വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കടകളിൽനിന്നു കട്ടെടുക്കൽ വില ഒടുക്കുന്നത്‌ ആരെല്ലാം?

കടകളിൽനിന്നു കട്ടെടുക്കൽ വില ഒടുക്കുന്നത്‌ ആരെല്ലാം?

കടകളിൽനി​ന്നു കട്ടെടു​ക്കൽ വില ഒടുക്കു​ന്നത്‌ ആരെല്ലാം?

ജപ്പാനി​ലെ ഒരു കടയുടമ ഒരു കുട്ടിയെ മോഷ​ണ​ത്തി​നു പിടി​കൂ​ടി​യി​ട്ടു പോലീ​സി​നെ വിളിച്ചു. പോലീസ്‌ വന്നപ്പോൾ അവൻ കുതറി​യോ​ടി. അവർ പിന്തു​ടർന്നു. ഓടു​ന്ന​വഴി ഒരു റെയിൽപ്പാ​ളം കടക്കു​മ്പോൾ അവൻ ട്രെയിൻതട്ടി കൊല്ല​പ്പെട്ടു.

വാർത്ത പരന്നു. പോലീ​സിൽ വിവരം നൽകി​യ​തി​നു ചിലർ കടയു​ട​മയെ കുറ്റ​പ്പെ​ടു​ത്തി, ഒച്ചപ്പാട്‌ കെട്ടട​ങ്ങു​ന്ന​തു​വരെ അയാൾക്കു കച്ചവടം നിറു​ത്തി​വെ​ക്കേ​ണ്ടി​വന്നു. കട തുറന്ന​പ്പോൾ സാധനങ്ങൾ കട്ടെടു​ക്കാൻ ആളുകൾ വീണ്ടും കടയി​ലേക്ക്‌ ഇരച്ചു​ക​യറി. കഴിഞ്ഞ സംഭവ​വും അതേത്തു​ടർന്നു​ണ്ടായ കോലാ​ഹ​ല​ങ്ങ​ളും ഓർത്ത​പ്പോൾ ഈ കള്ളന്മാരെ നേരി​ടാൻ അയാൾക്കു ഭയമായി. ആ കട മോഷ്ടാ​ക്ക​ളു​ടെ വിഹാ​ര​രം​ഗ​മാ​യി​ത്തീർന്നു. അധികം താമസി​യാ​തെ, കട എന്നെ​ന്നേ​ക്കു​മാ​യി അടച്ചു​പൂ​ട്ടേ​ണ്ടി​വന്നു.

മേൽവി​വ​രി​ച്ചത്‌ തികച്ചും ദാരു​ണ​മായ ഒരു സാഹച​ര്യം ആയിരു​ന്നേ​ക്കാം. എന്നാൽ ഒരു സുപ്ര​ധാന വസ്‌തുത ഇതിൽനി​ന്നു മനസ്സി​ലാ​ക്കാൻ കഴിയും. കടകളിൽനി​ന്നു സാധനങ്ങൾ കട്ടെടു​ക്കു​ന്ന​തി​നു വലിയ വില ഒടു​ക്കേ​ണ്ടി​വ​രു​മെന്ന കാര്യം. അതു നിരവധി ആളുകളെ, നിരവധി വിധങ്ങ​ളിൽ ബാധി​ക്കു​ന്നു. ഈ കുറ്റകൃ​ത്യ​ത്തിന്‌ ഒടു​ക്കേ​ണ്ടി​വ​രുന്ന കനത്ത വില​യെ​ക്കു​റി​ച്ചു നമുക്ക്‌ ഒന്ന്‌ അടുത്തു പരിചി​ന്തി​ക്കാം.

