വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കട്ടെടുക്കുന്നത്‌ എന്തുകൊണ്ട്‌?

കട്ടെടുക്കുന്നത്‌ എന്തുകൊണ്ട്‌?

കട്ടെടു​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

“ഇതിനെ മോഷ​ണ​മാ​യി ഞാൻ കരുതു​ന്നില്ല. സാമ്പത്തിക വിഭവ​ങ്ങ​ളു​ടെ തികച്ചും അനു​പേ​ക്ഷ​ണീ​യ​മായ ഒരു പങ്കു​വെ​ക്ക​ലാ​യി​ട്ടാണ്‌ ഞാൻ ഇതിനെ വീക്ഷി​ക്കു​ന്നത്‌.”—ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ടി​ന്റെ ഒരു പുരോ​ഹി​തൻ.

ഇംഗ്ലീഷ്‌ നാടോ​ടി​ക്ക​ഥ​ക​ളി​ലെ നായക​നായ റോബിൻ ഹുഡ്‌ മോഷ​ണത്തെ ന്യായീ​ക​രി​ച്ചി​രു​ന്ന​താ​യി കാണാം. നാടോ​ടി​ക്ക​ഥ​ക​ളിൽ എന്തെങ്കി​ലും സത്യം ഉണ്ടോ​യെ​ന്ന​റി​യില്ല, അയാൾ ധനിക​രു​ടെ മുതൽ കൊള്ള​യ​ടിച്ച്‌ ദരി​ദ്രർക്കു വിതരണം ചെയ്‌തി​രു​ന്ന​താ​യാ​ണു പറയ​പ്പെ​ടു​ന്നത്‌. മോഷ്ടി​ക്കു​ന്ന​തി​നുള്ള ഒരു കാതലായ കാരണം ദാരി​ദ്ര്യ​മാ​ണെന്നു മേലു​ദ്ധ​രിച്ച പുരോ​ഹി​ത​നും വിശ്വ​സി​ക്കു​ന്നു. കടകളിൽനി​ന്നു കട്ടെടു​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ അദ്ദേഹം പറയുന്നു: “എനിക്ക​വ​രോ​ടു സഹതാ​പ​മേ​യു​ള്ളൂ. അവരെ പൂർണ​മാ​യും ന്യായീ​ക​രി​ക്കാ​നാ​കു​മെ​ന്നാണ്‌ എന്റെ അഭി​പ്രാ​യം.” വർഷത്തിൽ ഒരു ദിവസം സൂപ്പർമാർക്ക​റ്റു​കൾ പാവ​പ്പെ​ട്ട​വർക്കാ​യി തുറന്നി​ടണം, എന്നിട്ട്‌ പണം​കൊ​ടു​ക്കാ​തെ ഇഷ്ടമു​ള്ള​തെ​ല്ലാം എടുത്തു​കൊ​ണ്ടു​പോ​കാൻ അവരെ അനുവ​ദി​ക്കണം; ഇതാണ്‌ അദ്ദേഹ​ത്തി​ന്റെ നിർദേശം.

എന്നിരു​ന്നാ​ലും, ഈ സ്വഭാ​വ​ക്കാ​രിൽ പലരെ​യും ഇത്തരത്തിൽ പെരു​മാ​റാൻ പ്രേരി​പ്പി​ക്കു​ന്നതു ദാരി​ദ്ര്യ​മല്ല. ജപ്പാനിൽ, കടകളിൽനി​ന്നു സാധനങ്ങൾ കട്ടെടു​ത്ത​തിന്‌ പോലീസ്‌ തങ്ങളുടെ രണ്ടു സഹപ്ര​വർത്ത​കരെ അറസ്റ്റു ചെയ്‌തു. ഐക്യ​നാ​ടു​ക​ളിൽ, ഒരു കോർപ്പ​റേ​റ്റീവ്‌ സ്റ്റോറി​ന്റെ ബോർഡ്‌ അംഗത്തെ ആ സ്റ്റോറിൽനി​ന്നു​തന്നെ മോഷ്ടി​ക്കു​ന്ന​തി​നി​ടെ പിടി​കൂ​ടി. കൗമാ​ര​ക്കാർ പലപ്പോ​ഴും പോക്ക​റ്റിൽ പണമു​ണ്ടാ​യി​രി​ക്കെ​ത്തന്നെ തങ്ങൾക്ക്‌ ആവശ്യ​മി​ല്ലാത്ത സാധനങ്ങൾ മോഷ്ടി​ക്കാ​റുണ്ട്‌. ഇത്തരം കളവു​ക​ളു​ടെ പിന്നിലെ ചേതോ​വി​കാ​രം എന്താണ്‌?

