വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗ്രന്ഥശാലകൾ—അറിവിന്റെ ലോകത്തിലേക്കുള്ള വാതായനങ്ങൾ

ഗ്രന്ഥശാലകൾ—അറിവിന്റെ ലോകത്തിലേക്കുള്ള വാതായനങ്ങൾ

ഗ്രന്ഥശാ​ലകൾ—അറിവി​ന്റെ ലോക​ത്തി​ലേ​ക്കുള്ള വാതാ​യ​ന​ങ്ങൾ

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

ഗ്രന്ഥശാ​ല​കളെ “മാനവ സംസ്‌കൃ​തി​യു​ടെ നെടു​ന്തൂ​ണു​ക​ളി​ലൊന്ന്‌” എന്നു വിളി​ച്ചി​രി​ക്കു​ന്നു. അവ മാനവ സംസ്‌കാ​ര​ത്തി​ന്റെ​യും സാങ്കേ​തി​ക​വി​ദ്യ​യു​ടെ​യും വികസ​ന​ത്തി​നു ചുക്കാൻ പിടിച്ച പ്രമുഖ ഘടകങ്ങ​ളിൽ ഒന്നാ​ണെന്ന്‌ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ പറയുന്നു. ജർമൻ കവിയായ ഗോഥെ ഗ്രന്ഥശാ​ല​കളെ മനുഷ്യ​വർഗ​ത്തി​ന്റെ സ്‌മൃ​തി​പഥം എന്നു വിശേ​ഷി​പ്പി​ച്ചു.

‘മാനവ സംസ്‌കൃ​തി​യു​ടെ നെടു​ന്തൂ​ണു​കൾ’ എന്ന മുഖമു​ദ്ര ചാർത്തി​നി​ന്നി​ട്ടുള്ള, അതി​പ്ര​ധാന ഗ്രന്ഥശാ​ല​ക​ളിൽ ചിലത്‌ ഏതൊ​ക്കെ​യാണ്‌? ഗ്രന്ഥശാ​ല​ക​ളു​ടെ​മേ​ലും സാക്ഷര​ത​യു​ടെ വ്യാപ​ന​ത്തി​ലും ഏറ്റവു​മ​ധി​കം സ്വാധീ​നം ചെലു​ത്തി​യി​ട്ടുള്ള ഗ്രന്ഥം ഏതാണ്‌? ഇന്നത്തെ ഏറ്റവും വലിയ ഗ്രന്ഥശാ​ല​യിൽ എത്ര ഗ്രന്ഥങ്ങ​ളുണ്ട്‌? ആദ്യത്തെ ചോദ്യ​ത്തി​നുള്ള ഉത്തരം കണ്ടുപി​ടി​ക്കു​ന്ന​തിന്‌ നമുക്ക്‌ ഭൂതകാ​ല​ത്തി​ലേക്കു സഞ്ചരി​ക്കാം, അവിടെ മനുഷ്യ​വർഗ​ത്തി​ന്റെ അതിപു​രാ​തന ഗ്രന്ഥശാ​ല​ക​ളിൽ ഒന്നി​ലേക്കു നമുക്കു കയറി​ച്ചെ​ല്ലാം.

“മാനവ​വി​ജ്ഞാ​ന​ത്തി​ന്റെ” ഒരു പൗരാ​ണിക “വിശ്വ​വി​ജ്ഞാ​ന​കോ​ശം”

നിങ്ങൾ മധ്യപൂർവ ദേശത്ത്‌, ഇന്ന്‌ ഇറാഖ്‌ എന്നറി​യ​പ്പെ​ടുന്ന രാജ്യത്ത്‌ ആയിരി​ക്കു​ന്ന​താ​യി സങ്കൽപ്പി​ക്കുക. വർഷം പൊതു​യു​ഗ​ത്തി​നു മുമ്പ്‌ (പൊ.യു.മു.) 650. നീനെവേ നഗരത്തി​ന്റെ (ഇന്നത്തെ മോസൂ​ളി​ന​ടുത്ത്‌) ആകാശം​മു​ട്ടെ നിൽക്കുന്ന മതിൽക്കെ​ട്ടു​കൾക്കു​ള്ളി​ലാ​ണു നിങ്ങൾ. മുമ്പിൽ തലയെ​ടു​പ്പോ​ടെ നിൽക്കുന്ന പടുകൂ​റ്റൻ കൊട്ടാ​ര​ക്കെ​ട്ടു​കൾ. അസീറിയ, ഈജി​പ്‌ത്‌, ബാബി​ലോ​ണിയ എന്നീ ദേശങ്ങൾ അടക്കി​വാ​ഴുന്ന അശൂർബാ​നി​പ്പാൽ രാജാ​വി​ന്റെ അരമന​യാ​ണത്‌. * കൊട്ടാ​ര​വാ​തി​ലു​കൾക്ക​രി​കെ നിൽക്കു​മ്പോൾ ആളുകൾ ഭാര​മേ​റിയ മൺഭര​ണി​കൾ ഉന്തുവ​ണ്ടി​യിൽ കയറ്റി അകത്തേക്കു കൊണ്ടു​പോ​കു​ന്നത്‌ നിങ്ങൾക്കു കാണാം. ഈ പുരു​ഷ​ന്മാർ അസീറി​യൻ രാജ്യ​മാ​കെ ഒരു വിപു​ല​മായ യാത്ര നടത്തി​യി​ട്ടു വന്നിരി​ക്കു​ക​യാണ്‌. അശൂർബാ​നി​പ്പാ​ലി​ന്റെ പ്രജക​ളു​ടെ സാമൂ​ഹി​ക​വും സാംസ്‌കാ​രി​ക​വും മതപര​വു​മായ പാരമ്പ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അറിയ​പ്പെ​ടുന്ന എല്ലാ രേഖക​ളും ശേഖരി​ക്കു​ക​യെന്ന ഉദ്യമ​ത്തിന്‌ ഇറങ്ങി​ത്തി​രി​ച്ച​താ​ണി​വർ. ഒരു മൺഭരണി തുറക്കു​മ്പോൾ അതിൽ നിറയെ ദീർഘ​ച​തു​രാ​കൃ​തി​യുള്ള കളിമൺഫ​ല​കങ്ങൾ കാണാം. ഓരോ​ന്നി​നും ഏകദേശം പത്തു സെന്റി​മീ​റ്റർ നീളവും എട്ടു സെന്റി​മീ​റ്റർ വീതി​യു​മുണ്ട്‌.

