“ആളുകൾ ഇതൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ!”
“ആളുകൾ ഇതൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ!”
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, മിക്ക യുവജനങ്ങളും ഭൗതിക ലക്ഷ്യങ്ങൾ പിന്തുടരാൻ തീരുമാനിക്കുമ്പോൾ ഡേവിഡിന് മറ്റു ചില പദ്ധതികളാണുണ്ടായിരുന്നത്. 2003 സെപ്റ്റംബറിൽ അവനും ഒരു സുഹൃത്തും ഐക്യനാടുകളിലെ ഇല്ലിനോയ്സിൽനിന്ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കു താമസം മാറ്റി. * ഡേവി—അങ്ങനെയാണ് അവന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവനെ സ്നേഹപൂർവം വിളിച്ചിരുന്നത്—സ്പാനീഷ് പഠിക്കാനും യഹോവയുടെ സാക്ഷികളുടെ നാവാസ് സഭയോടൊത്ത് ബൈബിൾ പഠിപ്പിക്കൽ പ്രവർത്തനത്തിൽ ഏർപ്പെടാനും തീരുമാനിച്ചു. നാവാസ് സഭ അവനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആ സഭയിലെ ഏക മൂപ്പനായ ജ്വാൻ ഇപ്രകാരം പറയുന്നു, “ഡേവിയോട് എന്ത് ആവശ്യപ്പെട്ടാലും അവൻ ചെയ്യുമായിരുന്നു. അവൻ എപ്പോഴും മറ്റുള്ളവർക്കുവേണ്ടി തന്നെത്തന്നെ ഉഴിഞ്ഞുവെച്ചു. സഹോദരങ്ങൾ അവനെ വളരെയധികം സ്നേഹിച്ചിരുന്നു.”
ഡേവിക്ക് തന്റെ പുതിയ പ്രദേശം വളരെ ഇഷ്ടമായി. ഐക്യനാടുകളിലെ ഒരു സുഹൃത്തിന് ഡേവി ഇങ്ങനെ എഴുതി, “ഇവിടെ ഞാൻ ജീവിതം അങ്ങേയറ്റം ആസ്വദിക്കുകയാണ്. ശുശ്രൂഷ എത്രയോ നവോന്മേഷപ്രദമാണ്! ഓരോ വീട്ടിലും ഞങ്ങൾ 20 മിനിട്ടോളം സംസാരിക്കുന്നു, കാരണം ഞങ്ങൾക്കു പറയാനുള്ളതെല്ലാം കേൾക്കാനുള്ള ആഗ്രഹം അവർക്കുണ്ട്. ഞാൻ ഇപ്പോൾത്തന്നെ ആറു ബൈബിളധ്യയനങ്ങൾ നടത്തുന്നു, ഞങ്ങൾക്കു കൂടുതൽ സഹായം ആവശ്യമാണ്. 30 രാജ്യഘോഷകർ മാത്രമുള്ള ഞങ്ങളുടെ സഭയിൽ ഒരു യോഗത്തിന് 103 പേർ ഹാജരായി!”
സങ്കടകരമെന്നു പറയട്ടെ, 2004 ഏപ്രിൽ 24-ന് ഒരു അപകടം ഡേവിയുടെയും, അതേ സഭയിലെ മറ്റൊരു യുവസഹോദരന്റെയും ജീവൻ അപഹരിച്ചു. ആ നിമിഷംവരെയും തന്റെ വേലയിൽ ഡേവി ഉത്സാഹഭരിതനായിരുന്നു. തന്നെയുമല്ല തന്നോടൊപ്പം ഈ വേലയിൽ പങ്കുചേരാൻ അവൻ സ്വദേശത്തുള്ള യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഒരു യുവസാക്ഷിയോട് അവൻ ഇങ്ങനെ പറഞ്ഞു, “അത് നിങ്ങളുടെ വീക്ഷണങ്ങൾക്കുതന്നെ മാറ്റം വരുത്തും.”