കടയു​ട​മകൾ ഒടു​ക്കേ​ണ്ടി​വ​രു​ന്നത്‌

കോടി​ക്ക​ണ​ക്കി​നു രൂപയാണ്‌ ലോക​മൊ​ട്ടാ​കെ​യുള്ള വ്യാപാ​രി​കൾക്കു വർഷം​തോ​റും ഇതിലൂ​ടെ നഷ്ടമാ​കു​ന്നത്‌. ഐക്യ​നാ​ടു​ക​ളിൽ മാത്രം 1,80,000 കോടി രൂപയി​ലേറെ നഷ്ടം വരുന്നു​ണ്ടെന്നു ചിലർ കണക്കാ​ക്കു​ന്നു. ഇത്രയും ഭീമമായ തുക നഷ്ടംവ​രു​ന്നത്‌ എത്ര വ്യാപാ​രി​കൾക്കു താങ്ങാ​നാ​കും? നിരവധി കടകൾക്കു പിടി​ച്ചു​നിൽക്കാൻ കഴിയു​ന്നില്ല. മോഷ്ടാ​ക്ക​ളു​ടെ ഈ വിളയാ​ട്ടം മൂലം കടക്കാ​രനു ചില​പ്പോൾ നഷ്ടമാ​കു​ന്നത്‌ ഒരായു​ഷ്‌കാ​ല​ത്തേ​ക്കാ​യി പടുത്തു​യർത്തിയ ഉപജീ​വ​ന​മാർഗ​മാ​യി​രി​ക്കും.

വിപണി​യി​ലെ “മത്സരത്തി​നു പുറമേ സാധനങ്ങൾ മോഷ്ടി​ക്കാ​നെ​ത്തു​ന്നവർ ഏറെ ആശങ്കയ്‌ക്കു വഴി​യൊ​രു​ക്കു​ന്നു. എത്രനാൾ കച്ചവടം നടത്താൻ പറ്റു​മെന്ന്‌ എനിക്ക​റി​യില്ല,” ന്യൂ​യോർക്ക്‌ നഗരത്തി​ലെ ലൂക്ക്‌ എന്ന കടയുടമ പറയുന്നു. സുരക്ഷ ഉറപ്പാ​ക്കാൻ ഒരു ഇലക്‌​ട്രോ​ണിക്‌ സംവി​ധാ​നം ഏർപ്പെ​ടു​ത്താ​നുള്ള സാമ്പത്തി​ക​ശേഷി അദ്ദേഹ​ത്തി​നില്ല. മോഷ്ടാ​ക്കൾ ആരാണ്‌ എന്നതി​നെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തി​ന്റെ അഭി​പ്രാ​യം ഇതാണ്‌: “ആരും അതു ചെയ്യു​ന്നു​ണ്ടാ​കും, എന്റെ സ്ഥിരം ഉപഭോ​ക്താ​ക്കൾപോ​ലും.”

ലൂക്കി​ന്റേത്‌ അത്ര വലിയ പ്രശ്‌ന​മൊ​ന്നും അല്ലെന്നു ചിലർ കരുതു​ന്നു​ണ്ടാ​കും. ഈ “കടക​ളൊ​ക്കെ എത്ര വലിയ ലാഭമാ​ണു കൊയ്യു​ന്നത്‌, ഞാൻ എന്തെങ്കി​ലും അവി​ടെ​നി​ന്നു കൈക്ക​ലാ​ക്കി​യെ​ന്നു​വെച്ച്‌ അവർക്കു വലിയ നഷ്ടമൊ​ന്നും വരാൻ പോകു​ന്നില്ല” എന്നായി​രി​ക്കും അവരുടെ ചിന്ത. എന്നാൽ കടകൾക്കുള്ള ലാഭം അത്രയ്‌ക്കു​ണ്ടോ?