ആ പുരു​ഷ​ന്മാ​രിൽ ഒരാ​ളോ​ടൊ​പ്പം നിങ്ങൾ കൊട്ടാ​ര​ത്തി​ന​ക​ത്തേക്കു ചെല്ലുന്നു. അവിടെ പകർപ്പെ​ഴു​ത്തു​കാർ ഇരിപ്പുണ്ട്‌, അവർ എല്ലു​കൊ​ണ്ടുള്ള നാരായം ഉപയോ​ഗിച്ച്‌ നനവുള്ള ചെറിയ പച്ചക്കളി​മൺഫ​ല​ക​ങ്ങ​ളിൽ ആപ്പിന്റെ ആകൃതി​യി​ലുള്ള ചിഹ്നങ്ങൾ കോറി​യി​ടു​ന്നതു നിങ്ങൾ കാണുന്നു. വിദേ​ശ​ഭാ​ഷ​ക​ളി​ലുള്ള രേഖകൾ അവർ അസീറി​യൻ ഭാഷയി​ലേക്കു മൊഴി​മാ​റ്റം നടത്തു​ക​യാണ്‌. പിന്നീട്‌, ആ ഫലകങ്ങ​ളെ​ല്ലാം ചൂളയിൽ ചുട്ടെ​ടു​ക്കു​ന്നു, അങ്ങനെ അവ ഏതാണ്ട്‌ അക്ഷയ​രേ​ഖ​ക​ളാ​യി അവശേ​ഷി​ക്കു​ന്നു. ആ രേഖകൾ മുറി​ക​ളിൽ സൂക്ഷി​ക്കു​ന്നു, അവിടെ ഷെൽഫു​ക​ളിൽ നൂറു​ക​ണ​ക്കി​നു ഭരണികൾ നിരത്തി​വെ​ച്ചി​രി​ക്കു​ന്നു. മുറി​യിൽ ഓരോ ഇടങ്ങളി​ലു​മുള്ള രേഖകൾ ഏതു വിഷയ​ത്തെ​ക്കു​റി​ച്ചു​ള്ള​താ​ണെന്ന്‌ കട്ടിള​ക്കാ​ലു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഈ ഗ്രന്ഥശാ​ല​യി​ലെ 20,000-ത്തിലധി​കം വരുന്ന കളിമൺഫ​ല​ക​ങ്ങ​ളിൽ വ്യാപാര ഇടപാ​ടു​കൾ, മതാചാ​രങ്ങൾ, നിയമം, ചരിത്രം, വൈദ്യം, മനുഷ്യ​ന്റെ​യും മൃഗങ്ങ​ളു​ടെ​യും ശരീര​ധർമ​ശാ​സ്‌ത്രം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊ​ള്ളു​ന്നു. അതേ, പിൽക്കാ​ലത്ത്‌ ഒരു പണ്ഡിതൻ വിശേ​ഷി​പ്പി​ച്ച​തു​പോ​ലെ, “മാനവ​വി​ജ്ഞാ​ന​ത്തി​ന്റെ ഒരു വിശ്വ​വി​ജ്ഞാ​ന​കോ​ശം.”

നീനെ​വേ​യി​ലെ ഗ്രന്ഥശാ​ല​യ്‌ക്കു മുമ്പും പിമ്പും

നീനെ​വേ​യി​ലെ, അശൂർബാ​നി​പ്പാ​ലി​ന്റെ ഈ ഗ്രന്ഥശാ​ല​യ്‌ക്കു മുമ്പ്‌ മറ്റു ചില മഹത്തായ ഗ്രന്ഥാ​ല​യങ്ങൾ ഉണ്ടായി​രു​ന്നു. അശൂർബാ​നി​പ്പാ​ലി​ന്റെ കാലത്തിന്‌ ആയിരം വർഷം മുമ്പ്‌ ബാബി​ലോ​ണി​യ​യി​ലെ ബോർസി​പ്പാ നഗരത്തിൽ ഹമുറാ​ബി രാജാവ്‌ ഒരു ഗ്രന്ഥാ​ലയം പണിക​ഴി​പ്പി​ച്ചി​രു​ന്നു. നീനെ​വേ​യി​ലേ​തിന്‌ 700-ലേറെ വർഷം മുമ്പ്‌ രമെ​സേസ്‌ രണ്ടാമൻ, ഈജി​പ്‌തി​ലെ തിബ്‌സ്‌ നഗരത്തിൽ പ്രസി​ദ്ധ​മായ ഒരു ഗ്രന്ഥശാല സ്ഥാപി​ച്ചി​രു​ന്നു. എന്നാൽ ശേഖരി​ക്ക​പ്പെട്ട വിവര​ങ്ങ​ളു​ടെ വൈവി​ധ്യ​വും രേഖക​ളു​ടെ ബാഹു​ല്യ​വും അശൂർബാ​നി​പ്പാ​ലി​ന്റെ ഗ്രന്ഥശാ​ല​യ്‌ക്ക്‌ “പുരാതന ലോകത്തെ ഏറ്റവും മഹത്താ​യത്‌” എന്ന ബഹുമതി നേടി​ക്കൊ​ടു​ത്തു. 350 വർഷത്തി​നു ശേഷമേ ഇതിനെ വെല്ലാൻ മറ്റൊ​ന്നി​നു കഴിഞ്ഞു​ള്ളൂ.