‘ഒരു ഹരം’

ഹരം, പരി​ഭ്രമം, ഊർജ​സ്വ​ലത. മുൻലേ​ഖ​ന​ത്തി​ലെ രണ്ടു പെൺകു​ട്ടി​ക​ളെ​പ്പോ​ലെ, ഇത്തരം പ്രവൃ​ത്തി​യി​ലേർപ്പെ​ടുന്ന ചിലരു​ടെ​യു​ള്ളിൽ ഈ വികാ​രങ്ങൾ ഒരു മഹാ​പ്ര​വാ​ഹ​മാ​യി ഒഴുകു​ന്നു. ആ അനുഭൂ​തി​യിൽ മുങ്ങി​നി​വ​രാൻ അതിയാ​യി മോഹി​ക്കു​ന്നവർ വീണ്ടും വീണ്ടും മോഷ്ടി​ക്കു​ന്നു. ആദ്യത്തെ കളവി​നു​ശേഷം ഒരു സ്‌ത്രീ പറഞ്ഞു: “പിടി​ക്ക​പ്പെ​ടാ​തെ മുങ്ങാൻ കഴിഞ്ഞ​ല്ലോ. അതി​ന്റെ​യൊ​രു ഹരം!” കുറെ​നാൾ മോഷണം നടത്തി​യ​പ്പോൾ തനിക്കു​ണ്ടായ വികാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ പിന്നീട്‌ അവൾ പറഞ്ഞു: “എനിക്കു ലജ്ജതോ​ന്നി. പക്ഷേ, അപ്പോ​ഴും ആവേശ​ത്തി​നു കുറ​വൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ഒരു പ്രത്യേക ഓജസ്സ്‌ കൈവ​ന്ന​പോ​ലെ. മോഷ്ടി​ച്ചിട്ട്‌ എല്ലാവ​രു​ടെ​യും കണ്ണു​വെ​ട്ടി​ച്ചു കടന്നു​ക​ള​യാ​നാ​യത്‌ എനിക്കു വല്ലാ​ത്തൊ​രു ശക്തിപ​കർന്നു.”

ഈ സ്വഭാവം നിറുത്തി ഏതാനും മാസം കഴിഞ്ഞ​പ്പോൾ വീണ്ടും മോഷ്ടി​ക്കാ​നുള്ള ശക്തമായ ആവേശം ഉള്ളിലു​ണർന്നെന്ന്‌ ഹെക്ടർ എന്ന യുവാവു പറഞ്ഞു. * “അത്‌ ഒരു ആസക്തി​പോ​ലെ എന്നെ പിന്തു​ടർന്നു. സ്റ്റോറി​ന്റെ ചില്ലല​മാ​ര​യിൽ ഒരു റേഡി​യോ കാണു​മ്പോൾ ഞാൻ ചിന്തി​ക്കും, ‘അതെടു​ക്കാൻ എനി​ക്കൊ​രു ബുദ്ധി​മു​ട്ടു​മില്ല, പിടി​കൊ​ടു​ക്കാ​തെ മുങ്ങാ​നു​മാ​കും.’”

പെട്ടെ​ന്നു​ണ്ടാ​കു​ന്ന ഒരു ആവേശ​ത്തി​ന്റെ പുറത്ത്‌ സാധനങ്ങൾ കട്ടെടു​ക്കുന്ന ചിലർക്കൊ​ക്കെ തങ്ങൾ എടുത്ത സാധനങ്ങൾ ആവശ്യ​മേ​യില്ല. ഒരു ഇന്ത്യൻ പത്രം പറയുന്നു: “വിലക്ക​പ്പെ​ട്ടതു ചെയ്യു​ന്ന​തി​നുള്ള ഹരമാണ്‌ ഇത്തരം ആളുക​ളു​ടെ പ്രചോ​ദനം. . . . ചിലരാ​കട്ടെ കട്ടെടുത്ത സാധനങ്ങൾ തിരി​ച്ചു​വെ​ക്കു​ക​പോ​ലും ചെയ്യു​മെന്ന്‌ മനഃശാ​സ്‌ത്രജ്ഞർ പറയുന്നു.”