ചില കടകൾ ഒരു സാധന​ത്തിന്‌ 30-ഓ 40-ഓ 50-ഓ ശതമാനം വില കൂട്ടി ഈടാ​ക്കു​ന്നു. എന്നാൽ കൂട്ടിയ ഈ നിരക്ക്‌ മുഴു​വ​നും അവർക്കു തനിലാ​ഭ​മാ​യി കിട്ടു​ന്നില്ല. ഈ പണം വാടക, നികുതി, ജോലി​ക്കാ​രു​ടെ ശമ്പളവും ബോണ​സ്സും, കെട്ടിട മെയി​ന്റ​നൻസ്‌, ഉപകര​ണങ്ങൾ കേടു​പോ​ക്കൽ, ഇൻഷു​റൻസ്‌, വൈദ്യു​തി, വെള്ളം, ഇന്ധനം, ടെലി​ഫോൺ, സുരക്ഷാ​സം​വി​ധാ​നം എന്നിങ്ങനെ കട നടത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തിന്‌ ആവശ്യ​മായ ചെലവു​കൾ നികത്താൻ കടയുടമ ഉപയോ​ഗി​ക്കു​ന്നു. ഈ ചെലവു​ക​ളെ​ല്ലാം കിഴി​ക്കു​മ്പോൾ കടക്കാ​രന്റെ ലാഭം എന്നുപ​റ​യു​ന്നത്‌ രണ്ടോ മൂന്നോ ശതമാനം ആയിരി​ക്കും. അങ്ങനെ​വ​രു​മ്പോൾ ആരെങ്കി​ലും മോഷ്ടി​ക്കു​ക​കൂ​ടി ചെയ്‌താൽ കടക്കാ​രന്റെ ഉപജീ​വ​ന​മാർഗ​ത്തി​ന്റെ ഒരു ഭാഗം നഷ്ടപ്പെ​ട്ട​തു​തന്നെ.

കൊച്ചു​കൊ​ച്ചു കളവു​ക​ളു​ടെ കാര്യ​മോ?

അമ്മയോ​ടൊ​പ്പം കടയിൽ കയറിയ ഒരു കൊച്ചു​ബാ​ലൻ മെല്ലെ മിഠായി വെച്ചി​രി​ക്കു​ന്നി​ട​ത്തേക്കു നടന്നടു​ക്കു​ന്നു. എന്നിട്ട്‌ ഒരു ചോക്ക​ലേറ്റ്‌ ബാറെ​ടു​ത്തു സൂത്ര​ത്തിൽ തന്റെ കീശയി​ലേ​ക്കി​ടു​ന്നു. ഇത്തരത്തിൽ നിസ്സാ​ര​വി​ല​യുള്ള സാധനങ്ങൾ കട്ടെടു​ക്കു​ന്നതു കച്ചവടത്തെ ബാധി​ക്കു​മോ?

കുറ്റകൃ​ത്യം വെട്ടി​ക്കു​റ​യ്‌ക്കൽ—അകത്തും പുറത്തും (ഇംഗ്ലീഷ്‌) എന്ന തങ്ങളുടെ ലഘുപ​ത്രി​ക​യിൽ യു.എസ്‌. സ്‌മോൾ ബിസി​നസ്‌ അഡ്‌മി​നി​സ്‌​ട്രേഷൻ ഇങ്ങനെ പറയുന്നു: “ഒരിട​ത്തു​നിന്ന്‌ ഒരു ബോൾപേ​ന​യും മറ്റൊ​രി​ട​ത്തു​നിന്ന്‌ ഒരു പോക്ക​റ്റ്‌​സൈസ്‌ കാൽക്കു​ലേ​റ്റ​റും ഒക്കെ കട്ടെടു​ക്കു​ന്ന​വർക്ക്‌ ഇത്ര ചെറിയ കളവുകൾ ഒരു കുറ്റകൃ​ത്യ​മാ​യി തോന്നു​ക​യില്ല. എന്നാൽ പച്ചപി​ടി​ക്കാൻ പാടു​പെ​ടുന്ന ചെറിയ വ്യാപാ​രി​കളെ സംബന്ധിച്ച്‌ ഇത്‌ അവരുടെ കച്ചവട​ത്തി​ന്റെ കഴുത്ത​റ​ക്കു​ന്ന​തി​നു തുല്യ​മാണ്‌.” ലാഭവി​ഹി​തം തുലോം തുച്ഛമാ​യ​തി​നാൽ ഇത്തരം കളവു​ക​ളി​ലൂ​ടെ കടക്കാ​രന്‌ ഒരു വർഷം ഉണ്ടാകുന്ന 45,000 രൂപയു​ടെ നഷ്ടം നികത്ത​ണ​മെ​ങ്കിൽ അയാൾക്ക്‌ ഓരോ ദിവസ​വും 900 ചോക്ക​ലേറ്റ്‌ ബാറുകൾ അധികം വിൽക്കേ​ണ്ട​താ​യി വരും. നിരവധി കുട്ടികൾ ഇതു​പോ​ലെ ചോക്ക​ലേറ്റ്‌ ബാറുകൾ മോഷ്ടി​ക്കു​ക​യാ​ണെ​ങ്കിൽ കച്ചവട​ത്തിന്‌ അതൊരു ആഘാതം തന്നെയാ​യി​രി​ക്കും. ഇത്തരത്തിൽ ഒരുപാ​ടു​പേർ കളവു​ന​ട​ത്തു​ന്നു എന്നതാണ്‌ മുഖ്യ പ്രശ്‌ന​വും.