ആ വലുപ്പ​മേ​റിയ ഗ്രസ്ഥശാല സ്ഥാപി​ച്ചത്‌ മഹാനായ അലക്‌സാ​ണ്ട​റി​ന്റെ ജനറൽമാ​രിൽ ഒരാളാ​യി​രുന്ന ടോളമി ഒന്നാമൻ സോട്ടർ ആണ്‌, ഏകദേശം പൊ.യു.മു. 300-ൽ. ഈജി​പ്‌തി​ലെ തുറമു​ഖ​ന​ഗ​ര​മായ അലക്‌സാൻഡ്രി​യ​യി​ലാണ്‌ ഇതു പണിക​ഴി​ച്ചത്‌. ഇവിടത്തെ ലൈ​ബ്രേ​റി​യ​ന്മാർ ഭൂമു​ഖത്ത്‌ മനുഷ്യ​വാ​സ​മുള്ള എല്ലായി​ട​ത്തും ഉണ്ടായി​രുന്ന മിക്ക ലിഖി​ത​ങ്ങ​ളു​ടെ​യും പകർപ്പു​കൾ ശേഖരി​ക്കാൻ യത്‌നി​ച്ചു. * പരമ്പരാ​ഗത വിശ്വാ​സ​മ​നു​സ​രിച്ച്‌, അലക്‌സാൻഡ്രി​യ​യി​ലെ ഈ ഗ്രന്ഥശാ​ല​യിൽ വെച്ചാണ്‌ 70-ഓളം പണ്ഡിത​ന്മാർ തിരു​വെ​ഴു​ത്തു​ക​ളു​ടെ എബ്രാ​യ​പാ​ഠം ഗ്രീക്കി​ലേക്കു തർജമ ചെയ്യാൻ തുടങ്ങി​യത്‌. ഈ പരിഭാഷ പിന്നീട്‌ ഗ്രീക്ക്‌ സെപ്‌റ്റു​വ​ജിന്റ എന്നറി​യ​പ്പെട്ടു. ആദിമ ക്രിസ്‌ത്യാ​നി​കൾ ഈ പരിഭാഷ വ്യാപ​ക​മാ​യി ഉപയോ​ഗി​ച്ചു​പോ​ന്നു.

പൗരസ്‌ത്യ ഗ്രന്ഥശാ​ല​കൾ

അശൂർബാ​നി​പ്പാൽ തന്റെ ഗ്രന്ഥാ​ല​യ​ത്തി​നു മികവു കൂട്ടി​ക്കൊ​ണ്ടി​രുന്ന കാലത്ത്‌ ചൈന ഭരിച്ചി​രു​ന്നത്‌ ചൗ രാജവം​ശ​മാ​യി​രു​ന്നു. പൊ.യു.മു. 1122 മുതൽ പൊ.യു.മു. 256 വരെയുള്ള ഈ രാജവം​ശ​ത്തി​ന്റെ ഭരണകാ​ലത്ത്‌ ഒരുകൂ​ട്ടം പുസ്‌ത​കങ്ങൾ ഉത്‌പാ​ദി​പ്പി​ക്കു​ക​യു​ണ്ടാ​യി, അവ പിന്നീട്‌ പഞ്ച​ശ്രേ​ഷ്‌ഠ​കൃ​തി​കൾ എന്നറി​യ​പ്പെട്ടു. അവയിൽ ഭാവി​ക​ഥ​ന​ത്തി​നുള്ള ഒരു കൈപ്പു​സ്‌തകം, ആദിമ​ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പ്രഭാ​ഷ​ണ​ങ്ങ​ളു​ടെ ശേഖരം, കവിത, മതപര​മായ ആചാരാ​നു​ഷ്‌ഠാ​ന​ങ്ങൾക്കുള്ള നിർദേ​ശങ്ങൾ, പൊ.യു.മു. ഏകദേശം 722 മുതൽ പൊ.യു.മു. 481 വരെയുള്ള കാലത്തെ ലൂ എന്ന സംസ്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ചരിത്രം എന്നിവ ഉൾപ്പെ​ട്ടി​രു​ന്നു. ഒടുവിൽ പറഞ്ഞ കൃതി ചൈന​യി​ലെ തത്ത്വചി​ന്ത​ക​നായ കൺഫ്യൂ​ഷ്യ​സി​ന്റേ​താ​ണെന്നു കരുത​പ്പെ​ടു​ന്നു. പഞ്ച​ശ്രേ​ഷ്‌ഠ​കൃ​തി​ക​ളും അവയെ​ക്കു​റി​ച്ചുള്ള നിരവധി ഭാഷ്യ​ങ്ങ​ളും ചൈനാ​ക്കാ​രു​ടെ ചിന്താ​രീ​തി​യെ സ്വാധീ​നി​ച്ചു. രണ്ടായി​ര​ത്തി​ലേറെ വർഷം രാജകീയ ഗ്രന്ഥശാ​ല​ക​ളി​ലെ​യും സ്വകാര്യ ലൈ​ബ്ര​റി​ക​ളി​ലെ​യും മുഖ്യ ശേഖരം ഈ കൃതി​ക​ളാ​യി​രു​ന്നു.

