വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്നതു തെറ്റാണോ?

ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്നതു തെറ്റാണോ?

ബൈബി​ളി​ന്റെ വീക്ഷണം

ഉയരങ്ങ​ളി​ലെ​ത്താൻ ആഗ്രഹി​ക്കു​ന്നതു തെറ്റാ​ണോ?

“സമ്പത്ത്‌, പ്രശസ്‌തി, അധികാ​രം ഇവയി​ലൊ​ക്കെ എന്താണു തെറ്റ്‌?” ഒരു മതസമി​തി​യു​ടെ റിപ്പോർട്ടിൽ ഉന്നയി​ച്ചി​രു​ന്ന​താണ്‌ ഈ ചോദ്യം. “ധാർമിക വിഷമ​സ​ന്ധി​കൾ” എന്നായി​രു​ന്നു ആ റിപ്പോർട്ടി​ന്റെ തലക്കെട്ട്‌. അബ്രാ​ഹാ​മി​നോ​ടുള്ള ദൈവ​ത്തി​ന്റെ പിൻവ​രുന്ന വാക്കു​ക​ളെ​ക്കു​റി​ച്ചുള്ള പരാമർശം അതിലു​ണ്ടാ​യി​രു​ന്നു: “ഞാൻ നിന്നെ വലി​യോ​രു ജാതി​യാ​ക്കും; നിന്നെ അനു​ഗ്ര​ഹി​ച്ചു നിന്റെ പേർ വലുതാ​ക്കും.”—ഉല്‌പത്തി 12:2.

“ഉയരങ്ങ​ളി​ലെ​ത്താൻ ശ്രമി​ക്കു​ന്നത്‌ മറ്റുള്ള​വർക്കു ദോഷം ചെയ്‌തു​കൊ​ണ്ടാ​ക​രുത്‌” എന്ന്‌ ആ റിപ്പോർട്ടിൽ പ്രസ്‌താ​വി​ച്ചി​രു​ന്നെ​ങ്കി​ലും അതിൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു പ്രശസ്‌ത റബ്ബിയു​ടെ പിൻവ​രുന്ന വാക്കുകൾ ഉദ്ധരി​ച്ചി​രു​ന്നു: “എന്റെ ലക്ഷ്യങ്ങളെ ഉന്നമി​പ്പി​ക്കാൻ ഞാൻ ശ്രമി​ച്ചി​ല്ലെ​ങ്കിൽപ്പി​ന്നെ ആരാണ്‌ എനിക്കു​വേണ്ടി അതു ചെയ്യുക?” എന്നിട്ട്‌ അത്‌ ഇങ്ങനെ ഉപസം​ഹ​രി​ച്ചു: “നമ്മുടെ കഴിവി​നൊത്ത്‌ ഉയരാൻ നാം ശ്രമം ചെയ്യു​ന്നി​ല്ലെ​ങ്കിൽ നമുക്കു​വേണ്ടി ആരും അതു ചെയ്യാൻ പോകു​ന്നില്ല.” ദൈവത്തെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌, ഉയരങ്ങ​ളി​ലെ​ത്താ​നുള്ള ആഗ്രഹം ഒരു വിഷമ​സന്ധി സൃഷ്ടി​ക്കു​ന്നു​ണ്ടോ? നമ്മുടെ കഴിവി​നൊത്ത്‌ ഉയരു​ന്ന​തിൽ അഥവാ നമ്മുടെ കഴിവു​കൾ പൂർണ​മാ​യി ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? ഉയരങ്ങ​ളി​ലെ​ത്താൻ ആഗ്രഹി​ക്കു​ന്നതു തെറ്റാ​ണോ? ഇതു സംബന്ധിച്ച ബൈബി​ളി​ന്റെ വീക്ഷണം എന്താണ്‌?

അബ്രാ​ഹാം അങ്ങനെ​യൊ​രു മോഹം പ്രകട​മാ​ക്കി​യോ?