എല്ലാ വർഗത്തിൽനി​ന്നും പശ്ചാത്ത​ല​ത്തിൽനി​ന്നും ഉള്ള യുവാ​ക്ക​ളും പ്രായ​മാ​യ​വ​രും ധനിക​രും ദരി​ദ്ര​രും വിപണി​ക​ളിൽനി​ന്നും കടകളിൽനി​ന്നും മോഷണം നടത്തുന്നു. ഇതിന്റെ ഫലമോ? ഐക്യ​നാ​ടു​ക​ളി​ലെ ബിസി​ന​സ്സു​ക​ളിൽ മൂന്നി​ലൊ​ന്നോ​ളം, ഇത്തരം മോഷ​ണ​ങ്ങ​ളു​ടെ കെടു​തി​കൾ കാരണം അടച്ചു​പൂ​ട്ടൽ ഭീഷണി നേരി​ടു​ക​യാ​ണെന്ന്‌ യു.എസ്‌. ദേശീയ കുറ്റകൃ​ത്യ നിരോ​ധന കൗൺസിൽ റിപ്പോർട്ടു ചെയ്യുന്നു. മറ്റു രാജ്യ​ങ്ങ​ളി​ലെ വ്യാപാ​ര​ങ്ങ​ളും ഇതേ ഭീഷണി​യി​ലാണ്‌ എന്നതിനു സംശയ​മൊ​ന്നു​മില്ല.

ഉപഭോ​ക്താ​ക്കൾ ഒടു​ക്കേ​ണ്ടി​വ​രുന്ന വില

കടകളിൽ മോഷണം നടത്തു​മ്പോൾ കടക്കാർ മറ്റുള്ള​വർക്കു സാധനങ്ങൾ വിലകൂ​ട്ടി വിൽക്കും. അങ്ങനെ, ചില സ്ഥലങ്ങളിൽ ഉപഭോ​ക്താവ്‌ വർഷത്തിൽ 13,500 രൂപ അധികം കൊടു​ക്കേ​ണ്ടി​വ​രു​ന്നു, മറ്റാരോ സാധനങ്ങൾ കട്ടെടു​ത്ത​തി​ന്റെ പേരിൽ. എന്നു​വെ​ച്ചാൽ, ദിവസം 2,700 രൂപ സമ്പാദി​ക്കുന്ന ഒരാളാ​ണു നിങ്ങ​ളെ​ങ്കിൽ, മറ്റുള്ളവർ മോഷ്ടി​ച്ച​തി​ന്റെ നഷ്ടം നികത്താൻ നിങ്ങൾ കടക്കാർക്ക്‌ വർഷത്തിൽ ഒരാഴ്‌ചത്തെ നിങ്ങളു​ടെ വേതനം നൽകേ​ണ്ടി​വ​രു​ന്നു എന്നർഥം. ഇങ്ങനെ ചെലവ​ഴി​ക്കാൻ മാത്രം പണം നിങ്ങൾക്കു​ണ്ടോ? ജോലി​യിൽനി​ന്നു വിരമിച്ച്‌ കഷ്ടിച്ചു പെൻഷനെ മാത്രം ആശ്രയി​ച്ചു കഴിയു​ന്ന​വ​രെ​യോ കുടും​ബം പോറ്റാൻ ഒറ്റയ്‌ക്കു പാടു​പെ​ടുന്ന ഒരു മാതാ​വി​നെ​യോ സംബന്ധി​ച്ചി​ട​ത്തോ​ളം ഇത്‌ അചിന്ത​നീ​യ​മാണ്‌. എന്നാൽ ഒടു​ക്കേ​ണ്ട​വില ഇതു മാത്രമല്ല.