ജപ്പാനിൽ, ഭരണസാ​ര​ഥ്യം വഹിച്ചി​രുന്ന ഒരു സമുറാ​യി കുടും​ബ​ത്തി​ലെ അംഗമായ ഹോജോ സാനെ​ട്ടോ​ക്കി 1275-ൽ ഒരു ലൈ​ബ്രറി സ്ഥാപിച്ചു. കനാസ​വ​യി​ലുള്ള (ഇപ്പോൾ യോക്ക​ഹാ​മ​യു​ടെ ഭാഗം) തന്റെ കുടുംബ വീട്ടി​ലാ​യി​രു​ന്നു അദ്ദേഹം അതു സ്ഥാപി​ച്ചത്‌. ചൈനീ​സി​ലും ജാപ്പനീ​സി​ലും നിലവി​ലുള്ള സകല പുസ്‌ത​ക​ങ്ങ​ളും ശേഖരി​ക്കാൻ അദ്ദേഹം ശ്രമിച്ചു. ഇന്ന്‌ അവിടെ ആദ്യത്തെ അത്രയും ഗ്രന്ഥങ്ങ​ളി​ല്ലെ​ങ്കി​ലും ഈ പുസ്‌ത​ക​ശേ​ഖരം ഇപ്പോ​ഴും അവി​ടെ​യുണ്ട്‌.

ബൈബി​ളും ആശ്രമ ഗ്രന്ഥശാ​ല​ക​ളും പാശ്ചാത്യ സംസ്‌കാ​ര​വും

പാശ്ചാത്യ ലോകത്തെ ലൈ​ബ്ര​റി​ക​ളു​ടെ ചരിത്രം (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥം പറയുന്നു: “അച്ചടിച്ച വാക്കു​ക​ളു​ടെ പ്രഭാ​വ​വും ഗ്രന്ഥശാ​ല​യു​ടെ മൂല്യ​വും ഏറ്റവും നന്നായി ദൃശ്യ​മാ​യി​രി​ക്കു​ന്നത്‌ ക്രിസ്‌തീയ മതത്തിന്റെ ഉദയം, വ്യാപനം, നിലനിൽപ്പ്‌ എന്നീ മേഖല​ക​ളി​ലാണ്‌.” ഗ്രന്ഥശാ​ല​ക​ളു​ടെ വികാ​സ​വും ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ വ്യാപ​ന​വും തമ്മിൽ എന്താണു ബന്ധം?

റോമാ സാമ്രാ​ജ്യം ശിഥി​ല​മാ​യ​പ്പോൾ അവിടത്തെ മഹത്തായ ഗ്രന്ഥാ​ല​യ​ങ്ങ​ളി​ലെ ശേഖരങ്ങൾ നശിപ്പി​ക്ക​പ്പെ​ടു​ക​യോ അങ്ങുമി​ങ്ങും ചിതറി​ക്ക​പ്പെ​ടു​ക​യോ ചെയ്‌തു. അപ്പോൾ, യൂറോ​പ്പി​ലു​ട​നീ​ളം രൂപം​കൊണ്ട ക്രൈ​സ്‌തവ ആശ്രമങ്ങൾ ഈ പൗരാ​ണിക ഗ്രന്ഥശാ​ല​ക​ളിൽ അവശേ​ഷി​ച്ചി​രു​ന്ന​തൊ​ക്കെ ശേഖരി​ച്ചു സൂക്ഷിച്ചു. ബൈബി​ളി​ന്റെ​യും മറ്റു കൃതി​ക​ളു​ടെ​യും കയ്യെഴു​ത്തു​പ്ര​തി​കൾ പകർത്തി​യെ​ഴു​തുക എന്നതാ​യി​രു​ന്നു മിക്ക ആശ്രമ​ങ്ങ​ളി​ലെ​യും ഒരു പ്രധാന ജോലി. ഉദാഹ​ര​ണ​ത്തിന്‌, പുസ്‌ത​കങ്ങൾ വായി​ക്കാ​നും പകർത്താ​നും അനുശാ​സി​ച്ചി​രുന്ന “സെന്റ്‌ ബെനഡി​ക്‌റ്റി​ന്റെ നിയമം” ബെനഡി​ക്‌റ്റൈൻ ആശ്രമങ്ങൾ അനുസ​രി​ച്ചി​രു​ന്നു.

കോൺസ്റ്റാ​ന്റി​നോ​പ്പി​ളി​ലെ ഗ്രന്ഥശാ​ലകൾ പുരാതന കയ്യെഴു​ത്തു​പ്ര​തി​കൾ സൂക്ഷി​ച്ചു​വെ​ക്കു​ക​യും അവയുടെ പകർപ്പു​കൾ ഉണ്ടാക്കു​ക​യും ചെയ്‌തു. ഇവ ക്രമേണ ഇറ്റലി​യിൽ എത്തി​ച്ചേർന്നു. നവോ​ത്ഥാ​ന​ത്തിന്‌ തിരി​കൊ​ളു​ത്തു​ന്ന​തിൽ ഇവ ഒരു പ്രമുഖ പങ്കുവ​ഹി​ച്ചു​വെന്ന്‌ വിശ്വ​സി​ക്ക​പ്പെ​ടു​ന്നു. എൽമെർ ഡി. ജോൺസൺ എന്ന ചരി​ത്ര​കാ​രൻ പറയുന്നു: “പാശ്ചാത്യ സംസ്‌കാ​ര​ത്തി​ന്റെ രക്ഷകർത്താ​വാ​യി വർത്തി​ക്കു​ന്ന​തിൽ ആശ്രമ ഗ്രന്ഥശാ​ല​യ്‌ക്കുള്ള പങ്ക്‌ നിഷേ​ധി​ക്കാ​നാ​വില്ല. ആയിര​ത്തോ​ളം വർഷം അതായി​രു​ന്നു യൂറോ​പ്പി​ന്റെ ബൗദ്ധി​ക​കേ​ന്ദ്രം. അതില്ലാ​യി​രു​ന്നെ​ങ്കിൽ പാശ്ചാത്യ സംസ്‌കാ​രം തികച്ചും വ്യത്യ​സ്‌ത​മായ ഒന്ന്‌ ആയിരി​ക്കു​മാ​യി​രു​ന്നു.”