വിശ്വാ​സ​ത്തി​ന്റെ ഒരു മികച്ച മാതൃ​ക​യാ​യി​ട്ടാണ്‌ ബൈബിൾ അബ്രാ​ഹാ​മി​നെ ചിത്രീ​ക​രി​ക്കു​ന്നത്‌. (എബ്രായർ 11:8, 17) അബ്രാ​ഹാ​മി​നെ വലി​യൊ​രു ജാതി​യാ​ക്കു​മെ​ന്നും അവന്റെ പേർ വലുതാ​ക്കു​മെ​ന്നും വാഗ്‌ദാ​നം ചെയ്‌ത​തി​ലൂ​ടെ ദൈവം, സ്ഥാനമാ​നങ്ങൾ വെട്ടി​പ്പി​ടിച്ച്‌ ഉയരങ്ങൾ കീഴട​ക്കാ​നുള്ള മോഹം വളർത്തി​യെ​ടു​ക്കാൻ അവനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നില്ല. മറിച്ച്‌, അബ്രാ​ഹാ​മി​ലൂ​ടെ മനുഷ്യ​വർഗത്തെ അനു​ഗ്ര​ഹി​ക്കാ​നുള്ള തന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചു പറയു​ക​യാ​യി​രു​ന്നു ദൈവം. ആ ഉദ്ദേശ്യ​മാ​കട്ടെ, ഉയരങ്ങൾ വെട്ടി​പ്പി​ടി​ക്കാ​നുള്ള മാനു​ഷിക മോഹ​ത്തെ​ക്കാ​ളൊ​ക്കെ ഉദാത്ത​മായ ഒന്നായി​രു​ന്നു.—ഗലാത്യർ 3:14.

ദൈവ​ത്തോ​ടു​ള്ള ഭക്തി നിമിത്തം, ഊർ ദേശത്തെ സുഖ​പ്ര​ദ​വും ഐശ്വ​ര്യ​സ​മൃ​ദ്ധ​വു​മായ ജീവി​ത​രീ​തി ഉപേക്ഷി​ച്ചു​പോ​ന്ന​വ​നാണ്‌ അബ്രാ​ഹാം. (ഉല്‌പത്തി 11:31) പിന്നീട്‌, തന്റെ സഹോ​ദ​ര​പു​ത്ര​നായ ലോത്തി​നെ ദേശത്തെ ഏറ്റവും നല്ല സ്ഥലത്തു താമസ​മു​റ​പ്പി​ക്കാൻ അനുവ​ദി​ച്ചു​കൊണ്ട്‌ സമാധാ​ന​പ്രേ​മി​യായ അബ്രാ​ഹാം തന്റെ സ്ഥാനവും അധികാ​ര​വും മനസ്സോ​ടെ പരിത്യ​ജി​ച്ചു. (ഉല്‌പത്തി 13:8, 9) അബ്രാ​ഹാം ഉയരങ്ങ​ളി​ലെ​ത്താൻ മോഹി​ച്ച​താ​യി ബൈബി​ളി​ലൊ​രി​ട​ത്തും നാം കാണു​ന്നില്ല. നേരെ​മ​റിച്ച്‌, വിശ്വാ​സം, അനുസ​രണം, താഴ്‌മ എന്നീ ഗുണങ്ങ​ളാണ്‌ ഒരു യഥാർഥ ‘സ്‌നേ​ഹി​തൻ’ എന്ന നിലയിൽ അവനെ ദൈവ​ത്തി​നു പ്രിയ​ങ്ക​ര​നാ​ക്കി​ത്തീർത്തത്‌.—യെശയ്യാ​വു 41:8.