ഒരു കട അടച്ചു​പൂ​ട്ടു​മ്പോൾ അതിനു ചുറ്റു​പാ​ടു​മുള്ള എല്ലാവ​രും ബുദ്ധി​മു​ട്ടി​ലാ​കും. അമേരി​ക്ക​യിൽ ഒരു ഡ്രഗ്‌സ്റ്റോർ (മരുന്ന്‌, ഭക്ഷണസാ​ധ​നങ്ങൾ, സൗന്ദര്യ​വർധക വസ്‌തു​ക്കൾ എന്നിവ വിൽക്കുന്ന സ്റ്റോർ) അടച്ചു​പൂ​ട്ടാ​നി​ട​യാ​യത്‌ ഇത്തരം കളവു മൂലമാണ്‌. ആ പ്രദേ​ശ​ത്തു​ള്ള​വർക്ക്‌ ഇതുമൂ​ലം വലിയ അസൗക​ര്യം നേരിട്ടു. അവി​ടെ​യുള്ള പ്രായ​മാ​യ​വ​രും രോഗി​ക​ളും ആയ നിരവ​ധി​പ്പേർക്ക്‌ ഇപ്പോൾ മരുന്നു​വാ​ങ്ങാൻ രണ്ടര കിലോ​മീ​റ്റർ ദൂരെ​യുള്ള ഒരു ഫാർമ​സി​യിൽ പോകണം. “ഇത്രയും ദൂരം ഒരു വീൽചെ​യ​റിൽ ഒന്നു പോയി​നോ​ക്കൂ, അപ്പോ​ഴ​റി​യാം അതിന്റെ ബുദ്ധി​മുട്ട്‌,” ഒരു ഉദ്യോ​ഗസ്ഥൻ പറയുന്നു.

മാതാ​പി​താ​ക്കൾ ഒടുക്കുന്ന കനത്തവില

ഉയർന്ന ധാർമിക നിലവാ​രങ്ങൾ പിൻപ​റ്റുന്ന, സത്യസ​ന്ധ​രാ​യി​രി​ക്കാൻ മക്കളെ പഠിപ്പി​ക്കുന്ന ഒരാളാ​ണു ബ്രൂസ്‌. ഒരുദി​വസം അദ്ദേഹ​ത്തി​ന്റെ മകൾ മോഷ​ണ​ത്തി​നു പിടി​യി​ലാ​യി. “ഞാൻ ആകെ തകർന്നു​പോ​യി” അദ്ദേഹം പറയുന്നു. “കടയിൽനി​ന്നു കട്ടെടു​ത്ത​തിന്‌ മകൾ പിടി​യി​ലാ​യി​രി​ക്കു​ന്നു എന്നൊരു ഫോൺകോൾ വരുന്ന​തി​നെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. അവളെ നല്ല ധാർമിക നിലവാ​ര​മുള്ള വ്യക്തി​യാ​യി വളർത്തി​ക്കൊ​ണ്ടു​വ​രാൻ ഞങ്ങൾ വർഷങ്ങൾ ചെലവി​ട്ടു. ഒടുവിൽ ഇങ്ങനെ സംഭവി​ച്ചു. അവൾ ഇത്തരത്തിൽ മത്സരി​ക്കു​മെന്നു ഞങ്ങൾ സ്വപ്‌നേപി കരുതി​യില്ല.”