ഈ കാലഘ​ട്ട​ത്തിൽ “യൂറോ​പ്പി​ന്റെ ബൗദ്ധി​ക​കേന്ദ്ര”ത്തെ സജീവ​മാ​ക്കി നിറു​ത്താൻ സഹായി​ച്ചത്‌ ബൈബിൾ പകർത്തി​യെ​ഴു​തുക എന്ന ജോലി​യാ​യി​രു​ന്നു. മതനവീ​ക​രണം യൂറോ​പ്പി​ലാ​ക​മാ​നം അലയടി​ച്ച​പ്പോൾ ബൈബിൾ വായി​ക്കാ​നുള്ള ആഗ്രഹം നിരക്ഷ​ര​ത​യു​ടെ ചങ്ങലകൾ ഭേദിച്ചു പുറത്തു​വ​രാൻ സാധാ​ര​ണ​ക്കാ​രെ പ്രചോ​ദി​പ്പി​ച്ചു. ലൈ​ബ്ര​റി​ക​ളു​ടെ കഥ എന്ന പുസ്‌തകം പറയുന്നു: “സമൂഹ​ത്തി​ലെ ഓരോ അംഗത്തി​നും കുറഞ്ഞത്‌ ബൈബിൾ വായി​ക്കാ​നുള്ള വിദ്യാ​ഭ്യാ​സ​മെ​ങ്കി​ലും ഉണ്ടായി​രി​ക്കണം എന്ന ആശയത്തി​ന്റെ വേരുകൾ പ്രൊ​ട്ട​സ്റ്റന്റ്‌ നവീക​ര​ണ​ത്തി​ലാണ്‌ ഞങ്ങൾക്കു കാണാൻ കഴിയു​ന്നത്‌. ദൈവ​ശാ​സ്‌ത്ര​പ​ര​മായ വാദ​പ്ര​തി​വാ​ദ​ങ്ങൾക്കു മൂർച്ച​യേ​റി​യ​പ്പോൾ മതപര​മായ ലിഖി​ത​ങ്ങ​ളു​ടെ വിപു​ല​മായ വായന​യ്‌ക്കുള്ള പ്രാപ്‌തി കൈവ​രി​ക്കു​ന്ന​തി​നു പ്രാധാ​ന്യം നൽക​പ്പെട്ടു. ഇതു ചെയ്യണ​മെ​ങ്കിൽ വായി​ക്കാൻ അറിഞ്ഞി​രി​ക്ക​ണ​മെന്നു മാത്രമല്ല, വായി​ക്കാൻ പുസ്‌ത​കങ്ങൾ ലഭ്യമാ​കു​ക​യും വേണമാ​യി​രു​ന്നു.”

അതു​കൊണ്ട്‌, പാശ്ചാത്യ ലോക​ത്താ​ക​മാ​നം ഗ്രന്ഥശാ​ല​ക​ളു​ടെ​യും സാക്ഷര​ത​യു​ടെ​യും വ്യാപ​ന​ത്തിൽ ബൈബി​ളി​നു കാതലായ ഒരു പങ്കുണ്ടാ​യി​രു​ന്നു. തുടർന്ന്‌, അച്ചടി​യ​ന്ത്ര​ത്തി​ന്റെ കണ്ടുപി​ടി​ത്ത​ത്തോ​ടെ യൂറോ​പ്പി​ലെ​ങ്ങും ഒട്ടനവധി വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഗ്രന്ഥ​ശേ​ഖ​രങ്ങൾ ഉൾക്കൊ​ള്ളുന്ന സ്വകാ​ര്യ​വും ദേശീ​യ​വു​മായ വൻ ഗ്രന്ഥശാ​ലകൾ രൂപം​കൊ​ണ്ടു. ക്രമേണ ഇത്തരം ഗ്രന്ഥശാ​ലകൾ ലോക​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളി​ലും സ്ഥാപി​ത​മാ​യി.

21-ാം നൂറ്റാ​ണ്ടി​ലെ ഗ്രന്ഥശാ​ല​കൾ

ഇന്നത്തെ ചില ഗ്രന്ഥശാ​ല​ക​ളു​ടെ വലുപ്പം നമ്മെ അമ്പരപ്പി​ക്കും. 2.9 കോടി​യി​ല​ധി​കം പുസ്‌ത​കങ്ങൾ അടുക്കി​വെ​ച്ചി​രി​ക്കുന്ന 850 കിലോ​മീ​റ്റർ നീളമുള്ള ഒരു ബുക്ക്‌ ഷെൽഫി​ന്റെ അടുത്തു നിൽക്കു​ന്ന​തി​നെ​പ്പറ്റി ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. ലോക​ത്തി​ലെ ഏറ്റവും വലിയ ലൈ​ബ്ര​റി​യു​ടെ ഏകദേശ വലുപ്പ​മാ​ണിത്‌. ഇതാണ്‌ ഐക്യ​നാ​ടു​ക​ളി​ലെ ‘ലൈ​ബ്രറി ഓഫ്‌ കോൺഗ്രസ്‌.’ പുസ്‌ത​ക​ങ്ങൾക്കു പുറമേ, ഇവിടെ ഏകദേശം 27 ലക്ഷം ഓഡി​യോ-വീഡി​യോ റെക്കോർഡി​ങ്ങു​കൾ, 1.2 കോടി ഫോ​ട്ടോ​ഗ്രാ​ഫു​കൾ, 48 ലക്ഷം മാപ്പുകൾ, 5.7 കോടി കയ്യെഴു​ത്തു​പ്ര​തി​കൾ എന്നിവ​യു​മുണ്ട്‌. ഓരോ ദിവസ​വും ഈ വമ്പൻ ഗ്രന്ഥശാ​ല​യി​ലേക്ക്‌ 7,000 വായനാ​സാ​മ​ഗ്രി​ക​ളാണ്‌ കൂട്ടി​ച്ചേർക്ക​പ്പെ​ടു​ന്നത്‌!