മറ്റു കാരണങ്ങൾ

കോടി​ക്ക​ണ​ക്കിന്‌ ആളുകൾ വിഷാ​ദ​രോ​ഗ​ത്തി​ന്റെ പിടി​യി​ലാണ്‌. ചില​പ്പോ​ഴൊ​ക്കെ വിഷാ​ദ​ബാ​ധി​തർ തങ്ങളുടെ മാനസി​കാ​വസ്ഥ പുറത്തു​കാ​ണി​ക്കു​ന്നത്‌ കടകളിൽനി​ന്നു കട്ടെടു​ക്കു​ന്ന​തു​പോ​ലെ​യുള്ള മോശം പെരു​മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യാ​യി​രി​ക്കും.

സാമ്പത്തി​ക​ഭ​ദ്ര​ത​യുള്ള ഒരു നല്ല കുടും​ബ​ത്തിൽപ്പെട്ട ഒരു പതിന്നാ​ലു​കാ​രി​യു​ടെ കാര്യ​മെ​ടു​ക്കുക. മെച്ചപ്പെട്ട സാഹച​ര്യ​ത്തി​ലാണ്‌ അവൾ വളർന്ന​തെ​ങ്കി​ലും നിരാശ ഒരു നിഴൽപോ​ലെ അവളെ പിന്തു​ടർന്നു. “എനിക്ക്‌ അതിൽനി​ന്നു പുറത്തു​ക​ട​ക്കാ​നാ​യില്ല,” അവൾ പറഞ്ഞു. അവൾ മദ്യവും മയക്കു​മ​രു​ന്നു​ക​ളും ഉപയോ​ഗി​ക്കാൻ തുടങ്ങി. കടയിൽനി​ന്നു കട്ടതിന്‌ ഒരിക്കൽ പിടി​യി​ലു​മാ​യി. പിന്നെ രണ്ടുവട്ടം ആത്മഹത്യ​യ്‌ക്കു ശ്രമിച്ചു.

മാന്യ​മാ​യി പെരു​മാ​റി​ക്കൊ​ണ്ടി​രുന്ന യുവജ​നങ്ങൾ പൊടു​ന്നനെ കളവു തുടങ്ങു​ന്നെ​ങ്കിൽ മാതാ​പി​താ​ക്കൾ അവരുടെ വൈകാ​രിക പ്രശ്‌നങ്ങൾ കണക്കി​ലെ​ടു​ക്കേ​ണ്ട​തുണ്ട്‌. കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ ആരോ​ഗ്യ​ത്തെ​ക്കു​റി​ച്ചു പ്രത്യേ​കാൽ പഠനം നടത്തുന്ന ഡോ. റിച്ചാർഡ്‌ മക്കെൻസി ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ കുട്ടി​യിൽ ഏതെങ്കി​ലും തരത്തി​ലുള്ള അസാധാ​രണ പെരു​മാ​റ്റം പ്രകട​മാ​കു​ന്നെ​ങ്കിൽ, അതിന്റെ കാരണം വിഷാദം ആയിരി​ക്കു​മെന്നു ഞാൻ വിശ്വ​സി​ക്കു​ന്നു, അതിനു മറ്റൊരു കാരണം കണ്ടെത്താ​ത്തി​ട​ത്തോ​ളം കാലം.”

ഇത്തരം കളവു​കൾക്കു ചില യുവജ​ന​ങ്ങളെ പ്രേരി​പ്പി​ക്കു​ന്നത്‌ കൂട്ടു​കാ​രു​ടെ സമ്മർദ​മാണ്‌. ഒരു സുഹൃ​ദ്വ​ല​യ​ത്തിൽ ഇടം കിട്ടു​ന്ന​തി​നു കൊടു​ക്കേണ്ട വിലയാ​യി​രി​ക്കാം ഇത്‌. വിരസ​ത​യിൽനി​ന്നു രക്ഷപ്പെ​ടാൻ ചിലർ ഇതു ചെയ്‌തേ​ക്കാം. കട്ടെടു​ക്കൽ ഒരു തൊഴി​ലാ​ക്കി​യി​രി​ക്കു​ന്ന​വ​രു​ടെ ഉപജീ​വ​ന​മാർഗം​തന്നെ ഇതാണ്‌. കാരണം എന്തായി​രു​ന്നാ​ലും, ഈ മോഷ്ടാ​ക്കൾ കോടി​ക്ക​ണ​ക്കി​നു രൂപ വിലവ​രുന്ന സാധന​ങ്ങ​ളാണ്‌ കടകളിൽനി​ന്നു ദിവസ​വും കടത്തു​ന്നത്‌. ആരെങ്കി​ലും ഇതി​ന്റെ​യൊ​ക്കെ നഷ്ടം നികത്തി​യേ മതിയാ​കൂ.