സ്ഥാനമാ​നങ്ങൾ, പ്രശസ്‌തി, അധികാ​രം എന്നിവ സംബന്ധിച്ച വ്യത്യ​സ്‌ത​മായ ഒരു വീക്ഷണം

ഉയരങ്ങ​ളി​ലെ​ത്താൻ മോഹി​ക്കുന്ന ഒരു വ്യക്തി സ്ഥാനമാ​നങ്ങൾ, പ്രശസ്‌തി, അധികാ​രം എന്നിവ​യ്‌ക്കാ​യുള്ള തീക്ഷ്‌ണ​മായ ആഗ്രഹം ഉള്ളവനാ​യി​രി​ക്കും. പുരാ​ത​ന​കാ​ലത്തെ ശലോ​മോൻ രാജാ​വിന്‌ സ്ഥാനമാ​ന​ങ്ങ​ളും പ്രശസ്‌തി​യും അധികാ​ര​വും ഒക്കെ ഉണ്ടായി​രു​ന്നു, കണക്കറ്റ സമ്പത്തും അവനു സ്വന്തമാ​യി​രു​ന്നു. (സഭാ​പ്ര​സം​ഗി 2:3-9) എന്നിരു​ന്നാ​ലും തന്റെ വാഴ്‌ച​യു​ടെ ആരംഭ​ത്തിൽ അവന്‌ ഈ കാര്യ​ങ്ങ​ളോ​ടു തീക്ഷ്‌ണ​മായ ആഗ്രഹം ഇല്ലായി​രു​ന്നു. ശലോ​മോന്‌ രാജത്വം അവകാ​ശ​മാ​യി കിട്ടിയ സമയത്ത്‌, എന്തു വരം വേണ​മെ​ങ്കി​ലും ആവശ്യ​പ്പെ​ട്ടു​കൊ​ള്ളാൻ ദൈവം അവനെ ക്ഷണിക്കു​ക​യു​ണ്ടാ​യി. അപ്പോൾ ദൈവ​ത്തി​ന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനത്തെ ഭരിക്കു​ന്ന​തിന്‌ ആവശ്യ​മായ അനുസ​ര​ണ​മുള്ള ഒരു ഹൃദയ​വും വിവേ​ക​വും ആണ്‌ അവൻ താഴ്‌മ​യോ​ടെ ആവശ്യ​പ്പെ​ട്ടത്‌. (1 രാജാ​ക്ക​ന്മാർ 3:5-9) പിന്നീട്‌, തന്റെ സമ്പത്തി​ന്റെ​യും അധികാ​ര​ത്തി​ന്റെ​യും ആകെത്തു​ക​യെ​ക്കു​റി​ച്ചു വർണി​ച്ച​ശേഷം ശലോ​മോൻ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “എല്ലാം മായയും വൃഥാ​പ്ര​യ​ത്‌ന​വും അത്രേ.”—സഭാ​പ്ര​സം​ഗി 2:11.

മനുഷ്യർ തങ്ങളുടെ കഴിവു​കൾ പൂർണ​മാ​യി ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ ശലോ​മോൻ എന്തെങ്കി​ലും പറഞ്ഞോ? ഒരർഥ​ത്തിൽ, പറഞ്ഞു. തന്റെ ജീവി​ത​ത്തി​ലെ അനവധി അനുഭ​വ​ങ്ങളെ വിലയി​രു​ത്തി​യ​ശേഷം അവൻ ഈ നിഗമ​ന​ത്തി​ലെത്തി: “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പ​ന​കളെ പ്രമാ​ണി​ച്ചു​കൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടു​ന്നത്‌ [“മനുഷ്യ​ന്റെ മുഴുവൻ കർത്തവ്യ​വും ഇതുതന്നെ,” പി.ഒ.സി. ബൈബിൾ].” (സഭാ​പ്ര​സം​ഗി 12:13) മനുഷ്യർ അവരുടെ കഴിവു​കൾ പൂർണ​മാ​യി ഉപയോ​ഗ​പ്പെ​ടു​ത്തേ​ണ്ടത്‌ സ്ഥാനമാ​ന​ങ്ങ​ളോ സമ്പത്തോ പ്രശസ്‌തി​യോ അധികാ​ര​മോ വെട്ടി​പ്പി​ടി​ച്ചു​കൊ​ണ്ടല്ല, പകരം ദൈ​വേഷ്ടം ചെയ്‌തു​കൊ​ണ്ടാണ്‌.

താഴ്‌മ ഉന്നതി​യി​ലേക്കു നയിക്കു​ന്നു

ഒരു വ്യക്തി ന്യായ​മായ അളവിൽ തന്നെത്തന്നെ സ്‌നേ​ഹി​ക്കു​ന്ന​തിൽ യാതൊ​രു തെറ്റു​മില്ല. നാം നമ്മെ സ്‌നേ​ഹി​ക്കു​ന്ന​തു​പോ​ലെ​തന്നെ നമ്മുടെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കാൻ ബൈബിൾ നമ്മോടു കൽപ്പി​ക്കു​ന്ന​തിൽനി​ന്നു നമുക്ക്‌ അതു മനസ്സി​ലാ​ക്കാൻ കഴിയും. (മത്തായി 22:39) സുഖസൗ​ക​ര്യ​ങ്ങ​ളും സന്തുഷ്ടി​യും ആഗ്രഹി​ക്കു​ന്നതു സ്വാഭാ​വി​ക​മാണ്‌. എന്നാൽ കഠിനാ​ധ്വാ​നം, താഴ്‌മ, വിനയം എന്നിവ​യെ​യും തിരു​വെ​ഴു​ത്തു​കൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 15:33; സഭാ​പ്ര​സം​ഗി 3:13; മീഖാ 6:8) സത്യസ​ന്ധ​രും ആശ്രയ​യോ​ഗ്യ​രും കഠിനാ​ധ്വാ​നി​ക​ളും ആയ ആളുകൾ പലപ്പോ​ഴും ശ്രദ്ധി​ക്ക​പ്പെ​ടു​ക​യും നല്ല ജോലി കണ്ടെത്തു​ക​യും ആദരവു നേടി​യെ​ടു​ക്കു​ക​യും ചെയ്യുന്നു. വ്യക്തി​പ​ര​മായ നേട്ടത്തി​നാ​യി മറ്റുള്ള​വരെ ചൂഷണം ചെയ്യു​ക​യോ സ്ഥാനത്തി​നു​വേണ്ടി മറ്റുള്ള​വ​രു​മാ​യി മത്സരി​ക്കു​ക​യോ ചെയ്യു​ന്ന​തി​നെ​ക്കാൾ തീർച്ച​യാ​യും നല്ലത്‌ ഈ ഗതി പിന്തു​ട​രു​ന്ന​താണ്‌.