പുസ്‌ത​ക​ങ്ങ​ളു​ടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ലണ്ടനിലെ ബ്രിട്ടീഷ്‌ ലൈ​ബ്ര​റി​ക്കാണ്‌. ഇവിടെ 1.8 കോടി​യി​ല​ധി​കം പുസ്‌ത​ക​ങ്ങ​ളുണ്ട്‌. മോസ്‌കോ​യി​ലെ റഷ്യൻ സ്റ്റേറ്റ്‌ ലൈ​ബ്ര​റി​യിൽ 1.7 കോടി പുസ്‌ത​ക​ങ്ങ​ളുണ്ട്‌. വർത്തമാ​ന​പ്പ​ത്ര​ങ്ങ​ളു​ടെ ഏകദേശം 6,32,000 സെറ്റ്‌ പ്രതി​വർഷ ശേഖരങ്ങൾ ഇവി​ടെ​യുണ്ട്‌. ഫ്രാൻസി​ലെ നാഷണൽ ലൈ​ബ്രറി യൂറോ​പ്പി​ലെ നിലവി​ലുള്ള ഏറ്റവും പഴക്കം​ചെന്ന ദേശീയ ലൈ​ബ്ര​റി​ക​ളിൽ ഒന്നാണ്‌. ഇവിടെ 1.3 കോടി പുസ്‌ത​ക​ങ്ങ​ളുണ്ട്‌. കൂടാതെ, “ശേഖര​ങ്ങ​ളു​ടെ വലി​യൊ​രു പങ്കും മുഴു​വ​നാ​യി ഇന്റർനെ​റ്റി​ലൂ​ടെ ലഭ്യമാ​ക്കിയ ആദ്യ ഗ്രന്ഥശാ​ല​യാണ്‌ ഫ്രഞ്ച്‌ നാഷണൽ ലൈ​ബ്രറി” എന്ന്‌ ലൈ​ബ്രറി വേൾഡ്‌ റെക്കോർഡ്‌സ്‌ എന്ന പുസ്‌തകം പറയുന്നു. ഇന്റർനെറ്റ്‌, കമ്പ്യൂ​ട്ട​റി​ന്റെ ഉപയോ​ഗം സാധ്യ​മാ​യ​വർക്കെ​ല്ലാം മനുഷ്യ​വർഗ​ത്തി​ന്റെ അറിവി​ന്റെ കലവറ​യി​ലേ​ക്കുള്ള പ്രവേ​ശനം മുമ്പെ​ന്ന​ത്തേ​തി​ലും എളുപ്പ​മാ​ക്കി​ത്തീർത്തി​രി​ക്കു​ന്നു.

മുമ്പൊ​രി​ക്ക​ലു​മി​ല്ലാ​ത്ത​വി​ധം, ലോക​മെ​മ്പാ​ടും പൊതു​ജ​ന​ങ്ങൾക്കു ലഭ്യമാ​കുന്ന വിവര​ങ്ങ​ളു​ടെ അളവ്‌ ഭീമമാ​യി വർധി​ക്കു​ക​യാണ്‌. മാനവ​വി​ജ്ഞാ​ന​ത്തി​ന്റെ ഈ ഭണ്ഡാരം ഓരോ നാലര​വർഷം കൂടു​ന്തോ​റും ഇരട്ടി​യാ​കു​ന്നു​വെന്ന്‌ കണക്കുകൾ കാണി​ക്കു​ന്നു. ഐക്യ​നാ​ടു​ക​ളിൽ മാത്രം പ്രതി​വർഷം 1,50,000-ത്തിലേറെ പുതിയ പുസ്‌ത​ക​ങ്ങ​ളാ​ണു പുറത്തി​റ​ങ്ങു​ന്നത്‌.

ഇന്നത്തെ ഈ സാഹച​ര്യ​ത്തിൽ പുരാ​ത​ന​കാ​ലത്തെ പണ്ഡിത​നും എഴുത്തു​കാ​ര​നും രാജാ​വു​മാ​യി​രുന്ന ശലോ​മോ​ന്റെ വാക്കുകൾ തികച്ചും അന്വർഥ​മാ​കു​ന്നു. അവൻ എഴുതി: “പുസ്‌തകം ഓരോ​ന്നു​ണ്ടാ​ക്കു​ന്ന​തി​ന്നു അവസാ​ന​മില്ല; അധികം പഠിക്കു​ന്നതു ശരീര​ത്തി​ന്നു ക്ഷീണം തന്നേ.” (സഭാ​പ്ര​സം​ഗി 12:12) എന്നിരു​ന്നാ​ലും, വിവേ​ച​ന​യോ​ടെ ഉപയോ​ഗി​ച്ചാൽ യുനെ​സ്‌കോ (ഐക്യ​രാ​ഷ്‌ട്ര വിദ്യാ​ഭ്യാ​സ ശാസ്‌ത്രീയ സാംസ്‌കാ​രിക സംഘടന) വർണി​ക്കു​ന്ന​തു​പോ​ലെ ഓരോ ഗ്രന്ഥശാ​ല​യും “അറിവി​ന്റെ [ലോക​ത്തി​ലേ​ക്കുള്ള] പ്രാ​ദേ​ശിക വാതാ​യ​നങ്ങൾ” ആയി തുടരും.

[അടിക്കു​റി​പ്പു​കൾ]

^ അശൂർബാനിപ്പാൽ യഹൂദ രാജാ​വായ മനശ്ശെ​യു​ടെ സമകാ​ലി​ക​നാ​യി​രു​ന്നു. ബൈബി​ളിൽ എസ്രാ 4:10-ൽ പരാമർശി​ച്ചി​രി​ക്കുന്ന അസ്‌ന​പ്പാർ ആണ്‌ അശൂർബാ​നി​പ്പാൽ എന്നു വിശ്വ​സി​ക്ക​പ്പെ​ടു​ന്നു.

^ അലക്‌സാൻഡ്രിയയിലെ പുരാ​ത​ന​വും ആധുനി​ക​വും ആയ ലൈ​ബ്ര​റി​ക​ളെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌ 2005 ജനുവരി 8 ഇംഗ്ലീഷ്‌ ലക്കം ഉണരുക! കാണുക

[18-ാം പേജിലെ ചതുരം/ചിത്രം]

ലൈബ്രേറിയന്റെ പങ്ക്‌

നിങ്ങൾക്കാ​വ​ശ്യ​മുള്ള പുസ്‌തകം ലൈ​ബ്ര​റി​യു​ടെ കാറ്റ​ലോ​ഗിൽ കണ്ടെത്താൻ കഴിയു​ന്നി​ല്ലെ​ങ്കിൽ വിഷമി​ക്കേണ്ട, ലൈ​ബ്രേ​റി​യ​നോ​ടു ചോദി​ക്കു​കയേ വേണ്ടൂ. ലൈ​ബ്രേ​റി​യന്റെ വൈദ​ഗ്‌ധ്യം പലപ്പോ​ഴും വിലതീ​രാ​ത്ത​താണ്‌. 20 വർഷമാ​യി ഒരു ലൈ​ബ്രേ​റി​യ​നാ​യി ജോലി​നോ​ക്കുന്ന റോ​ഡെ​റിക്‌ പറയുന്നു: “ആളുകൾക്കു പലപ്പോ​ഴും ലൈ​ബ്ര​റി​ക​ളെ​യും ലൈ​ബ്രേ​റി​യ​ന്മാ​രെ​യും ഭയമാണ്‌. അവർ പലപ്പോ​ഴും ഇങ്ങനെ പറഞ്ഞു​കൊ​ണ്ടാ​ണു തുടങ്ങുക, ‘ഞാൻ ചോദി​ക്കു​ന്നത്‌ ഒരു മണ്ടൻ ചോദ്യ​മാ​യി​രി​ക്കാം, എനിക്ക്‌ . . .’ എന്നാൽ മണ്ടൻ ചോദ്യം എന്നൊ​ന്നില്ല. ഒരു വിദഗ്‌ധ​നായ ലൈ​ബ്രേ​റി​യന്റെ കഴിവ്‌ നിങ്ങൾ ഉദ്ദേശി​ച്ചത്‌ എന്താ​ണെന്നു കണ്ടുപി​ടി​ച്ചു​ത​രിക എന്നതാണ്‌, ആ പുസ്‌ത​ക​ത്തെ​ക്കു​റിച്ച്‌ എങ്ങനെ ചോദി​ക്ക​ണ​മെന്ന്‌ നിങ്ങൾക്ക്‌ അറിയി​ല്ലെ​ങ്കിൽപ്പോ​ലും.”

[19-ാം പേജിലെ ചതുരം/ചിത്രം]

നമ്പറുകളുടെ അർഥ​മെ​ന്താണ്‌?225.7

ഡ്യൂയിയുടെ ദശാംശ സംവി​ധാ​നം

പല ലൈ​ബ്ര​റി​ക​ളും ഡ്യൂയി​യു​ടെ ദശാം​ശ​വി​ഭാ​ഗീ​കരണ സംവി​ധാ​നം (Dewey decimal classification system) ഉപയോ​ഗി​ക്കു​ന്നു. ഇതനു​സ​രിച്ച്‌ കാറ്റ​ലോ​ഗി​ലും പുസ്‌ത​ക​ങ്ങ​ളു​ടെ പുറം​ച​ട്ട​യി​ലെ വീതി​കു​റഞ്ഞ ഭാഗത്തും നമ്പറുകൾ ഉണ്ടായി​രി​ക്കും. സ്വാധീ​ന​ശ​ക്തി​യുള്ള ഒരു അമേരി​ക്കൻ ലൈ​ബ്രേ​റി​യ​നാ​യി​രുന്ന മെൽവിൽ ഡ്യൂയി 1876-ലാണ്‌ ഈ രീതി ആവിഷ്‌ക​രി​ച്ചത്‌. ഡ്യൂയി​യു​ടെ സംവി​ധാ​ന​പ്ര​കാ​രം പത്തു മുഖ്യ ഗ്രൂപ്പു​ക​ളി​ലാ​യി എല്ലാം വിഷയാ​നു​സൃ​തം തരംതി​രി​ക്കാൻ 000 മുതൽ 999 വരെയുള്ള നമ്പറുകൾ ഉപയോ​ഗി​ക്കും.

000-099 പൊതു​വി​ഷ​യ​ങ്ങൾ

100-199 തത്ത്വശാ​സ്‌ത്രം, മനശ്ശാ​സ്‌ത്രം

200-299 മതം

300-399 സാമൂ​ഹി​ക​ശാ​സ്‌ത്രം

400-499 ഭാഷ

500-599 പ്രകൃ​തി​ശാ​സ്‌ത്രം, ഗണിതം

600-699 സാങ്കേ​തിക വിദ്യ (പ്രയു​ക്ത​ശാ​സ്‌ത്രം)

700-799 കലകൾ

800-899 സാഹി​ത്യം, ആശയ​പ്ര​ക​ട​ന​കല

900-999 ഭൂമി​ശാ​സ്‌ത്രം, ചരിത്രം

ഈ മുഖ്യ ഗ്രൂപ്പു​കൾ ഓരോ​ന്നും പത്ത്‌ ഉപഗ്രൂ​പ്പു​ക​ളാ​യി തിരിച്ച്‌ ഓരോ​ന്നി​നും പ്രത്യേ​കം പ്രത്യേ​കം തലക്കെ​ട്ടു​കൾ നൽകും. ഉദാഹ​ര​ണ​ത്തിന്‌, 200 (മതം) എന്നതിൻ കീഴിൽ 220 ആണ്‌ ബൈബി​ളി​ന്റെ നമ്പർ. ബൈബി​ളി​നെ​ക്കു​റി ച്ചുള്ള നിശ്ചിത വിഷയ​ങ്ങളെ പിന്നെ​യും തരംതി​രി​ക്കും. 225 എന്ന സംഖ്യ “പുതിയ നിയമ”ത്തെ (ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ) സൂചി​പ്പി​ക്കു​ന്നു. ഏതുതരം പുസ്‌ത​ക​മാ​ണെന്നു തിരി​ച്ച​റി​യി​ക്കാൻ കൂടു​ത​ലായ അക്കങ്ങൾ ചേർക്കു​ന്നു:

01 തത്ത്വശാ​സ്‌ത്ര​വും സിദ്ധാ​ന്ത​വും

02 പലവക

03 നിഘണ്ടു​ക്കൾ, എൻ​സൈ​ക്ലോ​പീ​ഡി​യകൾ, കോൺകോർഡൻസു​കൾ

04 പ്രത്യേക വിഷയങ്ങൾ

05 തുടർച്ച​യാ​യി പ്രസി​ദ്ധീ​ക​രി​ക്കു​ന്നവ

06 സംഘട​ന​ക​ളും മാനേ​ജ്‌മെ​ന്റും

07 വിദ്യാ​ഭ്യാ​സം, ഗവേഷണം, ബന്ധപ്പെട്ട വിഷയങ്ങൾ

08 ശേഖര​ണ​ങ്ങൾ

09 -ന്റെ/ടെ ചരിത്രം

ഇതനു​സ​രിച്ച്‌, സമ്പൂർണ ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള ഒരു എൻ​സൈ​ക്ലോ​പീ​ഡി​യ​യു​ടെ നമ്പർ 220.3 ആണ്‌. ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു വ്യാഖ്യാ​ന​കൃ​തി​യു​ടെ നമ്പർ 225.7 ആയിരി​ക്കും.

ലൈബ്രറി ഓഫ്‌ കോൺഗ്ര​സി​ന്റെ വർഗീ​കരണ രീതി​യും സമാന​മാണ്‌, എങ്കിലും അക്ഷരങ്ങ​ളു​ടെ​യും അക്കങ്ങളു​ടെ​യും ഒരു മിശ്ര​ണ​മാണ്‌ അവിടെ ഉപയോ​ഗി​ക്കു​ന്നത്‌. ഗ്രന്ഥകാ​രനെ തിരി​ച്ച​റി​യി​ക്കു​ന്ന​തിന്‌ മിക്ക പുസ്‌ത​ക​ങ്ങ​ളി​ലും അക്കങ്ങളും അക്ഷരങ്ങ​ളും മറ്റു ചിഹ്നങ്ങ​ളു​മുൾപ്പെട്ട ഒരു കോഡും ഉണ്ടായി​രി​ക്കും. മറ്റു ദേശങ്ങ​ളിൽ ഇതിൽനി​ന്നു വ്യത്യ​സ്‌ത​മായ വർഗീ​കരണ സംവി​ധാ​നങ്ങൾ ഉപയോ​ഗി​ക്കു​ന്നു.

[16-ാം പേജിലെ ചിത്രം]

അസീറിയൻ രാജാ​വായ അശൂർബാ​നി​പ്പാൽ, പൊ.യു.മു. 650. അദ്ദേഹ​ത്തി​ന്റെ ഗ്രന്ഥശാ​ല​യിൽ ക്യൂനി​ഫോം കളിമൺഫ​ല​കങ്ങൾ ഉണ്ടായി​രു​ന്നു

[16-ാം പേജിലെ ചിത്രം]

ഇംഗ്ലണ്ടിലെ ലണ്ടനി​ലുള്ള ബ്രിട്ടീഷ്‌ ലൈ​ബ്ര​റി

[16-ാം പേജിലെ ചിത്രം]

സ്വിറ്റ്‌സർലൻഡിലുള്ള ഒരു ആശ്രമ​ത്തി​ലെ ഗ്രന്ഥശാല, 1761

[17-ാം പേജിലെ ചിത്രം]

ഈജിപ്‌തിലുള്ള അലക്‌സാൻഡ്രി​യ​യി​ലെ ഗ്രന്ഥശാല, ഏകദേശം പൊ.യു.മു. 300

[കടപ്പാട്‌]

From the book Ridpath’s History of the World (Vol. II)

[18, 19 പേജു​ക​ളി​ലെ ചിത്രം]

യു.എസ്‌. ലൈ​ബ്രറി ഓഫ്‌ കോൺഗ്രസ്‌, ലോക​ത്തി​ലെ ഏറ്റവും വലുത്‌

[കടപ്പാട്‌]

From the book Ridpath’s History of the World (Vol. IX)

[16-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മുകളിൽ ഇടത്തും താഴെ​യു​മുള്ള ചിത്രങ്ങൾ: Erich Lessing/Art Resource, NY; ഫലകം: Photograph taken by courtesy of the British Museum