മകളെ​യും അവളുടെ ഭാവി​യെ​യും പ്രതി ബ്രൂസ്‌ ആകെ ആശങ്കാ​കു​ല​നാ​യി. തുടർന്ന്‌, ഒരു സ്വമേ​ധയാ മതാധ്യാ​പകൻ എന്ന നിലയി​ലുള്ള തന്റെ സ്ഥാനം അദ്ദേഹം രാജി​വെച്ചു. “സഭയിൽ സ്റ്റേജിൽനിന്ന്‌ എനിക്ക്‌ എങ്ങനെ സദസ്സിനെ അഭിമു​ഖീ​ക​രി​ക്കാ​നാ​കും? അവരുടെ കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നതു സംബന്ധിച്ച്‌ മനസ്സാ​ക്ഷി​പൂർവം എനി​ക്കെ​ങ്ങനെ അവരെ പ്രബോ​ധി​പ്പി​ക്കാ​നാ​കും? അത്‌ ഉചിത​മാ​ണെന്ന്‌ എനിക്കു തോന്നി​യില്ല.” തന്റെ കുറ്റകൃ​ത്യം പിതാ​വി​നെ എങ്ങനെ ബാധി​ക്കു​മെന്നു മകൾ ഒട്ടും​തന്നെ ചിന്തി​ച്ചി​രു​ന്നി​ല്ലെന്നു തോന്നു​ന്നു.

കട്ടെടു​ക്കു​ന്നവർ ഒടുക്കുന്ന വില

മുമ്പൊ​ക്കെ ഇങ്ങനെ​യു​ള്ള​വരെ പിടി​കൂ​ടു​മ്പോൾ പലപ്പോ​ഴും കടക്കാർ ശക്തമായ ഒരു താക്കീ​തു​നൽകി വിട്ടയ​യ്‌ക്കു​ക​യാ​ണു ചെയ്‌തി​രു​ന്നത്‌. എന്നാൽ ഇന്ന്‌ കടയു​ട​മകൾ മിക്ക​പ്പോ​ഴും ആദ്യമാ​യി കളവു നടത്തു​ന്ന​വ​രെ​പ്പോ​ലും അറസ്റ്റു​ചെ​യ്യി​പ്പി​ക്കു​ന്നു. തങ്ങളുടെ ചെയ്‌തി​ക്കു ഗുരു​ത​ര​മായ പരിണ​ത​ഫ​ല​മു​ണ്ടെന്നു മോഷ്ടാ​ക്കൾ തിരി​ച്ച​റി​യു​ന്നത്‌ അപ്പോ​ഴാണ്‌. തന്റെ കാര്യ​ത്തിൽ ഇതു ശരിയാ​യി​രു​ന്നെന്ന്‌ നഥാലി എന്ന യുവതി പറയുന്നു.

“എത്ര പ്രാവ​ശ്യം മോഷ്ടി​ച്ചോ അത്രയും ആത്മവി​ശ്വാ​സം എനിക്കു കിട്ടി,” അവൾ പറഞ്ഞു. “പിടി​യി​ലാ​യാൽത്തന്നെ വക്കീലി​നും കോട​തി​ഫീസ്‌ ഇനത്തി​ലും ചെലവാ​കുന്ന തുക, ഈ ഒന്നാന്തരം ഉടയാ​ട​കൾക്കു ഞാൻ നൽകേ​ണ്ടി​യി​രുന്ന തുകയി​ലും കുറച്ചേ വരിക​യു​ള്ള​ല്ലോ എന്നു ഞാൻ ചിന്തിച്ചു.” പക്ഷേ നഥാലി​ക്കു തെറ്റു​പറ്റി.