[അടിക്കു​റിപ്പ്‌]

^ ഈ ലേഖന പരമ്പര​യി​ലെ ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

[5-ാം പേജിലെ ചതുരം]

ക്ലെപ്‌റ്റോമാനിയ അഥവാ മോഷ​ണ​ത്വ​ര

“കൗമാ​ര​പ്രാ​യം മുതൽക്കേ കടകളിൽനി​ന്നു കട്ടെടു​ക്കുന്ന സ്വഭാവം എനിക്കുണ്ട്‌,” മരിയ പറയുന്നു. “അതിനുള്ള ശക്തമായ ത്വര ഉള്ളിൽ നുരഞ്ഞു​പൊ​ന്തി​ക്കൊ​ണ്ടി​രു​ന്നു. 22,500 രൂപവരെ വില മതിക്കുന്ന സാധനങ്ങൾ ദിവസ​വും മോഷ്ടി​ക്കു​ന്ന​തിൽ അതെന്നെ കൊ​ണ്ടെ​ത്തി​ച്ചു.

“മോഷ്ടി​ക്ക​ണ​മെന്ന്‌ എനിക്ക്‌ ആഗ്രഹ​മില്ല. എന്നാൽ അതു ചെയ്യാ​നുള്ള ആന്തരിക പ്രേരണ അതിശ​ക്ത​മാണ്‌. മാറ്റം​വ​രു​ത്താൻ ഞാൻ ശരിക്കും ആഗ്രഹി​ക്കു​ന്നു.” മോഷ​ണ​ത്തി​നുള്ള ഉൾ​പ്രേരണ തനിക്കു നിയ​ന്ത്രി​ക്കാൻ പറ്റാത്ത​തി​നാൽ, തന്റെ പ്രശ്‌നം ക്ലെപ്‌റ്റോ​മാ​നിയ ആണെന്നു മരിയ സംശയി​ക്കു​ന്നു.

“വിശേ​ഷി​ച്ചും സാമ്പത്തിക നേട്ടങ്ങൾക്കാ​യ​ല്ലാ​തെ, മോഷണം നടത്താ​നുള്ള കടുത്ത നാഡീയ ഉൾ​പ്രേരണ” എന്നാണ്‌ “ക്ലെപ്‌റ്റോ​മാ​നിയ” എന്ന വാക്കിന്‌ അർഥം. ഇത്‌ വെറു​മൊ​രു ആസക്തിയല്ല, മറിച്ച്‌ ആഴത്തിൽ വേരൂ​ന്നിയ വൈകാ​രിക പ്രശ്‌ന​ങ്ങ​ളിൽനിന്ന്‌ ഉടലെ​ടു​ക്കു​ന്ന​താ​ണെന്നു തോന്നു​ന്നു.

ഇത്തരം സ്ഥിരം മോഷ്ടാ​ക്കളെ ചിലർ ക്ലെപ്‌റ്റോ​മാ​നി​യാ​ക്കു​കൾ എന്ന്‌ പൊതു​വേ വിളി​ക്കാ​റു​ണ്ടെ​ങ്കി​ലും ശരിക്കുള്ള ക്ലെപ്‌റ്റോ​മാ​നിയ വിരള​മാ​ണെ​ന്നാ​ണു ഡോക്ടർമാ​രു​ടെ പക്ഷം. അമേരി​ക്കൻ സൈക്കി​യാ​ട്രിക്‌ അസോ​സി​യേ​ഷന്റെ അഭി​പ്രാ​യ​ത്തിൽ, കടകളിൽനി​ന്നു കട്ടെടു​ക്കു​ന്ന​വ​രിൽ 5-ൽ താഴെ ശതമാ​ന​ത്തി​നു മാത്രമേ ഈ മാനസിക വൈക​ല്യം ഉള്ളൂ. ഈ ശീലം ഉള്ളവർക്ക്‌ ക്ലെപ്‌റ്റോ​മാ​നിയ ആണെന്നു കണ്ണുമ​ടച്ച്‌ ആരോ​പി​ക്കു​ന്നതു ശ്രദ്ധി​ച്ചു​വേണം. മോഷ്ടി​ക്കു​ന്ന​തി​നു മറ്റു ചില കാരണ​ങ്ങ​ളും ഉണ്ടായി​രു​ന്നേ​ക്കാം.

[5-ാം പേജിലെ ചിത്രം]

കരുതലുള്ള മാതാ​പി​താ​ക്കൾ കുട്ടി കട്ടെടു​ത്ത​തി​ന്റെ കാരണം അന്വേ​ഷി​ക്കും