ഒരു വിവാ​ഹ​വി​രു​ന്നിൽ സംബന്ധി​ക്കവേ തങ്ങൾക്കാ​യി​ത്തന്നെ പ്രമുഖ ഇരിപ്പി​ടം തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നെ​തി​രെ യേശു തന്റെ ശ്രോ​താ​ക്കൾക്കു മുന്നറി​യി​പ്പു നൽകി. ഏറ്റവും താഴ്‌ന്ന സ്ഥാനത്തു പോയി​രി​ക്കാ​നും ഏറെ പ്രമു​ഖ​മായ ഒരു സ്ഥാന​ത്തേക്കു മാറി​യി​രി​ക്കാൻ ആതി​ഥേയൻ ആവശ്യ​പ്പെ​ടു​മ്പോൾ മാത്രം അവിടെ ചെന്നി​രി​ക്കാ​നും അവൻ അവരെ ഉപദേ​ശി​ച്ചു. പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞു​കൊണ്ട്‌ യേശു അതിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന തത്ത്വം വ്യക്തമാ​ക്കി: “തന്നെത്താൻ ഉയർത്തു​ന്നവൻ എല്ലാം താഴ്‌ത്ത​പ്പെ​ടും; തന്നെത്താൻ താഴ്‌ത്തു​ന്നവൻ ഉയർത്ത​പ്പെ​ടും.”—ലൂക്കൊസ്‌ 14:7-11.

സത്യ​ക്രി​സ്‌ത്യാ​നി​കൾ ഉയരങ്ങൾ കീഴട​ക്കാ​നുള്ള മോഹം ഒഴിവാ​ക്കു​ന്നു

അഹങ്കാ​ര​ത്തോ​ടു കൂടിയ ഉത്‌കർഷേച്ഛ അഥവാ ഉയരങ്ങൾ കീഴട​ക്കാ​നുള്ള മോഹം മാനുഷ അപൂർണ​ത​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു. (യാക്കോബ്‌ 4:5, 6) അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ ഒരു സമയത്ത്‌ സ്ഥാന​മോ​ഹം പ്രകട​മാ​ക്കിയ വ്യക്തി​യാ​യി​രു​ന്നു. ദൈവ​രാ​ജ്യ​ത്തിൽ വളരെ ഉയർന്ന ഒരു സ്ഥാനത്തു തങ്ങളെ ആക്കി​വെ​ക്ക​ണ​മെന്ന്‌ യേശു​വി​നോട്‌ ആവശ്യ​പ്പെ​ടാൻ ധൈര്യം തോന്ന​ത്ത​ക്ക​വി​ധം അവന്റെ​യും സഹോ​ദ​ര​ന്റെ​യും സ്ഥാന​മോ​ഹം അത്ര തീക്ഷ്‌ണ​മാ​യി​രു​ന്നു. (മർക്കൊസ്‌ 10:37) പിന്നീട്‌ യോഹ​ന്നാൻ തന്റെ മനോ​ഭാ​വ​ത്തി​നു മാറ്റം വരുത്തി. തന്റെ മൂന്നാ​മത്തെ ലേഖന​ത്തിൽ അവൻ, “പ്രധാ​നി​യാ​കു​വാൻ ആഗ്രഹി​ക്കുന്ന” ദിയൊ​ത്രെ​ഫേ​സി​നെ ശക്തമായ വാക്കു​ക​ളിൽ കുറ്റ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. (3 യോഹ​ന്നാൻ 9, 10) ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ യേശു​വി​ന്റെ വാക്കുകൾ ആത്മാർഥ​മാ​യി പിൻപ​റ്റി​ക്കൊണ്ട്‌ തങ്ങളെ​ത്തന്നെ താഴ്‌ത്തു​ന്നു. ഒപ്പം, ഉയർന്ന സ്ഥാനം കരസ്ഥമാ​ക്കാ​നുള്ള ആഗ്രഹം ഒഴിവാ​ക്കാൻ പഠിച്ച വൃദ്ധനായ യോഹ​ന്നാൻ അപ്പൊ​സ്‌ത​ലന്റെ മാതൃക അവർ പിൻപ​റ്റു​ക​യും ചെയ്യുന്നു.