വസ്‌ത്ര​ങ്ങൾ മോഷ്ടി​ക്കു​ന്ന​തി​നി​ട​യിൽ നഥാലി പിടി​യി​ലാ​യി, പോലീസ്‌ അവളെ വിലങ്ങു​വെച്ചു കൊണ്ടു​പോ​യി. പോലീസ്‌ സ്റ്റേഷനിൽ ചെന്ന​പ്പോൾ അവളുടെ വിരല​ട​യാ​ള​മെ​ടു​ത്തിട്ട്‌ മറ്റു കുറ്റവാ​ളി​ക​ളോ​ടൊ​പ്പം അഴിക്കു​ള്ളി​ലാ​ക്കി. മാതാ​പി​താ​ക്കൾ വന്ന്‌ അവളെ ജാമ്യ​ത്തി​ലി​റ​ക്കു​ന്ന​തു​വരെ മണിക്കൂ​റു​ക​ളോ​ളം അവൾക്ക്‌ അവിടെ കഴി​യേ​ണ്ടി​വന്നു.

മോഷ്ടി​ക്കാൻ പരിപാ​ടി​യി​ടുന്ന സകല​രോ​ടും നഥാലി​ക്കു പറയാ​നു​ള്ളത്‌ ഇതാണ്‌: “ഞാൻ പറയു​ന്നതു കേൾക്കൂ, ഉടുപ്പും ജീൻസും ഒക്കെ വില​കൊ​ടു​ത്തു​തന്നെ വാങ്ങിക്കൂ.” മോഷ്ടി​ക്കു​ക​യാ​ണെ​ങ്കിൽ “പിന്നെ നിങ്ങൾ ഏറെക്കാ​ല​ത്തേക്കു ദുഃഖി​ക്കേ​ണ്ടി​വ​രും,” അവൾ പറയുന്നു.

സ്വന്തം പേരിൽ ഒരു കുറ്റകൃ​ത്യ​രേഖ ഉള്ളത്‌ ദുഃഖി​ക്കാൻ വകനൽകുന്ന ഒരു കാര്യ​മാണ്‌. കട്ടെടു​ത്ത​തി​നു പിടി​യി​ലായ പലരു​ടെ​യും ഉറക്കം കെടു​ത്തി​ക്കൊണ്ട്‌ ആ ഓർമകൾ അവരെ വേട്ടയാ​ടു​ന്നു. ഒരു വസ്‌ത്ര​ത്തി​ലെ കറപോ​ലെ, അതു പെട്ടെ​ന്നൊ​ന്നും മനസ്സിൽനി​ന്നു മാഞ്ഞെ​ന്നു​വ​രില്ല. ഇത്തരക്കാർ ഒരു സർവക​ലാ​ശാ​ല​യിൽ പ്രവേ​ശ​ന​ത്തി​നു ശ്രമി​ക്കു​മ്പോൾ തന്റെ കുറ്റം എന്താ​ണെന്നു വെളി​പ്പെ​ടു​ത്തേ​ണ്ടി​വ​ന്നേ​ക്കാം. ഡെന്റി​സ്‌ട്രി, മെഡി​സിൻ, ആർക്കി​ടെ​ക്‌ചർ എന്നീ തൊഴിൽ മേഖല​ക​ളി​ലേ​ക്കുള്ള പ്രവേ​ശ​ന​ത്തി​നു ബുദ്ധി​മു​ട്ടു നേരി​ട്ടേ​ക്കാം. ഇവർക്ക്‌ ഒരു തൊഴിൽ നൽകു​ന്ന​തി​നു​മുമ്പ്‌ കമ്പനികൾ രണ്ടുവട്ടം ചിന്തി​ക്കും. കോടതി ചുമത്തിയ പിഴ ഒടുക്കു​ക​യും വീണ്ടും മോഷ്ടി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽക്കൂ​ടി ഈ പറഞ്ഞ പ്രശ്‌നങ്ങൾ ഉടലെ​ടു​ത്തേ​ക്കാം.