ഡേവിയുടെതന്നെ വീക്ഷണത്തിൽവന്ന ഒരു മാറ്റം ഭൗതിക കാര്യങ്ങളോടു ബന്ധപ്പെട്ടതായിരുന്നു. ഡേവിയുടെ പിതാവ് അനുസ്മരിക്കുന്നു, “ഒരിക്കൽ അവൻ വീട്ടിൽ വന്നപ്പോൾ ഹിമപര്യടനത്തിനു പോകാനുള്ള ഒരു ക്ഷണം ലഭിച്ചു. അതിന് എന്തുമാത്രം ചെലവു വരുമെന്ന് അവൻ ചോദിച്ചു. തുക കേട്ടുകഴിഞ്ഞപ്പോൾ, ആ പണമുണ്ടെങ്കിൽ തനിക്കു മാസങ്ങളോളം ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കഴിയാമെന്നും അതുകൊണ്ട് ആ പര്യടനത്തിനുവേണ്ടി ഒരിക്കലും താൻ അത്രയും പണം ചെലവാക്കില്ലെന്നും അവൻ പറഞ്ഞു.”
ഡേവിയുടെ തീക്ഷ്ണത മറ്റുള്ളവരെയും സ്വാധീനിച്ചു. അവന്റെ സ്വദേശത്തെ ഒരു യുവതി പറയുന്നു, “ഡേവി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളെയും അവൻ അനുഭവിച്ച സന്തോഷത്തെയും കുറിച്ചു കേട്ടപ്പോൾ എനിക്കും അതുപോലെ ചെയ്യണമെന്നു തോന്നി. ഞാൻ മരിച്ചാൽ ആളുകൾ എന്നെക്കുറിച്ച് എന്തു പറയുമെന്നും അവരുടെ ജീവിതത്തിൽ ഇതുപോലെ ക്രിയാത്മക സ്വാധീനം ചെലുത്താൻ എനിക്കു സാധിക്കുമോയെന്നും ചിന്തിക്കാൻ ഡേവിയുടെ മരണം എന്നെ പ്രേരിപ്പിച്ചു.”
യഹോവയുടെ സാക്ഷികളെന്ന നിലയിൽ, ഡേവിയുടെ മാതാപിതാക്കൾക്കും കൂടെപ്പിറപ്പുകൾക്കും, വരാനിരിക്കുന്ന നീതി വസിക്കുന്ന പുതിയ ലോകത്തിൽ ദൈവം അവനെ പുനരുത്ഥാനത്തിൽ കൊണ്ടുവരുമെന്നുള്ള ഉറച്ച വിശ്വാസമുണ്ട്. (യോഹന്നാൻ 5:28, 29; വെളിപ്പാടു 21:1-5എ) ആ സമയം വന്നെത്തുംവരെ, സ്രഷ്ടാവിനെ സേവിച്ചുകൊണ്ട് ഡേവി തന്റെ ജീവിതം ഏറ്റവും മെച്ചമായ രീതിയിൽ ഉപയോഗിച്ചു എന്ന അറിവ് അവർക്ക് ആശ്വാസം പകരുന്നു. (സഭാപ്രസംഗി 12:1) ആവശ്യം കൂടുതലുള്ള പ്രദേശത്തു സേവിക്കുക എന്ന തന്റെ തീരുമാനത്തെക്കുറിച്ചു സംസാരിക്കവേ ഒരിക്കൽ ഡേവി ഇങ്ങനെ പറഞ്ഞു: “ഓരോ യുവവ്യക്തിയും ഇതുപോലെ എന്തെങ്കിലും ചെയ്യണമെന്നും ഞാൻ അനുഭവിക്കുന്ന സംതൃപ്തി ആസ്വദിക്കണമെന്നും ഞാൻ ആശിച്ചുപോകുന്നു. നമുക്കുള്ളതെല്ലാംകൊണ്ട് യഹോവയെ സേവിക്കുന്നതിനെക്കാൾ മെച്ചമായി മറ്റൊന്നുമില്ല. ആളുകൾ ഇതൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ!”
[അടിക്കുറിപ്പ്]
^ ഡേവിഡിനെപ്പോലെ, മറ്റനേകം യഹോവയുടെ സാക്ഷികളും രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ള സ്ഥലങ്ങളിൽ മാറിത്താമസിക്കാൻ സ്വമേധയാ മുന്നോട്ടുവന്നിട്ടുണ്ട്. മറ്റുള്ളവരെ ദൈവവചനത്തിലെ സത്യം പഠിപ്പിക്കുന്നതിനുവേണ്ടി ചിലർ ഒരു വിദേശ ഭാഷ പഠിക്കാനുള്ള ശ്രമംപോലും നടത്തിയിരിക്കുന്നു. ഇവരെപ്പോലുള്ള 400-ലധികം സ്വമേധയാസേവകർ ഇപ്പോൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സേവിച്ചുകൊണ്ടിരിക്കുന്നു.