എന്നിരു​ന്നാ​ലും യാഥാർഥ്യ​ബോ​ധ​ത്തോ​ടെ നോക്കു​മ്പോൾ, ഒരു വ്യക്തി​യു​ടെ കഴിവു​ക​ളും പ്രാപ്‌തി​ക​ളും സത്‌പ്ര​വൃ​ത്തി​ക​ളും കഠിനാ​ധ്വാ​ന​വും ഒന്നും അവയിൽത്തന്നെ അംഗീ​കാ​രം ഉറപ്പു​നൽകു​ന്നി​ല്ലെന്നു പറയേ​ണ്ടി​യി​രി​ക്കു​ന്നു. ചില​പ്പോൾ അവയ്‌ക്കു സഹമനു​ഷ്യ​രാൽ അംഗീ​കാ​രം ലഭി​ച്ചേ​ക്കാം, ചില​പ്പോൾ ലഭിച്ചി​ല്ലെ​ന്നും വരാം. (സദൃശ​വാ​ക്യ​ങ്ങൾ 22:29; സഭാ​പ്ര​സം​ഗി 10:7) ചില​പ്പോൾ, യോഗ്യത കുറഞ്ഞവർ അധികാര സ്ഥാനങ്ങ​ളിൽ ആക്കി​വെ​ക്ക​പ്പെ​ട്ടേ​ക്കാം. അതേസ​മയം കൂടുതൽ സമർഥ​രായ ആളുകൾക്ക്‌ അംഗീ​കാ​രം ലഭിക്കാ​തെ പോ​യെ​ന്നും വരാം. ഈ അപൂർണ ലോക​ത്തിൽ സ്ഥാനവും അധികാ​ര​വും ലഭിക്കു​ന്നവർ അവശ്യം ഏറ്റവും യോഗ്യ​ത​യു​ള്ളവർ ആയിരി​ക്ക​ണ​മെ​ന്നില്ല.

ഉയരങ്ങ​ളി​ലെ​ത്താ​നുള്ള മോഹം സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ ഒരു ധാർമിക വിഷമ​സന്ധി സൃഷ്ടി​ക്കു​ന്നില്ല. അവരുടെ ബൈബിൾ പരിശീ​ലിത മനസ്സാക്ഷി അത്തരം ആഗ്രഹം ഒഴിവാ​ക്കാൻ അവരെ സഹായി​ക്കു​ന്നു. എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും അവർ ദൈവ​മ​ഹ​ത്ത്വ​ത്തി​നാ​യി കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ക്കാൻ കഠിന​മാ​യി ശ്രമി​ക്കു​ന്നു, എന്നിട്ട്‌ ബാക്കി കാര്യങ്ങൾ ദൈവ​ത്തി​നു വിടുന്നു. (1 കൊരി​ന്ത്യർ 10:31) ദൈവത്തെ ഭയപ്പെട്ട്‌ അവന്റെ കൽപ്പനകൾ പ്രമാ​ണി​ച്ചു​കൊണ്ട്‌ തങ്ങളുടെ കഴിവു​കൾ പരമാ​വധി ഉപയോ​ഗ​പ്പെ​ടു​ത്താൻ ക്രിസ്‌ത്യാ​നി​കൾ ശ്രമി​ക്കു​ന്നു.

[12, 13 പേജു​ക​ളി​ലെ ചിത്രം]

സ്ഥാനമാ​നങ്ങൾ വെട്ടി​പ്പി​ടി​ച്ചു​കൊണ്ട്‌ ഉയരങ്ങ​ളി​ലെ​ത്താൻ ദൈവം അബ്രാ​ഹാ​മി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചോ?