്ച​തി​നും എല്ലാം അതിരു​ക​വിഞ്ഞ ശ്രദ്ധ. അത്‌ ഈ കുട്ടി​ക​ളിൽ സമ്മർദ​വും വൈകാ​രിക അസ്ഥിര​ത​യും ഉളവാ​ക്കു​ന്നു, അവർക്ക്‌ ഉറങ്ങാൻ പറ്റുക​യില്ല, ശരീര​ത്തിൽ വേദന​യും നൊമ്പ​ര​വും ഒക്കെയാ​ണെന്ന്‌ അവർ പരാതി​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കും. ഇവരിൽ അനേക​രും കൗമാ​ര​ത്തി​ലെ​ത്തു​മ്പോൾ, പ്രശ്‌ന​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാ​നുള്ള പ്രാപ്‌തി​ക​ളൊ​ന്നും വികസി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ടാ​യി​രി​ക്കില്ല എന്ന്‌ ഒരു മനശ്ശാ​സ്‌ത്രജ്ഞൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു. “ശാരീ​രി​ക​മാ​യും വൈകാ​രി​ക​മാ​യും തളർന്ന്‌ അവർ സാമൂ​ഹി​ക​വി​രു​ദ്ധ​രും മത്സരി​ക​ളും ആയിമാ​റു​ന്നു.”

ഇത്‌ അനേകം മാതാ​പി​താ​ക്ക​ളെ​യും വിഷമ​വൃ​ത്ത​ത്തിൽ ആക്കിയി​രി​ക്കു​ക​യാണ്‌. കുട്ടി​ക​ളു​ടെ കഴിവു​കൾ മുഴു​വ​നും പുറ​ത്തെ​ടു​ക്കാൻ തങ്ങളാ​ലാ​വതു ചെയ്യാൻ അവർ അതിയാ​യി ആഗ്രഹി​ക്കു​ന്നു. അതോ​ടൊ​പ്പം, കൊച്ചു​കു​ഞ്ഞു​ങ്ങളെ അങ്ങനെ തത്ര​പ്പെ​ടു​ത്തു​ക​യും ഭാരിച്ച ചുമടു ചുമപ്പി​ക്കു​ക​യും ചെയ്യു​ന്ന​തി​ന്റെ ഭോഷത്തം അവർക്കു കാണാ​നാ​കു​ന്നു​മുണ്ട്‌. അങ്ങനെ​യെ​ങ്കിൽ ന്യായ​മായ, സമനി​ല​യോ​ടെ​യുള്ള, ഒരു മാർഗം ഉണ്ടോ? കൊച്ചു​കു​ട്ടി​കൾക്ക്‌ തങ്ങളുടെ വ്യക്തി​ത്വം വികസി​പ്പി​ക്കാൻ എത്ര​ത്തോ​ളം കഴിവുണ്ട്‌, അത്‌ എങ്ങനെ പരി​പോ​ഷി​പ്പി​ക്കാൻ കഴിയും? തങ്ങളുടെ കുട്ടികൾ മിടു​ക്ക​രാ​യി വളർന്നു​വ​രു​ന്നു​വെന്ന്‌ ഉറപ്പാ​ക്കാൻ മാതാ​പി​താ​ക്കൾക്ക്‌ എന്തു ചെയ്യാ​നാ​കും? അടുത്ത ലേഖനം ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും. (g04 10/22)

[3-ാം പേജിലെ ചിത്രം]

ശൈശവത്തിലെ അനുഭ​വ​ങ്ങൾക്ക്‌ കുട്ടി​യു​ടെ മസ്‌തി​ഷ്‌കം വികാസം പ്രാപി​ക്കുന്ന വിധത്തെ സ്വാധീ​നി​ക്കാൻ കഴിയും

[4-ാം പേജിലെ ചിത്രം]

കളികൾ കുട്ടി​യു​ടെ സർഗാ​ത്മ​ക​തയെ ഉദ്ദീപി​പ്പി​ക്കു​ക​യും വൈദ​ഗ്‌ധ്യം വികസി​പ്പി​ക്കു​ക​യും ചെയ്യുന്നു