പിടി​ക്ക​പ്പെട്ട്‌ ശിക്ഷകി​ട്ടി​യി​ല്ലെ​ങ്കിൽപ്പോ​ലും ഈ പ്രവണ​ത​യ്‌ക്കു കടുത്ത വില​യൊ​ടു​ക്കേ​ണ്ടി​വ​രും. ഈ ലേഖന പരമ്പര​യിൽ പരാമർശിച്ച ഹെക്ടറിന്‌ അതു ബോധ്യ​മാ​യി. “കടക്കാ​രു​ടെ കണ്ണു​വെ​ട്ടി​ക്കാൻ എനിക്കു എപ്പോ​ഴും കഴിഞ്ഞി​രു​ന്നു,” “മോഷ​ണ​ത്തിന്‌ എന്നെ ഒരിക്ക​ലും പിടി​കൂ​ടി​യില്ല” അദ്ദേഹം പറയുന്നു. എങ്കിലും അതിന്‌ അദ്ദേഹ​ത്തി​നു കനത്ത വില​യൊ​ടു​ക്കേ​ണ്ടി​വന്നു. അക്കാര്യ​ങ്ങൾ അനുസ്‌മ​രി​ച്ചു​കൊണ്ട്‌ അദ്ദേഹം പറയുന്നു: “യുവജ​നങ്ങൾ ഒരു കാര്യം മനസ്സി​ലാ​ക്കണം: നിങ്ങൾ വിതയ്‌ക്കു​ന്നതു തന്നെ കൊയ്യും. നിങ്ങൾ ഒരിക്ക​ലും പോലീസ്‌ പിടി​യി​ലാ​യി​ല്ലെ​ങ്കി​ലും ചെയ്യു​ന്ന​തി​ന്റെ ഫലം നിങ്ങൾ അനുഭ​വി​ക്കും.”

കടയിൽനി​ന്നു സാധനങ്ങൾ കട്ടെടു​ക്കു​ന്നത്‌ ഒരു കുറ്റകൃ​ത്യം​ത​ന്നെ​യാണ്‌. അതേ, പലർക്കും ദോഷം വരുത്തി​വെ​ക്കുന്ന ഒരു കുറ്റകൃ​ത്യം. കൂടാതെ മോഷ്ടി​ക്ക​പ്പെ​ടുന്ന സാധനങ്ങൾ വിലയു​ള്ള​തു​മാണ്‌. ഈ സ്വഭാ​വ​മു​ള്ളവർ ഇതു പൂർണ​മാ​യി ഉപേക്ഷി​ക്കണം. എന്നാൽ ഇത്തരം മോഷ​ണ​പ​രി​പാ​ടി നിശ്ശേഷം നിറു​ത്താൻ കഴിയു​ന്നത്‌ എങ്ങനെ? ഈ കുറ്റകൃ​ത്യം ഭൂമു​ഖ​ത്തു​നിന്ന്‌ എന്നെങ്കി​ലും തുടച്ചു​നീ​ക്ക​പ്പെ​ടു​മോ?

[7-ാം പേജിലെ ചിത്രം]

കട്ടെടുക്കൽ, ബിസി​ന​സു​ക​ളു​ടെ കടയ്‌ക്കൽ കത്തി​വെ​ക്കു​ന്നു

[7-ാം പേജിലെ ചിത്രം]

ഈ ചെയ്‌തിക്ക്‌ എല്ലാവ​രും വില​യൊ​ടു​ക്കേ​ണ്ടി​വ​രു​ന്നു

[8-ാം പേജിലെ ചിത്രങ്ങൾ]

ഈ ശീലം നിങ്ങളു​ടെ ഭാവിക്കു ദോഷം ചെയ്യും

[കടപ്പാട്‌]

വിരലടയാളങ്ങൾ: © Morocco Flowers/ Index Stock Imagery